ദൈവകൃപയ്ക്കായി നന്ദിയുള്ളവർ
‘നമുക്കേവർക്കും മേൽക്കുമേൽ കൃപ ലഭിച്ചു.’—യോഹ. 1:16.
1, 2. (എ) മുന്തിരിത്തോട്ടത്തിന്റെ ഉടമയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം വിവരിക്കുക. (ബി) ഔദാര്യം, കൃപ എന്നീ ഗുണങ്ങളെക്കുറിച്ച് ഈ കഥ എന്തു പറയുന്നു?
ഒരു ദിവസം അതിരാവിലെ ഒരു കൃഷിക്കാരൻ അയാളുടെ മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനു പണിക്കാരെ അന്വേഷിച്ച് ചന്തസ്ഥലത്തേക്കു പോയി. അയാൾ പറഞ്ഞ കൂലിക്കു ജോലി ചെയ്യാമെന്നു ചിലർ സമ്മതിച്ചു. എന്നാൽ ആ ദിവസം അയാൾക്കു കൂടുതൽ പണിക്കാരെ ആവശ്യമായിവന്നു. അയാൾ പലപ്പോഴായി ചന്തസ്ഥലത്തേക്കു പോയി കുറെ പണിക്കാരെക്കൂടി വിളിച്ചു. എല്ലാവർക്കും, വൈകി വിളിച്ചവർക്കുപോലും, ന്യായമായ കൂലി കൊടുക്കാമെന്നു പറഞ്ഞു. വൈകുന്നേരമായപ്പോൾ കൃഷിക്കാരൻ കൂലി കൊടുക്കുന്നതിനു പണിക്കാരെയെല്ലാം വിളിച്ചുകൂട്ടി. മണിക്കൂറുകളോളം ജോലി ചെയ്തവർക്കും ഒരു മണിക്കൂർ മാത്രം ജോലി ചെയ്തവർക്കും ഒരേ കൂലിയാണു കൊടുത്തത്. ആദ്യം ജോലിക്കു വന്ന പണിക്കാർ ഇതെക്കുറിച്ച് പരാതിപ്പെട്ടു. അപ്പോൾ കൃഷിക്കാരൻ അവരിൽ ഒരാളോടു പറഞ്ഞു: ‘നിന്നോടു പറഞ്ഞ കൂലി ഞാൻ നിനക്കു തന്നില്ലേ? എന്റെ ജോലിക്കാർക്ക് എനിക്ക് ഇഷ്ടമുള്ളതു കൊടുക്കാൻ എനിക്ക് അവകാശമില്ലേ? ഞാൻ ഔദാര്യമുള്ളവനായതുകൊണ്ട് നിനക്ക് അസൂയ തോന്നുന്നുണ്ടോ?’—മത്താ. 20:1-15, ഓശാന.
2 യേശുവിന്റെ ഈ ദൃഷ്ടാന്തം, ബൈബിളിൽ കൂടെക്കൂടെ പറഞ്ഞിട്ടുള്ള, യഹോവയുടെ “കൃപ” എന്ന ഗുണത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. [1] (2 കൊരിന്ത്യർ 6:1 വായിക്കുക.) ഒരു മണിക്കൂർ മാത്രം ജോലി ചെയ്തവർക്ക് ഒരു ദിവസത്തെ കൂലിക്ക് അർഹതയില്ലായിരുന്നു. എങ്കിലും മുന്തിരിത്തോട്ടത്തിന്റെ ഉടമ അവരോട് അസാധാരണമായ ദയ കാണിച്ചു. “കൃപ” എന്നും “അനർഹദയ” എന്നും പല ബൈബിൾഭാഷാന്തരങ്ങളും പരിഭാഷപ്പെടുത്തിയിരിക്കുന്ന ഈ പദത്തെ ഒരു പണ്ഡിതൻ നിർവചിക്കുന്നത്, “സ്വന്തം പ്രയത്നംകൊണ്ട് ഒരു മനുഷ്യനു നേടിയെടുക്കാനോ സ്വന്തമാക്കാനോ കഴിയാത്ത, സൗജന്യവും അനർഹവും ആയ ദാനം” എന്നാണ്.
യഹോവയുടെ ഉദാരമായ ദാനം
3, 4. യഹോവയ്ക്കു മനുഷ്യരോടു കൃപ കാണിക്കേണ്ടിവന്നത് എന്തുകൊണ്ട്, എങ്ങനെ?
3 ദൈവത്തിന്റെ കൃപ ഒരു ‘ദാനമാണ്’ എന്നു തിരുവെഴുത്തുകൾ പറയുന്നു. (എഫെ. 3:7) എന്തുകൊണ്ടാണു ‘ദാനം’ എന്നു പറയുന്നത്? നമ്മൾ യഹോവയുടെ എല്ലാ നിബന്ധനകളും പൂർണമായി അനുസരിക്കുന്നെങ്കിൽ യഹോവ നമ്മളോടു കാണിക്കുന്നതിനെ കൃപാദാനം അഥവാ അനർഹമായ ദാനം എന്നു വിളിക്കാൻ കഴിയില്ല. കാരണം നമ്മൾ അതിന് അർഹരായിരിക്കുമല്ലോ. പക്ഷേ ജ്ഞാനിയായ ശലോമോൻ രാജാവ് നമ്മുടെ അവസ്ഥയെക്കുറിച്ച് ഇങ്ങനെ എഴുതി: “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.” (സഭാ. 7:20) “എല്ലാവരും പാപം ചെയ്തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു” എന്നും “പാപത്തിന്റെ ശമ്പളം മരണം” എന്നും പൗലോസ് അപ്പോസ്തലൻ പറഞ്ഞു. (റോമ. 3:23; 6:23എ) അതുകൊണ്ട് മരണം മാത്രമേ നമ്മൾ അർഹിക്കുന്നുള്ളൂ.
4 അതുല്യമായ ഒരു വിധത്തിൽ കൃപ കാണിച്ചുകൊണ്ട്, പാപികളായ മനുഷ്യരോടുള്ള സ്നേഹം യഹോവ പ്രകടിപ്പിച്ചു. ‘തന്റെ ഏകജാതനായ പുത്രനെ’ നമുക്കുവേണ്ടി മരിക്കാൻ ഭൂമിയിലേക്ക് അയച്ചുകൊണ്ട് യഹോവ ഏറ്റവും വലിയ സമ്മാനം നമുക്കു തന്നു. (യോഹ. 3:16) യേശു “നമുക്കുവേണ്ടി മരണത്തിനു വിധേയനായതിനാൽ മഹത്ത്വവും മാനവുംകൊണ്ട് കിരീടമണിഞ്ഞവനായി” എന്നു പൗലോസ് എഴുതി. (എബ്രാ. 2:9) അതെ, ‘ദൈവത്തിന്റെ ദാനം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിനാലുള്ള നിത്യജീവനാണ്.’—റോമ. 6:23ബി.
5, 6. (എ) പാപം നമ്മളെ ഭരിക്കുന്നെങ്കിൽ എന്തായിരിക്കും ഫലം? (ബി) കൃപ നമ്മളെ ഭരിക്കുന്നെങ്കിൽ എന്തായിരിക്കും ഫലം?
5 പാപവും മരണവും മനുഷ്യനെ പിടികൂടിയത് എങ്ങനെ? ആദാം എന്ന “ഏകമനുഷ്യന്റെ ലംഘനത്താൽ” ആദാമിന്റെ സന്തതികളുടെ മേൽ ‘മരണം രാജാവായി വാണെന്നു’ ബൈബിൾ വിശദീകരിക്കുന്നു. (റോമ. 5:12, 14, 17) എന്നാൽ, പാപം നമ്മളെ ഭരിക്കണോ വേണ്ടയോ എന്ന കാര്യം നമുക്കുതന്നെ തീരുമാനിക്കാം. ക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കുന്നെങ്കിൽ പാപമല്ല യഹോവയുടെ കൃപയായിരിക്കും നമ്മളെ ഭരിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? “പാപം പെരുകിയിടത്തു കൃപ അതിലുമേറെ സമൃദ്ധമായി. എന്തിനുവേണ്ടി? പാപം മരണത്തോടൊത്ത് വാഴ്ച നടത്തിയതുപോലെ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നിത്യജീവൻ സാധ്യമാക്കാനായി കൃപയും നീതിയാൽ വാഴേണ്ടതിനുതന്നെ.”—റോമ. 5:20, 21.
6 നമ്മൾ പാപികളാണെങ്കിലും പാപം നമ്മളെ ഭരിക്കാൻ അനുവദിക്കേണ്ടതില്ല. പാപത്തിൽ വീണുപോകുമ്പോൾ നമ്മൾ ക്ഷമയ്ക്കായി യഹോവയോടു യാചിക്കുന്നു. പൗലോസ് ക്രിസ്ത്യാനികൾക്ക് ഈ മുന്നറിയിപ്പു കൊടുത്തു: “നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്ക് അധീനരെന്നു കണ്ടിട്ട് പാപം നിങ്ങളിൽ ആധിപത്യം നടത്താൻ പാടില്ല.” (റോമ. 6:14) അതെ, നമ്മൾ കൃപയുടെ അധികാരത്തിൻകീഴിലാണ്. അതിന്റെ പ്രയോജനം എന്താണ്? പൗലോസ് പറയുന്നു: ‘ദൈവകൃപ ഭക്തിവിരുദ്ധമായ ജീവിതരീതികളും ലൗകികമോഹങ്ങളും വർജിച്ച് ഈ ലോകത്തിൽ സുബോധമുള്ളവരും നീതിനിഷ്ഠരും ദൈവഭക്തിയുള്ളവരുമായി ജീവിക്കാൻ നമ്മെ പ്രബോധിപ്പിക്കുന്നു.’—തീത്തോ. 2:11, 13.
“വിവിധ വിധങ്ങളിൽ ചൊരിയപ്പെട്ട ദൈവകൃപ”
7, 8. യഹോവ കൃപ ‘വിവിധ വിധങ്ങളിൽ ചൊരിയുന്നു’ എന്നതിന്റെ അർഥം എന്താണ്? (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.)
7 അപ്പോസ്തലനായ പത്രോസ് എഴുതി: “ഓരോരുത്തനും, വിവിധ വിധങ്ങളിൽ ചൊരിയപ്പെട്ട ദൈവകൃപയുടെ ഉത്തമ കാര്യവിചാരകനായി, തനിക്കു ലഭിച്ച കൃപാവരത്തിനൊത്തവിധം മറ്റുള്ളവർക്കു ശുശ്രൂഷ ചെയ്യാനായി അതു വിനിയോഗിക്കണം.” (1 പത്രോ. 4:10) യഹോവ കൃപ ‘വിവിധ വിധങ്ങളിൽ ചൊരിയുന്നു’ എന്നതിന്റെ അർഥം എന്താണ്? ജീവിതത്തിൽ ഏതുതരം പരിശോധനകൾ നേരിട്ടാലും അതൊക്കെ വിജയകരമായി കൈകാര്യം ചെയ്യാൻ യഹോവ നമ്മളെ പ്രാപ്തരാക്കും. (1 പത്രോ. 1:6) ഓരോ പരിശോധനയും നേരിടാൻ ആവശ്യമായത് എന്തോ അത് യഹോവ നമുക്കു തരും.
8 അപ്പോസ്തലനായ യോഹന്നാൻ എഴുതി: “അവന്റെ നിറവിൽനിന്നല്ലോ നമുക്കേവർക്കും മേൽക്കുമേൽ കൃപ ലഭിച്ചത്.” (യോഹ. 1:16) അതെ, യഹോവ വ്യത്യസ്തവിധങ്ങളിൽ കൃപ കാണിക്കുന്നു. അതുകൊണ്ട് നമുക്ക് അനേകം അനുഗ്രഹങ്ങളും ലഭിക്കുന്നു. അവയിൽ ചിലത് ഏതാണ്?
9. യഹോവ നമ്മളോടു കൃപ കാണിക്കുന്ന ഒരു വിധം ഏതാണ്, അതിനോടു നമുക്ക് എങ്ങനെ നന്ദി കാണിക്കാം?
9 നമ്മുടെ പാപങ്ങൾക്കു ക്ഷമ കിട്ടുന്നു. പശ്ചാത്തപിക്കുകയും തെറ്റായ ചായ്വുകൾക്കെതിരെ ശക്തമായി പോരാടുകയും ചെയ്യുന്നെങ്കിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകൊണ്ട് കൃപ കാണിക്കും. (1 യോഹന്നാൻ 1:8, 9 വായിക്കുക.) യഹോവയെ സ്തുതിച്ചുകൊണ്ട് യഹോവയുടെ കരുണയോടു നന്ദിയുള്ളവരാണെന്നു നമുക്കു കാണിക്കാം. അഭിഷിക്തക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ പൗലോസ് ഇങ്ങനെ പറഞ്ഞു: “(യഹോവ) നമ്മെ അന്ധകാരത്തിന്റെ അധികാരത്തിൽനിന്നു വിടുവിച്ച് തന്റെ അരുമപുത്രന്റെ രാജ്യത്തിലാക്കിവെച്ചു. അവനിലൂടെ നമുക്ക് മറുവിലയാലുള്ള വിടുതൽ കൈവന്നിരിക്കുന്നു; നമ്മുടെ പാപങ്ങളുടെ മോചനംതന്നെ.” (കൊലോ. 1:13, 14) പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിന്റെ ഫലമായി നമുക്കു മറ്റ് അനുഗ്രഹങ്ങളും ലഭിക്കുന്നു.
10. ദൈവത്തിന്റെ കൃപകൊണ്ട് നമുക്കു ലഭിക്കുന്ന മറ്റൊരു അനുഗ്രഹം ഏതാണ്?
10 ദൈവവുമായി സമാധാനബന്ധത്തിലായിരിക്കാൻ കഴിയുന്നു. പാപികളായതുകൊണ്ട് ജനനംമുതൽ നമ്മൾ ദൈവത്തിന്റെ ശത്രുക്കളാണ്. പൗലോസ് ഇതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘നാം ശത്രുക്കളായിരിക്കുമ്പോൾത്തന്നെ തന്റെ പുത്രന്റെ മരണത്തിലൂടെ നമ്മൾ ദൈവവുമായി നിരപ്പിലായി.’ (റോമ. 5:10) ഇങ്ങനെ നിരപ്പിൽ വന്നിരിക്കുന്നതുകൊണ്ട്, അഥവാ രമ്യതയിൽ വന്നിരിക്കുന്നതുകൊണ്ട്, യഹോവയുമായി നമ്മൾ ഇപ്പോൾ ഒരു സമാധാനബന്ധം ആസ്വദിക്കുന്നു. ഈ പദവിയെ യഹോവയുടെ കൃപയുമായി ബന്ധപ്പെടുത്തി പൗലോസ് ഇങ്ങനെ പറഞ്ഞു: “വിശ്വാസത്താൽ നാം (ക്രിസ്തുവിന്റെ അഭിഷിക്തസഹോദരന്മാർ) ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ദൈവവുമായി സമാധാനത്തിലായിരിക്കാം. നമുക്കു കൈവന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചത് അവൻ മുഖാന്തരമല്ലോ.” (റോമ. 5:1, 2) എത്ര വലിയൊരു അനുഗ്രഹം!
11. അഭിഷിക്തർ ‘വേറെ ആടുകളെ’ നീതിയിലേക്കു കൊണ്ടുവരുന്നത് എങ്ങനെ?
11 നീതീകരിക്കപ്പെടുന്നു. നമ്മൾ ആരും നീതിമാന്മാരായല്ല ജനിക്കുന്നത്. എന്നാൽ അന്ത്യകാലത്ത് “ബുദ്ധിമാന്മാർ,” അതായത് അഭിഷിക്തശേഷിപ്പ്, ‘പലരെയും നീതിയിലേക്കു തിരിക്കും’ എന്നു ദാനിയേൽ പ്രവചിച്ചു. (ദാനിയേൽ 12:3 വായിക്കുക.) അവരുടെ പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിലൂടെ ദശലക്ഷക്കണക്കിനു ‘വേറെ ആടുകൾക്ക്’ യഹോവയുടെ മുമ്പാകെ നീതിനിഷ്ഠമായ ഒരു നില ലഭിച്ചിരിക്കുന്നു. (യോഹ. 10:16) എന്നാൽ ഇതു സാധ്യമായിരിക്കുന്നത് യഹോവയുടെ കൃപ ഒന്നുകൊണ്ട് മാത്രമാണ്. പൗലോസ് ഇതെക്കുറിച്ച് വിശദീകരിച്ചു: “(ദൈവത്തിന്റെ) കൃപയാൽ, ക്രിസ്തുയേശു നൽകിയ മറുവിലയാലുള്ള വീണ്ടെടുപ്പിലൂടെ അവർ നീതീകരിക്കപ്പെട്ടിരിക്കുന്നത് ഒരു ദാനമായിട്ടത്രേ.”—റോമ. 3:23, 24.
12. പ്രാർഥനയും യഹോവയുടെ കൃപയും തമ്മിലുള്ള ബന്ധം എന്താണ്?
12 പ്രാർഥനയിലൂടെ ദൈവത്തെ സമീപിക്കാൻ കഴിയുന്നു. പ്രാർഥനയിലൂടെ സ്വർഗീയസിംഹാസനത്തെ സമീപിക്കാനുള്ള അനുഗ്രഹം നൽകിക്കൊണ്ട് യഹോവ നമ്മളോടു കൃപ കാണിക്കുന്നു. യഹോവയുടെ സിംഹാസനത്തെ പൗലോസ് ‘കൃപാസനം’ എന്നു വിളിക്കുകയും “മടികൂടാതെ” അതിനെ സമീപിക്കാൻ നമ്മളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. (എബ്രാ. 4:16) യഹോവ ക്രിസ്തുവിലൂടെയാണ് ഈ പദവി തന്നിരിക്കുന്നത്. അതിനാൽ “ക്രിസ്തുവിലുള്ള വിശ്വാസം മുഖേന അവനിലൂടെ നമുക്ക് സ്വാതന്ത്ര്യത്തോടും ഉറപ്പോടുംകൂടെ ദൈവത്തെ സമീപിക്കാനാകുന്നു.” (എഫെ. 3:12) എപ്പോൾ വേണമെങ്കിലും തന്നോടു പ്രാർഥിക്കാൻ സ്വാതന്ത്ര്യം തന്നുകൊണ്ട് യഹോവ മഹാകൃപ കാണിച്ചിരിക്കുന്നു.
13. കൃപ “അവശ്യഘട്ടങ്ങളിൽ” നമ്മളെ സഹായിക്കുന്നത് എങ്ങനെ?
13 അവശ്യഘട്ടങ്ങളിൽ സഹായം ലഭിക്കുന്നു. “അവശ്യഘട്ടങ്ങളിൽ കരുണയും കൃപയും പ്രാപിക്കേണ്ടതിന്” പ്രാർഥനയിൽ യഹോവയെ സമീപിക്കാൻ പൗലോസ് നമ്മളെ പ്രോത്സാഹിപ്പിച്ചു. (എബ്രാ. 4:16) പ്രശ്നങ്ങളും പരിശോധനകളും നേരിടുന്ന ഏതു സമയത്തും നമുക്കു കരുണയ്ക്കായും സഹായത്തിനായും യഹോവയോടു യാചിക്കാം. നമ്മൾ അർഹതയില്ലാത്തവരായിട്ടുപോലും യഹോവ നമ്മുടെ അപേക്ഷകൾക്ക് ഉത്തരം തരുന്നു. പലപ്പോഴും സഹക്രിസ്ത്യാനികളിലൂടെയാണ് യഹോവ അതു ചെയ്യുന്നത്. “അതുകൊണ്ട്, ‘യഹോവ എനിക്കു തുണ. ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?’ എന്നു ധൈര്യത്തോടെ നമുക്കു പറയാം.”—എബ്രാ. 13:6.
14. ഹൃദയം അസ്വസ്ഥമായിരിക്കുമ്പോൾ യഹോവയുടെ കൃപ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
14 നമ്മുടെ ഹൃദയത്തിന് ആശ്വാസം ലഭിക്കുന്നു. ഹൃദയം അസ്വസ്ഥമായിരിക്കുമ്പോൾ നമുക്ക് ആശ്വാസം തന്നുകൊണ്ട് യഹോവ കൃപ കാണിക്കുന്നു. (സങ്കീ. 51:17) അതു വലിയൊരു അനുഗ്രഹമല്ലേ? കടുത്ത എതിർപ്പുകളിലൂടെ കടന്നുപോകുകയായിരുന്ന തെസ്സലോനിക്യയിലെ ക്രിസ്ത്യാനികൾക്കു പൗലോസ് എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവും, നമ്മെ സ്നേഹിച്ച് തന്റെ കൃപയാൽ നമുക്ക് നിത്യാശ്വാസവും മഹനീയ പ്രത്യാശയും നൽകിയ നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകർന്ന് . . . നിങ്ങളെ സ്ഥിരപ്പെടുത്തട്ടെ.” (2 തെസ്സ. 2:16, 17) യഹോവ തന്റെ കൃപയാൽ സ്നേഹപൂർവം നമുക്കായി കരുതുന്നു എന്ന് അറിയുന്നത് എത്ര ആശ്വാസം തരുന്നു!
15. ദൈവകൃപയാൽ നമുക്ക് എന്തു പ്രത്യാശയുണ്ട്?
15 നിത്യജീവന്റെ പ്രത്യാശ ലഭിച്ചിരിക്കുന്നു. പാപികളായതുകൊണ്ട് ഒരു പ്രത്യാശയുമില്ലാത്തവരായിരുന്നു നമ്മൾ. (സങ്കീർത്തനം 49:7, 8 വായിക്കുക.) എന്നാൽ യഹോവ നമുക്കു മഹത്തായ ഒരു പ്രത്യാശ തന്നിരിക്കുന്നു. യേശു അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “പുത്രനെ നോക്കി അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം.” (യോഹ. 6:40) അതെ, ദൈവകൃപയാലാണു നിത്യജീവൻ എന്ന മഹത്തായ പ്രത്യാശ നമുക്കു കിട്ടിയിരിക്കുന്നത്. ആ കാര്യം തിരിച്ചറിഞ്ഞുകൊണ്ട് പൗലോസ് ഇങ്ങനെ പറഞ്ഞു: “സകലതരം മനുഷ്യർക്കും രക്ഷ പ്രദാനം ചെയ്യുന്ന ദൈവകൃപ വെളിപ്പെട്ടിരിക്കുന്നുവല്ലോ.”—തീത്തോ. 2:11.
ദൈവകൃപയെ പാപത്തിനു മറയാക്കരുത്
16. എങ്ങനെയാണു ചില ആദിമക്രിസ്ത്യാനികൾ ദൈവത്തിന്റെ കൃപയെ പാപത്തിനു മറയാക്കിയത്?
16 യഹോവയുടെ കൃപയാൽ നമുക്കു പല അനുഗ്രഹങ്ങൾ ലഭിക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്താലും യഹോവ അതെല്ലാം അംഗീകരിക്കും എന്നു നമ്മൾ ധിക്കാരപൂർവം ചിന്തിക്കരുത്. ‘ദൈവത്തിന്റെ കൃപയുടെ മറവിൽ ദുർന്നടപ്പിനു ന്യായം കണ്ടെത്തിയിരുന്ന’ ചിലർ ആദ്യകാലക്രിസ്ത്യാനികളുടെ ഇടയിലുണ്ടായിരുന്നു. (യൂദ 4) എന്തു പാപം ചെയ്താലും യഹോവ ക്ഷമിച്ചുകൊള്ളും എന്നായിരിക്കണം ആ അവിശ്വസ്തക്രിസ്ത്യാനികൾ വിചാരിച്ചത്. പോരാത്തതിന്, തെറ്റായ കാര്യങ്ങൾ ചെയ്യാൻ മറ്റു സഹോദരങ്ങളെയും അവർ പ്രേരിപ്പിച്ചു. ഇന്നും അങ്ങനെ ചെയ്യുന്നവർ ‘കൃപയുടെ ആത്മാവിനെ അപമാനിക്കുന്നു.’—എബ്രാ. 10:29.
17. പത്രോസ് ഏതു ശക്തമായ ബുദ്ധിയുപദേശമാണു തന്നിരിക്കുന്നത്?
17 എന്തു തെറ്റു ചെയ്താലും ദൈവം ശിക്ഷിക്കില്ലെന്നും കരുണ കാണിക്കുമെന്നും ചിന്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ഇക്കാലത്തും സാത്താൻ ചില ക്രിസ്ത്യാനികളെ വഴിതെറ്റിച്ചിരിക്കുന്നു. പശ്ചാത്താപമുള്ള പാപികളോടു ക്ഷമിക്കാൻ യഹോവ തയ്യാറാണ്. എങ്കിലും പാപപൂർണമായ ചായ്വുകളോടു നമ്മൾ ശക്തമായി പോരാടാൻ യഹോവ പ്രതീക്ഷിക്കുന്നു. ഇങ്ങനെ എഴുതാൻ യഹോവ പത്രോസിനെ പ്രചോദിപ്പിച്ചു: “അതുകൊണ്ട് പ്രിയരേ, നിങ്ങൾ ഇതു മുൻകൂട്ടി അറിഞ്ഞിരിക്കുകയാൽ ഈവകക്കാരായ അധർമികളുടെ വഞ്ചനയിൽ കുടുങ്ങി അവരുടെ വഴിയിൽ നടന്നു സ്വന്തം സ്ഥിരത വിട്ട് വീണുപോകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. ദൈവകൃപയിലും നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവിലും വളരുവിൻ.”—2 പത്രോ. 3:17, 18.
കൃപ ഉത്തരവാദിത്വങ്ങൾ കൈവരുത്തുന്നു
18. യഹോവയുടെ കൃപ നമുക്ക് എന്തൊക്കെ ഉത്തരവാദിത്വങ്ങൾ കൈവരുത്തുന്നു?
18 യഹോവയുടെ കൃപയോടു നമ്മൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്. യഹോവയുടെ കൃപയിൽനിന്ന് വളരെയധികം പ്രയോജനം അനുഭവിച്ചിരിക്കുന്നതുകൊണ്ട്, നമുക്കു ലഭിച്ച കഴിവുകൾ ദൈവത്തിന്റെ മഹത്ത്വത്തിനും സഹമനുഷ്യരുടെ പ്രയോജനത്തിനും വേണ്ടി ഉപയോഗിക്കാനുള്ള കടപ്പാടു നമുക്കുണ്ട്. നമുക്ക് അത് എങ്ങനെ ചെയ്യാം? പൗലോസ് പറയുന്നു: “നമുക്കു ലഭിച്ച കൃപയ്ക്കൊത്തവിധം വ്യത്യസ്ത വരങ്ങളാണു നമുക്കുള്ളത്. അതുകൊണ്ട് . . . ശുശ്രൂഷയ്ക്കുള്ളതെങ്കിൽ നമുക്കു ശുശ്രൂഷ നിർവഹിക്കാം. ഇനി, ഒരുവന്റെ വരം പഠിപ്പിക്കാനുള്ളതെങ്കിൽ അവൻ പഠിപ്പിച്ചുകൊണ്ടിരിക്കട്ടെ. പ്രബോധിപ്പിക്കാനുള്ളതെങ്കിൽ അവൻ പ്രബോധിപ്പിച്ചുകൊണ്ടിരിക്കട്ടെ . . . കരുണ കാണിക്കാനുള്ളതെങ്കിൽ അവൻ അതു സന്തോഷത്തോടെ ചെയ്യട്ടെ.” (റോമ. 12:6-8) യഹോവ നമ്മളോടു കാണിച്ചിരിക്കുന്ന കൃപ, ശുശ്രൂഷയിൽ കഴിവിന്റെ പരമാവധി ഏർപ്പെടാനും മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാനും സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കാനും നമ്മളെ വേദനിപ്പിക്കുന്നവരോടു ക്ഷമിക്കാനും ഉള്ള ഉത്തരവാദിത്വം കൈവരുത്തുന്നു.
19. അടുത്ത ലേഖനത്തിൽ ഏത് ഉത്തരവാദിത്വത്തെക്കുറിച്ച് നമ്മൾ പഠിക്കും?
19 ദൈവം കാണിക്കുന്ന ഉദാരമായ സ്നേഹത്തിന്റെ പ്രയോജനം അനുഭവിക്കുന്നതിനാൽ, “ദൈവകൃപയെക്കുറിച്ചുള്ള സുവിശേഷത്തിനു സമഗ്രസാക്ഷ്യം” നൽകാൻ നമ്മളാലാകുന്നതെല്ലാം നമ്മൾ ചെയ്യണം. (പ്രവൃ. 20:24) നമുക്കുള്ള ഈ ഉത്തരവാദിത്വത്തെക്കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമായി പഠിക്കും.
^ [1] (ഖണ്ഡിക 2) പുതിയ ലോക ഭാഷാന്തരം (ഇംഗ്ലീഷ്) പരിഷ്കരിച്ച പതിപ്പിന്റെ “ബൈബിൾ പദാവലി”യിൽ “കൃപ” അഥവാ “അനർഹദയ” (“Undeserved kindness”) കാണുക.