പാഠം 25
എങ്ങനെയുള്ള ജീവിതമാണ് ദൈവം നമുക്കുവേണ്ടി ഉദ്ദേശിച്ചിരിക്കുന്നത്?
“മനുഷ്യൻ അൽപ്പായുസ്സുള്ളവനും അവന്റെ ജീവിതം ദുരിതപൂർണവും” ആണെന്ന് ബൈബിൾ പറയുന്നു. (ഇയ്യോബ് 14:1) ഇങ്ങനെയൊരു ജീവിതമാണോ ദൈവം നമുക്കുവേണ്ടി ഉദ്ദേശിച്ചത്? അല്ല. എങ്കിൽപ്പിന്നെ നമ്മളെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്? അത് എന്നെങ്കിലും നടക്കുമോ? ബൈബിൾ തരുന്ന ഉത്തരം നമ്മളെ ആശ്വസിപ്പിക്കും.
1. നമുക്ക് എങ്ങനെയുള്ള ഒരു ജീവിതം ഉണ്ടായിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്?
നമ്മൾ ഏറ്റവും നന്നായി ജീവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. ദൈവം ആദ്യമനുഷ്യരായ ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചാക്കിയതു മനോഹരമായ ഏദെൻ തോട്ടത്തിലാണ്, ശരിക്കും ഒരു പറുദീസയിൽ! “അവരെ അനുഗ്രഹിച്ച് ദൈവം ഇങ്ങനെ കല്പിച്ചു: ‘നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിഭരിക്കുക.’” (ഉൽപത്തി 1:28) മനുഷ്യർ കുട്ടികളെ ജനിപ്പിക്കാനും ഭൂമി മുഴുവൻ പറുദീസയാക്കാനും മൃഗങ്ങളെ പരിപാലിക്കാനും യഹോവ ആഗ്രഹിച്ചു. മനുഷ്യർ എല്ലാവരും പൂർണ ആരോഗ്യത്തോടെ എന്നേക്കും ജീവിതം ആസ്വദിക്കണം എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം.
എന്നാൽ അങ്ങനെയുള്ള ഒരു ജീവിതമല്ല ഇന്നു നമുക്കുള്ളത്. a അപ്പോൾ ദൈവത്തിന്റെ ഉദ്ദേശ്യത്തിനു മാറ്റം വന്നു എന്നാണോ? അല്ല. (യശയ്യ 46:10, 11) അനുസരണമുള്ള മനുഷ്യർ ഏറ്റവും നല്ല ചുറ്റുപാടിൽ എന്നേക്കും ജീവിക്കണമെന്നാണ് ദൈവം ഇപ്പോഴും ആഗ്രഹിക്കുന്നത്.—വെളിപാട് 21:3, 4 വായിക്കുക.
2. ജീവിതത്തിൽ സംതൃപ്തി കിട്ടാൻ എന്തു ചെയ്യണം?
‘ആത്മീയ കാര്യങ്ങൾക്കുള്ള ദാഹത്തോടെയാണ്’ ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. അതായത്, ദൈവത്തെ അറിയാനും ആരാധിക്കാനും ഉള്ള ഒരു ആഗ്രഹത്തോടെ. (മത്തായി 5:3-6 വായിക്കുക.) നമ്മൾ ദൈവവുമായി ഉറ്റ സ്നേഹബന്ധത്തിലായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മൾ “ദൈവത്തിന്റെ എല്ലാ വഴികളിലും നടക്കുകയും ദൈവത്തെ സ്നേഹിക്കുകയും” വേണം. നമ്മൾ ദൈവത്തെ ‘മുഴുഹൃദയത്തോടെ’ സേവിക്കണം. (ആവർത്തനം 10:12; സങ്കീർത്തനം 25:14) അപ്പോൾ, പ്രശ്നങ്ങൾ ഉണ്ടെങ്കിൽപ്പോലും നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയും. യഹോവയെ ആരാധിക്കുമ്പോൾ നമ്മുടെ ജീവിതത്തിന് ഉദ്ദേശ്യമുണ്ടാകും, നമുക്കു സംതൃപ്തിയും കിട്ടും.
ആഴത്തിൽ പഠിക്കാൻ
നമുക്കുവേണ്ടി ഭൂമിയെ ഒരുക്കിയപ്പോൾ യഹോവ കാണിച്ച സ്നേഹത്തെക്കുറിച്ചും നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ബൈബിൾ പറയുന്നത് എന്താണെന്നു നോക്കാം.
3. മനോഹരമായ ഒരു ജീവിതമാണ് യഹോവ നമുക്കുവേണ്ടി ഉദ്ദേശിച്ചിരിക്കുന്നത്
വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
-
ദൈവം മനോഹരമായി ഈ ഭൂമി സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണ്?
സഭാപ്രസംഗകൻ 3:11 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
നമ്മളെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം എന്താണ്? ഈ വാക്യം യഹോവയെക്കുറിച്ച് നിങ്ങളെ എന്താണു പഠിപ്പിക്കുന്നത്?
4. യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ല
സങ്കീർത്തനം 37:11, 29; യശയ്യ 55:11 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
നമ്മളെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിനു മാറ്റമൊന്നും വന്നിട്ടില്ലെന്ന് നമുക്ക് എങ്ങനെ ഉറപ്പോടെ പറയാൻ കഴിയും?
5. യഹോവയെ ആരാധിക്കുമ്പോൾ നമ്മുടെ ജീവിതത്തിന് ഉദ്ദേശ്യമുണ്ടാകും
ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണെന്നു മനസ്സിലാക്കുന്നതു നമുക്കു സന്തോഷം തരും. വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
-
ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ ടെറുമിക്ക് എന്തെല്ലാം പ്രയോജനങ്ങൾ കിട്ടി?
സഭാപ്രസംഗകൻ 12:13 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
യഹോവ നമുക്കു ചെയ്തിരിക്കുന്ന ഓരോ നന്മയ്ക്കും എങ്ങനെ നന്ദി കാണിക്കാം?
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “ഇങ്ങനെ കഷ്ടപ്പെട്ടു ജീവിക്കാനാണോ മനുഷ്യനെ സൃഷ്ടിച്ചത്?”
-
നിങ്ങൾ എന്തു മറുപടി പറയും?
ചുരുക്കത്തിൽ
സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ചുറ്റുപാടിൽ നമ്മൾ എന്നേക്കും ജീവിതം ആസ്വദിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. മുഴുഹൃദയത്തോടെ നമ്മൾ യഹോവയെ ആരാധിക്കുമ്പോൾ ഇപ്പോൾപ്പോലും നമ്മുടെ ജീവിതത്തിന് ഉദ്ദേശ്യമുണ്ടാകും.
ഓർക്കുന്നുണ്ടോ?
-
ആദാമിനെയും ഹവ്വയെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം എന്തായിരുന്നു?
-
മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിനു മാറ്റമൊന്നും വന്നിട്ടില്ലെന്ന് നമുക്ക് എങ്ങനെ അറിയാം?
-
ജീവിതത്തിൽ സംതൃപ്തി കിട്ടാൻ എന്തു ചെയ്യണം?
കൂടുതൽ മനസ്സിലാക്കാൻ
ഏദെൻ തോട്ടം ശരിക്കും ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ നോക്കാം.
“ഏദെൻ തോട്ടം വാസ്തവത്തിൽ ഉണ്ടായിരുന്നോ?” (വെബ്സൈറ്റിലെ ലേഖനം)
ഭൂമി എന്നേക്കും നിലനിൽക്കുമെന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ടാണെന്നു നോക്കാം.
സന്തോഷമുള്ള ഒരു ജീവിതത്തിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നാണ് ബൈബിൾ പറയുന്നതെന്നു ശ്രദ്ധിക്കുക.
എല്ലാം നേടിയിട്ടും ജീവിതത്തിൽ എന്തോ കുറവുണ്ടെന്ന് തോന്നിയ ഒരു വ്യക്തിയെ പരിചയപ്പെടാം.
a ഇന്നു കാണുന്ന മോശമായ അവസ്ഥകളുടെ കാരണങ്ങളെക്കുറിച്ച് അടുത്ത പാഠത്തിൽ പഠിക്കും.