നിങ്ങൾക്ക് ഭൂമിയിൽ എന്നേക്കും ജീവിക്കാം
എത്ര മഹത്തായ പ്രതീക്ഷ! ഈ ഭൂമിയിൽത്തന്നെ നമുക്ക് എന്നേക്കും ജീവിക്കാനാകുമെന്നു നമ്മുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ, പലർക്കും അതു വിശ്വസിക്കാൻ പ്രയാസമാണ്. അവർ പറയുന്നത് ‘ജനിച്ചാൽ ഒരുനാൾ മരിക്കണം, അതൊരു പ്രപഞ്ചസത്യമാണ്’ എന്നാണ്. മറ്റുചിലർ എന്നേക്കും ജീവിക്കാൻ കഴിയുമെന്നു വിചാരിക്കുന്നു. പക്ഷേ ഇവിടെ ഭൂമിയിലല്ല, മരിച്ച് സ്വർഗത്തിൽ ചെന്നതിനു ശേഷം. നിങ്ങൾ എന്തു വിചാരിക്കുന്നു?
ഒരു തീരുമാനത്തിലെത്തുന്നതിനു മുമ്പ്, ഈ മൂന്നു ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം നോക്കിയാലോ? എത്രകാലം ജീവിക്കാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? മനുഷ്യരിലേക്കു മരണം എങ്ങനെ വന്നു?
അതുല്യനായ മനുഷ്യൻ
ഭൂമിയിൽ ദൈവം സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളിൽനിന്നും തികച്ചും വ്യത്യസ്തനാണു മനുഷ്യൻ. ഏതു വിധത്തിൽ? മനുഷ്യനെ മാത്രമാണ് ദൈവത്തിന്റെ ‘ഛായയിലും’ ‘സാദൃശ്യത്തിലും’ സൃഷ്ടിച്ചതെന്നു ബൈബിൾ പറയുന്നു. (ഉൽപത്തി 1:26, 27) അതിന്റെ അർഥം സ്നേഹവും നീതിബോധവും പോലുള്ള ദൈവികഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്.
ഇതോടൊപ്പം മനുഷ്യനു ചിന്തിക്കാനും കാര്യങ്ങൾ വിലയിരുത്താനും ശരിയും തെറ്റും തിരിച്ചറിയാനും ഉള്ള പ്രാപ്തിയും നൽകിയിട്ടുണ്ട്. കൂടാതെ, ദൈവത്തെക്കുറിച്ച് അറിയാനും ദൈവത്തോട് അടുക്കാനും ഉള്ള ആഗ്രഹവും സഹിതമാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പ്രപഞ്ചത്തിന്റെ ഗാംഭീര്യവും പ്രകൃതിയിലെ വിസ്മയങ്ങളും അമ്പരപ്പോടെ നോക്കിക്കാണാനും കലയും കവിതയും സംഗീതവും ഒക്കെ ആസ്വദിക്കാനും നമുക്കു കഴിയുന്നത്. ഇതിനെല്ലാം പുറമെ സ്രഷ്ടാവിനെ ആരാധിക്കാനുള്ള അതുല്യമായ പ്രാപ്തിയും മനുഷ്യർക്കുണ്ട്. ഈ സവിശേഷതകളെല്ലാം ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങളിൽനിന്നും മനുഷ്യനെ ഏറെ വ്യത്യസ്തനാക്കുന്നു.
ഇതൊന്നു ചിന്തിക്കൂ: നമ്മൾ ഏതാനും വർഷം മാത്രം ജീവിക്കാനാണ് ദൈവം ഉദ്ദേശിച്ചിരുന്നതെങ്കിൽ, ഇത്തരം മികച്ച കഴിവുകളും ഗുണങ്ങളും വളർത്തിയെടുക്കാനും അതു വികസിപ്പിക്കാനും ഒക്കെയുള്ള അനന്തസാധ്യതകൾ സഹിതം ദൈവം മനുഷ്യരെ സൃഷ്ടിക്കുമായിരുന്നോ? സത്യം ഇതാണ്: ഈ ഭൂമിയിൽത്തന്നെ നമ്മൾ എന്നേക്കും ജീവിക്കുന്നതിനും ജീവിതം ആസ്വദിക്കുന്നതിനും വേണ്ടിയാണ് ദൈവം നമുക്ക് ഇത്തരം അതുല്യമായ ഗുണങ്ങളും പ്രാപ്തികളും നൽകിയത്.
ദൈവത്തിന്റെ ഉദ്ദേശ്യം
ഭൂമിയിൽ എക്കാലവും മനുഷ്യർ ജീവിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നില്ല എന്നു ചിലർ പറയാറുണ്ട്. അവർ പറയുന്നത്, ഭൂമി ഒരു ഇടത്താവളമായിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ്. ആരൊക്കെ സ്വർഗത്തിൽ പോയി ദൈവത്തോടൊപ്പം നിത്യം ജീവിക്കണമെന്നു പരിശോധിച്ചറിയാനുള്ള ഒരു സ്ഥലം മാത്രം. അതു സത്യമാണെങ്കിൽ, ഭൂമിയിലുള്ള എല്ലാ തിന്മകൾക്കും ദുഷ്ടതകൾക്കും ഉത്തരവാദി ദൈവമാണെന്നു വരില്ലേ? അത് ദൈവത്തിന്റെ വ്യക്തിത്വത്തിനു നിരക്കാത്തതാണ്. ദൈവത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ഇങ്ങനെയാണ്: “ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ. ദൈവം വിശ്വസ്തൻ, ആവർത്തനം 32:4.
അനീതിയില്ലാത്തവൻ; നീതിയും നേരും ഉള്ളവൻതന്നെ.”—ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നു ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെ പറയുന്നു: “സ്വർഗം യഹോവയുടേത്; ഭൂമിയോ ദൈവം മനുഷ്യമക്കൾക്കു കൊടുത്തിരിക്കുന്നു.” (സങ്കീർത്തനം 115:16) ദൈവം ഭൂമിയെ സൃഷ്ടിച്ചത് മനുഷ്യർക്കുവേണ്ടിയുള്ള ഒരു ഇടത്താവളമായിട്ടല്ല മറിച്ച് സുന്ദരമായ ഒരു നിത്യഭവനമായിട്ടാണ്. അർഥവത്തായ അനന്തജീവിതം ആസ്വദിക്കാൻ ആവശ്യമായതെല്ലാം സഹിതമാണ് ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നത്.—ഉൽപത്തി 2:8, 9.
“സ്വർഗം യഹോവയുടേത്; ഭൂമിയോ ദൈവം മനുഷ്യമക്കൾക്കു കൊടുത്തിരിക്കുന്നു.”—സങ്കീർത്തനം 115:16
മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നും ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്. ദൈവം ആദ്യത്തെ ദമ്പതികൾക്ക് ഈ ഉത്തരവാദിത്വം നൽകി: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിഭരിച്ച് . . . ഭൂമിയിൽ കാണുന്ന എല്ലാ ജീവികളുടെ മേലും ആധിപത്യം നടത്തുക.” (ഉൽപത്തി 1:28) പറുദീസാഭവനം പരിപാലിക്കാനും അതു ഭൂമി മുഴുവൻ വ്യാപിപ്പിക്കാനും ഉള്ള വലിയൊരു പദവി അവർക്കുണ്ടായിരുന്നു! ആദാമിനും ഹവ്വയ്ക്കും അവരുടെ ഭാവിതലമുറകൾക്കും കാത്തുവെച്ചിരുന്നത് ഈ ഭൂമിയിലെ എന്നേക്കുമുള്ള ജീവിതമാണ്, അല്ലാതെ സ്വർഗത്തിലേതല്ല.
നമ്മൾ മരിക്കുന്നത് എന്തുകൊണ്ട്?
അപ്പോൾപ്പിന്നെ നമ്മൾ എന്തുകൊണ്ടാണ് മരിക്കുന്നത്? പിശാചായ സാത്താനെന്നു പിന്നീട് അറിയപ്പെട്ട, മത്സരിയായിത്തീർന്ന ദൈവത്തിന്റെ ഒരു ആത്മസൃഷ്ടി, മനുഷ്യനെയും ഭൂമിയെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം തകിടം മറിക്കാൻ ശ്രമിച്ചെന്നു ബൈബിൾ പറയുന്നു. എങ്ങനെ?
ദൈവത്തിനെതിരെയുള്ള മത്സരത്തിൽ തന്നോടൊപ്പം ചേരാൻ മനുഷ്യരുടെ ആദ്യമാതാപിതാക്കളായ ആദാമിനെയും ഹവ്വയെയും സാത്താൻ പ്രേരിപ്പിച്ചു. ദൈവം അവരിൽനിന്ന് എന്തോ നന്മ, അതായത് തങ്ങളുടെ കാര്യത്തിൽ ശരിയേത് തെറ്റേത് എന്നു തീരുമാനിക്കാനുള്ള അവകാശം, പിടിച്ചുവെച്ചിരിക്കുകയാണെന്നു സാത്താൻ അവകാശപ്പെട്ടപ്പോൾ അവർ സാത്താനോടൊപ്പം ചേർന്നു. ഫലം എന്തായിരുന്നു? ദൈവം പറഞ്ഞതുപോലെ അവർ മരിച്ചു. ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള അവരുടെ മഹത്തായ പ്രത്യാശ നഷ്ടമായി.—ഉൽപത്തി 2:17; 3:1-6; 5:5.
ആദാമിന്റെയും ഹവ്വയുടെയും ധിക്കാരം ഇന്നുവരെയുള്ള മനുഷ്യരെ ബാധിച്ചിരിക്കുന്നു. ദൈവവചനം പറയുന്നു: “ഒരു മനുഷ്യനിലൂടെ (ആദാമിലൂടെ) പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12) നമ്മൾ മരിക്കുന്നത് ആദ്യമാതാപിതാക്കളിൽനിന്ന് പാപവും മരണവും കൈമാറിക്കിട്ടിയതുകൊണ്ടാണ്. അല്ലാതെ, മനുഷ്യർക്കു മനസ്സിലാക്കാനാകാത്ത, ദൈവം മുൻകൂട്ടിനിശ്ചയിച്ച ഒരു പദ്ധതിയുടെ ഭാഗമായിട്ടല്ല.
ഭൂമിയിൽ നിങ്ങൾക്ക് എന്നേക്കും ജീവിക്കാൻ കഴിയും
ഏദെനിലെ ധിക്കാരം മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം തകിടം മറിച്ചില്ല. പാരമ്പര്യമായി കൈമാറിക്കിട്ടിയ പാപത്തിന്റെയും മരണത്തിന്റെയും ബന്ധനത്തിൽനിന്ന് നമ്മളെ മോചിപ്പിക്കാൻ ദൈവത്തിന്റെ പരിപൂർണമായ സ്നേഹവും നീതിബോധവും ദൈവത്തെ പ്രേരിപ്പിച്ചു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “പാപം തരുന്ന ശമ്പളം മരണം. ദൈവം തരുന്ന സമ്മാനമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവനും.” (റോമർ 6:23) സ്നേഹത്തോടെ, “തന്റെ ഏകജാതനായ മകനിൽ (ക്രിസ്തുയേശുവിൽ) വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി.” (യോഹന്നാൻ 3:16) തന്റെ ജീവൻ മനസ്സോടെ ഒരു മോചനവിലയായി നൽകിക്കൊണ്ട്, ആദാം നഷ്ടമാക്കിയതെല്ലാം യേശു വീണ്ടെടുത്തു. a
ഭൂമി പറുദീസയാകുമെന്ന ദൈവത്തിന്റെ വാഗ്ദാനം പെട്ടെന്നുതന്നെ ഒരു യാഥാർഥ്യമായിത്തീരും. യേശുവിന്റെ പിൻവരുന്ന നിർദേശം ഹൃദയപൂർവം കൈക്കൊണ്ടാൽ ആ മനോഹരമായ ഭാവി നിങ്ങളുടേതാകും: “ഇടുങ്ങിയ വാതിലിലൂടെ അകത്ത് കടക്കുക. കാരണം നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാലവും ആണ്; അനേകം ആളുകളും പോകുന്നത് അതിലൂടെയാണ്. എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതും ആണ്. കുറച്ച് പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.” (മത്തായി 7:13, 14) അതെ, നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയിൽത്തന്നെയാണ്. നിങ്ങൾ ഏതു വഴിയേ പോകും? എന്താണ് നിങ്ങളുടെ തീരുമാനം?
a മോചനവിലയിലൂടെ നിങ്ങൾക്കു ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്തകത്തിന്റെ 27-ാം പാഠം കാണുക. അത് www.jw.org/ml എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.