പ്രകൃതിവിപത്തുകൾ എന്തുകൊണ്ട് ഇത്രയധികം?
പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് ഇന്ന് എവിടെയും. ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ വിപത്തുകൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് വർധിച്ചുകൊണ്ടിരിക്കുന്നു. 2010-ൽമാത്രം 373 ദുരന്തങ്ങൾ, കുറഞ്ഞത് 2,96,000-ത്തോളം പേരുടെ ജീവൻ അപഹരിച്ചതായി വിപത്തുകളുടെ വ്യാപനത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന ബെൽജിയത്തിലെ സംഘടന റിപ്പോർട്ടുചെയ്യുന്നു.
റിപ്പോർട്ടുചെയ്‌ത വിപത്തുകളുടെ എണ്ണത്തിലും കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ശ്രദ്ധേയമാംവിധം വർധനവുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് 1975-നും 1999-നും ഇടയ്‌ക്കുള്ള കാലയളവിൽ 300-ൽ താഴെ വിപത്തുകളാണ് ഓരോ വർഷവും റിപ്പോർട്ടുചെയ്‌തിരുന്നതെങ്കിൽ 2000-ത്തിനും 2010-നും ഇടയിൽ അത് 400-ന് അടുത്തെത്തിയിരിക്കുന്നു. മറ്റു പലരെയുംപോലെ ഒരുപക്ഷേ നിങ്ങളും ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഇപ്പോൾ ഇത്രയധികം ദുരന്തങ്ങളുള്ളത് എന്തുകൊണ്ടാണ്?’
ദുരന്തങ്ങളെ “ദൈവത്തിന്റെ പ്രവൃത്തികൾ” എന്ന് ആളുകൾ മിക്കപ്പോഴും വിശേഷിപ്പിക്കാറുണ്ടെങ്കിലും യാഥാർഥ്യം അതല്ല. ഇന്ന് അനേകായിരങ്ങൾ അനുഭവിക്കുന്ന ദുരന്തങ്ങൾക്കു പിന്നിൽ ദൈവമല്ല. എന്നിരുന്നാലും ഇത്തരം സംഭവങ്ങൾ നമ്മുടെ നാളുകളിൽ അരങ്ങേറുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് മത്തായി 24:7, 8-ൽ യേശു ഇങ്ങനെ പറയുകയുണ്ടായി: “ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും. ഇവയൊക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.” ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞത് എന്തുകൊണ്ടാണ്? ഇന്ന് അതിന് എന്തു പ്രസക്തിയാണുള്ളത്?
‘യുഗസമാപ്‌തിയുടെ അടയാളം എന്തായിരിക്കും?’ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദൈവപുത്രനായ യേശു. (മത്തായി 24:3) മേൽപ്പറഞ്ഞ വിപത്തുകൾ ഉൾപ്പെടെ സംഭവിക്കാനിരുന്ന അനവധി കാര്യങ്ങളെക്കുറിച്ച് അവൻ തന്റെ ഉത്തരത്തിൽ എടുത്തുപറയുകയുണ്ടായി. തുടർന്ന് പ്രധാനപ്പെട്ട മറ്റൊരു കാര്യം യേശു ശ്രോതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി: “ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തെത്തിയിരിക്കുന്നെന്ന് അറിഞ്ഞുകൊള്ളുക.” (ലൂക്കോസ് 21:31) അതെ, പ്രകൃതിവിപത്തുകൾക്ക് നമ്മെ സംബന്ധിച്ചിടത്തോളം വലിയ അർഥമുണ്ട്. നിർണായകമായ ചില സംഭവങ്ങൾ നടക്കാനിരിക്കുന്നതിന്റെ സൂചനയാണ് അവ.
ദുരന്തങ്ങൾക്കു പിന്നിൽ
ആളുകളുടെ മനസ്സിൽ ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു: ദുരന്തങ്ങൾക്ക് കാരണക്കാരൻ ദൈവം അല്ലെങ്കിൽ പിന്നെ ആരാണ്? ഉത്തരം അറിയാനായി ബൈബിളിലെ ഒരു സുപ്രധാന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്: 1 യോഹന്നാൻ 5:19) ദൈവമല്ല, മറിച്ച് ദൈവത്തിന്റെ ശത്രുവായ ‘ദുഷ്ടൻ’ ആണ് പലപ്പോഴും ഈ ലോകത്തിലെ ക്ലേശകരമായ അവസ്ഥകൾക്ക് ഉത്തരവാദിയെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. ബൈബിൾ അവനെ “പിശാച്” എന്ന് വിളിക്കുന്നു.—വെളിപാട് 12:9, 12.
“സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാതെ സ്വാർഥതയോടെ പ്രവർത്തിക്കുകയാണ് ദൈവത്തിന്റെ ഈ ശത്രു. ലോകം മുഴുവൻ അവന്റെ ചൊൽപ്പടിയിലായതിനാൽ മനുഷ്യർക്കും അതേ മനോഭാവമാണുള്ളത്. “അന്ത്യകാലത്ത്” ആളുകൾ “സ്വസ്‌നേഹികളും ധനമോഹികളും വമ്പുപറയുന്നവരും ധാർഷ്ട്യക്കാരും” ആയിരിക്കുമെന്ന് ബൈബിളും മുൻകൂട്ടിപ്പറഞ്ഞിരുന്നു. (2 തിമൊഥെയൊസ് 3:1, 2) ഇവയും മറ്റു ദുർഗുണങ്ങളും നിറഞ്ഞ ഒരു ആഗോളവ്യവസ്ഥിതി സാത്താൻ പടുത്തുയർത്തിയിരിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല. സ്വാർഥതയോടെയും അത്യാഗ്രഹത്തോടെയും ചൂഷണം നടത്താൻ അവൻ ആളുകളെ പ്രേരിപ്പിക്കുന്നു; അത് മിക്കപ്പോഴും ദുരിതങ്ങൾക്കിടയാക്കുന്നു.
അത്യാഗ്രഹം നിറഞ്ഞ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ എങ്ങനെയാണ് ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്? ഗോളവ്യാപകമായി സംഭവിക്കുന്ന ദുരന്തങ്ങളുടെ കാരണത്തെക്കുറിച്ച് ഐക്യരാഷ്‌ട്രസംഘടനയുടെ ഒരു റിപ്പോർട്ട് ഇങ്ങനെയാണ്: “പ്രളയംപോലുള്ള അപകടസാധ്യതകൾ കൂടുതലുള്ള സ്ഥലങ്ങളിലാണ് അനേകരും തിങ്ങിപ്പാർക്കുന്നത്. കൂടാതെ, വനനശീകരണവും ചതുപ്പുനിലങ്ങൾ നികത്തുന്നതും കെടുതികളെ ചെറുക്കാനുള്ള പരിസ്ഥിതിയുടെ പ്രാപ്‌തി നശിപ്പിക്കുന്നു. എന്നാൽ, ഇവയെക്കാളൊക്കെ ഭീഷണിയാകുന്നത് അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുന്നതുമൂലം സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതും ആണ്. മനുഷ്യകരങ്ങളാണ് ഇവയ്‌ക്കെല്ലാം പിന്നിൽ.” മനുഷ്യന്റെ ഈ ചെയ്‌തികളെല്ലാം സാമ്പത്തിക ഉന്നമനത്തിനുവേണ്ടിയാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ലോകത്തെ മുഴുവൻ വലയം ചെയ്‌തിരിക്കുന്ന സ്വാർഥതയുടെയും അത്യാഗ്രഹത്തിന്റെയും പ്രതിഫലനമാണ് ഇവ.
ആലോചനാശൂന്യമായി മനുഷ്യർ ചെയ്‌തുകൂട്ടുന്ന കാര്യങ്ങളാണ് പലപ്പോഴും ദുരന്തങ്ങളെ ഏറെ വിനാശകാരികളാക്കുന്നതെന്ന് പല വിദഗ്‌ധരും ഇപ്പോൾ സമ്മതിക്കുന്നു. വാസ്‌തവത്തിൽ, വിപത്തുകൾക്ക് ആക്കംകൂട്ടുന്ന ഒരു വ്യവസ്ഥിതിയെ പിന്തുണച്ചുകൊണ്ട് മനുഷ്യർ പിശാചിന്റെ കരങ്ങളിലെ കളിപ്പാവകളായി മാറിയിരിക്കുകയാണ്.
നാം മനസ്സിലാക്കിയതനുസരിച്ച് മനുഷ്യരുടെ വിവേചനാശൂന്യമായ പ്രവൃത്തികളാണ് മിക്ക ദുരന്തങ്ങൾക്കും തിരികൊളുത്തുന്നത്. ചില ദുരന്തങ്ങൾ മറ്റു സ്ഥലങ്ങളിലാണ് സംഭവിച്ചിരുന്നതെങ്കിൽ ഇത്ര ദാരുണമായിത്തീരില്ലായിരുന്നു. പല സ്ഥലങ്ങളിലും പ്രകൃതിദുരന്തങ്ങളെ രൂക്ഷമാക്കിത്തീർക്കുന്നത് ദുഷ്ട മനുഷ്യരുടെ ഇടപെടലുകളും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെ ഫലമായി ആളുകൾക്ക് അപകടമേഖലകളിൽ തിങ്ങിപ്പാർക്കേണ്ടിവന്നിരിക്കുന്നതും ആണ്. എന്നിരുന്നാലും മനുഷ്യരുടെ പിഴവുകളോ അനാസ്ഥയോ മൂലമല്ലാതെയും ചില ആളുകൾക്ക് വിപത്തുകൾ നേരിടേണ്ടിവരുന്നുണ്ട്. അവ “യാദൃച്ഛികമായി സംഭവിക്കുന്നതാണ്.”—സഭാപ്രസംഗി 9:11, പി.ഒ.സി. ബൈബിൾ.
കാരണം എന്തുമായിക്കൊള്ളട്ടെ, നിങ്ങൾ ഇപ്പോൾ ഒരു പ്രകൃതിദുരന്തത്തിന്റെ കെടുതികൾ അനുഭവിക്കുകയാണോ? എങ്കിൽ അതുമായി എങ്ങനെ പൊരുത്തപ്പെടാം? ദുരന്തങ്ങളുടെ കാഠിന്യം കുറയ്‌ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ നമുക്കിപ്പോൾ നോക്കാം. (w11-E 12/01)
[5-ാം പേജിലെ ചിത്രം]
ജനപ്പെരുപ്പം
[5-ാം പേജിലെ ചിത്രം]
വനനശീകരണം
[5-ാം പേജിലെ ചിത്രം]
മലിനീകരണം
[5-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഇടത്ത്: © Mark Henley/Panos Pictures
മധ്യത്തിൽ: © Jeroen Oerlemans/Panos Pictures