പാഠം 25
രാജ്യഹാളുകൾ പണിയുന്നത് എന്തിന്, എങ്ങനെ?
രാജ്യഹാൾ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ, ദൈവരാജ്യം എന്ന ബൈബിൾവിഷയമാണു മുഖ്യമായും അവിടെ ചർച്ച ചെയ്യുന്നത്. യേശുവിന്റെ ശുശ്രൂഷയുടെ മുഖ്യവിഷയവും അതുതന്നെയായിരുന്നു.—ലൂക്കോസ് 8:1.
പ്രദേശത്തെ സത്യാരാധനയുടെ കേന്ദ്രങ്ങളാണ് അവ. ഓരോ പ്രദേശത്തെയും രാജ്യപ്രസംഗപ്രവർത്തനത്തിന്റെ കേന്ദ്രം അവിടത്തെ രാജ്യഹാളാണ്. (മത്തായി 24:14) വലുപ്പത്തിലും രൂപകല്പനയിലും വ്യത്യാസങ്ങളുണ്ടെങ്കിലും ആഡംബരങ്ങളൊന്നും ഇല്ലാത്ത സാധാരണ കെട്ടിടങ്ങളാണ് അവ. പല രാജ്യഹാളുകളിലും ഒന്നിലധികം സഭകൾ കൂടിവരാറുണ്ട്. പ്രചാരകരുടെയും സഭകളുടെയും വർധനയ്ക്കനുസരിച്ച്, സമീപവർഷങ്ങളിൽ പതിനായിരക്കണക്കിനു രാജ്യഹാളുകളാണ് (ദിവസവും ഏതാണ്ട് അഞ്ചു വീതം) ഞങ്ങൾ പണിതിരിക്കുന്നത്. ഇത് എങ്ങനെ സാധ്യമാകുന്നു?—മത്തായി 19:26.
ഒരു പൊതുഫണ്ടിൽനിന്നുള്ള പണമാണു പണിക്ക് ഉപയോഗിക്കുന്നത്. സംഭാവനകൾ ബ്രാഞ്ചോഫീസിന് അയച്ചുകൊടുക്കുന്നു. രാജ്യഹാളുകൾ പുതുതായി പണിയാനോ പുതുക്കിപ്പണിയാനോ സഹായം ആവശ്യമുള്ള സഭകൾക്ക് ഈ ഫണ്ടിൽനിന്ന് പണം നൽകാറുണ്ട്.
പല പശ്ചാത്തലങ്ങളിൽനിന്നുള്ള സന്നദ്ധസേവകരാണ് അവ പണിയുന്നത്. പല ദേശങ്ങളിലും രാജ്യഹാൾ നിർമാണസംഘങ്ങൾ ഉണ്ട്. നിർമാണദാസരുടെയും നിർമാണ സന്നദ്ധസേവകരുടെയും സംഘങ്ങൾ, അതതു രാജ്യത്ത് ഓരോ സ്ഥലത്തും, ഉൾപ്രദേശങ്ങളിൽപ്പോലും, ചെന്ന് രാജ്യഹാളുകൾ പണിയാൻ അവിടെയുള്ള സഭകളെ സഹായിക്കുന്നു. മറ്റു ചില ദേശങ്ങളിൽ, യോഗ്യതയുള്ള സാക്ഷികളെ ഒരു നിശ്ചിതപ്രദേശത്തെ രാജ്യഹാളുകൾ പണിയാനും പുതുക്കിപ്പണിയാനും മേൽനോട്ടം വഹിക്കുന്നതിനു നിയമിക്കുന്നു. ഓരോ നിർമാണസ്ഥലത്തും തൊഴിൽവൈദഗ്ധ്യമുള്ള സന്നദ്ധസേവകർ നിർമാണത്തിൽ സഹായിക്കുമെങ്കിലും ജോലിയുടെ ഏറിയ പങ്കും ചെയ്തുതീർക്കുന്നത് അതതു സഭകളിൽനിന്നുള്ളവർ ആയിരിക്കും. യഹോവയുടെ ആത്മാവും ദൈവജനത്തിന്റെ മുഴുദേഹിയോടെയുള്ള പ്രവർത്തനങ്ങളും ആണ് ഇതു വിജയിപ്പിക്കുന്നത്.—സങ്കീർത്തനം 127:1; കൊലോസ്യർ 3:23.
-
ഞങ്ങളുടെ ആരാധനാസ്ഥലങ്ങളെ രാജ്യഹാളുകൾ എന്നു വിളിക്കുന്നത് എന്തുകൊണ്ട്?
-
ലോകമെങ്ങും രാജ്യഹാളുകൾ പണിയാൻ ഞങ്ങൾക്കു കഴിയുന്നത് എങ്ങനെ?