എനിക്ക് എങ്ങനെ ഒരു യഹോവയുടെ സാക്ഷിയാകാം?
യഹോവയുടെ സാക്ഷിയാകാൻ ഒരു വ്യക്തി എന്തൊക്ക പടികൾ കൈക്കൊള്ളണമെന്നു യേശു വിശദീകരിച്ചു. അതു നമുക്കു മത്തായി 28:19, 20 വാക്യങ്ങളിൽ കാണാം. യഹോവയെക്കുറിച്ച് സാക്ഷ്യം പറയുന്ന ഒരു ക്രിസ്തുശിഷ്യനാകാൻ ഒരു വ്യക്തി എന്തു ചെയ്യണമെന്ന് ആ ഭാഗം പറയുന്നു.
1. ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്നു പഠിക്കുക. ‘പഠിപ്പിച്ച് ശിഷ്യരാക്കാൻ’ യേശു അനുഗാമികളോടു പറഞ്ഞു. (മത്തായി 28:19, 20) “ശിഷ്യൻ” എന്ന വാക്കിൻറെ അക്ഷരാർഥം “വിദ്യാർഥി” എന്നാണ്. ജീവിതം സന്തോഷമുള്ളതും സംതൃപ്തവും ആക്കണമെങ്കിൽ എന്തു ചെയ്യണമെന്നു ബൈബിൾ, പ്രത്യേകിച്ച് യേശു പഠിപ്പിച്ച കാര്യങ്ങൾ നമുക്കു പറഞ്ഞുതരുന്നു. (2 തിമൊഥെയൊസ് 3:16, 17) ഞങ്ങളുടെ സൗജന്യ ബൈബിൾപഠന പരിപാടിയിലൂടെ ബൈബിൾ എന്താണു പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിനു ഞങ്ങൾക്കു സന്തോഷമേയുള്ളൂ.—മത്തായി 10:7, 8; 1 തെസ്സലോനിക്യർ 2:13.
2. പഠിക്കുന്ന കാര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക. ബൈബിൾ പഠിക്കുന്നവർ ‘(താൻ) കൽപ്പിച്ചതൊക്കെയും പ്രമാണിക്കണമെന്നു’ യേശു പറഞ്ഞു. (മത്തായി 28:20) ബൈബിൾപഠനം എന്നതുകൊണ്ട് കുറെ വിവരങ്ങൾ മനസ്സിലാക്കുക എന്നതു മാത്രമല്ല അർഥം. ചിന്തകളിലും പെരുമാറ്റത്തിലും വരുത്തേണ്ട പ്രകടമായ മാറ്റങ്ങളും അതിൽ ഉൾപ്പെടുന്നു. (പ്രവൃത്തികൾ 10:42; എഫെസ്യർ 4:22-29; എബ്രായർ 10:24, 25) യേശുവിൻറെ കല്പനകൾ അനുസരിക്കുന്നവർ ദൈവമായ യഹോവയ്ക്കു ജീവിതം സമർപ്പിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കാനുള്ള വ്യക്തിപരമായ തീരുമാനമെടുക്കാൻ പ്രേരിതരായിത്തീരുന്നു.—മത്തായി 16:24.
3: സ്നാനപ്പെടുക. (മത്തായി 28:19) ബൈബിളിൽ സ്നാനപ്പെടുന്നതിനെ ഒരു അടക്കം ചെയ്യലിനോടാണ് ഉപമിച്ചിരിക്കുന്നത്. (റോമർ 6:2-4 താരതമ്യം ചെയ്യുക.) കഴിഞ്ഞകാലജീവിതഗതി സംബന്ധിച്ച് മരിക്കുകയും പുതിയ ഒരു ജീവിതം ആരംഭിക്കുകയും ചെയ്യുന്നതിൻറെ അടയാളമാണ് അത്. യേശു പറഞ്ഞ ആദ്യത്തെ രണ്ടു പടികൾ നിങ്ങൾ പൂർത്തിയാക്കിയെന്നും ഒരു ശുദ്ധമായ മനസ്സാക്ഷിക്കായി ദൈവത്തോടു യാചിക്കുകയാണെന്നും ഉള്ളതിൻറെ ഒരു പരസ്യപ്രകടനമാണു നിങ്ങളുടെ സ്നാനം.—എബ്രായർ 9:14; 1 പത്രോസ് 3:21.
സ്നാനപ്പെടാൻ എനിക്കു യോഗ്യതയുണ്ടോ എന്ന് എങ്ങനെ അറിയാം?
സഭയിലെ മൂപ്പന്മാരോടു സംസാരിക്കുക. സ്നാനപ്പെടുന്നതിൽ ഉൾപ്പെടുന്നത് എന്താണെന്നു നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും പഠിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദൈവത്തിനു സ്വമനസ്സാലെ നിങ്ങളെത്തന്നെ സമർപ്പിച്ചിട്ടുണ്ടെന്നും അവർ ഉറപ്പാക്കും.—പ്രവൃത്തികൾ 20:28; 1 പത്രോസ് 5:1-3.
മാതാപിതാക്കൾ സാക്ഷികളാണെങ്കിൽ കുട്ടികൾ ഈ പടികൾ സ്വീകരിക്കേണ്ടതുണ്ടോ?
ഉണ്ട്. ബൈബിൾ ആവശ്യപ്പെടുന്നതുപോലെതന്നെ ഞങ്ങൾ കുട്ടികളെ “യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക് അനുസൃതമായും” ആണ് വളർത്തുന്നത്. (എഫെസ്യർ 6:4) എന്നാൽ വളർന്നുവരുമ്പോൾ സ്നാനത്തിനുള്ള യോഗ്യത നേടണമെങ്കിൽ ബൈബിൾ പഠിക്കണോ അതിനനുസരിച്ച് ജീവിക്കണോ എന്നതു സംബന്ധിച്ച് അവർ വ്യക്തിപരമായ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. (റോമർ 12:2) ആരാധന സംബന്ധിച്ചുള്ള തീരുമാനം ഓരോ വ്യക്തിയുടേതുമാണ്.—റോമർ 14:12; ഗലാത്യർ 6:5.