നിങ്ങൾ ‘സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളവർ’ ആണോ?
“നമ്മെ വീണ്ടെടുത്ത് സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ള സ്വന്തജനമായി ശുദ്ധീകരിച്ചെടുക്കേണ്ടതിന് ക്രിസ്തു നമുക്കുവേണ്ടി തന്നെത്തന്നെ അർപ്പിച്ചു.”—തീത്തൊ. 2:14.
1, 2. യഹോവയുടെ സാക്ഷികൾക്കു മാത്രമുള്ള അതുല്യപദവി ഏതാണ്, നിങ്ങൾക്ക് അതേപ്പറ്റി എന്തു തോന്നുന്നു?
ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചതിന് ഒരു പുരസ്കാരം ലഭിക്കുമ്പോൾ അത് വലിയൊരു ബഹുമതിയായിട്ടാണ് മിക്കവരും കരുതുന്നത്. പരസ്പരം പോരടിച്ചുകഴിഞ്ഞിരുന്ന രണ്ടുപക്ഷങ്ങളെ അനുനയിപ്പിച്ച് സമാധാനം സ്ഥാപിക്കാൻ നടത്തിയ തീവ്രയത്നങ്ങളെപ്രതി ചില വ്യക്തികൾക്ക് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. എന്നാൽ സ്രഷ്ടാവായ ദൈവവുമായി അനുരഞ്ജനത്തിലേക്കു വരാൻ ആളുകളെ സഹായിക്കുന്നതിന് ഒരു സ്ഥാനപതിയോ പ്രതിനിധിയോ ആയി വർത്തിക്കാൻ ദൈവത്തിൽനിന്ന് നിയമനം ലഭിക്കുന്നത് അതിലും എത്രയോ വലിയ ബഹുമതിയാണ്!
2 യഹോവയുടെ സാക്ഷികളായ നാം ആ അതുല്യബഹുമതി ലഭിച്ചിട്ടുള്ളവരാണ്. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും മേൽനോട്ടത്തിൻകീഴിൽ, “ദൈവവുമായി അനുരഞ്ജനപ്പെടുവിൻ” എന്ന് നാം ആളുകളോട് അഭ്യർഥിക്കുന്നു. (2 കൊരി. 5:20) ആളുകളെ തന്നിലേക്ക് അടുപ്പിക്കാൻ യഹോവ നമ്മെ ഉപയോഗിക്കുകയാണ്. ദൈവവുമായി നല്ല ബന്ധം ആസ്വദിക്കാനും നിത്യജീവന്റെ പ്രത്യാശ നേടാനും 235-ലധികം രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് കഴിഞ്ഞിരിക്കുന്നത് അങ്ങനെയാണ്. (തീത്തൊ. 2:11) “ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി വാങ്ങിക്കൊള്ളട്ടെ” എന്ന ക്ഷണം ഉത്സാഹനിർഭരമായ ഹൃദയത്തോടെ നാം ആളുകൾക്ക് വെച്ചുനീട്ടുന്നു. (വെളി. 22:17) ഈ നിയമനം അമൂല്യമായി കരുതി സ്ഥിരോത്സാഹത്തോടെ അത് നിറവേറ്റുന്നതുകൊണ്ട് “സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ള” ഒരു ജനം എന്ന് നമ്മെ വിളിച്ചിരിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. (തീത്തൊ. 2:14) ആളുകളെ യഹോവയിലേക്ക് അടുപ്പിക്കാൻ സത്പ്രവൃത്തികളിലുള്ള നമ്മുടെ ശുഷ്കാന്തി നമ്മെ സഹായിക്കുന്നത് എങ്ങനെയെന്ന് നമുക്കു നോക്കാം. ആ സത്പ്രവൃത്തികളിലൊന്ന് പ്രസംഗപ്രവർത്തനമാണ്.
യഹോവയുടെയും യേശുവിന്റെയും തീക്ഷ്ണത അനുകരിക്കുക
3. “സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത” എന്തു സംബന്ധിച്ച് നമുക്ക് ഉറപ്പു നൽകുന്നു?
3 ദൈവപുത്രന്റെ ഭരണം സാക്ഷാത്കരിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു പറഞ്ഞുവന്നിട്ട്, “സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും” എന്ന് യെശയ്യാവ് 9:7 പറയുന്നു. മനുഷ്യവർഗത്തിന്റെ രക്ഷയിലുള്ള നമ്മുടെ സ്വർഗീയപിതാവിന്റെ സജീവമായ താത്പര്യം ആ വാക്കുകൾ എടുത്തുകാണിക്കുന്നു. തീക്ഷ്ണതയുടെ കാര്യത്തിൽ യഹോവ വെച്ചിരിക്കുന്ന മാതൃക, രാജ്യപ്രഘോഷണമെന്ന ദൈവദത്തനിയോഗം നാം മുഴുഹൃദയത്തോടും എരിവോടും ഉത്സാഹത്തോടും കൂടെ നിറവേറ്റേണ്ടതാണെന്നു വ്യക്തമാക്കുന്നില്ലേ? ദൈവത്തെക്കുറിച്ച് അറിയാൻ ആളുകളെ സഹായിക്കാനുള്ള നമ്മുടെ ഉത്കടമായ ആഗ്രഹം യഹോവയുടെ തീക്ഷ്ണതയുടെ ഒരു പ്രതിഫലനമാണ്. അങ്ങനെയെങ്കിൽ സുവാർത്താഘോഷണത്തിൽ ദൈവത്തിന്റെ കൂട്ടുവേലക്കാരെന്ന നിലയിൽ, സാഹചര്യമനുസരിച്ച് കഴിവിന്റെ പരമാവധി ചെയ്യാൻ നാം വ്യക്തിപരമായി ഒരു ഉറച്ചതീരുമാനമെടുത്തിട്ടുണ്ടോ?—1 കൊരി. 3:9.
4. ശുശ്രൂഷയിൽ ആദിയോടന്തം തീക്ഷ്ണത കാത്തുസൂക്ഷിക്കുന്നതിൽ യേശു എന്തു മാതൃകവെച്ചു?
4 ഇനി, യേശുവിന്റെ തീക്ഷ്ണതയെക്കുറിച്ചു ചിന്തിക്കുക. ശുശ്രൂഷയിൽ ആദിയോടന്തം തീക്ഷ്ണത നിലനിറുത്തിയതിന്റെ തികവുറ്റ ദൃഷ്ടാന്തമാണ് അവൻ. ഭൂമിയിലെ വേദനാകരമായ ജീവിതാന്ത്യംവരെ കടുത്ത എതിർപ്പുകളിന്മധ്യേയും പ്രസംഗവേലയിലുള്ള തീക്ഷ്ണത അവൻ മങ്ങാതെ കാത്തു. (യോഹ. 18:36, 37) യഹോവയെക്കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കാനുള്ള യേശുവിന്റെ ദൃഢതീരുമാനം ബലിമരണത്തിനുള്ള സമയം അടുത്തുവരവെ ഒന്നുകൂടെ തീക്ഷ്ണമായി.
5. അത്തിവൃക്ഷത്തെക്കുറിച്ചുള്ള തന്റെ ഉപമയ്ക്കു ചേർച്ചയിൽ യേശു പ്രവർത്തിച്ചത് എങ്ങനെ?
5 എ.ഡി. 32-ലെ ശരത്കാലത്ത്, യേശു ഒരു ദൃഷ്ടാന്തം പറയുകയുണ്ടായി: മുന്തിരിത്തോട്ടത്തിൽ നട്ടിരുന്ന, മൂന്നു വർഷമായി ഫലം നൽകാതിരുന്ന ഒരു അത്തിവൃക്ഷത്തെക്കുറിച്ചുള്ളതായിരുന്നു അത്. മരം മുറിച്ചു കളയാൻ യജമാനൻ പറഞ്ഞപ്പോൾ കുറച്ചുകൂടി കഴിയട്ടെയെന്നും താൻ അതിനു ചുറ്റും കിളച്ച് വളം ഇട്ടുനോക്കട്ടെയെന്നും തോട്ടക്കാരൻ യജമാനനോടു പറഞ്ഞു. (ലൂക്കോസ് 13:6-9 വായിക്കുക.) ഈ ദൃഷ്ടാന്തം പറഞ്ഞ സമയത്ത് യേശുവിന്റെ പ്രസംഗവേലയുടെ ഫലം എന്നനിലയിൽ എടുത്തുകാണിക്കാൻ ആകെ കുറച്ചു ശിഷ്യന്മാരേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ തോട്ടക്കാരന്റെ ഉപമയിൽ കണ്ടതുപോലെ, ശേഷിച്ച കുറച്ചുസമയം—ഏകദേശം ആറുമാസം—യെഹൂദ്യയിലും പെരിയയിലും ഉള്ള തന്റെ പ്രസംഗപ്രവർത്തനം യേശു ഊർജിതപ്പെടുത്തി. സുവാർത്ത ‘കേട്ടിട്ടും പ്രതികരിക്കാതിരുന്ന’ സ്വന്തജനത്തെയോർത്ത് തന്റെ മരണത്തിന് ഏതാനും ദിവസംമുമ്പ് യേശു വിലപിക്കുകയുണ്ടായി.—മത്താ. 13:15; ലൂക്കോ. 19:41.
6. ശുശ്രൂഷയിലുള്ള നമ്മുടെ പങ്ക് ഊർജിതപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
6 നാം ജീവിക്കുന്നത് അന്ത്യകാലത്തിന്റെ അവസാനയാമങ്ങളിലായതിനാൽ പ്രസംഗപ്രവർത്തനത്തിന്റെ ആക്കം നാം വർധിപ്പിക്കേണ്ടത് ജീവത്പ്രധാനമല്ലേ? (ദാനീയേൽ 2:41-45 വായിക്കുക.) യഹോവയുടെ സാക്ഷികളായിരിക്കുക എന്നത് എത്ര ഉദാത്തമായ ഒരു പദവിയാണെന്നു നിങ്ങൾ ചിന്തിക്കാറുണ്ടോ? മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള യഥാർഥപരിഹാരം വാഗ്ദാനം ചെയ്യുന്ന പ്രത്യാശയുമായി ആളുകളുടെ അടുക്കലേക്ക് കടന്നുചെല്ലുന്ന ഭൂമിയിലെ ഏകജനത നമ്മളാണ്! “നല്ല മനുഷ്യർക്ക് ദുരന്തങ്ങൾ വന്നുഭവിക്കുന്നത് എന്തുകൊണ്ടാണ്?” എന്ന ചോദ്യത്തെ ഉത്തരമില്ലാത്ത ചോദ്യം എന്ന് ഒരു പത്രലേഖിക ഈയിടെ വർണിക്കുകയുണ്ടായി. എന്നാൽ അത്തരം ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം, കേൾക്കാൻ മനസ്സുള്ള ഏതൊരാൾക്കും പറഞ്ഞുകൊടുക്കുക എന്നത് നമ്മുടെ ക്രിസ്തീയകടമയും പദവിയുമാണ്. അതെ, നമ്മുടെ ദൈവികനിയോഗം നിർവഹിക്കവെ ‘ആത്മാവിൽ ജ്വലിക്കാൻ’ നമുക്ക് എത്രയോ കാരണങ്ങളുണ്ട്! (റോമ. 12:11) സുവിശേഷവേലയിൽ സതീക്ഷ്ണം ഏർപ്പെടുന്നതു മുഖാന്തരം യഹോവയെ അറിയാനും അവനെ സ്നേഹിക്കാനും മറ്റുള്ളവരെ സഹായിക്കാൻ നമുക്കു കഴിയുന്നു. യഹോവയുടെ അനുഗ്രഹവും നമ്മുടെമേലുണ്ട്.
ആത്മത്യാഗത്തിന്റെ ആത്മാവ് യഹോവയെ മഹത്ത്വപ്പെടുത്തുന്നു
7, 8. നമ്മുടെ ത്യാഗമനസ്ഥിതി യഹോവയെ മഹത്ത്വപ്പെടുത്തുന്നത് എങ്ങനെ?
7 അപ്പൊസ്തലനായ പൗലോസിന്റെ അനുഭവങ്ങൾ കാണിക്കുന്നതുപോലെ, ക്രിസ്തീയശുശ്രൂഷയുടെ ഭാഗമായി ‘ഉറക്കിളപ്പും പട്ടിണിയുമൊക്കെ’ സഹിക്കേണ്ടിവന്നേക്കാം. (2 കൊരി. 6:5) ആ പദശകലങ്ങൾ ആത്മത്യാഗത്തിന്റെ ഒരു തെളിഞ്ഞ ചിത്രം നമ്മുടെ മനസ്സിൽ വരയ്ക്കുന്നു. ഉപജീവനമാർഗം സ്വയം കണ്ടെത്തി ശുശ്രൂഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുന്ന പയനിയർമാരെ അത് നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. മറ്റൊരു ദേശത്തെ ആളുകളെ സഹായിക്കാനായി ‘സ്വയം ഒരു പാനീയയാഗമായി ചൊരിയുന്ന’ അർപ്പിതരായ മിഷനറിമാരെക്കുറിച്ചു ചിന്തിക്കുക. (ഫിലി. 2:17) യഹോവയുടെ ആടുകളെ പരിപാലിക്കാനായി ചില അവസരങ്ങളിൽ ഊണും ഉറക്കവും ഉപേക്ഷിച്ചുപോലും കഠിനാധ്വാനം ചെയ്യുന്ന മൂപ്പന്മാരെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കുക. ക്രിസ്തീയയോഗങ്ങളിൽ ഹാജരാകാനും വയൽസേവനത്തിൽ പങ്കെടുക്കാനും പ്രായാധിക്യത്തിലും രോഗാവസ്ഥയിലും പോലും കഴിവിന്റെ പരമാവധി ചെയ്യുന്ന പ്രിയ സഹോദരങ്ങളെക്കുറിച്ച് ഓർക്കുക. ത്യാഗമനസ്കരായ ഈ ദൈവദാസരെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ ഹൃദയം അവരോടുള്ള വിലമതിപ്പിൽ നിറയുന്നു. അത്തരം ത്യാഗങ്ങൾ നമ്മുടെ ശുശ്രൂഷയോടുള്ള ആളുകളുടെ കാഴ്ചപ്പാടിനെ തീർച്ചയായും സ്വാധീനിക്കും.
8 യു.കെ-യിലുള്ള ലിങ്കൺഷയറിലെ ബോസ്റ്റൺ ടാർഗറ്റ് എന്ന വർത്തമാനപത്രത്തിന് എഴുതിയ കത്തിൽ സാക്ഷിയല്ലാത്ത ഒരു വായനക്കാരൻ ഇങ്ങനെ പറഞ്ഞു: “ആളുകൾക്ക് മതങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് . . . ഈ സഭാശുശ്രൂഷകരെല്ലാം ദിവസം മുഴുവൻ എന്തു ചെയ്യുകയാണ്? അവർ ആരും ക്രിസ്തു ചെയ്തതുപോലെ പുറത്തു പോയി ആളുകളെ സന്ദർശിക്കുന്നില്ല . . . ആളുകളോടു കരുതൽ പ്രകടമാക്കുന്ന ഒരേ ഒരു മതം യഹോവയുടെ സാക്ഷികളുടേതാണെന്നു തോന്നുന്നു. അവർ പുറത്തു പോയി ആളുകളെ സന്ദർശിക്കുന്നു, സത്യം പ്രസംഗിക്കുന്നതിൽ മുഴുകിയിരിക്കുന്നു.” സുഖലോലുപതയിൽ ആറാടിനിൽക്കുന്ന ഈ ലോകത്തിൽ നമ്മുടെ ത്യാഗമനസ്ഥിതി യഹോവയ്ക്കു നൽകുന്ന മഹത്ത്വം കുറച്ചൊന്നുമല്ല.—റോമ. 12:1.
9. ശുശ്രൂഷയിലെ ശുഷ്കാന്തി നിലനിറുത്താനുള്ള പ്രചോദനം പകരാൻ എന്തിനു കഴിയും?
9 എന്നാൽ ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്ണത മങ്ങിപ്പോകുന്നതായി തോന്നിയാൽ നമുക്ക് എന്തു ചെയ്യാം? പ്രസംഗവേലയിലൂടെ യഹോവ ഇന്ന് സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മനസ്സിലേക്കു കൊണ്ടുവരുന്നത് നമുക്കു ഗുണം ചെയ്യും. (റോമർ 10:13-15 വായിക്കുക.) വിശ്വാസത്തോടെ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നെങ്കിലേ രക്ഷ ലഭിക്കൂ. നാം ആളുകളോട് പ്രസംഗിക്കാത്തപക്ഷം ആളുകൾ എങ്ങനെ വിളിച്ചപേക്ഷിക്കും? ഈ തിരിച്ചറിവ് സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളവരായി തുടരാനും ദൈവരാജ്യസുവാർത്ത ഘോഷിക്കുന്നതിൽ ഉത്സുകരായിരിക്കാനും നമ്മെ പ്രചോദിപ്പിക്കും.
നല്ല പെരുമാറ്റം ദൈവത്തിലേക്ക് ആളുകളെ ആകർഷിക്കുന്നു
10. നമ്മുടെ നല്ല നടത്ത യഹോവയിലേക്ക് ആളുകളെ ആകർഷിക്കും എന്നു പറയാനാകുന്നത് എന്തുകൊണ്ട്?
10 ആളുകളെ ദൈവത്തിലേക്ക് ആകർഷിക്കാൻ ശുശ്രൂഷയിലുള്ള നമ്മുടെ തീക്ഷ്ണത മാത്രം പോരാ. അതിനു നമ്മെ സഹായിക്കുന്ന രണ്ടാമത്തെ സംഗതിയാണ് നമ്മുടെ നല്ല ക്രിസ്തീയനടത്ത. നമ്മുടെ നടത്തയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പൗലോസ് ഇങ്ങനെ എഴുതി: “ഞങ്ങളുടെ ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കാൻ ഒരുതരത്തിലും ഞങ്ങൾ ഇടർച്ചയ്ക്കു കാരണമുണ്ടാക്കുന്നില്ല.” (2 കൊരി. 6:3) അഭികാമ്യമായ സംസാരവും നേരായ നടത്തയും ദിവ്യപ്രബോധനത്തെ അലങ്കരിക്കുന്നു. അതാകട്ടെ സത്യാരാധന മറ്റുള്ളവർക്ക് കൂടുതൽ ആകർഷകമാക്കുകയും ചെയ്യും. (തീത്തൊ. 2:10) ക്രിസ്തുവിനെ അനുകരിച്ചുകൊണ്ടുള്ള നമ്മുടെ നല്ല പെരുമാറ്റരീതികൾ മറ്റുള്ളവർ നിരീക്ഷിക്കാനിടയായതിന്റെ നല്ല അനുഭവങ്ങൾ നാം പലപ്പോഴും കേൾക്കാറുണ്ട്.
11. നമ്മുടെ നടത്ത എങ്ങനെയാണെന്ന് പ്രാർഥനാപൂർവം ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
11 നമ്മുടെ പ്രവൃത്തികൾക്ക് ആളുകളെ ക്രിയാത്മകമായി സ്വാധീനിക്കാൻ കഴിവുണ്ടെന്ന് നാം മനസ്സിലാക്കുന്നു. എന്നാൽ മറിച്ച് സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ജോലിസ്ഥലത്തോ വീട്ടിലോ സ്കൂളിലോ ഒക്കെയായിരിക്കുമ്പോൾ നമ്മുടെ നടത്തയിലോ ശുശ്രൂഷയിലോ എന്തെങ്കിലും കുറ്റം കണ്ടെത്താനുള്ള വക ആർക്കും നൽകാതിരിക്കാൻ നാം ശ്രദ്ധിക്കണം. നാം ‘മനഃപൂർവം പാപം ചെയ്തുകൊണ്ടിരുന്നാൽ’ അതിനു നാം അനുഭവിക്കേണ്ടിവരുന്ന പരിണതഫലങ്ങൾ ദാരുണമായിരിക്കും. (എബ്രാ. 10:26, 27) ഈ വസ്തുത, നമ്മുടെ പ്രവൃത്തികളെയും നമ്മുടെ ജീവിതം മറ്റുള്ളവർക്ക് എന്തു സന്ദേശമാണ് നൽകുന്നത് എന്നതിനെയും കുറിച്ച് പ്രാർഥനാപൂർവം വിലയിരുത്താൻ നമ്മെ പ്രേരിപ്പിക്കണം. ഈ ലോകത്തിന്റെ ധാർമികമൂല്യങ്ങൾ അധഃപതിച്ചുകൊണ്ടിരിക്കെ ആത്മാർഥഹൃദയരായ ആളുകളുടെ മുമ്പാകെ, “ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം” ഒന്നിനൊന്ന് വ്യക്തമായിക്കൊണ്ടിരിക്കും. (മലാ. 3:18) അതെ, ദൈവവുമായി ആളുകളെ നിരപ്പിലാക്കുന്നതിൽ നമ്മുടെ നല്ല ക്രിസ്തീയനടത്ത ഒരു വലിയ പങ്കു വഹിക്കുന്നു.
12-14. വിശ്വാസത്തിന്റെ പരിശോധനകളെ നാം സഹിച്ചുനിൽക്കുന്ന വിധം നമ്മുടെ ശുശ്രൂഷയോടുള്ള മറ്റുള്ളവരുടെ മനോഭാവത്തെ എങ്ങനെ സ്വാധീനിക്കും? ഉദാഹരണം പറയുക.
12 കൊരിന്തിലെ ക്രിസ്ത്യാനികൾക്കുള്ള ലേഖനത്തിൽ കഷ്ടങ്ങൾ, ബുദ്ധിമുട്ടുകൾ, തല്ല്, തടവ് എന്നിവ താൻ സഹിച്ചതായി പൗലോസ് എഴുതി. (2 കൊരിന്ത്യർ 6:4, 5 വായിക്കുക.) വിശ്വാസത്തിന്റെ പരിശോധനകൾ നേരിടുമ്പോൾ സഹിച്ചുനിൽക്കുന്നെങ്കിൽ നമ്മെ നിരീക്ഷിക്കുന്നവർ സത്യം സ്വീകരിക്കാൻ ഇടയായേക്കാം. അതിനൊരു ദൃഷ്ടാന്തം നോക്കാം: കുറച്ചു വർഷം മുമ്പ് യഹോവയുടെ സാക്ഷികളെ അംഗോളയിൽനിന്ന് ഇല്ലായ്മചെയ്യാൻ ഒരു ശ്രമം നടന്നു. നമ്മുടെ ഒരു യോഗത്തിൽ സംബന്ധിക്കുകയായിരുന്ന ഒരു സാക്ഷിദമ്പതികളെയും 30 താത്പര്യക്കാരെയും എതിരാളികൾ വളഞ്ഞു. നാട്ടുകാർ നോക്കിനിൽക്കെ അവർ നിഷ്കളങ്കരായ ആ മനുഷ്യരെ പൊതിരെത്തല്ലി, അടിയേറ്റ് അവരുടെ ശരീരത്തിൽനിന്നു രക്തമൊഴുകാൻ തുടങ്ങി. ഈ ക്രൂരതയിൽനിന്ന് സ്ത്രീകളെയും കുട്ടികളെയും പോലും അവർ ഒഴിവാക്കിയില്ല. യഹോവയുടെ സാക്ഷികളെ മേലാൽ ശ്രദ്ധിക്കാതിരിക്കാനായി നാട്ടുകാരെ ഭയപ്പെടുത്തിനിറുത്തുക എന്നതായിരുന്നു എതിരാളികളുടെ ലക്ഷ്യം. എന്നാൽ സംഭവിച്ചതോ? ഇതിനുശേഷം നാട്ടുകാരായ നിരവധിപ്പേർ യഹോവയുടെ സാക്ഷികളെ സമീപിച്ച് ബൈബിളധ്യയനം ആവശ്യപ്പെടാൻ തുടങ്ങി. തുടർന്നങ്ങോട്ട് രാജ്യപ്രസംഗവേല ധ്രുതഗതിയിൽ മുന്നോട്ടുപോയി. ശ്രദ്ധേയമായ വളർച്ചയും മറ്റ് ഒട്ടേറെ അനുഗ്രഹങ്ങളും അവർക്ക് അനുഭവിക്കാനായി.
13 ബൈബിൾതത്ത്വങ്ങൾ മുറുകെപ്പിടിക്കാൻ നാം സ്വീകരിക്കുന്ന ഉറച്ചനിലപാടു കണ്ട് ആളുകൾ സത്യം സ്വീകരിക്കാൻ ഇടയുണ്ടെന്നാണ് ഈ അനുഭവം വ്യക്തമാക്കുന്നത്. പത്രോസും മറ്റ് അപ്പൊസ്തലന്മാരും സ്വീകരിച്ച ധീരനിലപാടിന്റെ ഫലമായി പലരും ദൈവവുമായി അനുരഞ്ജനത്തിലേക്കു വന്നിരിക്കാം. (പ്രവൃ. 5:17-29) സമാനമായി, നമ്മളും ശരിയായതിനുവേണ്ടി നിലകൊള്ളുന്നതു കാണുമ്പോൾ സഹപാഠികളും സഹജോലിക്കാരും കുടുംബത്തിലെ മറ്റ് അംഗങ്ങളും അനുകൂലമനോഭാവം കാണിച്ചേക്കാം.
14 നമ്മുടെ സഹോദരന്മാരിൽ ആരെങ്കിലുമൊക്കെ എപ്പോഴും പീഡനങ്ങൾ അനുഭവിച്ചുകൊണ്ടാണിരിക്കുന്നത്. ഉദാഹരണത്തിന്, അർമേനിയയിൽ 40-ഓളം സഹോദരന്മാർ നിഷ്പക്ഷതയുടെ പേരിൽ ജയിലിലാണ്. വരും മാസങ്ങളിൽ ഇനിയും പലരെയും ജയിലിലാക്കാൻ സാധ്യതയുണ്ട്. എറിട്രിയയിൽ 55 സഹോദരീസഹോദരന്മാർ തടവിലാണ്, അവരിൽ ചിലർ 60-നുമേൽ പ്രായമുള്ളവരാണ്. ദക്ഷിണ കൊറിയയിൽ 700-ഓളം സാക്ഷികൾ വിശ്വാസത്തെപ്രതി ജയിലിലാണ്. കഴിഞ്ഞ 60 വർഷമായി ഇതാണ് അവിടത്തെ അവസ്ഥ. ഇങ്ങനെ വ്യത്യസ്തനാടുകളിൽ പീഡനം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ വിശ്വസ്തത, ദൈവത്തിന് മഹത്ത്വം കരേറ്റട്ടെ എന്നും സത്യാരാധനയിലേക്കു വരാൻ നീതിസ്നേഹികളെ പ്രചോദിപ്പിക്കട്ടെ എന്നും നമുക്ക് പ്രാർഥിക്കാം.—സങ്കീ. 76:8-10.
15. നമ്മുടെ സത്യസന്ധത ആളുകളെ സത്യത്തിലേക്ക് ആകർഷിക്കുന്നത് എങ്ങനെയെന്ന് ഉദാഹരിക്കുക.
15 ആളുകളെ സത്യത്തിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകമാണ് നമ്മുടെ സത്യസന്ധമായ ജീവിതം. (2 കൊരിന്ത്യർ 6:4, 7 വായിക്കുക.) ഈ അനുഭവം ശ്രദ്ധിക്കുക: ബസിൽ യാത്രചെയ്യവെ ഒരു സഹോദരി ടിക്കറ്റ് എടുക്കാൻ തുടങ്ങുകയായിരുന്നു. അപ്പോൾ ഒരു പരിചയക്കാരി വന്ന് ‘അൽപ്പദൂരമല്ലേയുള്ളൂ, ടിക്കറ്റൊന്നും എടുക്കേണ്ട ആവശ്യമില്ല’ എന്ന് സഹോദരിയോടു പറഞ്ഞു. എന്നാൽ, ‘അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനാണെങ്കിൽപ്പോലും ടിക്കറ്റ് എടുത്തിരിക്കണം, അങ്ങനെയാണ് വേണ്ടത്’ എന്ന് സഹോദരി മറുപടിയും പറഞ്ഞു. അതുകഴിഞ്ഞ് പരിചയക്കാരി ബസിൽനിന്ന് ഇറങ്ങി. അപ്പോൾ ബസ് ഡ്രൈവർ തിരിഞ്ഞ് സഹോദരിയോടു ചോദിച്ചു: “നിങ്ങൾ യഹോവയുടെ സാക്ഷിയാണോ?” “അതെ,” സഹോദരി പറഞ്ഞു. “എന്താണ് അങ്ങനെ ചോദിച്ചത്?” സഹോദരി അദ്ദേഹത്തോടു ചോദിച്ചു. “ടിക്കറ്റ് എടുക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ സംഭാഷണം ഞാൻ കേട്ടു. എല്ലാക്കാര്യങ്ങളിലും സത്യസന്ധത കാണിക്കുന്ന ചുരുക്കം ചില ആളുകളേയുള്ളൂ. യഹോവയുടെ സാക്ഷികൾ അങ്ങനെയുള്ളവരാണെന്ന് എനിക്കറിയാം.” ഏതാനും മാസങ്ങൾക്കു ശേഷം ഒരു യോഗസ്ഥലത്തുവെച്ച് ആ മനുഷ്യൻ സഹോദരിയുടെ അടുത്തുചെന്ന് “എന്നെ ഓർക്കുന്നുണ്ടോ?” എന്നു ചോദിച്ചു. “അന്ന് ടിക്കറ്റ് എടുക്കുന്നതിനെക്കുറിച്ചു സംസാരിച്ച ആ ബസ് ഡ്രൈവറാണ് ഞാൻ. നിങ്ങളുടെ നല്ല പെരുമാറ്റം കണ്ടപ്പോൾ ഞാൻ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു. നമ്മുടെ സത്യസന്ധത കണ്ടറിയുന്ന ആളുകൾ നമ്മുടെ സന്ദേശം വിശ്വസിക്കാനും തയ്യാറാകുന്നു.
ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന ഗുണങ്ങൾ എല്ലായ്പോഴും പ്രകടമാക്കുക
16. ദീർഘക്ഷമ, സ്നേഹം, ദയ എന്നിങ്ങനെയുള്ള ഗുണങ്ങൾ നാം പ്രകടിപ്പിക്കുമ്പോൾ അത് എന്തു നല്ല ഫലം ഉളവാക്കും? വ്യാജമതമേലാളന്മാരുടെ ചെയ്തികൾക്ക് ഒരു ഉദാഹരണം പറയുക.
16 ദീർഘക്ഷമ, സ്നേഹം, ദയ തുടങ്ങിയ ഗുണങ്ങൾ പ്രകടിപ്പിക്കുകവഴി, ആളുകളെ യഹോവയിലേക്ക് അടുപ്പിക്കുന്നതിൽ നാം ഒരു പങ്കു വഹിക്കുകയാണ്. നമ്മെ നിരീക്ഷിക്കുന്ന ചിലർക്ക് യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും അവന്റെ ജനത്തെയും കുറിച്ച് അറിയാനുള്ള ആഗ്രഹം തോന്നിയേക്കാം. ഭക്തിയുടെ ബാഹ്യപരിവേഷം എടുത്തണിഞ്ഞ് ആരാധനയെ വെറുമൊരു പ്രഹസനമാക്കിയിരിക്കുന്ന ആളുകളുടേതിൽനിന്നും തികച്ചും വ്യത്യസ്തമാണ് സത്യക്രിസ്ത്യാനികളുടെ മനോഭാവവും നടത്തയും. ചില മതനേതാക്കൾ തങ്ങളുടെ അജഗണങ്ങളെ കബളിപ്പിച്ച് സമ്പന്നരായിരിക്കുന്നു. അങ്ങനെ കുമിഞ്ഞുകൂടുന്ന പണംകൊണ്ട് അവർ മണിമാളികകളും ആഡംബരവാഹനങ്ങളും വാങ്ങിക്കൂട്ടുന്നു. അത്തരമൊരു മതനേതാവ് വീട്ടിലെ പട്ടിക്കൂടുപോലും എയർകണ്ടീഷൻ ചെയ്തത്രേ! ക്രിസ്തുവിന്റെ അനുഗാമികൾ എന്ന് അവകാശപ്പെടുന്ന പലർക്കും “സൗജന്യമായി” കൊടുക്കാനുള്ള മനസ്ഥിതി ഇല്ല. (മത്താ. 10:8) പകരം പുരാതന ഇസ്രായേലിലെ വഴിപിഴച്ച പുരോഹിതന്മാരെപ്പോലെ അവർ “കൂലി വാങ്ങി ഉപദേശിക്കുന്നു.” ഉപദേശങ്ങളാകട്ടെ മിക്കതും തിരുവെഴുത്തുവിരുദ്ധവും. (മീഖാ 3:11) അത്തരം കപടജീവിതരീതി ദൈവവുമായി അനുരഞ്ജനത്തിലാകാൻ ആരെയും സഹായിക്കില്ല.
17, 18. (എ) ജീവിതത്തിൽ നാം യഹോവയുടെ ഗുണങ്ങൾ പ്രതിഫലിപ്പിക്കുമ്പോൾ അത് അവന് എങ്ങനെ മഹത്ത്വം കൈവരുത്തും? (ബി) സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളവരായിരിക്കാൻ എന്താണ് നിങ്ങളെ പ്രചോദിപ്പിക്കുന്നത്?
17 നേരേമറിച്ച്, ശരിയായ ക്രിസ്തീയ ഉപദേശങ്ങളും അയൽക്കാർക്ക് നാം ചെയ്യുന്ന ഉപകാരങ്ങളും ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നു. ഉദാഹരണത്തിന്, ഒരു പയനിയർ സഹോദരൻ വീടുതോറും പ്രസംഗിക്കവെ, പ്രായംചെന്ന ഒരു വിധവയെ കാണാനിടയായി. സഹോദരൻ ഡോർബെൽ അടിച്ചപ്പോൾ, അവർ വന്ന് തനിക്ക് താത്പര്യമില്ലെന്നും, താൻ ഗോവണിയിൽ നിന്നുകൊണ്ട് അടുക്കളയിലെ ബൾബ് മാറ്റിയിടാൻ ശ്രമിക്കുകയായിരുന്നെന്നും പറഞ്ഞു. “അതു സൂക്ഷിച്ചുചെയ്യേണ്ട കാര്യമാണല്ലോ, ഒറ്റയ്ക്കു ചെയ്താൽ ശരിയാകുമോ?” എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം ബൾബ് മാറ്റിയിട്ടു കൊടുത്തു. പിന്നീട് ആ സ്ത്രീയുടെ മകൻ ഇക്കാര്യം അറിഞ്ഞപ്പോൾ അദ്ദേഹത്തിന് അതിൽ വളരെ മതിപ്പുതോന്നി. ആ സഹോദരനെ തിരഞ്ഞു കണ്ടുപിടിച്ച് അദ്ദേഹം നന്ദി അറിയിച്ചു. പിന്നീട് അദ്ദേഹം ഒരു ബൈബിളധ്യയനം സ്വീകരിച്ചു.
18 സത്പ്രവൃത്തികളിൽ സ്ഥിരോത്സാഹം കാണിക്കാൻ നിങ്ങൾ ഉറച്ച തീരുമാനമെടുത്തിരിക്കുന്നത് എന്തുകൊണ്ടാണ്? ശുശ്രൂഷയിലെ തീക്ഷ്ണതയും ദൈവേഷ്ടപ്രകാരമുള്ള ജീവിതവും യഹോവയെ മഹത്ത്വപ്പെടുത്തുകയും മറ്റുള്ളവരെ രക്ഷയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ തിരിച്ചറിവാകാം നമ്മുടെ ആ തീരുമാനത്തിനു കാരണം. (1 കൊരിന്ത്യർ 10:31-33 വായിക്കുക.) സുവാർത്താഘോഷണത്തിലെ തീക്ഷ്ണതയും ദൈവികമാർഗത്തിലുള്ള നമ്മുടെ ജീവിതവും ദൈവത്തോടും സഹമനുഷ്യരോടും ഉള്ള ആത്മാർഥമായ സ്നേഹത്തിൽനിന്ന് ഉടലെടുക്കുന്നതാണ്. (മത്താ. 22:37-39) സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളവരാണെങ്കിൽ ഇപ്പോൾത്തന്നെ അതിരറ്റ സന്തോഷവും സംതൃപ്തിയും അനുഭവിക്കാൻ നമുക്കാകും. അതോടൊപ്പം നമ്മുടെ സ്രഷ്ടാവായ യഹോവയെ മഹത്ത്വപ്പെടുത്തിക്കൊണ്ട് മുഴുമനുഷ്യവർഗവും സത്യാരാധനയിൽ തീക്ഷ്ണരായിരിക്കുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കുകയും ചെയ്യാം.