വീണ്ടും ജനിക്കുക എന്നാൽ എന്താണ് അർഥം?
ബൈബിൾ നൽകുന്ന ഉത്തരം
വീണ്ടും ജനിക്കുന്ന വ്യക്തിയും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ ഒരു പുതിയ തുടക്കത്തെയാണ് ‘വീണ്ടും ജനിക്കുക’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത്. (യോഹന്നാൻ 3:3, 7) വീണ്ടും ജനിക്കുന്നവരെ ദൈവം തന്റെ മക്കളായി ദത്തെടുക്കുന്നു. (റോമർ 8:15, 16; ഗലാത്യർ 4:5; 1 യോഹന്നാൻ 3:1) നിയമപരമായി ദത്തെടുക്കപ്പെടുന്നവരുടെ കാര്യത്തിലെന്നപോലെ അവർക്കും ഒരു പുതിയ നില കൈവരുന്നു, അവർ ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമായിത്തീരുന്നു.—2 കൊരിന്ത്യർ 6:18.
എന്തുകൊണ്ടാണ് ഒരു വ്യക്തി വീണ്ടും ജനിക്കുന്നത്?
യേശു ഇങ്ങനെ പറഞ്ഞു: “വീണ്ടും ജനിക്കാത്തവന് ദൈവരാജ്യം കാണാൻ കഴിയുകയില്ല.” (യോഹന്നാൻ 3:3) വീണ്ടും ജനിക്കുന്നതിലൂടെ ദൈവരാജ്യത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ ഒരു വ്യക്തിയെ ഒരുക്കുകയാണ് ചെയ്യുന്നത്. ഈ രാജ്യം സ്വർഗത്തിൽനിന്നാണ് ഭരിക്കുന്നത്. അതുകൊണ്ട് ‘സ്വർഗത്തിൽ കരുതിവെച്ചിരിക്കുന്ന ഒരു അവകാശം’ നൽകുന്നതിനെയാണ് “പുതുജനനം” എന്നതുകൊണ്ട് ബൈബിൾ ഉദ്ദേശിക്കുന്നത്. (1 പത്രോസ് 1:3, 4) വീണ്ടും ജനിക്കുന്നവർക്ക് തങ്ങൾ ക്രിസ്തുവിനോടൊപ്പം “രാജാക്കന്മാരായി വാഴും” എന്നുള്ള ബോധ്യം ലഭിക്കുന്നു.—2 തിമൊഥെയൊസ് 2:12; 2 കൊരിന്ത്യർ 1:21, 22.
ഒരു വ്യക്തി വീണ്ടും ജനിക്കുന്നത് എങ്ങനെയാണ്?
ഈ വിഷയത്തെക്കുറിച്ചു സംസാരിച്ചപ്പോൾ വീണ്ടും ജനിക്കുന്നവർ “വെള്ളത്താലും ആത്മാവിനാലും ജനിക്കു”മെന്നാണ് യേശു പറഞ്ഞത്. (യോഹന്നാൻ 3:5) ഈ പ്രയോഗം വെള്ളത്തിലുള്ള സ്നാനത്തിനു ശേഷം നടക്കുന്ന പരിശുദ്ധാത്മാവിനാലുള്ള സ്നാനത്തെ സൂചിപ്പിക്കുന്നു.—പ്രവൃത്തികൾ 1:5; 2:1-4.
വീണ്ടും ജനിച്ച ആദ്യത്തെ വ്യക്തി യേശുവായിരുന്നു. യേശു സ്നാനമേറ്റത് യോർദാൻ നദിയിലായിരുന്നു. സ്നാനമേറ്റശേഷം പരിശുദ്ധാത്മാവിനാൽ ദൈവം യേശുവിനെ അഭിഷേകം ചെയ്തു, അഥവാ സ്നാനപ്പെടുത്തി. സ്വർഗീയജീവനിലേക്കു തിരികെ പോകാനുള്ള പ്രത്യാശയോടെ ദൈവത്തിന്റെ ഒരു ആത്മീയപുത്രനെന്ന നിലയിൽ യേശു വീണ്ടും ജനിക്കുകയായിരുന്നു. (മർക്കോസ് 1:9-11) ഒരു ആത്മവ്യക്തിയെന്ന നിലയിൽ യേശുവിനെ ഉയിർപ്പിച്ചുകൊണ്ട് ഈ പ്രത്യാശ ദൈവം നിറവേറ്റി.—പ്രവൃത്തികൾ 13:33.
വീണ്ടും ജനിക്കുന്ന മറ്റുള്ളവർക്കും വെള്ളത്തിൽ സ്നാനമേറ്റതിനു ശേഷമാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നത്. a (പ്രവൃത്തികൾ 2:38, 41) അങ്ങനെ സ്വർഗത്തിൽ ജീവിക്കാനുള്ള ഒരു ഉറപ്പുള്ള പ്രത്യാശ അവർക്ക് ലഭിക്കുന്നു. പുനരുത്ഥാനത്തിലൂടെ ദൈവം ആ പ്രത്യാശ നിറവേറ്റും.—1 കൊരിന്ത്യർ 15:42-49.
വീണ്ടും ജനിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: രക്ഷ നേടുന്നതിന് അല്ലെങ്കിൽ ഒരു ക്രിസ്ത്യാനിയായിരിക്കുന്നതിന് ഒരു വ്യക്തി വീണ്ടും ജനിച്ചേ മതിയാകൂ.
വസ്തുത: ക്രിസ്തുവിന്റെ ബലി മുഖാന്തരം രക്ഷ ലഭിക്കുന്നത് ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനുള്ളവരെന്ന നിലയിൽ വീണ്ടും ജനിക്കുന്നവർക്കു മാത്രമല്ല, ദൈവരാജ്യത്തിന്റെ ഭൂമിയിലെ പ്രജകൾക്കും കൂടിയാണ്. (1 യോഹന്നാൻ 2:1, 2; വെളിപാട് 5:9, 10) രണ്ടാമതു പരാമർശിച്ചിരിക്കുന്ന കൂട്ടത്തിന് പറുദീസാഭൂമിയിൽ നിത്യം ജീവിക്കുന്നതിനുള്ള അവസരം ലഭിക്കുന്നു.—സങ്കീർത്തനങ്ങൾ 37:29; മത്തായി 6:9, 10; വെളിപാട് 21:1-5.
തെറ്റിദ്ധാരണ: വീണ്ടും ജനിക്കണമോ എന്ന് ഒരു വ്യക്തിക്ക് സ്വയം തീരുമാനിക്കാനാകും
വസ്തുത: ദൈവവുമായി ഒരു ബന്ധമുണ്ടായിരിക്കാനും രക്ഷ നേടാനും ഉള്ള അവസരം എല്ലാവർക്കും ഉണ്ട്. (1 തിമൊഥെയൊസ് 2:3, 4; യാക്കോബ് 4:8) എന്നിരുന്നാലും, ദൈവമാണ് വീണ്ടും ജനിക്കാനുള്ളവരെ തിരഞ്ഞെടുക്കുന്നത്, അഥവാ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുന്നത്. “ഇതൊക്കെയും ആശ്രയിച്ചിരിക്കുന്നത് ഇച്ഛിക്കുന്നവനെയോ യത്നിക്കുന്നവനെയോ അല്ല, കരുണാമയനായ ദൈവത്തെയാണ്” എന്നാണ് ബൈബിൾ പറയുന്നത്. (റോമർ 9:16) ‘വീണ്ടും ജനിക്കുക’ എന്ന പ്രയോഗത്തിന് “മുകളിൽനിന്ന് ജനിക്കുക” എന്നും അർഥമാക്കാനാകും. വീണ്ടും ജനിക്കുന്നവരുടെ തിരഞ്ഞെടുപ്പ് “മുകളിൽനിന്ന്,” അഥവാ ദൈവത്തിൽനിന്ന് വരുന്നു എന്ന് ഇത് ഉറപ്പാക്കുന്നു.—യോഹന്നാൻ 3:3.
a കൊർന്നേല്യൊസിന്റെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരുടെയും കാര്യത്തിൽ സംഭവിച്ചത് ഇതിൽനിന്ന് വ്യത്യസ്തമായിരുന്നു.—പ്രവൃത്തികൾ 10:44-48.