യേശു വിവാഹം കഴിച്ചിട്ടുണ്ടോ? യേശുവിനു കൂടപ്പിറപ്പുകളുണ്ടോ?
ബൈബിളിന്റെ ഉത്തരം
യേശു വിവാഹിതനായിരുന്നോ എന്നതിനെക്കുറിച്ച് ബൈബിൾ നേരിട്ട് ഒന്നും തന്നെ പറയുന്നില്ലെങ്കിലും യേശു വിവാഹിതനല്ലായിരുന്നു എന്നു ബൈബിളിൽനിന്ന് നിഗമനം ചെയ്യാവുന്നതാണ്. a ചില കാര്യങ്ങൾ നോക്കുക.
യേശുവിന്റെ കുടുംബത്തെക്കുറിച്ചും ശുശ്രൂഷയിൽ യേശുവിനെ അനുഗമിച്ചിരുന്ന സ്ത്രീകളെക്കുറിച്ചും വധിക്കപ്പെട്ടപ്പോൾ യേശുവിന്റെ അരികെ നിന്നിരുന്ന വ്യക്തിയെക്കുറിച്ചും എല്ലാം ബൈബിൾ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും ഭാര്യയെക്കുറിച്ച് ഒരു പരാമർശവും ബൈബിളിലില്ല. (മത്തായി 12:46, 47; മർക്കോസ് 3:31, 32; 15:40; ലൂക്കോസ് 8:2, 3, 19, 20; യോഹന്നാൻ 19:25) യേശു ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ടായിരിക്കണം ബൈബിൾ ഈ കാര്യത്തിൽ നിശ്ശബ്ദത പാലിക്കുന്നത്.
അവിവാഹിതരായി തുടർന്നുകൊണ്ട് ദൈവസേവനത്തിൽ കൂടുതൽ പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നവരെ ഉദ്ദേശിച്ച് യേശു പറഞ്ഞു: “അങ്ങനെ ചെയ്യാൻ (ഏകാകിയായി തുടരാൻ) കഴിയുന്നവൻ അങ്ങനെ ചെയ്യട്ടെ.” (മത്തായി 19:10-12) ദൈവസേവനത്തിൽ തങ്ങളെത്തന്നെ അർപ്പിച്ചുകൊണ്ട് കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി യേശു അങ്ങനെ ഒരു മാതൃക വെച്ചു.—യോഹന്നാൻ 13:15; 1 കൊരിന്ത്യർ 7:32-38.
യേശു മരിക്കുന്നതിനു തൊട്ടുമുമ്പ് അമ്മയെ സംരക്ഷിക്കുന്നതിനു വേണ്ട ക്രമീകരണം ചെയ്തു. (യോഹന്നാൻ 19:25-27) യേശു വിവാഹം കഴിക്കുകയോ യേശുവിനു കുട്ടികൾ ഉണ്ടാകുകയോ ചെയ്തിരുന്നെങ്കിൽ അവരെയും സംരക്ഷിക്കുന്നതിനു വേണ്ട ക്രമീകരണം യേശു ചെയ്യുമായിരുന്നു.
ഭർത്താക്കന്മാർക്കുള്ള ഒരു മാതൃകയായി യേശുവിനെ ബൈബിൾ എടുത്തുകാണിക്കുന്നു എന്നതു ശരിയാണ്. എന്നാൽ ഒരു അക്ഷരീയ ഭാര്യയെ പരിപാലിച്ചതിനെക്കുറിച്ച് അത് യാതൊന്നും പരാമർശിക്കുന്നില്ല. പകരം, “സഭയെ സ്നേഹിച്ച് സഭയ്ക്കുവേണ്ടി തന്നെത്തന്നെ വിട്ടുകൊടുത്ത ക്രിസ്തുവിനെപ്പോലെ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ എന്നും സ്നേഹിക്കുക” എന്നാണ് ബൈബിൾ പറയുന്നത്. (എഫെസ്യർ 5:25) യേശു ഭൂമിയിലായിരിക്കെ ശരിക്കും വിവാഹം കഴിച്ചിട്ടുള്ള ഒരാളാണെങ്കിൽ ഒരു ഭർത്താവെന്ന നിലയിലുള്ള യേശുവിന്റെ പൂർണമായ മാതൃക ആ വാക്യത്തിൽ ഉപയോഗിക്കുമായിരുന്നില്ലേ?
യേശുവിനു കൂടപ്പിറപ്പുകളുണ്ടോ?
കുറഞ്ഞത് ആറു പേരെങ്കിലും ഉണ്ടായിരുന്നു. യാക്കോബ്, യോസേഫ്, ശിമോൻ, യൂദാസ് എന്നിവരെ കൂടാതെ രണ്ട് സഹോദരിമാരും യേശുവിനുണ്ടായിരുന്നു. (മത്തായി 13:54-56; മർക്കോസ് 6:3) അവർ യേശുവിന്റെ അമ്മ മറിയയ്ക്കും ഭർത്താവായ യോസേഫിനും ജനിച്ച മക്കൾതന്നെയാണ്. (മത്തായി 1:25) യേശുവിനെ മറിയയുടെ ‘മൂത്ത മകൻ’ എന്നാണു ബൈബിൾ വിളിക്കുന്നത്. അത് അർഥമാക്കുന്നത് മറിയയ്ക്കു മറ്റു മക്കൾ ഉണ്ടായിരുന്നു എന്നാണ്.—ലൂക്കോസ് 2:7.
യേശുവിന്റെ അനിയന്മാരെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ
ചില ഭാഷാന്തരങ്ങളിൽ “അനിയന്മാർ” എന്നതിനു പകരം “സഹോദരന്മാർ” എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. മറിയ ജീവിതത്തിലുടനീളം കന്യകയായിരുന്നു എന്ന ആശയത്തെ പിന്തുണയ്ക്കുന്നതിനുവേണ്ടി “സഹോദരന്മാർ” എന്ന പദത്തിനു വ്യത്യസ്ത അർഥങ്ങളാണ് നൽകിയിരിക്കുന്നത്. ഉദാഹരണത്തിന് യേശുവിന്റെ “സഹോദരന്മാർ” എന്നു പറഞ്ഞിരിക്കുന്നവർ യോസേഫ് മറിയയ്ക്ക് മുമ്പ് വിവാഹം ചെയ്ത മറ്റൊരു ഭാര്യയിൽ ജനിച്ചവരാണെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ ദാവീദിനോടു വാഗ്ദാനം ചെയ്ത രാജ്യാധികാരം യേശുവിനു നിയമപരമായി കിട്ടുമെന്ന് ബൈബിൾ പറയുന്നു. (2 ശമുവേൽ 7:12, 13; ലൂക്കോസ് 1:32) യോസേഫിന് യേശുവിനെക്കാൾ മൂത്ത ആൺമക്കളുണ്ടായിരുന്നെങ്കിൽ യോസേഫിൽനിന്നുള്ള നിയമപരമായ ആ അവകാശം അവരിൽ ഏറ്റവും മൂത്തയാൾക്കു ലഭിച്ചേനേ.
സഹോദരന്മാർ എന്ന പരാമർശം യേശുവിന്റെ ശിഷ്യന്മാരെയോ അല്ലെങ്കിൽ ആത്മീയ സഹോദരന്മാരെയോ ആണോ അർഥമാക്കുന്നത്? ഈ ആശയം തിരുവെഴുത്തുവിരുദ്ധമാണ്. കാരണം ഒരുകാലത്ത് “അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല” എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നു. (യോഹന്നാൻ 7:5 ; സത്യവേദപുസ്തകം.) അങ്ങനെ സഹോദരന്മാരെയും ശിഷ്യന്മാരെയും തമ്മിൽ ബൈബിൾ വേർതിരിച്ചുകാണിക്കുന്നു.—യോഹന്നാൻ 2:12.
ഇനി യേശുവിന്റെ സഹോദരന്മാർ മറിയയുടെയോ യോസേഫിന്റെയോ സഹോദരപുത്രന്മാരാണെന്ന് മറ്റൊരു ഊഹാപോഹവും നിലവിലുണ്ട്. എന്നാൽ ‘സഹോദരൻ,’ ‘ബന്ധു,’ മാതാപിതാക്കളുടെ സഹോദരപുത്രന്മാർ എന്നിവരെ കുറിക്കുന്നതിനു വ്യത്യസ്ത പദങ്ങളാണ് ഗ്രീക്ക് തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നത്. (ലൂക്കോസ് 21:16; കൊലോസ്യർ 4:10) യേശുവിന്റെ സഹോദരന്മാരും സഹോദരിമാരും എന്നത് യേശുവിന്റെ ശരിക്കുള്ള അനിയന്മാരും അനിയത്തിമാരും ആണെന്ന് അനേകം ബൈബിൾ പണ്ഡിതന്മാരും സമ്മതിക്കുന്നു. ഉദാഹരണത്തിന് “‘സഹോദരന്മാർ’. . . എന്ന പദം മറിയയ്ക്കും ജോസഫിനും ജനിച്ച ആൺമക്കളെയും പെൺമക്കളെയും കുറിക്കുന്നെന്നും യേശുവിന് അവരോടുള്ള ബന്ധം അമ്മ വഴിയാണെന്നും നമുക്ക് ന്യായമായും നിഗമനം ചെയ്യാൻ കഴിയും” എന്ന് ഒരു ബൈബിൾ നിഘണ്ടു (The Expositor’s Bible Commentary) പറയുന്നു. b
a ഇവിടെ യേശുവിനെ മണവാളനായി ചിത്രീകരിക്കുന്നുണ്ടെങ്കിലും ആ പരാമർശങ്ങൾ ആലങ്കാരികമാണെന്ന് സന്ദർഭം വ്യക്തമാക്കുന്നു.—യോഹന്നാൻ 3:28, 29; 2 കൊരിന്ത്യർ 11:2.
b കൂടാതെ വിൻസന്റ് ടെയിലർ എഴുതിയ മർക്കോസിന്റെ സുവിശേഷം രണ്ടാം പതിപ്പിന്റെ 249-ാം പേജും ജോൺ പി. മീയറുടെ അവഗണിക്കപ്പെട്ട യഹൂദൻ—ചരിത്രപുരുഷനായ യേശുവിനെക്കുറിച്ച് ഒരു പുനർവിചിന്തനം വാല്യം 1, 331-332 പേജുകളും കാണുക.