വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതിമൂന്ന്‌

വിവാഹം തകർച്ചയുടെ വക്കിലെങ്കിൽ

വിവാഹം തകർച്ചയുടെ വക്കിലെങ്കിൽ

1, 2. ഒരു വിവാഹം സമ്മർദത്തിൻകീഴിലായിരിക്കുമ്പോൾ, ഏതു ചോദ്യം ചോദിക്കേണ്ടതാണ്‌?

 ലൂചീയാ എന്നു പേരുള്ള ഒരു ഇറ്റാലിക്കാരി 1988-ൽ വളരെ വിഷാദമഗ്നയായിരുന്നു. * പത്തു വർഷങ്ങൾക്കുശേഷം അവളുടെ വിവാഹം അവസാനിക്കുകയായിരുന്നു. ഭർത്താവുമായി അനുരജ്ഞനത്തിലെത്താൻ അവൾ പലവട്ടം ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും വിജയിച്ചില്ല. അങ്ങനെ പൊരുത്തക്കേടുമൂലം അവൾ വേർപിരിഞ്ഞു. അതോടെ രണ്ടു പെൺമക്കളെ വളർത്തിക്കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം അവളുടേതു മാത്രമായി. ആ നാളുകളിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട്‌, ലൂചീയാ അനുസ്‌മരിക്കുന്നു: “ഞങ്ങളുടെ വിവാഹത്തെ രക്ഷിക്കാൻ ഒന്നിനും കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു.”

2 നിങ്ങൾക്കു വിവാഹപ്രശ്‌നങ്ങളുണ്ടെങ്കിൽ, ലൂചീയായ്‌ക്ക്‌ എങ്ങനെ അനുഭവപ്പെടുന്നുവെന്നു മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയും. നിങ്ങളുടെ വിവാഹം കുഴപ്പത്തിലായിരിക്കാം. അതിനെ ഇനിയും രക്ഷിക്കാനാവുമോ എന്നു നിങ്ങൾ ഒരുപക്ഷേ സംശയിക്കുന്നുമുണ്ടാകാം. സംഗതി അങ്ങനെയാണെങ്കിൽ, ഈ ചോദ്യം പരിചിന്തിക്കുന്നതു സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കും: വിവാഹം വിജയപ്രദമാക്കുന്നതിനു സഹായിക്കാൻ ദൈവം ബൈബിളിൽ നൽകിയിരിക്കുന്ന എല്ലാ നല്ല ഉപദേശവും ഞാൻ പിൻപറ്റിയിട്ടുണ്ടോ?—സങ്കീർത്തനം 119:105.

3. വിവാഹമോചനം പ്രചാരം സൃഷ്ടിച്ചിരിക്കേ, വിവാഹമോചിതരായ വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ഇടയിൽ എന്തു പ്രതികരണം റിപ്പോർട്ടു ചെയ്യപ്പെടുന്നു?

3 ഭാര്യയും ഭർത്താവും കടുത്ത പിരിമുറുക്കത്തിലായിരിക്കുമ്പോൾ, വിവാഹം അവസാനിപ്പിക്കുന്നത്‌ ഏറ്റവും എളുപ്പമായ ഒരു നടപടിയായി തോന്നാം. എന്നാൽ, അനേകം രാജ്യങ്ങളിലും കുടുംബത്തകർച്ചയിൽ അമ്പരപ്പിക്കുന്ന വർധനവുണ്ടെങ്കിലും, വിവാഹമോചിതരായ സ്‌ത്രീപുരുഷന്മാരിൽ ഒരു വലിയ ശതമാനം തകർച്ചയെക്കുറിച്ചു ഖേദിക്കുന്നതായി സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ നല്ലൊരുപങ്ക്‌ ആളുകളും വിവാഹത്തിൽ തുടരുന്നവരെക്കാൾ കൂടുതൽ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്‌. വിവാഹമോചനത്താൽ ബാധിക്കപ്പെടുന്ന കുട്ടികളുടെ ആശയക്കുഴപ്പവും അസന്തുഷ്ടിയും പലപ്പോഴും വർഷങ്ങളോളം നിലനിൽക്കുന്നു. തകർന്ന കുടുംബത്തിന്റെ മാതാപിതാക്കളും അവരുടെ സുഹൃത്തുക്കളുംകൂടെ കഷ്ടപ്പെടുകയാണ്‌. ആകട്ടെ, വിവാഹത്തിന്റെ കാരണഭൂതനായ ദൈവം പ്രസ്‌തുത സ്ഥിതിവിശേഷത്തെ വീക്ഷിക്കുന്ന വിധത്തെക്കുറിച്ചോ?

4. വിവാഹത്തിലെ പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടണം?

4 മുൻ അധ്യായങ്ങളിൽ ശ്രദ്ധിച്ചതുപോലെ, വിവാഹം ഒരു ആജീവനാന്ത ബന്ധമായിരിക്കണമെന്നു യഹോവ ഉദ്ദേശിച്ചു. (ഉല്‌പത്തി 2:24) അപ്പോൾപ്പിന്നെ, അനേകം വിവാഹങ്ങളും തകരുന്നതെന്തുകൊണ്ട്‌? അതു രായ്‌ക്കുരാമാനം സംഭവിച്ചെന്നു വരില്ല. സാധാരണഗതിയിൽ, മുന്നറിയിപ്പിൻ ലക്ഷണങ്ങൾ കാണും. വിവാഹത്തിലെ ചെറിയ പ്രശ്‌നങ്ങൾ വളർന്നു വളർന്ന്‌ അവസാനം അത്‌ അപരിഹാര്യമെന്നു തോന്നിയേക്കാം. എന്നാൽ ഈ പ്രശ്‌നങ്ങൾ ബൈബിളിന്റെ സഹായത്തോടെ ഉചിതമായി കൈകാര്യം ചെയ്യുന്നപക്ഷം, പല വിവാഹത്തകർച്ചകളും ഒഴിവാക്കാൻ കഴിയും.

യാഥാർഥ്യബോധമുള്ളവരായിരിക്കുക

5. ഏതൊരു വിവാഹത്തിലും ഏതു യഥാർഥ സ്ഥിതിവിശേഷം അഭിമുഖീകരിക്കണം?

5 പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന ഒരു ഘടകം വിവാഹപങ്കാളികളിൽ ഒരാൾക്കോ രണ്ടുപേർക്കുമോ ഉണ്ടായേക്കാവുന്ന യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകളാണ്‌. പ്രേമനോവലുകൾ, പ്രചുരപ്രചാരംനേടിയ മാഗസിനുകൾ, ടെലിവിഷൻ പരിപാടികൾ, ചലച്ചിത്രങ്ങൾ, വൈവാഹിക തെറാപ്പിയിലെ കോഴ്‌സുകൾ എന്നിവയ്‌ക്കു യഥാർഥ ജീവിതവുമായി ബന്ധമില്ലാത്ത പ്രതീക്ഷകളും സ്വപ്‌നങ്ങളും സൃഷ്ടിക്കാൻ കഴിയും. ഈ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കപ്പെടാതെ പോകുമ്പോൾ, ഒരു വ്യക്തിക്കു താൻ വഞ്ചിക്കപ്പെട്ടതായി തോന്നിയേക്കാം, കൂടാതെ അതൃപ്‌തിയും കാലൂഷ്യവും പോലും തോന്നുന്നുവെന്നും വരാം. എന്നിരുന്നാലും, അപൂർണരായ രണ്ട്‌ ആളുകൾക്ക്‌ വിവാഹത്തിൽ സന്തുഷ്ടി കണ്ടെത്താൻ കഴിയുന്നതെങ്ങനെ? വിജയപ്രദമായ ബന്ധം നേടിയെടുക്കാൻ ശ്രമം ആവശ്യമാണ്‌.

6. (എ) ബൈബിൾ വിവാഹത്തെക്കുറിച്ചു സമനിലയുള്ള ഏതു വീക്ഷണം നൽകുന്നു? (ബി) വിവാഹത്തിൽ വിയോജിപ്പുകൾക്കുള്ള ചില കാരണങ്ങൾ എന്തെല്ലാം?

6 ബൈബിൾ പ്രായോഗികമാണ്‌. അതു വിവാഹത്തിന്‌ അതിന്റേതായ സന്തോഷങ്ങളുണ്ടെന്നു സമ്മതിക്കുമ്പോൾത്തന്നെ വിവാഹം കഴിക്കുന്നവർക്കു “ജഡത്തിൽ കഷ്ടത ഉണ്ടാകു”മെന്നും മുന്നറിയിപ്പു നൽകുന്നുണ്ട്‌. (1 കൊരിന്ത്യർ 7:28) നേരത്തെ ശ്രദ്ധിച്ചതുപോലെ, രണ്ടു പങ്കാളികളും അപൂർണരും പാപം ചെയ്യാൻ ചായ്‌വുള്ളവരുമാണ്‌. ഓരോ പങ്കാളിയുടെയും മാനസികവും വൈകാരികവുമായ ഘടനയും ഓരോരുത്തരും വളർന്നുവന്ന വിധവും വ്യത്യാസമുള്ളതാണ്‌. പണം, കുട്ടികൾ, ഭാര്യാ-ഭർത്തൃ ബന്ധുക്കൾ, ഒരുമിച്ചു കാര്യങ്ങൾ ചെയ്യുന്നതിനു വേണ്ടത്ര സമയമില്ലായ്‌മ എന്നിവയെക്കുറിച്ചെല്ലാം ദമ്പതികൾ ചിലപ്പോഴൊക്കെ വിയോജിക്കുന്നു. ലൈംഗിക പ്രശ്‌നങ്ങൾക്കും കലഹത്തിനുള്ള ഒരു ഉറവായിരിക്കാനാവും. * അത്തരം സംഗതികൾ കൈകാര്യം ചെയ്യുന്നതിനു സമയം ആവശ്യമാണെങ്കിലും, പ്രോത്സാഹിതരാകുവിൻ! അത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിനും പരസ്‌പരം സ്വീകാര്യമായ പരിഹാരങ്ങളുണ്ടാക്കുന്നതിനും മിക്ക ദമ്പതികളും പ്രാപ്‌തരാണ്‌.

ഭിന്നതകൾ ചർച്ചചെയ്യുക

7, 8. വിവാഹപങ്കാളികൾക്കിടയിൽ വ്രണിത വികാരങ്ങളോ തെറ്റിദ്ധാരണകളോ ഉണ്ടെങ്കിൽ, അവ കൈകാര്യം ചെയ്യുന്നതിനുള്ള തിരുവെഴുത്തുപരമായ വിധമെന്ത്‌?

7 വ്രണിത വികാരങ്ങളെയോ തെറ്റിദ്ധാരണകളെയോ വ്യക്തിപരമായ പാളിച്ചകളെയോ കുറിച്ചു ചർച്ചചെയ്യുമ്പോൾ, സംയമനം പാലിക്കാൻ ബുദ്ധിമുട്ടുള്ളതായി പലർക്കും തോന്നുന്നു. “ഞാൻ തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നുന്നു” എന്നു നേരേ പറയുന്നതിനുപകരം, ഒരു ഇണ വികാരം കൊള്ളുകയും പ്രശ്‌നത്തെ പെരുപ്പിച്ചുകാട്ടുകയും ചെയ്‌തേക്കാം. പലരും ഇങ്ങനെ പറയും: “നിങ്ങൾക്കു നിങ്ങളുടെ കാര്യത്തിൽമാത്രമേ ശ്രദ്ധയുള്ളൂ,” അല്ലെങ്കിൽ “നിങ്ങൾക്കെന്നോട്‌ ഒരു സ്‌നേഹവുമില്ല.” വാദപ്രതിവാദത്തിൽ ഉൾപ്പെടേണ്ടല്ലോ എന്നു കരുതി, മറ്റേ ഇണ അതിനോടു പ്രതികരിക്കാതിരുന്നേക്കാം.

8 ബൈബിളിന്റെ ഈ ബുദ്ധ്യുപദേശം പിൻപറ്റുന്നതാണ്‌ മെച്ചപ്പെട്ട ഗതി: “കോപിക്കാം; എന്നാൽ പാപം ചെയ്യരുത്‌. നിങ്ങളുടെ കോപം സൂര്യൻ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.” (എഫേസോസ്‌ 4:26, പി.ഒ.സി. ബൈ.) 60-ാം വിവാഹ വാർഷികമെത്തിയ ഒരു സന്തുഷ്ട വിവാഹ ദമ്പതികളോട്‌ അവരുടെ വിജയപ്രദമായ വിവാഹത്തിന്റെ രഹസ്യമെന്തെന്നു ചോദിക്കുകയുണ്ടായി. ഭർത്താവ്‌ ഇങ്ങനെ പറഞ്ഞു: “എത്ര നിസ്സാര ഭിന്നതകളായിരുന്നാലുംശരി അവ പരിഹരിക്കാതെ ഉറങ്ങാൻ പോകാതിരിക്കാൻ ഞങ്ങൾ പഠിച്ചു.”

9. (എ) ആശയവിനിമയത്തിന്റെ ഒരു മർമപ്രധാന ഭാഗമായി തിരുവെഴുത്തുകളിൽ തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നതെന്ത്‌? (ബി) ധൈര്യവും താഴ്‌മയും ആവശ്യമാണെങ്കിലും, വിവാഹിത ഇണകൾ പലപ്പോഴും എന്തു ചെയ്യേണ്ടയാവശ്യമുണ്ട്‌?

9 ഭർത്താവിനും ഭാര്യക്കും ഇടയിൽ വിയോജിപ്പുണ്ടാകുമ്പോൾ, ഓരോരുത്തരും “കേൾക്കുന്നതിൽ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതിൽ തിടുക്കംകൂട്ടാത്തവരും കോപിക്കുന്നതിൽ മന്ദഗതിക്കാരും ആയിരി”ക്കേണ്ടയാവശ്യമുണ്ട്‌. (യാക്കോബ്‌ 1:19, പി.ഒ.സി. ബൈ.) സൂക്ഷ്‌മതയോടെ ശ്രദ്ധിച്ചശേഷം, ഇരു പങ്കാളികൾക്കും ക്ഷമായാചനം നടത്തേണ്ടതിന്റെ ആവശ്യം തോന്നിയേക്കാം. (യാക്കോബ്‌ 5:16) “നിങ്ങളെ വ്രണപ്പെടുത്തിയതിൽ വിഷമമുണ്ട്‌” എന്ന്‌ ആത്മാർഥതയോടെ പറയണമെങ്കിൽ, താഴ്‌മയും ധൈര്യവും ആവശ്യമാണ്‌. എന്നാൽ ഈ രീതിയിൽ ഭിന്നതകൾ തീർക്കുന്നതു പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാത്രമല്ല, പരസ്‌പര സഹവാസത്തിൽ കൂടുതൽ സുഖം കണ്ടെത്തുന്നതിന്‌ ഇടയാക്കുന്ന ഊഷ്‌മളതയും ഉറ്റബന്ധവും വികസിപ്പിച്ചെടുക്കാനും ഒരു വിവാഹിത ദമ്പതികളെ സഹായിക്കുന്നതിൽ വളരെ ഫലപ്രദമാണ്‌.

വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നത്‌ കൊടുക്കൽ

10. പൗലോസ്‌ കൊരിന്ത്യ ക്രിസ്‌ത്യാനികൾക്കു ശുപാർശചെയ്‌ത ഏതു സംരക്ഷണം ഇന്നു ക്രിസ്‌ത്യാനികൾക്കു ബാധകമായേക്കാം?

10 പൗലോസ്‌ അപ്പോസ്‌തലൻ കൊരിന്ത്യർക്ക്‌ എഴുതിയപ്പോൾ, ‘ദുർന്നടപ്പുനിമിത്തം’ അവൻ വിവാഹം ശുപാർശചെയ്‌തു. (1 കൊരിന്ത്യർ 7:2) ഇപ്പോൾ ലോകം പുരാതന കൊരിന്ത്യയിലെപ്പോലെതന്നെയോ അതിനെക്കാൾ മോശമോ ആണ്‌. ലോകത്തിലെ ആളുകൾ തുറന്നു ചർച്ചചെയ്യുന്ന അധാർമിക വിഷയങ്ങൾ, അടക്കവും ഒതുക്കവുമില്ലാത്ത വസ്‌ത്രധാരണം, മാസികകളിലും പുസ്‌തകങ്ങളിലും ടിവിയിലും ചലച്ചിത്രങ്ങളിലും അവതരിപ്പിക്കപ്പെടുന്ന ഭോഗപരമായ കഥകൾ എന്നിവയെല്ലാംചേർന്ന്‌ അവിഹിത ലൈംഗിക തൃഷ്‌ണയെ ഉത്തേജിപ്പിക്കുന്നു. സമാനമായ ചുറ്റുപാടിൽ ജീവിച്ചിരുന്ന കൊരിന്ത്യരോടു പൗലോസ്‌ അപ്പോസ്‌തലൻ പറഞ്ഞു: “അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.”—1 കൊരിന്ത്യർ 7:9.

11, 12. (എ) ഭാര്യയും ഭർത്താവും പരസ്‌പരം എന്തു കടപ്പെട്ടിരിക്കുന്നു, അതു കൊടുക്കേണ്ടത്‌ ഏതു മനോഭാവത്തോടെ ആയിരിക്കണം? (ബി) വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നതു തത്‌കാലത്തേക്കു കൊടുക്കാതിരിക്കേണ്ടതുണ്ടെങ്കിൽ, പ്രസ്‌തുത സ്ഥിതിവിശേഷം എങ്ങനെ കൈകാര്യം ചെയ്യണം?

11 അതുകൊണ്ട്‌, വിവാഹിതരായ ക്രിസ്‌ത്യാനികളോടു ബൈബിൾ ഇങ്ങനെ കൽപ്പിക്കുന്നു: “ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.” (1 കൊരിന്ത്യർ 7:3) കൊടുക്കുന്നതിലാണ്‌, അല്ലാതെ ആവശ്യപ്പെടുന്നതിലല്ല ഊന്നൽ എന്നതു ശ്രദ്ധിക്കുക. ഓരോ പങ്കാളിയും മറ്റേയാളുടെ ഗുണത്തിൽ താത്‌പര്യം കാട്ടുന്നെങ്കിലേ വിവാഹത്തിലെ ശാരീരികബന്ധം വാസ്‌തവത്തിൽ തൃപ്‌തികരമാകൂ. ഉദാഹരണത്തിന്‌, ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോടു “പരിജ്ഞാനപ്രകാരം” ഇടപെടണമെന്നു ബൈബിൾ കൽപ്പിക്കുന്നു. (1 പത്രോസ്‌ 3:7, NW) വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നതു കൊടുക്കുന്നതിലും സ്വീകരിക്കുന്നതിലും ഇതു വിശേഷാൽ സത്യമാണ്‌. ഭാര്യക്ക്‌ ആർദ്രമായ പെരുമാറ്റം ലഭിക്കുന്നില്ലെങ്കിൽ, വിവാഹത്തിലെ ഈ ഭാഗം ആസ്വദിക്കുക പ്രയാസകരമാണെന്ന്‌ അവൾക്കു തോന്നിയേക്കാം.

12 വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നതു വിവാഹിത ഇണകൾക്കു പരസ്‌പരം കൊടുക്കാൻ പറ്റാതെ വരുന്ന സമയങ്ങളുണ്ട്‌. മാസത്തിലെ ചില സമയങ്ങളിൽ, അല്ലെങ്കിൽ അവൾക്കു വലിയ ക്ഷീണം തോന്നുന്ന സമയങ്ങളിൽ ഇതു ഭാര്യയെ സംബന്ധിച്ചിടത്തോളം സത്യമായിരുന്നേക്കാം. (ലേവ്യപുസ്‌തകം 18:19 താരതമ്യം ചെയ്യുക.) ജോലിസ്ഥലത്ത്‌ ഒരു ഗുരുതരമായ പ്രശ്‌നം കൈകാര്യം ചെയ്യുമ്പോഴും വൈകാരികമായി തളർന്നിരിക്കുമ്പോഴും അതു ഭർത്താവിനെ സംബന്ധിച്ചും സത്യമായിരുന്നേക്കാം. രണ്ടു പങ്കാളികളും സ്ഥിതിവിശേഷം തുറന്നു ചർച്ചചെയ്യുകയും “പരസ്‌പരസമ്മതത്തോടെ” യോജിപ്പു പ്രകടമാക്കുകയും ചെയ്യുന്നെങ്കിൽ, വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നതു താത്‌കാലികമായി കൊടുക്കാതിരിക്കുന്നത്‌ ഏറ്റവും മെച്ചമായ രീതിയിൽ കൈകാര്യം ചെയ്യാനാവും. (1 കൊരിന്ത്യർ 7:5) ഇതു തെറ്റായ നിഗമനങ്ങളിലേക്ക്‌ എടുത്തുചാടാതിരിക്കാൻ രണ്ടു പങ്കാളികളെയും സഹായിക്കും. എന്നിരുന്നാലും, ഭാര്യ വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നതു ഭർത്താവിനു മനഃപൂർവം കൊടുക്കാതിരിക്കുന്നെങ്കിൽ, അല്ലെങ്കിൽ ഭർത്താവ്‌ അതു സ്‌നേഹപുരസ്സരമായ ഒരു വിധത്തിൽ കൊടുക്കാതിരിക്കുന്നെങ്കിൽ, അതു പങ്കാളി പ്രലോഭനത്തിൽ വീഴാൻ വഴിയൊരുക്കിയേക്കും. അത്തരമൊരു സാഹചര്യത്തിൽ, വിവാഹത്തിൽ പ്രശ്‌നങ്ങൾ പൊന്തിവന്നേക്കാം.

13. തങ്ങളുടെ ചിന്ത ശുദ്ധമായി സൂക്ഷിക്കുന്നതിനു ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

13 എല്ലാ ക്രിസ്‌ത്യാനികളെയുംപോലെ, ദൈവത്തിന്റെ വിവാഹിത ദാസർ അശുദ്ധവും അസ്വാഭാവികവുമായ മോഹങ്ങളുണർത്താൻ പര്യാപ്‌തമായ അശ്ലീലസാഹിത്യം ഒഴിവാക്കണം. (കൊലൊസ്സ്യർ 3:5) വിപരീതലിംഗവർഗത്തിൽപ്പെട്ട എല്ലാവരോടും ഇടപെടുമ്പോഴും അവർ തങ്ങളുടെ ചിന്തകളെയും പ്രവൃത്തികളെയും സൂക്ഷിക്കണം. യേശു ഇപ്രകാരം മുന്നറിയിപ്പു നൽകി: “സ്‌ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്‌തുപോയി.” (മത്തായി 5:28) ലൈംഗികതയെക്കുറിച്ചുളള ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിനാൽ, പ്രലോഭനത്തിൽ വീണ്‌ വ്യഭിചാരം ചെയ്യുന്നത്‌ ഒഴിവാക്കാൻ ദമ്പതികൾ പ്രാപ്‌തരാകേണ്ടതാണ്‌. വിവാഹത്തിന്റെ കാരണഭൂതനായ യഹോവയിൽനിന്നുള്ള ആരോഗ്യാവഹമായ ഒരു ദാനമെന്ന നിലയിൽ ലൈംഗികതയെ മതിപ്പോടെ കാത്തുകൊള്ളുന്ന വിവാഹത്തിൽ ആനന്ദദായകമായ ഉറ്റബന്ധം ആസ്വദിക്കുന്നതിൽ തുടരാൻ അവർക്കു കഴിയും.—സദൃശവാക്യങ്ങൾ 5:15-19.

വിവാഹമോചനത്തിനുള്ള ബൈബിളടിസ്ഥാനം

14. ഏതു സങ്കടകരമായ സ്ഥിതിവിശേഷം ചിലപ്പോൾ ഉടലെടുക്കുന്നു? എന്തുകൊണ്ട്‌?

14 മിക്ക ക്രിസ്‌തീയ വിവാഹങ്ങളിലും പൊന്തിവരുന്ന ഏതു പ്രശ്‌നങ്ങളും കൈകാര്യം ചെയ്യപ്പെടാൻ കഴിയുമെന്നതു സന്തോഷകരംതന്നെ. എന്നിരുന്നാലും, ചിലപ്പോഴൊക്കെ സംഗതിക്കു വ്യത്യാസമുണ്ട്‌. മനുഷ്യർ അപൂർണരും സാത്താന്റെ നിയന്ത്രണത്തിൻകീഴിലുള്ള, പാപപൂരിതമായ ഒരു ലോകത്തു ജീവിക്കുന്നവരും ആയതുകൊണ്ട്‌, ചില വിവാഹങ്ങൾ തകർച്ചയുടെ വക്കിലെത്തുന്നു. (1 യോഹന്നാൻ 5:19) അത്തരമൊരു വിഷമസന്ധി ക്രിസ്‌ത്യാനികൾ എങ്ങനെ കൈകാര്യം ചെയ്യണം?

15. (എ) പുനർവിവാഹസാധ്യതയോടെ വിവാഹമോചനം നടത്തുന്നതിനുള്ള തിരുവെഴുത്തുപരമായ ഏക അടിസ്ഥാനം എന്ത്‌? (ബി) അവിശ്വസ്‌തയായ ഒരു വിവാഹിത ഇണയിൽനിന്നു വിവാഹമോചനം നേടുന്നതിനെതിരെ ചിലർ തീരുമാനിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 ഈ പുസ്‌തകത്തിന്റെ 2-ാമത്തെ അധ്യായത്തിൽ സൂചിപ്പിച്ചതുപോലെ, വിവാഹമോചനത്തിനുള്ള തിരുവെഴുത്ത്‌ അടിസ്ഥാനം പരസംഗം മാത്രമാണ്‌, അത്തരമൊരു വിവാഹമോചനത്തിനേ പുനർവിവാഹസാധ്യതയുളളൂ. * (മത്തായി 19:9) നിങ്ങളുടെ വിവാഹിത ഇണ അവിശ്വസ്‌തത കാട്ടിയെന്നതിനു കൃത്യമായ തെളിവുള്ളപ്പോൾ, നിങ്ങൾ പ്രയാസകരമായ ഒരു തീരുമാനം എടുക്കേണ്ടിവരും. നിങ്ങൾ വിവാഹത്തിൽ തുടരുമോ, അതോ വിവാഹമോചനം തേടുമോ? അതിനു നിയമങ്ങൾ ഒന്നുമില്ല. ചില ക്രിസ്‌ത്യാനികൾ യഥാർഥ അനുതാപം കാട്ടുന്ന പങ്കാളിയോടു പൂർണമായും ക്ഷമിച്ചിട്ടുണ്ട്‌. അങ്ങനെ കാത്തുസൂക്ഷിച്ച വിവാഹം നല്ല രീതിയിലായിത്തീർന്നിട്ടുമുണ്ട്‌. മറ്റുള്ളവർ കുട്ടികളെപ്രതി വിവാഹമോചനത്തിനെതിരെ തീരുമാനിച്ചിട്ടുണ്ട്‌.

16. (എ) തെറ്റുചെയ്‌ത വിവാഹ ഇണയിൽനിന്നു വിവാഹമോചനം നേടാൻ ചിലരെ പ്രേരിപ്പിച്ചിരിക്കുന്ന ഏതാനും ഘടകങ്ങൾ എന്തെല്ലാം? (ബി) നിർദോഷിയായ ഒരു ഇണ വിവാഹമോചനം നടത്താനോ നടത്താതിരിക്കാനോ തീരുമാനിക്കുമ്പോൾ, ആ വ്യക്തിയുടെ തീരുമാനത്തെ ആരും വിമർശിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

16 നേരേമറിച്ച്‌, ആ പാപപ്രവൃത്തിമൂലം ചിലപ്പോൾ ഗർഭധാരണം നടക്കുകയോ ലൈംഗികമായി പകരുന്ന രോഗം പിടിപെടുകയോ ചെയ്‌തിരിക്കാം. അല്ലെങ്കിൽ, ലൈംഗിക ദുഷ്‌പെരുമാറ്റമുള്ള മാതാവിൽനിന്നോ പിതാവിൽനിന്നോ കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ടാവാം. വ്യക്തമായും, ഒരു തീരുമാനം എടുക്കുന്നതിനുമുമ്പ്‌ അനേകം സംഗതികൾ പരിചിന്തിക്കേണ്ടതുണ്ട്‌. എന്നാൽ നിങ്ങളുടെ വിവാഹിത ഇണയുടെ അവിശ്വസ്‌തതയെക്കുറിച്ച്‌ അറിഞ്ഞിട്ടും നിങ്ങൾ ഇണയുമായി ലൈംഗിക ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നെങ്കിൽ, നിങ്ങൾ നിങ്ങളുടെ ഇണയോടു ക്ഷമിച്ചുവെന്നും വിവാഹത്തിൽ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നുമാണ്‌ അതു സൂചിപ്പിക്കുക. പുനർവിവാഹത്തിന്‌ തിരുവെഴുത്തുപരമായ സാധ്യതയുള്ള വിവാഹമോചനത്തിന്‌ മേലാൽ അടിത്തറയില്ല. ആരും നിങ്ങളുടെ കാര്യങ്ങളിൽ തലയിടുന്നവരോ നിങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരോ ആയിരിക്കേണ്ടതില്ല, നിങ്ങൾ എടുക്കുന്ന തീരുമാനത്തെ ആരും വിമർശിക്കേണ്ടതുമില്ല. നിങ്ങൾ എടുക്കുന്ന തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളുമായി നിങ്ങൾ ജീവിക്കേണ്ടിവരും. “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.”—ഗലാത്യർ 6:5.

വേർപിരിയുന്നതിനുള്ള അടിസ്ഥാനങ്ങൾ

17. പരസംഗം നടന്നിട്ടില്ലെങ്കിൽ, വേർപിരിയലിന്മേൽ അല്ലെങ്കിൽ വിവാഹമോചനത്തിന്മേൽ തിരുവെഴുത്തുകൾ എന്തു നിബന്ധനകൾ വെക്കുന്നു?

17 പരസംഗം ചെയ്‌തിട്ടില്ലെങ്കിൽപ്പോലും, വേർപിരിയലിനെയോ വിവാഹിത ഇണയിൽനിന്നുള്ള വിവാഹമോചനത്തെപ്പോലുമോ ന്യായീകരിക്കാവുന്ന സ്ഥിതിവിശേഷങ്ങളുണ്ടോ? ഉണ്ട്‌, എന്നാൽ അത്തരം സന്ദർഭങ്ങളിൽ, ഒരു ക്രിസ്‌ത്യാനിക്കു മറ്റൊരാളെ പുനർവിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമില്ല. (മത്തായി 5:32) ബൈബിൾ അത്തരം വേർപിരിയൽ അനുവദിക്കുമ്പോൾത്തന്നെ, വേർപിരിയുന്നയാൾ “വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ . . . നിരന്നുകൊള്ളേണം” എന്നു നിഷ്‌കർഷിക്കുന്നു. (1 കൊരിന്ത്യർ 7:11) വേർപിരിയൽ അഭികാമ്യമെന്നു തോന്നുന്ന അതിഗുരുതരമായ ചില സ്ഥിതിവിശേഷങ്ങൾ ഏതെല്ലാമാണ്‌?

18, 19. പുനർവിവാഹസാധ്യതയില്ലെങ്കിലും, നിയമപരമായ വേർപിരിയലോ വിവാഹമോചനമോ എത്ര അഭികാമ്യമായിരിക്കുമെന്ന്‌ ഒരു ഇണ തൂക്കിനോക്കുന്നതിലേക്കു നയിച്ചേക്കാവുന്ന അതിഗുരുതരമായ ചില സ്ഥിതിവിശേഷങ്ങൾ എന്തെല്ലാം?

18 ഭർത്താവിന്റെ കടുത്ത അലസതയും ദുശ്ശീലങ്ങളും നിമിത്തം കുടുംബം കുളംകോരിയേക്കാം. * അയാൾ ചൂതാട്ടത്തിലേർപ്പെട്ട്‌ കുടുംബത്തിന്റെ വരുമാനം മുടിപ്പിക്കുകയോ മയക്കുമരുന്നിനോടോ മദ്യത്തോടോ ഉള്ള ആസക്തി നിലനിർത്താൻ അത്‌ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടാവാം. ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: ‘സ്വന്തകുടുംബക്കാർക്കു വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.’ (1 തിമൊഥെയൊസ്‌ 5:8) അത്തരമൊരു മനുഷ്യൻ ഒരുപക്ഷേ ഭാര്യ സമ്പാദിക്കുന്ന പണംപോലും എടുത്തുകൊണ്ട്‌, തന്റെ ദുശ്ശീലങ്ങളെ നിലനിർത്തി തന്റെ വഴികൾക്കു മാറ്റംവരുത്താൻ കൂട്ടാക്കുന്നില്ലെങ്കിൽ, ഭാര്യ നിയമപരമായ ഒരു വേർപിരിയൽ നേടി തന്റെയും കുട്ടികളുടെയും ക്ഷേമം കാക്കാൻ ശ്രമിച്ചേക്കാം.

19 പങ്കാളിയുടെനേരേ ഇണ അങ്ങേയറ്റം അക്രമാസക്തനെങ്കിലും, ഒരുപക്ഷേ ആരോഗ്യവും ജീവൻപോലും അപകടത്തിലാവുന്ന ഘട്ടത്തോളം ആവർത്തിച്ചു ദേഹോപദ്രവം ഏൽപ്പിക്കുന്നെങ്കിൽ, മേൽപ്പറഞ്ഞ നിയമനടപടിതന്നെ പരിചിന്തിച്ചേക്കാം. കൂടാതെ, ഏതെങ്കിലും വിധത്തിൽ ദൈവകൽപ്പനകൾ ലംഘിക്കാൻ വിവാഹിത ഇണ നിരന്തരം നിർബന്ധിക്കുന്നെങ്കിൽ, ഭീഷണി നേരിടുന്ന ഇണ ചിലപ്പോൾ വേർപിരിയുന്ന കാര്യം പരിഗണിച്ചെന്നിരിക്കും, വിശേഷിച്ച്‌ ആത്മീയ ജീവിതം അപകടപ്പെടുന്ന ഘട്ടത്തോളം സംഗതിയെത്തുന്നെങ്കിൽ. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരി”ക്കാനുള്ള ഒരേ ഒരു വഴി നിയമപരമായ ഒരു വേർപിരിയൽ നേടുകയാണെന്ന്‌ അപകടത്തിലായ പങ്കാളി നിഗമനം ചെയ്‌തെന്നുവരാം.—പ്രവൃത്തികൾ 5:29.

20. (എ) ഒരു കുടുംബത്തകർച്ചയുടെ കാര്യത്തിൽ, പക്വതയുള്ള സുഹൃത്തുക്കളും മൂപ്പന്മാരും എന്തു വാഗ്‌ദാനം ചെയ്‌തേക്കാം, അവർ എന്തു വാഗ്‌ദാനം ചെയ്യരുത്‌? (ബി) വിവാഹിതരായ വ്യക്തികൾ വേർപിരിയലിനും വിവാഹമോചനത്തിനുംവേണ്ടിയുള്ള ബൈബിൾ പരാമർശങ്ങൾ എന്തു ചെയ്യാനുള്ള ഒഴികഴിവായി ഉപയോഗിക്കരുത്‌?

20 ഇണയിൽനിന്നുള്ള അതിഗുരുതരമായ ദുഷ്‌പെരുമാറ്റമുള്ള എല്ലാ സംഭവങ്ങളിലും, മറ്റേയാളിൽനിന്നു വേർപിരിയാനോ അയാളോടൊപ്പം നിൽക്കാനോ ആരും നിർദോഷിയായ ഇണയെ നിർബന്ധിക്കരുത്‌. പക്വതയുള്ള സുഹൃത്തുക്കളും മൂപ്പന്മാരും പിന്തുണയും ബൈബിളധിഷ്‌ഠിത ബുദ്ധ്യുപദേശവും നൽകിയേക്കാമെങ്കിലും ഭർത്താവിനും ഭാര്യക്കുമിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതു സംബന്ധിച്ച്‌ എല്ലാ വിശദാംശങ്ങളും ഇവർക്ക്‌ അറിയാൻ കഴിയില്ല. യഹോവയ്‌ക്കു മാത്രമേ അതു കാണാൻ കഴിയൂ. തീർച്ചയായും, വിവാഹബന്ധം വേർപെടുത്താൻ ഒരു ക്രിസ്‌തീയ ഭാര്യ നിസ്സാര ഒഴികഴിവുകൾ ഉപയോഗിക്കുന്നെങ്കിൽ, അവൾ ദൈവത്തിന്റെ വിവാഹക്രമീകരണത്തെ ആദരിക്കുകയാവില്ല. എന്നാൽ അങ്ങേയറ്റം അപകടകരമായ സ്ഥിതിവിശേഷം നിലനിൽക്കുന്നെങ്കിൽ, അവൾ വേർപിരിയാൻ തീരുമാനിക്കുന്നപക്ഷം ആരും അവളെ വിമർശിക്കരുത്‌. വേർപിരിയാൻ തുനിയുന്ന ഭർത്താവിനെ സംബന്ധിച്ചും കൃത്യമായും ഇതുതന്നെ പറയാൻ കഴിയും. “നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നില്‌ക്കേണ്ടിവരും.”—റോമർ 14:10.

തകർന്ന ഒരു വിവാഹം രക്ഷപ്പെട്ട വിധം

21. വിവാഹം സംബന്ധിച്ചുള്ള ബൈബിൾ ഉപദേശം പ്രായോഗികമാണെന്ന്‌ ഏത്‌ അനുഭവം പ്രകടമാക്കുന്നു?

21 മുമ്പു സൂചിപ്പിച്ച ലൂചീയാ, ഭർത്താവിൽനിന്നു വേർപിരിഞ്ഞ്‌ മൂന്നു മാസം കഴിഞ്ഞപ്പോൾ, അവൾ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുകയും അവരോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്‌തു. അവൾ ഇങ്ങനെ വിശദീകരിക്കുന്നു: “അതിശയംതന്നെ, ബൈബിൾ എന്റെ പ്രശ്‌നത്തിനു പ്രായോഗികമായ പരിഹാരങ്ങൾ നൽകി. ഒരാഴ്‌ചത്തെ പഠനമേ കഴിഞ്ഞുള്ളൂ, ഉടനടി ഭർത്താവുമായി രമ്യതയിലെത്താനായി എന്റെ ആഗ്രഹം. യഹോവയുടെ പഠിപ്പിക്കലുകൾ പരസ്‌പരം വിലമതിപ്പു തോന്നേണ്ടതെങ്ങനെയെന്നു പഠിക്കാൻ ഇണകളെ സഹായിക്കുന്നതുകൊണ്ട്‌, പ്രതിസന്ധിയിലായ വിവാഹങ്ങളെ രക്ഷിക്കാൻ അവനറിയാമെന്ന്‌ ഇന്ന്‌ എനിക്കു പറയാൻ കഴിയും. യഹോവയുടെ സാക്ഷികൾ കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നു ചിലർ പറയുന്നതു സത്യമല്ല. എന്റെ കാര്യത്തിൽ അതിനു നേർവിപരീതമാണു സത്യം.” ബൈബിൾ തത്ത്വങ്ങൾ തന്റെ ജീവിതത്തിൽ ബാധകമാക്കാൻ ലൂചീയാ പഠിച്ചു.

22. എല്ലാ വിവാഹിത ദമ്പതിമാർക്കും എന്തിൽ വിശ്വാസമുണ്ടായിരിക്കണം?

22 ലൂചീയായുടേത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല. വിവാഹം ഒരു ഭാരമല്ല, അനുഗ്രഹമായിരിക്കണം. ആ ലക്ഷ്യത്തിൽ, എഴുതപ്പെട്ടതിലേക്കുംവെച്ച്‌ ഏറ്റവും മികച്ച വിവാഹോപദേശത്തിന്റെ ഉറവ്‌—തന്റെ അമൂല്യ വചനം—യഹോവ പ്രദാനം ചെയ്‌തിരിക്കുന്നു. ബൈബിളിന്‌ “അല്‌പബുദ്ധിയെ ജ്ഞാനിയാക്കാ”ൻ കഴിയും. (സങ്കീർത്തനം 19:7-11) തകർച്ചയുടെ വക്കിലായിരുന്ന അനേകം വിവാഹങ്ങളെ അതു രക്ഷപ്പെടുത്തുകയും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായിരുന്ന മറ്റ്‌ അനേകം വിവാഹങ്ങളെ പുരോഗമിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. യഹോവയാം ദൈവം പ്രദാനം ചെയ്യുന്ന വിവാഹോപദേശത്തിൽ എല്ലാ ദമ്പതികൾക്കും പൂർണവിശ്വാസം ഉണ്ടാകുമാറാകട്ടെ! അതു ശരിക്കും പ്രായോഗികമാണ്‌!

^ പേരിനു മാറ്റം വരുത്തിയിട്ടുണ്ട്‌.

^ ഈ മേഖലകളിൽ ചിലതിനെക്കുറിച്ചു മുൻ അധ്യായങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്‌.

^ “പരസംഗം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ബൈബിൾ പദത്തിൽ വ്യഭിചാരം, സ്വവർഗസംഭോഗം, മൃഗങ്ങളുമായുള്ള ലൈംഗികത, ലൈംഗിക അവയവങ്ങളുടെ ഉപയോഗം ഉൾപ്പെടുന്ന മനഃപൂർവമായ മറ്റ്‌ അവിഹിത പ്രവൃത്തികൾ എന്നിവ ഉൾപ്പെടുന്നു.

^ സദുദ്ദേശ്യമുള്ള ഭർത്താവെങ്കിലും, രോഗമോ തൊഴിലില്ലായ്‌മയോ പോലുള്ള തന്റെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാൽ കുടുംബകാര്യങ്ങൾ നോക്കാൻ പ്രാപ്‌തിയില്ലാത്ത ഭർത്താവിന്റെ സ്ഥിതിവിശേഷങ്ങൾ ഇതിലുൾപ്പെടുന്നില്ല.