യഹോവയുടെ സംഘടനയുടെ നന്മയിൽ ശ്രദ്ധകേന്ദ്രീകരിക്കുക
യഹോവയുടെ സംഘടനയുടെ നന്മയിൽ ശ്രദ്ധകേന്ദ്രീകരിക്കുക
“ഞങ്ങൾ നിന്റെ . . . ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.”—സങ്കീർത്തനം 65:4.
1, 2. (എ) ആലയക്രമീകരണം ദൈവജനത്തിന് എന്തു കൈവരുത്തുമായിരുന്നു? (ബി) ആലയ നിർമാണത്തിന് ദാവീദ് എന്തു പിന്തുണ നൽകി?
എബ്രായ തിരുവെഴുത്തുകൾ പ്രതിപാദിക്കുന്ന ഏറ്റവും ശ്രദ്ധേയരായ വ്യക്തികളിൽ ഒരുവനാണ് പുരാതന ഇസ്രായേലിലെ ദാവീദ്. ആട്ടിടയനും സംഗീതജ്ഞനും പ്രവാചകനും രാജാവുമായിരുന്ന അവൻ സമ്പൂർണമായി യഹോവയാം ദൈവത്തിൽ ആശ്രയിച്ചിരുന്നു. യഹോവയുമായി ഉറ്റബന്ധം ആസ്വദിച്ചിരുന്നതുകൊണ്ട് അവനുവേണ്ടി ഒരു ആലയം പണിയാൻ ദാവീദ് അതിയായി ആഗ്രഹിച്ചു. ആ ആലയം അഥവാ മന്ദിരം, ഇസ്രായേലിൽ സത്യാരാധനയുടെ കേന്ദ്രമായിത്തീരുമായിരുന്നു. ആലയക്രമീകരണം ദൈവജനത്തിനു സന്തോഷവും അനുഗ്രഹങ്ങളും കൈവരുത്തുമെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് അവൻ ഇങ്ങനെ പാടി: “നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.”—സങ്കീർത്തനം 65:4.
2 എന്നാൽ ആലയനിർമാണത്തിനു മേൽനോട്ടം വഹിക്കാൻ യഹോവ ദാവീദിനെ അനുവദിച്ചില്ല. അവന്റെ പുത്രനായ ശലോമോനുവേണ്ടി ദൈവം ആ പദവി നീക്കിവെച്ചു. അതിയായി ആഗ്രഹിച്ച ഒരു പദവി മറ്റൊരാൾക്കു ലഭിക്കുന്നതു കണ്ടപ്പോൾ ദാവീദ് പക്ഷേ പിറുപിറുത്തില്ല. ആലയം പണിയപ്പെടണം എന്നതായിരുന്നു അവന്റെ മുഖ്യതാത്പര്യം. ആലയനിർമാണത്തിനായി യഹോവ നൽകിയിരുന്ന പ്ലാൻ ശലോമോനു കൈമാറിക്കൊണ്ട് അവൻ ആ പദ്ധതിക്കു മുഴുഹൃദയാ പിന്തുണ നൽകി. കൂടാതെ, ആലയത്തിൽ സേവിക്കാനെത്തിയ ആയിരക്കണക്കിനു ലേവ്യരെ അവൻ പല വിഭാഗങ്ങളായി തിരിക്കുകയും ആലയ നിർമാണത്തിനു ധാരാളം സ്വർണവും വെള്ളിയും സംഭാവനയായി നൽകുകയും ചെയ്തു.—1 ദിനവൃത്താന്തം 17:1, 4, 11, 12; 23:3-6; 28:11-13; 29:1-5.
3. സത്യാരാധനയ്ക്കുള്ള ക്രമീകരണങ്ങളോടുള്ള ബന്ധത്തിൽ ദൈവദാസന്മാർ എന്തു മനോഭാവം പ്രകടമാക്കുന്നു?
3 സത്യാരാധനയ്ക്കായി ആലയത്തിൽ ചെയ്തിരുന്ന ക്രമീകരണങ്ങളെ വിശ്വസ്തരായ ഇസ്രായേല്യർ പിന്തുണച്ചു. സമാനമായി യഹോവയുടെ ആധുനികകാല ദാസന്മാരെന്ന നിലയിൽ നാം, ആരാധനയ്ക്കായി അവന്റെ ഭൗമിക സംഘടന ചെയ്തിരിക്കുന്ന സകല ക്രമീകരണങ്ങളെയും പിന്തുണയ്ക്കുന്നു. അങ്ങനെ ദാവീദിനുണ്ടായിരുന്ന അതേ മനോഭാവമാണു നമുക്കുള്ളതെന്നു നാം പ്രകടമാക്കുന്നു. പരാതിപറയുന്ന മനോഭാവം ഉള്ളവർ ആയിരിക്കുന്നതിനു പകരം നാം ദൈവസംഘടനയുടെ നന്മ കാണാൻ ശ്രമിക്കുന്നു.
നാം അങ്ങേയറ്റം വിലമതിക്കേണ്ട, സംഘടനയുടെ അനേകം നല്ല കാര്യങ്ങളെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചില ഉദാഹരണങ്ങൾ നോക്കാം.നേതൃത്വമെടുക്കുന്നവരെപ്രതി നന്ദിയുള്ളവർ
4, 5. (എ) വിശ്വസ്തനും വിവേകിയുമായ അടിമ അതിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നത് എങ്ങനെ? (ബി) അടിമ ലഭ്യമാക്കുന്ന ആത്മീയ ഭക്ഷണത്തെക്കുറിച്ച് ചില സാക്ഷികൾക്ക് എന്തു തോന്നിയിരിക്കുന്നു?
4 ഭൂമിയിൽ തനിക്കുള്ള സകലത്തിന്റെയും പരിപാലനത്തിനായി യേശുക്രിസ്തു നിയമിച്ചിട്ടുള്ള വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തെപ്രതി നന്ദിയുള്ളവരായിരിക്കാൻ നമുക്ക് ഈടുറ്റ കാരണങ്ങളുണ്ട്. ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ ആ അടിമവർഗം, സുവാർത്താ പ്രസംഗത്തിനു നേതൃത്വമെടുക്കുകയും ആരാധനയ്ക്കുള്ള യോഗങ്ങൾ ക്രമീകരിക്കുകയും 400-ലധികം ഭാഷകളിൽ ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഭൂവ്യാപകമായി ദശലക്ഷങ്ങൾ ‘തത്സമയത്തുള്ള’ ഈ ആത്മീയ ഭക്ഷണം നന്ദിയോടെ ഭുജിക്കുന്നു. (മത്തായി 24:45-47) പിറുപിറുക്കേണ്ട ആവശ്യമുള്ളതായി യാതൊന്നും ഇതിലില്ല.
5 വർഷങ്ങളായി യഹോവയെ സേവിക്കുന്ന പ്രായമേറിയ ഒരു സാക്ഷിയാണ് ആൽഫി. അടിമവർഗത്തിന്റെ പ്രസിദ്ധീകരണങ്ങളിലെ തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ പിൻപറ്റിയതിന്റെ ഫലമായി ആശ്വസിപ്പിക്കപ്പെടുകയും ശക്തീകരിക്കപ്പെടുകയും ചെയ്ത അവർ ആഴമായ വിലമതിപ്പോടെ ഇങ്ങനെ എഴുതി: “യഹോവയുടെ സംഘടന ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്യുമായിരുന്നു?” പതിറ്റാണ്ടുകളായി ദൈവസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റു രണ്ടുപേരാണ് ദമ്പതികളായ പീറ്ററും ഇറംഗാർട്ടും. “സ്നേഹവും കരുതലുമുള്ള യഹോവയുടെ സംഘടന” പ്രദാനം ചെയ്യുന്ന സാഹിത്യങ്ങൾക്കായി ഇറംഗാർട്ട് നന്ദി പ്രകാശിപ്പിക്കുകയുണ്ടായി. അത്തരം സാഹിത്യങ്ങളിൽ, കേൾവിക്കും കാഴ്ചയ്ക്കും തകരാറുള്ളവർക്കായി പ്രത്യേകം തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുന്നു.
6, 7. (എ) ലോകമെങ്ങുമുള്ള സഭകളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കപ്പെടുന്നത് എങ്ങനെ? (ബി) യഹോവയുടെ ഭൗമിക സംഘടനയെക്കുറിച്ച് ചിലരുടെ അഭിപ്രായം എന്ത്?
6 ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള, യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തു സേവിക്കുന്ന ആത്മാഭിഷിക്ത പുരുഷന്മാരുടെ ഒരു ചെറിയ സംഘം—യഹോവയുടെ സാക്ഷികളുടെ ഭരണസംഘം—ആ വിശ്വസ്ത അടിമയെ പ്രതിനിധാനം ചെയ്യുന്നു. ഭരണസംഘം അനുഭവസമ്പന്നരായ സഹോദരന്മാരെ ബ്രാഞ്ച് ഓഫീസുകളിൽ നിയമിക്കുന്നു. ഈ ഓഫീസുകൾ ലോകമെങ്ങുമുള്ള 98,000-ത്തിലധികം സഭകളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു. ബൈബിളിൽ വിവരിച്ചിരിക്കുന്ന യോഗ്യതകൾ സമ്പാദിക്കുന്ന പുരുഷന്മാർ സഭകളിൽ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരുമായി നിയമിക്കപ്പെടുന്നു. (1 തിമൊഥെയൊസ് 3:1-9, 12, 13) മൂപ്പന്മാർ സഭയിൽ നേതൃത്വമെടുക്കുകയും തങ്ങളുടെ സംരക്ഷണയിലുള്ള, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ സ്നേഹപൂർവം പരിപാലിക്കുകയും ചെയ്യുന്നു. ആ ആട്ടിൻകൂട്ടത്തിന്റെ ഭാഗമായിരിക്കുന്നതും “സഹോദരവർഗ്ഗ”ത്തിനുള്ളിൽ കളിയാടുന്ന സ്നേഹവും ഐക്യവും ആസ്വദിക്കാനാകുന്നതും എന്തൊരു അനുഗ്രഹമാണ്!—1 പത്രൊസ് 2:17; 5:2, 3.
7 പരാതിയുടെ മനോഭാവം പ്രകടിപ്പിക്കുന്നതിനു പകരം മൂപ്പന്മാരിൽനിന്നു തങ്ങൾക്കു ലഭിക്കുന്ന സ്നേഹപുരസ്സരമായ ആത്മീയ മാർഗനിർദേശത്തിനായി സഹോദരങ്ങൾ മിക്കപ്പോഴും വിലമതിപ്പു പ്രകടമാക്കുന്നു. ഉദാഹരണത്തിന് 30-കളിലുള്ള ക്രിസ്തീയ
ഭാര്യയായ ബിർജിത്തിന്റെ കാര്യമെടുക്കുക. കൗമാരത്തിൽ അവർ ചീത്തക്കൂട്ടുകെട്ടിൽ പെട്ടുപോകുകയും ദുഷ്പ്രവൃത്തിയുടെ വക്കോളമെത്തുകയും ചെയ്തിരുന്നു. എന്നാൽ മൂപ്പന്മാർ നൽകിയ വ്യക്തമായ ബൈബിൾ ബുദ്ധിയുപദേശവും സഹവിശ്വാസികളുടെ പിന്തുണയും അപകടത്തിൽ വീണുപോകാതെ അവരെ സംരക്ഷിച്ചു. അതേക്കുറിച്ച് ഇപ്പോൾ ബിർജിത്തിന് എന്താണു തോന്നുന്നത്? “ഇന്നും യഹോവയുടെ അതിമഹത്തായ സംഘടനയിലെ ഒരു അംഗമായിരിക്കുന്നതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്,” അവർ പറയുന്നു. 17 വയസ്സുള്ള ആൻഡ്രേയാസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇതു നിശ്ചയമായും യഹോവയുടെ സംഘടനയാണ്, ഇത്രയും നല്ലൊരു സംഘടന ഭൂമിയിൽ വേറെയില്ല.” യഹോവയുടെ ഭൗമിക സംഘടനയുടെ നന്മയെ നാം വിലമതിക്കേണ്ടതല്ലേ?നേതൃത്വമെടുക്കുന്നവർ അപൂർണരാണ്
8, 9. ദാവീദിന്റെ ചില സമകാലികർ പ്രവർത്തിച്ചത് എങ്ങനെ, ദാവീദ് എങ്ങനെ പ്രതികരിച്ചു?
8 സത്യാരാധനയ്ക്കു നേതൃത്വമെടുക്കാൻ നിയമിക്കപ്പെട്ടിരിക്കുന്നവർ അപൂർണരാണ്. അവർക്കെല്ലാം തെറ്റു പറ്റുന്നു, മറികടക്കാൻ കഠിനമായി യത്നിക്കുന്നെങ്കിലും അവരിൽ ചിലർക്കു നിലനിന്നുപോരുന്ന ചില ബലഹീനതകളുണ്ട്. അതു സംബന്ധിച്ചു നാം അസ്വസ്ഥരാകേണ്ടതുണ്ടോ? ഇല്ല. പുരാതന ഇസ്രായേലിൽ വലിയ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കപ്പെട്ടിരുന്ന ചിലർപോലും ഗുരുതരമായ തെറ്റുകൾ ചെയ്യുകയുണ്ടായി. ശൗൽ രാജാവിന്റെ ദൃഷ്ടാന്തം നോക്കുക. സ്വസ്ഥത നഷ്ടപ്പെട്ട അവനു മനഃശ്ശാന്തി ലഭിക്കുന്നതിനായി കിന്നരം വായിക്കാൻ ഇളംപ്രായത്തിലുള്ള ദാവീദ് നിയമിക്കപ്പെട്ടിരുന്നു. എന്നാൽ താമസിയാതെ ശൗൽ അവനെ കൊല്ലാൻ ശ്രമിച്ചു, തത്ഫലമായി അവനു ജീവനുംകൊണ്ട് ഓടിപ്പോകേണ്ടതായിവന്നു.—1 ശമൂവേൽ 16:14-23; 18:10-12; 19:18; 20:32, 33; 22:1-5.
9 മറ്റു ചില ഇസ്രായേല്യർ വഞ്ചനാപൂർവം പ്രവർത്തിച്ചു. ഉദാഹരണത്തിന്, ദാവീദിന്റെ സൈന്യാധിപനായ യോവാബ് ശൗലിന്റെ ബന്ധുവായ അബ്നേരിനെ വധിച്ചു. അധികാരം തട്ടിയെടുക്കാൻ അബ്ശാലോം തന്റെ പിതാവായ ദാവീദിനെതിരെ കരുക്കൾ നീക്കി. വിശ്വസ്ത ഉപദേശകനായ അഹീഥോഫെൽ ദാവീദിനെ വഞ്ചിച്ചു. (2 ശമൂവേൽ 3:22-30; 15:1-17, 31; 16:15, 21) എന്നിട്ടൊന്നും ദാവീദ് നീരസപ്പെടുകയോ പരാതിപറയുകയോ സത്യാരാധന ഉപേക്ഷിക്കുകയോ ചെയ്തില്ല. മറിച്ച്, നേർവിപരീതമായ ഒരു വിധത്തിലാണ് അവൻ പ്രതികരിച്ചത്. യഹോവയോടു പറ്റിനിൽക്കാനും ശൗലിന്റെ ഭീഷണിയെത്തുടർന്നു രക്ഷപ്പെട്ടോടിയപ്പോൾ പ്രകടമാക്കിയ അതേ മനോഭാവം നിലനിറുത്താനും ദുരന്തങ്ങൾ അവനെ പ്രേരിപ്പിച്ചു. ആ സന്ദർഭത്തിൽ ദാവീദ് ഇങ്ങനെ പാടുകയുണ്ടായി: “ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാൻ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം ഞാൻ നിന്റെ ചിറകിൻനിഴലിൽ ശരണം പ്രാപിക്കുന്നു.”—സങ്കീർത്തനം 57:1.
10, 11. യുവതിയായിരിക്കേ ഗെർട്രൂട്ട് സഹോദരിക്ക് എന്ത് അനുഭവമുണ്ടായി, സഹവിശ്വാസികളുടെ തെറ്റുകളെക്കുറിച്ച് അവർ എന്തു പറഞ്ഞു?
10 വഞ്ചനയും ദുഷ്ടതയും പ്രവർത്തിക്കുന്നവരെ യഹോവയോ അവന്റെ ദൂതന്മാരോ ആത്മീയ ഇടയന്മാരോ ക്രിസ്തീയ സഭയിൽ വെച്ചുപൊറുപ്പിക്കില്ല. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സംഘടനയ്ക്കുള്ളിൽ വഞ്ചനയുള്ളതായി പരാതിപ്പെടാൻ നമുക്കിന്നു കാരണമില്ല. എന്നിരുന്നാലും നമ്മളെല്ലാവരും നമ്മുടെതന്നെയും മറ്റു ദൈവദാസന്മാരുടെയും അപൂർണതയുടെ ഫലങ്ങൾ അനുഭവിക്കേണ്ടതായിവരുന്നു.
11 ഏറെക്കാലം യഹോവയെ സേവിച്ച ഒരു സഹോദരിയായിരുന്നു ഗെർട്രൂട്ട്. യുവപ്രായത്തിലായിരിക്കെ, താൻ ഒരു മുഴുസമയ ശുശ്രൂഷകയായി ചമയുകമാത്രമാണെന്നു പറഞ്ഞ് മറ്റുള്ളവർ സഹോദരിയെ കുറ്റപ്പെടുത്തിയിരുന്നു. എന്തായിരുന്നു സഹോദരിയുടെ പ്രതികരണം? അതു സംബന്ധിച്ച് അവർ പിറുപിറുത്തോ? ഇല്ല. 91 വയസ്സായിരിക്കേ, 2003-ൽ മരണമടയുന്നതിനു തൊട്ടുമുമ്പ് ജീവിതത്തിലേക്കു പിന്തിരിഞ്ഞുനോക്കിക്കൊണ്ട് ഗെർട്രൂട്ട് ഇങ്ങനെ പറഞ്ഞു: “വ്യക്തികൾ തെറ്റു ചെയ്യുന്നെങ്കിലും അപൂർണ മനുഷ്യരായ നമ്മെ ഉപയോഗിച്ചുകൊണ്ട് യഹോവ തന്റെ സുപ്രധാന വേല മുന്നോട്ടു കൊണ്ടുപോകുന്നുവെന്ന് ഇത്തരം അനുഭവങ്ങളും പിന്നീടുണ്ടായ സംഭവങ്ങളും എന്നെ പഠിപ്പിച്ചു.” മറ്റു സഹോദരങ്ങളുടെ അപൂർണതയുടെ ഫലങ്ങൾ നേരിടേണ്ടിവന്നപ്പോൾ ഹൃദയംഗമമായി പ്രാർഥിച്ചുകൊണ്ട് ഗെർട്രൂട്ട് യഹോവയിലേക്കു നോക്കി.
12. (എ) ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ മോശമായ എന്തു മാതൃക വെച്ചു? (ബി) നാം നമ്മുടെ മനസ്സ് എന്തിൽ കേന്ദ്രീകരിക്കണം?
12 അങ്ങേയറ്റം വിശ്വസ്തരും അർപ്പിതരുമായ ക്രിസ്ത്യാനികളും അപൂർണരാണ്. അതുകൊണ്ട് ഒരു നിയമിത ദാസൻ തെറ്റു ചെയ്യുമ്പോൾ നമുക്ക്, “എല്ലാം പിറുപിറുപ്പു . . . കൂടാതെ” ചെയ്യാം. (ഫിലിപ്പിയർ 2:14) എന്നാൽ ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയ സഭയിലുണ്ടായിരുന്ന ചുരുക്കം ചിലരുടെ മോശമായ ദൃഷ്ടാന്തം നാം അനുകരിക്കുന്നുവെങ്കിൽ അതെത്ര ഖേദകരമായിരിക്കും! ശിഷ്യനായ യൂദാ പറയുന്നതനുസരിച്ച് അന്നുണ്ടായിരുന്ന വ്യാജോപദേഷ്ടാക്കൾ “കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും” ചെയ്തിരുന്നു. കൂടാതെ അവർ “പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരു”മായിരുന്നു. (യൂദാ 8, 16) നമുക്ക് അത്തരം പിറുപിറുപ്പുകാരുടെയും ആവലാതിക്കാരുടെയും പാത ഒഴിവാക്കുകയും വിശ്വസ്ത അടിമ പ്രദാനം ചെയ്യുന്ന മഹത്തായ കാര്യങ്ങളിൽ മനസ്സു കേന്ദ്രീകരിക്കുകയും ചെയ്യാം. യഹോവയുടെ സംഘടനയുടെ നന്മ വിലമതിച്ചുകൊണ്ട്, “എല്ലാം പിറുപിറുപ്പു . . . കൂടാതെ” ചെയ്യാം.
‘ഇതു കഠിനവാക്ക്’
13. യേശുക്രിസ്തുവിന്റെ ചില പഠിപ്പിക്കലുകളോടു ചിലർ എങ്ങനെ പ്രതികരിച്ചു?
13 ഒന്നാം നൂറ്റാണ്ടിൽ ചിലർ നിയമിത ദാസന്മാർക്കെതിരെ പിറുപിറുത്തപ്പോൾ മറ്റു ചിലർ യേശുവിന്റെ പഠിപ്പിക്കലുകൾക്കെതിരെയായിരുന്നു പിറുപിറുത്തത്. യോഹന്നാൻ 6:48-69-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യേശു ഇങ്ങനെ പറഞ്ഞു: “എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ട്.” ശിഷ്യന്മാർ പലരും അതു കേട്ടിട്ട് “ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും” എന്നു പറഞ്ഞു. അവർ “അതിനെച്ചൊല്ലി പിറുപിറുക്കു”കയായിരുന്നെന്ന് യേശുവിനു മനസ്സിലാക്കാൻ കഴിഞ്ഞു. മാത്രമല്ല, അവരിൽ പലരും “അന്നുമുതൽ . . . പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.” എന്നാൽ എല്ലാ ശിഷ്യന്മാരും പിറുപിറുത്തില്ല. “നിങ്ങൾക്കും പൊയ്കൊൾവാൻ മനസ്സുണ്ടോ” എന്ന് യേശു പന്തിരുവരോടു ചോദിച്ചപ്പോൾ എന്താണു സംഭവിച്ചത്? പത്രൊസ് അപ്പൊസ്തലൻ ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു.”
14, 15. (എ) ചില ക്രിസ്തീയ പഠിപ്പിക്കലുകളോടുള്ള ബന്ധത്തിൽ ചിലർക്ക് അസംതൃപ്തി തോന്നുന്നത് എന്തുകൊണ്ട്? (ബി) എമ്മാനുവേലിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
14 ആധുനിക നാളിൽ ദൈവജനത്തിൽപ്പെട്ട ഏതാനും ചിലർ ക്രിസ്തീയ പഠിപ്പിക്കലുകളോടുള്ള ബന്ധത്തിൽ അസംതൃപ്തി പ്രകടമാക്കുകയും യഹോവയുടെ ഭൗമിക സംഘടനയ്ക്കെതിരെ പിറുപിറുക്കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ദൈവം കാര്യങ്ങൾ ചെയ്യുന്ന വിധം സംബന്ധിച്ചു വേണ്ടത്ര ഗ്രാഹ്യം ഇല്ലാത്തതാണു മിക്കപ്പോഴും അത്തരം പിറുപിറുപ്പിനു കാരണം. സ്രഷ്ടാവ് തന്റെ ജനത്തിനു സത്യം വെളിപ്പെടുത്തുന്നത് പടിപടിയായിട്ടാണ്. അതുകൊണ്ടുതന്നെ തിരുവെഴുത്തുകൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം ഇടയ്ക്കൊക്കെ സ്ഫുടം ചെയ്യപ്പെടുമെന്നതു സ്വാഭാവികമാണ്. യഹോവയുടെ ജനത്തിൽ ബഹുഭൂരിപക്ഷംപേരും അവ സന്തോഷത്തോടെ സ്വീകരിക്കുന്നു. ചുരുക്കം ചിലർ പക്ഷേ, ‘അതിനീതിമാന്മാർ’ ആയിത്തീർന്നുകൊണ്ട് അത്തരം മാറ്റങ്ങളിൽ നീരസം പ്രകടമാക്കുന്നു. (സഭാപ്രസംഗി 7:16) അഹങ്കാരമോ സ്വതന്ത്ര ചിന്താഗതിയോ നിമിത്തമായിരിക്കാം ചിലർ ആ കെണിയിൽ വീണുപോകുന്നത്. എന്തുതന്നെയായിരുന്നാലും അത്തരം പിറുപിറുപ്പ് ഹാനികരമാണ്, അതിനു നമ്മെ ലോകത്തിലേക്കും അതിന്റെ വഴികളിലേക്കും തിരികെ കൊണ്ടുപോകാൻ കഴിയും.
15 വിശ്വസ്തനും വിവേകിയുമായ അടിമയുടെ പ്രസിദ്ധീകരണങ്ങളിലെ ചില കാര്യങ്ങളിൽ കുറ്റം കണ്ടെത്താൻ ശ്രമിക്കുകയും അതു സംബന്ധിച്ചു പരാതിപ്പെടുകയും ചെയ്ത എമ്മാനുവേൽ എന്ന ഒരു സാക്ഷിയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. (മത്തായി 24:45) അദ്ദേഹം നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ വായന നിറുത്തിക്കളയുകയും ഒടുവിൽ, താൻ യഹോവയുടെ സാക്ഷികളിൽ ഒരുവൻ ആയിരിക്കാൻ ഇനിമേൽ ആഗ്രഹിക്കുന്നില്ലെന്ന് പ്രാദേശിക സഭയിലെ മൂപ്പന്മാരോടു പറയുകയും ചെയ്തു. എന്നിരുന്നാലും ചുരുങ്ങിയ ഒരു കാലത്തിനുശേഷം യഹോവയുടെ സംഘടനയുടെ പഠിപ്പിക്കലുകൾ യഥാർഥത്തിൽ ശരിയായിരുന്നുവെന്ന് എമ്മാനുവേൽ തിരിച്ചറിയാൻ ഇടയായി. അദ്ദേഹം സാക്ഷികളുമായി ബന്ധപ്പെടുകയും തനിക്കു തെറ്റുപറ്റിയെന്നു സമ്മതിക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികളിൽ ഒരുവനായി പുനഃസ്ഥിതീകരിക്കപ്പെട്ട അദ്ദേഹം ഇപ്പോൾ സന്തുഷ്ട ജീവിതം നയിക്കുന്നു.
16. ചില ക്രിസ്തീയ പഠിപ്പിക്കലുകൾ സംബന്ധിച്ച സംശയങ്ങൾ മറികടക്കാൻ നമ്മെ എന്തു സഹായിക്കും?
16 യഹോവയുടെ സംഘടനയുടെ ചില പഠിപ്പിക്കലുകളെക്കുറിച്ചുള്ള സംശയങ്ങൾ നിമിത്തം നമുക്കു പിറുപിറുക്കാൻ പ്രവണത തോന്നുന്നുവെങ്കിൽ എന്തു ചെയ്യണം? ഒരിക്കലും അക്ഷമരായിത്തീരരുത്. നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം പ്രദാനം ചെയ്തുകൊണ്ട് നമ്മുടെ സംശയങ്ങൾ ദൂരികരിക്കുന്ന വിവരങ്ങൾ വിശ്വസ്ത അടിമ ഒരുനാൾ പ്രസിദ്ധീകരിച്ചേക്കാം. ക്രിസ്തീയ മൂപ്പന്മാരുടെ സഹായം തേടുന്നതു ജ്ഞാനമായിരിക്കും. (യൂദാ 22, 23) കൂടാതെ, സംശയങ്ങൾ ദൂരികരിക്കാനും ആശയവിനിമയത്തിനുള്ള യഹോവയുടെ സരണിയിലൂടെ നാം പഠിച്ചിട്ടുള്ളതും വിശ്വാസത്തെ ബലപ്പെടുത്തുന്നതുമായ ബൈബിൾസത്യങ്ങളോടുള്ള നമ്മുടെ വിലമതിപ്പ് ആഴമുള്ളതാക്കിത്തീർക്കാനും ആത്മീയ മനസ്കരായ സഹവിശ്വാസികളുമായുള്ള സഹവാസവും പ്രാർഥനയും വ്യക്തിപരമായ പഠനവും നമ്മെ സഹായിക്കും.
ക്രിയാത്മക മനോഭാവം നിലനിറുത്തുക
17, 18. പിറുപിറുക്കുന്നതിനു പകരം നാം എന്തു മനോഭാവം പ്രകടമാക്കണം, എന്തുകൊണ്ട്?
17 അപൂർണ മനുഷ്യർക്കു പാപം ചെയ്യാനുള്ള സ്വാഭാവിക പ്രവണതയുണ്ടെന്നതു സത്യംതന്നെ. അടിസ്ഥാനരഹിതമായി പരാതികൾ ഉന്നയിക്കാനുള്ള ചായ്വ് ചിലരുടെ കാര്യത്തിൽ വളരെ ശക്തവുമാണ്. (ഉല്പത്തി 8:21; റോമർ 5:12) എന്നാൽ പരാതിപ്പെടുന്നത് ഒരു ശീലമാക്കിയാൽ യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ നാം അപകടപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. അതുകൊണ്ട് പിറുപിറുക്കാനുള്ള ഏതൊരു പ്രവണതയ്ക്കും നാം കടിഞ്ഞാണിടണം.
18 സഭയിലെ കാര്യാദികൾ സംബന്ധിച്ചു പിറുപിറുക്കുന്നതിനു പകരം നാം ഒരു ക്രിയാത്മക മനോഭാവം നിലനിറുത്തണം. കൂടാതെ സന്തോഷവും ഭക്തിയും സമനിലയും ദൃഢവിശ്വാസവും ഉള്ളവരായിരിക്കാനും തിരക്കുള്ളവരായിത്തുടരാനും നമ്മെ സഹായിക്കുന്ന ഒരു പ്രവർത്തന പട്ടിക പിൻപറ്റുകയും വേണം. (1 കൊരിന്ത്യർ 15:58; തീത്തൊസ് 2:1-5) തന്റെ സംഘടനയുടെ എല്ലാ കാര്യങ്ങളുടെമേലും യഹോവയ്ക്കു പൂർണ നിയന്ത്രണമുണ്ട്. തന്നെയുമല്ല ഒന്നാം നൂറ്റാണ്ടിലെപ്പോലെ ഓരോ സഭയിലെയും സംഭവവികാസങ്ങളെക്കുറിച്ച് യേശുവിനും നന്നായി അറിയാം. (വെളിപ്പാടു 1:10, 11) ദൈവത്തിനും സഭയുടെ ശിരസ്സായ ക്രിസ്തുവിനുംവേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ഉത്തരവാദിത്വപ്പെട്ട ഇടയന്മാരെ ഉപയോഗിച്ച് അവർ കാര്യങ്ങൾ നേരെയാക്കിയേക്കാം.—സങ്കീർത്തനം 43:5; കൊലൊസ്സ്യർ 1:18; തീത്തൊസ് 1:5.
19. ദൈവരാജ്യം മനുഷ്യവർഗത്തിന്റെ കാര്യാദികളുടെമേൽ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ നാം ഏതു കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണം?
19 ഈ വ്യവസ്ഥിതിക്കു പെട്ടെന്നുതന്നെ തിരശ്ശീല വീഴുമ്പോൾ മിശിഹൈക രാജ്യം മനുഷ്യവർഗത്തിന്റെ കാര്യാദികളുടെമേൽ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കും. അതുവരെ നാമെല്ലാവരും ഒരു ക്രിയാത്മക മനോഭാവം നിലനിറുത്തുന്നത് എത്ര പ്രധാനമാണ്! സഹവിശ്വാസികളുടെ പിഴവുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം അവരുടെ സദ്ഗുണങ്ങൾ കാണാൻ അതു നമ്മെ സഹായിക്കും. അവരുടെ വ്യക്തിത്വത്തിന്റെ നല്ല വശങ്ങളെക്കുറിച്ചു ചിന്തിക്കുന്നതു നമ്മെ സന്തുഷ്ടരാക്കും. വൈകാരികമായി നമ്മെ തളർത്തുന്ന പിറുപിറുപ്പിൽ ഏർപ്പെടുന്നതിനു പകരം പ്രോത്സാഹിതരാകാനും ആത്മീയമായി ബലിഷ്ഠരാകാനും അതു നമ്മെ സഹായിക്കും.
20. ഏത് അനുഗ്രഹങ്ങൾ ആസ്വദിക്കാൻ ഒരു ക്രിയാത്മക മനോഭാവം നമ്മെ സഹായിക്കും?
20 യഹോവയുടെ ഭൗമിക സംഘടനയോടു സഹവസിക്കുന്നതിന്റെ ഫലമായി നാം ആസ്വദിക്കുന്ന അനേകം അനുഗ്രഹങ്ങൾ മറക്കാതിരിക്കാനും ക്രിയാത്മക മനോഭാവം നമ്മെ സഹായിക്കും. അഖിലാണ്ഡ പരമാധികാരിയോടു വിശ്വസ്തത പുലർത്തുന്ന, ലോകത്തിലെ ഒരേയൊരു സംഘടനയാണിത്. ആ വസ്തുതയും ഏകസത്യ ദൈവമായ യഹോവയുടെ ആരാധകരായിരിക്കാനുള്ള ബഹുമതിയും കണക്കിലെടുക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു? “പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു. നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും” എന്നു പാടിയ ദാവീദിന്റേതുപോലെ ആയിരിക്കട്ടെ നിങ്ങളുടെ മനോഭാവം.—സങ്കീർത്തനം 65:2, 4.
നിങ്ങൾ ഓർമിക്കുന്നുവോ?
• സഭയിൽ നേതൃത്വംവഹിക്കുന്നവരെപ്രതി നാം വിലമതിപ്പുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
• ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ തെറ്റു ചെയ്യുമ്പോൾ നമ്മുടെ മനോഭാവം എന്തായിരിക്കണം?
• തിരുവെഴുത്തു ഗ്രാഹ്യം സ്ഫുടം ചെയ്യപ്പെടുമ്പോൾ നമ്മുടെ മനോഭാവം എന്തായിരിക്കണം?
• സംശയങ്ങൾ ദൂരികരിക്കാൻ ഒരു ക്രിസ്ത്യാനിയെ എന്തു സഹായിക്കും?
[അധ്യയന ചോദ്യങ്ങൾ]
[20-ാം പേജിലെ ചിത്രം]
ആലയ നിർമാണത്തിന്റെ പ്ലാൻ ശലോമോനു കൈമാറിക്കൊണ്ട് ദാവീദ് പൂർണഹൃദയത്തോടെ സത്യാരാധനയെ പിന്തുണച്ചു
[23-ാം പേജിലെ ചിത്രം]
ക്രിസ്തീയ മൂപ്പന്മാർ സന്തോഷപൂർവം ആത്മീയ സഹായം പ്രദാനം ചെയ്യുന്നു