വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ബീജസ്ഖലനം, ആർത്തവം, പ്രസവം തുടങ്ങിയ സ്വാഭാവിക കാര്യങ്ങൾ ഒരുവനെ “അശുദ്ധ”നാക്കുന്നതായി മോശൈക ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?
സന്താനോത്പാദനത്തിനും വിവാഹിത ദമ്പതികളുടെ ആസ്വാദനത്തിനുമാണ് ദൈവം ലൈംഗിക പ്രാപ്തി നൽകിയിരിക്കുന്നത്. (ഉല്പത്തി 1:28; സദൃശവാക്യങ്ങൾ 5:15-18) എന്നിരുന്നാലും, ലേവ്യപുസ്തകം 12-ഉം 15-ഉം അധ്യായങ്ങളിൽ ബീജസ്ഖലനം, ആർത്തവം, പ്രസവം എന്നിവ നിമിത്തമുള്ള അശുദ്ധിയോടു ബന്ധപ്പെട്ട നിയമങ്ങൾ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത് കാണാം. (ലേവ്യപുസ്തകം 12:1-6; 15:16-24) പുരാതന ഇസ്രായേലിനു നൽകപ്പെട്ട അത്തരം നിയമങ്ങൾ ആരോഗ്യാവഹമായ ഒരു ജീവിതരീതിയെ ഉന്നമിപ്പിച്ചെന്നു മാത്രമല്ല ഉയർന്ന ധാർമിക മൂല്യങ്ങൾ എടുത്തുകാട്ടുകയും രക്തത്തിന്റെ പവിത്രതയ്ക്കും പാപങ്ങൾക്ക് പ്രായശ്ചിത്തം ആവശ്യമാണെന്ന വസ്തുതയ്ക്കും ഊന്നൽ നൽകുകയും ചെയ്തു.
ലൈംഗിക കാര്യങ്ങളോടു ബന്ധപ്പെട്ട് മോശൈക ന്യായപ്രമാണത്തിൽ വ്യവസ്ഥചെയ്തിരുന്ന സംഗതികൾ മറ്റു കാര്യങ്ങളോടൊപ്പം ഇസ്രായേല്യരുടെ പൊതുവായ ആരോഗ്യത്തിനും സംഭാവന ചെയ്തു. ബൈബിളും ആധുനിക വൈദ്യശാസ്ത്രവും (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം ഇങ്ങനെ പറയുന്നു: “ആർത്തവകാലത്ത് ശാരീരിക ബന്ധം പാടില്ലെന്ന നിയമം ചില ലൈംഗിക രോഗങ്ങളിൽനിന്നുള്ള ഫലകരമായ സംരക്ഷണമായിരുന്നു . . . ഗർഭാശയമുഖ കാൻസർ ഉണ്ടാകാതിരിക്കാനും അതു സഹായിക്കുമായിരുന്നു.” അക്കാലത്ത് അജ്ഞാതമായിരുന്നതോ ഒരുപക്ഷേ കണ്ടുപിടിക്കപ്പെടുകയില്ലായിരുന്നതോ ആയ രോഗങ്ങളിൽനിന്ന് അത്തരം നിയമങ്ങൾ ദൈവജനത്തെ സംരക്ഷിച്ചു. ദൈവം അവർക്ക് വർധനയും ഐശ്വര്യവും വാഗ്ദാനം ചെയ്തിരുന്നു. ലൈംഗിക കാര്യങ്ങളോടു ബന്ധപ്പെട്ട ശുദ്ധി ആ ജനതയുടെ അംഗബലം വർധിപ്പിച്ചു. (ഉല്പത്തി 15:5; 22:17) ദൈവജനത്തിന്റെ വൈകാരിക ആരോഗ്യസംരക്ഷണത്തിനും അവ ഉതകി. ഈ നിയമങ്ങൾ പാലിക്കുകവഴി ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ലൈംഗിക വികാരങ്ങൾ നിയന്ത്രിക്കാൻ പഠിച്ചു.
എന്നാൽ ലൈംഗിക കാര്യങ്ങളോടു ബന്ധപ്പെട്ട അശുദ്ധിയിൽ ഏറ്റവും പ്രധാനപ്പെട്ടത് രക്തസ്രാവമാണ്. രക്തം സംബന്ധിച്ച ദൈവനിയമം, രക്തത്തിന്റെ പവിത്രത മാത്രമല്ല യഹോവയുടെ ആരാധനയിൽ, അതായത് യാഗങ്ങളിലും പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യുന്നതിലും രക്തത്തിനുള്ള പ്രത്യേക പങ്കു സംബന്ധിച്ചും ഇസ്രായേല്യരെ ബോധ്യപ്പെടുത്തി.—ലേവ്യപുസ്തകം 17:11; ആവർത്തനപുസ്തകം 12:23, 24, 27.
അതുകൊണ്ട് ഇതു സംബന്ധിച്ചുള്ള ന്യായപ്രമാണത്തിലെ സവിസ്തരമായ വ്യവസ്ഥകൾ മാനുഷിക അപൂർണതയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. പാപം ചെയ്തതുകൊണ്ട് ആദാമിനും ഹവ്വായ്ക്കും പൂർണതയുള്ള മക്കളെ ഉളവാക്കാൻ കഴിഞ്ഞില്ലെന്ന് ഇസ്രായേല്യർക്ക് അറിയാമായിരുന്നു. അവരുടെ സന്തതിപരമ്പരകളെല്ലാം കൈമാറിക്കിട്ടിയ പാപത്തിന്റെ ഫലങ്ങൾ, അതായത് അപൂർണതയും മരണവും അനുഭവിക്കുമായിരുന്നു. (റോമർ 5:12) ഇതു നിമിത്തം മാതാപിതാക്കൾക്ക് അപൂർണവും പാപപൂർണവുമായ ജീവൻ മാത്രമേ തങ്ങളുടെ മക്കൾക്കു നൽകാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇതായിരുന്നില്ല ദൈവം ആദിയിൽ ഉദ്ദേശിച്ചിരുന്നത്. വിവാഹക്രമീകരണത്തിലൂടെ തങ്ങളുടെ മക്കൾക്കു പൂർണജീവൻ നൽകാനാണ് മനുഷ്യന്റെ പ്രത്യുത്പാദന അവയവങ്ങൾ തുടക്കത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ടത്.
ന്യായപ്രമാണത്തിലെ ശുദ്ധീകരണ വ്യവസ്ഥകൾ, തങ്ങൾക്കു കൈമാറിക്കിട്ടിയ പാപാവസ്ഥയെക്കുറിച്ചും പാപപരിഹാരത്തിനായുള്ള ഒരു മറുവിലയാഗത്തിന്റെയും മാനുഷിക പൂർണതയിലേക്കു തിരിച്ചുവരേണ്ടതിന്റെയും ആവശ്യത്തെക്കുറിച്ചും അവരെ ഓർമപ്പെടുത്തുമായിരുന്നു. അവരുടെ മൃഗബലികൾകൊണ്ട് അതൊന്നും സാധിക്കുമായിരുന്നില്ല. (എബ്രായർ 10:3, 4) ഇസ്രായേല്യരെ ക്രിസ്തുവിലേക്കു നയിക്കുക, പാപങ്ങൾക്ക് യഥാർഥ ക്ഷമ സാധ്യമാകുന്നതും വിശ്വസ്തർക്ക് നിത്യജീവനിലേക്കുള്ള വഴി തുറന്നുകിട്ടുന്നതും ആ ഒരുവന്റെ പൂർണതയുള്ള മാനുഷിക ബലി മുഖാന്തരമാണെന്നു തിരിച്ചറിയാൻ അവരെ സഹായിക്കുക എന്നിവയൊക്കെയായിരുന്നു മോശൈക ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം.—ഗലാത്യർ 3:24; എബ്രായർ 9:13, 14.