വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഞാൻ നിങ്ങളോടുകൂടെയുണ്ട്‌’

‘ഞാൻ നിങ്ങളോടുകൂടെയുണ്ട്‌’

‘ഞാൻ നിങ്ങളോടുകൂടെയുണ്ട്‌’

“പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.”—ദാനീ. 12:4.

ഉത്തരം പറയാമോ?

ആധുനികനാളുകളിൽ “യഥാർഥജ്ഞാനം” കണ്ടെത്തിയത്‌ എങ്ങനെ?

‘പലർ’ അഥവാ അനേകം ആളുകൾ സത്യം സ്വീകരിക്കാൻ ഇടയായത്‌ എങ്ങനെ?

“യഥാർഥജ്ഞാനം” വളർന്നിരിക്കുന്നത്‌ ഏതെല്ലാം വിധങ്ങളിൽ?

1, 2. (എ) ഇന്നും എന്നും യേശു തന്റെ പ്രജകളോടൊപ്പം ഉണ്ടായിരിക്കുമെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (ബി) തിരുവെഴുത്തുകളുടെ അവധാനപൂർവമായ പഠനം എന്തിൽ കലാശിക്കുമെന്നാണ്‌ ദാനീയേൽ 12:4-ലെ പ്രവചനം സൂചിപ്പിച്ചത്‌?

 നിങ്ങൾ ഇപ്പോൾ പറുദീസയിലാണെന്ന്‌ ഒന്നു വിഭാവന ചെയ്യുക. ക്ഷീണമില്ലാതെ, പുത്തൻ ഉണർവോടെയാണ്‌ ഓരോ പ്രഭാതത്തിലും നിങ്ങൾ എഴുന്നേൽക്കുന്നത്‌. വേദനയും ബുദ്ധിമുട്ടും ഒന്നും അനുഭവപ്പെടുന്നില്ല. നിങ്ങളെ അലട്ടിയിരുന്ന ആരോഗ്യപ്രശ്‌നങ്ങൾ പൊയ്‌പ്പോയിരിക്കുന്നു. രൂപം, ശബ്ദം, ഗന്ധം, സ്‌പർശം, സ്വാദ്‌ എന്നിവ അറിയാൻ സഹായിക്കുന്ന ഇന്ദ്രിയങ്ങളെല്ലാം നന്നായി പ്രവർത്തിക്കുന്നു. നിങ്ങൾക്ക്‌ നല്ല പ്രസരിപ്പുണ്ട്‌, ജോലിയാണെങ്കിൽ വളരെ ആസ്വാദ്യവും, സുഹൃത്തുക്കൾ ധാരാളം, ഒന്നിനെക്കുറിച്ചും ഇപ്പോൾ നിങ്ങൾക്ക്‌ ആകുലതയില്ല. ഇത്തരം അനുഗ്രഹങ്ങളാണ്‌ ദൈവരാജ്യത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്‌. അന്ന്‌, രാജാവായ യേശുക്രിസ്‌തു തന്റെ പ്രജകളുടെമേൽ അനുഗ്രഹം ചൊരിയുകയും യഹോവയെക്കുറിച്ച്‌ അവരെ പഠിപ്പിക്കുകയും ചെയ്യും.

2 ഭാവിയിൽ നടക്കാനിരിക്കുന്ന ആ ലോകവ്യാപക വിദ്യാഭ്യാസവേലയിൽ തന്റെ വിശ്വസ്‌തദാസരെ സഹായിച്ചുകൊണ്ട്‌ യഹോവ അവരോടൊപ്പം ഉണ്ടായിരിക്കും. നൂറ്റാണ്ടുകളായി യഹോവയും യേശുവും അവരോടൊപ്പം ഉണ്ടായിരുന്നിട്ടുണ്ട്‌. തന്റെ വിശ്വസ്‌തശിഷ്യന്മാരോടൊപ്പം താൻ ഉണ്ടായിരിക്കുമെന്ന്‌ സ്വർഗാരോഹണത്തിനു മുമ്പ്‌ യേശു ഉറപ്പുനൽകി. (മത്തായി 28:19, 20 വായിക്കുക.) ഇന്നേക്ക്‌ 2,500 വർഷം മുമ്പ്‌ പുരാതന ബാബിലോണിൽവെച്ചു രേഖപ്പെടുത്തിയ ദിവ്യനിശ്വസ്‌ത പ്രവചനത്തിലെ ഒരു വാചകം ഇപ്പോൾ നമുക്ക്‌ പരിശോധിക്കാം. അത്‌ യേശുവിന്റെ വാഗ്‌ദാനത്തിലുള്ള നമ്മുടെ വിശ്വാസം വർധിപ്പിക്കും. നാം ജീവിക്കുന്ന ‘അന്ത്യകാല’ത്ത്‌ നടക്കാനിരുന്ന ഒരു കാര്യത്തെക്കുറിച്ച്‌ ദാനിയേൽ ഇങ്ങനെ എഴുതി: “പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും (“യഥാർഥജ്ഞാനം വളരുകയും,” പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ) ചെയ്യും.” (ദാനീ. 12:4) ഇങ്ങനെ പരിശോധിക്കുന്നത്‌ എത്ര വലിയ അനുഗ്രഹങ്ങൾ കൈവരുത്തുമായിരുന്നു! തിരുവെഴുത്തുകൾ അവധാനപൂർവം പഠിക്കുന്നവർ ദൈവവചനത്തെക്കുറിച്ചുള്ള യഥാർഥജ്ഞാനത്താൽ അഥവാ ശരിയായ ജ്ഞാനത്താൽ അനുഗൃഹീതരാകുമായിരുന്നു. പലരും “യഥാർഥജ്ഞാനം” നേടുമെന്നും പ്രവചനം പറയുന്നു. അതേ പ്രവചനത്തിൽ, അത്തരം പരിജ്ഞാനം വളരുമെന്ന്‌, അതായത്‌ അത്‌ വ്യാപകമായി പ്രചരിക്കുകയും സുലഭമായിത്തീരുകയും ചെയ്യുമെന്ന്‌ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഈ പ്രവചനം നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന വിധം പരിശോധിക്കുമ്പോൾ, ഇന്നും യേശു തന്റെ ശിഷ്യന്മാരോടൊപ്പം ഉണ്ടെന്നും വാഗ്‌ദാനം ചെയ്‌തിട്ടുള്ളതെല്ലാം പാലിക്കാൻ യഹോവ പ്രാപ്‌തനാണെന്നും നമുക്കു ബോധ്യമാകും.

“യഥാർഥജ്ഞാനം” കണ്ടെത്തുന്നു

3. അപ്പൊസ്‌തലന്മാരുടെ മരണശേഷം ‘യഥാർഥജ്ഞാനത്തിന്‌’ എന്തു സംഭവിച്ചു?

3 അപ്പൊസ്‌തലന്മാരുടെ മരണശേഷം, മുൻകൂട്ടിപ്പറഞ്ഞ വിശ്വാസത്യാഗം സത്യക്രിസ്‌ത്യാനിത്വത്തിൽനിന്ന്‌ ഉടലെടുക്കുകയും കാട്ടുതീപോലെ പടരുകയും ചെയ്‌തു. (പ്രവൃ. 20:28-30; 2 തെസ്സ. 2:1-3) ബൈബിളിനെക്കുറിച്ച്‌ യാതൊന്നും അറിയാത്തവർക്കു മാത്രമല്ല ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെട്ടിരുന്നവർക്കുപോലും പിന്നീടുവന്ന അനേകം നൂറ്റാണ്ടുകളിൽ “യഥാർഥജ്ഞാനം” അന്യമായിരുന്നു. ക്രൈസ്‌തവ സഭാനേതാക്കൾ തിരുവെഴുത്തുകളിൽ വിശ്വസിക്കുന്നുവെന്ന്‌ അവകാശപ്പെട്ടിരുന്നെങ്കിലും ദൈവത്തെ അപകീർത്തിപ്പെടുത്തുന്ന നുണകൾ—“ഭൂതോപദേശങ്ങൾ”—ആണ്‌ പഠിപ്പിച്ചിരുന്നത്‌. (1 തിമൊ. 4:1) അതുകൊണ്ടുതന്നെ ജനങ്ങൾ പൊതുവെ ആത്മീയ അന്ധകാരത്തിലായിരുന്നു. ദൈവം ത്രിത്വമാണെന്നും ദേഹി മരിക്കില്ലെന്നും ചില ദേഹികൾ അഗ്നിനരകത്തിൽ നിത്യദണ്ഡനം അനുഭവിക്കുന്നെന്നും ഉള്ള വ്യാജപഠിപ്പിക്കലുകൾ പ്രചരിച്ചു.

4. ക്രിസ്‌ത്യാനികളുടെ ഒരു കൂട്ടം 1870-കളിൽ ‘യഥാർഥജ്ഞാനത്തിനായി’ അന്വേഷണം തുടങ്ങിയത്‌ എങ്ങനെ?

4 എന്നാൽ ശ്രദ്ധാപൂർവം ബൈബിൾ പഠിക്കാനും “യഥാർഥജ്ഞാനം” കണ്ടെത്താനും ആയി സത്യാന്വേഷികളായ ക്രിസ്‌ത്യാനികളുടെ ഒരു ചെറിയ കൂട്ടം 1870-കളിൽ, അതായത്‌ ‘അന്ത്യകാലം’ ആരംഭിക്കുന്നതിന്‌ ഏകദേശം നാലുദശാബ്ദം മുമ്പ്‌ യു.എസ്‌.എ.-യിലെ പെൻസിൽവേനിയയിൽ കൂടിവന്നു. (2 തിമൊ. 3:1) ബൈബിൾവിദ്യാർഥികൾ എന്നാണ്‌ അവർ അറിയപ്പെട്ടിരുന്നത്‌. യേശു പറഞ്ഞ, ‘ജ്ഞാനികളുടെയും ബുദ്ധിശാലികളുടെയും’ ഗണത്തിൽപ്പെട്ടവരായിരുന്നില്ല അവർ; അതുകൊണ്ടുതന്നെ അവരിൽനിന്ന്‌ ജ്ഞാനം മറയ്‌ക്കപ്പെട്ടിരുന്നില്ല. (മത്താ. 11:25) ദൈവത്തിന്റെ ഹിതം ചെയ്യാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്ന താഴ്‌മയുള്ള ആളുകളായിരുന്നു അവർ. ശ്രദ്ധയോടെ, പ്രാർഥനാപൂർവം അവർ ബൈബിൾ വായിക്കുകയും അതേക്കുറിച്ച്‌ ചർച്ച ചെയ്യുകയും ധ്യാനിക്കുകയും ചെയ്‌തുപോന്നു. കൂടാതെ, അവർ പല ബൈബിൾഭാഗങ്ങൾ ഒത്തുനോക്കുകയും ബൈബിൾസത്യം കണ്ടെത്താനായി പരിശ്രമിച്ചിരുന്ന മറ്റുള്ളവരുടെ ലേഖനങ്ങൾ പരിശോധിച്ചു നോക്കുകയും ചെയ്‌തു. അങ്ങനെ, നൂറ്റാണ്ടുകളായി മറഞ്ഞുകിടന്നിരുന്ന സത്യം ഗ്രഹിക്കാൻ ക്രമേണ ഈ ബൈബിൾവിദ്യാർഥികൾക്ക്‌ സാധിച്ചു.

5. പുരാതന ദൈവശാസ്‌ത്രം എന്ന പേരിൽ പുറത്തിറക്കിയ ലഘുലേഖകളുടെ ഉദ്ദേശ്യം എന്തായിരുന്നു?

5 തങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ ഈ ബൈബിൾവിദ്യാർഥികളെ ആവേശഭരിതരാക്കിയെങ്കിലും അത്‌ അവരെ നിഗളികളാക്കിയില്ല. ഈ സത്യങ്ങൾ ബൈബിളിൽ എക്കാലവും ഉണ്ടായിരുന്നെന്ന്‌ അറിയാമായിരുന്നതിനാൽ, പുതുതായി എന്തെങ്കിലും കണ്ടെത്തിയതായി അവർ അവകാശപ്പെട്ടുമില്ല. (1 കൊരി. 8:1) പകരം, പുരാതന ദൈവശാസ്‌ത്രം (ഇംഗ്ലീഷ്‌) എന്ന പേരിൽ ലഘുലേഖകളുടെ ഒരു പരമ്പര അവർ പ്രസിദ്ധീകരിച്ചു. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്തുസത്യങ്ങൾ വായനക്കാർക്കു പരിചയപ്പെടുത്താനായിരുന്നു അത്‌. ആ പരമ്പരയിൽ ഒന്നാമത്തേത്‌, “ബൈബിൾപഠനത്തിനു വേണ്ട കൂടുതൽ വിവരങ്ങൾ” നൽകി. “മനുഷ്യന്റെ വ്യാജപാരമ്പര്യങ്ങളെല്ലാം ഉപേക്ഷിച്ച്‌ നമ്മുടെ കർത്താവും അപ്പൊസ്‌തലന്മാരും നൽകിയ പുരാതന ദൈവശാസ്‌ത്രത്തെ അതേപടി പുനരുദ്ധരിക്കുക” എന്നതായിരുന്നു അതിന്റെ ലക്ഷ്യം.—പുരാതന ദൈവശാസ്‌ത്രം, നമ്പർ 1, 1889 ഏപ്രിൽ, പേ. 32.

6, 7. (എ) ഏതൊക്കെ സത്യങ്ങളാണ്‌ 1870-കൾ മുതൽ നമുക്ക്‌ ഗ്രഹിക്കാനായിരിക്കുന്നത്‌? (ബി) ഏതു സത്യങ്ങൾ മനസ്സിലാക്കിയപ്പോഴാണ്‌ നിങ്ങൾ ഏറെ സന്തോഷിച്ചത്‌?

6 നൂറുവർഷത്തിനു മുമ്പുള്ള ആ എളിയ തുടക്കത്തിനു ശേഷം എത്രയെത്ര അമൂല്യസത്യങ്ങളാണ്‌ കണ്ടെത്തിയിരിക്കുന്നത്‌! a വേദശാസ്‌ത്രജ്ഞർ ചർച്ച ചെയ്യുന്നതുപോലുള്ള വിരസമായ, അപ്രായോഗിക വിഷയങ്ങളല്ല അവ; പകരം, നമുക്ക്‌ സന്തോഷവും പ്രത്യാശയും നൽകുന്ന, നമ്മുടെ ജീവിതത്തിന്‌ അർഥം പകരുന്ന, സ്വാതന്ത്ര്യമേകുന്ന, ആവേശജനകമായ സത്യങ്ങളാണ്‌. യഹോവയെ, അവന്റെ സ്‌നേഹനിർഭരമായ വ്യക്തിത്വവും അവന്റെ ഉദ്ദേശ്യങ്ങളും സഹിതം അടുത്തറിയാൻ അവ നമ്മെ സഹായിക്കുന്നു. യേശു ആരാണ്‌, അവൻ ഭൂമിയിൽ വന്നതും മരിച്ചതും എന്തിനാണ്‌, അവൻ ഇപ്പോൾ എന്തു ചെയ്യുന്നു എന്നീ ചോദ്യങ്ങൾക്കും അവ ഉത്തരം നൽകുന്നുണ്ട്‌. ദൈവം ദുഷ്ടത അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌, നാം മരിക്കുന്നതിന്റെ കാരണം എന്താണ്‌, പ്രാർഥിക്കേണ്ടത്‌ എങ്ങനെയാണ്‌, സന്തുഷ്ടരായിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും എന്നും അവ വിശദീകരിക്കുന്നു.

7 യുഗങ്ങളായി ‘അടഞ്ഞിരുന്നതും’ എന്നാൽ ഈ അന്ത്യകാലത്ത്‌ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നതും ആയ പ്രവചനങ്ങളുടെ അർഥം ഇപ്പോൾ നമുക്ക്‌ ഗ്രഹിക്കാനായിരിക്കുന്നു. (ദാനീ. 12:9) തിരുവെഴുത്തുകളിലുടനീളം കാണുന്ന, പ്രത്യേകിച്ച്‌ സുവിശേഷങ്ങളിലും വെളിപാടുപുസ്‌തകത്തിലും കാണുന്ന പ്രവചനങ്ങൾ അതിൽപ്പെടും. മാനുഷനേത്രങ്ങൾക്ക്‌ അദൃശ്യമായ സംഭവങ്ങളെക്കുറിച്ചുപോലും മനസ്സിലാക്കാൻ യഹോവ നമ്മെ സഹായിച്ചിരിക്കുന്നു. അവയിൽ ചിലതാണ്‌ യേശുവിന്റെ സ്ഥാനാരോഹണവും സ്വർഗത്തിൽ നടന്ന യുദ്ധവും സാത്താനെ ഭൂമിയിലേക്ക്‌ എറിഞ്ഞുകളഞ്ഞതും ഒക്കെ. (വെളി. 12:7-12) നമ്മുടെ കണ്ണുകൾക്ക്‌ ദൃശ്യമായ കാര്യങ്ങളുടെ അർഥവും യഹോവ പറഞ്ഞുതന്നിട്ടുണ്ട്‌. അതുകൊണ്ടുതന്നെ, യുദ്ധങ്ങളും ഭൂകമ്പങ്ങളും മഹാവ്യാധികളും ഭക്ഷ്യക്ഷാമങ്ങളും എന്തുകൊണ്ടാണ്‌ സംഭവിക്കുന്നതെന്നും ദൈവഭക്തിയില്ലാത്ത ആളുകൾ ഈ കാലം ‘വിശേഷാൽ ദുഷ്‌കരമായ സമയമാക്കുന്ന’ തരം പ്രവൃത്തികൾ ചെയ്യുന്നത്‌ എന്തുകൊണ്ടെന്നും നമുക്ക്‌ ഇപ്പോൾ അറിയാം.—2 തിമൊ. 3:1-5; ലൂക്കോ. 21:10, 11.

8. നാം കാണാനും കേൾക്കാനും ഇടയായിരിക്കുന്ന കാര്യങ്ങൾക്ക്‌ നാം ആരോടാണ്‌ കടപ്പെട്ടിരിക്കുന്നത്‌?

8 യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞ പിൻവരുന്ന വാക്കുകൾ നമ്മുടെ കാര്യത്തിൽ സത്യമായിരിക്കുന്നു: “നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണുന്ന കണ്ണുകൾ അനുഗ്രഹിക്കപ്പെട്ടവ; എന്തെന്നാൽ അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നതു കാണാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു കേൾക്കാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല.” (ലൂക്കോ. 10:23, 24) ഇത്തരം കാര്യങ്ങൾ കാണാനും കേൾക്കാനും നമുക്ക്‌ അവസരം നൽകിയത്‌ യഹോവയാംദൈവമാണ്‌. യേശുവിന്റെ അനുഗാമികളെ “സത്യത്തിന്റെ പൂർണതയിലേക്കു” നയിക്കാൻ വേണ്ടി അവൻ പരിശുദ്ധാത്മാവ്‌ എന്ന ‘സഹായകനെ’ നൽകിയിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌! (യോഹന്നാൻ 16:7, 13 വായിക്കുക.) ‘യഥാർഥജ്ഞാനത്തെ’ എല്ലായ്‌പോഴും നമുക്ക്‌ വിലയേറിയതായി കരുതാം. ഒപ്പം, അതു മനസ്സിലാക്കാൻ മറ്റുള്ളവരെ നമുക്കു നിസ്സ്വാർഥം സഹായിക്കാം.

“പലരും” “യഥാർഥജ്ഞാനം” നേടുന്നു

9. ഈ മാസികയുടെ 1881 ഏപ്രിൽ ലക്കം ഏത്‌ ആഹ്വാനം നൽകി?

9 വീക്ഷാഗോപുരത്തിന്റെ ആദ്യത്തെ ലക്കം പുറത്തിറങ്ങി രണ്ടുവർഷം തികയുന്നതിനു മുമ്പ്‌ 1881 ഏപ്രിലിൽ, പ്രസംഗവേലയ്‌ക്കായി 1,000 പേരെ ആവശ്യമുണ്ടെന്ന്‌ ഈ മാസിക അറിയിച്ചു. ആ ലേഖനത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “കർത്താവിന്റെ വേലയിൽ തങ്ങളുടെ സമയത്തിന്റെ പകുതിയോളമോ അതിലധികമോ അർപ്പിക്കാൻ കഴിയുന്നവർക്കായി ഒരു നിർദേശം നൽകാനുണ്ട്‌. . . . അത്‌ ഇതാണ്‌: സുവിശേഷഘോഷകരായ കോൽപോർട്ടർമാരായി നിങ്ങളുടെ സാഹചര്യമനുസരിച്ച്‌ ചെറുതോ വലുതോ ആയ പട്ടണങ്ങളിലേക്ക്‌ പോകുക. ആത്മാർഥരായ ക്രിസ്‌ത്യാനികളെ പോകുന്നിടത്തെല്ലാം കണ്ടെത്താൻ ശ്രമിക്കുക; പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെക്കുറിച്ച്‌ തീക്ഷ്‌ണതയുള്ളവരെ നിങ്ങൾ കണ്ടുമുട്ടിയേക്കാം. നമ്മുടെ പിതാവിന്റെ സമൃദ്ധമായ കൃപാധനത്തെയും അവന്റെ വചനത്തിന്റെ മനോഹാരിതയെയും കുറിച്ച്‌ അവരെ അറിയിക്കുക.”

10. മുഴുസമയ സുവാർത്താഘോഷകർക്കായുള്ള ആഹ്വാനത്തോട്‌ ആളുകൾ എങ്ങനെ പ്രതികരിച്ചു?

10 സത്യക്രിസ്‌ത്യാനികൾ അവശ്യം ചെയ്യേണ്ട ഒരു വേലയാണ്‌ സുവാർത്താഘോഷണം എന്ന കാര്യം ബൈബിൾവിദ്യാർഥികൾ തിരിച്ചറിഞ്ഞിരുന്നെന്ന്‌ ഈ ആഹ്വാനം തെളിയിക്കുന്നു. 1,000 മുഴുസമയ സുവാർത്താഘോഷകരെ ആവശ്യമുണ്ട്‌ എന്ന ആഹ്വാനം പ്രതീക്ഷയുടെ പുറത്ത്‌ നൽകിയ ഒന്നായിരുന്നു; കാരണം, ആ സമയത്ത്‌ യോഗങ്ങൾക്ക്‌ താരതമ്യേന കുറച്ചുപേർ മാത്രമേ ഹാജരായിരുന്നുള്ളൂ. എന്നാൽ മാസികയും ലഘുലേഖയും ഒക്കെ വായിച്ച പലരും സത്യം തിരിച്ചറിയുകയും ഈ ആഹ്വാനത്തോടു സത്വരം പ്രതികരിക്കുകയും ചെയ്‌തു. ഉദാഹരണത്തിന്‌, വീക്ഷാഗോപുരത്തിന്റെ ഒരു ലക്കവും ബൈബിൾവിദ്യാർഥികൾ പ്രസിദ്ധീകരിച്ച ഒരു ചെറുപുസ്‌തകവും വായിച്ച ലണ്ടനിലുള്ള (ഇംഗ്ലണ്ട്‌) ഒരു വ്യക്തി 1882-ൽ ഇങ്ങനെ എഴുതി: “ഈ അനുഗൃഹീതവേല നടന്നുകാണാൻ ദൈവം ആഗ്രഹിക്കുന്നതിനാൽ എന്ത്‌ പ്രസംഗിക്കണമെന്നും എങ്ങനെ പ്രസംഗിക്കണമെന്നും ദയവായി എനിക്ക്‌ പറഞ്ഞുതരണം.”

11, 12. (എ) കോൽപോർട്ടർമാരുടെയും നമ്മുടെയും ലക്ഷ്യങ്ങൾ തമ്മിൽ എന്തു സമാനതയുണ്ട്‌? (ബി) കോൽപോർട്ടർമാർ “ക്ലാസ്സുകൾ” അഥവാ സഭകൾ സ്ഥാപിച്ചത്‌ എങ്ങനെ?

11 ഏതാണ്ട്‌ 300 ബൈബിൾവിദ്യാർഥികൾ, 1885 ആയപ്പോഴേക്കും കോൽപോർട്ടർമാരായി സേവിക്കുന്നുണ്ടായിരുന്നു. ക്രിസ്‌തുശിഷ്യരെ ഉളവാക്കുക എന്നതായിരുന്നു നമ്മെപ്പോലെ ആ മുഴുസമയ ശുശ്രൂഷകരുടെയും ലക്ഷ്യം. എന്നാൽ അവർ അവലംബിച്ച മാർഗം വ്യത്യസ്‌തമായിരുന്നു. വ്യക്തിപരമായി ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ട്‌ ഓരോരുത്തർക്കും വേണ്ട നിർദേശങ്ങൾ നൽകുന്നതാണല്ലോ ഇന്ന്‌ നമ്മുടെ രീതി. തുടർന്ന്‌, നിലവിലുള്ള ഒരു സഭയുമൊത്ത്‌ സഹവസിക്കാൻ നാം ആ വിദ്യാർഥിയെ ക്ഷണിക്കും. എന്നാൽ അന്ന്‌ അങ്ങനെയായിരുന്നില്ല. പുസ്‌തകങ്ങൾ സമർപ്പിച്ചതിനു ശേഷം, ഒന്നിച്ചുകൂടി ബൈബിൾ പഠിക്കാൻ കോൽപോർട്ടർമാർ താത്‌പര്യക്കാരെയെല്ലാം ക്ഷണിക്കും. ഓരോ വ്യക്തിക്കും അധ്യയനം എടുക്കുന്നതിനു പകരം “ക്ലാസ്സുകൾ” അഥവാ സഭകൾ സ്ഥാപിക്കുകയായിരുന്നു അവരുടെ രീതി.

12 ഉദാഹരണത്തിന്‌ 1907-ൽ, ഒരു സംഘം കോൽപോർട്ടർമാർ സഹസ്രാബ്ദോദയം (വേദാദ്ധ്യയനങ്ങൾ) എന്ന പുസ്‌തകത്തിന്റെ പ്രതികൾ കൈവശമുള്ളവരെ കണ്ടെത്താനായി ഒരു നഗരത്തിൽ അന്വേഷണം നടത്തി. അതേക്കുറിച്ച്‌ വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “എല്ലാവരെയും (താത്‌പര്യക്കാരെ) അവരിലൊരാളുടെ വീട്ടിൽ വിളിച്ചുകൂട്ടി. ഒരു ഞായറാഴ്‌ച മുഴുവൻ കോൽപോർട്ടർ അവരോട്‌ യുഗങ്ങളുടെ ദൈവിക നിർണയത്തെക്കുറിച്ച്‌ സംസാരിച്ചു. ക്രമമായി യോഗങ്ങൾ നടത്താൻ അടുത്ത ഞായറാഴ്‌ച അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.” പിന്നീട്‌ 1911-ൽ സഹോദരങ്ങൾ ഈ രീതിക്ക്‌ ചില ഭേദഗതികൾ വരുത്തി. പ്രത്യേകം നിയോഗിച്ച 58 സഹോദരന്മാർ ഐക്യനാടുകളിലും കാനഡയിലും അങ്ങോളമിങ്ങോളം സഞ്ചരിച്ച്‌ പരസ്യപ്രസംഗങ്ങൾ നടത്തുകയുണ്ടായി. ശ്രോതാക്കളുടെ കൂട്ടത്തിൽനിന്ന്‌ താത്‌പര്യക്കാരുടെ പേരും വിലാസവും ഈ സഹോദരങ്ങൾ ശേഖരിച്ചു. ഇവർക്ക്‌ വീടുകളിൽ കൂടിവരാൻ വേണ്ട ക്രമീകരണങ്ങളും അവർ ചെയ്‌തു. അങ്ങനെ പുതിയ “ക്ലാസ്സുകൾ” രൂപീകൃതമായി. 1914 ആയപ്പോഴേക്കും ലോകമെമ്പാടും ബൈബിൾവിദ്യാർഥികളുടെ 1,200 സഭകളുണ്ടായിരുന്നു.

13. ഇന്ന്‌ യഥാർഥജ്ഞാനത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട ഏതു കാര്യമാണ്‌ നിങ്ങളിൽ മതിപ്പുളവാക്കുന്നത്‌?

13 ഇന്ന്‌, ലോകമെമ്പാടുമായി ഏതാണ്ട്‌ 1,09,400 സഭകളുണ്ട്‌. ഏതാണ്ട്‌ 8,95,800 സഹോദരീസഹോദരന്മാർ പയനിയർമാരായും സേവിക്കുന്നു. “യഥാർഥജ്ഞാനം” സ്വീകരിച്ച്‌ അതു ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവരുടെ എണ്ണം ഏകദേശം 80 ലക്ഷം വരും. (യെശയ്യാവു 60:22 വായിക്കുക.) b ഈ വർധന ശ്രദ്ധേയമാണ്‌. കാരണം, തന്റെ നാമത്തെപ്രതി തന്റെ ശിഷ്യന്മാരെ ‘സകലരും ദ്വേഷിക്കും’ എന്ന്‌ യേശു പറഞ്ഞിരുന്നു. അവർ തന്റെ അനുഗാമികളെ ഉപദ്രവിക്കുമെന്നും തടവിലാക്കുമെന്നും കൊല്ലുമെന്നും യേശു കൂട്ടിച്ചേർത്തു. (ലൂക്കോ. 21:12-17) സാത്താന്റെയും ഭൂതങ്ങളുടെയും മറ്റു മനുഷ്യരുടെയും എതിർപ്പുകളുണ്ടായിട്ടും ശിഷ്യരെ ഉളവാക്കാനുള്ള നിയമനം നിർവഹിക്കുന്നതിൽ യഹോവയുടെ ജനം കൈവരിച്ചിരിക്കുന്ന വിജയം എടുത്തുപറയേണ്ടതാണ്‌. ഇന്ന്‌, കൊടുംചൂടും അതിശൈത്യവും വകവെക്കാതെ വനങ്ങളിലും പർവതങ്ങളിലും മരുഭൂമികളിലും നഗരങ്ങളിലും വിദൂരഗ്രാമങ്ങളിലും പ്രവർത്തിച്ചുകൊണ്ട്‌ അവർ “ഭൂലോകത്തിലെങ്ങും” സുവിശേഷം ഘോഷിക്കുന്നു. (മത്താ. 24:14) യഹോവയുടെ പിന്തുണയില്ലാതെ ഇത്‌ ഒരിക്കലും സാധ്യമാകില്ലായിരുന്നു.

“യഥാർഥജ്ഞാനം” ‘വളരുന്നു’

14. അച്ചടിച്ച താളുകളിലൂടെ “യഥാർഥജ്ഞാനം” പ്രചാരം നേടിയിരിക്കുന്നത്‌ എങ്ങനെ?

14 സുവാർത്ത പ്രസംഗിക്കുന്ന അനേകരിലൂടെ “യഥാർഥജ്ഞാനം” വളർന്നിരിക്കുന്നു. അതിന്റെ വ്യാപനത്തിൽ അച്ചടിച്ച താളുകൾക്കും പങ്കുണ്ട്‌. 1879 ജൂലൈയിൽ ബൈബിൾവിദ്യാർഥികൾ സീയോന്റെ വീക്ഷാഗോപുരവും ക്രിസ്‌തുസാന്നിദ്ധ്യ ഘോഷകനും എന്ന പേരിൽ ഈ മാസികയുടെ ആദ്യത്തെ ലക്കം പ്രസിദ്ധീകരിച്ചു. പുറത്തുള്ള ഒരു പ്രസ്സിലായിരുന്നു അച്ചടി; ഇംഗ്ലീഷ്‌ ഭാഷയിൽ ഏകദേശം 6,000 പ്രതികളാണ്‌ അന്ന്‌ അച്ചടിച്ചത്‌. 27 വയസ്സുള്ള ചാൾസ്‌ റ്റെയ്‌സ്‌ റസ്സലിനെ പത്രാധിപരായി തിരഞ്ഞെടുത്തു. പക്വമതികളായ മറ്റ്‌ അഞ്ച്‌ ബൈബിൾവിദ്യാർഥികൾ ഇതിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതിയിരുന്നു. ഇപ്പോൾ വീക്ഷാഗോപുരം 195 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഭൂമിയിൽ ഏറ്റവും അധികം വിതരണം ചെയ്യപ്പെടുന്ന ഈ മാസികയുടെ 4,21,82,000 പ്രതികളാണ്‌ ഓരോ ലക്കവും അച്ചടിക്കുന്നത്‌. രണ്ടാം സ്ഥാനത്തുള്ളത്‌ അതിന്റെ കൂട്ടുമാസികയായ ഉണരുക!യാണ്‌. ഈ മാസിക 84 ഭാഷകളിലായി 4,10,42,000 പ്രതികൾ അച്ചടിക്കുന്നു. ഇതു കൂടാതെ ഓരോ വർഷവും 10 കോടി ബൈബിളുകളും പുസ്‌തകങ്ങളും അച്ചടിക്കുന്നുണ്ട്‌.

15. നമ്മുടെ അച്ചടിച്ചെലവുകൾ നിർവഹിക്കപ്പെടുന്നത്‌ എങ്ങനെ?

15 സ്വമേധാസംഭാവനകളാലാണ്‌ അതിബൃഹത്തായ ഈ വേല നടക്കുന്നത്‌. (മത്തായി 10:8 വായിക്കുക.) അച്ചടിയന്ത്രങ്ങൾ, പേപ്പർ, മഷി, മറ്റു സാമഗ്രികൾ എന്നിവയ്‌ക്കു വേണ്ടിവരുന്ന ചെലവുകളെക്കുറിച്ച്‌ അറിയാവുന്നതിനാൽ, അച്ചടിമേഖലയിലുള്ളവർക്ക്‌ ഇതൊരു അത്ഭുതമാണ്‌. ലോകവ്യാപകമായുള്ള ബെഥേൽ-അച്ചടിശാലകൾക്കുവേണ്ടി സാധനങ്ങൾ വാങ്ങുന്ന ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഇത്രയധികം സാങ്കേതികമേന്മയും ഉത്‌പാദനക്ഷമതയും ഉള്ള നമ്മുടെ അച്ചടിയന്ത്രങ്ങൾ വാങ്ങി പ്രവർത്തിപ്പിക്കുന്നത്‌ സ്വമേധാസംഭാവനകളാലാണെന്ന വസ്‌തുത ഇവിടങ്ങൾ സന്ദർശിക്കുന്ന ബിസിനെസ്സ്‌ മേഖലയിലുള്ള ആളുകൾക്ക്‌ അവിശ്വസനീയമായി തോന്നുന്നു. ഇവിടെ സന്തോഷത്തോടെ വേല ചെയ്യുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്ന വസ്‌തുതയും അവരെ അതിശയിപ്പിക്കുന്നു.”

ദൈവപരിജ്ഞാനം ഭൂമിയിൽ നിറയും

16. “യഥാർഥജ്ഞാനം” പ്രസിദ്ധമാക്കിയിരിക്കുന്നതിന്റെ ഉദ്ദേശ്യം എന്ത്‌?

16 ‘യഥാർഥജ്ഞാനത്തിന്റെ’ വ്യാപനം ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ ഒരു പങ്കുവഹിച്ചിരിക്കുന്നു. “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നു”മാണ്‌ ദൈവഹിതം. (1 തിമൊ. 2:3, 4) തന്റെ ആരാധകർ ശരിയായ രീതിയിൽ തന്നെ ആരാധിക്കുന്നതിനും അങ്ങനെ തന്റെ അനുഗ്രഹം നേടുന്നതിനും വേണ്ടി അവർ സത്യം അറിയണമെന്ന്‌ യഹോവ ആഗ്രഹിക്കുന്നു. പ്രസംഗവേലയിലൂടെ “യഥാർഥജ്ഞാനം” പ്രസിദ്ധമാക്കിക്കൊണ്ട്‌ യഹോവ വിശ്വസ്‌തരായ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ശേഷിപ്പിനെ കൂട്ടിച്ചേർത്തിരിക്കുന്നു. “സകല ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളവരായി” ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ‘ഒരു മഹാപുരുഷാരത്തെയും’ ദൈവം കൂട്ടിച്ചേർക്കുകയാണ്‌.—വെളി. 7:9.

17. സത്യാരാധനയ്‌ക്കുണ്ടായ വളർച്ച എന്തു സൂചിപ്പിക്കുന്നു?

17 കഴിഞ്ഞ 130 വർഷംകൊണ്ട്‌ സത്യാരാധനയ്‌ക്കുണ്ടായ വളർച്ച, ദൈവവും അവന്റെ നിയമിതരാജാവായ യേശുക്രിസ്‌തുവും ദൈവത്തിന്റെ ഭൗമികദാസരെ നയിക്കുകയും സംരക്ഷിക്കുകയും സംഘടിപ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ അവരോടൊപ്പം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്‌. സത്യാരാധനയുടെ ഈ വളർച്ച, ഭാവിയെക്കുറിച്ചുള്ള യഹോവയുടെ വാഗ്‌ദാനങ്ങൾ നിവൃത്തിയേറും എന്ന വസ്‌തുതയ്‌ക്കും അടിവരയിടുന്നു. “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണ”മാകും. (യെശ. 11:9) എത്ര മഹത്തായ അനുഗ്രഹങ്ങളായിരിക്കും മനുഷ്യവർഗം അപ്പോൾ ആസ്വദിക്കുക!

[അടിക്കുറിപ്പുകൾ]

a യഹോവയുടെ സാക്ഷികൾ—വിശ്വാസം പ്രവൃത്തിയിൽ, ഭാഗം 1: അന്ധകാരത്തിൽനിന്നു വെളിച്ചത്തിലേക്ക്‌, യഹോവയുടെ സാക്ഷികൾ—വിശ്വാസം പ്രവൃത്തിയിൽ, ഭാഗം 2: വെളിച്ചം പ്രകാശിക്കട്ടെ എന്നീ ഇംഗ്ലീഷ്‌ ഡിവിഡി-കളിൽനിന്ന്‌ കൂടുതൽ വിവരങ്ങൾ ലഭിക്കും.

[അധ്യയന ചോദ്യങ്ങൾ]

[6-ാം പേജിലെ ചിത്രം]

ദൈവഹിതം ചെയ്യാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്ന താഴ്‌മയുള്ള ആളുകളായിരുന്നു ബൈബിൾവിദ്യാർഥികൾ

[7-ാം പേജിലെ ചിത്രം]

ദൈവത്തെക്കുറിച്ചുള്ള “യഥാർഥജ്ഞാനം” പ്രസിദ്ധമാക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ വിലമതിക്കുന്നു