സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
എന്തു സത്യം? മനുഷ്യൻ ഇന്നോളം ചോദിച്ചിട്ടുള്ള അതിപ്രധാനമായ ചില കാര്യങ്ങൾ സംബന്ധിച്ച സത്യം. പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ഒരുപക്ഷേ നിങ്ങളും ചോദിച്ചിട്ടുണ്ടായിരിക്കും:
-
ദൈവത്തിനു നമ്മെക്കുറിച്ചു ചിന്തയുണ്ടോ?
-
യുദ്ധവും കഷ്ടപ്പാടും അവസാനിക്കുമോ?
-
മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
-
മരിച്ചവരെ സംബന്ധിച്ച് എന്തെങ്കിലും പ്രത്യാശയുണ്ടോ?
-
ദൈവം ഉത്തരം നൽകുംവിധം എങ്ങനെ പ്രാർഥിക്കാം?
-
സന്തുഷ്ടജീവിതം നയിക്കാൻ എങ്ങനെ കഴിയും?
ഇവയ്‌ക്കുള്ള ഉത്തരത്തിനായി നിങ്ങൾ എവിടേക്കു തിരിയും? ഉത്തരം നൽകുന്നതായി അവകാശപ്പെടുന്ന ആയിരക്കണക്കിനു ഗ്രന്ഥങ്ങൾ വായനശാലകളിലും മറ്റും ലഭ്യമാണെങ്കിലും ആശയപരമായി അവ മിക്കപ്പോഴും പരസ്‌പരവിരുദ്ധങ്ങളാണ്. ജനരഞ്‌ജകങ്ങളായ ചില പുസ്‌തകങ്ങൾപോലും പെട്ടെന്നുതന്നെ കാലഹരണപ്പെടുകയോ പുതുക്കപ്പെടുകയോ ചെയ്യുന്നു, അല്ലെങ്കിൽ അവയ്‌ക്കു പകരം പുതിയവ പുറത്തിറങ്ങുന്നു.
എന്നാൽ ആശ്രയയോഗ്യമായ ഉത്തരങ്ങൾ അടങ്ങിയ ഒരു പുസ്‌തകമുണ്ട്. അതിലെ വിവരങ്ങളെല്ലാം സത്യമാണ്. ദൈവത്തോടു പ്രാർഥിക്കവെ യേശുക്രിസ്‌തു പറഞ്ഞു: “നിന്റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:17) വിശുദ്ധ ബൈബിൾ എന്നാണ് ഇന്ന് ആ വചനം അറിയപ്പെടുന്നത്. മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കു ബൈബിൾ നൽകുന്ന വ്യക്തവും സത്യസന്ധവുമായ ഉത്തരങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണ് പിൻവരുന്ന പേജുകളിൽ.
ദൈവത്തിനു നമ്മെക്കുറിച്ചു ചിന്തയുണ്ടോ?
ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്റെ കാരണം: ക്രൂരതയും അനീതിയും കൊടികുത്തിവാഴുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. ഇത്തരം കഷ്ടപ്പാടുകൾ ദൈവഹിതമാണെന്നാണ് പല മതങ്ങളുടെയും അഭിപ്രായം.
ബൈബിൾ നൽകുന്ന ഉത്തരം: ദൈവം ഒരിക്കലും ദുഷ്ടതയ്‌ക്കു വഴിവെക്കുന്നില്ല. “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്‌കയില്ല,” ഇയ്യോബ് 34:10 പറയുന്നു. മനുഷ്യനെ സംബന്ധിച്ചു ദൈവത്തിനു സ്‌നേഹനിർഭരമായ ഒരുദ്ദേശ്യമുണ്ട്. അതുകൊണ്ടാണ്, “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, . . . നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാർഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചത്. (മത്തായി 6:9, 10) നമ്മെക്കുറിച്ച് അത്രമേൽ കരുതലുള്ളതിനാൽ തന്റെ ഉദ്ദേശ്യത്തിന്റെ സാക്ഷാത്‌കാരത്തിനായി ദൈവം വലിയ ഒരു ത്യാഗം ചെയ്‌തു.—യോഹന്നാൻ 3:16.
ഉല്‌പത്തി 1:26-28; യാക്കോബ് 1:13; 1 പത്രൊസ് 5:6, 7 എന്നിവയും കാണുക.
യുദ്ധവും കഷ്ടപ്പാടും അവസാനിക്കുമോ?
ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്റെ കാരണം: എണ്ണമറ്റ ജീവിതങ്ങളാണ് യുദ്ധങ്ങളിൽ പൊലിയുന്നത്. അതുപോലെ നമുക്കെല്ലാം പലതരം കഷ്ടപ്പാടുകളും ഉണ്ടാകുന്നു.
ബൈബിൾ നൽകുന്ന ഉത്തരം: ഭൂവ്യാപകമായി താൻ സമാധാനം സ്ഥാപിക്കുന്ന ഒരു സമയത്തെക്കുറിച്ചു ദൈവം മുൻകൂട്ടിപ്പറയുന്നു. ദൈവരാജ്യം സ്വർഗത്തിൽനിന്നു ഭൂമിയുടെമേൽ ഭരണംനടത്തുന്ന അന്നാളിൽ ആരും “യുദ്ധം അഭ്യസിക്ക”യില്ല; പകരം അവർ ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കും.’ (യെശയ്യാവു 2:4) എല്ലാ അനീതിക്കും കഷ്ടപ്പാടിനും ദൈവം അറുതിവരുത്തും. ബൈബിൾ ഈ വാഗ്‌ദാനം നൽകുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു [ഇന്നത്തെ അനീതികളും കഷ്ടപ്പാടുകളും ഉൾപ്പെടെയുള്ള പൂർവകാര്യങ്ങൾ] കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5.
സങ്കീർത്തനം 37:10, 11; 46:9; മീഖാ 4:1-4 എന്നിവയും കാണുക.
മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്റെ കാരണം: മനുഷ്യന്റെ ഉള്ളിലുള്ള എന്തോ ഒന്ന് മരണശേഷവും ജീവിക്കുന്നുവെന്ന് മിക്ക മതങ്ങളും പഠിപ്പിക്കുന്നു. മരിച്ചവർക്കു നമ്മെ ഉപദ്രവിക്കാൻ കഴിയുമെന്നും ദൈവം ദുഷ്ടന്മാരെ ഒരു തീനരകത്തിൽ നിത്യമായി ദണ്ഡിപ്പിക്കുന്നുവെന്നുമൊക്കെ ചിലർ വിശ്വസിക്കുന്നു.
ബൈബിൾ നൽകുന്ന ഉത്തരം: ഒരുവന്റെ സമ്പൂർണ അന്ത്യമാണു മരണം. ‘മരിച്ചവർ ഒന്നും അറിയുന്നില്ല’ എന്ന് സഭാപ്രസംഗി 9:5 പറയുന്നു. മരിച്ചവർക്കു ബോധമോ വികാരങ്ങളോ സംവേദനമോ ഒന്നുമില്ലാത്തതിനാൽ, ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാനോ സഹായിക്കാനോ അവർക്കാവില്ല.—സങ്കീർത്തനം 146:3, 4.
ഉല്‌പത്തി 3:19; സഭാപ്രസംഗി 9:6, 10 എന്നിവയും കാണുക.
മരിച്ചവരെ സംബന്ധിച്ച് എന്തെങ്കിലും പ്രത്യാശയുണ്ടോ?
ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്റെ കാരണം: ജീവിച്ചിരിക്കാനും പ്രിയപ്പെട്ടവരുമൊത്തു ജീവിതം ആസ്വദിക്കാനും നാം ആഗ്രഹിക്കുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാനുള്ള നമ്മുടെ ആഗ്രഹം തികച്ചും സ്വാഭാവികമാണ്.
ബൈബിൾ നൽകുന്ന ഉത്തരം: മരിച്ചുപോയിട്ടുള്ള മിക്കവരും “പുനരുത്ഥാനം” പ്രാപിക്കുമെന്ന് അഥവാ വീണ്ടും ജീവനിലേക്കു വരുമെന്ന് യേശു ഉറപ്പുനൽകി. (യോഹന്നാൻ 5:28, 29) അവർക്ക് ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിനു ചേർച്ചയിൽ, ഒരു പറുദീസയായി മാറുന്ന ഈ ഭൂമിയിൽ ജീവിക്കാനാകും. (യെശയ്യാവു 65:21-25) അനുസരണമുള്ള മനുഷ്യർ ആസ്വദിക്കാനിരിക്കുന്ന പരിപൂർണമായ ആരോഗ്യവും അനന്തജീവനും ആ ഭാവിജീവിതത്തിന്റെ അനുഗ്രഹങ്ങളാണ്. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും,” ബൈബിൾ പറയുന്നു.—സങ്കീർത്തനം 37:29.
ഇയ്യോബ് 14:14, 15; ലൂക്കൊസ് 7:11-17; പ്രവൃത്തികൾ 24:15 എന്നിവയും കാണുക.
ദൈവം ഉത്തരം നൽകുംവിധം എങ്ങനെ പ്രാർഥിക്കാം?
ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്റെ കാരണം: മിക്ക മതങ്ങളുടെയും സവിശേഷതയാണ് പ്രാർഥന. എന്നാൽ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നില്ലെന്ന് അനേകരും പരിതപിക്കുന്നു.
ബൈബിൾ നൽകുന്ന ഉത്തരം: “പ്രാർത്ഥിക്കയിൽ നിങ്ങൾ . . . ജല്‌പനം ചെയ്യരുത്,” യേശു പറഞ്ഞു. (മത്തായി 6:7) ഒരേ പ്രാർഥനതന്നെ വീണ്ടുംവീണ്ടും ഉരുവിടരുതെന്നാണ് അവൻ അർഥമാക്കിയത്. ദൈവം അംഗീകരിക്കുന്ന വിധത്തിൽ പ്രാർഥിച്ചാൽ മാത്രമേ അവൻ നമ്മുടെ പ്രാർഥന കേൾക്കൂ. അതിനായി ദൈവേഷ്ടം എന്താണെന്നു മനസ്സിലാക്കി അതിനു ചേർച്ചയിൽ പ്രാർഥിക്കണം. ദൈവത്തിന്റെ “ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു” എന്ന് 1 യോഹന്നാൻ 5:14 പറയുന്നു.
സങ്കീർത്തനം 65:2; യോഹന്നാൻ 14:6; 16:23, 24; 1 യോഹന്നാൻ 3:22 എന്നിവയും കാണുക.
സന്തുഷ്ടജീവിതം നയിക്കാൻ എങ്ങനെ കഴിയും?
ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്റെ കാരണം: പണവും പ്രശസ്‌തിയും സൗന്ദര്യവും തങ്ങളെ സന്തുഷ്ടരാക്കുമെന്ന് അനേകർ കരുതുന്നു. അതുകൊണ്ടുതന്നെ അവർ അവയ്‌ക്കുപിന്നാലെ പരക്കംപായുന്നു; എങ്കിലും സന്തുഷ്ടി കണ്ടെത്താൻ അവർക്കാകുന്നില്ല.
ബൈബിൾ നൽകുന്ന ഉത്തരം: “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ” എന്നു പറഞ്ഞുകൊണ്ട് യേശു സന്തുഷ്ടിയുടെ രഹസ്യത്തിലേക്കു വിരൽചൂണ്ടി. (ലൂക്കൊസ് 11:28) യഥാർഥ സന്തുഷ്ടി കണ്ടെത്തുന്നതിന് ദൈവത്തെയും നമ്മെ സംബന്ധിച്ചുള്ള അവന്റെ ഉദ്ദേശ്യത്തെയും കുറിച്ച് അറിയുകയെന്ന നമ്മുടെ ഏറ്റവും വലിയ ആവശ്യം നിവർത്തിച്ചേ മതിയാകൂ. ആ ആത്മീയ സത്യമുള്ളത് ബൈബിളിലാണ്. പ്രധാനപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങൾ വ്യക്തമായി തിരിച്ചറിയാൻ അതു നമ്മെ സഹായിക്കും. തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും നയിക്കാൻ ബൈബിൾസത്യത്തെ അനുവദിക്കുന്നെങ്കിൽ നമ്മുടെ ജീവിതം ധന്യമായിത്തീരും.
സദൃശവാക്യങ്ങൾ 3:5, 6, 13-18; 1 തിമൊഥെയൊസ് 6:9, 10 എന്നിവയും കാണുക.
ദുഷ്ടതയും കഷ്ടപ്പാടും അരങ്ങുവാഴാൻ അവൻ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്? കുടുംബ ജീവിതം മെച്ചപ്പെടുത്താൻ എനിക്കെങ്ങനെ കഴിയും?’ തുടങ്ങിയ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടായിരിക്കും. ഇവയ്‌ക്കും മറ്റു നിരവധി ചോദ്യങ്ങൾക്കുമുള്ള വിശദവും തൃപ്‌തികരവുമായ ഉത്തരങ്ങൾ ബൈബിൾ നൽകുന്നു.
കേവലം ആറു ചോദ്യങ്ങൾക്കു ബൈബിൾ നൽകുന്ന ഉത്തരങ്ങളാണ് ചുരുക്കമായി നാം പരിചിന്തിച്ചത്. ഇനിയും കൂടുതൽ കാര്യങ്ങൾ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? സത്യം അന്വേഷിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ നിങ്ങൾക്ക് ആ ആഗ്രഹം ഉണ്ടായിരിക്കും. ഉദാഹരണത്തിന്, ‘ദൈവത്തിനു നമ്മെക്കുറിച്ചു കരുതലുണ്ടെങ്കിൽ ഇന്നോളംഎന്നാൽ ഉത്തരത്തിനായി ബൈബിളിലേക്കു നോക്കാൻ അനേകർക്കും ഇന്നു മടിയാണ്. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള വലിയ ഒരു ഗ്രന്ഥമായാണ് പലപ്പോഴും അവർ അതിനെ വീക്ഷിക്കുന്നത്. ബൈബിളിൽനിന്ന് ഉത്തരങ്ങൾ കണ്ടെത്താൻ നിങ്ങൾക്കു സഹായം ആവശ്യമുണ്ടോ? രണ്ടു വിധങ്ങളിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ സന്നദ്ധരാണ്.
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകമാണ് ഒരു സഹായം. സുപ്രധാന ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ വ്യക്തമായ ഉത്തരങ്ങൾ പരിശോധിക്കാൻ, തിരക്കുള്ളവരെപ്പോലും സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. സൗജന്യ ബൈബിളധ്യയനമാണ് മറ്റൊരു മാർഗം. നിങ്ങളുടെ പ്രദേശത്തു താമസിക്കുന്ന, ബൈബിൾ പരിജ്ഞാനമുള്ള ഒരു വ്യക്തി ഓരോ ആഴ്‌ചയും നിങ്ങളുടെ വീട്ടിലോ അനുയോജ്യമായ മറ്റൊരു സ്ഥലത്തോ വന്ന് അൽപ്പസമയം നിങ്ങളുമൊത്ത് ബൈബിൾ ചർച്ച നടത്തുന്നതായിരിക്കും. ലോകമെങ്ങുമുള്ള ദശലക്ഷങ്ങൾ ഈ ക്രമീകരണത്തിൽനിന്നു പ്രയോജനം നേടിയിരിക്കുന്നു. ‘ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു!’ എന്ന് ഉദ്‌ഘോഷിക്കാൻ അവരിൽ അനേകരും അതുവഴി പ്രേരിതരായിരിക്കുന്നു.
അന്ധവിശ്വാസം, ആശയക്കുഴപ്പം, അനാവശ്യമായ ഭീതി എന്നിവയിൽനിന്നെല്ലാം ബൈബിൾസത്യം നമ്മെ മോചിപ്പിക്കുന്നു. ഇത്രയും അമൂല്യമായ മറ്റൊന്ന് നമുക്കു കണ്ടെത്താനാവില്ല. അതു നമുക്കു സന്തോഷവും പ്രത്യാശയും ലക്ഷ്യബോധവും നൽകുന്നു. “[നിങ്ങൾ] സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും,” യേശു പറഞ്ഞു.—യോഹന്നാൻ 8:32.