നരകം എന്താണ്? അത് ഒരു നിത്യദണ്ഡനസ്ഥലമാണോ?
ബൈബിളിന്റെ ഉത്തരം
മനുഷ്യവർഗത്തിന്റെ ശവക്കുഴിയെ കുറിക്കുന്ന എബ്രായവാക്കായ “ഷീയോൾ” എന്നതും ഗ്രീക്ക് വാക്കായ “ഹേഡിസ്” എന്നതും “നരകം” എന്നാണ് ചില ബൈബിളുകൾ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (സങ്കീർത്തനം 16:10; പ്രവൃത്തികൾ 2:27) ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന ചിത്രീകരണത്തിൽ കാണുന്നതുപോലുള്ള ഒരു തീനരകത്തിൽ പലരും വിശ്വസിക്കുന്നു. എന്നാൽ ബൈബിൾ പഠിപ്പിക്കുന്നത് മറ്റൊന്നാണ്.
നരകത്തിലുള്ളവർ അബോധാവസ്ഥയിലാണ്. അവർക്കു വേദന അറിയാൻ കഴിയില്ല. “പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗകൻ 9:10, സത്യവേദപുസ്തകം.
നല്ല ആളുകൾ നരകത്തിൽ പോകുന്നു. വിശ്വസ്തരായിരുന്ന യാക്കോബും ഇയ്യോബും നരകത്തിൽ പോകുന്നതിനെക്കുറിച്ച് പറഞ്ഞു.—ഉൽപത്തി 37:35; ഇയ്യോബ് 14:13.
പാപത്തിനുള്ള ശിക്ഷ തീനരകത്തിലുള്ള ദണ്ഡനമല്ല, മരണമാണ്. “മരിച്ചയാൾ പാപത്തിൽനിന്ന് മോചിതനായല്ലോ.”—റോമർ 6:7.
നിത്യമായ ദണ്ഡനം ദൈവത്തിന്റെ നീതി എന്ന ഗുണവുമായി ഒത്തുപോകുന്നില്ല. (ആവർത്തനം 32:4) ആദ്യത്തെ മനുഷ്യനായ ആദാം തെറ്റു ചെയ്തപ്പോൾ അവൻ ആസ്തിക്യത്തിൽനിന്ന് ഇല്ലാതെയാകും എന്നാണ് ദൈവം അവനോടു പറഞ്ഞത്. അതായിരുന്നു ആദാമിനുള്ള ശിക്ഷ. ദൈവം പറഞ്ഞു: “നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും.” (ഉൽപത്തി 3:19) ആദാമിനെ ഒരു തീനരകത്തിലേക്ക് അയയ്ക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിൽ ദൈവം പറഞ്ഞതു നുണയാകുമായിരുന്നു.
നിത്യദണ്ഡനത്തെക്കുറിച്ച് ദൈവം ചിന്തിച്ചിട്ടുപോലുമില്ല. “ദൈവം സ്നേഹമാണ്” എന്ന ബൈബിളിന്റെ പഠിപ്പിക്കലിനു നേർവിപരീതമാണ് ദൈവം ആളുകളെ നരകാഗ്നിയിൽ ദണ്ഡിപ്പിക്കും എന്ന ആശയം.—1 യോഹന്നാൻ 4:8; യിരെമ്യ 7:31.