വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | ജീവിതവും മരണവും—ബൈബിളിനു പറയാനുള്ളത്‌

ജീവിതവും മരണവും—ബൈബിളിനു പറയാനുള്ളത്‌

ജീവിതവും മരണവും—ബൈബിളിനു പറയാനുള്ളത്‌

ബൈബിളിലെ സൃഷ്ടിപ്പിൻ വിവരണം വായിക്കുമ്പോൾ, ആദ്യമനുഷ്യനായ ആദാമിനോടു ദൈവം ഇങ്ങനെ പറഞ്ഞിരുന്നെന്നു നമ്മൾ മനസ്സിലാക്കുന്നു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും തൃപ്‌തിയാകുവോളം നിനക്കു തിന്നാം. എന്നാൽ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്‍റെ മരത്തിൽനിന്ന് തിന്നരുത്‌, അതിൽനിന്ന് തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.” (ഉൽപത്തി 2:16, 17) ദൈവം പറഞ്ഞ വളരെ ലളിതവും വ്യക്തവും ആയ ആ കല്‌പന ആദാം അനുസരിച്ചിരുന്നെങ്കിൽ ഏദെൻ തോട്ടത്തിൽ മരിക്കാതെ എന്നേക്കും ആദാമിനു ജീവിക്കാമായിരുന്നു.

എന്നാൽ സങ്കടകരമെന്നു പറയട്ടെ, ദൈവത്തെ അനുസരിച്ച് എന്നേക്കും ജീവിക്കാൻ ആദാം തീരുമാനിച്ചില്ല. ദൈവകല്‌പനയ്‌ക്ക് ഒരു വിലയും കല്‌പിക്കാതെ, ദൈവം കഴിക്കരുതെന്നു പറഞ്ഞ ആ പഴം ഭാര്യ ഹവ്വ കൊടുത്തപ്പോൾ ആദാം കഴിച്ചു. (ഉൽപത്തി 3:1-6) ആ അനുസരണക്കേടിന്‍റെ പരിണിതഫലങ്ങൾ ഇന്നും നമ്മൾ അനുഭവിക്കുന്നു. അപ്പോസ്‌തലനായ പൗലോസ്‌ അതിനെ വിശദീകരിക്കുന്നത്‌ ഈ വിധമാണ്‌: “ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്‌തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12) ഇവിടെ പറയുന്ന ആ ‘മനുഷ്യൻ’ ആദാം ആണ്‌. എന്നാൽ എന്തായിരുന്നു പാപം? അത്‌ മരണത്തിലേക്കു കൊണ്ടെത്തിച്ചത്‌ എങ്ങനെ?

ആദാം മനഃപൂർവം അനുസരണക്കേടു കാണിച്ചുകൊണ്ട് ദൈവനിയമം തെറ്റിച്ചു. അതായിരുന്നു പാപം. (1 യോഹന്നാൻ 3:4) ദൈവം പറഞ്ഞതുപോലെതന്നെ ആ പാപത്തിന്‍റെ ശിക്ഷയായി മരണം അവന്‌ ഏറ്റു വാങ്ങേണ്ടിവന്നു. ആദാമും ആദാമിന്‍റെ സന്തതിപരമ്പരകളും ദൈവകല്‌പന അനുസരിച്ചിരുന്നെങ്കിൽ അവർ പാപികളാകുമായിരുന്നില്ല, മരണം എന്ന കയ്‌പുനീര്‌ കുടിക്കേണ്ടിയും വരില്ലായിരുന്നു. മരിക്കാൻവേണ്ടിയല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌. എന്നുമെന്നേക്കും ജീവിക്കാനാണ്‌.

ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ മരണം “എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു” എന്നതിനു തർക്കമില്ല. പക്ഷേ മരണശേഷം നമ്മുടെ ഏതെങ്കിലും ഭാഗം ജീവിച്ചിരിക്കുന്നുണ്ടോ? മിക്കവരും ഉണ്ടെന്ന അഭിപ്രായക്കാരാണ്‌. ആത്മാവ്‌ എന്നു പറയുന്നതിനു മരണമില്ല എന്നാണ്‌ അവരുടെ വാദം. അതു ശരിയാണെങ്കിൽ ദൈവം ആദാമിനോടു കള്ളം പറഞ്ഞെന്നാകും. അത്‌ എങ്ങനെ? കാരണം, നമ്മുടെ ഏതെങ്കിലും ഭാഗം മരണശേഷം നമ്മളിൽനിന്ന് പോയി വേറെ ഏതെങ്കിലും സ്ഥലത്തു ജീവിച്ചിരിക്കുകയാണെങ്കിൽ, ദൈവം പറഞ്ഞതുപോലെ നമ്മുടെ പാപത്തിനുള്ള ശിക്ഷ മരണമാകില്ല. ബൈബിൾ പറയുന്നു: “ദൈവത്തിനു നുണ പറയാനാകില്ല.” (എബ്രായർ 6:18) വാസ്‌തവത്തിൽ, “നിങ്ങൾ മരിക്കില്ല, ഉറപ്പ്!” എന്നു സാത്താൻ ഹവ്വയോടു പറഞ്ഞപ്പോൾ സാത്താനായിരുന്നു കള്ളം പറഞ്ഞത്‌.—ഉൽപത്തി 3:4.

അത്‌ മറ്റൊരു ചോദ്യം ഉയർത്തുന്നു, ആത്മാവിനു മരണമില്ല എന്ന പഠിപ്പിക്കൽ നുണയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിൽ, മരിക്കുമ്പോൾ എന്താണ്‌ ശരിക്കും സംഭവിക്കുന്നത്‌?

ബൈബിൾ കാര്യങ്ങൾ നേരെയാക്കുന്നു

സൃഷ്ടിപ്പിൻ വിവരണത്തെക്കുറിച്ച് ഉൽപത്തി പുസ്‌തകം പറയുന്നു: “ദൈവമായ യഹോവ നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമിച്ചിട്ട് അവന്‍റെ മൂക്കിലേക്കു ജീവശ്വാസം ഊതി; മനുഷ്യൻ ജീവനുള്ള വ്യക്തിയായിത്തീർന്നു.” “ജീവനുള്ള വ്യക്തിയായിത്തീർന്നു” എന്നത്‌ നെഫെഷ്‌ * എന്ന എബ്രായ പദത്തിൽനിന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നതാണ്‌. ഈ പദത്തിന്‍റെ അക്ഷരാർഥം “ശ്വസിക്കുന്ന ജീവി” എന്നാണ്‌.—ഉൽപത്തി 2:7, അടിക്കുറിപ്പ്.

മരിക്കില്ലാത്ത ഒരു ആത്മാവിനെ സഹിതമല്ല മനുഷ്യനെ സൃഷ്ടിച്ചതെന്ന് ബൈബിൾ വ്യക്തമാക്കുന്നു. മറിച്ച്, ഓരോ മനുഷ്യനും ‘ജീവനുള്ള വ്യക്തിയായി’ എന്നാണ്‌ അത്‌ വിശദീകരിക്കുന്നത്‌. അതുകൊണ്ടുതന്നെ “ആത്മാവ്‌ മരിക്കില്ല” എന്ന ഒരു ആശയം ബൈബിളിൽ എവിടെയും കണ്ടെത്താനാകില്ല.

മരണമില്ലാത്ത ആത്മാവിനെക്കുറിച്ചൊന്നും ബൈബിൾ പറയാത്ത സ്ഥിതിക്ക് മിക്ക മതങ്ങളും അങ്ങനെ പഠിപ്പിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അതിന്‍റെ ഉത്തരം വ്യക്തമായി അറിയാൻ നമുക്കു പണ്ടുകാലത്തെ ഈജിപ്‌തിലേക്കു പോകാം.

ക്രിസ്‌തീയമല്ലാത്ത പഠിപ്പിക്കൽ തഴച്ചുവളരുന്നു

ബി.സി. അഞ്ചാം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹിറോഡോട്ടസ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “മരിച്ചവരുടെ ആത്മാവ്‌ ജീവിക്കുന്നെന്ന് മനുഷ്യ ചരിത്രത്തിൽ ആദ്യമായി വാദിച്ചവർ” ഈജിപ്‌തുകാരാണെന്നാണ്‌ പറയപ്പെടുന്നത്‌. പുരാതന ബാബിലോൺ സംസ്‌കാരത്തിലുള്ളവരും ആത്മാവ്‌ മരിക്കുന്നില്ല എന്ന ആശയം താലോലിച്ചവരായിരുന്നു. ബി.സി. 332-ൽ മഹാനായ അലക്‌സാണ്ടർ മധ്യപൂർവ ദേശങ്ങൾ ആക്രമിച്ചപ്പോഴേക്കും ഗ്രീക്ക് തത്ത്വചിന്തകരുടെ ശ്രമഫലമായി ഈ പഠിപ്പിക്കൽ ജനപ്രീതി നേടിയിരുന്നു. പെട്ടെന്നുതന്നെ, ഗ്രീക്ക് സാമ്രാജ്യത്തിലുടനീളം ഈ വിശ്വാസം പ്രചാരം നേടി.

“മരണമില്ലാത്ത ആത്മാവ്‌” എന്ന പ്രയോഗം ബൈബിളിൽ എങ്ങും കണ്ടെത്താനാകില്ല

ഒന്നാം നൂറ്റാണ്ടിലെ രണ്ടു പ്രമുഖ ജൂത വിഭാഗങ്ങളായ ഇസിനുകളും പരീശന്മാരും മരണത്തെ അതിജീവിക്കുന്ന ഒരു ആത്മാവിനെക്കുറിച്ച് പഠിപ്പിച്ചു. ജൂതന്മാരുടെ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു: “ആത്മാവിനു മരണമില്ല എന്ന വിശ്വാസം ജൂതന്മാരുടെ ഇടയിലേക്കു വന്നത്‌ ഗ്രീക്ക് തത്ത്വചിന്തയിൽനിന്നാണ്‌, പ്രധാനമായും പ്ലേറ്റോയുടെ തത്ത്വചിന്തയിൽനിന്ന്.” അതുപോലെതന്നെ ഒന്നാം നൂറ്റാണ്ടിലെ ജൂത ചരിത്രകാരനായ ജോസീഫസ്‌ ഈ പഠിപ്പിക്കലിനെ വിശുദ്ധ എഴുത്തുകളുടെ ഭാഗമായിട്ടല്ല ‘ഗ്രീസിലെ പുത്രന്മാരുടെ വിശ്വാസവുമായാണ്‌’ ബന്ധപ്പെടുത്തിയത്‌. ഇതൊക്കെ അവരുടെ പൗരാണികർ എഴുതിയ വെറും പഴംകഥകളായിട്ടാണ്‌ അദ്ദേഹം വീക്ഷിച്ചത്‌.

ഗ്രീക്ക് സംസ്‌കാരത്തിന്‍റെ സ്വാധീനം പടർന്നുപന്തലിച്ചപ്പോൾ, വിശ്വാസത്യാഗം ഭവിച്ച ക്രിസ്‌തുമതവും ക്രിസ്‌തീയമല്ലാത്ത ഈ പഠിപ്പിക്കൽ സ്വീകരിച്ചു. ചരിത്രകാരനായ യോന ലെൻഡ്രിംഗിന്‍റെ അഭിപ്രായത്തിൽ: “നല്ല ഒരിടത്തായിരുന്ന ആത്മാവ്‌ ഇപ്പോൾ ഒരു അധഃപതിച്ച ലോകത്തായി എന്ന പ്ലേറ്റോയുടെ സിദ്ധാന്തം ക്രിസ്‌ത്യാനികൾ അവരുടെ പഠിപ്പിക്കലുമായി എളുപ്പം കൂട്ടിക്കുഴച്ചു.” അങ്ങനെ ആത്മാവ്‌ മരിക്കുന്നില്ല എന്ന പഠിപ്പിക്കൽ ‘ക്രൈസ്‌തവ’മതങ്ങളുടെയും പള്ളികളുടെയും അവരുടെ വിശ്വാസത്തിന്‍റെയും ഒക്കെ ഒരു പ്രമുഖഭാഗമായി മാറി.

‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’

ഒന്നാം നൂറ്റാണ്ടിൽ അപ്പോസ്‌തലനായ പൗലോസ്‌ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഭാവികാലത്ത്‌ ചിലർ വഴിതെറ്റിക്കുന്ന അരുളപ്പാടുകൾക്കും ഭൂതോപദേശങ്ങൾക്കും ചെവി കൊടുത്ത്‌ വിശ്വാസത്തിൽനിന്ന് വീണുപോകുമെന്നു ദൈവാത്മാവ്‌ വ്യക്തമായി പറയുന്നു.” (1 തിമൊഥെയൊസ്‌ 4:1) ആ വാക്കുകൾ എത്ര സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു! ആത്മാവ്‌ മരിക്കുന്നില്ല എന്ന പഠിപ്പിക്കൽ അത്തരം ‘ഭൂതോപദേശത്തിന്‍റെ’ മികച്ച ഒരു ഉദാഹരണമാണ്‌. ഈ പഠിപ്പിക്കലിനെ ബൈബിൾ ഒട്ടും പിന്തുണയ്‌ക്കുന്നില്ല. ഇതിന്‍റെ വേരുകൾ വന്നിരിക്കുന്നത്‌ ക്രിസ്‌തീയമല്ലാത്ത പൗരാണിക മതങ്ങളിൽനിന്നും തത്ത്വചിന്തകളിൽനിന്നുമാണ്‌.

“നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന യേശുവിന്‍റെ വാക്കുകൾ നമ്മളെ സന്തോഷിപ്പിക്കുന്നു. (യോഹന്നാൻ 8:32) ദൈവത്തിനു ഇഷ്ടപ്പെടാത്ത പഠിപ്പിക്കലുകളും ആചാരങ്ങളും പ്രചരിപ്പിക്കുന്ന ലോകത്തിലെ മതങ്ങൾ തീർത്തിരിക്കുന്ന വേലികെട്ടുകൾ പൊളിച്ചുകളയാൻ ബൈബിൾസത്യത്തെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവ്‌ നേടുന്നത്‌ നമ്മളെ സഹായിക്കുന്നു. കൂടാതെ, ദൈവവചനത്തിലെ സത്യത്തിന്‌ മരണത്തോടു ബന്ധപ്പെട്ടിരിക്കുന്ന പാരമ്പര്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കൂച്ചുവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് നമ്മളെ സ്വതന്ത്രരാക്കാൻ കഴിയും.—“ മരിച്ചവർ എവിടെ” എന്ന ചതുരം കാണുക.

മനുഷ്യൻ വെറും 70-ഓ 80-ഓ വയസ്സുവരെ ഭൂമിയിൽ ജീവിച്ച് ബാക്കിയുള്ള കാലം വേറെ എവിടെയെങ്കിലും എന്നേക്കും ജീവിച്ചിരിക്കാനല്ല ദൈവം ഉദ്ദേശിച്ചത്‌. അനുസരണമുള്ള മക്കളെന്ന നിലയിൽ ഈ ഭൂമിയിൽ എന്നേക്കും ജീവിക്കുക എന്നതായിരുന്നു മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ യഥാർഥ ഉദ്ദേശ്യം. ഈ അതിമഹത്തായ ഉദ്ദേശ്യം മനുഷ്യമക്കളോടുള്ള ദൈവസ്‌നേഹത്തിന്‍റെ വലിയ പ്രകടനമാണ്‌. അത്‌ ഒരിക്കലും തകർത്തെറിയാനാകില്ല. (മലാഖി 3:6) സങ്കീർത്തനക്കാരൻ ദൈവപ്രചോദിതമായി ഇങ്ങനെ എഴുതി: “നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.

 

^ ഖ. 9 നെഫെഷ്‌ എന്ന പദത്തെ ജയിംസ്‌ രാജാവിന്‍റെ ഭാഷാന്തരം “ജീവിക്കുന്ന ആത്മാവ്‌” എന്നും പി.ഒ.സി. ബൈബിൾ “ജീവനുള്ളവനായിത്തീർന്നു” എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു.