ഞാൻ എത്ര തുക സംഭാവന നൽകണം?
വായനക്കാർ ചോദിക്കുന്നു
ഞാൻ എത്ര തുക സംഭാവന നൽകണം?
“സന്തോഷത്തോടെ കൊടുക്കുന്നവനെയത്രേ ദൈവം സ്‌നേഹിക്കുന്നത്.” (2 കൊരിന്ത്യർ 9:7) ദശലക്ഷക്കണക്കിന് ആളുകൾക്ക് പരിചിതമായ വാക്കുകളാണിവ. എന്നാൽ കഴിവിനപ്പുറമുള്ള സംഭാവനകൾ നൽകാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ചില ക്രൈസ്‌തവ വിശ്വാസികൾ കരുതുന്നു. വിശ്വാസികൾ ഒരു നിശ്ചിത തുക സംഭാവനയായി നൽകണമെന്ന് ചില സഭകൾ നിബന്ധനവെക്കാറുണ്ട്. വരുമാനത്തിന്റെ 10 ശതമാനം സംഭാവനയായി കൊടുക്കുന്ന ഈ രീതിയെ ദശാംശം നൽകൽ എന്നാണു പറയുന്നത്.
എന്നാൽ ബൈബിൾ അങ്ങനെ നിഷ്‌കർഷിക്കുന്നുണ്ടോ? എത്രത്തോളം സംഭാവന നൽകണമെന്ന് ഓരോ വ്യക്തിക്കും എങ്ങനെ നിശ്ചയിക്കാനാകും?
പുരാതനകാലത്തെ സംഭാവനകൾ
ഇസ്രായേൽ ജനത എന്തുമാത്രം സംഭാവന നൽകണമെന്ന് ദൈവം വ്യക്തമായി നിർദേശിച്ച സന്ദർഭങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ലേവ്യപുസ്‌തകം 27:30-32; സംഖ്യാപുസ്‌തകം 18:21, 24; ആവർത്തനപുസ്‌തകം 12:4-7, 11, 17, 18; 14:22-27) ആ നിബന്ധനകൾ അവർക്ക് ഒരു ഭാരമായിരുന്നില്ല. തന്റെ നിയമങ്ങൾ അനുസരിച്ചാൽ അവർക്ക് “സമൃദ്ധിനൽകും” എന്ന് യഹോവ വാഗ്‌ദാനം ചെയ്‌തു.—ആവർത്തനപുസ്‌തകം 28:1, 2, 11, 12.
എന്നാൽ തങ്ങളുടെ ഇഷ്ടാനുസരണം സംഭാവനകൾ നൽകാനുള്ള അവസരങ്ങളും ഇസ്രായേല്യർക്കുണ്ടായിരുന്നു. ഉദാഹരണത്തിന്, യഹോവയ്‌ക്ക് ഒരു ആലയം പണിയാൻ ദാവീദ് രാജാവ് പദ്ധതിയിട്ടപ്പോൾ അവന്റെ പ്രജകൾ “അയ്യായിരം താലന്ത് പൊന്ന്” സംഭാവനയായി നൽകി. * (1 ദിനവൃത്താന്തം 29:7) അതെ, അവർ കനത്ത ഒരു സംഭാവനയാണ് നൽകിയത്. ഇനി, ദൈവത്തിനു നൽകപ്പെട്ട മറ്റൊരു സംഭാവനയെക്കുറിച്ചു ചിന്തിക്കുക. ഒരിക്കൽ യേശു ആലയത്തിലായിരിക്കെ, “ദരിദ്രയായ ഒരു വിധവ വന്ന് മൂല്യംകുറഞ്ഞ രണ്ടു ചെറുതുട്ടുകൾ” ഭണ്ഡാരത്തിൽ ഇടുന്നതു കണ്ടു. അവൾ നൽകിയ സംഭാവനയുടെ മൂല്യം എത്രയായിരുന്നു? അക്കാലത്തെ ദിവസക്കൂലിയുടെ 64-ൽ ഒരു ഭാഗം. അതെ, അവൾ നൽകിയത് തുച്ഛമായ ഒരു സംഭാവനയായിരുന്നെങ്കിലും യേശുവിന്റെ ദൃഷ്ടിയിൽ അതിന് ഏറെ മൂല്യമുണ്ടായിരുന്നു.—ലൂക്കോസ് 21:1-4.
ക്രിസ്‌ത്യാനികൾ ഒരു നിശ്ചിത തുക സംഭാവനയായി നൽകണമോ?
ക്രിസ്‌ത്യാനികൾ ന്യായപ്രമാണത്തിനു കീഴിലല്ല. അതുകൊണ്ടുതന്നെ ഒരു നിശ്ചിത തുക ദൈവത്തിനു നൽകാനുള്ള ബാധ്യതയും അവർക്കില്ല. എന്നിരുന്നാലും സംഭാവന നൽകുന്നതിലൂടെ ലഭിക്കുന്ന സന്തോഷം സത്യക്രിസ്‌ത്യാനികൾ ഇന്നും ആസ്വദിക്കുന്നുണ്ട്. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ” എന്ന് യേശു പറയുകയുണ്ടായി.—പ്രവൃത്തികൾ 20:35.
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രസംഗപ്രവർത്തനം നിർവഹിക്കപ്പെടുന്നത് സ്വമേധാ സംഭാവനകളാലാണ്. നിങ്ങൾ വായിക്കുന്ന ഈ മാസിക ഉൾപ്പെടെയുള്ള സാഹിത്യങ്ങൾ അച്ചടിക്കുന്നതിനും രാജ്യഹാളുകൾ അഥവാ ആരാധനാലയങ്ങൾ നിർമിക്കുന്നതിനും ഒക്കെയാണ് ഈ സംഭാവനകൾ ഉപയോഗിക്കുന്നത്. ഈ സംഭാവനകൾ ഒരിക്കലും ആളുകൾക്ക് വേതനം നൽകാനായി ഉപയോഗിക്കുന്നില്ല. ശിഷ്യരാക്കൽവേലയിൽ മുഴുവൻ സമയം ഏർപ്പെടുന്ന ചിലർക്ക് അവരുടെ യാത്രാകൂലിക്കും വ്യക്തിപരമായ ചെലവുകൾക്കും ആയി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ഈ സഹായം അവരാരും ചോദിച്ചുവാങ്ങുന്നതല്ല. എന്നാൽ യഹോവയുടെ സാക്ഷികളിൽ ഭൂരിഭാഗം പേർക്കും പ്രസംഗവേലയിൽ ഏർപ്പെടുന്നതിന് യാതൊരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ല. മിക്കവരും, കൂടാരപ്പണിയിലേർപ്പെട്ട് സുവിശേഷവേലയ്‌ക്കും ഉപജീവനത്തിനും വക കണ്ടെത്തിയ പൗലോസ് അപ്പൊസ്‌തലനെപ്പോലെ തൊഴിൽ ചെയ്‌താണ് തങ്ങളുടെ പ്രസംഗവേലയ്‌ക്കുള്ള പണം സ്വരൂപിക്കുന്നത്.—2 കൊരിന്ത്യർ 11:9; 1 തെസ്സലോനിക്യർ 2:9.
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ പിന്തുണയ്‌ക്കാനായി സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി എത്ര തുക നൽകണം? അപ്പൊസ്‌തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഓരോരുത്തനും താൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; വൈമുഖ്യത്തോടെ അരുത്; നിർബന്ധത്താലും അരുത്. സന്തോഷത്തോടെ കൊടുക്കുന്നവനെയത്രേ ദൈവം സ്‌നേഹിക്കുന്നത്.”—2 കൊരിന്ത്യർ 8:12; 9:7.
[അടിക്കുറിപ്പ്]
^ ഖ. 7 2008-ൽ പവന് 10,000 രൂപയായിരുന്നു ശരാശരി സ്വർണവില. അതുവെച്ചു നോക്കുമ്പോൾ സംഭാവനത്തുക ഏതാണ്ട് 20,000 കോടി രൂപവരും.