ആത്മീയമായി പുരോഗമിക്കുക, പൗലൊസിനെ അനുകരിച്ചുകൊണ്ട്
ആത്മീയമായി പുരോഗമിക്കുക, പൗലൊസിനെ അനുകരിച്ചുകൊണ്ട്
“ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.”—2 തിമൊ. 4:7.
1, 2. തർസൊസിലെ ശൗലിന്റെ ജീവിതത്തിൽ എന്തു പരിവർത്തനമുണ്ടായി, തുടർന്ന് അവൻ ഏതു നിർണായക വേല ഏറ്റെടുത്തു?
ബുദ്ധിസാമർഥ്യവും തീരുമാനശേഷിയും ഉള്ളവനായിരുന്നെങ്കിലും “ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായ” വിധത്തിലായിരുന്നു അവന്റെ പ്രവർത്തനങ്ങൾ. (എഫെ. 2:3) താൻ “ദൂഷകനും ഉപദ്രവിയും നിഷ്ഠുരനും ആയിരുന്നു” എന്നുപോലും പിന്നീടൊരിക്കൽ അവൻ പറയുകയുണ്ടായി.—1 തിമൊ. 1:13.
2 കാലക്രമത്തിൽ, തർസൊസിലെ ശൗലിന്റെ ജീവിതം സമൂലമായ പരിവർത്തനത്തിനു വിധേയമായി. മുൻകാല ജീവിതത്തോടു വിടപറഞ്ഞ അവൻ സ്വന്തഗുണത്തിനു പകരം മറ്റുള്ളവരുടെ പ്രയോജനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു. (1 കൊരി. 10:33) മുമ്പു തന്റെ വിദ്വേഷത്തിനു പാത്രമായിരുന്നവരോട് അവൻ ആർദ്രതയും വാത്സല്യവും പ്രകടമാക്കി. (1 തെസ്സലൊനീക്യർ 2:7, 8 വായിക്കുക.) ‘സുവിശേഷത്തിനു ഞാൻ ശുശ്രൂഷക്കാരനായിത്തീർന്നു. സകലവിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാൻ ഈ കൃപ നല്കിയിരിക്കുന്നു,’ അവൻ എഴുതി.—എഫെ. 3:7-9.
3. പൗലൊസിന്റെ ലേഖനങ്ങളും ശുശ്രൂഷാചരിത്രവും പഠിക്കുന്നത് ഏതുവിധത്തിൽ നമുക്കു പ്രയോജനംചെയ്യും?
3 പിന്നീട് പൗലൊസ് എന്നറിയപ്പെട്ട ശൗലിന്റെ ജീവിതത്തിലുണ്ടായ ആത്മീയപുരോഗതി ശ്രദ്ധേയമായിരുന്നു. (പ്രവൃ. 13:9) പൗലൊസിന്റെ ലേഖനങ്ങളും ശുശ്രൂഷാചരിത്രവും പഠിച്ചുകൊണ്ട് അവന്റെ വിശ്വാസം അനുകരിക്കുന്നതാണ് സത്യത്തിൽ ചുവടുറപ്പിക്കാനുള്ള ഒരു സുനിശ്ചിത മാർഗം. (1 കൊരിന്ത്യർ 11:1; എബ്രായർ 13:7 വായിക്കുക.) അപ്രകാരം ചെയ്യുന്നത് നല്ല പഠനശീലവും ആളുകളോട് ആത്മാർഥ സ്നേഹവും നട്ടുവളർത്താനും നമ്മെക്കുറിച്ചുതന്നെ സമനിലയുള്ള ഒരു വീക്ഷണം വെച്ചുപുലർത്താനും ശക്തമായ പ്രചോദനം നൽകുന്നത് എങ്ങനെയെന്നു നോക്കാം.
വ്യക്തിഗത പഠനത്തിന്റെ മികച്ച മാതൃക
4, 5. വ്യക്തിപരമായ പഠനം പൗലൊസിനു പ്രയോജനംചെയ്തത് എങ്ങനെ?
4 “ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ച” പരീശൻ എന്നനിലയിൽ പൗലൊസിന് തിരുവെഴുത്തു സംബന്ധമായി കുറെയൊക്കെ അറിവുണ്ടായിരുന്നു. (പ്രവൃ. 22:1-3; ഫിലി. 3:4-6) സ്നാനത്തെത്തുടർന്ന് ഉടൻതന്നെ അവൻ ധ്യാനത്തിനു യോജിച്ച ഒരു സ്ഥലംതേടി ‘അറബിയിലേക്ക് [സിറിയൻ മരുഭൂമിയിലേക്കോ അറേബ്യൻ ഉപദ്വീപിലേക്കോ] പോയി.’ (ഗലാ. 1:17) യേശുവാണു മിശിഹാ എന്നു തെളിയിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ചു ധ്യാനിക്കാൻ അവൻ ആഗ്രഹിച്ചിരിക്കാം. തനിക്കുമുമ്പാകെയുള്ള വേലയ്ക്കായി തയ്യാറെടുക്കുകയുമായിരുന്നു അതിലൂടെ അവൻ. (പ്രവൃത്തികൾ 9:15, 16, 20, 22 വായിക്കുക.) ആത്മീയകാര്യങ്ങളെക്കുറിച്ചു വിചിന്തനംചെയ്യാൻ അവൻ ആ സമയം വിനിയോഗിച്ചു.
5 വ്യക്തിപരമായ പഠനത്തിലൂടെ ആർജിച്ച തിരുവെഴുത്തു പരിജ്ഞാനവും ഉൾക്കാഴ്ചയും ഫലപ്രദമായി മറ്റുള്ളവരെ സത്യം പഠിപ്പിക്കാൻ പൗലൊസിനെ പ്രാപ്തനാക്കി. ഉദാഹരണത്തിന്, യേശുവാണു മിശിഹായെന്നു തെളിയിക്കാൻ പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിലുള്ള സിനഗോഗിൽവെച്ച് അവൻ എബ്രായ തിരുവെഴുത്തുകളിൽനിന്ന് അഞ്ചു ഭാഗങ്ങളെങ്കിലും നേരിട്ട് ഉദ്ധരിച്ചു. മറ്റുപല ഭാഗങ്ങൾ അവൻ പരാമർശിക്കുകയും ചെയ്തു. കൂടുതൽ പഠിക്കാനായി “യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൌലൊസിനെയും ബർന്നബാസിനെയും അനുഗമിച്ചു”—അത്രയ്ക്കും ശക്തമായിരുന്നു അവന്റെ വാദഗതികൾ. (പ്രവൃ. 13:14-44) വർഷങ്ങൾക്കുശേഷം തന്നെ സന്ദർശിക്കാൻ റോമിൽനിന്നെത്തിയ ഒരു കൂട്ടം യഹൂദന്മാരോട് “അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു . . . വിവരിച്ചു.”—പ്രവൃ. 28:17, 22, 23.
6. പരിശോധനയിന്മധ്യേയും ആത്മീയമായി ശക്തനായി നിലകൊള്ളാൻ പൗലൊസിനെ എന്തു സഹായിച്ചു?
6 പരിശോധനയുടെ നാളുകളിലും പൗലൊസ് തിരുവെഴുത്തുകൾ പരിശോധിക്കുന്നതിൽ തുടരുകയും അതിലെ നിശ്വസ്ത സന്ദേശത്തിൽനിന്നു ശക്തിയാർജിക്കുകയും ചെയ്തു. (എബ്രാ. 4:12) വധിക്കപ്പെടുന്നതിനുമുമ്പ് റോമിൽ തടവിലായിരിക്കെ, “പുസ്തകങ്ങളും . . . ചർമ്മലിഖിതങ്ങളും” തനിക്കു കൊണ്ടുവന്നുതരാൻ അവൻ തിമൊഥെയൊസിനോടു പറഞ്ഞു. (2 തിമൊ. 4:13) ആഴമായ പഠനത്തിനായി പൗലൊസ് ഉപയോഗിച്ച എബ്രായ തിരുവെഴുത്തുകളുടെ ഭാഗങ്ങളായിരിക്കാം അവ. നല്ലൊരു പട്ടികപ്രകാരം തിരുവെഴുത്തുകൾ പഠിച്ചുകൊണ്ട് പരിജ്ഞാനം സമ്പാദിക്കേണ്ടത് അവന് ഒഴിച്ചുകൂടാനാവാത്തതായിരുന്നു, ഉറച്ചുനിൽക്കാൻ അത് അവനെ സഹായിക്കുമായിരുന്നു.
7. ക്രമമായ ബൈബിൾപഠനത്തിന്റെ ഫലങ്ങൾ എന്തെല്ലാം?
7 ക്രമമായ ബൈബിൾപഠനവും തുടർന്നുള്ള ധ്യാനവും ആത്മീയമായി പുരോഗമിക്കാൻ നമ്മെ സഹായിക്കും. (എബ്രാ. 5:12-14) ദൈവവചനത്തിന്റെ മൂല്യത്തെക്കുറിച്ചു സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു. നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകലദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു.” (സങ്കീ. 119:72, 98, 101) വ്യക്തിപരമായ ബൈബിൾപഠനത്തിനുള്ള ഒരു പട്ടിക നിങ്ങൾക്കുണ്ടോ? ദിവസവും ബൈബിൾ വായിച്ചുകൊണ്ടും വായിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടും ദൈവസേവനത്തിൽ ലഭിച്ചേക്കാവുന്ന ഭാവിനിയമനങ്ങൾക്കായി നിങ്ങൾ ഒരുങ്ങുന്നുണ്ടോ?
സ്നേഹിക്കാൻ പഠിച്ച ശൗൽ
8. അന്യമതസ്ഥരെ ശൗൽ എങ്ങനെ വീക്ഷിച്ചു?
8 ക്രിസ്ത്യാനിയായിത്തീരുന്നതിനുമുമ്പ് തീക്ഷ്ണതയുള്ള ഒരു യഹൂദനായിരുന്ന ശൗൽ അവജ്ഞയോടെയാണ് അന്യമതസ്ഥരെ വീക്ഷിച്ചിരുന്നത്. (പ്രവൃ. 26:4, 5) ചില യഹൂദന്മാർ സ്തെഫാനൊസിനെ കല്ലെറിഞ്ഞപ്പോൾ അവൻ കയ്യുംകെട്ടി നോക്കിനിന്നു. അക്കാഴ്ച അവന്റെ ഹൃദയത്തെ കഠിനമാക്കിയിരിക്കാം; അർഹിക്കുന്ന ശിക്ഷതന്നെയാണ് സ്തെഫാനൊസിനു കിട്ടിയതെന്ന് അവൻ ചിന്തിച്ചിരിക്കാം. (പ്രവൃ. 6:8-14; 7:54-8:1) “ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു” എന്ന് നിശ്വസ്തവിവരണം പറയുന്നു. (പ്രവൃ. 8:3) എന്തിന്, ‘അന്യപട്ടണങ്ങളോളവും ചെന്ന് അവൻ അവരെ ഉപദ്രവിച്ചു.’—പ്രവൃ. 26:11.
9. ആളുകളോടുള്ള തന്റെ ഇടപെടൽ പുനഃപരിശോധിക്കാൻ ഏതു സംഭവം ശൗലിനെ പ്രേരിപ്പിച്ചു?
9 ദമസ്കൊസിലെ ക്രിസ്ത്യാനികളെ ഉപദ്രവിക്കാനുള്ള ശൗലിന്റെ യാത്രാമധ്യേയാണ് കർത്താവായ യേശു അവനു പ്രത്യക്ഷപ്പെടുന്നത്. ദൈവപുത്രന്റെ ഉജ്ജ്വലമായ അഭൗമ തേജസ്സ് ശൗലിനെ അന്ധനാക്കി. അനന്യാസിനെ ഉപയോഗിച്ച് യഹോവ അവന്റെ കാഴ്ച പുനഃസ്ഥാപിച്ചപ്പോഴേക്കും ആളുകളോടുള്ള അവന്റെ മനോഭാവം എന്നേക്കുമായി മാറിയിരുന്നു. (പ്രവൃ. 9:1-30) ക്രിസ്ത്യാനിയായിത്തീർന്ന അവൻ ക്രിസ്തുവിനെപ്പോലെ എല്ലാത്തരം ആളുകളോടും ഇടപഴകാൻ കഠിനമായി യത്നിച്ചു. അക്രമം വെടിഞ്ഞ് “സകലമനുഷ്യരോടും സമാധാനമായിരി”ക്കാൻ അവൻ പഠിക്കേണ്ടിയിരുന്നു.—റോമർ 12:17-21 വായിക്കുക.
10, 11. പൗലൊസ് ആളുകളോടു കറയറ്റ സ്നേഹം കാണിച്ചത് എങ്ങനെ?
10 മറ്റുള്ളവരുമായി സമാധാനത്തിലായതുകൊണ്ടുമാത്രം പൗലൊസ് തൃപ്തനായില്ല. അവരോടു കറയറ്റ സ്നേഹം കാണിക്കാൻ അവൻ ആഗ്രഹിച്ചു; അതിനുള്ള അവസരം ക്രിസ്തീയ ശുശ്രൂഷ അവനു നൽകുകയും ചെയ്തു. ആദ്യ മിഷനറിയാത്രയിൽ അവൻ ഏഷ്യാമൈനറിൽ സുവാർത്ത ഘോഷിച്ചു. ഭയങ്കരമായ എതിർപ്പിന്മധ്യേയും, ക്രിസ്ത്യാനിത്വം സ്വീകരിക്കാൻ സൗമ്യരെ സഹായിക്കുന്നതിൽ പൗലൊസും സഹചാരികളും ശ്രദ്ധകേന്ദ്രീകരിച്ചു. അവർ ലുസ്ത്രയും ഇക്കോന്യയും വീണ്ടും സന്ദർശിച്ചു, അവിടെയുള്ള ശത്രുക്കൾ മുമ്പു പൗലൊസിനെ വധിക്കാൻ ശ്രമിച്ചിരുന്നിട്ടും!—പ്രവൃ. 13:1-3; 14:1-7; 19:23.
11 തുടർന്ന്, ശരിയായ മനോനിലയുള്ളവരെത്തേടി പൗലൊസും കൂട്ടാളികളും മക്കെദോന്യയിലെ ഫിലിപ്പിയിലേക്കു പോയി. സുവാർത്തയ്ക്കു ചെവികൊടുത്ത യഹൂദമതാനുസാരിയായിരുന്ന ലുദിയാ ക്രിസ്ത്യാനിയായിത്തീർന്നു. അധികാരികൾ പൗലൊസിനെയും ശീലാസിനെയും ‘കോൽകൊണ്ട് അടിപ്പിച്ചശേഷം’ തടവിലാക്കി. പൗലൊസ് പക്ഷേ അവിടത്തെ ജയിലധികാരിയോടു സാക്ഷീകരിച്ചു. തത്ഫലമായി അദ്ദേഹവും കുടുംബവും സ്നാനമേറ്റ് യഹോവയുടെ ആരാധകരായിത്തീർന്നു.—പ്രവൃ. 16:11-34.
12. സ്നേഹമുള്ള ഒരു അപ്പൊസ്തലനായിത്തീരാൻ നിഷ്ഠുരനായ ശൗലിനെ പ്രേരിപ്പിച്ചതെന്ത്?
12 മുമ്പു നിഷ്ഠുരനായിരുന്ന ശൗൽ, താൻ ഒരുകാലത്തു ദ്രോഹിച്ചിരുന്നവരുടെ വിശ്വാസം സ്വീകരിച്ചത് എന്തുകൊണ്ടാണ്? ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും ദൈവത്തെയും ക്രിസ്തുവിനെയുംകുറിച്ചുള്ള സത്യം പഠിക്കാൻ മറ്റുള്ളവരെ സഹായിച്ച, ദയയും സ്നേഹവുമുള്ള ഒരു അപ്പൊസ്തലനായിത്തീരാൻ അവനെ പ്രേരിപ്പിച്ചത് എന്താണ്? ‘എന്നെ തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം തന്റെ പുത്രനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചു’വെന്ന് പൗലൊസ് വിശദീകരിക്കുന്നു. (ഗലാ. 1:15, 16) തിമൊഥെയൊസിന് അവൻ ഇങ്ങനെ എഴുതി: “യേശുക്രിസ്തു നിത്യജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.” (1 തിമൊ. 1:16) അതേ, യഹോവ അവന്റെ പാപങ്ങൾ ക്ഷമിച്ചു. യഹോവയുടെ ആ അനർഹദയയും കരുണയും, സുവാർത്ത ഘോഷിച്ചുകൊണ്ട് മറ്റുള്ളവരോടു സ്നേഹം പ്രകടിപ്പിക്കാൻ അവനെ പ്രേരിപ്പിച്ചു.
13. മറ്റുള്ളവരോടു സ്നേഹം കാണിക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കണം, നമുക്ക് അതെങ്ങനെ ചെയ്യാം?
13 നമ്മുടെ തെറ്റുകുറ്റങ്ങളും യഹോവ ക്ഷമിക്കുന്നു. (സങ്കീ. 103:8-14) “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?,” സങ്കീർത്തനക്കാരൻ ചോദിച്ചു. (സങ്കീ. 130:3) ദൈവം കരുണ കാണിച്ചില്ലായിരുന്നെങ്കിൽ വിശുദ്ധ സേവനത്തിന്റെ സന്തോഷം ആസ്വദിക്കാൻ നമുക്കാർക്കും കഴിയുമായിരുന്നില്ല; നിത്യജീവന്റെ പ്രത്യാശയും നമുക്കുണ്ടാകുമായിരുന്നില്ല. നമ്മോടുള്ള ദൈവത്തിന്റെ അനർഹദയ എത്ര വലുതാണ്! സുവാർത്ത ഘോഷിക്കുകയും സത്യം പഠിപ്പിക്കുകയും ചെയ്തുകൊണ്ടും സഹവിശ്വാസികളെ ബലപ്പെടുത്തിക്കൊണ്ടും മറ്റുള്ളവരോടു സ്നേഹം കാണിക്കാൻ പൗലൊസിനെപ്പോലെ നാമും വാഞ്ഛിക്കണം.—പ്രവൃത്തികൾ 14:21-23 വായിക്കുക.
14. ശുശ്രൂഷ വികസിപ്പിക്കാൻ നമുക്കെങ്ങനെ കഴിയും?
14 സുവാർത്താഘോഷകനെന്ന നിലയിൽ പുരോഗമിക്കാൻ പൗലൊസ് ആഗ്രഹിച്ചു. ദൈവപുത്രന്റെ മാതൃക ഇക്കാര്യത്തിൽ അവനെ സ്പർശിച്ചു. ആളുകളോടുണ്ടായിരുന്ന അതുല്യമായ സ്നേഹത്തിന്റെ പ്രകടനമായിരുന്നു യേശുവിന്റെ പരസ്യശുശ്രൂഷ. യേശു പറഞ്ഞു: “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്താ. 9:35-38) കൂടുതൽ വേലക്കാർക്കായി പൗലൊസും അപേക്ഷിച്ചിരിക്കാം, തീക്ഷ്ണതയുള്ള ഒരു വേലക്കാരനായിരുന്നുകൊണ്ട് ആ അപേക്ഷയ്ക്കു ചേർച്ചയിൽ അവൻ പ്രവർത്തിക്കുകയും ചെയ്തു. സമാനമായി, ശുശ്രൂഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ നിങ്ങൾക്കാകുമോ? രാജ്യപ്രസംഗവേലയിലെ പങ്കുവർധിപ്പിക്കാനോ പയനിയർ സേവനത്തിലേർപ്പെടാനോ തക്കവണ്ണം ജീവിതത്തെ ചിട്ടപ്പെടുത്താൻ നിങ്ങൾക്കു കഴിയുമോ? ‘ജീവന്റെ വചനത്തെ മുറുകെപ്പിടിക്കാൻ’ സഹായിച്ചുകൊണ്ട് മറ്റുള്ളവരോടു നമുക്കു യഥാർഥ സ്നേഹം കാണിക്കാം.—ഫിലി. 2:16, പി.ഒ.സി. ബൈബിൾ.
താഴ്മയുള്ള അപ്പൊസ്തലൻ
15. സഹവിശ്വാസികളോടുള്ള താരതമ്യത്തിൽ പൗലൊസ് തന്നെത്തന്നെ എങ്ങനെ വീക്ഷിച്ചു?
15 ക്രിസ്തീയ ശുശ്രൂഷകനെന്ന നിലയിൽ മറ്റൊരു വിധത്തിലും പൗലൊസ് നമുക്കു നല്ലൊരു മാതൃകവെച്ചിരിക്കുന്നു. നിരവധി പദവികൾ ലഭിച്ചെങ്കിലും അതൊന്നും സ്വന്തം കഴിവുകൊണ്ടു നേടിയതല്ലെന്ന് അവനു നല്ലവണ്ണം അറിയാമായിരുന്നു. തനിക്കു ലഭിച്ച അനുഗ്രഹങ്ങളത്രയും ദൈവത്തിന്റെ അനർഹദയയുടെ പ്രകടനങ്ങളാണെന്ന് അവൻ തിരിച്ചറിഞ്ഞു. മറ്റു ക്രിസ്ത്യാനികളും ഫലപ്രദമായി ശുശ്രൂഷ നിർവഹിക്കുന്നവരാണെന്ന വസ്തുത അവൻ അംഗീകരിച്ചു. ദൈവജനത്തിനിടയിൽ നല്ലൊരു നിലയുണ്ടായിരുന്നെങ്കിലും താഴ്മയുള്ളവനായിരുന്നു അവൻ.—1 കൊരിന്ത്യർ 15:9-11 വായിക്കുക.
16. പരിച്ഛേദനയുടെ വിഷയത്തിൽ പൗലൊസ് താഴ്മയും വിനയവും പ്രകടിപ്പിച്ചതെങ്ങനെ?
16 സിറിയയിലെ അന്ത്യൊക്ക്യയിലുണ്ടായ ഒരു പ്രശ്നം പൗലൊസ് കൈകാര്യംചെയ്തത് എങ്ങനെയെന്നു നോക്കുക. അവിടത്തെ ക്രിസ്തീയസഭ പരിച്ഛേദനയുടെ കാര്യത്തിൽ ഭിന്നിച്ചിരുന്ന സമയം. (പ്രവൃ. 14:26–15:2) അഗ്രചർമികളായ വിജാതീയരോടു സുവാർത്ത ഘോഷിക്കാൻ നിയമിക്കപ്പെട്ട മുന്നണിപ്രവർത്തകൻ എന്നനിലയിൽ യഹൂദേതരരുമായി ഇടപെടുന്നതിൽ താൻ പ്രഗത്ഭനാണെന്നും പ്രസ്തുത പ്രശ്നം പരിഹരിക്കാൻ താൻ എന്തുകൊണ്ടും യോഗ്യനാണെന്നും പൗലൊസ് ചിന്തിച്ചിരിക്കാം. (ഗലാത്യർ 2:8, 9 വായിക്കുക.) എന്നാൽ പ്രശ്നം പരിഹരിക്കാൻ തനിക്കാകുന്നില്ലെന്നു കണ്ടപ്പോൾ അക്കാര്യം ചർച്ചചെയ്യാൻ യെരൂശലേമിലെ ഭരണസംഘത്തെ സമീപിക്കാനുള്ള ക്രമീകരണത്തെ താഴ്മയോടും വിനയത്തോടും കൂടെ അവൻ പിന്തുണച്ചു. ബന്ധപ്പെട്ടവർ പ്രശ്നം ചർച്ചചെയ്ത് ഒരു തീരുമാനത്തിലെത്തുകയും തങ്ങളുടെ സന്ദേശവാഹകനായി അവനെ നിയമിക്കുകയും ചെയ്തപ്പോൾ അവൻ അതിനോടു പൂർണമായി സഹകരിച്ചു. (പ്രവൃ. 15:22-31) അപ്രകാരം സഹദാസന്മാരെ ‘ബഹുമാനിക്കുന്നതിൽ അവൻ മുന്നിട്ടുനിന്നു.’—റോമ. 12:10.
17, 18. (എ) സഭകളിലുള്ളവരോട് പൗലൊസ് എന്തു മനോഭാവം വളർത്തിയെടുത്തു? (ബി) പൗലൊസിനെ പിരിയേണ്ടിവന്നപ്പോഴുള്ള മൂപ്പന്മാരുടെ പ്രതികരണം അവനെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
17 സഹോദരങ്ങളിൽനിന്ന് പൗലൊസ് തന്നെത്തന്നെ ഒറ്റപ്പെടുത്തിയില്ല. പകരം താഴ്മയോടെ അവൻ അവരോടു പറ്റിനിന്നു. റോമർക്കുള്ള ലേഖനത്തിനൊടുവിൽ 20-ലേറെ സഹോദരങ്ങളെ അവൻ പേരെടുത്ത് അഭിവാദ്യം ചെയ്തു. അവരിൽ പലരെക്കുറിച്ചും റോമ. 16:1-16.
തിരുവെഴുത്തുകളിൽ മറ്റൊരിടത്തും പരാമർശമില്ല, പ്രത്യേക പദവികളും അവർക്കുണ്ടായിരുന്നില്ല. എങ്കിലും യഹോവയുടെ വിശ്വസ്ത ദാസരായിരുന്ന അവരെ പൗലൊസ് അതിയായി സ്നേഹിച്ചു.—18 പൗലൊസിന്റെ താഴ്മയും സൗഹൃദവും സഭകൾക്കു കരുത്തുപകർന്നു. എഫെസൊസിൽനിന്നെത്തിയ മൂപ്പന്മാരുമായുള്ള അവസാന കൂടിക്കാഴ്ചയിൽ എന്താണു സംഭവിച്ചതെന്നു നോക്കുക: “ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൌലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” (പ്രവൃ. 20:37, 38) പൗലൊസ് ആളുകളിൽനിന്ന് അകന്നുനിൽക്കുന്നവനും അഹങ്കാരിയുമായിരുന്നുവെങ്കിൽ അവന്റെ വേർപാട് അത്തരമൊരു രംഗത്തിനു വേദിയാകുമായിരുന്നില്ല.—പ്രവൃ. 20:37, 38.
19. സഹക്രിസ്ത്യാനികളോടുള്ള ഇടപെടലുകളിൽ നമുക്കെങ്ങനെ “താഴ്മ” പ്രകടമാക്കാം?
19 ആത്മീയമായി പുരോഗമിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും പൗലൊസിനെപ്പോലെ താഴ്മയുള്ളവരായിരിക്കണം. സഹക്രിസ്ത്യാനികളെ അവൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.” (ഫിലി. 2:3) ഈ ബുദ്ധിയുപദേശം നമുക്കെങ്ങനെ ബാധകമാക്കാം? സഭാമൂപ്പന്മാരുടെ മാർഗനിർദേശം പിൻപറ്റിക്കൊണ്ടും അവരെടുക്കുന്ന നീതിന്യായ തീരുമാനങ്ങൾ മനസ്സോടെ അംഗീകരിച്ചുകൊണ്ടും അവരുമായി സഹകരിക്കുന്നതാണ് ഒരു വിധം. (എബ്രായർ 13:17 വായിക്കുക.) നമ്മുടെ എല്ലാ സഹോദരീസഹോദരന്മാർക്കും ഉയർന്ന മാന്യത കൽപ്പിക്കുകയെന്നതാണു മറ്റൊരു വിധം. ദേശീയവും സാംസ്കാരികവും വംശീയവും സാമുദായികവുമായി വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ളവരാണ് യഹോവയുടെ ജനത്തിന്റെ മിക്ക സഭകളിലുമുള്ളത്. എങ്കിലും പൗലൊസിനെപ്പോലെ എല്ലാവരെയും ഒരുപോലെ വീക്ഷിക്കാനും അവരോടു സ്നേഹപൂർവം ഇടപെടാനും നാം പഠിക്കേണ്ടതല്ലേ? (പ്രവൃ. 17:26; റോമ. 12:10) “ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ” എന്നാണു ബൈബിൾ നമ്മോടു പറയുന്നത്.—റോമ. 15:7.
“ഓട്ടം സ്ഥിരതയോടെ ഓടുക”
20, 21. ജീവനുവേണ്ടിയുള്ള ഓട്ടം വിജയകരമായി പൂർത്തിയാക്കാൻ നമ്മെ എന്തു സഹായിക്കും?
20 ക്രിസ്ത്യാനികളുടെ ജീവിതത്തെ ഒരു ദീർഘദൂര ഓട്ടത്തോട് ഉപമിക്കാനാകും. പൗലൊസ് എഴുതി: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.”—2 തിമൊ. 4:7, 8.
21 പൗലൊസിന്റെ മാതൃക അനുകരിക്കുന്നത് നിത്യജീവനായുള്ള ഓട്ടം വിജയകരമായി പൂർത്തിയാക്കാൻ നമ്മെ സഹായിക്കും. (എബ്രാ. 12:1) ആ സ്ഥിതിക്ക് വ്യക്തിപരമായ പഠനത്തിന്റെ നല്ലൊരു പട്ടിക പിൻപറ്റുകയും ആളുകളോട് ആഴമായ സ്നേഹം വളർത്തുകയും താഴ്മ ധരിക്കുകയും ചെയ്തുകൊണ്ട് ആത്മീയമായി തുടർന്നും പുരോഗമിക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം.
ഉത്തരം പറയാമോ?
• തിരുവെഴുത്തുകളുടെ ക്രമമായ വ്യക്തിഗത പഠനം പൗലൊസിനു പ്രയോജനപ്പെട്ടത് എങ്ങനെ?
• സത്യക്രിസ്ത്യാനികൾക്ക് ആളുകളോട് ആഴമായ സ്നേഹം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
• മറ്റുള്ളവരോടു പക്ഷഭേദമില്ലാതെ പെരുമാറാൻ ഏതു ഗുണങ്ങൾ നമ്മെ സഹായിക്കും?
• സഭാമൂപ്പന്മാരുമായി സഹകരിക്കാൻ പൗലൊസിന്റെ ദൃഷ്ടാന്തം സഹായിക്കുന്നതെങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[23-ാം പേജിലെ ചിത്രം]
പൗലൊസിനെപ്പോലെ തിരുവെഴുത്തുകളിൽനിന്നു കരുത്താർജിക്കുക
[24-ാം പേജിലെ ചിത്രം]
സുവാർത്ത പങ്കുവെച്ചുകൊണ്ട് മറ്റുള്ളവരോടു സ്നേഹം കാണിക്കുക
[25-ാം പേജിലെ ചിത്രം]
പൗലൊസിനെ സഹക്രിസ്ത്യാനികൾക്കു പ്രിയങ്കരനാക്കിയത് എന്താണെന്നു നിങ്ങൾക്കറിയാമോ?