യേശു—അവൻ എവിടെനിന്നു വന്നു?
‘(പീലാത്തൊസ്) പിന്നെയും അരമനയിൽ ചെന്ന് യേശുവിനോട്, “നീ എവിടെനിന്നുള്ളവനാകുന്നു?” എന്നു ചോദിച്ചു. യേശുവോ മറുപടിയൊന്നും പറഞ്ഞില്ല.’—യോഹന്നാൻ 19:9.
റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസ് യേശുവിന്റെ വിചാരണവേളയിലാണ് ആ ചോദ്യം ചോദിച്ചത്. യേശു ഇസ്രായേലിലെ ഏതു പ്രദേശത്തുനിന്നുള്ളവനായിരുന്നെന്ന് പീലാത്തൊസിന് അറിയാമായിരുന്നു. (ലൂക്കോസ് 23:6, 7) യേശു ഒരു സാധാരണ മനുഷ്യൻ അല്ലെന്നുള്ള കാര്യവും പീലാത്തൊസ് മനസ്സിലാക്കിയിരുന്നു. എങ്കിൽപ്പിന്നെ എന്തിനാണ് അദ്ദേഹം അങ്ങനെയൊരു ചോദ്യം ചോദിച്ചത്? ഭൂജാതനാകുന്നതിനുമുമ്പ് യേശു മറ്റെവിടെയെങ്കിലും ജീവിച്ചിരുന്നെന്ന് പീലാത്തൊസ് ചിന്തിച്ചുവോ? യേശുവിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാൻ കഴിഞ്ഞാൽ അത് അംഗീകരിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും വിജാതീയനായ ആ ഭരണാധികാരി തയ്യാറാകുമായിരുന്നോ? എന്തായിരുന്നാലും, പീലാത്തൊസിന്റെ ആ ചോദ്യത്തിന് യേശു മറുപടിയൊന്നും പറഞ്ഞില്ല. സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിൽക്കുന്നതിനെക്കാൾ സ്വന്തം സ്ഥാനം സംരക്ഷിക്കുന്നതിലായിരുന്നു പീലാത്തൊസിനു താത്പര്യമെന്ന് പിന്നീട് തെളിയുകയും ചെയ്തു.—മത്തായി 27:11-26.
സന്തോഷകരമെന്നു പറയട്ടെ, യേശു എവിടെനിന്നാണ് വന്നതെന്ന് അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് അത് കണ്ടുപിടിക്കാൻ മാർഗമുണ്ട്. അതേക്കുറിച്ച് ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. പിൻവരുന്ന വസ്തുതകൾ പരിചിന്തിക്കുക.
എവിടെയാണ് ജനിച്ചത്?
യെഹൂദയിലെ ബേത്ത്ലെഹെം എന്ന പട്ടണത്തിലാണ് യേശു ജനിച്ചത്. യേശുവിന്റെ അമ്മയായ മറിയ അവനെ ഗർഭം ധരിച്ചിരിക്കെ, എല്ലാവരും അവരവരുടെ പട്ടണങ്ങളിൽ പോയി പേരുചാർത്തണമെന്ന് ഔഗുസ്തൊസ് കൈസർ ഒരു കൽപ്പന പുറപ്പെടുവിച്ചു. അതിൻപ്രകാരം, “പൂർണഗർഭിണിയായിരുന്ന” ഭാര്യ മറിയയെയും കൂട്ടി യോസേഫ് തന്റെ പിതൃനഗരമായ ബേത്ത്ലെഹെമിലേക്കു യാത്രയായി. സത്രത്തിൽ താമസിക്കാൻ ഇടം കിട്ടാതിരുന്നതിനാൽ അവിടെ അവർക്ക് ഒരു കാലിത്തൊഴുത്തിൽ രാത്രി കഴിച്ചുകൂട്ടേണ്ടിവന്നു. അവിടെവെച്ചാണ് യേശു ജനിക്കുന്നത്. അവർ അവനെ ശീലകളിൽ പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ കിടത്തി.—ലൂക്കോസ് 2:1-7.
യേശു ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുമ്പേ അവൻ എവിടെ ജനിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും.” a (മീഖാ 5:2) യെഹൂദയിലെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഗണിക്കപ്പെടാൻതക്ക പ്രാധാന്യമൊന്നും പ്രത്യക്ഷത്തിൽ ബേത്ത്ലെഹെമിന് ഇല്ലായിരുന്നു. എന്നാൽ മിശിഹാ അഥവാ ക്രിസ്തു ജനിക്കാനിരുന്നത് അവിടെയായിരുന്നു. അങ്ങനെ ഈ കൊച്ചുപട്ടണത്തിന് ഒരു അസാധാരണ പദവി കൈവരുമായിരുന്നു.—മത്തായി 2:3-6; യോഹന്നാൻ 7:40-42.
എവിടെയാണ് വളർന്നത്?
ഈജിപ്റ്റിൽ കുറച്ചുനാൾ കഴിഞ്ഞശേഷം യേശുവിന്റെ കുടുംബം നസറെത്തിലേക്ക് താമസം മാറ്റി. യെരുശലേമിൽനിന്ന് 96 കിലോമീറ്റർ അകലെ വടക്കുഭാഗത്തായി കിടക്കുന്ന ഗലീല പ്രവിശ്യയിലെ ഒരു പട്ടണമായിരുന്നു നസറെത്ത്. കൃഷി, ആടുമേയ്ക്കൽ, മീൻപിടിത്തം ഇതൊക്കെയായിരുന്നു അവിടത്തുകാരുടെ തൊഴിൽ. യോസേഫിന്റെ കുടുംബം നസറെത്തിൽ താമസമാക്കുമ്പോൾ യേശുവിന് മൂന്നുവയസ്സുപോലും ഉണ്ടായിരുന്നില്ല. മനോഹരമായ ആ ഭൂപ്രദേശത്ത് ഒരു എളിയ ചുറ്റുപാടിലാണ് യേശു വളർന്നുവന്നത്. ഒരു വലിയ കുടുംബമായിരുന്നു അവന്റേത്.—മത്തായി 13:55, 56.
മിശിഹാ നസറെത്തിൽനിന്നുള്ളവൻ ആയിരിക്കുമെന്ന് നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ബൈബിൾ പ്രവചിച്ചിരുന്നു. മത്തായി 2:19-23) നസറായൻ എന്ന പേരിന് “മുള” എന്നതിനുള്ള എബ്രായ പദത്തോടു ബന്ധമുള്ളതായി കാണപ്പെടുന്നു. യെശയ്യാപ്രവചനത്തിൽ മിശിഹായെ യിശ്ശായിയിൽനിന്നുള്ള “ഒരു മുള” എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ പിൻഗാമിയായിരിക്കും മിശിഹാ എന്ന് അത് അർഥമാക്കി. മേൽപ്പറഞ്ഞ തിരുവെഴുത്ത് രേഖപ്പെടുത്തിയപ്പോൾ മത്തായിയുടെ മനസ്സിലുണ്ടായിരുന്നത് ഈ പ്രവചനമായിരുന്നിരിക്കാം. (യെശയ്യാവു 11:1) വാസ്തവത്തിൽ, യേശു യിശ്ശായിയുടെയും ദാവീദിന്റെയും ഒരു പിൻഗാമിയായിരുന്നു.—മത്തായി 1:6, 16; ലൂക്കോസ് 3:23, 31, 32.
“‘അവൻ നസറായനെന്നു വിളിക്കപ്പെടും’ എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകേണ്ടതിന്” യേശുവിന്റെ കുടുംബം “നസറെത്ത് എന്ന പട്ടണത്തിൽ ചെന്നു പാർത്തു” എന്ന് സുവിശേഷ എഴുത്തുകാരനായ മത്തായി രേഖപ്പെടുത്തുകയുണ്ടായി. (യേശു വന്നത് എവിടെനിന്ന്?
“അവന്റെ (യേശുവിന്റെ) ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ” എന്ന് മീഖാ പ്രവാചകൻ എഴുതി. (മീഖാ 5:2) ബേത്ത്ലെഹെമിലെ കാലിത്തൊഴുത്തിൽ പിറക്കുന്നതിനുമുമ്പ്, അതെ യുഗങ്ങൾക്കുമുമ്പുതന്നെ, യേശു ജീവിച്ചിരുന്നു. ഭൂമിയിൽ ഒരു മനുഷ്യനായി ജനിക്കുന്നതിനുമുമ്പ് ഒരു ആത്മരൂപിയായി യേശു സ്വർഗത്തിലുണ്ടായിരുന്നു. ദൈവത്തിന്റെ ആദ്യജാതനാണ് അവൻ. ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു’ എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തി. (യോഹന്നാൻ 6:38; 8:23) ആകട്ടെ, യേശു മനുഷ്യനായി ജനിച്ചത് എങ്ങനെയാണ്?
യഹോവയാം ദൈവം തന്റെ പരിശുദ്ധാത്മാവ് മുഖാന്തരം ഒരു അത്ഭുതം പ്രവർത്തിച്ചു. b സ്വർഗത്തിലായിരുന്ന യേശുവിന്റെ ജീവൻ യഹോവ, യഹൂദ കന്യകയായ മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റി. അങ്ങനെ യേശു ഒരു പൂർണമനുഷ്യനായി ഭൂമിയിൽ പിറന്നു. മനുഷ്യരായ നമുക്ക് അതൊരു അത്ഭുതമാണെങ്കിലും സർവശക്തനായ ദൈവത്തിന് അത് ബുദ്ധിമുട്ടുള്ള ഒരു കാര്യമേയല്ലായിരുന്നു. മറിയയ്ക്ക് പ്രത്യക്ഷനായ ദൂതൻ അവളോട് പറഞ്ഞതുപോലെ, “ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല.”—ലൂക്കോസ് 1:30-35, 37.
യേശു എവിടെനിന്നു വന്നു എന്നതിനു പുറമേ അവന്റെ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്. മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവർ എഴുതിയ സുവിശേഷങ്ങളിൽ അത് രേഖപ്പെടുത്തിയിരിക്കുന്നു.
a എഫ്രാത്ത (അല്ലെങ്കിൽ എഫ്രാത്ത്) എന്നത് ബേത്ത്ലെഹെമിന്റെ പഴയ പേരായിരുന്നിരിക്കണം.—ഉല്പത്തി 35:19.
b യഹോവ എന്നത്, ബൈബിളിൽ കാണുന്ന ദൈവനാമമാണ്.