വിവരങ്ങള്‍ കാണിക്കുക

നിങ്ങൾ മരിക്കു​മ്പോൾ എന്തു സംഭവിക്കുന്നു?

നിങ്ങൾ മരിക്കു​മ്പോൾ എന്തു സംഭവിക്കുന്നു?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബിൾ പറയുന്നു: “ജീവി​ച്ചി​രി​ക്കു​ന്ന​വർ തങ്ങൾ മരിക്കു​മെന്ന്‌ അറിയു​ന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയു​ന്നി​ല്ല.” (സഭാപ്രസംഗകൻ 9:5; സങ്കീർത്ത​നം 146:4) അതു​കൊണ്ട്‌ മരിക്കു​മ്പോൾ നമ്മൾ ഇല്ലാതാ​കു​ന്നു. മരിച്ച​വർക്ക്‌ ചിന്തി​ക്കാ​നോ പ്രവർത്തി​ക്കാ​നോ എന്തെങ്കി​ലും അറിയാ​നോ കഴിയില്ല.

“പൊടി​യി​ലേ​ക്കു തിരികെ ചേരും”

 നമ്മൾ മരിക്കു​മ്പോൾ എന്താണ്‌ സംഭവി​ക്കു​ന്ന​തെന്ന്‌ ആദ്യമ​നു​ഷ്യ​നാ​യ ആദാമി​നോട്‌ സംസാ​രി​ച്ച​പ്പോൾ ദൈവം വിശദീ​ക​രി​ച്ചു. ആദാം അനുസ​ര​ണ​ക്കേട്‌ കാണി​ച്ച​തു​കൊണ്ട്‌ ദൈവം അവനോട്‌ ഇങ്ങനെ പറഞ്ഞു: “നീ പൊടി​യാണ്‌, പൊടി​യി​ലേ​ക്കു തിരികെ ചേരും.” (ഉൽപത്തി 3:19) ദൈവം ആദാമി​നെ “നിലത്തെ പൊടി​കൊണ്ട്‌” സൃഷ്ടി​ക്കു​ന്ന​തിന്‌ മുമ്പ്‌ ആദാം ഇല്ലായി​രു​ന്നു. (ഉൽപത്തി 2:7) അതു​പോ​ലെ​ത​ന്നെ ആദാം മരിച്ച​പ്പോൾ അവൻ പൊടി​യി​ലേക്ക്‌ തിരികെ ചേർന്ന്‌ ഇല്ലാതാ​യി.

 ഇതുത​ന്നെ​യാണ്‌ ഇന്ന്‌ ഒരാൾ മരിക്കു​മ്പോ​ഴും സംഭവി​ക്കു​ന്നത്‌. മനുഷ്യ​രെ​ക്കു​റി​ച്ചും മൃഗങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾ ഇങ്ങനെ പറയുന്നു: “എല്ലാം പൊടിയിൽനിന്ന്‌ വന്നു, എല്ലാം പൊടി​യി​ലേ​ക്കു​ത​ന്നെ തിരികെ പോകു​ന്നു.”—സഭാ​പ്ര​സം​ഗ​കൻ 3:19, 20.

മരണം എല്ലാറ്റി​ന്റെ​യും അവസാ​ന​മാ​യി​രി​ക്ക​ണ​മെ​ന്നില്ല

 ബൈബിൾ പലപ്പോ​ഴും മരണത്തെ ഉറക്ക​ത്തോ​ടു താരത​മ്യം ചെയ്യാ​റുണ്ട്‌. (സങ്കീർത്തനം 13:3; യോഹ​ന്നാൻ 11:11-14; പ്രവൃ​ത്തി​കൾ 7:60) നല്ല ഉറക്കത്തി​ലാ​യി​രി​ക്കു​ന്ന ഒരു വ്യക്തി തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയു​ന്നി​ല്ല. സമാന​മാ​യി മരിച്ച​വ​രും ഒന്നും അറിയു​ന്നി​ല്ല. എന്നാൽ ഉറക്കത്തിൽനിന്ന്‌ ഒരാളെ എഴു​ന്നേൽപ്പി​ക്കു​ന്ന​തു​പോ​ലെ, ദൈവ​ത്തിന്‌ മരിച്ചു​പോ​യ​വ​രു​ടെ ജീവൻ തിരികെ നൽകി അവരെ ഉയിർപ്പി​ക്കാ​നാ​കു​മെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു. (ഇയ്യോബ്‌ 14:13-15) അങ്ങനെ ജീവൻ തിരികെ ലഭിക്കു​ന്ന​വർക്ക്‌ മരണം എല്ലാറ്റി​ന്റെ​യും അവസാ​ന​മല്ല!