വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ ധൈര്യത്തോടെ നേരിടുക

ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ ധൈര്യത്തോടെ നേരിടുക

ഈ വ്യവസ്ഥി​തി​യോട്‌ യഹോവ കാണി​ക്കുന്ന ക്ഷമ പെട്ടെ​ന്നു​തന്നെ തീരും. അധികം വൈകാ​തെ വ്യാജ​മ​ത​ങ്ങളെ നശിപ്പി​ക്കും, രാഷ്‌ട്ര​ങ്ങ​ളു​ടെ കൂട്ടം ദൈവ​ജ​നത്തെ ആക്രമി​ക്കും, അർമ​ഗെ​ദോൻ യുദ്ധത്തിൽ യഹോവ ദുഷ്ടന്മാ​രെ നശിപ്പി​ക്കും. നിർണാ​യ​ക​മായ ഈ സംഭവ​ങ്ങൾക്കാ​യി ക്രിസ്‌ത്യാ​നി​കൾ കാത്തി​രി​ക്കു​ക​യാണ്‌.

മഹാക​ഷ്ട​ത​യെ​ക്കു​റി​ച്ചുള്ള എല്ലാ വിവര​ങ്ങ​ളും നമുക്ക്‌ അറിയില്ല. അത്‌ എപ്പോൾ തുടങ്ങു​മെന്നു നമുക്ക്‌ അറിയില്ല. മതങ്ങളെ നശിപ്പി​ക്കാൻ രാഷ്‌ട്രങ്ങൾ എന്തൊക്കെ ന്യായ​ങ്ങ​ളാ​ണു കണ്ടുപി​ടി​ക്കു​ന്ന​തെന്നു നമുക്ക്‌ അറിയില്ല. ദൈവ​ജ​ന​ത്തോ​ടുള്ള ആക്രമണം എത്ര നാൾ നീണ്ടു​നിൽക്കു​മെ​ന്നും അത്‌ എങ്ങനെ​യാ​യി​രി​ക്കു​മെ​ന്നും നമുക്ക്‌ അറിയില്ല. അർമ​ഗെ​ദോ​നിൽ യഹോവ ദുഷ്‌ട​ന്മാ​രെ നശിപ്പി​ക്കു​ന്നത്‌ ഏതു വിധത്തി​ലാ​യി​രി​ക്കു​മെ​ന്നും നമുക്ക്‌ അറിയില്ല.

എന്നാൽ, ധൈര്യ​ത്തോ​ടെ ഭാവിയെ അഭിമു​ഖീ​ക​രി​ക്കാ​നുള്ള എല്ലാ വിവര​ങ്ങ​ളും തിരു​വെ​ഴു​ത്തു​കൾ നമുക്ക്‌ നൽകു​ന്നുണ്ട്‌. നമ്മൾ ‘അവസാ​ന​കാ​ല​ത്തി​ന്റെ’ അന്ത്യത്തി​ലാ​ണു ജീവി​ക്കു​ന്ന​തെന്നു നമുക്ക്‌ അറിയാം. (2തിമ 3:1) സത്യമതം നശിപ്പി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​യി മതങ്ങളു​ടെ മേലുള്ള ആക്രമണം ‘വെട്ടി​ച്ചു​രു​ക്കു​മെന്ന്‌’ നമുക്ക്‌ അറിയാം. (മത്ത 24:22) യഹോവ തന്റെ ജനത്തെ രക്ഷിക്കു​മെ​ന്നും നമുക്ക്‌ അറിയാം. (2പത്ര 2:9) അതു​പോ​ലെ ദുഷ്ടന്മാ​രെ നശിപ്പി​ക്കാ​നും അർമ​ഗെ​ദോൻ യുദ്ധത്തിൽ മഹാപു​രു​ഷാ​രത്തെ സംരക്ഷി​ക്കാ​നും യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന വ്യക്തി വിശ്വ​സ്‌ത​നും ശക്തനും ആണെന്നു നമുക്ക്‌ അറിയാം.—വെളി 19:11, 15, 16.

ഇനി നടക്കാൻപോ​കുന്ന സംഭവ​ങ്ങ​ളൊ​ക്കെ കാണു​മ്പോൾ ആളുകൾ “പേടിച്ച്‌ ബോധം​കെ​ടും.” എന്നാൽ രക്ഷ അടുത്തു​വ​ന്നി​രി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ ‘തല ഉയർത്തി​പ്പി​ടിച്ച്‌ നിവർന്നു​നിൽക്കും.’ അതിനാ​യി, ഭാവി​യെ​ക്കു​റിച്ച്‌ യഹോവ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളും മുമ്പ്‌ യഹോവ തന്റെ ജനത്തെ രക്ഷിച്ച വിധങ്ങ​ളും വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യുക.—ലൂക്ക 21:26, 28.