യഹോവയുടെ സാക്ഷികൾക്കു പരിശീലനം കിട്ടുന്നത് എങ്ങനെയാണ്?
യഹോവയുടെ സാക്ഷികൾക്കു ക്രിസ്ത്യാനികളായി ജീവിക്കാൻവേണ്ട എല്ലാ പരിശീലനവും കിട്ടുന്നു. അതിൽ വ്യക്തിപരമായി സുവിശേഷപ്രവർത്തനം ചെയ്യാനുള്ള പരിശീലനവും ഉൾപ്പെടുന്നു. ഈ സുവിശേഷപ്രവർത്തനം ചെയ്യാനാണു യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്. അതായത് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. (മത്തായി 24:14; 28:19, 20) ഓരോ ആഴ്ചയും മീറ്റിങ്ങുകളിലൂടെയും ഓരോ വർഷവും നടക്കുന്ന സമ്മേളനങ്ങളിലൂടെയും കൺവെൻഷനുകളിലൂടെയും ഞങ്ങൾക്ക് അതിനുവേണ്ട പരിശീലനം കിട്ടുന്നു. അതുപോലെ യഹോവയുടെ സാക്ഷികളുടെ സഭയിലും സംഘടനയിലും ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നവർക്കു ചില പ്രത്യേക ബൈബിൾ സ്കൂളുകളിൽനിന്നും പരിശീലനം ലഭിക്കുന്നു.
ഈ ലേഖനത്തിൽ
യഹോവയുടെ സാക്ഷികൾക്ക് എന്തു പരിശീലനമാണു കിട്ടുന്നത്?
എന്തിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണ് യഹോവയുടെ സാക്ഷികൾക്കു കിട്ടുന്നത്?
പരിശീലനത്തിനുവേണ്ടി യഹോവയുടെ സാക്ഷികൾ പണം നൽകേണ്ടതുണ്ടോ?
പരിശീലനത്തിൽനിന്ന് യഹോവയുടെ സാക്ഷികൾക്ക് എങ്ങനെയാണു പ്രയോജനം കിട്ടിയത്?
യഹോവയുടെ സാക്ഷികൾക്ക് എന്തു പരിശീലനമാണ് കിട്ടുന്നത്?
സഭാമീറ്റിങ്ങുകൾ. ഞങ്ങൾ ആരാധനയ്ക്കായി കൂടുന്ന രാജ്യഹാൾ എന്നു വിളിക്കുന്ന സ്ഥലത്ത് ആഴ്ചയിൽ രണ്ടു തവണ കൂടിവരും. ഇടദിവസങ്ങളിലാണ് ഒരു മീറ്റിങ്ങ് നടക്കുന്നത്, മറ്റേത് ആഴ്ചയുടെ അവസാനവും. ഈ മീറ്റിങ്ങുകൾക്ക് ആർക്കു വേണമെങ്കിലും പങ്കെടുക്കാം. അവിടെ പണപ്പിരിവൊന്നും ഉണ്ടായിരിക്കില്ല.
ഇടദിവസത്തെ മീറ്റിങ്ങ്. വായനയും സംഭാഷണകലയും മെച്ചപ്പെടുത്താനും പ്രസംഗങ്ങൾ നടത്താനും മറ്റുള്ളവരോടു ബൈബിളിലെ കാര്യങ്ങൾ പറയാനും പഠിപ്പിക്കാനും ഉള്ള നിർദേശങ്ങൾ ഞങ്ങൾക്ക് ഇതിലൂടെ കിട്ടുന്നു. ഈ മീറ്റിങ്ങുകളിൽ പ്രസംഗങ്ങളും ചർച്ചകളും അവതരണങ്ങളും വീഡിയോകളും ഉണ്ട്. ബൈബിളിലെ സന്ദേശം നല്ല വിധത്തിൽ മറ്റുള്ളവരോടു പറയാനും താത്പര്യമുള്ള ആളുകൾക്കു ബൈബിൾപഠനങ്ങൾ നടത്താനും ഉള്ള പരിശീലനം ഈ മീറ്റിങ്ങുകളിലൂടെയാണു കിട്ടുന്നത്. മീറ്റിങ്ങിനു വരുന്ന എല്ലാവർക്കും ഈ പരിശീലനത്തിൽനിന്ന് പ്രയോജനം കിട്ടും എന്നതിനു സംശയമില്ല. അതിലെല്ലാം ഉപരി ദൈവത്തിലുള്ള വിശ്വാസവും ദൈവത്തോടും സഹാരാധകരോടും ഉള്ള സ്നേഹവും ശക്തമാക്കാൻ ഈ മീറ്റിങ്ങുകൾ സഹായിക്കുന്നു.
ആഴ്ചയുടെ അവസാനം നടക്കുന്ന മീറ്റിങ്ങ്. രണ്ടു ഭാഗങ്ങളുള്ള ഈ മീറ്റിങ്ങുകൾ തുടങ്ങുന്നത് ഒരു ബൈബിളധിഷ്ഠിത പ്രസംഗത്തോടെയാണ്. അതു പ്രത്യേകിച്ചും തയ്യാറാക്കിയിരിക്കുന്നത് യഹോവയുടെ സാക്ഷികൾ അല്ലാത്തവർക്കുവേണ്ടിയാണ്. മീറ്റിങ്ങിന്റെ രണ്ടാമത്തെ ഭാഗം വീക്ഷാഗോപുരം a മാസികയിലെ ഒരു പഠനലേഖനം ഉപയോഗിച്ചുള്ള ചോദ്യോത്തര ചർച്ചയാണ്. ശുശ്രൂഷയോടും വ്യക്തിപരമായ ജീവിതത്തോടും ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങളും വിഷയങ്ങളും ആ ലേഖനങ്ങളിൽ ചർച്ച ചെയ്യും.
സമ്മേളനങ്ങളും കൺവെൻഷനുകളും. യഹോവയുടെ സാക്ഷികളുടെ പല സഭകൾ ഒരുമിച്ചുള്ള മൂന്നു വലിയ കൂടിവരവുകൾ ഓരോ വർഷവും ഉണ്ട്. ഒരു പ്രത്യേക ബൈബിൾവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ആ പരിപാടികളിൽ പ്രസംഗങ്ങളും അഭിമുഖങ്ങളും വീഡിയോകളും ഒക്കെയുണ്ട്. സഭാ മീറ്റിങ്ങുകളുടെപോലെതന്നെ സമ്മേളനങ്ങളിലൂടെയും കൺവെൻഷനുകളിലൂടെയും ഞങ്ങൾക്കു ബൈബിളിനെക്കുറിച്ച് കൂടുതൽ പഠിക്കാൻപറ്റുന്നു. അതുപോലെ മറ്റുള്ളവരോടു നല്ല വിധത്തിൽ ദൈവരാജ്യത്തെക്കുറിച്ച് പറയാനും അതു ഞങ്ങളെ സഹായിക്കുന്നു. ഈ പരിപാടികൾക്ക് ആർക്കുവേണമെങ്കിലും പങ്കെടുക്കാം. പണപ്പിരിവൊന്നും ഉണ്ടായിരിക്കില്ല.
യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ബൈബിൾസ്കൂളുകൾ
കൂടുതൽ പരിശീലനത്തിനായി യഹോവയുടെ സാക്ഷികളിൽ ചിലരെ വ്യത്യസ്ത ബൈബിൾസ്കൂളുകളിലേക്കു ക്ഷണിക്കുന്നു. ഏതൊക്കെയാണ് ആ സ്കൂളുകൾ? അതിന്റെ ഉദ്ദേശ്യം എന്താണ്? അത് എത്ര ദിവസം ഉണ്ട്? ആരെയൊക്കെയാണ് അതിനുവേണ്ടി ക്ഷണിക്കുന്നത്?
മുൻനിരസേവനസ്കൂൾ
ഉദ്ദേശ്യം: മുൻനിരസേവകർ b എന്നു വിളിക്കുന്ന മുഴുസമയ ശുശ്രൂഷകർക്കുവേണ്ടിയുള്ളതാണ് ഈ സ്കൂൾ. ഫലപ്രദമായി ആളുകളെ ബൈബിൾസന്ദേശം അറിയിക്കാനും പഠിപ്പിക്കാനും ഉള്ള കഴിവ് മെച്ചപ്പെടുത്തുക എന്നതാണ് ഈ സ്കൂളിന്റെ ഉദ്ദേശ്യം. ഈ കോഴ്സിൽ ചർച്ചകളും പ്രസംഗങ്ങളും പരിശീലനസെഷനുകളും ഉണ്ട്.
ദൈർഘ്യം: ആറു ദിവസം.
യോഗ്യതകൾ: മുൻനിരസേവകരായി ഒരു വർഷം പ്രവർത്തിച്ചവരെ ഇതിനുവേണ്ടി ക്ഷണിക്കും. അതുപോലെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഈ സ്കൂളിൽ പങ്കെടുക്കാത്ത മുൻനിരസേവകർക്കും അതിനുള്ള അവസരം കിട്ടിയേക്കും.
രാജ്യസുവിശേഷകർക്കുള്ള സ്കൂൾ
ഉദ്ദേശ്യം: നല്ല അനുഭവപരിചയമുള്ള മുഴുസമയ ശുശ്രൂഷകർക്കുവേണ്ടിയുള്ള പ്രത്യേക പരിശീലനമാണിത്. ഈ സ്കൂളിലൂടെ ഫലപ്രദമായി ആളുകളെ ബൈബിളിലെ സന്ദേശം അറിയിക്കാനും അത് പഠിപ്പിക്കാനും ഉള്ള കഴിവ് മെച്ചപ്പെടുത്താനാവുന്നു. അതുപോലെ ബൈബിൾവിഷയങ്ങൾ ആഴത്തിൽ പഠിക്കാനും അവർക്കു കഴിയുന്നു. ഈ പഠനം പൂർത്തിയാക്കുന്നവരെ സുവിശേഷപ്രവർത്തനം കൂടുതൽ ആവശ്യമുള്ള ഇടങ്ങളിലേക്ക് അയക്കുന്നു.
ദൈർഘ്യം: രണ്ടു മാസം.
യോഗ്യതകൾ: ചില പ്രത്യേക നിബന്ധനകളിൽ എത്തിച്ചേർന്നിരിക്കുന്ന മുൻനിരസേവകർക്ക് ഈ ക്ലാസ്സിൽ പങ്കെടുക്കാം. അതുപോലെ ആവശ്യമുള്ള ഏതു സ്ഥലത്തും പോയി പ്രവർത്തിക്കാൻ തയ്യാറായിരിക്കണം.
സഭാ മൂപ്പന്മാർക്കുള്ള സ്കൂൾ
ഉദ്ദേശ്യം: പഠിപ്പിക്കാനും ഇടയവേല ചെയ്യാനും ഉള്ള ഉത്തരവാദിത്വങ്ങൾ ഏറ്റവും നന്നായി ചെയ്യാൻ മൂപ്പന്മാരെ c സഹായിക്കുക. അതുപോലെ ദൈവത്തോടും സഹാരാധകരോടും ഉള്ള അവരുടെ സ്നേഹം ആഴമുള്ളതാക്കുക.—1 പത്രോസ് 5:2, 3.
ദൈർഘ്യം: അഞ്ചു ദിവസം.
യോഗ്യതകൾ: പുതുതായി നിയമിതരായ മൂപ്പന്മാർക്കും അതുപോലെ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഈ സ്കൂളിലേക്ക് ക്ഷണം ലഭിക്കാത്തവർക്കും ഇതിൽ പങ്കെടുക്കാം.
സർക്കിട്ട് മേൽവിചാരകന്മാർക്കും ഭാര്യമാർക്കും ഉള്ള സ്കൂൾ
ഉദ്ദേശ്യം: സർക്കിട്ട് മേൽവിചാരകന്മാർക്ക് d തങ്ങളുടെ ഉത്തരവാദിത്വങ്ങൾ കൂടുതൽ നന്നായി ചെയ്യാനുള്ള പരിശീലനം ഇതിലൂടെ കിട്ടുന്നു. (1 തിമൊഥെയൊസ് 5:17) അതുപോലെ ഈ മൂപ്പന്മാർക്കും ഭാര്യമാർക്കും തിരുവെഴുത്തുകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഇതിലൂടെ ലഭിക്കുന്നു.
ദൈർഘ്യം: ഒരു മാസം.
യോഗ്യതകൾ: ഈ സേവനത്തിൽ ഒരു വർഷം പൂർത്തിയാക്കുന്ന പുതിയ സർക്കിട്ട് മേൽവിചാരകന്മാരെയും ഭാര്യമാരെയും ഈ സ്കൂളിനായി ക്ഷണിക്കും. അതുപോലെ ഓരോ അഞ്ചു വർഷം കൂടുംതോറും അവർക്ക് ഈ സ്കൂളിൽ പങ്കെടുക്കാം.
രാജ്യശുശ്രൂഷാസ്കൂൾ
ഉദ്ദേശ്യം: ഓരോ സമയത്തെ സാഹചര്യവും ആവശ്യവും കണക്കിലെടുത്ത് മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും e തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യാനുള്ള സഹായം കൊടുക്കുന്നു. (2 തിമൊഥെയൊസ് 3:1) കുറച്ച് വർഷങ്ങൾ കൂടുമ്പോൾ ഇതു നടത്തും.
ദൈർഘ്യം: മിക്കവാറും ഒരു ദിവസമായിരിക്കും. അതിൽ വ്യത്യാസങ്ങൾ വരാം.
യോഗ്യതകൾ: സർക്കിട്ട് മേൽവിചാരകന്മാർ, മൂപ്പന്മാർ, ശുശ്രൂഷാദാസന്മാർ എന്നിവർക്കു പങ്കെടുക്കാം.
ബഥേൽ സേവന സ്കൂൾ
ഉദ്ദേശ്യം: ബഥേൽ f അംഗങ്ങൾക്കു തങ്ങളുടെ ജോലി ഏറ്റവും നന്നായി ചെയ്യാനും ദൈവത്തോടും മറ്റുള്ളവരോടും ഉള്ള സ്നേഹം ആഴമുള്ളതാക്കാനും ഇതു സഹായിക്കുന്നു.
ദൈർഘ്യം: അഞ്ചര ദിവസം.
യോഗ്യതകൾ: പുതിയ ബഥേലംഗങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കുന്നു. അതുപോലെ അഞ്ചു വർഷത്തിനിടെ ഈ സ്കൂൾ കിട്ടാത്ത ബഥേലംഗങ്ങൾക്കും ഇതിനുള്ള ക്ഷണം കിട്ടിയേക്കാം.
വാച്ച്ടവർ ഗിലെയാദ് ബൈബിൾസ്കൂൾ
ഉദ്ദേശ്യം: ദൈവവചനത്തോടുള്ള വിലമതിപ്പ് ആഴമുള്ളതാക്കാനും പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താനും വിദ്യാർഥികളെ സഹായിക്കുന്നു. (1 തെസ്സലോനിക്യർ 2:13) ഈ ക്ലാസ്സിൽ പങ്കെടുക്കുന്ന പക്വതയുള്ള ഇവർ യഹോവയുടെ സംഘടനയ്ക്കും ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും ഒരു മുതൽക്കൂട്ടായി മാറും. ഈ സ്കൂളിൽനിന്ന് ബിരുദം നേടിയവരെ സ്വന്തം രാജ്യത്തോ മറ്റൊരു രാജ്യത്തോ ഉള്ള ഏതെങ്കിലും സ്ഥലത്തേക്കോ ബ്രാഞ്ചോഫീസിലേക്കോ നിയമിച്ചേക്കാം.
ദൈർഘ്യം: അഞ്ചു മാസം.
യോഗ്യതകൾ: ബ്രാഞ്ചോഫീസ് തിരഞ്ഞെടുക്കുന്ന മുഴുസമയസേവകർക്ക് ഇതിനായി അപേക്ഷിക്കാം. ഈ സ്കൂൾ നടക്കുന്നത് ഐക്യനാടുകളിലെ ന്യൂയോർക്കിലെ പാറ്റേർസണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസകേന്ദ്രത്തിലാണ്.
ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കും ഭാര്യമാർക്കും ഉള്ള സ്കൂൾ
ഉദ്ദേശ്യം: ബ്രാഞ്ചോഫീസിന്റെ പ്രവർത്തനങ്ങൾക്കും അതുപോലെ ഒരു ബ്രാഞ്ചോഫീസിന്റെ കീഴിലുള്ള രാജ്യത്തിന്റെ അല്ലെങ്കിൽ രാജ്യങ്ങളുടെ ആത്മീയപ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കാൻ ബ്രാഞ്ച് കമ്മിറ്റി g അംഗങ്ങളെ പരിശീലിപ്പിക്കുക.
ദൈർഘ്യം: രണ്ടു മാസം.
യോഗ്യതകൾ: യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെയും ഭാര്യമാരെയും ഈ സ്കൂളിനായി ക്ഷണിക്കും. ഇതു നടക്കുന്നത് ന്യൂയോർക്കിലെ പാറ്റേർസണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസകേന്ദ്രത്തിലാണ്.
എന്തിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണ് യഹോവയുടെ സാക്ഷികൾക്കു കിട്ടുന്നത്?
യഹോവയുടെ സാക്ഷികൾക്കു പരിശീലനം കിട്ടുന്നത് ബൈബിളിന്റെ അടിസ്ഥാനത്തിലാണ്. ബൈബിൾ ദൈവപ്രചോദിതമായി എഴുതിയതാണെന്നും ഒരു ക്രിസ്ത്യാനിയായി ജീവിക്കാൻവേണ്ട ഏറ്റവും നല്ല നിർദേശങ്ങൾ അതിലുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നു.—2 തിമൊഥെയൊസ് 3:16, 17.
പരിശീലനത്തിനുവേണ്ടി യഹോവയുടെ സാക്ഷികൾ പണം നൽകേണ്ടതുണ്ടോ?
ഇല്ല. എല്ലാ നിർദേശങ്ങളും സൗജന്യമാണ്. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ നടക്കുന്നതു സ്വമനസ്സാലെ നൽകുന്ന സംഭാവനകളിലൂടെയാണ്.—2 കൊരിന്ത്യർ 9:7.
a ബൈബിളും വീഡിയോകൾ ഉൾപ്പെടെയുള്ള ബൈബിൾ പഠനസഹായികളും ഞങ്ങളുടെ വെബ്സൈറ്റായ jw.org-ൽ ലഭ്യമാണ്.
b ബൈബിളിലെ സന്ദേശം മറ്റുള്ളവരെ അറിയിക്കാനായി സ്വമനസ്സാലെ ഒരു നിശ്ചിത മണിക്കൂർ എല്ലാ മാസവും മാറ്റിവെക്കുന്ന, മാതൃകായോഗ്യരായ, സ്നാനമേറ്റ യഹോവയുടെ സാക്ഷികളാണ് മുൻനിരസേവകർ.
c പക്വതയും അനുഭവപരിചയവും ഉള്ള പുരുഷന്മാർ സഭകളിൽ ദൈവജനത്തെ ബൈബിൾ ഉപയോഗിച്ച് പഠിപ്പിക്കുന്നു. അവർ സഭാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഈ ഇടയന്മാരാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന മൂപ്പന്മാർ. അവർ ശമ്പളം വാങ്ങിയല്ല ഇതൊന്നും ചെയ്യുന്നത്.
d ഓരോ ആഴ്ചയും തന്റെ നിയമിത പ്രദേശത്തുള്ള ഓരോ സഭയും സന്ദർശിക്കുന്ന ഒരു മുഴുസമയ ശുശ്രൂഷകനാണ് സർക്കിട്ട് മേൽവിചാരകൻ. ബൈബിളധിഷ്ഠിത പ്രസംഗങ്ങൾ നടത്തിക്കൊണ്ടും തന്റെ ആത്മീയ സഹോദരീസഹോദരന്മാരോടൊപ്പം സുവിശേഷ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടും അദ്ദേഹം അവരെ പ്രോത്സാഹിപ്പിക്കും.
e സഭയിലെ സഹോദരീസഹോദരന്മാർക്കുവേണ്ടി പല സേവനങ്ങളും ചെയ്യുന്നവരാണ് ശുശ്രൂഷാദാസന്മാർ. അവർ അങ്ങനെ ചെയ്യുന്നതുകൊണ്ട് മൂപ്പന്മാർക്കു പഠിപ്പിക്കാനും സഹോദരങ്ങളെ ആത്മീയമായി സഹായിക്കാനും കൂടുതൽ സമയം കിട്ടുന്നു.
f യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകളെ വിളിക്കുന്ന പേരാണ് ബഥേൽ. അവിടെയുള്ള മുഴുസമയ ശുശ്രൂഷകർ ആ ബ്രാഞ്ചോഫീസിന് കീഴിലുള്ള പ്രദേശത്തെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും.
g ആത്മീയപക്വതയുള്ള, യോഗ്യരായ, മൂന്നോ അതിലധികമോ പുരുഷന്മാർ അടങ്ങിയതാണ് ബ്രാഞ്ച് കമ്മിറ്റി.