സ്നാപനം
നിർവ്വചനം: “സ്നാപനം ചെയ്യുക” എന്ന പദം “മുക്കുക, ആഴ്ത്തുക” എന്ന് അർത്ഥം വരുന്ന ബാപ്ററിസെയിൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് വരുന്നത്. (ലിഡെൽ, സ്കോട്ട് എന്നിവരാലുളള ഒരു ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ) സ്നാപനം ചെയ്യപ്പെടുന്നയാൾ യഹോവയാം ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ തന്നെത്തന്നെ പൂർണ്ണമായും കലവറയില്ലാതെയും നിരുപാധികമായും യേശുക്രിസ്തു വഴി സമർപ്പിച്ചിരിക്കുന്നു എന്നുളളതിന്റെ ബാഹ്യമായ ഒരു പ്രതീകമാണ് ക്രിസ്തീയ ജലസ്നാപനം. മററുളളവയോടൊപ്പം, തിരുവെഴുത്തുകൾ യോഹന്നാന്റെ സ്നാപനത്തെപ്പററിയും പരിശുദ്ധാത്മാവുകൊണ്ടുളള സ്നാപനത്തെപ്പററിയും തീകൊണ്ടുളള സ്നാപനത്തെപ്പററിയും പറയുന്നു.
ദൈവത്തിന്റെ വചനം യഥാർത്ഥമായി വിശ്വസിക്കുന്നവർ സ്നാപനമേൽക്കുന്നതിൽനിന്ന് പിൻമാറി നിൽക്കുമോ?
മത്താ. 28:19, 20: “ആകയാൽ നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാപനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചിട്ടുളളതൊക്കെയും അനുസരിപ്പാൻ തക്കവണ്ണം പഠിപ്പിച്ചുംകൊണ്ട് സകല രാഷ്ട്രങ്ങളിലെയും ജനങ്ങളെ ശിഷ്യരാക്കിക്കൊൾവിൻ.”
പ്രവൃ. 2:41: “അവന്റെ വാക്ക് ഉൽസാഹപൂർവ്വം ആശ്ലേഷിച്ചവർ സ്നാപനം കഴിപ്പിക്കപ്പെട്ടു.”
പ്രവൃ. 8:12: “ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുളള സുവാർത്ത അറിയിച്ച ഫിലിപ്പോസിനെ അവർ വിശ്വസിച്ചപ്പോൾ അവർ, സ്ത്രീകളും പുരുഷൻമാരും സ്നാപനം കഴിപ്പിക്കപ്പെടാൻ തുടങ്ങി.”
പ്രവൃ. 8:36-38: “അവർ വഴിപോകയിൽ ഒരു ജലാശയത്തിങ്കൽ എത്തിയപ്പോൾ [എത്യോപ്യൻ] ഷണ്ഡൻ പറഞ്ഞു: ‘നോക്കൂ! ഒരു ജലാശയം; സ്നാപനമേൽക്കുന്നതിൽ നിന്ന് എന്നെ തടയുന്നതെന്ത്?’ അങ്ങനെ അവൻ തേർ നിർത്താൻ കൽപ്പിച്ചു . . . [ഫിലിപ്പോസ്] അവനെ സ്നാപനം കഴിപ്പിച്ചു.”
ക്രിസ്തീയ ജലസ്നാപനം—അത് തളിക്കലിനാലോ അതോ പൂർണ്ണ നിമജ്ജനത്താലോ?
മർക്കോ. 1:9, 10: “യേശു . . . യോഹന്നാനാൽ യോർദ്ദാൻ [നദി]യിൽ സ്നാപനം ചെയ്യപ്പെട്ടു. [“നിമജ്ജനം ചെയ്യപ്പെട്ടു,” ED, Ro]. വെളളത്തിൽനിന്ന് പൊങ്ങിവന്ന ഉടനെ സ്വർഗ്ഗങ്ങൾ തുറന്നിരിക്കുന്നതായി അവൻ കണ്ടു.”
പ്രവൃ. 8:38: “അവർ ഇരുവരും, ഫിലിപ്പോസും ഷണ്ഡനും വെളളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാപനപ്പെടുത്തി [“നിമജ്ജനം ചെയ്തു,” ED, Ro]”.
ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ശിശുസ്നാപനം നടത്തിയിരുന്നോ?
മത്താ. 28:19: “പോയി . . . അവരെ സ്നാപനപ്പെടുത്തി . . . ശിഷ്യരാക്കിക്കൊൾവിൻ.”
പ്രവൃ. 8:12: “ഫിലിപ്പോസിനെ അവർ വിശ്വസിച്ചപ്പോൾ . . . അവർ, സ്ത്രീകളും പുരുഷൻമാരും സ്നാപനം കഴിപ്പിക്കപ്പെടാൻ തുടങ്ങി.”
എന്നിരുന്നാലും പിൽക്കാലത്ത്, ഒറിജൻ (പൊ. യു. 185-254) എഴുതി: “കുട്ടികളെപ്പോലും സ്നാപനം ചെയ്യുന്നത് സഭയുടെ പതിവാണ് (സെലക്ഷൻസ് ഫ്രം ദി കമ്മന്ററീസ് ആൻഡ് ഹോമിലീസ് ഓഫ് ഒറിജൻ, മദ്രാസ്, ഇൻഡ്യ; 1929, പേ. 211). ഈ പതിവ് കാർത്തേജിലെ ഒരു കൗൺസിലിനോടുകൂടെ (ഏ. പൊ. യു. 252) ഉറപ്പാക്കപ്പെട്ടു.
മതചരിത്രകാരനായ അഗസ്ററസ് നിയാൻഡർ എഴുതി: “വിശ്വാസവും സ്നാപനവും എന്നും പരസ്പരം ബന്ധപ്പെട്ടിരുന്നു; അതുകൊണ്ട് സർവസാദ്ധ്യതയുമനുസരിച്ച് . . . ഈ കാലഘട്ടത്തിൽ [ഒന്നാം നൂററാണ്ടിൽ] ശിശുസ്നാപന നടപടി അറിയപ്പെട്ടിരുന്നില്ല. . . . ഇത് ഒരു അപ്പോസ്തലിക പാരമ്പര്യമായി മൂന്നാം നൂററാണ്ടിൽ മാത്രം അംഗീകരിക്കപ്പെട്ടു എന്ന വസ്തുത ഇതിന്റെ അപ്പോസ്തലിക ഉത്ഭവത്തിന് അനുകൂലമായതല്ല, പ്രതികൂലമായ തെളിവാണ് നൽകുന്നത്.”—ഹിസ്റററി ഓഫ് ദി പ്ലാൻറിംഗ് ആൻഡ് ട്രെയിനിംഗ് ഓഫ് ക്രിസ്ത്യൻ ചർച്ച് ബൈ ദി അപ്പോസൽസ് (ന്യൂയോർക്ക്, 1864), പേ. 162.
ക്രിസ്തീയ ജലസ്നാപനം പാപമോചനം കൈവരുത്തുന്നുവോ?
1 യോഹ. 1:7: “അവൻ തന്നെ വെളിച്ചത്തിലായിരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ . . . അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു.” (അപ്രകാരം സ്നാപനജലമല്ല യേശുവിന്റെ രക്തമാണ് നമ്മെ പാപത്തിൽനിന്ന് ശുദ്ധീകരിക്കുന്നത്.)
മത്താ. 3:11: “ഞാൻ [യോഹന്നാൻ സ്നാപകൻ] നിങ്ങളുടെ അനുതാപം നിമിത്തം നിങ്ങളെ ജലത്തിൽ സ്നാപനം കഴിപ്പിക്കുന്നു; എന്നാൽ എന്റെ പിന്നാലെ വരുന്നവൻ [യേശുക്രിസ്തു] എന്നെക്കാൾ ശക്തനാണ്, അവന്റെ ചെരിപ്പ് അഴിക്കാൻ ഞാൻ യോഗ്യനല്ല.” (5, 6 വാക്യങ്ങളും പ്രവൃത്തികൾ 13:24-ഉം കാണിക്കുന്നത് യോഹന്നാൻ ചെയ്തത് എല്ലാവർക്കും വേണ്ടിയായിരുന്നില്ല, യഹൂദൻമാർക്കു വേണ്ടിമാത്രമായിരുന്നു എന്നാണ്. എന്തുകൊണ്ട്? ന്യായപ്രമാണ ഉടമ്പടിക്കെതിരെയുളള യഹൂദൻമാരുടെ പാപങ്ങൾ നിമിത്തവും അവരെ ക്രിസ്തുവിനായി ഒരുക്കുന്നതിനും.)
പ്രവൃ. 2:38: “അനുതപിച്ച് നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനമേൽക്കുവിൻ.” (സ്നാപനം തന്നെ അവർക്ക് പാപമോചനം കൈവരുത്തിയോ? ഇതു പരിഗണിക്കുക: യേശുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ പങ്കുകാരായിരുന്ന യഹൂദൻമാരോടാണ് ഇത് പറയപ്പെട്ടത്. [22, 23 വാക്യങ്ങൾ കാണുക.] അവരുടെ സ്നാപനം ഒരു സംഗതി സംബന്ധിച്ച് തെളിവു നൽകുമായിരുന്നു. എന്തിന്റെ? അവർ ഇപ്പോൾ യേശുവിൽ ക്രിസ്തു അല്ലെങ്കിൽ മശിഹാ എന്ന നിലയിൽ വിശ്വാസം അർപ്പിച്ചുവെന്ന്. അവർ ഇതു ചെയ്യുന്നതിനാൽ മാത്രമെ അവരുടെ പാപം മോചിക്കപ്പെടുമായിരുന്നുളളു. [പ്രവൃ. 4:12; 5:30, 31]
പ്രവൃ. 22:16: “എഴുന്നേററ് സ്നാപനമേററ് അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നതിനാൽ നിങ്ങളുടെ പാപങ്ങൾ കഴുകിക്കളയുക.” (പ്രവൃത്തികൾ 10:43-ഉം.)
പരിശുദ്ധാത്മാവുകൊണ്ട് സ്നാപനപ്പെടുത്തപ്പെടുന്നത് ആര്?
1 കൊരി. 1:2; 12:13, 27: “ക്രിസ്തുവിനോടുളള ഐക്യത്തിൽ വിശുദ്ധീകരിക്കപ്പെട്ടവരും വിശുദ്ധരായിരിക്കാൻ വിളിക്കപ്പെട്ടവരുമായ നിങ്ങൾക്ക് . . . വാസ്തവമായും യഹൂദരോ, യവനരോ അടിമകളോ സ്വതന്ത്രരോ ആയിരുന്നാലും ഒരേ ശരീരമാകുമാറ് നാം ഒരേ ആത്മാവിനാൽ സ്നാപനമേററു, നാം ഒരേ ആത്മാവിനെ പാനം ചെയ്യാൻ ഇടയാക്കപ്പെട്ടു. ഇപ്പോൾ നിങ്ങൾ ക്രിസ്തുവിന്റെ ശരീരമാണ്.” (അത്തരം “വിശുദ്ധൻമാർ” മനുഷ്യപുത്രനായ യേശുക്രിസ്തുവിനോടൊപ്പം രാജ്യത്തിൽ ഓഹരിക്കാരാകുമെന്ന് ദാനിയേൽ 7:13, 14, 27 പ്രകടമാക്കുന്നു.)
യോഹ. 3:5: “ആരെങ്കിലും ജലത്തിൽനിന്നും ആത്മാവിൽനിന്നും ജനിപ്പിക്കപ്പെടുന്നില്ലെങ്കിൽ അവന് ദൈവത്തിന്റെ രാജ്യത്തിൽ പ്രവേശിക്കാൻ കഴിയുകയില്ല.” (ആത്മാവുകൊണ്ട് സ്നാപനം ചെയ്യപ്പെടുന്ന സമയത്ത് ഒരു വ്യക്തി ‘ആത്മാവിൽനിന്ന് ജനിപ്പിക്കപ്പെടുന്നു.’ ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിനേ ആ പദവിയുളളു എന്ന് ലൂക്കോസ് 12:32 കാണിക്കുന്നു. വെളിപ്പാട് 14:1-3 കൂടെ കാണുക.)
പരിശുദ്ധാത്മാവുകൊണ്ടു സ്നാപനം കഴിപ്പിക്കപ്പെടുന്ന എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുകയോ രോഗശാന്തിവരം ഉളളവരായിരിക്കുകയോ ചെയ്യുന്നുണ്ടോ?
1 കൊരി. 12:13, 29, 30: “സത്യമായും ഒരേ ആത്മാവിനാൽ നാം എല്ലാവരും ഒരേ ശരീരത്തിലേക്ക് സ്നാപനമേററു . . . എല്ലാവരും അപ്പോസ്തലരല്ല, ആണോ? . . . എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നില്ല, ഉണ്ടോ? എല്ലാവർക്കും രോഗശാന്തിവരം ഇല്ല, ഉണ്ടോ? എല്ലാവരും ഭാഷകളിൽ സംസാരിക്കുന്നില്ല, ഉണ്ടോ?”
“രോഗശാന്തി,” “അന്യഭാഷകൾ, സംസാരിക്കൽ” എന്നീ ശീർഷകങ്ങൾകൂടെ കാണുക.
‘മരിച്ചവർക്കുവേണ്ടിയുളള സ്നാപനം’—അതിന്റെ അർത്ഥമെന്താണ്?
1 കൊരി. 15:29, KJ: “കേവലം മരിച്ചവർ ഉയർക്കുന്നില്ലെങ്കിൽ മരിച്ചവർക്കുവേണ്ടി സ്നാപനമേൽക്കുന്നവർ എന്തു ചെയ്യും? അപ്പോൾപിന്നെ അവർ മരിച്ചവർക്കുവേണ്ടി സ്നാപനമേൽക്കുന്നത് എന്തിനാണ്?”
“വേണ്ടി” എന്ന് ഇവിടെ തർജ്ജമ ചെയ്തിരിക്കുന്ന ഗ്രീക്ക് ഘടകമായ
ഹൈപ്പർ എന്ന വാക്കിന് “മേൽ,” “വേണ്ടി,” “പകരം,” “ആ ഉദ്ദേശ്യത്തിൽ” എന്നൊക്കെ അർത്ഥമുണ്ട്. (ലിഡെൽ, സ്കോട്ട് എന്നിവരാലുളള ഒരു ഗ്രീക്ക്-ഇംഗ്ലീഷ് ലക്സിക്കൻ) ഈ വാക്യത്തിൽ അത് എന്താണ് അർത്ഥമാക്കുന്നത്? സ്നാപനമേൽക്കാതെ മരിച്ചുപോയവർക്കുവേണ്ടി ജീവനോടിരിക്കുന്നവരെ സ്നാപനം കഴിപ്പിക്കുന്നതിനെയാണോ പൗലോസ് അർത്ഥമാക്കിയത്?സ്നാപനത്തോടുളള ബന്ധത്തിൽ മരണത്തെപ്പററി പറയുന്ന ആകെയുളള മറെറാരു വേദഭാഗം വ്യക്തിതന്നെ ഏൽക്കുന്ന സ്നാപനത്തെയാണ് പരാമർശിക്കുന്നത്, അല്ലാതെ മരിച്ച മറെറാരാൾക്കുവേണ്ടി ഏൽക്കുന്ന സ്നാപനത്തെയല്ല
റോമർ 6:3: “ക്രിസ്തുയേശുവിലേക്ക് സ്നാപനമേററ നാമെല്ലാവരും ക്രിസ്തുവിന്റെ മരണത്തിലേക്ക് സ്നാപനമേററു എന്ന് നിങ്ങൾ അറിയുന്നില്ലയോ?” (മർക്കോ. 10:38, 39-ഉം)
കൊലൊ. 2:12: “എന്തുകൊണ്ടെന്നാൽ നിങ്ങൾ [കൊലൊസ്സ്യ സഭയിലെ ജീവിച്ചിരിക്കുന്ന അംഗങ്ങൾ] അവന്റെ സ്നാപനത്തിൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു, അവനെ മരിച്ചവരിൽനിന്ന് ഉയർപ്പിച്ച ദൈവത്തിന്റെ പ്രവർത്തനത്തിൽ നിങ്ങൾക്കുളള വിശ്വാസത്താൽ നിങ്ങൾ അവനോടുളള ബന്ധത്താൽ ഒരുമിച്ച് ഉയർപ്പിക്കപ്പെട്ടു.”
“പുതിയലോകഭാഷാന്തര”ത്തിലെ തർജ്ജമ വ്യാകരണപ്രകാരം ശരിയും ഈ ഇതര ബൈബിൾ വാക്യങ്ങളോട് യോജിപ്പിലുമാണ്
1 കൊരി. 15:29: “അല്ലെങ്കിൽ മരിച്ചവരായിരിക്കാൻവേണ്ടി സ്നാപനമേൽക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ അശേഷം ഉയർപ്പിക്കപ്പെടുന്നില്ലായെങ്കിൽ അത്തരക്കാരായിരിക്കാൻ വേണ്ടി അവർ എന്തിനാണ് സ്നാപനമേൽക്കുന്നത്? (അതുകൊണ്ട് ക്രിസ്തുവിന്റെതുപോലെ നിർമ്മലത പാലിക്കാൻ വേണ്ടിയുളള ഒരു മരണത്തിലേക്കു നയിക്കുന്ന ഒരു ജീവിതത്തിലേക്കാണ് അവർ സ്നാപനം ഏൽക്കുന്നത് അല്ലെങ്കിൽ നിമജ്ജനം ചെയ്യപ്പെടുന്നത്, പിന്നീട് അവനെപ്പോലെ ആത്മീയ ജീവനിലേക്ക് ഉയർപ്പിക്കപ്പെടുന്നതിലേക്കും.)
തീകൊണ്ടുളള സ്നാപനത്തിൽനിന്ന് എന്തു ഫലമുളവാകുന്നു?
ലൂക്കോ. 3:16, 17: “അവൻ [യേശുക്രിസ്തു] നിങ്ങളെ . . . തീകൊണ്ട് സ്നാപനം കഴിപ്പിക്കും. തന്റെ മെതിക്കളം പൂർണ്ണമായും വെടിപ്പാക്കേണ്ടതിന് വീശുമുറം അവന്റെ കയ്യിലുണ്ട് . . . പതിർ അവൻ കെടുത്താൻ കഴിയാത്ത തീയിൽ ദഹിപ്പിക്കും.” (അതിന്റെ നാശം നിത്യമായിരിക്കും.)
മത്താ. 13:49, 50: “വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ അങ്ങനെയായിരിക്കും സംഭവിക്കുക: ദൂതൻമാർ പുറപ്പെട്ട് നീതിമാൻമാർക്കിടയിൽനിന്ന് ദുഷ്ടൻമാരെ വേർതിരിച്ച് തീച്ചൂളയിലേക്ക് എറിയും.”
ലൂക്കോ. 17:29, 30: “ലോത്ത് സോദോമിൽനിന്ന് പുറത്തുകടന്ന ദിവസം ആകാശത്തിൽനിന്ന് തീയും ഗന്ധകവും വർഷിച്ച് അവരെ എല്ലാവരെയും നശിപ്പിച്ചു. മനുഷ്യപുത്രൻ വെളിപ്പെടുത്തപ്പെടേണ്ട നാളിൽ അങ്ങനെതന്നെ ആയിരിക്കും.”
ശിഷ്യൻമാർക്കുവേണ്ടിയുളള പരിശുദ്ധാത്മാവുകൊണ്ടുളള സ്നാപനവും അതും ഒന്നുതന്നെയല്ല
പ്രവൃ. 1:5: “യോഹന്നാൻ വാസ്തവത്തിൽ വെളളംകൊണ്ട് സ്നാപനം കഴിപ്പിച്ചു. എന്നാൽ നിങ്ങൾ [യേശുവിന്റെ വിശ്വസ്ത അപ്പോസ്തലൻമാർ] ഏറെനാൾ കഴിയും മുൻപ് പരിശുദ്ധാത്മാവിൽ സ്നാപനം കഴിപ്പിക്കപ്പെടും.”
പ്രവൃ. 2:2-4: “പെട്ടെന്ന് ശക്തമായ കാററ് അടിക്കുന്നതുപോലെ ഒരു ശബ്ദം ആകാശത്തുനിന്ന് ഉണ്ടായി, അതു അവർ ഇരുന്നിരുന്ന വീട്ടിൽ മുഴുവൻ നിറഞ്ഞു. അഗ്നികൊണ്ടെന്നതുപോലുളള നാവുകൾ അവർക്ക് ദൃശ്യമായി, അവ ഓരോന്ന് ഓരോരുത്തരുടെമേൽ പതിച്ചു. [അവരെ ചുററുകയോ മുക്കുകയോ ചെയ്തില്ല] അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ വരം നൽകിയതുപോലെ വ്യത്യസ്തഭാഷകളിൽ സംസാരിച്ചു തുടങ്ങി.”