യഹോവയുടെ സാക്ഷികൾ
നിർവ്വചനം: യഹോവയാം ദൈവത്തെയും മനുഷ്യവർഗ്ഗത്തെ ബാധിക്കുന്ന അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച് സജീവമായി സാക്ഷ്യം വഹിക്കുന്ന ആളുകളുടെ ലോകവ്യാപക സമൂഹം. അവർ അവരുടെ വിശ്വാസങ്ങൾ ബൈബിളിൽ മാത്രം അടിസ്ഥാനമാക്കിയിരിക്കുന്നു.
യഹോവയുടെ സാക്ഷികളുടെ ഏതു വിശ്വാസങ്ങളാണ് അവരെ മററു മതങ്ങളിൽനിന്ന് വ്യത്യസ്തമായി വേർതിരിച്ചു നിർത്തുന്നത്?
(1) ബൈബിൾ: ബൈബിൾ മുഴുവനായും ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. മാനുഷ പാരമ്പര്യത്തിൽ അടിസ്ഥാനപ്പെടുത്തപ്പെട്ട ഒരു വിശ്വാസപ്രമാണത്തോട് പററി നിൽക്കാതെ അവരുടെ എല്ലാ വിശ്വാസങ്ങളുടെയും പ്രമാണമെന്ന നിലയിൽ അവർ ബൈബിളിനെ മുറുകെ പിടിക്കുന്നു.
(2) ദൈവം: അവർ ഏക സത്യദൈവമെന്ന നിലയിൽ യഹോവയെ ആരാധിക്കുകയും അവനെ സംബന്ധിച്ചും മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച അവന്റെ സ്നേഹപൂർവ്വകമായ ഉദ്ദേശ്യങ്ങളെക്കുറിച്ചും മററുളളവരോട് സ്വതന്ത്രമായി സംസാരിക്കുകയും ചെയ്യുന്നു. യഹോവയെ സംബന്ധിച്ച് പരസ്യമായി സാക്ഷ്യം പറയുന്ന ഏതൊരാളും സാധാരണയായി “യഹോവയുടെ സാക്ഷികളുടെ” ആ ഒരു കൂട്ടത്തിൽ ഉൾപ്പെടുന്നതായി തിരിച്ചറിയപ്പെടുന്നു.
(3) യേശുക്രിസ്തു: യേശുക്രിസ്തു ത്രിത്വത്തിന്റെ ഒരു ഭാഗമാണെന്നല്ല, മറിച്ച് ബൈബിൾ പറയുന്നതുപോലെ അവൻ ദൈവത്തിന്റെ പുത്രനാണെന്നും, ദൈവത്തിന്റെ സൃഷ്ടികളിൽ ആദ്യത്തവനാണെന്നും അവന് മനുഷ്യനാകുന്നതിന് മുമ്പ് ഒരു ആസ്തിക്യമുണ്ടായിരുന്നെന്നും അവന്റെ ജീവൻ സ്വർഗ്ഗത്തിൽനിന്ന് യഹൂദ കന്യകയായ മറിയയുടെ ഗർഭാശയത്തിലേക്ക് മാററപ്പെട്ടുവെന്നും ഒരു ബലിയായി അർപ്പിക്കപ്പെട്ട അവന്റെ പൂർണ്ണതയുളള മനുഷ്യജീവൻ വിശ്വാസമർപ്പിക്കുന്നവർക്ക് നിത്യജീവനിലേക്കുളള രക്ഷ സാദ്ധ്യമാക്കിയിരിക്കുന്നുവെന്നും 1914 മുതൽ ദൈവദത്തമായ അധികാരത്തോടെ ക്രിസ്തു മുഴുഭൂമിമേലും രാജാവായി സജീവമായി ഭരിക്കുകയാണെന്നും അവർ വിശ്വസിക്കുന്നു.
(4) ദൈവത്തിന്റെ രാജ്യം: ദൈവരാജ്യം മനുഷ്യവർഗ്ഗത്തിന്റെ ഏക പ്രത്യാശയാണെന്നും അത് ഒരു യഥാർത്ഥ ഗവൺമെൻറാണെന്നും അത് പെട്ടെന്നുതന്നെ എല്ലാ മാനുഷഗവൺമെൻറുകളും ഉൾപ്പെടെയുളള ഈ ദുഷ്ടവ്യവസ്ഥിതിയെ
നശിപ്പിക്കുമെന്നും അത് നീതി പ്രബലപ്പെട്ടിരിക്കുന്ന ഒരു പുതിയ വ്യവസ്ഥിതി സ്ഥാപിക്കുമെന്നും അവർ വിശ്വസിക്കുന്നു.(5) സ്വർഗ്ഗീയ ജീവൻ: ആത്മാഭിഷിക്തരായ 1,44,000 ക്രിസ്ത്യാനികൾ രാജാക്കൻമാരായി ഭരിക്കുന്നതിന് ക്രിസ്തുവിനോടുകൂടെ അവന്റെ സ്വർഗ്ഗീയ രാജ്യത്തിൽ പങ്കുചേരുമെന്ന് അവർ വിശ്വസിക്കുന്നു. സ്വർഗ്ഗം എല്ലാ “നല്ല” ആളുകൾക്കുമുളള പ്രതിഫലമാണെന്ന് അവർ വിശ്വസിക്കുന്നില്ല.
(6) ഭൂമി: ഭൂമിയെ സംബന്ധിച്ചുളള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം നിവൃത്തിയേറുമെന്നും ഭൂമി പൂർണ്ണമായും യഹോവയുടെ ആരാധകരെക്കൊണ്ട് നിറയുമെന്നും അവർക്ക് മാനുഷ പൂർണ്ണതയിൽ നിത്യജീവൻ ആസ്വദിക്കാൻ കഴിയുമെന്നും ഈ അനുഗ്രഹങ്ങളിൽ ഓഹരിക്കാരാകാനുളള അവസരത്തിലേക്ക് മരിച്ചവർപോലും ഉയർപ്പിക്കപ്പെടുമെന്നും അവർ വിശ്വസിക്കുന്നു.
(7) മരണം: മരിച്ചവർക്ക് യാതൊന്നിനെ സംബന്ധിച്ചും ബോധമില്ല എന്നും അവർ ഏതെങ്കിലും ആത്മമണ്ഡലത്തിൽ സുഖമോ ദു:ഖമോ അനുഭവിക്കുകയല്ലെന്നും മരിച്ചവർ ദൈവത്തിന്റെ ഓർമ്മയിലല്ലാതെ ഒരിടത്തും അസ്തിത്വത്തിലിരിക്കുന്നില്ലെന്നും അതുകൊണ്ട് ഭാവിയെ സംബന്ധിച്ചുളള അവരുടെ പ്രത്യാശ മരിച്ചവരിൽ നിന്നുളള ഒരു പുനരുത്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നതെന്നും അവർ വിശ്വസിക്കുന്നു.
(8) അന്ത്യനാളുകൾ: 1914 മുതൽ നാം ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണ് ജീവിക്കുന്നതെന്നും നീതിയെ സ്നേഹിക്കുന്നവർ ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിലേക്ക് അതിജീവിക്കുമെന്നും അവർ വിശ്വസിക്കുന്നു.
(9) ലോകത്തിൽനിന്ന് വേർപെട്ടവർ: തന്റെ അനുയായികളെ സംബന്ധിച്ച് സത്യമായിരിക്കുമെന്ന് യേശു പറഞ്ഞതുപോലെ ലോകത്തിന്റെ ഭാഗമല്ലാതിരിക്കാൻ അവർ ആത്മാർത്ഥമായി ശ്രമിക്കുന്നു. തങ്ങളുടെ അയൽക്കാരോട് അവർ യഥാർത്ഥ ക്രിസ്തീയ സ്നേഹം പ്രകടമാക്കുന്നു, എന്നാൽ അവർ ഏതെങ്കിലും രാഷ്ട്രത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൊ യുദ്ധങ്ങളിലൊ പങ്കുചേരുന്നില്ല. അവർ തങ്ങളുടെ കുടുംബങ്ങളുടെ ഭൗതികാവശ്യത്തിനുവേണ്ടി കരുതുന്നു, എന്നാൽ ഭൗതിക വസ്തുക്കൾക്കും വ്യക്തിപരമായ കീർത്തിക്കും അതിരുകടന്ന് ലോകത്തിന്റെ ഉല്ലാസങ്ങളിൽ മുഴുകുന്നതിനും വേണ്ടിയുളള ലോകത്തിന്റെ ആർത്തിപൂണ്ട അനുധാവനം അവർ ഒഴിവാക്കുന്നു.
(10) ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കുന്നു: ദൈവത്തിന്റെ വചനത്തിലെ ബുദ്ധ്യുപദേശം ഇപ്പോൾ അനുദിന ജീവിതത്തിൽ—സ്വന്തം ഭവനത്തിലും സ്കൂളിലും വ്യാപാര ഇടപാടുകളിലും അവരുടെ സഭയിലും—ബാധകമാക്കുന്നത് പ്രധാനമാണെന്ന് അവർ വിശ്വസിക്കുന്നു. ഒരു വ്യക്തിയുടെ കഴിഞ്ഞകാല ജീവിതരീതി പരിഗണിക്കാതെ അയാൾ ദൈവവചനം കുററംവിധിക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കുകയും ദൈവവചനത്തിലെ ദൈവിക ബുദ്ധ്യുപദേശം ബാധകമാക്കുകയും ചെയ്യുന്നുവെങ്കിൽ അയാൾക്ക് യഹോവയുടെ ഒരു സാക്ഷിയായിത്തീരാൻ കഴിയും. എന്നാൽ അതിനുശേഷം ആരെങ്കിലും വ്യഭിചാരം, ദുർവൃത്തി, സ്വവർഗ്ഗരതി, മയക്കുമരുന്നു ദുരുപയോഗം, മുഴുക്കുടി, ഭോഷ്ക്കുപറച്ചിൽ, മോഷണം എന്നിവയിൽ തുടരെ ഏർപ്പെടുന്നുവെങ്കിൽ അയാൾ സ്ഥാപനത്തിൽനിന്ന് പുറത്താക്കപ്പെടും.
(മുകളിൽ കൊടുത്തിരിക്കുന്ന പട്ടിക യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളിൽ ശ്രദ്ധേയമായ ചിലത് ചുരുക്കമായി പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ അവരുടെ വിശ്വാസങ്ങളെ മററുളളവരുടേതിൽനിന്ന് വ്യത്യസ്തമാക്കുന്ന
എല്ലാ ആശയങ്ങളും അതിൽ ഉൾപ്പെട്ടിട്ടില്ല. മേൽപ്പറഞ്ഞ വിശ്വാസങ്ങൾക്കുളള തിരുവെഴുത്ത് അടിസ്ഥാനങ്ങൾ ഈ പുസ്തകത്തിലെ സൂചികയിൽനിന്ന് കണ്ടെത്താൻ കഴിയും.)യഹോവയുടെ സാക്ഷികൾ ഒരു അമേരിക്കൻ മതമാണോ?
അവർ ദൈവരാജ്യത്തിന്റെ വക്താക്കളാണ്, അല്ലാതെ ഈ പഴയലോകത്തിലെ ഏതെങ്കിലും രാജ്യത്തെ രാഷ്ട്രീയമോ സാമ്പത്തികമോ സാമുദായികമോ ആയ വ്യവസ്ഥിതിയുടെ വക്താക്കളല്ല.
യഹോവയുടെ സാക്ഷികളുടെ ആധുനികകാല ആരംഭം ഐക്യനാടുകളിലായിരുന്നു എന്നത് സത്യമാണ്. അവരുടെ ലോകആസ്ഥാനം അവിടെയായിരിക്കുന്നത് ബൈബിൾ സാഹിത്യം അച്ചടിക്കുന്നതിനും ലോകത്തിന്റെ മിക്കഭാഗങ്ങളിലേക്കും എത്തിക്കുന്നതിനും സഹായകമായിരുന്നിട്ടുണ്ട്. എന്നാൽ സാക്ഷികൾ ഒരു രാഷ്ട്രത്തെ മറെറാന്നിനേക്കാൾ അനുകൂലിക്കുന്നില്ല; അവർ മിക്കവാറും എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്നു. അതതു പ്രദേശത്തെ വേലയുടെ മേൽനോട്ടം വഹിക്കുന്നതിന് ഭൂമിയുടെ പല ഭാഗങ്ങളിലും അവർക്ക് ഓഫീസുകൾ ഉണ്ട്.
ഇത് പരിഗണിക്കുക: യഹൂദനെന്നനിലയിൽ യേശു പാലസ്തീനിലാണ് ജനിച്ചത്, എന്നാൽ ക്രിസ്ത്യാനിത്വം ഒരു പാലസ്തീനിയൻ മതമല്ല, ആണോ? യേശുവിന്റെ മാനുഷ ജനനത്തിന്റെ സ്ഥാനമല്ല പരിഗണിക്കേണ്ട ഏററം മുഖ്യഘടകം. യേശു പഠിപ്പിച്ചത് സകല ജനതകളിലെയും ആളുകളോട് നിഷ്പക്ഷമായി ഇടപെടുന്ന അവന്റെ പിതാവായ യഹോവയാം ദൈവത്തിൽ നിന്നുളള കാര്യങ്ങളായിരുന്നു.—യോഹ. 14:10; പ്രവൃ. 10:34, 35.
യഹോവയുടെ സാക്ഷികളുടെ വേലക്കുളള സാമ്പത്തിക സഹായം എവിടെ നിന്നാണ്?
ആദിമ ക്രിസ്ത്യാനികളുടെ കാര്യത്തിൽ സത്യമായിരുന്നതുപോലെ സ്വമേധയായുളള സംഭാവനകളാൽ. (2 കൊരി. 8:12; 9:7) അവരുടെ മീററിംഗുകളിൽ കാണിക്ക ശേഖരമില്ല; അവർ പൊതുജനങ്ങളിൽ നിന്ന് ഒരിക്കലും പണം ആവശ്യപ്പെടാറില്ല. അനുഭാവികൾ സ്വമേധയാ നൽകുന്ന സംഭാവനകൾ യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി നിർവഹിക്കുന്ന ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു.
വീടുതോറും പ്രവർത്തിക്കുന്നതിനും തെരുവിൽ സാഹിത്യം സമർപ്പിക്കുന്നതിനും സാക്ഷികൾക്കു കൂലി കൊടുക്കുന്നില്ല. മനുഷ്യവർഗ്ഗത്തിനുവേണ്ടിയുളള ദൈവത്തിന്റെ സ്നേഹപൂർവ്വകമായ കരുതലിനെപ്പററി സംസാരിക്കാൻ ദൈവത്തോടും അയൽക്കാരോടുമുളള സ്നേഹം അവരെ പ്രേരിപ്പിക്കുന്നു.
യഹോവയുടെ സാക്ഷികളാൽ ഉപയോഗിക്കപ്പെടുന്ന ഒരു നിയമാനുസൃത മതകോർപ്പറേഷനായ ദി വാച്ച്ടവ്വർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് പെൻസിൽവേനിയ, യു. എസ്സ്. എയിലെ പെൻസിൽവേനിയ കോമൺവെൽത്തിന്റെ നോൺപ്രോഫിററ് കോർപ്പറേഷൻ നിയമമനുസരിച്ച് 1884-ൽ രജിസ്ററർ ചെയ്യപ്പെട്ടു. അപ്രകാരം നിയമാനുസൃതം അത് ലാഭമുണ്ടാക്കുന്ന ഒരു പ്രസ്ഥാനമായിരിക്കുന്നില്ല, ആയിരിക്കാവുന്നതുമല്ല. ഈ സൊസൈററിയിലൂടെ
വ്യക്തികളും ലാഭമുണ്ടാക്കുന്നില്ല. സൊസൈററിയുടെ ചാർട്ടർ ഇപ്രകാരം പ്രസ്താവിക്കുന്നു: “അത് [സൊസൈററി] അതിന്റെ അംഗങ്ങൾക്ക്, ഡയറക്ടർമാർക്കോ ഉദ്യോഗസ്ഥൻമാർക്കോ യാദൃച്ഛികമായോ അല്ലാതെയോ പണപരമായ നേട്ടമോ ലാഭമോ പ്രതീക്ഷിക്കുന്നില്ല.”യഹോവയുടെ സാക്ഷികൾ ഒരു മതവിഭാഗമോ ഉപാസനാക്രമമോ ആണോ?
ഒരു വ്യവസ്ഥാപിത മതത്തിൽ നിന്ന് പിരിഞ്ഞുപോയ ഒരു കൂട്ടമായിട്ടാണ് ചിലർ ഒരു മതവിഭാഗത്തെ നിർവ്വചിക്കുന്നത്. മററുളളവർ ആ പദം ഒരു പ്രത്യേക മാനുഷ നേതാവിനെയോ ഉപദേഷ്ടാവിനെയോ അനുഗമിക്കുന്നവർക്ക് ബാധകമാക്കുന്നു. ആ പദം സാധാരണമായി ആക്ഷേപസൂചകമായിട്ടാണ് ഉപയോഗിക്കാറ്. യഹോവയുടെ സാക്ഷികൾ ഏതെങ്കിലും ഒരു സഭയിൽനിന്ന് പിരിഞ്ഞതല്ല, മറിച്ച് എല്ലാ ജീവിത തുറയിൽനിന്നും അനേകം മതപശ്ചാത്തലങ്ങളിൽനിന്നും ഉളളവർ അവരിൽ ഉൾപ്പെടുന്നു. അവർ നേതാവ് എന്ന നിലയിൽ ഏതെങ്കിലും മനുഷ്യനിലേക്കല്ല മറിച്ച് യേശുക്രിസ്തുവിലേക്കാണ് നോക്കുന്നത്.
യാഥാസ്ഥിതികമല്ലാത്തതും ഏതെങ്കിലും പ്രത്യേക ആരാധനാക്രമമനുസരിച്ചുളള ഭക്തി നിഷ്ക്കർഷിക്കുന്നതുമായ ഒരു മതമാണ് ഒരു ഉപാസനാക്രമം. പല ഉപാസനാക്രമങ്ങളും ജീവിച്ചിരിക്കുന്ന ഒരു മാനുഷനേതാവിനെ അനുഗമിക്കുകയും അതിലെ അംഗങ്ങൾ മിക്കപ്പോഴും സമൂഹത്തിൽനിന്ന് അകന്നുമാറി കൂട്ടങ്ങളായി ജീവിക്കുകയും ചെയ്യുന്നു. എന്നാൽ യാഥാസ്ഥിതികമായത് എന്തെന്ന് നിശ്ചയിക്കുന്നത് ദൈവവചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം, യഹോവയുടെ സാക്ഷികൾ ബൈബിളിനോട് കർശനമായി പററി നിൽക്കുന്നു. അവരുടെ ആരാധന ഒരു ജീവിത രീതിയാണ്, ഏതെങ്കിലും ഭക്തിയുടെ ചടങ്ങല്ല. അവർ ഏതെങ്കിലും മാനുഷനേതാവിനെ അനുഗമിക്കുകയോ സമൂഹത്തിൽനിന്ന് തങ്ങളെത്തന്നെ ഒററപ്പെടുത്തുകയോ ചെയ്യുന്നില്ല. അവർ മററാളുകളുടെയിടയിൽ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നു.
യഹോവയുടെ സാക്ഷികളുടെ മതത്തിന് എന്ത് പഴക്കമുണ്ട്
ബൈബിൾ അനുസരിച്ച് യഹോവയുടെ സാക്ഷികളുടെ നിര വിശ്വസ്തനായിരുന്ന ഹാബേലിന്റെ കാലത്തോളം പിന്നോട്ട് നീണ്ടുകിടക്കുന്നു. എബ്രായർ 11:4–12:1 ഇപ്രകാരം പറയുന്നു: “വിശ്വാസത്താൽ ഹാബേൽ ദൈവത്തിന് കയീന്റേതിലും മൂല്യമേറിയ ഒരു യാഗം അർപ്പിച്ചു. . . . വിശ്വാസത്താൽ നോഹ അന്നോളം കാണാതിരുന്ന കാര്യങ്ങളെക്കുറിച്ച് അരുളപ്പാട് ലഭിച്ചിട്ട് ദൈവികഭയം പ്രകടമാക്കി . . . വിശ്വാസത്താൽ അബ്രഹാം വിളിക്കപ്പെട്ടപ്പോൾ തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്ക് പുറപ്പെട്ടുകൊണ്ട് അനുസരണം പ്രകടമാക്കി . . . വിശ്വാസത്താൽ മോശ താൻ വളർന്നപ്പോൾ ഫറവോന്റെ പുത്രിയുടെ മകൻ എന്ന് വിളിക്കപ്പെടുവാൻ വിസമ്മതിക്കുകയും പാപത്തിന്റെ താൽക്കാലിക ആസ്വാദനത്തേക്കാൾ ദൈവജനത്തോടൊപ്പം കഷ്ടം അനുഭവിക്കുന്നത് തെരഞ്ഞെടുക്കുകയും ചെയ്തു . . . അതുകൊണ്ട് സാക്ഷികളുടെ ഇത്രവലിയ ഒരു സമൂഹം നമുക്ക് ചുററും നിൽക്കുന്നതുകൊണ്ട് നമുക്ക് സകലഭാരവും നമ്മെ എളുപ്പത്തിൽ കുരുക്കുന്ന പാപവും വിട്ട് നമ്മുടെ മുമ്പാകെ വച്ചിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടാം.”
യേശുക്രിസ്തുവിനെക്കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു: “വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവത്താലുളള സൃഷ്ടിയുടെ ആരംഭമായ ആമേൻ പറയുന്നത് ഇതാണ്.” അവൻ ആരുടെ സാക്ഷിയായിരുന്നു? അവൻ തന്റെ പിതാവിന്റെ നാമം വെളിപ്പെടുത്തി എന്ന് അവൻതന്നെ പറയുന്നു. അവൻ യഹോവയുടെ ഏററം പ്രമുഖ സാക്ഷിയായിരുന്നു.—വെളി. 3:14; യോഹ. 17:6.
രസാവഹമായി, യേശുവിന്റെ പ്രവർത്തനം “ഒരു പുതിയ ഉപദേശത്തെ” പ്രതിനിധാനം ചെയ്യുന്നുവോ എന്ന് ചില യഹൂദൻമാർ ചോദിച്ചു. (മർക്കോ. 1:27) പിൽക്കാലത്ത് അപ്പോസ്തലനായ പൗലോസ് ഒരു “പുതിയ ഉപദേശം” അവതരിപ്പിക്കുന്നതായി ചില ഗ്രീക്കുകാർ വിചാരിച്ചു. (പ്രവൃ. 17:19, 20) അതുകേട്ട ആളുകളുടെ കാതുകൾക്ക് അത് പുതുതായിരുന്നു, എന്നാൽ ദൈവവചനത്തോടുളള പൂർണ്ണയോജിപ്പിൽ അത് സത്യമായിരുന്നു എന്നതാണ് പ്രധാന സംഗതി.
അമേരിക്കൻ ഐക്യനാടുകളിൽ പെൻസിൽവേനിയയിലെ അലെഗനിയിൽ 1870-കളുടെ ആരംഭത്തിൽ ബൈബിൾ പഠനത്തിനായി ഒരു സംഘം രൂപീകൃതമായതോടെയാണ് യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രം ആരംഭിക്കുന്നത്. ആരംഭത്തിൽ അവർ ബൈബിൾ വിദ്യാർത്ഥികളായി മാത്രമാണ് അറിയപ്പെട്ടിരുന്നത്, എന്നാൽ 1931-ൽ അവർ യഹോവയുടെ സാക്ഷികൾ എന്ന തിരുവെഴുത്തുപരമായ പേര് സ്വീകരിച്ചു. (യെശ. 43:10-12) അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പുതുതല്ല, മറിച്ച് ആദിമ നൂററാണ്ടിലെ ക്രിസ്ത്യാനിത്വത്തിന്റെ ഒരു പുന:സ്ഥാപനമാണ്.
ശരിയായ ഏകമതം തങ്ങളുടേതാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നുണ്ടോ?
ദൈവത്തെ ആരാധിക്കാൻ സ്വീകാര്യമായ അനേക വിധങ്ങളുണ്ടെന്നുളള ആധുനിക വീക്ഷണത്തോട് ബൈബിൾ യോജിക്കുന്നില്ല. “ഒരു കർത്താവും ഒരു വിശ്വാസവു”മേയുളളു എന്ന് എഫേസ്യർ 4:5 പറയുന്നു. യേശു ഇപ്രകാരം പ്രസ്താവിച്ചു: “ജീവനിലേക്ക് നയിക്കുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുളളത്, അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ. . . . ‘കർത്താവെ, കർത്താവെ’ എന്ന് എന്നോടു പറയുന്ന ഏവനുമല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്.”—മത്താ. 7:13, 14, 21; 1 കൊരിന്ത്യർ 1:10 കൂടെ കാണുക.
സത്യമായ ക്രിസ്തീയ പഠിപ്പിക്കലുകളുടെ ആകെത്തുകയെ തിരുവെഴുത്തുകളിൽ ആവർത്തിച്ച് “സത്യം” എന്ന് പരാമർശിക്കുന്നു. ക്രിസ്ത്യാനിത്വത്തെ “സത്യമാർഗ്ഗ”മെന്ന് വിളിച്ചിരിക്കുന്നു. (1 തിമൊ. 3:15; 2 യോഹ. 1; 2 പത്രോ. 2:2) യഹോവയുടെ സാക്ഷികൾ അവരുടെ വിശ്വാസങ്ങളും അവരുടെ പെരുമാററത്തിനുളള നിലവാരങ്ങളും അവരുടെ സ്ഥാപനപരമായ നടപടിക്രമങ്ങളും ബൈബിളിൽ അടിയുറപ്പിച്ചിരിക്കുന്നതിനാലും ബൈബിൾ തന്നെ ദൈവത്തിന്റെ വചനമാണെന്നുളള അവരുടെ വിശ്വാസത്താലും അവരുടെ പക്കലുളളത് യഥാർത്ഥത്തിൽ സത്യമാണെന്ന് അവർക്ക് ബോദ്ധ്യമുണ്ട്. അതുകൊണ്ട് അവർ സ്വീകരിച്ചിരിക്കുന്ന നിലപാട് അഹംഭാവപൂർവ്വകമായ ഒന്നല്ല, മറിച്ച് ഒരുവന്റെ മതത്തെ അളക്കാനുളള ശരിയായ അളവുകോൽ ബൈബിളാണ് എന്നുളള അവരുടെ ആത്മവിശ്വാസത്തെ അത് പ്രകടമാക്കുന്നു. അവർ സ്വാർത്ഥതൽപരരല്ല, മറിച്ച് അവരുടെ വിശ്വാസം മററുളളവരുമായി പങ്കുവയ്ക്കാൻ അവർ ആകാംക്ഷയുളളവരാണ്.
മററു മതങ്ങളും ബൈബിൾ അനുസരിക്കുന്നില്ലേ?
പലരും അത് ഒരളവുവരെ ഉപയോഗിക്കുന്നു. എന്നാൽ അതിലുളളത് അവർ യഥാർത്ഥത്തിൽ പഠിപ്പിക്കുകയും ബാധകമാക്കുകയും ചെയ്യുന്നുണ്ടോ? ഇത് പരിഗണിക്കുക: (1) അവരുടെ മിക്ക ഭാഷാന്തരങ്ങളിലും ആയിരക്കണക്കിന് സ്ഥാനങ്ങളിൽ നിന്ന് അവർ സത്യദൈവത്തിന്റെ നാമം നീക്കം ചെയ്തിരിക്കുന്നു. (2) ദൈവത്തെ സംബന്ധിച്ചുളള അവരുടെ ഗ്രാഹ്യമായ ത്രിത്വോപദേശം പുറജാതി ഉറവുകളിൽ നിന്ന് കടമെടുത്തിട്ടുളളതും ബൈബിൾ എഴുതി പൂർത്തിയാക്കപ്പെട്ട് നൂററാണ്ടുകൾക്കു ശേഷം ഇന്നത്തെ രൂപത്തിൽ വികാസം പ്രാപിച്ചിട്ടുളളതുമാണ്. (3) തുടർന്നുളള ജീവന് ആധാരമായി അവർ കാണുന്ന ദേഹിയുടെ അമർത്ത്യതയിലുളള വിശ്വാസം ബൈബിളിൽനിന്ന് എടുത്തിട്ടുളളതല്ല, അതിന്റെ വേരുകൾ പുരാതന ബാബിലോണിലാണ്. (4) യേശുവിന്റെ പ്രസംഗവിഷയം ദൈവരാജ്യമായിരുന്നു, അതേപ്പററി വ്യക്തിപരമായി മററുളളവരോട് സംസാരിക്കാൻ യേശു തന്റെ ശിഷ്യൻമാരെ അയച്ചു. എന്നാൽ സഭകൾ ഇന്ന് രാജ്യത്തെപ്പററി സംസാരിക്കാറേയില്ല; സഭാംഗങ്ങൾ “രാജ്യത്തിന്റെ ഈ സുവാർത്ത” പ്രസംഗിക്കുന്ന വേല ചെയ്യുന്നതുമില്ല. (മത്താ. 24:14) (5) തന്റെ യഥാർത്ഥ അനുയായികളെ അവരുടെ പരസ്പരമുളള ആത്മത്യാഗപരമായ സ്നേഹത്താൽ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് യേശു പറഞ്ഞു. രാഷ്ട്രങ്ങൾ യുദ്ധത്തിലേർപ്പെടുമ്പോൾ അത് ക്രൈസ്തവലോകത്തിലെ സഭകളെ സംബന്ധിച്ച് സത്യമാണോ? (6) ക്രിസ്തുവിന്റെ ശിഷ്യൻമാർ ലോകത്തിന്റെ ഭാഗമായിരിക്കുകയില്ല എന്ന് ബൈബിൾ പറയുന്നു. ആരെങ്കിലും ഈ ലോകത്തിന്റെ സുഹൃത്തായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിത്തീർക്കുന്നു എന്ന് അത് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. എന്നാൽ ക്രൈസ്തവലോകത്തിലെ സഭകളും അവയുടെ അംഗങ്ങളും രാഷ്ട്രങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളിൽ ആഴത്തിൽ മുഴുകിയിരിക്കുന്നു. (യാക്കോ. 4:4) അത്തരമൊരു രേഖയുടെ വീക്ഷണത്തിൽ അവർ വാസ്തവത്തിൽ ബൈബിളിനോട് പററിനിൽക്കുന്നുവെന്ന് സത്യസന്ധമായി പറയാൻ കഴിയുമോ?
യഹോവയുടെ സാക്ഷികൾ അവരുടെ ബൈബിൾ വിശദീകരണങ്ങളിൽ എത്തിച്ചേരുന്നത് എങ്ങനെയാണ്?
ബൈബിൾ ദൈവത്തിന്റെ വചനമാണെന്നും അതിലുളളത് നമ്മുടെ പ്രബോധനത്തിനാണെന്നും യഹോവയുടെ സാക്ഷികൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നു എന്നതാണ് ഒരു മുഖ്യഘടകം. (2 തിമൊ. 3:16, 17; റോമർ 15:4; 1 കൊരി. 10:11) അതുകൊണ്ട് സത്യം സംബന്ധിച്ച അതിന്റെ വ്യക്തമായ പ്രസ്താവനകൾ ഒഴിവാക്കുന്നതിനോ അതിന്റെ ധാർമ്മിക നിലവാരങ്ങൾ വിട്ടുകളഞ്ഞ ആളുകളുടെ ജീവിതത്തെ ന്യായീകരിക്കുന്നതിനോവേണ്ടി അവർ തത്വശാസ്ത്രപരമായ വാദഗതികൾ ഉപയോഗിക്കുന്നില്ല.
ബൈബിളിലെ പ്രതീകാത്മക ഭാഷയുടെ അർത്ഥം ചൂണ്ടിക്കാണിക്കുന്നതിന് 1 കൊരി. 2:13) പ്രതീകാത്മക പ്രയോഗങ്ങളുടെ അർത്ഥം സംബന്ധിച്ച സൂചനകൾ സാധാരണയായി ബൈബിളിന്റെ തന്നെ മററു ഭാഗങ്ങളിൽ കാണപ്പെടുന്നു. (ഉദാഹരണമായി വെളിപ്പാട് 21:1 കാണുക; പിന്നീട് ‘സമുദ്രം’ എന്നതിന്റെ അർത്ഥത്തിന് യെശയ്യാവ് 57:20 വായിക്കുക. വെളിപ്പാട് 14:1-ലെ “കുഞ്ഞാടിനെ” തിരിച്ചറിയുന്നതിന് യോഹന്നാൻ 1:29; 1 പത്രോസ് 1:19 എന്നിവ കാണുക.)
അതിന്റെ അർത്ഥം സംബന്ധിച്ച് സ്വന്തം സിദ്ധാന്തങ്ങൾ നൽകാതെ ബൈബിൾതന്നെ അതിന്റെ സ്വന്തം വിശദീകരണം തരാൻ അവർ അനുവദിക്കുന്നു. (പ്രവചനങ്ങളുടെ നിവൃത്തി സംബന്ധിച്ചാണെങ്കിൽ, മുൻകൂട്ടിപ്പറയപ്പെട്ട കാര്യങ്ങളോട് ഒത്തുവരുന്ന സംഭവങ്ങൾ സംബന്ധിച്ച് ജാഗ്രതയുളളവരായിരിക്കാൻ യേശു പറഞ്ഞത് അവർ ബാധകമാക്കുന്നു. (ലൂക്കോ. 21:29-31; 2 പത്രോസ് 1:16-19 താരതമ്യം ചെയ്യുക.) അവർ ആ സംഭവങ്ങൾ മനസ്സാക്ഷിപൂർവ്വം ചൂണ്ടിക്കാണിക്കുകയും അവയുടെ അർത്ഥമെന്തെന്നതിനെപ്പററിയുളള ബൈബിളിന്റെ സൂചനയിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു.
ഭൂമിയിൽ തനിക്ക് ഒരു “വിശ്വസ്തനും വിവേകിയുമായ അടിമ” (ഒരു സംഘമെന്ന നിലയിൽ വീക്ഷിക്കപ്പെടുന്ന തന്റെ അഭിഷിക്ത അനുഗാമികൾ) ഉണ്ടായിരിക്കുമെന്നും വിശ്വാസത്തിന്റെ ഭവനക്കാരായിരിക്കുന്നവർക്ക് ആത്മീയാഹാരം പ്രദാനം ചെയ്യാൻ ആ അടിമയെ ഉപയോഗിക്കുമെന്നും യേശു പറഞ്ഞു. (മത്താ. 24:45-47) യഹോവയുടെ സാക്ഷികൾ ആ ക്രമീകരണത്തെ അംഗീകരിക്കുന്നു. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളുടെ കാര്യത്തിൽ സത്യമായിരുന്നതുപോലെ തങ്ങളുടെ പ്രയാസമുളള പ്രശ്നങ്ങളുടെ പരിഹാരത്തിനായി അവർ “അടിമ” വർഗ്ഗത്തിന്റെ ഭരണസംഘത്തിലേക്ക് നോക്കുന്നു—മാനുഷ ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലല്ല, ദൈവവചനം സംബന്ധിച്ചും തന്റെ ദാസൻമാരോടുളള അവന്റെ ഇടപെടൽ സംബന്ധിച്ചും ഉളള അറിവിലും അവർ എന്തിനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവോ ആ പരിശുദ്ധാത്മാവിന്റെ സഹായത്തിലും ആശ്രയിക്കുന്നതിനാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു.—പ്രവൃ. 15:1-29; 16:4, 5.
യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലിൽ വർഷങ്ങളിലൂടെ പല മാററങ്ങൾ ഉണ്ടായിട്ടുളളത് എന്തുകൊണ്ടാണ്?
തന്റെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാൻ യഹോവ തന്റെ ദാസൻമാരെ പ്രാപ്തരാക്കുന്നത് ക്രമാനുഗതമായിട്ടാണ് എന്ന് ബൈബിൾ പ്രകടമാക്കുന്നു. (സദൃ. 4:18; യോഹ. 16:12) അപ്രകാരം ബൈബിളിന്റെ ഭാഗങ്ങൾ എഴുതാൻ നിശ്വസ്തരാക്കപ്പെട്ട പ്രവാചകൻമാർക്ക് തങ്ങൾ എഴുതിയ എല്ലാററിന്റെയും അർത്ഥം മനസ്സിലായില്ല. (ദാനി. 12:8, 9; 1 പത്രോ. 1:10-12) തങ്ങളുടെ നാളുകളിൽ പല കാര്യങ്ങളും തങ്ങൾക്ക് മനസ്സിലായില്ല എന്ന് യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാർ തിരിച്ചറിഞ്ഞു. (പ്രവൃ. 1:6, 7; 1 കൊരി. 13:9-12) “അന്ത്യകാലത്ത്” സത്യത്തെ സംബന്ധിച്ചുളള പരിജ്ഞാനത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്ന് ബൈബിൾ പ്രകടമാക്കുന്നു. (ദാനി. 12:4) വർദ്ധിച്ച അറിവ് മിക്കപ്പോഴും ഒരുവന്റെ ചിന്തയിൽ ക്രമീകരണങ്ങൾ വരുത്തുന്നത് ആവശ്യമാക്കിത്തീർക്കുന്നു. താഴ്മയോടെ അത്തരം ക്രമീകരണങ്ങൾ വരുത്താൻ യഹോവയുടെ സാക്ഷികൾ മനസ്സൊരുക്കമുളളവരാണ്.
യഹോവയുടെ സാക്ഷികൾ വീടുതോറും പ്രസംഗിക്കുന്നത് എന്തുകൊണ്ടാണ്?
നമ്മുടെ നാളിലേക്ക് യേശു ഈ വേല മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും, അപ്പോൾ അവസാനം വരും.” അവൻ തന്റെ ശിഷ്യൻമാർക്ക് ഈ നിർദ്ദേശവും നൽകി: “പോയി . . . സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കുക.”—മത്താ. 24:14; 28:19.
യേശു തന്റെ ആദിമ ശിഷ്യൻമാരെ അയച്ചപ്പോൾ ആളുകളുടെ വീടുകളിലേക്ക് പോകാൻ അവൻ അവർക്ക് നിർദ്ദേശം നൽകി. (മത്താ. 10:7, 11-13) തന്റെ ശുശ്രൂഷയെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞു: “പ്രയോജനമുളളതെല്ലാം നിങ്ങളോട് പറയുന്നതിൽ നിന്നോ പരസ്യമായും വീടുതോറും നിങ്ങളെ പഠിപ്പിക്കുന്നതിൽ നിന്നോ ഞാൻ പിൻമാറി നിന്നില്ല.”—പ്രവൃ. 20:20, 21; പ്രവൃത്തികൾ 5:42 കൂടെ കാണുക.
സാക്ഷികൾ പ്രഖ്യാപിക്കുന്ന ദൂതിൽ ആളുകളുടെ ജീവൻ ഉൾപ്പെട്ടിരിക്കുന്നു; ആരെയും ഒഴിവാക്കാതിരിക്കുന്നതിൽ ശ്രദ്ധിക്കാൻ അവർ ആഗ്രഹിക്കുന്നു. (സെഫ. 2:2, 3) അവരുടെ സന്ദർശനങ്ങൾ ഒന്നാമത് ദൈവത്തോടും പിന്നെ അയൽക്കാരനോടുമുളള സ്നേഹത്താൽ പ്രേരിതമാണ്.
സ്പെയിനിലെ മതനേതാക്കൻമാരുടെ ഒരു സമ്മേളനം ഇപ്രകാരം കുറിക്കൊണ്ടു: “സാക്ഷികളുടെ മുഖ്യശ്രദ്ധയായിരിക്കുന്ന ഭവന സന്ദർശനം [സഭകൾ] പക്ഷേ പാടെ അവഗണിച്ചിരിക്കുന്നു. എന്നാൽ അത് ആദിമ സഭയിലെ അപ്പോസ്തലിക പ്രവർത്തനശൈലിയിൽ ഉൾപ്പെട്ടതായിരുന്നു. സഭകൾ മിക്കപ്പോഴും ആരാധനാലയങ്ങൾ പണിയുന്നതിലും ആളുകളെ ആകർഷിക്കാൻ മണിയടിക്കുന്നതിലും ആരാധനാലയങ്ങൾക്കുളളിൽ മാത്രം പ്രസംഗിക്കുന്നതിലും തങ്ങളെത്തന്നെ പരിമിതപ്പെടുത്തുമ്പോൾ [സാക്ഷികൾ] വീടുതോറും പോകുകയും സാക്ഷീകരിക്കുന്നതിലുളള എല്ലാ അവസരവും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന അപ്പോസ്തലിക തന്ത്രം പിൻപററുന്നു.”—എൽ കത്തോലിസിസ്മോ, ബൊഗോട്ടാ, കൊളംബിയ, സെപ്ററംബർ 14, 1975, പേ. 14.
എന്നാൽ തങ്ങളുടെ വിശ്വാസത്തിൽ പങ്കുചേരാത്തവരുടെ ഭവനങ്ങളിൽ പോലും സാക്ഷികൾ ആവർത്തിച്ച് സന്ദർശനം നടത്തുന്നതെന്തുകൊണ്ട്?
അവർ തങ്ങളുടെ ദൂത് മററുളളവരുടെമേൽ അടിച്ചേൽപിക്കുന്നില്ല. എന്നാൽ ആളുകൾ പുതിയ താമസ സ്ഥലങ്ങളിലേക്ക് മാറുന്നുവെന്നും ആളുകളുടെ സാഹചര്യങ്ങൾക്ക് മാററം വരുന്നുവെന്നും അവർക്കറിയാം. ഇന്ന് ഒരു വ്യക്തി ശ്രദ്ധിക്കാൻ കഴിയാത്തവണ്ണം വളരെ തിരക്കിലായിരിക്കാം, മറെറാരു സമയത്ത് അയാൾ സന്തോഷപൂർവ്വം അതിനുളള സമയമെടുത്തേക്കാം. ഒരു കുടുംബത്തിലെ ഒരാൾക്ക് താൽപര്യമില്ലായിരിക്കാം, എന്നാൽ മററുളളവർക്ക് താൽപര്യമുണ്ടായിരിക്കാം. ആളുകൾക്ക് തന്നെ മാററം വരുന്നു; ജീവിതത്തിലെ ഗൗരവതരമായ പ്രശ്നങ്ങൾ ആത്മീയാവശ്യം സംബന്ധിച്ച് ബോധം ഉണർത്തിയേക്കാം.—യെശയ്യാവ് 6:8, 11, 12 എന്നിവ കൂടെ കാണുക.
യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
യേശു പറഞ്ഞു: “ലോകം നിങ്ങളെ വെറുക്കുന്നുവെങ്കിൽ നിങ്ങളെ വെറുക്കുന്നതിന് മുമ്പേ അത് എന്നെ വെറുത്തിട്ടുണ്ട് എന്ന് നിങ്ങൾ അറിയുന്നുവല്ലോ. നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകം അതിനുളളതിനെ സ്നേഹിക്കുമായിരുന്നു. ഇപ്പോൾ നിങ്ങൾ ലോകത്തിന്റെ ഭാഗമായിരിക്കാതെ, ഞാൻ ലോകത്തിൽനിന്ന് നിങ്ങളെ തെരഞ്ഞെടുത്തതുകൊണ്ട് ലോകം നിങ്ങളെ വെറുക്കുന്നു.” (യോഹ. 15:18, 19; 1 പത്രോസ് 4:3, 4 കൂടെ കാണുക.) മുഴുലോകവും സാത്താന്റെ നിയന്ത്രണത്തിലാണെന്ന് ബൈബിൾ പ്രകടമാക്കുന്നു; മുഖ്യമായും പീഡനത്തിന് പ്രേരണ നൽകുന്നത് അവനാണ്.—1 യോഹ. 5:19; വെളി. 12:17.
യേശു തന്റെ ശിഷ്യൻമാരോട് ഇപ്രകാരം പറഞ്ഞു: “എന്റെ നാമം നിമിത്തം നിങ്ങൾ സകലരുടെയും വിദ്വേഷപാത്രമാകും.” (മർക്കോ. 13:13) ഇവിടെ “നാമം” എന്ന പദം മശിഹൈക രാജാവെന്ന യേശുവിന്റെ ഔദ്യോഗിക സ്ഥാനത്തെ അർത്ഥമാക്കുന്നു. യഹോവയുടെ സാക്ഷികൾ ഏതൊരു ഭൗമിക ഭരണാധികാരിയുടെയും കൽപനകൾക്കുപരിയായി അവന്റേത് വയ്ക്കുന്നതിനാലാണ് പീഡനം ഉണ്ടാകുന്നത്.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ഈ ലോകം (സമൂഹം) കുറച്ചുകൂടി ജീവിക്കാൻ കൊളളാവുന്ന ഒന്നാക്കുന്നതിന് സഹായിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ഉൾപ്പെടാത്തത് എന്തുകൊണ്ടാണ്?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘പ്രത്യക്ഷത്തിൽ സമൂഹത്തിലെ അവസ്ഥകൾ നിങ്ങൾക്ക് പ്രധാനമാണ്, അവ എനിക്കും അങ്ങനെതന്നെയാണ്. എന്നാൽ ഏതു പ്രശ്നത്തിന് ആദ്യം ശ്രദ്ധ ലഭിക്കണമെന്നാണ് നിങ്ങൾ വിചാരിക്കുന്നത് എന്ന് ഞാൻ ഒന്നു ചോദിച്ചോട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘അത് അത്ര വലിയ ഒരാവശ്യമായിത്തീർന്നിരിക്കുന്നു എന്ന് നിങ്ങൾ വിചാരിക്കുന്നത് എന്തുകൊണ്ടാണ്? . . . പ്രത്യക്ഷത്തിൽ അത് സംബന്ധിച്ച് ഉടനടി നടപടി സ്വീകരിക്കുന്നത് പ്രയോജനകരമായിരുന്നേക്കാം. എന്നാൽ കാര്യങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ടുകാണാൻ നാം ആഗ്രഹക്കുമെന്നതിനോട് നിങ്ങൾ യോജിക്കുമെന്നുളളതിന് എനിക്ക് ഉറപ്പുണ്ട്. യഹോവയുടെ സാക്ഷികളെന്ന നിലയിൽ ആ കാര്യത്തോടുളള ഞങ്ങളുടെ സമീപനം അതാണ്. (വ്യക്തിപരമായ അടിസ്ഥാനത്തിൽ ആ കാര്യത്തിന്റെ വേരിലേക്ക് ഇറങ്ങിച്ചെല്ലാൻ ബൈബിൾ തത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുന്നതിന് ആളുകളെ സഹായിക്കാൻ നാം എന്തു ചെയ്യുന്നുവെന്ന് വിശദീകരിക്കുക; കൂടാതെ ദൈവരാജ്യം എന്തുചെയ്യുമെന്നും അത് മനുഷ്യവർഗ്ഗത്തിനുവേണ്ടി ശാശ്വതമായി ആ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നും വിശദീകരിക്കുക.)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘(മുകളിൽ കൊടുത്തിരിക്കുന്ന മറുപടിയിലെ ചില ആശയങ്ങൾ പറഞ്ഞശേഷം . . . ) സാമൂഹ്യ ജീവിതം മെച്ചപ്പെടുത്തുന്നതിലേക്ക് ചിലയാളുകൾ
പണം സംഭാവനായി നൽകുന്നു; മററുളളവർ സ്വമേധയാ തങ്ങളുടെ സേവനം വിട്ടുകൊടുക്കുന്നു. യഹോവയുടെ സാക്ഷികൾ ഇതു രണ്ടും ചെയ്യുന്നു. ഞാനൊന്നു വിശദീകരിക്കട്ടെ.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘യഹോവയുടെ സാക്ഷികളിലൊരാളായിരിക്കുന്നതിന് ഒരു വ്യക്തി മനസ്സാക്ഷിപൂർവ്വം നികുതികൾ കൊടുക്കണം; അത് ആവശ്യമായ സേവനങ്ങൾ നടപ്പാക്കുന്നതിന് ഗവൺമെൻറുകൾക്ക് പണം ലഭ്യമാക്കുന്നു.’ (2) ‘ഞങ്ങൾ അതിലുമധികം ചെയ്യുന്നു; ആളുകളുമായി സൗജന്യ ബൈബിൾ പഠനം നടത്താൻ ഞങ്ങൾ അവരുടെ വീടുകൾ സന്ദർശിക്കുന്നു. ബൈബിൾ പറയുന്ന കാര്യങ്ങളോട് അവർ പരിചയത്തിലാകുമ്പോൾ ബൈബിൾ തത്വങ്ങൾ ബാധകമാക്കാനും പ്രശ്നങ്ങളെ വിജയകരമായി തരണം ചെയ്യാനും അവർ പഠിക്കുന്നു.’മറെറാരു സാദ്ധ്യത: ‘നിങ്ങൾ ഈ ചോദ്യം ചോദിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. സാമൂഹിക കാര്യങ്ങൾ സംബന്ധിച്ച് സാക്ഷികൾ എന്തു ചെയ്യുന്നു എന്നറിയാൻ പലരും ഇങ്ങനെ അന്വേഷിക്കാറില്ല. പ്രകടമായും സഹായം നൽകാനുളള പല മാർഗ്ഗങ്ങളുണ്ട്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ചിലർ ചില സ്ഥാപനങ്ങൾ നടത്തിക്കൊണ്ട് അത് ചെയ്യുന്നു—ആശുപത്രികൾ, വൃദ്ധമന്ദിരങ്ങൾ, മയക്കുമരുന്നിനടിമയായവർക്കുവേണ്ടിയുളള പുനരധിവാസ കേന്ദ്രങ്ങൾ മുതലായവ. മററുളളവർ സ്വമേധയാ ആളുകളുടെ വീടുകളിലേക്ക് ചെന്ന് ഉചിതവും സാദ്ധ്യവുമായ സഹായം നൽകിയേക്കാം. യഹോവയുടെ സാക്ഷികൾ ചെയ്യുന്നത് അതാണ്.’ (2) ‘ജീവിതത്തോടുളള ഒരുവന്റെ മുഴുവീക്ഷണത്തിനും മാററം വരുത്താൻ കഴിയുന്ന ഒരു സംഗതിയുണ്ടെന്ന് ഞങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്, അത് ജീവിതത്തിന്റെ യഥാർത്ഥ ഉദ്ദേശ്യത്തെയും ഭാവി എന്തു കൈവരുത്തുന്നു എന്നതിനെയും സംബന്ധിച്ച് ബൈബിളിൽനിന്നുളള അറിവാണ്.’
കൂടുതലായ മറെറാരു നിർദ്ദേശം: ‘നിങ്ങൾ ആ ചോദ്യം ചോദിച്ചത് ഞാൻ വിലമതിക്കുന്നു. അവസ്ഥകൾ മെച്ചപ്പെട്ടു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു, അല്ലേ? യേശുക്രിസ്തുതന്നെ ചെയ്തതിനെപ്പററി നിങ്ങൾ എന്തു വിചാരിക്കുന്നു എന്ന് ഞാൻ ഒന്ന് ചോദിച്ചോട്ടെ? അവൻ ആളുകളെ സഹായിച്ച വിധം പ്രായോഗികമായിരുന്നുവെന്ന് നിങ്ങൾ പറയുമോ? . . . ഞങ്ങൾ അവന്റെ മാതൃക പിൻപററാൻ ശ്രമിക്കുകയാണ്.’
‘ക്രിസ്ത്യാനികൾ യഹോവയുടെയല്ല യേശുവിന്റെ സാക്ഷികളായിരിക്കേണ്ടതാണ്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘രസാവഹമായ ഒരു ആശയമാണ് നിങ്ങൾ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. യേശുവിന് സാക്ഷ്യം വഹിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് നിങ്ങൾ പറയുന്നത് ശരിയാണ്. അതുകൊണ്ടാണ് ദൈവോദ്ദേശ്യത്തിൽ യേശുക്രിസ്തുവിനുളള സ്ഥാനം ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ ഊന്നിപ്പറഞ്ഞിരിക്കുന്നത്. (അത് പ്രകടമാക്കുന്നതിന് ഒടുവിലത്തെ ഒരു പുസ്തകമോ മാസികയോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.) എന്നാൽ ഇതൊരു പുതിയ ആശയമായി നിങ്ങൾക്ക് തോന്നിയേക്കാം. (വെളി. 1:5) . . . യേശു ആരുടെ “വിശ്വസ്ത സാക്ഷിയായി”രുന്നു? (യോഹ. 5:43; 17:6) . . . നാം അനുകരിക്കാനുളള ദൃഷ്ടാന്തം യേശു വച്ചു, ഇല്ലേ? . . . യേശുവിനെയും പിതാവിനെയും സംബന്ധിച്ച് അറിവ് സമ്പാദിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? (യോഹ. 17:3)’