അധ്യായം 21
യേശു ‘ദൈവത്തിൽനിന്നുള്ള ജ്ഞാനം’ വെളിപ്പെടുത്തുന്നു
1-3. യേശുവിന്റെ മുൻ അയൽക്കാർ അവന്റെ ഉപദേശത്തോട് എങ്ങനെ പ്രതികരിച്ചു, അവനെ സംബന്ധിച്ച് എന്തു തിരിച്ചറിയാൻ അവർ പരാജയപ്പെട്ടു?
സദസ്സ് നിശ്ചലമായി. യുവാവായ യേശു സിനഗോഗിൽ അവരുടെ മുമ്പാകെനിന്നു പഠിപ്പിക്കുകയായിരുന്നു. അവൻ അവർക്ക് അപരിചിതൻ അല്ലായിരുന്നു. അവൻ അവരുടെ പട്ടണത്തിലാണു വളർന്നത്. അവരുടെ ഇടയിൽ വർഷങ്ങളോളം ഒരു തച്ചനായി അവൻ ജോലി ചെയ്തിരുന്നു. ഒരുപക്ഷേ, യേശു പണിയാൻ സഹായിച്ച വീടുകളിലായിരിക്കാം അവരിൽ ചിലർ താമസിച്ചിരുന്നത്. അല്ലെങ്കിൽ അവൻ സ്വന്തകൈകൾകൊണ്ടു തീർത്ത കലപ്പകളും നുകങ്ങളും തങ്ങളുടെ പാടങ്ങളിലെ പണിക്ക് അവർ ഉപയോഗിച്ചിരിക്കാം. a എന്നാൽ ഈ മുൻ മരപ്പണിക്കാരന്റെ പഠിപ്പിക്കലിനോട് അവർ എങ്ങനെയായിരിക്കും പ്രതികരിക്കുക?
2 കേൾവിക്കാരിൽ മിക്കവരും ആശ്ചര്യത്തോടെ, ‘ഇവന്നു ഈ ജ്ഞാനം എവിടെനിന്നു കിട്ടി?’ എന്നു ചോദിച്ചു. ‘ഇതു മറിയയുടെ മകനായ തച്ചനല്ലയോ?’ എന്നും അവർ പറഞ്ഞു. (മത്തായി 13:54-58; മർക്കൊസ് 6:1-3) സങ്കടകരമെന്നു പറയട്ടെ, ഒരു കാലത്ത് യേശുവിന്റെ അയൽക്കാർ ആയിരുന്നവർ ‘ഈ തച്ചൻ നമ്മെപ്പോലെ തന്നെ വെറും ഒരു സാധാരണക്കാരനാണ്’ എന്ന് ന്യായവാദം ചെയ്തു. അവന്റെ വാക്കുകളിലെ ജ്ഞാനം ഗ്രഹിക്കാൻ ശ്രമിക്കാതെ അവർ അവനെ തള്ളിക്കളഞ്ഞു. അവൻ പങ്കുവെച്ച ജ്ഞാനം അവന്റെ സ്വന്തമല്ലായിരുന്നു എന്ന് അവർ അറിഞ്ഞില്ല.
3 യേശുവിന് ഈ ജ്ഞാനം ലഭിച്ചത് എവിടെനിന്നായിരുന്നു? “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 7:16) യേശു ‘നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനമായിത്തീർന്നു’ എന്ന് അപ്പൊസ്തലനായ പൗലൊസ് വിശദീകരിച്ചു. (1 കൊരിന്ത്യർ 1:30) യഹോവയുടെ സ്വന്തം ജ്ഞാനമാണ് അവന്റെ പുത്രനായ യേശുവിലൂടെ വെളിപ്പെടുന്നത്. തീർച്ചയായും, “ഞാനും പിതാവും ഒന്നാകുന്നു” എന്ന് യേശുവിനു പറയാൻ കഴിയത്തക്ക അളവോളം ഇതു സത്യമായിരുന്നു. (യോഹന്നാൻ 10:30) യേശു ‘ദൈവത്തിൽനിന്നുള്ള ജ്ഞാനം’ പ്രകടമാക്കിയ മൂന്നു മേഖലകൾ നമുക്കു പരിശോധിക്കാം.
അവൻ പഠിപ്പിച്ചത
4. (എ) യേശുവിന്റെ സന്ദേശത്തിന്റെ വിഷയം എന്തായിരുന്നു, അത് അത്യന്തം പ്രധാനമായിരുന്നത് എന്തുകൊണ്ട്? (ബി) യേശുവിന്റെ ബുദ്ധിയുപദേശം എല്ലായ്പോഴും പ്രായോഗികവും അവന്റെ ശ്രോതാക്കൾക്കു പ്രയോജനങ്ങൾ കൈവരുത്തുന്നതും ആയിരുന്നത് എന്തുകൊണ്ട്?
4 ആദ്യമായി, യേശു പഠിപ്പിച്ചത് എന്താണെന്നു പരിചിന്തിക്കുക. അവന്റെ സന്ദേശത്തിന്റെ വിഷയം “രാജ്യത്തിന്റെ സുവാർത്ത” ആയിരുന്നു. (ലൂക്കൊസ് 4:43, NW) യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കുന്നതിലും മനുഷ്യവർഗത്തിനു ശാശ്വത അനുഗ്രഹങ്ങൾ കൈവരുത്തുന്നതിലും രാജ്യത്തിനുള്ള പങ്കു നിമിത്തം അത് അതിപ്രധാനമായിരുന്നു. തന്റെ പഠിപ്പിക്കലിൽ യേശു അനുദിന ജീവിതത്തിനുള്ള ജ്ഞാനോപദേശവും നൽകി. മുൻകൂട്ടി പറയപ്പെട്ട “വിസ്മയനീയനായ ഉപദേഷ്ടാവ്” താൻ ആണെന്ന് അവൻ തെളിയിച്ചു. (യെശയ്യാവു 9:6, പി.ഒ.സി. ബൈ.) അവന്റെ ഉപദേശം വിസ്മയനീയം അല്ലാതിരിക്കാൻ തരമില്ല. കാരണം അവന് ദൈവത്തിന്റെ വചനവും ഇഷ്ടവും സംബന്ധിച്ച അഗാധമായ അറിവും മനുഷ്യപ്രകൃതം സംബന്ധിച്ച സൂക്ഷ്മ ഗ്രാഹ്യവും മനുഷ്യവർഗത്തോട് ആഴമായ സ്നേഹവും ഉണ്ടായിരുന്നു. അതുകൊണ്ട്, അവന്റെ ഉപദേശം എപ്പോഴും പ്രായോഗികവും അവന്റെ ശ്രോതാക്കൾക്കു വലിയ പ്രയോജനങ്ങൾ കൈവരുത്തുന്നവയും ആയിരുന്നു. യേശുവിന്റെ അധരങ്ങളിൽനിന്ന് ഉതിർന്നുവീണത് “നിത്യജീവന്റെ വചനങ്ങൾ” ആയിരുന്നു. അതേ, അവന്റെ ഉപദേശം അനുസരിക്കുന്നത് രക്ഷയിലേക്കു നയിക്കുന്നു.—യോഹന്നാൻ 6:68.
5. യേശു ഗിരിപ്രഭാഷണത്തിൽ കൈകാര്യം ചെയ്ത വിഷയങ്ങളിൽ ചിലത് ഏവ?
5 ഗിരിപ്രഭാഷണം യേശുവിന്റെ ഉപദേശങ്ങളിൽ കാണപ്പെടുന്ന കിടയറ്റ ജ്ഞാനത്തിന്റെ മകുടോദാഹരണമാണ്. മത്തായി 5:3-7:27-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ പ്രഭാഷണം നടത്തുന്നതിന് 20 മിനിട്ടു മാത്രമേ എടുത്തിരിക്കാനിടയുള്ളൂ. എന്നിരുന്നാലും അതിലെ ഉപദേശം കാലാതീതമാണ്—അത് ആദ്യം നൽകപ്പെട്ട സമയത്തെന്നപോലെ ഇന്നും പ്രസക്തമാണ്. ആ പ്രഭാഷണത്തിൽ യേശു ഒട്ടേറെ വിഷയങ്ങൾ കൈകാര്യം ചെയ്തു. മറ്റുള്ളവരുമായുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്താം (മത്തായി 5:23-26, 38-42; 7:1-5,12), ധാർമികശുദ്ധി എങ്ങനെ കാത്തുസൂക്ഷിക്കാം (5:27-32), അർഥവത്തായ ഒരു ജീവിതം എങ്ങനെ നയിക്കാം (6:19-24; 7:24-27) തുടങ്ങിയ വിഷയങ്ങൾ അതിൽ ഉൾപ്പെടുന്നു. എന്നാൽ ജ്ഞാനപൂർവകമായ ഗതി എന്താണെന്ന് തന്റെ ശ്രോതാക്കളോടു പറയുക മാത്രമല്ല യേശു ചെയ്തത്, വിശദീകരണങ്ങളുടെയും ന്യായവാദത്തിന്റെയും തെളിവുകളുടെയും സഹായത്താൽ അത് എന്താണെന്ന് അവർക്കു കാണിച്ചുകൊടുക്കുകയും ചെയ്തു.
6-8. (എ) ഉത്കണ്ഠ ഒഴിവാക്കാനുള്ള ശക്തമായ ഏതു കാരണങ്ങൾ യേശു നൽകുന്നു? (ബി) യേശുവിന്റെ ഉപദേശം ഉയരത്തിൽനിന്നുള്ള ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
6 ദൃഷ്ടാന്തത്തിന്, ഭൗതിക കാര്യങ്ങൾ സംബന്ധിച്ച ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതിന് യേശു നൽകിയ ജ്ഞാനോപദേശം പരിചിന്തിക്കുക. മത്തായി 6-ാം അധ്യായത്തിലാണ് അതു പ്രസ്താവിച്ചിരിക്കുന്നത്. “എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുത് [“ഉത്കണ്ഠാകുലരാകുന്നതു നിറുത്തുക,” NW]” എന്ന് യേശു നമ്മെ ബുദ്ധിയുപദേശിക്കുന്നു. (25-ാം വാക്യം) ആഹാരവും വസ്ത്രവും അടിസ്ഥാന ആവശ്യങ്ങളാണ്, ഇവ സംബന്ധിച്ച് താത്പര്യമെടുക്കുന്നതു സ്വാഭാവികം മാത്രമാണ്. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് “ഉത്കണ്ഠാകുലരാകുന്നതു നിറുത്തുക” എന്ന് യേശു നമ്മോടു പറയുന്നു. b എന്തുകൊണ്ട്?
7 യേശുവിന്റെ ബോധ്യം വരുത്തുന്ന ന്യായവാദം ശ്രദ്ധിക്കുക. നമുക്കു ജീവനും ശരീരവും നൽകിയിരിക്കുന്ന യഹോവയ്ക്ക് ആ ജീവൻ നിലനിറുത്താൻ ആവശ്യമായ ആഹാരവും ശരീരത്തിന് ആവശ്യമായ വസ്ത്രവും നൽകാൻ കഴിയില്ലേ? (25-ാം വാക്യം) ദൈവം പക്ഷികളെ പോറ്റുകയും പുഷ്പങ്ങളെ അണിയിച്ചൊരുക്കുകയും ചെയ്യുന്നുവെങ്കിൽ തന്റെ മാനുഷ ആരാധകർക്കുവേണ്ടി അവൻ എത്രയധികം കരുതും! (26, 28-30 വാക്യങ്ങൾ) യഥാർഥത്തിൽ, അനാവശ്യമായ ഉത്കണ്ഠ അർഥശൂന്യമാണ്. നമ്മുടെ ആയുസ്സ് അൽപ്പംപോലും വർധിപ്പിക്കാൻ അതിനു കഴിയില്ല. c (27-ാം വാക്യം) നമുക്ക് ഉത്കണ്ഠ എങ്ങനെ ഒഴിവാക്കാൻ കഴിയും? യേശു ഈ ഉപദേശം നൽകുന്നു: ദൈവാരാധനയ്ക്കു ജീവിതത്തിൽ മുൻഗണന കൊടുക്കുന്നതിൽ തുടരുക. അങ്ങനെ ചെയ്യുന്നവർക്ക്, തങ്ങളുടെ സ്വർഗീയ പിതാവിൽനിന്ന് ദൈനംദിന ജീവിതത്തിന് ആവശ്യമായിരിക്കുന്നത് “ലഭിക്കു”മെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (33-ാം വാക്യം, പി.ഒ.സി. ബൈ.) അവസാനമായി, യേശു തികച്ചും പ്രായോഗികമായ ഒരു നിർദേശം നൽകുന്നു.—അതതു ദിവസത്തെ കാര്യങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുക. നാളത്തെ ഉത്കണ്ഠകൾ ഇന്നത്തേതിനോടു കൂട്ടുന്നത് എന്തിന്? (34-ാം വാക്യം) മാത്രവുമല്ല, ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത കാര്യങ്ങളെ കുറിച്ചു വെറുതെ വ്യാകുലപ്പെടുന്നത് എന്തിനാണ്? സംഘർഷം നിറഞ്ഞ ഈ ലോകത്തിൽ അത്തരം ജ്ഞാനോപദേശം നാം പിൻപറ്റുന്നെങ്കിൽ വളരെയധികം ഹൃദയവേദന ഒഴിവാക്കാനാകും.
8 യേശുവിന്റെ ബുദ്ധിയുപദേശം, അതു നൽകപ്പെട്ട 2,000-ത്തോളം വർഷം മുമ്പെന്നപോലെ ഇന്നും പ്രായോഗികമാണെന്നു വ്യക്തമാണ്. അത് ഉയരത്തിൽനിന്നുള്ള ജ്ഞാനത്തിന്റെ തെളിവല്ലേ? മാനുഷ ഉപദേശകരിൽനിന്നുള്ള ഏറ്റവും നല്ല ബുദ്ധിയുപദേശം പോലും കാലം കടന്നുപോകവേ അസ്വീകാര്യമായി തീർന്നേക്കാം. പെട്ടെന്നുതന്നെ അതു പരിഷ്കരിക്കുന്നു അല്ലെങ്കിൽ അതു നീക്കം ചെയ്ത് തത്സ്ഥാനത്തു പുതിയ ഒന്ന് കൊണ്ടുവരുന്നു. എന്നിരുന്നാലും യേശുവിന്റെ ഉപദേശങ്ങൾ കാലത്തിന്റെ പരിശോധനയെ അതിജീവിച്ചിരിക്കുന്നു. എന്നാൽ അതിൽ നാം ആശ്ചര്യപ്പെടേണ്ടതില്ല, കാരണം വിസ്മയനീയനായ ഈ ഉപദേഷ്ടാവ് “ദൈവത്തിന്റെ വചന”മാണ് പ്രസ്താവിച്ചത്.—യോഹന്നാൻ 3:34.
അവന്റെ പഠിപ്പിക്കൽരീതി
9. യേശുവിന്റെ പഠിപ്പിക്കൽരീതി സംബന്ധിച്ച് ചില പടയാളികൾ എന്തു പറഞ്ഞു, ഇത് അതിശയോക്തി അല്ലായിരുന്നത് എന്തുകൊണ്ട്?
9 തന്റെ പഠിപ്പിക്കൽരീതിയിലൂടെയും യേശു ദൈവത്തിന്റെ ജ്ഞാനം പ്രതിഫലിപ്പിച്ചു. ഒരു സന്ദർഭത്തിൽ, അവനെ അറസ്റ്റുചെയ്യാൻ അയയ്ക്കപ്പെട്ട ചില പടയാളികൾ വെറുംകൈയോടെ മടങ്ങിച്ചെന്ന് ഇങ്ങനെ പറഞ്ഞു: “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല.” (യോഹന്നാൻ 7:45, 46) ഇത് അതിശയോക്തി ആയിരുന്നില്ല. യേശു “മേലിൽനിന്നു” വന്നവൻ ആയിരുന്നതിനാൽ, ജീവിച്ചിരുന്നിട്ടുള്ള സകല മനുഷ്യരെയും അപേക്ഷിച്ച് അറിവിന്റെയും അനുഭവ സമ്പത്തിന്റെയും ഏറ്റവും വലിയ കലവറയായിരുന്നു അവൻ. (യോഹന്നാൻ 8:23) മറ്റു യാതൊരു മനുഷ്യനും കഴിയാത്ത വിധത്തിൽ അവൻ പഠിപ്പിച്ചു. ജ്ഞാനിയായ ഈ ഉപദേഷ്ടാവിന്റെ പഠിപ്പിക്കൽരീതികളിൽ രണ്ടെണ്ണം നമുക്കു പരിചിന്തിക്കാം.
“പുരുഷാരം അവന്റെ പഠിപ്പിക്കൽ രീതിയിൽ അതിശയിച്ചുപോയി”
10, 11. (എ) യേശുവിന്റെ ദൃഷ്ടാന്തങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നത് എന്തുകൊണ്ട്? (ബി) സാരോപദേശ കഥകൾ എന്താണ്, യേശുവിന്റെ സാരോപദേശ കഥകൾ പഠിപ്പിക്കലിൽ വളരെ ഫലപ്രദമാണ് എന്നതിന് ഒരു ഉദാഹരണം നൽകുക.
10 ദൃഷ്ടാന്തങ്ങളുടെ ഫലപ്രദമായ ഉപയോഗം. “യേശു ജനക്കൂട്ടത്തോടു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിച്ചു. വാസ്തവത്തിൽ, ഒരു ദൃഷ്ടാന്തംകൂടാതെ അവൻ അവരോട് ഒന്നും സംസാരിക്കുമായിരുന്നില്ല” എന്ന് ബൈബിൾ നമ്മോടു പറയുന്നു. (മത്തായി 13:34, NW) ദൈനംദിന കാര്യങ്ങളിലൂടെ ആഴമേറിയ സത്യങ്ങൾ പഠിപ്പിക്കാനുള്ള അവന്റെ കിടയറ്റ പ്രാപ്തി നമ്മെ അത്ഭുതപ്പെടുത്തുന്നു. വിത്തു വിതയ്ക്കുന്ന കർഷകൻ, അപ്പം ചുടാൻ ഒരുങ്ങുന്ന സ്ത്രീകൾ, വലകൾ വലിച്ചുകയറ്റുന്ന മീൻപിടുത്തക്കാർ, കാണാതെപോയ ആടുകളെ തിരയുന്ന ഇടയന്മാർ—അവന്റെ ശ്രോതാക്കൾ പലവട്ടം കണ്ടിട്ടുള്ള കാര്യങ്ങളായിരുന്നു ഇവയെല്ലാം. മൂല്യവത്തായ സത്യങ്ങൾ പരിചിത കാര്യങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ അവ പെട്ടെന്ന് മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയുന്നു.—മത്തായി 11:16-19; 13:3-8, 33, 47-50; 18:12-14.
11 യേശു മിക്കപ്പോഴും സാരോപദേശ കഥകൾ—ധാർമികമോ ആത്മീയമോ ആയ സത്യങ്ങൾ ഉൾക്കൊള്ളുന്ന ചെറുകഥകൾ—ഉപയോഗിച്ചു. ആശയങ്ങളെ അപേക്ഷിച്ച് കഥകൾ ഗ്രഹിക്കാനും ഓർത്തിരിക്കാനും എളുപ്പമാണ്. അതുകൊണ്ട് ഈ സാരോപദേശ കഥകൾ യേശുവിന്റെ ഉപദേശങ്ങളെ ഓർമയിൽ സൂക്ഷിക്കാൻ സഹായകമായി. അനേകം സാരോപദേശ കഥകളിൽ യേശു തന്റെ പിതാവിനെ എളുപ്പം മറക്കാനാവാത്ത ഉജ്ജ്വല വാങ്മയ ചിത്രങ്ങളാൽ വർണിച്ചു. ഉദാഹരണത്തിന്, ധൂർത്തപുത്രനെ കുറിച്ചുള്ള സാരോപദേശ കഥയുടെ ആശയം—വഴിതെറ്റിപ്പോയ ഒരുവൻ യഥാർഥ അനുതാപം പ്രകടമാക്കുമ്പോൾ യഹോവ കരുണ കാണിക്കുകയും വാത്സല്യപൂർവം അയാളെ തിരികെ സ്വീകരിക്കുകയും ചെയ്യുമെന്ന്—ആർക്കാണു ഗ്രഹിക്കാൻ കഴിയാത്തത്?—ലൂക്കൊസ് 15:11-32.
12. (എ) യേശു തന്റെ പഠിപ്പിക്കലിൽ ഏതു വിധത്തിൽ ചോദ്യങ്ങൾ ഉപയോഗിച്ചു? (ബി) തന്റെ അധികാരത്തെ ചോദ്യം ചെയ്തവരെ യേശു നിശ്ശബ്ദരാക്കിയത് എങ്ങനെ?
12 ചോദ്യങ്ങളുടെ വിദഗ്ധ ഉപയോഗം. സ്വന്തം അനുമാനങ്ങളിലെത്താനും തങ്ങളുടെ ആന്തരങ്ങളെ പരിശോധിക്കാനും തീരുമാനങ്ങൾ എടുക്കാനും തന്റെ ശ്രോതാക്കളെ സഹായിക്കാനായി യേശു ചോദ്യങ്ങൾ ഉപയോഗിച്ചു. (മത്തായി 12:24-30; 17:24-27; 22:41-46) അവനു ദൈവദത്തമായ അധികാരമുണ്ടോ എന്നു മതനേതാക്കന്മാർ ചോദിച്ചപ്പോൾ, “യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്” എന്ന് യേശു തിരിച്ചുചോദിച്ചു. ആ ചോദ്യം കേട്ട് സ്തബ്ധരായിപ്പോയ അവർ പരസ്പരം ഇങ്ങനെ ന്യായവാദം ചെയ്തു: “സ്വർഗ്ഗത്തിൽനിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ പറയും. മനുഷ്യരിൽനിന്നു എന്നു പറഞ്ഞാലോ . . . എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവർ ജനത്തെ ഭയപ്പെട്ടു.” ഒടുവിൽ “ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്ന് അവർ ഉത്തരം പറഞ്ഞു. (മർക്കൊസ് 11:27-33; മത്തായി 21:23-27) ലളിതമായ ഒരു ചോദ്യംകൊണ്ട് യേശു അവരുടെ വായടയ്ക്കുകയും അവരുടെ ഹൃദയങ്ങളിലെ വഞ്ചന തുറന്നുകാട്ടുകയും ചെയ്തു.
13-15. അയൽസ്നേഹിയായ ശമര്യക്കാരന്റെ ഉപമ യേശുവിന്റെ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നത് എങ്ങനെ?
13 ദൃഷ്ടാന്തങ്ങളിൽ ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങൾ നെയ്തുചേർത്തുകൊണ്ട് യേശു ചിലപ്പോൾ പഠിപ്പിക്കൽ രീതികളെ കോർത്തിണക്കി. നിത്യജീവൻ നേടാൻ എന്താണ് ആവശ്യമെന്ന് ഒരു യഹൂദ നിയമജ്ഞൻ ചോദിച്ചപ്പോൾ മോശൈക ന്യായപ്രമാണത്തിൽ അതിന് ഉത്തരം കണ്ടെത്താൻ യേശു അയാളോട് ആവശ്യപ്പെട്ടു. ന്യായപ്രമാണം ദൈവസ്നേഹവും അയൽസ്നേഹവും അനുശാസിക്കുന്നു. താൻ നീതിമാനാണെന്നു തെളിയിക്കാൻ ആഗ്രഹിച്ചുകൊണ്ട് ആ മനുഷ്യൻ ചോദിച്ചു: “ആരാണ് യഥാർഥത്തിൽ എന്റെ അയൽക്കാരൻ?”(NW) ഒരു കഥ പറഞ്ഞുകൊണ്ട് യേശു ഉത്തരം കൊടുത്തു. ഒറ്റയ്ക്കു യാത്ര ചെയ്യുകയായിരുന്ന ഒരു യഹൂദനെ കൊള്ളക്കാർ ആക്രമിച്ചു. അവർ അയാളെ അർധപ്രാണനായി വിട്ടിട്ടുപോയി. അതുവഴി രണ്ടു യഹൂദന്മാർ വന്നു, ആദ്യം ഒരു പുരോഹിതനും പിന്നെ ഒരു ലേവ്യനും. രണ്ടുപേരും അയാളെ അവഗണിച്ചു കടന്നുപോയി. പിന്നീട് ഒരു ശമര്യക്കാരൻ വന്നു. അനുകമ്പ തോന്നിയ അയാൾ അക്രമത്തിനിരയായ യഹൂദന്റെ മുറിവുകൾ മെല്ലെ വെച്ചുകെട്ടി സ്നേഹപുരസ്സരം ഒരു സത്രത്തിൽ എത്തിച്ചു. ആ സുരക്ഷിതസ്ഥലത്ത് അയാൾക്കു സുഖം പ്രാപിക്കാൻ കഴിയുമായിരുന്നു. തന്റെ കഥ ഉപസംഹരിച്ചുകൊണ്ട് യേശു ആ നിയമജ്ഞനോടു ചോദിച്ചു: “കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു [“അയൽക്കാരനായിത്തീർന്നു,” NW] എന്നു നിനക്കു തോന്നുന്നു?” “അവനോടു കരുണ കാണിച്ചവൻ” എന്ന് ഉത്തരം പറയാൻ ആ മനുഷ്യൻ നിർബന്ധിതനായി.—ലൂക്കൊസ് 10:25-37.
14 ഈ സാരോപദേശകഥ യേശുവിന്റെ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നത് എങ്ങനെ? യേശുവിന്റെ നാളിൽ യഹൂദന്മാർ അവരുടെ പാരമ്പര്യങ്ങൾ അനുഷ്ഠിച്ചിരുന്നവരെ മാത്രമേ തങ്ങളുടെ ‘അയൽക്കാർ’ ആയി കണക്കാക്കിയുള്ളൂ—തീർച്ചയായും ശമര്യക്കാരെ അവർ അങ്ങനെ കണക്കാക്കിയില്ല. (യോഹന്നാൻ 4:9) കഥയിൽ അക്രമത്തിനിരയായത് ശമര്യക്കാരനും സഹായിക്കാനെത്തിയത് യഹൂദനും ആയിരുന്നെങ്കിൽ അത് മുൻവിധിയെ തകർക്കുമായിരുന്നോ? ജ്ഞാനപൂർവം യേശു, ഒരു ശമര്യക്കാരൻ ഒരു യഹൂദനെ ആർദ്രമായി ശുശ്രൂഷിക്കുന്നതായി വിവരിച്ചു. കഥയുടെ അവസാനം യേശു ചോദിച്ച ചോദ്യവും ശ്രദ്ധിക്കുക. “അയൽക്കാരൻ” എന്ന പദത്തിന്മേലുള്ള ഊന്നലിന് അവൻ മാറ്റം വരുത്തി. ‘ആരോടാണ് ഞാൻ അയൽസ്നേഹം കാണിക്കേണ്ടത്?’ എന്നായിരുന്നു ഫലത്തിൽ നിയമജ്ഞന്റെ ചോദ്യം. എന്നാൽ യേശുവാകട്ടെ, “ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു [“അയൽക്കാരനായിത്തീർന്നു,” NW] എന്നു നിനക്കു തോന്നുന്നു?” എന്ന് ചോദിച്ചു. അങ്ങനെ, ദയ ലഭിച്ചവനല്ല, ദയ കാണിച്ച ശമര്യക്കാരന് യേശു ഊന്നൽ നൽകി. ഒരു യഥാർഥ അയൽക്കാരൻ മറ്റുള്ളവരുടെ വംശീയ പശ്ചാത്തലം നോക്കാതെ അവരോടു സ്നേഹം കാട്ടാൻ മുൻകൈ എടുക്കുന്നു. ഇതിലും ഫലകരമായി ആ ആശയം ധരിപ്പിക്കുക സാധ്യമല്ലായിരുന്നു.
15 യേശുവിന്റെ “പഠിപ്പിക്കൽ രീതി”യിൽ ആളുകൾ വിസ്മയം കൊള്ളുകയും അവനിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തതിൽ അത്ഭുതപ്പെടാനുണ്ടോ? (മത്തായി 7:28, 29, NW) ഒരു അവസരത്തിൽ ‘ഒരു വലിയ പുരുഷാരം’ ആഹാരംപോലും കഴിക്കാതെ അവനോടുകൂടെ മൂന്നു ദിവസം കഴിഞ്ഞു.—മർക്കൊസ് 8:1, 2.
അവന്റെ ജീവിതരീതി
16. താൻ ദിവ്യജ്ഞാനത്താൽ ഭരിക്കപ്പെടുന്നു എന്നതിനു യേശു ഏതുവിധത്തിൽ “പ്രായോഗികമായ തെളിവു” നൽകി?
16 യേശു യഹോവയുടെ ജ്ഞാനത്തെ പ്രതിഫലിപ്പിച്ച മൂന്നാമത്തെ മേഖല അവന്റെ ജീവിതരീതി ആയിരുന്നു. ജ്ഞാനം പ്രായോഗികമാണ്, അതു നല്ല ഫലങ്ങൾ കൈവരുത്തുന്നു. ‘നിങ്ങളിൽ ജ്ഞാനിയായവൻ ആർ?’ എന്നു ശിഷ്യനായ യാക്കോബ് ചോദിച്ചു. അനന്തരം അവൻതന്നെ ആ ചോദ്യത്തിന് ഉത്തരം നൽകി: “അവന്റെ ശരിയായ നടത്ത അതിന് പ്രായോഗികമായ തെളിവു നൽകട്ടെ.” (യാക്കോബ് 3:13, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) യേശുവിന്റെ നടത്ത അവൻ ദിവ്യജ്ഞാനത്താൽ ഭരിക്കപ്പെട്ടിരുന്നു എന്നതിനു പ്രായോഗികമായ തെളിവു നൽകി. തന്റെ ജീവിതരീതിയിലും മറ്റുള്ളവരുമായുള്ള ഇടപെടലുകളിലും അവൻ വിവേചന പ്രകടമാക്കിയത് എങ്ങനെയെന്നു നമുക്കു പരിചിന്തിക്കാം.
17. യേശു ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും പൂർണ സമനില പാലിച്ചിരുന്നു എന്നതിന് എന്തു സൂചനകൾ ഉണ്ട്?
17 വിവേചന ഇല്ലാത്ത ആളുകൾ മിക്കപ്പോഴും അതിരുവിട്ടു പ്രവർത്തിക്കുന്നതായി നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? അതേ, സമനില പാലിക്കാൻ ജ്ഞാനം ആവശ്യമാണ്. ദൈവിക ജ്ഞാനം പ്രതിഫലിപ്പിച്ചതിനാൽ യേശുവിന് എല്ലാ കാര്യത്തിലും പൂർണ സമനില പാലിക്കാൻ കഴിഞ്ഞു. അവൻ ആത്മീയ കാര്യങ്ങൾക്കു തന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തു. സുവാർത്ത ഘോഷിക്കുന്ന വേലയിൽ അവൻ തിരക്കോടെ ഏർപ്പെട്ടിരുന്നു. “അതിനാണു ഞാൻ വന്നിരിക്കുന്നത്” എന്ന് അവൻ പറഞ്ഞു. (മർക്കൊസ് 1:38, പി.ഒ.സി. ബൈ.) സ്വാഭാവികമായും ഭൗതിക കാര്യങ്ങൾക്ക് അവൻ പ്രമുഖ സ്ഥാനം കൊടുത്തില്ല; ഭൗതികമായി തന്റേതെന്നു പറയാൻ യേശുവിനു കാര്യമായി ഒന്നും ഇല്ലായിരുന്നു എന്നുതന്നെ പറയാം. (മത്തായി 8:20) എന്നിരുന്നാലും അവൻ ഒരു സന്ന്യാസി അല്ലായിരുന്നു. “സന്തുഷ്ട ദൈവ”മായ, അവന്റെ പിതാവിനെപ്പോലെ യേശുവും സന്തോഷമുള്ള ഒരു വ്യക്തി ആയിരുന്നു. അവൻ മറ്റുള്ളവരുടെ സന്തോഷം വർധിപ്പിക്കുകയും ചെയ്തു. (1 തിമൊഥെയൊസ് 1:11, NW; 6:15, NW) സംഗീതവും ഗാനാലാപനവും സന്തോഷത്തിമിർപ്പുമൊക്കെ ഉണ്ടായിരുന്നിരിക്കാവുന്ന ഒരു വിവാഹവിരുന്നിൽ സംബന്ധിച്ചപ്പോൾ, ആ സന്ദർഭത്തിന്റെ രസം കെടുത്താൻ അവൻ ശ്രമിച്ചില്ല. എന്തിന്, വീഞ്ഞു തീർന്നപ്പോൾ ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ട് അവൻ വെള്ളം “മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന” വീഞ്ഞാക്കിത്തീർക്കുകപോലും ചെയ്തു. (സങ്കീർത്തനം 104:15; യോഹന്നാൻ 2:1-11) ഭക്ഷണത്തിൽ പങ്കുകൊള്ളാനുള്ള അനേകം ക്ഷണങ്ങൾ യേശു സ്വീകരിച്ചു, അവൻ മിക്കപ്പോഴും അത്തരം സന്ദർഭങ്ങൾ വിലയേറിയ കാര്യങ്ങൾ പഠിപ്പിക്കാൻ ഉപയോഗിച്ചു.—ലൂക്കൊസ് 10:38-42; 14:1-6.
18. യേശു തന്റെ ശിഷ്യന്മാരുമായുള്ള ഇടപെടലുകളിൽ പിഴവറ്റ വിവേചനാപ്രാപ്തി പ്രകടമാക്കിയത് എങ്ങനെ?
18 മറ്റുള്ളവരുമായുള്ള തന്റെ ഇടപെടലുകളിൽ യേശു പിഴവറ്റ വിവേചനാപ്രാപ്തി പ്രകടമാക്കി. മനുഷ്യപ്രകൃതം സംബന്ധിച്ച അവന്റെ ഉൾക്കാഴ്ച ശിഷ്യന്മാരെ കുറിച്ചു വ്യക്തമായ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ അവനെ സഹായിച്ചു. അവർ പൂർണരല്ലെന്ന് അവനു നന്നായി അറിയാമായിരുന്നു. എന്നിരുന്നാലും, അവൻ അവരുടെ നല്ല ഗുണങ്ങൾ മനസ്സിലാക്കി. യഹോവയാൽ ആകർഷിക്കപ്പെട്ട ആ പുരുഷന്മാരിലെ നന്മയും കഴിവുകളും അവൻ കണ്ടു. (യോഹന്നാൻ 6:44) അവരുടെ ദൗർബല്യങ്ങൾ ഗണ്യമാക്കാതെ അവരെ വിശ്വസിക്കാനുള്ള സന്നദ്ധത യേശു പ്രകടമാക്കി. ആ വിശ്വാസം നിമിത്തം അവൻ തന്റെ ശിഷ്യന്മാർക്ക് ഒരു ഭാരിച്ച ഉത്തരവാദിത്വം ഏൽപ്പിച്ചുകൊടുത്തു. സുവാർത്ത പ്രസംഗിക്കാൻ അവൻ അവരെ നിയോഗിച്ചു. ആ നിയോഗം നിറവേറ്റാനുള്ള അവരുടെ പ്രാപ്തിയിൽ അവനു ദൃഢവിശ്വാസമുണ്ടായിരുന്നു. (മത്തായി 28:19, 20) അവൻ അവരെ ഭരമേൽപ്പിച്ച വേല അവർ അവസാനത്തോളം വിശ്വസ്തമായി ചെയ്തു എന്ന് പ്രവൃത്തികളുടെ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃത്തികൾ 2:41, 42; 4:33; 5:27-32) അതേ, യേശു അവരിൽ വിശ്വാസം അർപ്പിച്ചത് ജ്ഞാനപൂർവകം ആയിരുന്നു.
19. താൻ “സൌമ്യതയും താഴ്മയും ഉള്ളവൻ” ആയിരുന്നുവെന്ന് യേശു പ്രകടമാക്കിയത് എങ്ങനെ?
19 നാം 20-ാം അധ്യായത്തിൽ കണ്ടതുപോലെ, ബൈബിൾ താഴ്മയെയും സൗമ്യതയെയും ജ്ഞാനത്തോടു ബന്ധിപ്പിക്കുന്നു. തീർച്ചയായും യഹോവയാണ് ഈ കാര്യത്തിൽ ഉത്തമ മാതൃക വെച്ചിരിക്കുന്നത്. എന്നാൽ യേശുവോ? യേശു തന്റെ ശിഷ്യന്മാരോട് ഇടപെടുന്നതിൽ പ്രകടമാക്കിയ താഴ്മ ഹൃദയോഷ്മളമാണ്. ഒരു പൂർണമനുഷ്യനെന്ന നിലയിൽ അവൻ അവരെക്കാൾ ശ്രേഷ്ഠനായിരുന്നു. എന്നിരുന്നാലും അവൻ തന്റെ ശിഷ്യന്മാരെ പുച്ഛത്തോടെ വീക്ഷിച്ചില്ല. തങ്ങൾ താഴ്ന്നവരാണെന്നോ അയോഗ്യരാണെന്നോ അവർക്കു തോന്നാൻ അവൻ ഒരിക്കലും ഇടയാക്കിയില്ല. മറിച്ച്, അവൻ അവരുടെ പരിമിതികളെ കുറിച്ചു പരിഗണനയുള്ളവനായിരുന്നു, അവരുടെ കുറവുകൾ സംബന്ധിച്ച് ക്ഷമയുള്ളവനുമായിരുന്നു. (മർക്കൊസ് 14:34-38; യോഹന്നാൻ 16:12) കുട്ടികൾ പോലും യേശുവിന്റെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു എന്നതു ശ്രദ്ധേയമല്ലേ? തീർച്ചയായും അവൻ “സൌമ്യതയും താഴ്മയും ഉള്ളവൻ” ആയിരുന്നു എന്നു മനസ്സിലാക്കിയതുകൊണ്ടാണ് അവർ അവനിലേക്ക് ആകർഷിക്കപ്പെട്ടത്.—മത്തായി 11:29; മർക്കൊസ് 10:13-16.
20. ഭൂതബാധിതയായ മകളെ സുഖപ്പെടുത്താൻ ഒരു സ്ത്രീ അപേക്ഷിച്ച സന്ദർഭത്തിൽ യേശു ന്യായബോധം പ്രകടമാക്കിയത് എങ്ങനെ?
20 മറ്റൊരു വിധത്തിലും യേശു ദൈവിക താഴ്മ പ്രകടമാക്കി. അവൻ ന്യായബോധവും വഴക്കവും കാണിച്ചു. ദൃഷ്ടാന്തത്തിന്, ഭൂതബാധയാൽ കഠിനമായി വലഞ്ഞിരുന്ന തന്റെ മകളെ സുഖപ്പെടുത്താൻ ഒരു വിജാതീയ സ്ത്രീ അവനോട് അപേക്ഷിച്ച സംഭവം ഓർക്കുക. താൻ അവളെ സഹായിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആദ്യം മൂന്നു വിധങ്ങളിൽ യേശു സൂചിപ്പിച്ചു. ഒന്ന്, അവളോട് ഉത്തരം പറയാൻ കൂട്ടാക്കാതിരുന്നുകൊണ്ട്; രണ്ട്, തന്നെ അയച്ചിരിക്കുന്നത് വിജാതീയരുടെ അടുത്തേക്കല്ല, യഹൂദരുടെ അടുത്തേക്കാണ് എന്ന് നേരിട്ടു പ്രസ്താവിച്ചുകൊണ്ട്; മൂന്ന്, അതേ ആശയം ദയാപുരസ്സരം വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട്. എന്നാൽ ആ സ്ത്രീ പിന്മാറിയില്ല, അത് അവളുടെ അസാധാരണമായ വിശ്വാസത്തിന്റെ തെളിവായിരുന്നു. ഈ പ്രത്യേക സാഹചര്യത്തോട് യേശു എങ്ങനെ പ്രതികരിച്ചു? താൻ ചെയ്യുകയില്ലെന്നു സൂചിപ്പിച്ചതുതന്നെ യേശു ചെയ്തു. ആ സ്ത്രീയുടെ മകളെ യേശു സുഖപ്പെടുത്തി. (മത്തായി 15:21-28) ശ്രദ്ധേയമായ താഴ്മ, അല്ലേ? യഥാർഥ ജ്ഞാനത്തിന്റെ അടിസ്ഥാനം താഴ്മയാണെന്ന് ഓർക്കുക.
21. നാം യേശുവിന്റെ വ്യക്തിത്വവും സംസാരവും പെരുമാറ്റരീതികളും അനുകരിക്കാൻ ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
21 ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും ജ്ഞാനിയായ മനുഷ്യന്റെ വാക്കുകളും പ്രവൃത്തികളും സുവിശേഷങ്ങൾ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവർ ആയിരിക്കേണ്ടതാണ്! യേശു തന്റെ പിതാവിന്റെ പൂർണമായ ഒരു പ്രതിഫലനമായിരുന്നു എന്ന് ഓർക്കുക. യേശുവിന്റെ വ്യക്തിത്വം, സംസാരം, പെരുമാറ്റരീതികൾ എന്നിവ അനുകരിക്കുമ്പോൾ നാം ഉയരത്തിൽനിന്നുള്ള ജ്ഞാനം നട്ടുവളർത്തുകയായിരിക്കും ചെയ്യുന്നത്. നമ്മുടെ ജീവിതത്തിൽ ദൈവികജ്ഞാനം എങ്ങനെ പ്രായോഗികമാക്കാം എന്ന് അടുത്ത അധ്യായത്തിൽ നാം പരിചിന്തിക്കും.
a ബൈബിൾകാലങ്ങളിൽ വീടുകൾ പണിയാനും ഗൃഹോപകരണങ്ങൾ നിർമിക്കാനും കൃഷി ആയുധങ്ങൾ ഉണ്ടാക്കാനും തച്ചന്മാരുടെ സഹായം തേടിയിരുന്നു. പൊ.യു. രണ്ടാം നൂറ്റാണ്ടിലെ ജസ്റ്റിൻ മാർട്ടർ യേശുവിനെ കുറിച്ച് ഇങ്ങനെ എഴുതി: “മനുഷ്യരോടൊപ്പം ആയിരിക്കെ അവൻ കലപ്പയും നുകവും ഉണ്ടാക്കുന്ന ഒരു തച്ചനായി ജോലി ചെയ്തിരുന്നു.”
b ‘ഉത്കണ്ഠാകുലരാകുക’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു ക്രിയയുടെ അർഥം “മനസ്സു പതറാൻ ഇടയാക്കുക” എന്നാണ്. മത്തായി 6:25-ൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം, അത് ജീവിതത്തിൽനിന്നു സന്തോഷം കവർന്നുകളഞ്ഞുകൊണ്ട് മനസ്സിനെ പതറിക്കുന്ന അല്ലെങ്കിൽ തകർത്തുകളയുന്ന ആകുലതയെ പരാമർശിക്കുന്നു.
c അമിതമായ ഉത്കണ്ഠയും സമ്മർദവും നമ്മുടെ ആയുർദൈർഘ്യം കുറച്ചേക്കാവുന്ന ഹൃദയധമനീരോഗങ്ങൾക്കും മറ്റനേകം അസുഖങ്ങൾക്കും ഇടയാക്കിയേക്കാം എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.