മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യം നിങ്ങൾക്കു കാണാനാകുന്നുണ്ടോ?
“ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചു തരുന്നു.”—സദൃ. 4:2.
1, 2. ദിവ്യാധിപത്യനിയമനങ്ങൾ ഏറ്റെടുക്കാൻ നമ്മൾ മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടത് എന്തുകൊണ്ട്?
സുവാർത്ത പ്രസംഗിക്കുന്നതിനു യേശു വളരെയധികം കഠിനാധ്വാനം ചെയ്തു. അതിന് ഇടയിലും ശിഷ്യരെ പരിശീലിപ്പിക്കാൻ യേശു ധാരാളം സമയം ചെലവഴിച്ചു. എങ്ങനെ പഠിപ്പിക്കണമെന്നും ദൈവജനത്തെ എങ്ങനെ പരിപാലിക്കണമെന്നും യേശു അവർക്കു കാണിച്ചുകൊടുത്തു. അങ്ങനെ ആടുകളെ നന്നായി പരിപാലിക്കുന്ന ഇടയന്മാരെപ്പോലെയാകാൻ ശിഷ്യന്മാർ പഠിച്ചു. (മത്താ. 10:5-7) പ്രസംഗപ്രവർത്തനത്തിൽ ഫിലിപ്പോസും തിരക്കുള്ളവനായിരുന്നെങ്കിലും അതേ വേല ചെയ്യാൻ തന്റെ പെൺമക്കളെ പരിശീലിപ്പിച്ചു. (പ്രവൃ. 21:8, 9) ഇന്നു നമ്മളും മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടതുണ്ട്. എന്തുകൊണ്ട്?
2 ലോകമെമ്പാടുമുള്ള സഭകളിൽ സ്നാനമേറ്റിട്ടില്ലാത്ത പുതിയവരായ അനേകരുണ്ട്. ഇവർക്കു പരിശീലനം ആവശ്യമാണ്. വ്യക്തിപരമായ ബൈബിൾ വായനയും പഠനവും എങ്ങനെ പ്രയോജനം ചെയ്യും എന്നു മനസ്സിലാക്കാൻ നമ്മൾ അവരെ സഹായിക്കണം. അതുപോലെ, സുവാർത്ത പ്രസംഗിക്കാനും പഠിപ്പിക്കാനും നമ്മൾ അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്. ഭാവിയിൽ ശുശ്രൂഷാദാസന്മാരും മൂപ്പന്മാരും ആയിത്തീരുന്നതിന് ഈയിടെ സ്നാനമേറ്റ സഹോദരങ്ങൾക്കും പരിശീലനം ആവശ്യമാണ്. പുതിയവരെ സഹായിക്കുന്നതിൽ സഭയിലുള്ള എല്ലാവർക്കും ഒരു പങ്കുണ്ട്.—സദൃ. 4:2.
ബൈബിൾ എങ്ങനെ പഠിക്കണമെന്നു പുതിയവരെ പഠിപ്പിക്കുക
3, 4. (എ) തിരുവെഴുത്തുകൾ പഠിക്കുന്നതു ശുശ്രൂഷ ഫലപ്രദമാക്കാൻ സഹായിക്കുന്നത് എങ്ങനെയാണെന്നാണു പൗലോസ് പറഞ്ഞത്? (ബി) വ്യക്തിപരമായി ബൈബിൾ പഠിക്കാൻ ബൈബിൾവിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുന്നതിനു മുമ്പ് നമ്മൾ എന്തു ചെയ്യണം?
3 യഹോവയുടെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കാൻ ഓരോ ദൈവദാസനും ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്. കൊലോസ്യയിലുള്ള സഹോദരങ്ങളോട് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഇടവിടാതെ പ്രാർഥിക്കുന്നു; നിങ്ങൾ സകലജ്ഞാനവും ആത്മീയഗ്രാഹ്യവും ഉള്ളവരായി ദൈവഹിതത്തിന്റെ പരിജ്ഞാനംകൊണ്ട് നിറയണമെന്നുതന്നെ.” അവർ ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് അത്ര പ്രധാനമായിരുന്നത് എന്തുകൊണ്ട്? കാരണം അത് അവരെ ജ്ഞാനികളാക്കുമായിരുന്നു. അങ്ങനെ, “യഹോവയെ പൂർണമായി പ്രസാദിപ്പിക്കുമാറ് അവനു യോഗ്യമാംവിധം നടക്കാൻ” എങ്ങനെ കഴിയുമെന്ന് അവർക്കു മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. യഹോവ ആഗ്രഹിച്ചതുപോലുള്ള ‘സകല സത്പ്രവൃത്തിയും’ ചെയ്യാനും അത് അവരെ സഹായിക്കുമായിരുന്നു, പ്രത്യേകിച്ച് സുവാർത്താപ്രസംഗം. (കൊലോ. 1:9, 10) അതുകൊണ്ട് ക്രമമായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് യഹോവയെ നന്നായി സേവിക്കാൻ സഹായിക്കും എന്നു നമ്മൾ ബൈബിൾവിദ്യാർഥിയെ ബോധ്യപ്പെടുത്തണം.
4 നമ്മൾ നന്നായി ബൈബിൾ പഠിക്കുന്നില്ലെങ്കിൽ വ്യക്തിപരമായ ബൈബിൾപഠനത്തിന്റെ മൂല്യത്തെക്കുറിച്ച് വിദ്യാർഥികൾക്കു പറഞ്ഞുകൊടുക്കാൻ നമുക്കു കഴിയില്ല. ക്രമമായി ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു ജീവിതത്തിലും ശുശ്രൂഷയിലും നമുക്കു പ്രയോജനം ചെയ്യും. ഉദാഹരണത്തിന്, ശുശ്രൂഷയിലായിരിക്കുമ്പോൾ ആരെങ്കിലും ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചോദിച്ചാൽ ബൈബിൾ ഉപയോഗിച്ച് അതിനുള്ള ഉത്തരം കൊടുക്കാൻ നമുക്കു കഴിയും. അതുപോലെ യേശുവും പൗലോസും മറ്റുള്ളവരും തളരാതെ ശുശ്രൂഷ തുടർന്നതിനെക്കുറിച്ച് വായിക്കുന്നതു പ്രയാസകരമായ സാഹചര്യങ്ങളിലും ശുശ്രൂഷ തുടരാൻ നമ്മളെ പ്രചോദിപ്പിക്കും. വ്യക്തിപരമായ പഠനം നമുക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുന്നതെന്നു മറ്റുള്ളവരോടു പറയുമ്പോൾ, അതേ പ്രയോജനങ്ങൾ നേടാനായി ബൈബിൾ ആഴത്തിൽ പഠിക്കാൻ അവർക്കു പ്രോത്സാഹനം തോന്നും.
5. വ്യക്തിപരമായി ബൈബിൾ പഠിക്കുന്നത് ഒരു ശീലമാക്കാൻ എങ്ങനെ പുതിയവരെ സഹായിക്കാം?
5 നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: ‘ബൈബിൾ ക്രമമായി പഠിക്കാൻ എന്റെ വിദ്യാർഥിയെ എങ്ങനെ പരിശീലിപ്പിക്കാനാകും?’ ബൈബിൾപഠനത്തിന് ഉപയോഗിക്കുന്ന പ്രസിദ്ധീകരണം എങ്ങനെയാണു തയ്യാറാകേണ്ടതെന്നു കാണിച്ചുകൊടുക്കാനായേക്കും. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ അനുബന്ധത്തിലെ വിവരങ്ങളും പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ബൈബിൾവാക്യങ്ങളും വായിച്ചുനോക്കാൻ നിങ്ങൾക്കു പറയാനാകും. യോഗങ്ങൾക്ക് അഭിപ്രായം പറയാൻ എങ്ങനെ തയ്യാറാകാം എന്നും കാണിച്ചുകൊടുക്കാം. വീക്ഷാഗോപുരത്തിന്റെയും ഉണരുക!-യുടെയും എല്ലാ ലക്കങ്ങളും വായിക്കാൻ പ്രോത്സാഹിപ്പിക്കുക. വാച്ച്ടവർ ലൈബ്രറിയോ വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയോ ഉപയോഗിച്ച് ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരം എങ്ങനെ കണ്ടുപിടിക്കാൻ കഴിയുമെന്നു വിദ്യാർഥിയെ പഠിപ്പിക്കാം. വ്യക്തിപരമായ പഠനത്തിന് ഇതുപോലുള്ള വ്യത്യസ്തരീതികൾ പ്രയോജനപ്പെടുത്തുമ്പോൾ വിദ്യാർഥി അത് ആസ്വദിക്കുകയും കൂടുതൽ പഠിക്കാൻ വിദ്യാർഥിക്കു പ്രചോദനം തോന്നുകയും ചെയ്യും.
6. (എ) വിദ്യാർഥിയുടെ ഹൃദയത്തിൽ ബൈബിളിനോടുള്ള സ്നേഹം വളർത്താൻ നിങ്ങൾക്ക് എങ്ങനെ കഴിയും? (ബി) തിരുവെഴുത്തുകളോടു ഹൃദയംഗമമായ സ്നേഹം വളർത്തിയെടുക്കുന്നെങ്കിൽ വിദ്യാർഥി എന്തു ചെയ്തേക്കാം?
6 ബൈബിൾ യഹോവയെ കൂടുതൽ അറിയാൻ സഹായിക്കുന്നതിനാൽ അതു വളരെയധികം മൂല്യവത്താണെന്നു വിദ്യാർഥി മനസ്സിലാക്കേണ്ടതുണ്ട്. വിദ്യാർഥിയെ പഠിക്കാൻ നിർബന്ധിക്കുന്നതിനു പകരം പഠനം എങ്ങനെ ആസ്വദിക്കാമെന്നു കാണിച്ചുകൊടുക്കുക. ബൈബിളിൽനിന്ന് കൂടുതൽക്കൂടുതൽ കാര്യങ്ങൾ പഠിക്കുമ്പോൾ “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു. . . . ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു” എന്നു പാടിയ സങ്കീർത്തനക്കാരനെപ്പോലെ അവർക്കും തോന്നും. (സങ്കീ. 73:28) യഹോവയോട് അടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും പരിശുദ്ധാത്മാവ് ഉറപ്പായും സഹായിക്കും.
പ്രസംഗിക്കാനും പഠിപ്പിക്കാനും പുതിയവരെ പരിശീലിപ്പിക്കുക
7. സുവാർത്ത പ്രസംഗിക്കാൻ യേശു അപ്പോസ്തലന്മാരെ എങ്ങനെയാണു പരിശീലിപ്പിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
7 യേശു അപ്പോസ്തലന്മാരെ പരിശീലിപ്പിച്ചതിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്. പ്രസംഗപ്രവർത്തനത്തിനു പോയപ്പോൾ യേശു അവരെ കൂടെ കൊണ്ടുപോയി. അങ്ങനെ യേശു ആളുകളെ എങ്ങനെയാണു പഠിപ്പിക്കുന്നതെന്ന് അവർക്കു കാണാനായി. എങ്ങനെ പ്രസംഗിക്കണം എന്നതിനെക്കുറിച്ച് യേശു അവർക്കു വ്യക്തമായ നിർദേശങ്ങളും നൽകി. (മത്തായി 10-ാം അധ്യായം) [1] കുറച്ച് കാലംകൊണ്ടുതന്നെ മറ്റുള്ളവരെ എങ്ങനെ സത്യം പഠിപ്പിക്കണമെന്ന് അപ്പോസ്തലന്മാർ യേശുവിൽനിന്ന് പഠിച്ചു. (മത്താ. 11:1) നമുക്കും നമ്മുടെ ബൈബിൾവിദ്യാർഥികളെ സുവാർത്തയുടെ ഫലപ്രദരായ പ്രചാരകരായിത്തീരാൻ സഹായിക്കാം. അത് എങ്ങനെ ചെയ്യാൻ കഴിയും എന്നതിന്റെ രണ്ടു വിധങ്ങൾ നമുക്കു നോക്കാം.
8, 9. (എ) ശുശ്രൂഷയിൽ യേശു വ്യക്തികളോട് എങ്ങനെയാണ് ഇടപെട്ടത്? (ബി) യേശു ചെയ്തതുപോലെ ആളുകളോടു സംസാരിക്കാൻ പുതിയ പ്രചാരകരെ നമുക്ക് എങ്ങനെ സഹായിക്കാം?
8 വ്യക്തികളോടു സംസാരിക്കുക. യേശു സംസാരിച്ചിരുന്നത് എപ്പോഴും ജനക്കൂട്ടത്തോടായിരുന്നില്ല. പലപ്പോഴും യേശു വ്യക്തികളോടാണു സംസാരിച്ചത്. സൗഹാർദപരമായ രീതിയിൽ യേശു അവരോട് ഇടപെട്ടു. സുഖാർ പട്ടണത്തിന് അടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരാൻ വന്ന സ്ത്രീയുമായി യേശു ജീവസ്സുറ്റ ഒരു സംഭാഷണം നടത്തി. (യോഹ. 4:5-30) അതുപോലെ നികുതിപിരിവുകാരനായ മത്തായി എന്ന ലേവിയോടും യേശു സംസാരിച്ചു. ശിഷ്യനാകാൻ യേശു മത്തായിയെ ക്ഷണിച്ചപ്പോൾ മത്തായി ആ ക്ഷണം സ്വീകരിച്ചു. എന്നിട്ട് യേശുവിനെയും മറ്റുള്ളവരെയും ഭക്ഷണത്തിനായി വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു. അവിടെവെച്ച് യേശു മറ്റു പലരോടും സംസാരിച്ചു.—മത്താ. 9:9; ലൂക്കോ. 5:27-39.
9 അതുപോലെ നസറെത്തിലെ ആളുകളെക്കുറിച്ച് മോശമായി സംസാരിച്ച നഥനയേലിനോടും യേശു സൗഹൃദപൂർവം ഇടപെട്ടു. അങ്ങനെ ഇടപെട്ടതുകൊണ്ട് നസറെത്തുകാരനായ യേശുവിനോടുള്ള നഥനയേലിന്റെ മുൻവിധി മാറി. യേശുവിൽനിന്ന് കൂടുതൽ പഠിക്കാൻ നഥനയേൽ ആഗ്രഹിച്ചു. (യോഹ. 1:46-51) നമ്മൾ ആളുകളോടു സൗഹാർദപരമായും ദയയോടെയും സംസാരിക്കുമ്പോൾ നമുക്കു പറയാനുള്ളത് ആളുകൾ ശ്രദ്ധിക്കാൻ കൂടുതൽ സാധ്യതയുണ്ട് എന്നു യേശുവിന്റെ മാതൃകയിൽനിന്ന് പഠിക്കാനാകും. [2] ഈ വിധത്തിൽ സംസാരിക്കാൻ നമ്മൾ പുതിയവരെ പഠിപ്പിക്കുമ്പോൾ അവർ ശുശ്രൂഷ കൂടുതൽ ആസ്വദിക്കും.
10-12. (എ) സുവാർത്ത കേൾക്കാൻ മനസ്സു കാണിച്ചവരുടെ താത്പര്യം വളർത്താൻ യേശു എന്തു ചെയ്തു? (ബി) ബൈബിൾ പഠിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ പുതിയ പ്രചാരകരെ എങ്ങനെ സഹായിക്കാം?
10 ശ്രദ്ധിക്കാൻ മനസ്സുള്ളവരെ പഠിപ്പിക്കുക. യേശു വളരെ തിരക്കുള്ളവനായിരുന്നു. എന്നാൽ ആളുകൾ ശ്രദ്ധിക്കാൻ താത്പര്യം കാണിച്ചപ്പോൾ യേശു അവരോടൊത്ത് സമയം ചെലവഴിക്കുകയും അവരെ പലതും പഠിപ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഒരു ദിവസം യേശു പറയുന്നതു കേൾക്കാനായി കടൽത്തീരത്ത് കുറെ ആളുകൾ ഒന്നിച്ചുകൂടി. അപ്പോൾ യേശു പത്രോസിന്റെകൂടെ ഒരു വള്ളത്തിൽ കയറി അതിൽ ഇരുന്ന് ജനത്തെ പഠിപ്പിച്ചു. അതുകഴിഞ്ഞ് മീൻ പിടിക്കാൻ പോയ പത്രോസിന്റെ വലയിൽ വലിയൊരു മീൻകൂട്ടം കയറാൻ ഇടയാക്കിക്കൊണ്ട് യേശു ഒരു അത്ഭുതം പ്രവർത്തിച്ചു. എന്നിട്ട് യേശു പത്രോസിനോടു പറഞ്ഞു: “ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും.” അപ്പോൾത്തന്നെ പത്രോസും കൂടെയുണ്ടായിരുന്നവരും “വള്ളങ്ങൾ കരയ്ക്കടുപ്പിച്ചിട്ട് സകലവും ഉപേക്ഷിച്ച് (യേശുവിനെ) അനുഗമിച്ചു.”—ലൂക്കോ. 5:1-11.
11 യേശുവിൽനിന്ന് കൂടുതൽ പഠിക്കാൻ നിക്കോദേമൊസിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സൻഹെദ്രിനിലെ ഒരു അംഗമായിരുന്നതുകൊണ്ട് യേശുവിനോടു സംസാരിക്കുന്നതു കണ്ടാൽ ആളുകൾ എന്തു വിചാരിക്കും എന്ന ഭയം നിക്കോദേമൊസിനുണ്ടായിരുന്നു. അതുകൊണ്ട് നിക്കോദേമൊസ് യേശുവിനെ രാത്രിയിലാണു ചെന്നുകണ്ടത്. എന്നിട്ടും യേശു അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുകയും പ്രധാനപ്പെട്ട സത്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. (യോഹ. 3:1, 2) ആളുകളെ സത്യം പഠിപ്പിക്കാനും അവരുടെ വിശ്വാസം ശക്തമാക്കാനും യേശു എപ്പോഴും തയ്യാറായിരുന്നു. അതിനുവേണ്ടി യേശു സമയം ചെലവഴിച്ചു. നമ്മളും അതുപോലെയായിരിക്കണം. ആളുകൾക്കു സൗകര്യപ്രദമായ സമയത്ത് അവരെ ചെന്നുകാണാൻ മനസ്സൊരുക്കം കാണിക്കണം. അതുപോലെ, ബൈബിൾ മനസ്സിലാക്കാൻ സഹായിക്കുന്നതിന് അവരോടൊപ്പം സമയം ചെലവഴിക്കുകയും വേണം.
12 ശുശ്രൂഷയിൽ ഒരുമിച്ച് ഏർപ്പെടുമ്പോൾ, അൽപ്പമെങ്കിലും താത്പര്യം കാണിച്ച ആളുകളുടെ അടുത്ത് മടങ്ങിച്ചെല്ലാൻ നമുക്കു പുതിയവരെ പഠിപ്പിക്കാം. മടക്കസന്ദർശനങ്ങൾക്കും ബൈബിൾപഠനങ്ങൾക്കും നമ്മുടെകൂടെ വരാനും അവരെ ക്ഷണിക്കാം. അതുവഴി യഹോവയെക്കുറിച്ചുള്ള സത്യം മറ്റുള്ളവരെ എങ്ങനെ പഠിപ്പിക്കാമെന്നും അത് എത്ര സന്തോഷം തരുമെന്നും പുതിയവർ മനസ്സിലാക്കും. ആളുകളെ വീണ്ടും ചെന്നുകാണാനും അവരോടൊത്ത് ബൈബിൾ പഠിക്കാനും അതു പുതിയവരെ പ്രചോദിപ്പിക്കും. മാത്രമല്ല, ക്ഷമയുള്ളവരായിരിക്കാനും മടങ്ങിച്ചെല്ലുമ്പോൾ ആളുകൾ വീട്ടിലില്ലെങ്കിൽ മടുത്ത് പിന്മാറാതിരിക്കാനും അവർ പഠിക്കും.—ഗലാ. 5:22; “ അദ്ദേഹം മടുത്ത് പിന്മാറിയില്ല” എന്ന ചതുരം കാണുക.
സഹോദരങ്ങളെ സഹായിക്കാൻ പുതിയവരെ പരിശീലിപ്പിക്കുക
13, 14. (എ) മറ്റുള്ളവർക്കുവേണ്ടി വലിയ ത്യാഗങ്ങൾ ചെയ്ത ബൈബിൾകഥാപാത്രങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? (ബി) സഹോദരങ്ങളോടു സ്നേഹം കാണിക്കാൻ പുതിയ പ്രചാരകരെയും യുവാക്കളെയും നിങ്ങൾക്ക് എങ്ങനെ പരിശീലിപ്പിക്കാനാകും?
13 നമ്മൾ പരസ്പരം “സഹോദരപ്രീതി” കാണിക്കാനും സഹായിക്കാനും യഹോവ ആഗ്രഹിക്കുന്നു. (1 പത്രോസ് 1:22; ലൂക്കോസ് 22:24-27 വായിക്കുക.) മറ്റുള്ളവർക്കായി യേശു സകലതും, സ്വന്തം ജീവൻപോലും, കൊടുത്തെന്നു ബൈബിൾ പറയുന്നു. (മത്താ. 20:28) തബീഥ “വളരെ സത്പ്രവൃത്തികളും ദാനധർമങ്ങളും ചെയ്തുപോന്നു.” (പ്രവൃ. 9:36, 39) റോമിൽ ജീവിച്ചിരുന്ന മറിയ അവിടെയുള്ള സഹോദരങ്ങൾക്കുവേണ്ടി ‘വളരെ അധ്വാനിച്ചു.’ (റോമ. 16:6) സഹോദരങ്ങളെ സഹായിക്കുന്നതു പ്രധാനമാണെന്നു നമുക്ക് എങ്ങനെ പുതിയവരെ പഠിപ്പിക്കാം?
14 പ്രായമായവരെയോ രോഗികളെയോ സന്ദർശിക്കാൻ പോകുമ്പോൾ കൂടെവരാൻ നമുക്കു പുതിയവരെ ക്ഷണിക്കാം. അങ്ങനെയുള്ളവരെ സന്ദർശിക്കുമ്പോൾ മാതാപിതാക്കൾക്ക് ഉചിതമെങ്കിൽ കുട്ടികളെ കൂടെക്കൊണ്ടുപോകാനാകും. പ്രായമായവർക്ക് ആഹാരം എത്തിച്ചുകൊടുക്കുന്നതിനും അവരുടെ വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും മൂപ്പന്മാർക്കു പുതിയവരെയും യുവാക്കളെയും കൂടെക്കൂട്ടാവുന്നതാണ്. സഹോദരങ്ങൾ പരസ്പരം സഹായിക്കുന്നതു കാണുമ്പോൾ യുവാക്കളും പുതിയവരും അതുതന്നെ ചെയ്യാൻ പ്രേരിതരാകും. ഉദാഹരണത്തിന്, ഒരു ഗ്രാമപ്രദേശത്ത് സാക്ഷീകരിക്കാൻ പോയപ്പോഴെല്ലാം ഒരു മൂപ്പൻ അവിടെയുള്ള സഹോദരങ്ങളെ സന്ദർശിക്കാൻ അൽപ്പം സമയം മാറ്റിവെക്കുമായിരുന്നു. സഹോദരങ്ങളെ സഹായിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നു ചിന്തിക്കാൻ ഈ മൂപ്പന്റെ നല്ല മാതൃക അദ്ദേഹത്തോടൊപ്പം പോയിരുന്ന ഒരു യുവസഹോദരനെ പഠിപ്പിച്ചു.—റോമ. 12:10.
15. സഭയിലെ പുരുഷന്മാരുടെ പുരോഗതിയിൽ മൂപ്പന്മാർ താത്പര്യമെടുക്കേണ്ടത് എന്തുകൊണ്ട്?
15 സഭയെ ദൈവവചനം പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം യഹോവ പുരുഷന്മാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പ്രസംഗങ്ങളിലൂടെ എങ്ങനെ നന്നായി പഠിപ്പിക്കാമെന്ന് അവർ പഠിക്കേണ്ടതുണ്ട്. നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ, പ്രസംഗം നടത്താൻ ഒരു ശുശ്രൂഷാദാസൻ പരിശീലിക്കുമ്പോൾ അതു ശ്രദ്ധിക്കാനും മെച്ചപ്പെടേണ്ട വശങ്ങൾ ചൂണ്ടിക്കാണിക്കാനും കഴിഞ്ഞേക്കും.—നെഹ. 8:8. [3]
16, 17. (എ) തിമൊഥെയൊസിന്റെ പുരോഗതിയിൽ പൗലോസ് എത്രമാത്രം താത്പര്യമെടുത്തു? (ബി) ഭാവിയിൽ ഒരു ഇടയനായിത്തീരാൻ മൂപ്പന്മാർക്ക് എങ്ങനെ സഹോദരന്മാരെ പരിശീലിപ്പിക്കാനാകും?
16 സഭയുടെ ഇടയന്മാരാകാൻ കൂടുതൽ സഹോദരന്മാരെ പരിശീലിപ്പിക്കേണ്ടതുണ്ട്. പൗലോസ് തിമൊഥെയൊസിനെ പരിശീലിപ്പിച്ചു, മറ്റുള്ളവരെ പരിശീലിപ്പിക്കാൻ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പൗലോസ് പറഞ്ഞു: “ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിയാർജിക്കുക. നീ എന്നിൽനിന്നു കേട്ടതും അനേകം സാക്ഷികളാൽ സ്ഥിരീകരിക്കപ്പെട്ടതുമായ കാര്യങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു പകർന്നുകൊടുക്കുക; അങ്ങനെ അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ സജ്ജരായിത്തീരും.” (2 തിമൊ. 2:1, 2) ശുശ്രൂഷ എങ്ങനെ മെച്ചപ്പെടുത്താമെന്നും സഭയിലെ മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്നും പോലുള്ള പലതും ഒരു മൂപ്പനും അപ്പോസ്തലനും ആയിരുന്ന പൗലോസിൽനിന്ന് തിമൊഥെയൊസ് പഠിച്ചു.—2 തിമൊ. 3:10-12.
17 തിമൊഥെയൊസിന് എങ്ങനെയെങ്കിലും പരിശീലനം കിട്ടിക്കൊള്ളുമെന്നു പൗലോസ് വിചാരിച്ചില്ല. അതിനുവേണ്ടി പൗലോസ് തിമൊഥെയൊസിനോടൊപ്പം ധാരാളം സമയം ചെലവഴിച്ചു. (പ്രവൃ. 16:1-5) യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരെ ചില ഇടയസന്ദർശനങ്ങൾക്കു കൂടെക്കൊണ്ടുപോയിക്കൊണ്ട് മൂപ്പന്മാർക്കു പൗലോസിനെ അനുകരിക്കാം. മറ്റുള്ളവരെ എങ്ങനെ പഠിപ്പിക്കാമെന്നും എങ്ങനെ ക്ഷമയും സ്നേഹവും കാണിക്കാമെന്നും യഹോവയുടെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുമ്പോൾ യഹോവയിൽ എങ്ങനെ ആശ്രയിക്കാമെന്നും ഇതുവഴി ശുശ്രൂഷാദാസന്മാർക്കു പഠിക്കാനാകും.—1 പത്രോ. 5:2.
പരിശീലനം അതിപ്രധാനം
18. യഹോവയുടെ സേവനത്തിൽ മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതു നമ്മൾ പ്രധാനമായി കാണേണ്ടത് എന്തുകൊണ്ട്?
18 ഈ അന്ത്യകാലത്ത് പ്രസംഗവേലയിലുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നതിനു പുതിയവർക്കു സഹായം ആവശ്യമാണ്. സഭയെ പരിപാലിക്കുന്നത് എങ്ങനെയാണെന്നും സഹോദരന്മാർ പഠിക്കണം. തന്റെ എല്ലാ ദാസർക്കും നല്ല പരിശീലനം ലഭിച്ചുകാണാനാണ് യഹോവ ആഗ്രഹിക്കുന്നത്. പുതിയവരെ സഹായിക്കാനുള്ള പദവി യഹോവ നമുക്കു തന്നിരിക്കുന്നു. അതുകൊണ്ട് യേശുവും പൗലോസും ചെയ്തതുപോലെ മറ്റുള്ളവരെ പരിശീലിപ്പിക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യണം. അന്ത്യം വരുന്നതിനു മുമ്പ് പ്രസംഗവേലയിൽ ധാരാളം ചെയ്യാനുണ്ട്. അതുകൊണ്ട് പരമാവധി ആളുകളെ പരിശീലിപ്പിക്കണം.
19. മറ്റുള്ളവരെ പരിശീലിപ്പിക്കാനുള്ള നിങ്ങളുടെ ആത്മാർഥമായ ശ്രമങ്ങൾ ഫലം കാണുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
19 പുതിയവരെ പരിശീലിപ്പിക്കുന്നതിനു സമയവും ശ്രമവും ആവശ്യമാണ്. എന്നാൽ, യഹോവയും യേശുവും നമ്മളെ പിന്തുണയ്ക്കുകയും മറ്റുള്ളവരെ പരിശീലിപ്പിക്കാൻ വേണ്ട ജ്ഞാനം തരുകയും ചെയ്യും. നമ്മൾ പരിശീലിപ്പിച്ചവർ സഭയിലും പ്രസംഗപ്രവർത്തനത്തിലും “അധ്വാനിക്കുന്നതും ആയുന്നതും” കാണുമ്പോൾ നമുക്കു സന്തോഷം ലഭിക്കും. (1 തിമൊ. 4:10) അതേസമയം, നമ്മളും ആത്മീയപുരോഗതി വരുത്താൻ പരമാവധി ശ്രമിക്കണം; നമ്മുടെ ക്രിസ്തീയഗുണങ്ങൾ മെച്ചപ്പെടുത്തുകയും യഹോവയോടു കൂടുതൽ അടുത്തുചെല്ലുകയും വേണം.
^ [1] (ഖണ്ഡിക 7) ഉദാഹരണത്തിന്, (1) ദൈവരാജ്യം പ്രസംഗിക്കാനും (2) ആവശ്യമായ ആഹാരത്തിനും വസ്ത്രത്തിനും ആയി ദൈവത്തിൽ ആശ്രയിക്കാനും (3) ആളുകളുമായി തർക്കം ഒഴിവാക്കാനും (4) ഉപദ്രവങ്ങൾ ഉണ്ടാകുമ്പോൾ ദൈവത്തിൽ ആശ്രയിക്കാനും (5) ആളുകൾ തങ്ങളോട് എന്തു ചെയ്യുമെന്നോർത്ത് ഭയപ്പെടാതിരിക്കാനും യേശു ശിഷ്യന്മാരോടു പറഞ്ഞു.
^ [2] (ഖണ്ഡിക 9) വയൽശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളോട് എങ്ങനെ സംസാരിക്കാം എന്നതിനെക്കുറിച്ചുള്ള നല്ല നിർദേശങ്ങൾക്കായി ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകത്തിന്റെ 62-64 പേജുകൾ കാണുക.
^ [3] (ഖണ്ഡിക 15) സഭയിലെ പ്രസംഗങ്ങൾ എങ്ങനെ നന്നായി നടത്താം എന്നതിനുള്ള നിർദേശങ്ങൾക്കായി ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകത്തിന്റെ 52-61 പേജുകൾ കാണുക.