എനിക്ക് ഈ ദുഃഖവും പേറി എങ്ങനെ ജീവിക്കാൻ കഴിയും?
“വികാരങ്ങൾ ഉള്ളിലൊതുക്കാൻ എന്റെമേൽ വലിയ സമ്മർദം ഉണ്ടായി,” തന്റെ പിതാവിന്റെ മരണത്തെ കുറിച്ച് ഓർത്തുകൊണ്ട് മൈക് പറയുന്നു. ദുഃഖം കടിച്ചമർത്തുന്നതാണ് പുരുഷത്വത്തിന്റെ ലക്ഷണം എന്നാണ് മൈക് ധരിച്ചുവെച്ചിരുന്നത്. പക്ഷേ ആ ധാരണ തെറ്റായിരുന്നു എന്ന് പിന്നീട് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് മൈക്കിന്റെ സ്നേഹിതന് അവന്റെ മുത്തച്ഛനെ നഷ്ടപ്പെട്ടപ്പോൾ എന്തു ചെയ്യണമെന്ന് മൈക്കിന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നു: “രണ്ടു വർഷം മുമ്പായിരുന്നെങ്കിൽ ഞാൻ അവന്റെ തോളത്തു തട്ടിയിട്ട് ‘എന്തായിത്? നീ ഒരു ആണല്ലേ?’ എന്നു പറയുമായിരുന്നു. ഈ സന്ദർഭത്തിൽ പക്ഷേ, ഞാനവന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞത് ഇങ്ങനെയാണ്, ‘നിന്റെ മനസ്സിലുള്ളതു പുറത്തു കാണിക്കാൻ ഒട്ടും മടിക്കേണ്ട. ദുഃഖം താങ്ങാൻ നിന്നെ അതു സഹായിക്കും. ഞാൻ ഇവിടെനിന്നു പോകണമെങ്കിൽ പോകാം. നിൽക്കണമെങ്കിൽ നിൽക്കാം. പക്ഷേ നിന്റെ വിഷമം തുറന്നു പ്രകടിപ്പിക്കാൻ ഒരു മടിയും വിചാരിക്കേണ്ട.’”
തന്റെ ഭർത്താവ് മരിച്ചപ്പോൾ വികാരങ്ങൾ അടക്കിവെക്കാൻ മാരിയാനിനും സമ്മർദമുണ്ടായി. അവർ ഇപ്രകാരം അനുസ്മരിക്കുന്നു: “മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയായിരിക്കുന്നതിനെ കുറിച്ച് ഞാൻ വലിയ ചിന്തയുള്ളവളായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ സ്വാഭാവിക വികാരങ്ങൾ പുറത്തു കാണിക്കാതെയിരുന്നു. പക്ഷേ മറ്റുള്ളവർക്ക് ഒരു ശക്തികേന്ദ്രം ആയിരിക്കാനുള്ള ശ്രമം എന്നെ സഹായിക്കുന്നില്ല എന്നു ക്രമേണ ഞാൻ മനസ്സിലാക്കി. എന്റെ സാഹചര്യം ഞാൻ വിശകലനം ചെയ്യാൻ തുടങ്ങി, എന്നിട്ട് എന്നോടുതന്നെ ഇങ്ങനെ പറഞ്ഞു: ‘കരയണമെന്നു തോന്നുമ്പോൾ കരയുക. വലിയ ചങ്കുറപ്പൊന്നും കാണിക്കാൻ ശ്രമിക്കേണ്ട. ഉള്ള വികാരങ്ങൾ പ്രകടിപ്പിച്ചു തീർക്കുക.’”
അതുകൊണ്ട് മൈക്കും മാരിയാനും നിർദേശിക്കുന്നത് ഇതാണ്: ദുഃഖം ദുഃഖിച്ചുതീർക്കുക! അവർ പറയുന്നത് ശരിയാണ്. എന്തുകൊണ്ട്? ദുഃഖം തോന്നുമ്പോൾ അതു പ്രകടിപ്പിക്കുന്നത് വികാരങ്ങളെ മോചിപ്പിക്കാനുള്ള ഒരു അനിവാര്യ മാർഗമാണ്. അതാകട്ടെ നിങ്ങൾക്കു സമ്മർദത്തിൽനിന്നു വിടുതൽ നൽകുകയും ചെയ്യും. സ്വാഭാവിക വികാര പ്രകടനം കൃത്യമായ അറിവ് ഉൾക്കൊണ്ടുകൊണ്ടുള്ളതും ഗ്രാഹ്യത്തോടുകൂടിയതും ആയിരിക്കുമ്പോൾ അതു വികാരങ്ങളെ ഉചിതമായ സ്ഥാനത്തു നിറുത്താൻ നിങ്ങളെ സഹായിക്കുന്നു.
എല്ലാവരും ദുഃഖം പ്രകടിപ്പിക്കുന്നത് ഒരേ വിധത്തിലല്ല. പ്രിയപ്പെട്ട ഒരാൾ മരിച്ചത് ഓർക്കാപ്പുറത്ത് ആയിരുന്നോ അതോ ദീർഘനാൾ രോഗിയായി കിടന്നതിനുശേഷം ആയിരുന്നോ എന്നിങ്ങനെയുള്ള സംഗതികൾ പരേതന്റെ കുടുംബാംഗങ്ങളുടെ വൈകാരിക പ്രതികരണത്തെ സ്വാധീനിച്ചേക്കാം. പക്ഷേ, ഒരു കാര്യം ഉറപ്പാണ്: വികാരങ്ങളെ അടിച്ചമർത്തുന്നത് ശാരീരികമായും വൈകാരികമായും നിങ്ങൾക്കു ദോഷം ചെയ്യും. ദുഃഖം തുറന്നു പ്രകടിപ്പിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. അതു ചെയ്യാൻ കഴിയുന്നത് എങ്ങനെയാണ്? തിരുവെഴുത്തുകളിൽ ചില പ്രായോഗിക ബുദ്ധിയുപദേശങ്ങൾ അടങ്ങിയിരിക്കുന്നു.
ദുഃഖം തുറന്നു പ്രകടിപ്പിക്കൽ—എങ്ങനെ?
സംസാരിക്കുന്നത് വികാരം തുറന്നു പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്. പത്തു മക്കളുടെയും മരണം ഉൾപ്പെടെ വ്യക്തിപരമായ ദുരന്തങ്ങൾക്ക് ഇരയായ പുരാതന ഗോത്രപിതാവായ ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “എന്റെ ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു; ഞാൻ എന്റെ സങ്കടം തുറന്നുപറയും [എബ്രായ, “അഴിച്ചുവിടും”]; എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും.” (ഇയ്യോബ് 1:2, 18, 19; 10:1) ഇയ്യോബിന് അവന്റെ സങ്കടം അടക്കിനിറുത്താൻ കഴിഞ്ഞില്ല. ദുഃഖത്തിന്റെ കെട്ടഴിച്ചുവിടാൻ അവൻ ആഗ്രഹിച്ചു; അവന് “സംസാരിക്ക”ണമായിരുന്നു. സമാനമായി ഇംഗ്ലീഷ് നാടകകൃത്തായ ഷേക്സ്പിയർ മാക്ബെത്തിൽ ഇങ്ങനെ എഴുതി: “വ്യസനം വാക്കുകളിൽ പകരുക; ഹൃദയത്തിൽ ഉരുണ്ടുകൂടുന്ന ദുഃഖം വാക്കുകളിലൂടെ പെയ്തൊഴിയാത്തപ്പോൾ അതു ഹൃദയത്തെ തകർത്തുകളയും.”
അതുകൊണ്ട് ക്ഷമയോടും സഹാനുഭൂതിയോടും കൂടി ശ്രദ്ധിക്കുന്ന ഒരു യഥാർഥ ‘സ്നേഹിതന്റെ’ അടുത്ത് നിങ്ങളുടെ മനസ്സു തുറക്കുന്നത് ഒരളവോളം സാന്ത്വനം പകരും. (സദൃശവാക്യങ്ങൾ 17:17) അനുഭവങ്ങളും വികാരങ്ങളും വാക്കുകളിൽ പകർത്തുമ്പോൾ പലപ്പോഴും അവയെ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും കൂടുതൽ എളുപ്പമായിത്തീരുന്നു. ശ്രോതാവുതന്നെ പ്രിയപ്പെട്ട ഒരാളുടെ നഷ്ടവുമായി പൊരുത്തപ്പെടുന്നതിൽ വിജയിച്ചിട്ടുള്ള ഒരു വ്യക്തിയാണെങ്കിൽ, പ്രശ്നത്തെ എങ്ങനെ നേരിടാം എന്നതു സംബന്ധിച്ച ചില പ്രായോഗിക നിർദേശങ്ങളും നിങ്ങൾക്കു ലഭിച്ചേക്കാം. തന്റെ കുട്ടി മരിച്ചപ്പോൾ സമാനമായ നഷ്ടം നേരിട്ടിട്ടുള്ള മറ്റൊരു സ്ത്രീയോട് സംസാരിച്ചത് എന്തുകൊണ്ട് സഹായകമായി എന്ന് ഒരമ്മ വിശദീകരിച്ചത് ഇങ്ങനെയാണ്: “മറ്റൊരാൾ എന്റെ അതേ അനുഭവത്തിലൂടെ കടന്നുപോയി എന്നും മാനസികമോ വൈകാരികമോ ആയ തകരാറുകളൊന്നും കൂടാതെ അതിൽനിന്നെല്ലാം പുറത്തുവന്ന് വീണ്ടും ഏറെക്കുറെ സാധാരണ നിലയിലുള്ള ജീവിതം നയിക്കുന്നു എന്നും മനസ്സിലാക്കിയത് എനിക്ക് വളരെയേറെ ശക്തി പകർന്നു.”
നിങ്ങളുടെ വികാരങ്ങൾ പറഞ്ഞറിയിക്കാൻ നിങ്ങൾക്കു പ്രയാസം തോന്നുന്നെങ്കിലെന്ത്? ശൗലിന്റെയും യോനാഥാന്റെയും മരണത്തെ തുടർന്ന് ദാവീദ് തന്റെ ഹൃദയത്തിലെ ദുഃഖം മുഴുവൻ പകർന്നുകൊണ്ട് വളരെ വികാരനിർഭരമായ ഒരു വിലാപഗീതം രചിച്ചു. ഈ വിലാപകൃതി പിന്നീട് ബൈബിൾ പുസ്തകമായ രണ്ടു ശമൂവേലിന്റെ ലിഖിതരേഖയുടെ ഭാഗമായിത്തീർന്നു. (2 ശമൂവേൽ 1:17-27; 2 ദിനവൃത്താന്തം 35:25) സമാനമായി, തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള എളുപ്പ മാർഗം അത് എഴുതിവെക്കുന്നതാണെന്ന് ചിലർ കണ്ടെത്തിയിരിക്കുന്നു. തന്റെ വികാരങ്ങൾ ഒരു കടലാസിൽ എഴുതിവെച്ചിട്ട് ദിവസങ്ങൾക്കുശേഷം താൻ അത് എടുത്തു വായിക്കുമായിരുന്നു എന്ന് ഒരു വിധവ പറയുകയുണ്ടായി. ഇത് കെട്ടിനിൽക്കുന്ന വികാരങ്ങളെ തുറന്നുവിടാനുള്ള ഒരു നല്ല മാർഗമായി അവർക്കു തോന്നി.
സംസാരത്തിലൂടെയായാലും എഴുത്തിലൂടെയായാലും ശരി, നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ദുഃഖത്തിന്റെ കെട്ടഴിച്ചുവിടാൻ നിങ്ങളെ സഹായിക്കും. തെറ്റിദ്ധാരണകൾ നീക്കാനും അത് ഉപകരിക്കും. തന്റെ കുട്ടിയെ മരണത്തിൽ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ കഴിയുന്ന ഒരമ്മ ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു കുട്ടിയുടെ മരണത്തെ തുടർന്ന് വിവാഹമോചനം നേടിയ ദമ്പതികളെപ്പറ്റി ഞാനും ഭർത്താവും കേട്ടിരുന്നു. അതു ഞങ്ങൾക്കു സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അതുകൊണ്ട് കോപം വന്ന് പരസ്പരം കുറ്റപ്പെടുത്താൻ തോന്നുമ്പോഴെല്ലാം ഞങ്ങൾ കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യുമായിരുന്നു. അങ്ങനെ ചെയ്യുകവഴി ഞങ്ങളിരുവരും പരസ്പരം കൂടുതൽ അടുത്തു എന്നു പറയേണ്ടിയിരിക്കുന്നു.” അതുകൊണ്ട് വികാരങ്ങൾ പങ്കുവെക്കുന്നത്, ഒരേ നഷ്ടം പങ്കിടുമ്പോഴും മറ്റുള്ളവർ നിങ്ങളിൽനിന്ന് വ്യത്യസ്തമായ വിധത്തിലായിരിക്കാം ദുഃഖം പ്രകടമാക്കുന്നത് എന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.
ദുഃഖത്തിന്റെ കെട്ടഴിച്ചുവിടാനുള്ള മറ്റൊരു വിധം കരയുന്നതാണ്. “കരവാൻ ഒരു കാലം” ഉണ്ട് എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:1, 4) തീർച്ചയായും, പ്രിയപ്പെട്ട ആരുടെയെങ്കിലും വിയോഗം അത്തരത്തിലുള്ള ഒരു കാലം നമ്മുടെ ജീവിതത്തിലേക്കു കൊണ്ടുവന്നേക്കാം. കണ്ണീർ പൊഴിക്കുന്നത് ദുഃഖശമനത്തിന് അനിവാര്യമായ ഒന്നായി കാണപ്പെടുന്നു.
തന്റെ അമ്മയുടെ മരണത്തെ നേരിടാൻ ഒരു ഉറ്റമിത്രം തന്നെ സഹായിച്ചത് എങ്ങനെ എന്ന് ഒരു യുവതി വിശദീകരിക്കുന്നു: “എന്റെ കൂട്ടുകാരി എപ്പോഴും എന്റെ സഹായത്തിന് ഉണ്ടായിരുന്നു, കരയുമ്പോൾ കൂടെ കരയാനും എന്നോടു റോമർ 12:15 കാണുക.) കരയുന്ന കാര്യത്തിൽ നിങ്ങൾക്കും ലജ്ജ തോന്നേണ്ടതില്ല. നമ്മൾ കണ്ടു കഴിഞ്ഞതുപോലെ, യാതൊരു ജാള്യവും കൂടാതെ മറ്റുള്ളവരുടെ മുമ്പാകെ കണ്ണീർ പൊഴിച്ച, യേശുക്രിസ്തു ഉൾപ്പെടെയുള്ള വിശ്വസ്തരായ സ്ത്രീപുരുഷന്മാരുടെ ധാരാളം ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്.—ഉല്പത്തി 50:3; 2 ശമൂവേൽ 1:11, 12; യോഹന്നാൻ 11:33, 35.
സംസാരിക്കാനുമെല്ലാം. എന്റെ വികാരങ്ങളെല്ലാം അവളുടെ മുന്നിൽ തുറന്നു പ്രകടിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നു, അത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നുതാനും. എനിക്ക് യാതൊരു സങ്കോചവും കൂടാതെ കരയാനാകുമായിരുന്നു.” (എപ്പോൾ, എന്താണു തോന്നുന്നതെന്നു മുൻകൂട്ടി പറയാനാകാത്ത ഒരു സ്ഥിതിവിശേഷത്തിലായിരിക്കാം കുറച്ചു നാളത്തേക്കു നിങ്ങൾ. ചിലപ്പോൾ പെട്ടെന്നു കണ്ണു നിറഞ്ഞൊഴുകിയെന്നു വരാം. (ഭർത്താവുമൊത്തു താൻ പോകാറുണ്ടായിരുന്ന) സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങുമ്പോൾ തന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നതായി ഒരു വിധവ മനസ്സിലാക്കി, പ്രത്യേകിച്ച് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന സാധനങ്ങൾ ഓർക്കാതെ പോയി കൈനീട്ടിയെടുക്കുമ്പോൾ. നിങ്ങളോടുതന്നെ ക്ഷമയുള്ളവരായിരിക്കുക. കരച്ചിൽ എങ്ങനെയും അടക്കിനിറുത്തണമെന്ന് കരുതാതിരിക്കുക. ദുഃഖത്തിന്റെ സ്വാഭാവികവും അനിവാര്യവുമായ ഒരു ഭാഗമാണ് കരച്ചിൽ എന്ന് ഓർമിക്കുക.
കുറ്റബോധം കൈകാര്യം ചെയ്യൽ
നേരത്തേ കണ്ടതുപോലെ, പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെടുമ്പോൾ കുറ്റബോധത്തിന്റേതായ വികാരങ്ങൾ ചിലരെ വേട്ടയാടുന്നു. തന്റെ പുത്രൻ യോസേഫ് ഒരു “ദുഷ്ടമൃഗ”ത്താൽ കൊല്ലപ്പെട്ടു എന്ന് ധരിക്കാനിടയായ വിശ്വസ്ത പുരുഷനായ യാക്കോബിന് തീവ്രദുഃഖം തോന്നിയതിന്റെ ഒരു കാരണം ഇതായിരിക്കാം. സഹോദരന്മാരുടെ ക്ഷേമം തിരക്കിവരാൻ യോസേഫിനെ അയച്ചത് യാക്കോബായിരുന്നു. അതുകൊണ്ട് കുറ്റബോധത്തിന്റേതായ വികാരങ്ങൾ യാക്കോബിന്റെ മനസ്സിനെ കാർന്നുതിന്നാൻ തുടങ്ങിയിരുന്നിരിക്കണം. ‘ഞാൻ എന്തിനാണ് യോസേഫിനെ ഒറ്റയ്ക്ക് പറഞ്ഞു വിട്ടത്? കാട്ടുമൃഗങ്ങൾ നിറഞ്ഞ ഒരു ഇടത്തേക്ക് ഞാനവനെ എന്തിനാണ് അയച്ചത്?’ എന്നിങ്ങനെയൊക്കെ ചോദിച്ച് അവൻ തന്നെത്തന്നെ കുറ്റപ്പെടുത്തിയിരിക്കാം.—ഉല്പത്തി 37:33-35.
നിങ്ങളുടെ ഭാഗത്തെ എന്തെങ്കിലും അനാസ്ഥ പ്രിയപ്പെട്ടയാളുടെ മരണത്തിന് ഇടയാക്കിയ ഘടകങ്ങളിലൊന്നാണ് എന്ന് ഒരുപക്ഷേ നിങ്ങൾക്കു തോന്നുന്നുണ്ടാകാം. കുറ്റബോധം, അത് യഥാർഥമോ സാങ്കൽപ്പികമോ ആയിക്കൊള്ളട്ടെ, ഒരു സ്വാഭാവിക ദുഃഖപ്രതികരണമാണെന്നു മനസ്സിലാക്കുന്നതു പ്രയോജനകരമാണ്. കുറ്റബോധത്തിന്റെ കാര്യത്തിലും അത് എങ്ങനെയും നിങ്ങളിൽത്തന്നെ ഒതുക്കിനിറുത്തണമെന്ന് വിചാരിക്കാതിരിക്കുക. നിങ്ങൾക്ക് എത്രമാത്രം കുറ്റബോധം തോന്നുന്നു എന്നതിനെ കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുന്നത് ആ സമയത്ത് അനിവാര്യമായിരിക്കുന്ന ആശ്വാസം പ്രദാനം ചെയ്യും.
മറ്റൊരാളെ നാം എത്രയധികം സ്നേഹിച്ചാലും, അയാളുടെ അല്ലെങ്കിൽ അവളുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിനാകട്ടെ, “കാലവും” മുൻകൂട്ടിക്കാണാനാവാത്ത സംഭവങ്ങളും നമ്മുടെ പ്രിയപ്പെട്ടവരുടെമേൽ വന്നുഭവിക്കുന്നത് തടയാനാകട്ടെ സഭാപ്രസംഗി 9:11) മാത്രമല്ല, നിങ്ങളുടെ ആന്തരം ശുദ്ധമായിരുന്നു എന്നതിന് സംശയമില്ല. ഉദാഹരണത്തിന്, നിങ്ങൾ ഡോക്ടറുടെ അടുത്ത് വ്യക്തിയെ കുറെക്കൂടെ നേരത്തേ എത്തിക്കാൻ ക്രമീകരണം ചെയ്യാതിരുന്നത് നിങ്ങളുടെ പ്രിയപ്പെട്ട ആൾ രോഗം മൂർച്ഛിച്ച് മരിക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നോ? തീർച്ചയായും അല്ല! അങ്ങനെയെങ്കിൽ ആ വ്യക്തിയുടെ മരണത്തിന് നിങ്ങൾ യഥാർഥത്തിൽ ഉത്തരവാദിയാണോ? അല്ല.
നമുക്കു കഴിയില്ല എന്നു മനസ്സിലാക്കുക. (മകളെ കാറപകടത്തിൽ നഷ്ടപ്പെട്ട ഒരമ്മ കുറ്റബോധത്തെ തരണം ചെയ്യാൻ പഠിച്ചു. അവർ വിശദീകരിക്കുന്നു: “ഞാനാണ് അവളെ പുറത്തേക്ക് അയച്ചത് എന്നതുകൊണ്ട് എനിക്കു കുറ്റബോധം തോന്നി. എന്നാൽ അങ്ങനെ ചിന്തിക്കുന്നത് അർഥശൂന്യമാണെന്ന് പിന്നീടു ഞാൻ മനസ്സിലാക്കി. വീട്ടിലെ ഒരു ആവശ്യത്തിന് അവളെ ഡാഡിയോടൊപ്പം അയച്ചത് യാതൊരു പ്രകാരത്തിലും തെറ്റല്ലായിരുന്നു. അത് കേവലം യാദൃച്ഛികമായി സംഭവിച്ച ഒരു ദുരന്തമായിരുന്നു.”
‘പക്ഷേ എനിക്കു പറയാൻ അല്ലെങ്കിൽ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിക്കുന്ന ഒട്ടേറെ സംഗതികളുണ്ട്’ എന്നു നിങ്ങൾ പറഞ്ഞേക്കാം. ശരിതന്നെ, എന്നാൽ ഞാൻ എല്ലാം തികഞ്ഞ ഒരു പിതാവോ മാതാവോ കുട്ടിയോ ആണെന്ന് നമ്മിൽ ആർക്കാണു പറയാൻ കഴിയുക? ബൈബിൾ നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ അവൻ . . . സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.” (യാക്കോബ് 3:2; റോമർ 5:12) അതുകൊണ്ട് നിങ്ങൾ പൂർണതയുള്ള വ്യക്തിയല്ല എന്ന വസ്തുത അംഗീകരിക്കുക. “ഞാൻ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ,” “അങ്ങനെ ചെയ്തിരുന്നെങ്കിൽ” എന്നൊക്കെ ചിന്തിച്ച് മനസ്സു വിഷമിപ്പിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല, പകരം അത് വൈകാരിക സുഖപ്പെടലിനെ മന്ദീഭവിപ്പിക്കാനാണു സാധ്യത.
ഇനി, നിങ്ങളുടെ കുറ്റബോധം സാങ്കൽപ്പികമല്ല യഥാർഥമാണെന്നു വിശ്വസിക്കാൻ തക്കതായ കാരണം ഉണ്ടെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ, കുറ്റബോധത്തിന് ശമനം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകത്തെ കുറിച്ച് പരിചിന്തിക്കുക. അത് ദൈവത്തിന്റെ ക്ഷമയാണ്. ബൈബിൾ നമുക്ക് ഈ ഉറപ്പു തരുന്നു: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും? എങ്കിലും . . . നിന്റെ പക്കൽ വിമോചനം ഉണ്ട്.” (സങ്കീർത്തനം 130:3, 4) പോയ കാലത്തേക്കു മടങ്ങിച്ചെന്ന് കാര്യങ്ങൾക്കു മാറ്റംവരുത്താൻ നിങ്ങൾക്ക് കഴിയില്ല. എങ്കിലും, ചെയ്തുപോയ തെറ്റുകൾക്കുവേണ്ടി ദൈവത്തോട് മാപ്പിരക്കാൻ നിങ്ങൾക്കു കഴിയും. അപ്പോൾ നിങ്ങളുടെ ലംഘനങ്ങൾ മായ്ച്ചുകളയുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ആ സ്ഥിതിക്ക്, നിങ്ങൾ നിങ്ങളോടുതന്നെ ക്ഷമിക്കാൻ തയ്യാറാകേണ്ടതല്ലേ?—സദൃശവാക്യങ്ങൾ 28:13; 1 യോഹന്നാൻ 1:9.
കോപം കൈകാര്യം ചെയ്യൽ
നിങ്ങൾക്ക് കോപം തോന്നുന്നുവോ, ഡോക്ടർമാരോടോ നേഴ്സുമാരോടോ സ്നേഹിതരോടോ മരിച്ച ആളോടു പോലുമോ? ഇതും മരണത്തോടുള്ള ഒരു സാധാരണ പ്രതികരണമാണെന്നു മനസ്സിലാക്കുക. ഒരുപക്ഷേ, നിങ്ങൾക്ക് അനുഭവപ്പെടുന്ന ഹൃദയവേദനയോടൊപ്പം സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നായിരിക്കാം ഈ കോപം. ഒരു എഴുത്തുകാരൻ ഇങ്ങനെ പറയുകയുണ്ടായി: “കോപത്തെ കുറിച്ച് ബോധവാനായിത്തീരുന്നതിലൂടെ—കോപത്തോടെ പ്രവർത്തിച്ചുകൊണ്ടല്ല, നിങ്ങൾക്ക് അത് ഉണ്ടെന്ന് മനസ്സിലാക്കുന്നതിലൂടെ—മാത്രമേ നിങ്ങൾക്ക് അതിന്റെ നശീകരണ ഫലത്തിൽനിന്നു വിമുക്തനാകാൻ കഴിയൂ.”
കോപം വെളിപ്പെടുത്താനും ഇതു സഹായകമായേക്കാം. എങ്ങനെ? തീർച്ചയായും പൊട്ടിത്തെറിച്ചുകൊണ്ടല്ല. എന്നാൽ അതേസമയം, കോപം ദീർഘനാൾ മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്നത് അപകടകരമാണെന്നും ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 14:29, 30) അതുകൊണ്ട് സഹാനുഭൂതിയുള്ള ഒരു സുഹൃത്തിനോട് ഇതേക്കുറിച്ചു സംസാരിക്കുക. അത് നിങ്ങൾക്ക് ആശ്വാസം കൈവരുത്തിയേക്കാം. കോപം വരുമ്പോൾ നന്നായി വ്യായാമം ചെയ്യുന്നത് അത് ശമിപ്പിക്കുന്നതായി ചിലർ കണ്ടെത്തുന്നു.—എഫെസ്യർ 4:25, 26 കൂടെ കാണുക.
നിങ്ങളുടെ വികാരങ്ങൾ സത്യസന്ധമായി തുറന്നു പ്രകടിപ്പിക്കുന്നത് പ്രധാനമാണെങ്കിലും ഒരു മുന്നറിയിപ്പ് ഉചിതമാണെന്നു തോന്നുന്നു. വികാരങ്ങൾ പ്രകടിപ്പിക്കുന്നതും മറ്റുള്ളവരെ തീരെ പരിഗണിക്കാതെ, തോന്നുന്നതുപോലെ അവ കെട്ടഴിച്ചുവിടുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. നിങ്ങളുടെ കോപത്തിനും നൈരാശ്യത്തിനും മറ്റുള്ളവരെ പഴിക്കേണ്ട കാര്യമില്ല. അതുകൊണ്ട് നിങ്ങളുടെ വികാരങ്ങൾ തുറന്നു ചർച്ചചെയ്യാൻ ശ്രദ്ധിക്കുമ്പോൾത്തന്നെ വിദ്വേഷത്തിന്റെ ധ്വനി ഒഴിവാക്കുക. (സദൃശവാക്യങ്ങൾ 18:21) വ്യസനത്തെ നേരിടാൻ സഹായിക്കുന്ന ഒരു അതിശ്രേഷ്ഠ സഹായമുണ്ട്. ഇനി നമുക്ക് അതിനെ കുറിച്ചു ചർച്ചചെയ്യാം.
ദൈവത്തിൽനിന്നുള്ള സഹായം
ബൈബിൾ നമുക്ക് ഈ ഉറപ്പു നൽകുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ സങ്കീർത്തനം 34:18) അതേ, മറ്റെന്തിനെക്കാളും അധികമായി, പ്രിയപ്പെട്ട ഒരാളുടെ മരണവുമായി പൊരുത്തപ്പെടാൻ ദൈവവുമായുള്ള ബന്ധം നിങ്ങളെ സഹായിക്കും. എങ്ങനെ? ഇതുവരെ നൽകപ്പെട്ട എല്ലാ പ്രായോഗിക നിർദേശങ്ങളും ദൈവവചനമായ ബൈബിളിൽ അടിസ്ഥാനപ്പെട്ടതോ അതിനോടു യോജിപ്പിലുള്ളതോ ആണ്. അവ പ്രാവർത്തികമാക്കുന്നത് പ്രതിസന്ധിയെ നേരിടാൻ നിങ്ങളെ സഹായിക്കും.
അവൻ രക്ഷിക്കുന്നു.” (മറ്റൊരു സഹായമാണ് പ്രാർഥന. അതിനെ മൂല്യം കുറച്ചുകാണരുത്. ബൈബിൾ നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും.” (സങ്കീർത്തനം 55:22) സഹാനുഭൂതിയുള്ള ഒരു സുഹൃത്തിനോടു നിങ്ങളുടെ വികാരങ്ങൾ തുറന്നു ചർച്ചചെയ്യുന്നത് ഫലം ചെയ്യുമെങ്കിൽ “സർവ്വാശ്വാസവും നല്കുന്ന ദൈവ”ത്തിന്റെ മുമ്പാകെ നിങ്ങളുടെ ഹൃദയം പകരുന്നത് എത്രയോ അധികം സഹായകമായിരിക്കും!—2കൊരിന്ത്യർ 1:3.
പ്രാർഥന നമുക്ക് ആശ്വാസം തോന്നാൻ ഇടയാക്കുക മാത്രമല്ല ചെയ്യുന്നത്. പരിശുദ്ധാത്മാവിനു വേണ്ടി ആത്മാർഥമായി അപേക്ഷിക്കുന്ന തന്റെ ദാസർക്കു താൻ അതു നൽകുമെന്ന് ‘പ്രാർത്ഥന കേൾക്കുന്നവൻ’ വാഗ്ദാനം ചെയ്യുന്നു. (സങ്കീർത്തനം 65:2; ലൂക്കൊസ് 11:13) ദൈവത്തിന്റെ പരിശുദ്ധാത്മാവിന് അഥവാ പ്രവർത്തനനിരതമായ ശക്തിക്ക് ഓരോ ദിവസത്തെയും അതിജീവിക്കാൻ തക്കവണ്ണം “അത്യന്തശക്തി” അതായത്, സാധാരണയിൽ കവിഞ്ഞ ശക്തി നൽകി നിങ്ങളെ സജ്ജനാക്കാൻ കഴിയും. (2 കൊരിന്ത്യർ 4:7) ഓർമിക്കുക: തന്റെ വിശ്വസ്ത ദാസർ നേരിട്ടേക്കാവുന്ന ഏതു പ്രശ്നവും സഹിക്കുന്നതിന് അവരെ സഹായിക്കാൻ ദൈവത്തിനു കഴിയും.
മരണത്തിൽ തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു സ്ത്രീ, തന്നെയും ഭർത്താവിനെയും ഈ നഷ്ടം സഹിക്കാൻ പ്രാർഥനയുടെ ശക്തി സഹായിച്ചത് എങ്ങനെയെന്ന് അനുസ്മരിക്കുന്നു. അവർ വിശദീകരിക്കുന്നു: “രാത്രിയിൽ വീട്ടിലായിരിക്കുന്ന സമയത്ത് ദുഃഖം താങ്ങാനാവാതെ വരുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഉറക്കെ പ്രാർഥിക്കുമായിരുന്നു. അവളെ കൂടാതെ ആദ്യമായി ഓരോന്നു ചെയ്യേണ്ടി വന്നപ്പോഴും—ആദ്യ സഭായോഗത്തിനു പോയപ്പോഴും, ആദ്യ കൺവെൻഷനിൽ സംബന്ധിച്ചപ്പോഴും—ശക്തിക്കുവേണ്ടി ഞങ്ങൾ പ്രാർഥിക്കുമായിരുന്നു. രാവിലെ ഉണരുന്ന സമയത്ത് യാഥാർഥ്യങ്ങൾ പലതും താങ്ങാനാകാതെ വരുമ്പോൾ സഹായത്തിനായി ഞങ്ങൾ യഹോവയോട് അപേക്ഷിക്കുമായിരുന്നു. തനിയെ വീട്ടിൽ കയറിവരുമ്പോഴെല്ലാം എനിക്ക് സഹിക്കാനാവാത്ത വിഷമം തോന്നിയിരുന്നു. അതുകൊണ്ട് ഒറ്റയ്ക്ക് വീട്ടിൽ വരുന്ന സമയത്തെല്ലാം, മനസ്സിനെ ശാന്തമാക്കി നിറുത്താൻ സഹായിക്കേണമേ എന്ന് ഞാൻ യഹോവയോടു പ്രാർഥിക്കുമായിരുന്നു.” ആ പ്രാർഥനകൾ തന്നെ സഹായിച്ചു എന്ന് വിശ്വസ്തയായ ആ സ്ത്രീ ഉറച്ചു വിശ്വസിക്കുന്നു, അതു സത്യമാണു താനും. നിരന്തര പ്രാർഥനകളുടെ ഫലമായി ‘സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും കാക്കു’ന്നതായി നിങ്ങളും കണ്ടെത്തിയേക്കാം.—ഫിലിപ്പിയർ 4:6, 7; റോമർ 12:13.
ദൈവത്തിൽനിന്നുള്ള സഹായം തീർച്ചയായും വലിയ ആശ്വാസം നൽകും. ‘കഷ്ടത്തിലുള്ളവരെ ആശ്വസിപ്പിപ്പാൻ [നാം] ശക്തരാകേണ്ടതിന്നു നമുക്കുള്ള കഷ്ടത്തിൽ ഒക്കെയും നമ്മെ ആശ്വസിപ്പിക്കുന്ന’വനാണ് ദൈവം എന്ന് ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് എഴുതുകയുണ്ടായി. ദിവ്യസഹായം ദുഃഖം ഇല്ലായ്മ ചെയ്യുന്നില്ല എന്നതു ശരിതന്നെ. എന്നാൽ അത് ദുഃഖം സഹിക്കുക കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു. അതിന്റെ അർഥം നിങ്ങൾ മേലാൽ കരയില്ല എന്നോ പ്രിയപ്പെട്ട ആളെ മറക്കുമെന്നോ അല്ല. പിന്നെയോ നിങ്ങൾ ദുഃഖത്തെ തരണംചെയ്ത് സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്നാണ്. അപ്പോൾ, ഇതുപോലുള്ള നഷ്ടം നേരിടാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ കൂടുതൽ സഹാനുഭൂതിയും അനുകമ്പയും പ്രകടമാക്കാൻ നിങ്ങളുടെ അനുഭവം നിങ്ങളെ സഹായിക്കും.—2 കൊരിന്ത്യർ 1:4.