വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളു​ടെ വസ്‌ത്ര​ധാ​രണം ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​മോ?

നിങ്ങളു​ടെ വസ്‌ത്ര​ധാ​രണം ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​മോ?

“സകലവും ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നാ​യി ചെയ്യു​വിൻ.”—1 കൊരി. 10:31.

ഗീതം: 34, 61

1, 2. യഹോ​വ​യു​ടെ സാക്ഷികൾ വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ ഉയർന്ന നിലവാ​രം പിൻപ​റ്റേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

 “ചൂടു കൂടു​ത​ലാ​യി​രു​ന്ന​തു​കൊണ്ട്‌ അവസര​ത്തിന്‌ ഇണങ്ങാത്ത വസ്‌ത്ര​മാ​ണു പലരും ധരിച്ചി​രു​ന്നത്‌.” ക്രൈസ്‌ത​വ​നേ​താ​ക്ക​ന്മാ​രു​ടെ ഒരു യോഗ​ത്തെ​ക്കു​റിച്ച്‌ ഒരു ഡച്ച്‌ പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു. “എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷനു വന്നവർ ഇങ്ങനെ​യ​ല്ലാ​യി​രു​ന്നു. . . . ആൺകു​ട്ടി​ക​ളും പുരു​ഷ​ന്മാ​രും കോട്ടും ടൈയും ധരിച്ചി​രു​ന്നു. പെൺകു​ട്ടി​ക​ളും സ്‌ത്രീ​ക​ളും ഇറക്കമുള്ള, . . . മാന്യ​മായ വസ്‌ത്ര​മാ​ണു ധരിച്ചത്‌.” വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ പലപ്പോ​ഴും ആളുകൾ യഹോ​വ​യു​ടെ സാക്ഷി​കളെ പുകഴ്‌ത്താ​റുണ്ട്‌. കാരണം, ‘ദൈവ​ഭ​ക്തി​യു​ള്ള​വർക്ക്‌ യോജി​ച്ച​വി​ധം വിനയ​ത്തോ​ടും സുബോ​ധ​ത്തോ​ടും​കൂ​ടെ, യോഗ്യ​മായ വസ്‌ത്ര​ധാ​ര​ണ​ത്താൽ തങ്ങളെ​ത്തന്നെ അലങ്കരി​ക്കു​ന്ന​വ​രാണ്‌’ അവർ. (1 തിമൊ. 2:9, 10) അപ്പോസ്‌ത​ല​നായ പൗലോസ്‌ ഈ തിരു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ സ്‌ത്രീ​ക​ളെ​ക്കു​റി​ച്ചാ​ണു പറഞ്ഞ​തെ​ങ്കി​ലും അതിലെ തത്ത്വം ക്രിസ്‌തീ​യ​പു​രു​ഷ​ന്മാർക്കും ബാധക​മാണ്‌.

2 യഹോ​വ​യു​ടെ ജനമാ​യ​തു​കൊണ്ട്‌ നമ്മൾ ഉചിത​വും മാന്യ​വും ആയ വസ്‌ത്ര​മാ​ണു ധരി​ക്കേ​ണ്ടത്‌. നമ്മുടെ ദൈവം ഇക്കാര്യം വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി കാണുന്നു. (ഉൽപ. 3:21) തന്റെ ആരാധകർ ധാർമി​ക​നി​ല​വാ​ര​ങ്ങൾക്കു യോജിച്ച നല്ല വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കാൻ പ്രപഞ്ച​സ്ര​ഷ്ടാ​വായ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. വസ്‌ത്ര​ധാ​ര​ണ​ത്തെ​യും ചമയ​ത്തെ​യും കുറി​ച്ചുള്ള തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ അതാണു വ്യക്തമാ​ക്കു​ന്നത്‌. അതു​കൊണ്ട്‌, വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും കാര്യ​ത്തിൽ നമ്മുടെ ഇഷ്ടം മാത്രമല്ല, പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ ഇഷ്ടവും കണക്കി​ലെ​ടു​ക്കണം.

3. ഇസ്രാ​യേ​ല്യർക്കു ദൈവം കൊടുത്ത നിയമ​ത്തിൽനിന്ന്‌ വസ്‌ത്ര​ധാ​ര​ണ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

3 ഉദാഹ​ര​ണ​ത്തിന്‌, ചുറ്റു​മുള്ള ജനതക​ളു​ടെ അസാന്മാർഗി​ക​മായ ജീവി​ത​രീ​തി​യിൽനിന്ന്‌ ഇസ്രാ​യേ​ല്യ​രെ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി ദൈവം അവർക്ക്‌ അനേകം നിയമങ്ങൾ കൊടു​ത്തു. പുരു​ഷ​നും സ്‌ത്രീ​യും തമ്മിലുള്ള വ്യത്യാ​സം മനസ്സി​ലാ​ക്കാ​നാ​കാത്ത വിധത്തി​ലുള്ള വസ്‌ത്ര​ധാ​രണം യഹോവ വെറു​ക്കു​ന്നെന്ന്‌ യഹോവ കൊടുത്ത നിയമ​സം​ഹിത വ്യക്തമാ​ക്കി. (ആവർത്തനം 22:5 വായി​ക്കുക.) അത്തരം രീതികൾ ഇന്നു നിലവി​ലുണ്ട്‌. ആണിനെ കണ്ടാൽ പെണ്ണാ​ണെ​ന്നും പെണ്ണിനെ കണ്ടാൽ ആണാ​ണെ​ന്നും തോന്നി​ക്കുന്ന തരം വസ്‌ത്ര​ധാ​ര​ണ​വും പെണ്ണാ​ണോ ആണാണോ എന്നു തിരി​ച്ച​റി​യാൻ കഴിയാത്ത വസ്‌ത്ര​ധാ​ര​ണ​വും ദൈവ​ത്തിന്‌ ഇഷ്ടമ​ല്ലെന്ന്‌ ആ നിർദേ​ശങ്ങൾ നമുക്കു കാണി​ച്ചു​ത​രു​ന്നു.

4. ഏതു വസ്‌ത്രം ധരിക്ക​ണ​മെന്ന കാര്യ​ത്തിൽ ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ ക്രിസ്‌ത്യാ​നി​കളെ എന്തു സഹായി​ക്കും?

4 വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കുന്ന തത്ത്വങ്ങൾ ദൈവ​വ​ച​ന​ത്തി​ലുണ്ട്‌. ഏതു സംസ്‌കാ​ര​ത്തിൽപ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും ഏതു ദേശത്ത്‌ ജീവി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും അവിടെ ഏതു കാലാ​വ​സ്ഥ​യാ​ണെ​ങ്കി​ലും ഈ തത്ത്വങ്ങൾ ബാധക​മാണ്‌. ഏതു വിധത്തി​ലുള്ള വസ്‌ത്ര​ങ്ങ​ളാ​ണു സ്വീകാ​ര്യ​മെ​ന്നും ഏതാണ്‌ ഒഴിവാ​ക്കേ​ണ്ട​തെ​ന്നും ഉള്ള വിശദ​മായ ഒരു ലിസ്റ്റ്‌ നമുക്ക്‌ ആവശ്യ​മില്ല. നമ്മുടെ അഭിരു​ചി​ക​ളും താത്‌പ​ര്യ​ങ്ങ​ളും കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സഹായി​ക്കുന്ന തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങ​ളാ​ണു നമ്മളെ നയിക്കു​ന്നത്‌. എന്തു ധരിക്കണം എന്നു തീരു​മാ​നി​ക്കു​മ്പോൾ “നല്ലതും സ്വീകാ​ര്യ​വും പരിപൂർണ​വു​മായ ദൈവ​ഹി​തം എന്തെന്നു” തിരി​ച്ച​റി​യാൻ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ നമുക്കു ചിന്തി​ക്കാം.—റോമ. 12:1, 2.

“എല്ലാവി​ധ​ത്തി​ലും ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​ണെന്നു ഞങ്ങൾ തെളി​യി​ക്കു​ന്നു”

5, 6. നമ്മുടെ വസ്‌ത്ര​ധാ​രണം മറ്റുള്ള​വ​രിൽ എന്തു പ്രഭാവം ചെലു​ത്തു​ന്നു?

5 2 കൊരി​ന്ത്യർ 6:4-ലെ (വായി​ക്കുക.) സുപ്ര​ധാ​ന​ത​ത്ത്വം രേഖ​പ്പെ​ടു​ത്താൻ ദൈവാ​ത്മാവ്‌ അപ്പോസ്‌ത​ല​നായ പൗലോ​സി​നെ പ്രചോ​ദി​പ്പി​ച്ചു. നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും നമ്മളെ​ക്കു​റിച്ച്‌ പലതും വെളി​പ്പെ​ടു​ത്തു​ന്നു. “കണ്ണിന്നു കാണു​ന്നതു” നോക്കി​യാ​ണു പലരും നമ്മളെ വിലയി​രു​ത്തു​ന്നത്‌. (1 ശമു. 16:7) അതു​കൊണ്ട്‌, ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രെന്ന നിലയിൽ വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മുടെ ഇഷ്ടവും സൗകര്യ​വും മാത്രം നോക്കി​യാൽ പോരാ. ഇറുകി​യി​രി​ക്കു​ന്ന​തോ ശരീര​ഭാ​ഗങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന​തോ മറ്റുള്ള​വ​രിൽ ലൈം​ഗി​ക​വി​കാ​രങ്ങൾ ഉണർത്തു​ന്ന​തോ ആയ വസ്‌ത്രങ്ങൾ ഒഴിവാ​ക്കാൻ ദൈവ​വ​ച​ന​ത്തിൽനിന്ന്‌ പഠിച്ച തത്ത്വങ്ങൾ നമ്മളെ പ്രേരി​പ്പി​ക്കണം. ശരീര​ത്തി​ന്റെ രഹസ്യ​ഭാ​ഗങ്ങൾ തുറന്നു​കാ​ട്ടു​ന്ന​തോ അവി​ടേക്കു ശ്രദ്ധ ആകർഷി​ക്കു​ന്ന​തോ ആയ വസ്‌ത്രങ്ങൾ പാടി​ല്ലെ​ന്നും വ്യക്തമാണ്‌. നമ്മൾ ധരിച്ചി​രി​ക്കുന്ന വസ്‌ത്രം മറ്റുള്ള​വരെ അസ്വസ്ഥ​രാ​ക്കു​ക​യോ അവർ മുഖം തിരി​ച്ചു​ക​ള​യാൻ ഇടവരു​ത്തു​ക​യോ ചെയ്യരുത്‌.

6 നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും, വൃത്തി​യും വെടി​പ്പും മാന്യ​ത​യും ഉള്ളതാ​യി​രി​ക്കു​മ്പോൾ, പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ ശുശ്രൂ​ഷ​ക​രെന്ന നിലയിൽ ആളുകൾ നമ്മളെ ബഹുമാ​നി​ക്കാൻ സാധ്യത കൂടു​ത​ലാണ്‌. നമ്മൾ ആരാധി​ക്കുന്ന ദൈവ​ത്തി​ലേക്ക്‌ അവർ ആകർഷി​ത​രാ​യേ​ക്കാം. മാന്യ​മായ വസ്‌ത്ര​ധാ​രണം നമ്മുടെ സംഘട​ന​യെ​ക്കു​റി​ച്ചുള്ള മതിപ്പും വർധി​പ്പി​ക്കു​ന്നു. അതിന്റെ ഫലമായി, നമ്മൾ അറിയി​ക്കുന്ന ജീവര​ക്ഷാ​ക​ര​മായ സന്ദേശം കേൾക്കാൻ ആളുകൾ കൂടുതൽ ചായ്‌വ്‌ കാണി​ച്ചേ​ക്കാം.

7, 8. വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കേണ്ട സന്ദർഭങ്ങൾ ഏതൊ​ക്കെ​യാണ്‌?

7 നമ്മുടെ സന്ദേശ​ത്തി​ന്റെ അന്തസ്സിനു ചേരുന്ന തരം വസ്‌ത്രം ധരിക്കാ​നുള്ള കടപ്പാടു നമുക്കു ദൈവ​ത്തോ​ടും സഹോ​ദ​ര​ങ്ങ​ളോ​ടും പ്രദേ​ശത്തെ ആളുക​ളോ​ടും ഉണ്ട്‌. അങ്ങനെ ചെയ്യു​ന്നതു വിശു​ദ്ധ​നായ നമ്മുടെ ദൈവ​ത്തി​നു മഹത്ത്വം കരേറ്റും. (റോമ. 13:8-10) മീറ്റി​ങ്ങും വയൽസേ​വ​ന​വും പോലുള്ള ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​മ്പോൾ ഇക്കാര്യ​ത്തിൽ നമ്മൾ പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കണം. ‘ദൈവ​ഭ​ക്തി​യു​ള്ള​വർക്കു യോജി​ച്ച​വി​ധ​മാ​യി​രി​ക്കണം’ നമ്മുടെ വസ്‌ത്ര​ധാ​രണം. (1 തിമൊ. 2:10) ഒരു സ്ഥലത്ത്‌ മാന്യ​മായ വസ്‌ത്രം മറ്റൊരു സ്ഥലത്ത്‌ മാന്യ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. അതു​കൊണ്ട്‌, ആരെയും അസ്വസ്ഥ​രാ​ക്കാ​തി​രി​ക്കാൻ ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ ജനം അവർ ജീവി​ക്കുന്ന നാട്ടിലെ സംസ്‌കാ​രം കണക്കി​ലെ​ടു​ക്കു​ന്നു.

നിങ്ങളുടെ വസ്‌ത്രങ്ങൾ നിങ്ങളു​ടെ ദൈവ​ത്തോട്‌ മറ്റുള്ള​വർക്ക്‌ ആദരവ്‌ തോന്നാൻ ഇടയാ​ക്കു​മോ? (7, 8 ഖണ്ഡികകൾ കാണുക)

8 1 കൊരി​ന്ത്യർ 10:31 വായി​ക്കുക. സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും പങ്കെടു​ക്കു​മ്പോൾ നമ്മുടെ വസ്‌ത്ര​ധാ​രണം മാന്യ​വും സന്ദർഭ​ത്തി​നു യോജി​ക്കു​ന്ന​തും ആയിരി​ക്കണം. ലോക​ത്തി​ന്റെ അതിരു​കടന്ന ഫാഷനു​കൾ അനുക​രി​ക്ക​രുത്‌. നമ്മൾ താമസി​ക്കുന്ന ഹോട്ട​ലി​ലേക്കു ചെല്ലു​മ്പോ​ഴും അവി​ടെ​നിന്ന്‌ പോരു​മ്പോ​ഴും, കൺ​വെൻ​ഷൻ തുടങ്ങു​ന്ന​തി​നു മുമ്പും ശേഷവും നമ്മുടെ വസ്‌ത്ര​ധാ​രണം അലസമാ​യി​രി​ക്ക​രുത്‌; ഒട്ടും ഔപചാ​രി​ക​മ​ല്ലാത്ത തരം വസ്‌ത്രം ധരിക്ക​രുത്‌. നമ്മൾ ധരിച്ചി​രി​ക്കു​ന്നതു മാന്യ​മായ വസ്‌ത്ര​മാ​ണെ​ങ്കിൽ യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്നു പറഞ്ഞ്‌ പരിച​യ​പ്പെ​ടു​ത്താ​നോ അവസരം കിട്ടു​മ്പോൾ സാക്ഷീ​ക​രി​ക്കാ​നോ നമുക്ക്‌ ഒരു മടിയും തോന്നില്ല.

9, 10. വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ഫിലി​പ്പി​യർ 2:4-ന്റെ തത്ത്വം നമ്മൾ ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

9 ഫിലി​പ്പി​യർ 2:4 വായി​ക്കുക. നമ്മുടെ വസ്‌ത്ര​ധാ​രണം സഹവി​ശ്വാ​സി​കളെ എങ്ങനെ ബാധി​ക്കു​മെന്നു ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? “പരസംഗം, അശുദ്ധി, ഭോഗ​തൃഷ്‌ണ, ദുരാ​സക്തി, വിഗ്ര​ഹാ​രാ​ധ​ന​യായ അത്യാ​ഗ്രഹം എന്നിവ സംബന്ധ​മാ​യി നിങ്ങളു​ടെ ഭൗമി​കാ​വ​യ​വ​ങ്ങളെ നിഗ്ര​ഹി​ക്കു​വിൻ” എന്ന ബൈബി​ളു​പ​ദേശം പിൻപ​റ്റാൻ ദൈവ​ജനം കഠിന​ശ്രമം ചെയ്യു​ക​യാണ്‌. (കൊലോ. 3:2, 5) അവർക്ക്‌ ഈ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തൊ​ന്നും ചെയ്യാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. ബൈബി​ളി​ന്റെ ഈ നിർദേശം ബാധക​മാ​ക്കാൻ ചില സഹോ​ദ​രങ്ങൾ ധാർമി​ക​മാ​യി കുത്തഴിഞ്ഞ ജീവിതം ഉപേക്ഷി​ച്ചി​രി​ക്കു​ന്നെ​ങ്കി​ലും അവർ ഇപ്പോ​ഴും പാപപൂർണ​മായ അത്തരം ചായ്‌വു​ക​ളോ​ടു മല്ലിടു​ക​യാ​യി​രി​ക്കാം. (1 കൊരി. 6:9, 10) അവരുടെ ആ പോരാ​ട്ടം കൂടുതൽ ബുദ്ധി​മു​ട്ടു​ള്ള​താ​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല.

10 ധാർമി​ക​ശു​ദ്ധി​യു​ള്ള​വ​രാ​യി നിൽക്കാൻ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ പ്രചോ​ദി​പ്പി​ക്കുന്ന മാന്യ​മായ വസ്‌ത്ര​മാ​യി​രി​ക്കണം ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളി​ലും മറ്റു കൂടി​വ​ര​വു​ക​ളി​ലും നമ്മൾ ധരി​ക്കേ​ണ്ടത്‌. എന്തു ധരിക്ക​ണ​മെ​ന്നതു നമ്മുടെ വ്യക്തി​പ​ര​മായ തീരു​മാ​ന​മാണ്‌. മറ്റുള്ള​വർക്ക്‌ നിർമ​ല​രാ​യി തുടരാ​നും ചിന്തയി​ലും വാക്കി​ലും പെരു​മാ​റ്റ​ത്തി​ലും ദൈവി​ക​നി​ല​വാ​രങ്ങൾ പിൻപ​റ്റാ​നും എളുപ്പ​മാ​ക്കി​ത്തീർക്കുന്ന തരം വസ്‌ത്രം നമ്മൾ ധരിക്കണം; അതു നമ്മുടെ ഉത്തരവാ​ദി​ത്വ​മാണ്‌. (1 പത്രോ. 1:15, 16) യഥാർഥസ്‌നേഹം “അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല; തൻകാ​ര്യം അന്വേ​ഷി​ക്കു​ന്നില്ല.”—1 കൊരി. 13:4, 5.

സമയത്തി​നും സന്ദർഭ​ത്തി​നും യോജിച്ച വസ്‌ത്രം

11, 12. വസ്‌ത്രം തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമ്മൾ ഏതു കാര്യം കണക്കി​ലെ​ടു​ക്കണം?

11 എന്തു ധരിക്ക​ണ​മെന്നു തീരു​മാ​നി​ക്കു​മ്പോൾ, ‘സകലകാ​ര്യ​ത്തി​ന്നും സകല​പ്ര​വൃ​ത്തി​ക്കും ഒരു കാലം ഉണ്ടെന്ന’ കാര്യം ദൈവ​ദാ​സർ ഓർക്കു​ന്നു. (സഭാ. 3:1, 17) കാലാ​വ​സ്ഥയ്‌ക്ക​നു​സ​രിച്ച്‌ ആളുകൾ വസ്‌ത്ര​ധാ​ര​ണ​ത്തിൽ മാറ്റം വരുത്തി​യേ​ക്കാം. ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും മറ്റു പലതും ആളുക​ളു​ടെ വസ്‌ത്ര​ധാ​ര​ണത്തെ സ്വാധീ​നി​ച്ചേ​ക്കാം. അതു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. പക്ഷേ കാലാവസ്ഥ മാറു​ന്ന​തി​ന​നു​സ​രിച്ച്‌ യഹോ​വ​യു​ടെ നിലവാ​രം താഴു​ന്നി​ല്ലെന്ന കാര്യം നമ്മൾ മറക്കരുത്‌.—മലാ. 3:6.

12 ചൂടുള്ള കാലാ​വ​സ്ഥ​യിൽ, മറ്റുള്ള​വർക്ക്‌ അസ്വസ്ഥത ഉളവാ​ക്കാത്ത തരം മാന്യ​മായ വസ്‌ത്രം ഏതാ​ണെന്നു തീരു​മാ​നി​ക്കു​ന്നത്‌ അത്ര എളുപ്പ​മ​ല്ലാ​യി​രി​ക്കാം. ഇക്കാര്യ​ത്തിൽ സമനി​ല​യോ​ടെ തീരു​മാ​ന​മെ​ടു​ക്കു​ന്ന​തും ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. എന്നാൽ, ഇറുകി​യി​രി​ക്കു​ന്ന​തോ ശരീര​ഭാ​ഗങ്ങൾ പ്രദർശി​പ്പി​ക്കു​ന്നത്ര തീരെ അയഞ്ഞതോ ആയ വസ്‌ത്രങ്ങൾ ഒഴിവാ​ക്കി​യാൽ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അതു വിലമ​തി​ക്കും. (ഇയ്യോ. 31:1) വിശ്ര​മി​ക്കാ​നോ കുളി​ക്കാ​നോ വേണ്ടി കടൽത്തീ​ര​ത്തോ നീന്തൽക്കു​ള​ത്തി​ലോ പോകു​മ്പോ​ഴും നമ്മുടെ വസ്‌ത്രം മാന്യ​ത​യു​ള്ള​താ​യി​രി​ക്കണം; താഴ്‌മ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രി​ക്കണം. (സദൃ. 11:2, 20) അത്തരം സന്ദർഭ​ങ്ങ​ളിൽ ലോക​ത്തി​ലു​ള്ളവർ എത്ര മോശം വസ്‌ത്രം ധരിച്ചാ​ലും, നമ്മൾ സ്‌നേ​ഹി​ക്കുന്ന വിശു​ദ്ധ​ദൈ​വ​മായ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണു സത്യാ​രാ​ധ​ക​രെന്ന നിലയിൽ നമ്മൾ പ്രാധാ​ന്യം കൊടു​ക്കേ​ണ്ടത്‌.

13. 1 കൊരി​ന്ത്യർ 10:32, 33-ലെ ബുദ്ധി​യു​പ​ദേശം വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ എങ്ങനെ ബാധക​മാ​ക്കാം?

13 ഉചിത​മായ വസ്‌ത്രം തിര​ഞ്ഞെ​ടു​ക്കാൻ സഹായി​ക്കുന്ന മറ്റൊരു ബൈബിൾത​ത്ത്വം ഇതാണ്‌: സഹവി​ശ്വാ​സി​ക​ളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും മനസ്സാക്ഷി പരിഗ​ണി​ക്കുക. (1 കൊരി​ന്ത്യർ 10:32, 33 വായി​ക്കുക.) മറ്റുള്ള​വർക്ക്‌ അസ്വസ്ഥത ഉളവാ​ക്കുന്ന തരം വസ്‌ത്രങ്ങൾ ഒഴിവാ​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നമുക്കുണ്ട്‌; അതു നമ്മൾ ഗൗരവ​മാ​യി എടുക്കണം. “നാം ഓരോ​രു​ത്ത​രും അയൽക്കാ​രന്റെ നന്മയ്‌ക്കാ​യി, അവന്റെ ആത്മീയ​വർധ​നയ്‌ക്കാ​യി​ത്തന്നെ പ്രവർത്തി​ച്ചു​കൊണ്ട്‌ അവനെ പ്രസാ​ദി​പ്പി​ക്കണം” എന്നു പൗലോസ്‌ എഴുതി. കാരണം പൗലോസ്‌ പറഞ്ഞു: “ക്രിസ്‌തു​ത​ന്നെ​യും സ്വയം പ്രീതി​പ്പെ​ടു​ത്തി​യില്ല.” (റോമ. 15:2, 3) സ്വന്തം താത്‌പ​ര്യ​ങ്ങൾക്കും സൗകര്യ​ങ്ങൾക്കും അല്ല, മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നാ​ണു യേശു പ്രാധാ​ന്യം കൊടു​ത്തത്‌. മറ്റുള്ള​വരെ സഹായി​ക്കു​ന്നതു ദൈ​വേഷ്ടം ചെയ്യു​ന്ന​തി​ന്റെ പ്രമു​ഖ​ഭാ​ഗ​മാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, നമുക്ക്‌ ഇഷ്ടപ്പെട്ട വസ്‌ത്ര​ധാ​ര​ണ​രീ​തി​യും ചമയവും, നമ്മൾ അറിയി​ക്കുന്ന സന്ദേശ​ത്തി​നു നേരെ ആളുകൾ മുഖം തിരി​ച്ചു​ക​ള​യാൻ ഇടയാ​ക്കു​മെ​ങ്കിൽ നമ്മൾ അത്‌ ഒഴിവാ​ക്കണം.

14. വസ്‌ത്ര​ധാ​ര​ണ​ത്തിൽ ശ്രദ്ധ പുലർത്തി​ക്കൊണ്ട്‌ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്ത​ണ​മെന്നു മക്കളെ പഠിപ്പി​ക്കാൻ മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ കഴിയും?

14 ബൈബിൾത​ത്ത്വ​ങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ മക്കളെ പഠിപ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്കുണ്ട്‌. അവരും അവരുടെ കുട്ടി​ക​ളും വസ്‌ത്ര​ധാ​ര​ണ​ത്തി​ലും ചമയത്തി​ലും മാന്യത പുലർത്തു​ന്നെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്നത്‌ ഈ ഉത്തരവാ​ദി​ത്വ​ത്തി​ന്റെ ഭാഗമാണ്‌. അങ്ങനെ അവർ ദൈവ​ത്തി​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു. (സദൃ. 22:6; 27:11) കുട്ടി​കൾക്കു നല്ല മാതൃക കാണി​ച്ചു​കൊ​ണ്ടും സ്‌നേ​ഹ​പൂർവം പ്രാ​യോ​ഗി​ക​നിർദേ​ശങ്ങൾ നൽകി​ക്കൊ​ണ്ടും മാതാ​പി​താ​ക്കൾക്കു മക്കളിൽ വിശു​ദ്ധ​ദൈ​വ​മായ യഹോ​വ​യോട്‌ ആദരവ്‌ വളർത്തി​യെ​ടു​ക്കാൻ കഴിയും. എങ്ങനെ, എവി​ടെ​നിന്ന്‌ ഉചിത​മായ വസ്‌ത്രങ്ങൾ കണ്ടെത്താ​മെന്നു യുവ​പ്രാ​യ​ത്തി​ലുള്ള മക്കളെ പഠിപ്പി​ക്കണം. സ്വന്തം ഇഷ്ടം മാത്രം നോക്കാ​തെ, ദൈവ​മായ യഹോ​വയെ പ്രതി​നി​ധീ​ക​രി​ക്കാ​നുള്ള നമ്മുടെ പദവിക്കു യോജിച്ച വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കാൻ അവരെ പരിശീ​ലി​പ്പി​ക്കണം.

തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം ബുദ്ധി​പൂർവം ഉപയോ​ഗി​ക്കു​ക

15. വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ എന്താണു നമ്മളെ വഴിന​യി​ക്കേ​ണ്ടത്‌?

15 ദൈവ​ത്തി​നു മഹത്ത്വം കൈവ​രു​ത്തു​ന്ന​തും ബുദ്ധി​പൂർവ​ക​വും ആയ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താൻ സഹായി​ക്കുന്ന പ്രാ​യോ​ഗി​ക​മായ മാർഗ​നിർദേശം ദൈവ​വ​ച​ന​ത്തി​ലുണ്ട്‌. എങ്കിലും, വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ നമു​ക്കെ​ല്ലാം നമ്മു​ടേ​തായ അഭിരു​ചി​ക​ളും താത്‌പ​ര്യ​ങ്ങ​ളും ഉണ്ട്‌. നമ്മുടെ തിര​ഞ്ഞെ​ടു​പ്പു​കൾ നമ്മുടെ സാമ്പത്തി​ക​സ്ഥി​തി​യെ​യും ആശ്രയി​ച്ചി​രി​ക്കും. സാഹച​ര്യം എന്തുത​ന്നെ​യാ​യാ​ലും, നമ്മുടെ വസ്‌ത്രങ്ങൾ വൃത്തി​യും വെടി​പ്പും ഉള്ളതും മാന്യ​ത​യും താഴ്‌മ​യും പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​തും സന്ദർഭ​ത്തി​നു യോജി​ച്ച​തും നമ്മൾ ജീവി​ക്കുന്ന സ്ഥലത്തെ സംസ്‌കാ​ര​ത്തി​നു ചേർന്ന​തും ആയിരി​ക്കണം.

16. മാന്യ​മായ വസ്‌ത്രം തിര​ഞ്ഞെ​ടു​ക്കാൻ നമ്മൾ നടത്തുന്ന ശ്രമം മൂല്യ​മു​ള്ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ സുബോ​ധ​ത്തോ​ടും വകതി​രി​വോ​ടും കൂടെ ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്നത്‌ എപ്പോ​ഴും അത്ര എളുപ്പമല്ല. ജനപ്രീ​തി ആർജിച്ച ഫാഷനി​ലുള്ള തുണി​ത്ത​ര​ങ്ങ​ളാ​ണു മിക്ക കടകളി​ലു​മു​ള്ളത്‌. അതു​കൊ​ണ്ടു​തന്നെ, മാന്യ​ത​യും താഴ്‌മ​യും പ്രതി​ഫ​ലി​പ്പി​ക്കുന്ന പാവാ​ട​യും ബ്ലൗസും ഉടുപ്പും ചുരി​ദാ​റും കണ്ടുപി​ടി​ക്കാൻ നല്ല സമയവും ശ്രമവും വേണ്ടി​വ​രും. അതു​പോ​ലെ, ഇറുക്ക​മി​ല്ലാത്ത പാന്റും ഷർട്ടും കോട്ടും കണ്ടെത്തു​ന്ന​തും അത്ര എളുപ്പ​മാ​യി​രി​ക്കില്ല. പക്ഷേ അതു തക്ക മൂല്യ​മു​ള്ള​താണ്‌. നമ്മുടെ വസ്‌ത്രങ്ങൾ മാന്യ​വും ആകർഷ​ക​വും ആണെങ്കിൽ സഹോ​ദ​രങ്ങൾ അതു ശ്രദ്ധി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യും. ദൈവത്തെ പ്രസാ​ദി​പ്പി​ക്കുന്ന തരം വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​തു​വഴി സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ നമ്മൾ മഹത്ത്വ​പ്പെ​ടു​ത്തു​ക​യാണ്‌. അതിൽനിന്ന്‌ ലഭിക്കുന്ന സംതൃപ്‌തി​യു​മാ​യി തട്ടിച്ചു​നോ​ക്കു​മ്പോൾ നമുക്കു​ണ്ടാ​കുന്ന ബുദ്ധി​മു​ട്ടു​ക​ളും അസൗക​ര്യ​ങ്ങ​ളും ഒന്നുമല്ല.

17. താടി വളർത്ത​ണോ എന്നു തീരു​മാ​നി​ക്കാൻ സഹായി​ക്കുന്ന ചില കാര്യങ്ങൾ എന്തെല്ലാ​മാണ്‌?

17 സഹോ​ദ​ര​ന്മാർ താടി വളർത്തു​ന്നതു ശരിയാ​ണോ? പുരു​ഷ​ന്മാർ താടി വളർത്ത​ണ​മെന്നു മോശ​യു​ടെ നിയമം അനുശാ​സി​ച്ചി​രു​ന്നു. എന്നാൽ ക്രിസ്‌ത്യാ​നി​കൾ മോശ​യു​ടെ നിയമ​ത്തിൻകീ​ഴി​ലല്ല. അതു​കൊ​ണ്ടു​തന്നെ അതിലെ നിയമങ്ങൾ അനുസ​രി​ക്കാ​നുള്ള കടപ്പാ​ടു​മില്ല. (ലേവ്യ 19:27; 21:5; ഗലാ. 3:24, 25) ചില സംസ്‌കാ​ര​ങ്ങ​ളിൽ, വൃത്തി​യാ​യി വെട്ടി​യൊ​തു​ക്കിയ താടി സ്വീകാ​ര്യ​മാണ്‌, മാന്യ​വു​മാണ്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശ​ത്തിൽനിന്ന്‌ ഒരു കാരണ​വ​ശാ​ലും അത്‌ ആളുക​ളു​ടെ ശ്രദ്ധ പതറി​ക്കില്ല. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള ചില സഹോ​ദ​ര​ന്മാർപോ​ലും അവിട​ങ്ങ​ളിൽ താടി വളർത്തു​ന്നുണ്ട്‌. എന്നാൽ ആ നാടു​ക​ളി​ലും ചില സഹോ​ദ​ര​ന്മാർ താടി വളർത്തേ​ണ്ടെന്നു തീരു​മാ​നി​ച്ചേ​ക്കാം. (1 കൊരി. 8:9, 13; 10:32) മറ്റു ചില നാടു​ക​ളിൽ താടി വളർത്തു​ന്നതു സംസ്‌കാ​ര​ത്തി​ന്റെ ഭാഗമല്ല. ക്രിസ്‌തീ​യ​ശു​ശ്രൂ​ഷകർ അങ്ങനെ ചെയ്യു​ന്നതു മാന്യ​ത​യു​ടെ ലക്ഷണമാ​യി അവി​ടെ​യു​ള്ളവർ കണക്കാ​ക്ക​ണ​മെ​ന്നില്ല. അത്തരം സാഹച​ര്യ​ത്തിൽ, പുരു​ഷ​ന്മാർ താടി വെക്കു​ന്നതു വസ്‌ത്ര​ധാ​ര​ണ​ത്തി​ലൂ​ടെ​യും ചമയത്തി​ലൂ​ടെ​യും ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തി​നു തടസ്സം സൃഷ്ടി​ച്ചേ​ക്കാം; അപവാ​ദ​ര​ഹി​ത​നാ​യി അദ്ദേഹ​ത്തി​നു തുടരാ​നു​മാ​കില്ല.—റോമ. 15:1-3; 1 തിമൊ. 3:2, 7.

18, 19. ദൈവത്തെ പ്രസാ​ദി​പ്പി​ക്കുന്ന തരം വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കാൻ മീഖ 6:8 നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

18 വസ്‌ത്ര​ധാ​ര​ണ​ത്തെ​യും ചമയ​ത്തെ​യും കുറിച്ച്‌ നിയമ​ങ്ങ​ളു​ടെ വിശദ​മായ ഒരു ലിസ്റ്റ്‌ തന്ന്‌ യഹോവ നമ്മളെ ബുദ്ധി​മു​ട്ടി​ച്ചി​ട്ടില്ല. ഇങ്ങനെ​യുള്ള കാര്യ​ങ്ങ​ളിൽ ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ സ്വന്തമാ​യി ബുദ്ധി​പൂർവം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ദൈവം അനുവ​ദി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌, വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും കാര്യ​ത്തി​ലും ‘ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടക്കാ​നാണ്‌’ ആഗ്രഹി​ക്കു​ന്ന​തെന്നു നമുക്കു കാണി​ക്കാം.—മീഖ 6:8.

19 ഏറ്റവും നല്ല മാർഗ​നിർദേ​ശ​ത്തി​നാ​യി നമ്മൾ എപ്പോ​ഴും താഴ്‌മ​യോ​ടെ യഹോ​വയെ ആശ്രയി​ക്കും. കാരണം, യഹോ​വ​യു​ടെ പവി​ത്ര​ത​യോ​ടും വിശു​ദ്ധി​യോ​ടും ഉള്ള താരത​മ്യ​ത്തിൽ നമ്മൾ ഒന്നുമ​ല്ലെന്നു നമുക്കു നന്നായി അറിയാം. മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളും അഭി​പ്രാ​യ​ങ്ങ​ളും കണക്കി​ലെ​ടു​ക്കു​ന്ന​തും താഴ്‌മ​യിൽ ഉൾപ്പെ​ടു​ന്നു. അങ്ങനെ ദൈവ​ത്തി​ന്റെ ഉന്നതമായ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ച്ചു​കൊ​ണ്ടും മറ്റുള്ള​വ​രു​ടെ ഇഷ്ടാനി​ഷ്ടങ്ങൾ മാനി​ച്ചു​കൊ​ണ്ടും ‘ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടക്കാം.’

20. നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും മറ്റുള്ള​വരെ എങ്ങനെ ബാധി​ച്ചേ​ക്കാം?

20 നമ്മുടെ വസ്‌ത്ര​ധാ​രണം കണ്ടാൽ നമ്മൾ യഹോ​വയെ ആരാധി​ക്കു​ന്ന​വ​രാണ്‌ എന്നല്ലാതെ മറ്റൊ​ന്നും ആളുകൾ ചിന്തി​ക്കാൻ ഇടയാ​ക​രുത്‌. നീതി​യുള്ള ദൈവത്തെ ശരിക്കും പ്രതി​നി​ധീ​ക​രി​ക്കു​ന്ന​വ​രാ​ണു നമ്മളെന്നു സഹോ​ദ​ര​ങ്ങൾക്കും മറ്റുള്ള​വർക്കും വ്യക്തമാ​യി കാണാൻ കഴിയണം. ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ ഉയർന്ന​വ​യാണ്‌. അവയ്‌ക്കു ചേർച്ച​യിൽ ജീവി​ക്കാൻ നമ്മൾ സന്തോ​ഷ​ത്തോ​ടെ ശ്രമി​ക്കു​ന്നു. വസ്‌ത്ര​ധാ​ര​ണ​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും നല്ല മാതൃക വെക്കുന്ന സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അഭിന​ന്ദനം അർഹി​ക്കു​ന്നു. അതുവഴി, അവർ ബൈബി​ളി​ലെ ജീവദാ​യ​ക​മായ സന്ദേശ​ത്തി​ലേക്ക്‌ ആത്മാർഥ​ഹൃ​ദ​യ​രായ ആളുക​ളു​ടെ ശ്രദ്ധയാ​കർഷി​ക്കു​ക​യും യഹോ​വയ്‌ക്കു മഹത്ത്വ​വും സന്തോ​ഷ​വും കൈവ​രു​ത്തു​ക​യും ചെയ്യുന്നു. ഏതു വസ്‌ത്രം ധരിക്ക​ണ​മെന്ന കാര്യ​ത്തിൽ ബുദ്ധി​പൂർവം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌, ‘മഹത്വ​വും തേജസ്സും ധരിച്ചി​രി​ക്കുന്ന’ ദൈവ​ത്തി​നു സ്‌തുതി കരേറ്റു​മെന്ന്‌ ഉറപ്പാണ്‌.—സങ്കീ. 104:1, 2.