വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉന്നതാ​ധി​കാ​രി​ക​ളു​ടെ മുന്നിൽ സുവാർത്തയ്‌ക്കു​വേണ്ടി പ്രതി​വാ​ദം നടത്തുന്നു

ഉന്നതാ​ധി​കാ​രി​ക​ളു​ടെ മുന്നിൽ സുവാർത്തയ്‌ക്കു​വേണ്ടി പ്രതി​വാ​ദം നടത്തുന്നു

“വിജാ​തീ​യ​രു​ടെ​യും രാജാ​ക്ക​ന്മാ​രു​ടെ​യും ഇസ്രാ​യേൽമ​ക്ക​ളു​ടെ​യും മുമ്പാകെ എന്റെ നാമം വഹിക്കാൻ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ഒരു പാത്ര​മാണ്‌ ഈ മനുഷ്യൻ.” (പ്രവൃ. 9:15) പുതി​യ​താ​യി ക്രിസ്‌ത്യാ​നി​യായ ഒരു ജൂത​നെ​ക്കു​റിച്ച്‌ കർത്താ​വായ യേശു പറഞ്ഞ വാക്കു​ക​ളാണ്‌ ഇത്‌. ആ ജൂതൻ പിന്നീടു പൗലോസ്‌ അപ്പോസ്‌തലൻ എന്ന്‌ അറിയ​പ്പെട്ടു.

റോമൻ ചക്രവർത്തി​യാ​യി​രുന്ന നീറോ​യാ​യി​രു​ന്നു ആ ‘രാജാ​ക്ക​ന്മാ​രിൽ’ ഒരാൾ. അത്രയും ഉന്നതനായ ഒരു ഭരണാ​ധി​കാ​രി​യു​ടെ മുമ്പാകെ വിശ്വാ​സ​ത്തി​നു​വേണ്ടി പ്രതി​വാ​ദം നടത്തേണ്ട സാഹച​ര്യം വന്നാൽ നിങ്ങൾക്ക്‌ എന്തു തോന്നും? ആ അവസര​ത്തിൽ പൗലോ​സി​നെ അനുക​രി​ക്കാൻ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 കൊരി. 11:1) അതിനുള്ള ഒരു വിധം അക്കാലത്തെ നിയമ​വ്യ​വ​സ്ഥ​ക​ളോ​ടുള്ള ബന്ധത്തിൽ പൗലോ​സിന്‌ ഉണ്ടായ അനുഭ​വങ്ങൾ പരി​ശോ​ധി​ക്കു​ന്ന​താണ്‌.

മോശ​യു​ടെ നിയമ​മാ​യി​രു​ന്നു അന്ന്‌ ഇസ്രാ​യേൽ ദേശത്ത്‌ നിലവി​ലി​രു​ന്നത്‌. എല്ലായി​ട​ത്തു​മുള്ള ഭക്തരായ ജൂതന്മാർ അതിലെ ധാർമി​ക​ത​ത്ത്വ​ങ്ങൾ പിൻപറ്റി. എ.ഡി. 33-ലെ പെന്തി​ക്കോസ്‌തി​നു ശേഷം സത്യാ​രാ​ധ​കർക്കു മോശ​യു​ടെ നിയമം അനുസ​രി​ക്കാ​നുള്ള കടപ്പാ​ടി​ല്ലാ​യി​രു​ന്നു. (പ്രവൃ. 15:28, 29; ഗലാ. 4:9-11) എങ്കിലും പൗലോ​സും മറ്റു ക്രിസ്‌ത്യാ​നി​ക​ളും ആ നിയമ​ത്തെ​ക്കു​റിച്ച്‌ അനാദ​ര​വോ​ടെ സംസാ​രി​ച്ചില്ല. അതു​കൊണ്ട്‌ പ്രശ്‌നങ്ങൾ കൂടാതെ ജൂതന്മാ​രോ​ടു സാക്ഷീ​ക​രി​ക്കാൻ അവർക്കു കഴിഞ്ഞു. (1 കൊരി. 9:20) പൗലോസ്‌ പലപ്പോ​ഴും സിന​ഗോ​ഗു​ക​ളിൽ പോകു​ക​യും അബ്രാ​ഹാ​മി​ന്റെ ദൈവത്തെ അറിയാ​വുന്ന ആളുക​ളോ​ടു സാക്ഷീ​ക​രി​ക്കു​ക​യും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ അവരു​മാ​യി ന്യായ​വാ​ദം ചെയ്യു​ക​യും ചെയ്‌തി​രു​ന്നു.—പ്രവൃ. 9:19, 20; 13:5, 14-16; 14:1; 17:1, 2.

ആദ്യകാ​ലത്ത്‌ യരുശ​ലേ​മിൽനി​ന്നാ​ണു പ്രസം​ഗ​വേ​ലയെ അപ്പോസ്‌ത​ല​ന്മാർ നയിച്ചി​രു​ന്നത്‌. സ്ഥിരമാ​യി അവർ ആലയത്തിൽ പോയി പഠിപ്പി​ക്കു​മാ​യി​രു​ന്നു. (പ്രവൃ. 1:4; 2:46; 5:20) പൗലോ​സും ചില​പ്പോൾ യരുശ​ലേ​മി​ലേക്കു പോയി​രു​ന്നു. ഒടുവിൽ യരുശ​ലേ​മിൽവെച്ച്‌ പൗലോസ്‌ അറസ്റ്റി​ലാ​യി. റോമിൽവരെ പൗലോ​സി​നെ എത്തിച്ച നിയമ​ന​ട​പ​ടി​കൾക്ക്‌ അതു തുടക്കം കുറിച്ചു.

പൗലോ​സും റോമൻ നിയമ​വും

പൗലോസ്‌ പ്രചരി​പ്പിച്ച വിശ്വാ​സ​ങ്ങളെ റോമൻ അധികാ​രി​കൾ എങ്ങനെ​യാ​യി​രി​ക്കാം വീക്ഷി​ച്ചത്‌? അതിനുള്ള ഉത്തരം കണ്ടെത്തു​ന്ന​തിന്‌, റോമാ​ക്കാർ പൊതു​വേ മതങ്ങളെ എങ്ങനെ​യാ​ണു കണ്ടിരു​ന്ന​തെന്നു നമുക്കു നോക്കാം. ഒരു മതം സാമ്രാ​ജ്യ​ത്തി​നോ സദാചാ​ര​ങ്ങൾക്കോ ഭീഷണി​യ​ല്ലെന്നു തോന്നി​യാൽ റോമാ​ക്കാർ ഒരു വംശ​ത്തെ​യും അവരുടെ മതം ഉപേക്ഷി​ക്കാൻ നിർബ​ന്ധി​ച്ചി​രു​ന്നില്ല.

ജൂതന്മാർക്കു റോമാ​സാ​മ്രാ​ജ്യ​ത്തിൽ പ്രത്യേ​ക​മാ​യി പല അവകാ​ശ​ങ്ങ​ളും ഉണ്ടായി​രു​ന്നു. ആദിമ​കാല ക്രിസ്‌ത്യാ​നി​ക​ളു​ടെ പശ്ചാത്തലം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “റോമാ​സാ​മ്രാ​ജ്യ​ത്തിൽ ജൂതമ​ത​ത്തിന്‌ ഒരു പ്രത്യേ​ക​സ്ഥാ​ന​മാ​ണു​ണ്ടാ​യി​രു​ന്നത്‌. സ്വന്തം മതം ആചരി​ക്കാ​നുള്ള സ്വാത​ന്ത്ര്യം ജൂതന്മാർക്കു​ണ്ടാ​യി​രു​ന്നു. റോമാ​സാ​മ്രാ​ജ്യ​ത്തി​ന്റെ ദേവന്മാ​രെ ആരാധി​ക്കു​ന്ന​തിൽനിന്ന്‌ അവർ ഒഴിവു​ള്ള​വ​രാ​യി​രു​ന്നു. കൂട്ടമാ​യി താമസി​ക്കുന്ന സ്ഥലങ്ങളിൽ ജൂതന്മാർക്ക്‌ അവരുടെ നിയമങ്ങൾ നടപ്പിൽ വരുത്താ​നുള്ള അവകാ​ശ​മു​ണ്ടാ​യി​രു​ന്നു.” ജൂതന്മാർക്കു സൈന്യ​ത്തിൽ ചേരേ​ണ്ട​തു​മി​ല്ലാ​യി​രു​ന്നു. a റോമൻ നിയമ​ത്തിൻകീ​ഴിൽ ജൂതമ​ത​ത്തി​നു​ണ്ടാ​യി​രുന്ന സംരക്ഷണം ഉപയോ​ഗിച്ച്‌ അധികാ​രി​ക​ളു​ടെ മുമ്പാകെ പൗലോ​സി​നു ക്രിസ്‌ത്യാ​നി​ത്വ​ത്തി​നു​വേണ്ടി പ്രതി​വാ​ദം ചെയ്യാ​മാ​യി​രു​ന്നു.

പൊതു​ജ​ന​ത്തെ​യും അധികാ​രി​ക​ളെ​യും പൗലോ​സിന്‌ എതിരെ തിരി​ക്കാൻ ശത്രുക്കൾ പല വഴികൾ അന്വേ​ഷി​ച്ചു. (പ്രവൃ. 13:50; 14:2, 19; 18:12, 13) ഒരു സംഭവം നോക്കാം. “മോശ​യു​ടെ ന്യായ​പ്ര​മാ​ണം അവഗണി​ക്കാൻ” പൗലോസ്‌ പഠിപ്പി​ക്കു​ന്നെന്ന ഒരു വാർത്ത ജൂതന്മാർക്കി​ട​യിൽ പരക്കു​ന്ന​താ​യി യരുശ​ലേ​മി​ലെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ മൂപ്പന്മാർ കേട്ടു. പുതു​താ​യി ക്രിസ്‌ത്യാ​നി​ക​ളായ ജൂതന്മാർ ഈ കഥ കേട്ടാൽ ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ങ്ങളെ ആദരി​ക്കാത്ത ഒരു വ്യക്തി​യാ​ണു പൗലോസ്‌ എന്നു ചിന്തി​ക്കാൻ സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ജൂതമ​ത​ത്തിൽനി​ന്നുള്ള ഒരു വിശ്വാ​സ​ത്യാ​ഗ​മാ​ണു ക്രിസ്‌ത്യാ​നി​ത്വം എന്നു സൻഹെ​ദ്രിൻ പ്രഖ്യാ​പി​ക്കാ​നും സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. അങ്ങനെ സംഭവി​ച്ചി​രു​ന്നെ​ങ്കിൽ ക്രിസ്‌ത്യാ​നി​ക​ളോ​ടൊ​പ്പം സഹവസി​ച്ചി​രുന്ന ജൂതന്മാർ ശിക്ഷി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. അവരെ സമൂഹ​ത്തിൽനിന്ന്‌ പുറത്താ​ക്കു​ക​യും ആലയത്തി​ലും സിന​ഗോ​ഗു​ക​ളി​ലും സാക്ഷീ​ക​രി​ക്കു​ന്നതു വിലക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ സഭയിലെ മൂപ്പന്മാർ, പൗലോ​സി​നോട്‌ ആലയത്തിൽ പോകാ​നും ദൈവം ആവശ്യ​പ്പെ​ടു​ന്ന​ത​ല്ലെ​ങ്കി​ലും തെറ്റല്ലാത്ത ഒരു കാര്യം ചെയ്യാ​നും പറഞ്ഞു. അതുവഴി തന്നെക്കു​റി​ച്ചുള്ള കേട്ടു​കേൾവി​കൾ തെറ്റാ​ണെന്നു തെളി​യി​ക്കാൻ പൗലോ​സി​നു കഴിയു​മാ​യി​രു​ന്നു.—പ്രവൃ. 21:18-27.

പൗലോസ്‌ അങ്ങനെ ചെയ്‌തു. അത്‌ ‘സുവി​ശേ​ഷ​ത്തെ​ക്കു​റിച്ച്‌ പ്രതി​വാ​ദം ചെയ്യാ​നും അതിന്റെ നിയമ​പ​ര​മായ സ്ഥിരീ​ക​ര​ണ​ത്തി​നും’ അവസരങ്ങൾ നൽകി. (ഫിലി. 1:7) ആലയത്തിൽവെച്ച്‌ ജൂതന്മാർ പൗലോ​സിന്‌ എതിരെ കലഹം ഉണ്ടാക്കു​ക​യും അദ്ദേഹത്തെ കൊല്ലാൻ ഒരുങ്ങു​ക​യും ചെയ്‌തു. റോമൻ സൈന്യാ​ധി​പൻ പൗലോ​സി​നെ അറസ്റ്റു ചെയ്‌തു. ചാട്ടയ്‌ക്ക്‌ അടിക്കാൻ ഒരുങ്ങി​യ​പ്പോൾ താൻ ഒരു റോമൻ പൗരനാ​ണെന്നു പൗലോസ്‌ പറഞ്ഞു. അതു കേട്ട​പ്പോൾ പൗലോ​സി​നെ യഹൂദ​യി​ലെ റോമൻ തലസ്ഥാ​ന​മാ​യി​രുന്ന കൈസ​ര്യ​യി​ലേക്കു കൊണ്ടു​പോ​യി. മറ്റു രീതി​യിൽ സുവാർത്ത കേൾക്കാൻ അവസര​മി​ല്ലാ​തി​രുന്ന അധികാ​രി​കൾക്കു ധീരമാ​യി സാക്ഷ്യം കൊടു​ക്കാൻ പൗലോ​സിന്‌ അവിടെ അവസരം ലഭിച്ചു. അങ്ങനെ ക്രിസ്‌ത്യാ​നി​ത്വ​ത്തെ​ക്കു​റിച്ച്‌ കാര്യ​മായ അറിവി​ല്ലാ​തി​രുന്ന ആളുകൾക്ക്‌ അതെക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ സാധിച്ചു.

യഹൂദ​യി​ലെ റോമൻ ഗവർണ​റായ ഫേലിക്‌സി​നു മുമ്പാ​കെ​യുള്ള പൗലോ​സി​ന്റെ വിചാ​ര​ണ​യെ​ക്കു​റിച്ച്‌ പ്രവൃ​ത്തി​കൾ 24-ാം അധ്യാ​യ​ത്തിൽ പറയുന്നു. ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ കുറ​ച്ചൊ​ക്കെ അറിയാ​മാ​യി​രുന്ന ഒരാളാ​യി​രു​ന്നു ഫേലിക്‌സ്‌. കുറഞ്ഞതു മൂന്നു വിധത്തി​ലെ​ങ്കി​ലും പൗലോസ്‌ റോമൻ നിയമം ലംഘി​ച്ചെ​ന്നാ​യി​രു​ന്നു ജൂതന്മാ​രു​ടെ ആരോ​പണം. പൗലോസ്‌ ജൂതന്മാർക്കി​ട​യിൽ പ്രക്ഷോ​ഭങ്ങൾ ഇളക്കി​വി​ടു​ന്നു, അപകട​ക​ര​മായ ഒരു മതവി​ഭാ​ഗ​ത്തി​നു നേതൃ​ത്വം വഹിക്കു​ന്നു, റോമി​ന്റെ സംരക്ഷ​ണ​ത്തി​ലാ​യി​രുന്ന ദേവാ​ലയം അശുദ്ധ​മാ​ക്കാൻ ശ്രമി​ക്കു​ന്നു. ഇതൊ​ക്കെ​യാ​യി​രു​ന്നു പൗലോ​സി​നെ​ക്കു​റി​ച്ചുള്ള ആരോ​പ​ണങ്ങൾ. (പ്രവൃ. 24:5, 6) വധശിക്ഷ ലഭിക്കു​മാ​യി​രുന്ന ആരോ​പ​ണ​ങ്ങ​ളാ​യി​രു​ന്നു ഇവ.

പൗലോസ്‌ ഈ ആരോ​പ​ണ​ങ്ങളെ നേരിട്ട വിധത്തിൽനിന്ന്‌ ഇന്നുള്ള ക്രിസ്‌ത്യാ​നി​കൾക്കു പലതും പഠിക്കാ​നുണ്ട്‌. അദ്ദേഹം ആ സമയത്ത്‌ ശാന്തത​യോ​ടെ​യും ആദര​വോ​ടെ​യും നില​കൊ​ണ്ടു. പൗലോസ്‌ മോശ​യു​ടെ നിയമ​വും പ്രവാ​ച​ക​വ​ച​ന​ങ്ങ​ളും ഉപയോ​ഗിച്ച്‌ “പൂർവ​പി​താ​ക്ക​ന്മാ​രു​ടെ ദൈവത്തെ” ആരാധി​ക്കാ​നുള്ള അവകാ​ശ​മു​ണ്ടെന്നു വാദിച്ചു. റോമൻ നിയമ​ത്തിൻകീ​ഴിൽ മറ്റു ജൂതന്മാർക്കു​മു​ണ്ടാ​യി​രുന്ന ഒരു അവകാ​ശ​മാ​യി​രു​ന്നു അത്‌. (പ്രവൃ. 24:14) പിന്നീട്‌, അടുത്ത ഗവർണ​റായ പൊർക്യൊസ്‌ ഫെസ്‌തൊ​സി​നു മുമ്പാ​കെ​യും രാജാ​വായ ഹെരോദ്‌ അഗ്രി​പ്പ​യു​ടെ മുമ്പാ​കെ​യും തന്റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പറയാ​നും പ്രതി​വാ​ദം ചെയ്യാ​നും പൗലോ​സി​നു കഴിഞ്ഞു.

ഒടുവിൽ ഒരു ന്യായ​മായ വിചാരണ ലഭിക്കു​ന്ന​തി​നാ​യി പൗലോസ്‌ പറഞ്ഞു: “ഞാൻ കൈസ​റു​ടെ മുമ്പാകെ ഉപരി​വി​ചാ​ര​ണയ്‌ക്ക്‌ അപേക്ഷി​ക്കു​ന്നു!” അക്കാലത്തെ ഏറ്റവും ഉന്നതനായ ഭരണാ​ധി​കാ​രി​യാ​യി​രു​ന്നു കൈസർ.—പ്രവൃ. 25:11.

കൈസ​റു​ടെ മുമ്പാ​കെ​യുള്ള പൗലോ​സി​ന്റെ വിചാരണ

ഒരു ദൈവ​ദൂ​തൻ പിന്നീടു പൗലോ​സി​നോ​ടു പറഞ്ഞു: “നീ കൈസ​റു​ടെ മുമ്പാകെ നിൽക്കേ​ണ്ട​താ​കു​ന്നു.” (പ്രവൃ. 27:24) എല്ലാ കേസു​ക​ളും താൻ നേരിട്ട്‌ വിധി​ക്കി​ല്ലെന്നു ഭരണം തുടങ്ങിയ സമയത്ത്‌ നീറോ ചക്രവർത്തി പറഞ്ഞി​രു​ന്നു. ഭരണത്തി​ന്റെ ആദ്യത്തെ എട്ടു വർഷങ്ങ​ളിൽ മിക്ക കേസു​ക​ളും അദ്ദേഹം മറ്റുള്ള​വർക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ത്തു. ഒരു കേസ്‌ നീറോ നേരിട്ട്‌ കേൾക്കാൻ തയ്യാറാ​യാൽ, കൊട്ടാ​ര​ത്തിൽവെ​ച്ചു​ത​ന്നെ​യാണ്‌ അതു കൈകാ​ര്യം ചെയ്‌തി​രു​ന്ന​തെ​ന്നും അനുഭ​വ​പ​രി​ച​യ​വും സ്വാധീ​ന​വും ഉള്ള ഒരുകൂ​ട്ടം ഉപദേ​ശകർ അദ്ദേഹത്തെ സഹായി​ച്ചി​രു​ന്നെ​ന്നും വിശുദ്ധ പൗലോ​സി​ന്റെ ജീവി​ത​വും എഴുത്തു​ക​ളും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

നീറോ നേരി​ട്ടാ​ണോ പൗലോ​സി​ന്റെ കേസ്‌ കേൾക്കു​ക​യും വിധി​ക്കു​ക​യും ചെയ്‌തത്‌ അതോ മറ്റാ​രെ​ങ്കി​ലും അതു കേട്ടിട്ട്‌ നീറോയ്‌ക്കു റിപ്പോർട്ട്‌ ചെയ്യു​ക​യാ​യി​രു​ന്നോ എന്നൊ​ന്നും ബൈബിൾ പറയു​ന്നില്ല. എന്തുത​ന്നെ​യാ​യാ​ലും, താൻ ജൂതന്മാ​രു​ടെ ദൈവ​ത്തെ​യാണ്‌ ആരാധി​ക്കു​ന്ന​തെ​ന്നും ഗവൺമെ​ന്റിന്‌ അർഹമായ ബഹുമാ​നം കൊടു​ക്കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചെ​ന്നും സാധ്യ​ത​യ​നു​സ​രിച്ച്‌ പൗലോസ്‌ വിശദീ​ക​രി​ച്ചു. (റോമ. 13:1-7; തീത്തോ. 3:1, 2) ഉന്നതാ​ധി​കാ​രി​ക​ളു​ടെ മുമ്പാകെ പൗലോസ്‌ സുവാർത്തയ്‌ക്കു​വേണ്ടി നടത്തിയ പ്രതി​വാ​ദം ഒരു വിജയ​മാ​യി​രു​ന്നു എന്നു വേണം കരുതാൻ. കാരണം കൈസ​റു​ടെ കോടതി പൗലോ​സി​നെ വിട്ടയച്ചു.—ഫിലി. 2:24; ഫിലേ. 22.

സുവാർത്തയ്‌ക്കു​വേണ്ടി പ്രതി​വാ​ദം നടത്താ​നുള്ള നമ്മുടെ നിയോ​ഗം

യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “എന്നെ​പ്രതി നിങ്ങളെ ദേശാ​ധി​പ​തി​ക​ളു​ടെ​യും രാജാ​ക്ക​ന്മാ​രു​ടെ​യും മുമ്പാകെ കൊണ്ടു​പോ​കും. അത്‌ അവർക്കും വിജാ​തീ​യർക്കും ഒരു സാക്ഷ്യ​ത്തിന്‌ ഉതകും.” (മത്താ. 10:18) ഈ വിധത്തിൽ യേശു​വി​നെ പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌ ഒരു പദവി​യാണ്‌. സുവാർത്തയ്‌ക്കു​വേണ്ടി പ്രതി​വാ​ദം നടത്താ​നുള്ള നമ്മുടെ ശ്രമങ്ങ​ളു​ടെ ഫലമായി നിയമ​വി​ജ​യങ്ങൾ നേടി​യേ​ക്കാം. എന്നാൽ, അപൂർണ​മ​നു​ഷ്യ​രു​ടെ തീരു​മാ​നങ്ങൾ ഒരിക്ക​ലും ഒരു പൂർണ​മായ അർഥത്തിൽ സുവാർത്തയെ ‘നിയമ​പ​ര​മാ​യി സ്ഥിരീ​ക​രി​ക്കു​ന്നില്ല.’ ദൈവ​രാ​ജ്യം മാത്രമേ അടിച്ച​മർത്ത​ലി​നും അനീതി​ക്കും ഒരു ശാശ്വ​ത​പ​രി​ഹാ​രം കൊണ്ടു​വ​രു​ക​യു​ള്ളൂ.—സഭാ. 8:9; യിരെ. 10:23.

എങ്കിലും, ഇന്നും ക്രിസ്‌ത്യാ​നി​കൾ വിശ്വാ​സ​ത്തി​നു​വേണ്ടി പ്രതി​വാ​ദം നടത്തു​മ്പോൾ യഹോ​വ​യു​ടെ നാമം മഹത്ത്വ​പ്പെ​ട്ടേ​ക്കാം. പൗലോ​സി​നെ​പ്പോ​ലെ നമ്മൾ ശാന്തരും ആത്മാർഥ​ത​യു​ള്ള​വ​രും ആയിരി​ക്കണം, ബോധ്യ​ത്തോ​ടെ സംസാ​രി​ക്കു​ക​യും വേണം. “എങ്ങനെ പ്രതി​വാ​ദം നടത്തു​മെന്ന്‌ മുന്നമേ ആലോ​ചി​ച്ചു​വെ​ക്കേ​ണ്ട​തില്ല” എന്നു യേശു അനുഗാ​മി​ക​ളോ​ടു പറഞ്ഞു. “എന്തെന്നാൽ നിങ്ങളു​ടെ എതിരാ​ളി​കൾ ഒന്നിച്ചു​നി​ന്നാ​ലും അവർക്കു ചെറു​ക്കാ​നോ എതിർത്തു​പ​റ​യാ​നോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.”—ലൂക്കോ. 21:14, 15; 2 തിമൊ. 3:12; 1 പത്രോ. 3:15.

ക്രിസ്‌ത്യാ​നി​കൾ രാജാ​ക്ക​ന്മാ​രു​ടെ​യും ഗവർണർമാ​രു​ടെ​യും മറ്റ്‌ അധികാ​രി​ക​ളു​ടെ​യും മുമ്പാകെ വിശ്വാ​സ​ത്തി​നു​വേണ്ടി പ്രതി​വാ​ദം ചെയ്യു​മ്പോൾ മറ്റു വിധങ്ങ​ളിൽ ബൈബിൾസ​ന്ദേശം അറിയാൻ ഇടയി​ല്ലാത്ത ആളുകൾക്ക്‌ ഒരു സാക്ഷ്യം കൊടു​ക്കാൻ അതിലൂ​ടെ കഴിയും. അനുകൂ​ല​മായ ചില കോട​തി​വി​ധി​കൾ, അഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വും ആരാധ​നയ്‌ക്കുള്ള സ്വാത​ന്ത്ര്യ​വും സംരക്ഷി​ച്ചു​കൊണ്ട്‌ ആ ദേശങ്ങ​ളി​ലെ നിയമ​വ്യ​വ​സ്ഥ​യെ​ത്തന്നെ തിരു​ത്തി​യെ​ഴു​തി​യി​ട്ടുണ്ട്‌. അത്തരം കേസു​ക​ളു​ടെ വിധികൾ എന്തുത​ന്നെ​യാ​യാ​ലും വിചാ​ര​ണ​സ​മ​യത്തെ ദൈവ​ദാ​സ​രു​ടെ ധീരത ദൈവത്തെ സന്തോ​ഷി​പ്പി​ക്കും.

നമ്മുടെ വിശ്വാ​സ​ങ്ങൾക്കു​വേണ്ടി പ്രതി​വാ​ദം ചെയ്യു​മ്പോൾ യഹോ​വ​യു​ടെ നാമം മഹത്ത്വ​പ്പെ​ടും

a എഴുത്തുകാരനായ ജയിംസ്‌ പാർക്‌സ്‌ ഇങ്ങനെ പറയുന്നു: “ജൂതന്മാർക്ക്‌ . . . അവരുടെ ആചാരങ്ങൾ അനുഷ്‌ഠി​ക്കാ​നുള്ള അവകാ​ശ​മു​ണ്ടാ​യി​രു​ന്നു. ഈ അവകാ​ശങ്ങൾ ജൂതന്മാർക്കു കൊടു​ത്ത​തിൽ പ്രത്യേ​കത ഒന്നുമു​ണ്ടാ​യി​രു​ന്നില്ല, കാരണം തങ്ങളുടെ സാമ്രാ​ജ്യ​ത്തിൻകീ​ഴി​ലെ പ്രദേ​ശ​ങ്ങൾക്കു പരമാ​വധി സ്വയം​ഭ​ര​ണാ​വ​കാ​ശം അനുവ​ദി​ക്കുക എന്നതാ​യി​രു​ന്നു റോമാ​ക്കാ​രു​ടെ രീതി.”