വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശാസ്‌ത്രവും ബൈബിളും വാസ്‌തവത്തിൽ പരസ്‌പരവിരുദ്ധമോ?

ശാസ്‌ത്രവും ബൈബിളും വാസ്‌തവത്തിൽ പരസ്‌പരവിരുദ്ധമോ?

ശാസ്‌ത്രവും ബൈബിളും വാസ്‌തവത്തിൽ പരസ്‌പരവിരുദ്ധമോ?

കോപ്പർനിക്കസും ഗലീലിയോയും ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ, ഗലീലിയോയും കത്തോലിക്കാ സഭയും തമ്മിലുള്ള ആശയ സംഘട്ടനത്തിന്റെ വിത്തു പാകിക്കഴിഞ്ഞിരുന്നു. പ്രാചീന ഗ്രീക്കുകാർ, പ്രപഞ്ചത്തെക്കുറിച്ചുള്ള ഭൗമകേന്ദ്രീയ വീക്ഷണം സ്വീകരിക്കുകയും തത്ത്വചിന്തകനായ അരിസ്റ്റോട്ടിലും (പൊതുയുഗത്തിനുമുമ്പ്‌ [പൊ.യു.മു.] 384-322) ജ്യോതിശ്ശാസ്‌ത്രജ്ഞനും ജ്യോതിഷപണ്ഡിതനും ആയ ടോളമിയും (പൊതുയുഗം രണ്ടാം നൂറ്റാണ്ട്‌) അതിനു ജനസമ്മിതി നേടിക്കൊടുക്കുകയും ചെയ്‌തു. *

പ്രപഞ്ചത്തെക്കുറിച്ചുള്ള അരിസ്റ്റോട്ടിലിന്റെ വീക്ഷണം, ഗ്രീക്ക്‌ ഗണിതശാസ്‌ത്രജ്ഞനും തത്ത്വചിന്തകനും ആയ പൈതഗോറസിനാൽ (പൊ.യു.മു. ആറാം നൂറ്റാണ്ട്‌) സ്വാധീനിക്കപ്പെട്ടിരുന്നു. വൃത്തവും ഗോളവും പൂർണതയുള്ള ആകൃതികളാണെന്ന പൈതഗോറസിന്റെ വീക്ഷണം സ്വീകരിച്ചുകൊണ്ട്‌, ഒന്നിനുള്ളിൽ മറ്റൊന്ന്‌ എന്ന കണക്കിനുള്ള ഗോളങ്ങളുടെ ഒരു പരമ്പരയാണ്‌ ആകാശം എന്ന്‌ അരിസ്റ്റോട്ടിൽ വിശ്വസിച്ചു, ഉള്ളിയുടെ ഇതളുകൾപോലെ. ഓരോ ഇതളും പളുങ്കുകൊണ്ടാണു നിർമിക്കപ്പെട്ടിരിക്കുന്നത്‌, അവയുടെ നടുവിൽ ഭൂമി. ദിവ്യ ശക്തിയുടെ ഉറവായ ഏറ്റവും പുറമെയുള്ള മണ്ഡലത്തിൽനിന്നു ലഭിക്കുന്ന ശക്തികൊണ്ട്‌ നക്ഷത്രങ്ങൾ വൃത്താകൃതിയിൽ ചലിക്കുന്നുവെന്നും അദ്ദേഹം വിശ്വസിച്ചു. സൂര്യനും മറ്റ്‌ ആകാശഗോളങ്ങളും പൂർണതയുള്ളവയാണെന്നും അവയിൽ യാതൊരു കളങ്കവും ഇല്ലെന്നും അവയ്‌ക്കു മാറ്റമുണ്ടാകില്ലെന്നും അരിസ്റ്റോട്ടിൽ വിശ്വസിച്ചിരുന്നു.

അരിസ്റ്റോട്ടിലിന്റെ മഹത്തായ സിദ്ധാന്തങ്ങൾ തത്ത്വചിന്തയുടെ സന്തതികളായിരുന്നു, ശാസ്‌ത്രത്തിന്റേത്‌ ആയിരുന്നില്ല. ഭൂമി ചലിക്കുന്നുവെന്നത്‌ സാമാന്യബുദ്ധിക്കു നിരക്കുന്നതല്ലെന്ന്‌ അദ്ദേഹം വിചാരിച്ചു. ഭൂമിയുടെ ചലനത്തിനു ഘർഷണം ഒരു തടസ്സമായിരിക്കുമെന്നും തുടർച്ചയായി ശക്തി പ്രയോഗിക്കപ്പെടുന്നില്ലെങ്കിൽ, അതു നിശ്ചലമായിപ്പോകുമെന്നും വിശ്വസിച്ചതിനാൽ ശൂന്യത അഥവാ ശൂന്യാകാശം എന്ന ആശയം അദ്ദേഹം നിരസിച്ചു. അന്ന്‌ ലഭ്യമായിരുന്ന അറിവിന്റെ ചട്ടക്കൂടിനുള്ളിൽ അരിസ്റ്റോട്ടിലിന്റെ ആശയം ന്യായയുക്തമായി കാണപ്പെട്ടതുകൊണ്ട്‌, അത്‌ അതിന്റെ അടിസ്ഥാന രൂപത്തിൽ 2,000 വർഷത്തോളം നിലനിന്നു. 16-ാം നൂറ്റാണ്ടിൽപ്പോലും, ഫ്രഞ്ച്‌ തത്ത്വചിന്തകനായ ഴാങ്‌ ബോഡിൻ ജനസമ്മതിയുള്ള ആ വീക്ഷണം പ്രകടിപ്പിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സുബോധമുള്ള, ഭൗതികശാസ്‌ത്രത്തിൽ നാമമാത്രമായ പരിജ്ഞാനമെങ്കിലുമുള്ള ആരും, ഭീമവും ഭാരിച്ചതും ആയ ഭൂമി . . . സ്വന്തം അച്ചുതണ്ടിൽ കറങ്ങുകയും സൂര്യനെ ചുറ്റുകയും ചെയ്യുമെന്ന്‌ ഒരിക്കലും വിചാരിക്കുകയില്ല; കാരണം, ഭൂമി ചെറുതായൊന്നു ചലിച്ചാൽപ്പോലും നഗരങ്ങളും കോട്ടകളും പട്ടണങ്ങളും പർവതങ്ങളും നിലംപൊത്തുന്നതു നാം കാണും.”

സഭ അരിസ്റ്റോട്ടിലിന്റെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നു

ഗലീലിയോയും സഭയും തമ്മിലുള്ള ആശയ സംഘട്ടനത്തിലേക്കു നയിച്ച മറ്റൊരു സംഭവവികാസം 13-ാം നൂറ്റാണ്ടിൽ ഉണ്ടായി, കത്തോലിക്കാ പ്രാമാണികനായിരുന്ന തോമസ്‌ അക്വിനാസ്‌ (1225-74) ഉൾപ്പെട്ടതായിരുന്നു അത്‌. അക്വിനാസ്‌ അരിസ്റ്റോട്ടിലിനെ വളരെയധികം ബഹുമാനിച്ചിരുന്നു, അദ്ദേഹത്തെ തത്ത്വചിന്തകരിൽ അഗ്രഗണ്യൻ എന്നാണ്‌ അക്വിനാസ്‌ വിശേഷിപ്പിച്ചത്‌. അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയും സഭയുടെ പഠിപ്പിക്കലും കോർത്തിണക്കാൻ അക്വിനാസ്‌ അഞ്ചു കൊല്ലം കഠിനാധ്വാനം ചെയ്‌തു. ഗലീലിയോയുടെ കാലമായപ്പോഴേക്കും “അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയും സഭയുടെ പഠിപ്പിക്കലും ചേർന്ന അക്വിനാസിന്റെ ദൈവശാസ്‌ത്രം റോമിലെ സഭയുടെ അടിസ്ഥാന പ്രമാണമായിക്കഴിഞ്ഞിരുന്നു” എന്ന്‌ ഗലീലിയോയുടെ പിശക്‌ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ വെയ്‌ഡ്‌ റോളണ്ട്‌ പറയുന്നു. അക്കാലത്ത്‌ ശാസ്‌ത്രജ്ഞന്മാർക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുമായിരുന്നില്ലെന്നതും മനസ്സിൽപ്പിടിക്കുക. വിദ്യാഭ്യാസം ഏറിയപങ്കും സഭയുടെ നിയന്ത്രണത്തിലായിരുന്നു. ശാസ്‌ത്രത്തിന്റെയും മതത്തിന്റെയും കടിഞ്ഞാൺ മിക്കപ്പോഴും ഒരു കയ്യിൽത്തന്നെ ആയിരുന്നു.

ഈ സംഭവവികാസങ്ങളാണ്‌ സഭയും ഗലീലിയോയും തമ്മിലുള്ള സംഘട്ടനത്തിനു കളമൊരുക്കിയത്‌. ജ്യോതിശ്ശാസ്‌ത്രപഠനത്തിൽ ഏർപ്പെടുന്നതിനു മുമ്പുതന്നെ ഗലീലിയോ ചലനത്തെക്കുറിച്ച്‌ ഒരു പ്രബന്ധം എഴുതിയിരുന്നു. അത്യന്തം ആദരിക്കപ്പെട്ടിരുന്ന അരിസ്റ്റോട്ടിലിന്റെ പല അനുമാനങ്ങളെയും അതിൽ ചോദ്യംചെയ്‌തിരുന്നു. എന്നിരുന്നാലും, സൗരകേന്ദ്രീയ സിദ്ധാന്തത്തിന്‌ ഗലീലിയോ നൽകിയ അചഞ്ചലമായ പിന്തുണയും അത്‌ തിരുവെഴുത്തുകൾക്കു ചേർച്ചയിലാണെന്ന അദ്ദേഹത്തിന്റെ ഉറച്ച വാദഗതിയുമാണ്‌ 1633-ൽ മതവിചാരണക്കോടതി അദ്ദേഹത്തെ വിചാരണ ചെയ്യുന്നതിലേക്കു നയിച്ചത്‌.

തന്റെ ഭാഗം വാദിക്കാൻ ശ്രമിക്കെ, ദൈവത്തിന്റെ നിശ്വസ്‌ത വചനമെന്ന നിലയിൽ ബൈബിളിൽ തനിക്കുള്ള ശക്തമായ വിശ്വാസം അദ്ദേഹം വ്യക്തമാക്കി. കൂടാതെ, തിരുവെഴുത്തുകൾ സാധാരണക്കാർക്കുവേണ്ടി എഴുതപ്പെട്ടതാണെന്നും സൂര്യന്റെ ചലനത്തെക്കുറിച്ചുള്ള ബൈബിളിന്റെ പരാമർശങ്ങൾ അക്ഷരാർഥത്തിൽ വ്യാഖ്യാനിക്കാവുന്നതല്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വാദഗതികളെല്ലാം ജലരേഖകളായിപ്പോയി. ഗ്രീക്കു തത്ത്വചിന്തയിൽ അടിസ്ഥാനപ്പെട്ടിരുന്ന തിരുവെഴുത്തു വ്യാഖ്യാനം നിരാകരിച്ചതിനാൽ അദ്ദേഹത്തെ കുറ്റക്കാരനെന്നു വിധിച്ചു! ഗലീലിയോയുടെ കാര്യത്തിൽ തങ്ങൾക്കു പറ്റിയ പിഴവ്‌ 1992 വരെ കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചില്ല.

ഉൾക്കൊള്ളേണ്ട പാഠങ്ങൾ

ഈ സംഭവങ്ങളിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും? ഗലീലിയോയ്‌ക്ക്‌ ബൈബിളുമായി ഒരു വിയോജിപ്പുമില്ലായിരുന്നു എന്നതാണ്‌ ഒരു സംഗതി. മറിച്ച്‌ അദ്ദേഹം ചോദ്യംചെയ്‌തത്‌ സഭയുടെ പഠിപ്പിക്കലുകളാണ്‌. ഒരു മതലേഖകൻ ഇങ്ങനെ പറഞ്ഞു: “സഭ ബൈബിൾ സത്യങ്ങൾ അതിശക്തമായി മുറുകെപ്പിടിച്ചു എന്നല്ല, പകരം വേണ്ടത്ര മുറുകെപ്പിടിച്ചില്ല എന്നാണെന്നു തോന്നുന്നു ഗലീലിയോയിൽനിന്നു പഠിക്കേണ്ട പാഠം.” ഗ്രീക്കു തത്ത്വശാസ്‌ത്രം തങ്ങളുടെ ദൈവശാസ്‌ത്രത്തെ സ്വാധീനിക്കാൻ അനുവദിക്കുകവഴി സഭ, ബൈബിൾ പഠിപ്പിക്കലുകൾക്കു പകരം പാരമ്പര്യത്തിനു കീഴടങ്ങി.

ഈ സംഗതികളെല്ലാം ബൈബിൾ നൽകുന്ന ഒരു മുന്നറിയിപ്പ്‌ നമ്മെ അനുസ്‌മരിപ്പിക്കുന്നു: “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്‌തുവിന്നു ഒത്തവണ്ണമുള്ളതല്ല.”​—⁠കൊലൊസ്സ്യർ 2:⁠8.

ക്രൈസ്‌തവലോകത്തിൽപ്പെട്ട പല ആളുകളും ഇന്നും ബൈബിളിനു വിരുദ്ധമായ സിദ്ധാന്തങ്ങളും തത്ത്വശാസ്‌ത്രങ്ങളും ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. അതിന്‌ ഒരു ഉദാഹരണമാണ്‌ ബൈബിളിലെ ഉല്‌പത്തി പുസ്‌തകത്തിലുള്ള സൃഷ്ടിപ്പിൻ വിവരണത്തിന്റെ സ്ഥാനത്ത്‌ അവർ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഡാർവിന്റെ പരിണാമസിദ്ധാന്തം. ഇങ്ങനെ ചെയ്‌തുകൊണ്ട്‌ സഭകൾ ഫലത്തിൽ, ഡാർവിനെ ഒരു ആധുനികകാല അരിസ്റ്റോട്ടിലും പരിണാമത്തെ ഒരു വിശ്വാസപ്രമാണവും ആക്കി മാറ്റിയിരിക്കുകയാണ്‌. *

യഥാർഥ ശാസ്‌ത്രം ബൈബിളിനോടു യോജിക്കുന്നു

മേൽപ്പറഞ്ഞ വിവരങ്ങൾ ശാസ്‌ത്രത്തിലുള്ള നിങ്ങളുടെ താത്‌പര്യത്തെ ഒരു പ്രകാരത്തിലും കുറയ്‌ക്കരുത്‌. ദൈവത്തിന്റെ കരവേലയെക്കുറിച്ചു മനസ്സിലാക്കാനും നാം കാണുന്ന സംഗതികളിൽനിന്നു ദൈവത്തിന്റെ അത്ഭുതാവഹമായ ഗുണങ്ങൾ വിവേചിച്ചറിയാനും ബൈബിൾതന്നെ നമ്മെ ക്ഷണിക്കുന്നു. (യെശയ്യാവു 40:26; റോമർ 1:20) ബൈബിൾ ഒരു ശാസ്‌ത്രഗ്രന്ഥമല്ല എന്നതു ശരിതന്നെ. എന്നാൽ ദൈവത്തിന്റെ നിലവാരങ്ങൾ, സൃഷ്ടിക്കു തനിയെ വെളിപ്പെടുത്താൻ കഴിയാത്ത അവന്റെ വ്യക്തിത്വ സവിശേഷതകൾ, മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യം എന്നിവയെല്ലാം അതു വെളിപ്പെടുത്തുന്നു. (സങ്കീർത്തനം 19:⁠7-11; 2 തിമൊഥെയൊസ്‌ 3:⁠16, 17) എന്നിരുന്നാലും പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ചു പറയുമ്പോൾ അത്‌ തുടർച്ചയായി കൃത്യത പുലർത്തുന്നു. ഗലീലിയോതന്നെ ഇങ്ങനെ പറഞ്ഞു: “വിശുദ്ധ തിരുവെഴുത്തുകളും പ്രകൃതിയും ദൈവത്തിന്റെ ആജ്ഞയാൽ ഉരുവായതാണ്‌. . . . സത്യമായ രണ്ടു കാര്യങ്ങൾക്ക്‌ ഒരിക്കലും പരസ്‌പരവിരുദ്ധം ആയിരിക്കാൻ കഴിയില്ല.” പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുക.

നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനത്തെക്കാൾ കൂടുതൽ അടിസ്ഥാനപരമായ കാര്യമാണ്‌ പ്രപഞ്ചത്തിലുള്ള മുഴുവൻ ദ്രവ്യവും ഗുരുത്വാകർഷണം പോലുള്ള നിയമങ്ങളാൽ ഭരിക്കപ്പെടുന്നു എന്നത്‌. ഭൗതിക നിയമങ്ങളെക്കുറിച്ചുള്ള അറിയപ്പെടുന്ന ബൈബിളേതര പരാമർശങ്ങളിൽ ഏറ്റവും പഴക്കംചെന്നത്‌ പൈതഗോറസിന്റേതാണ്‌. പ്രപഞ്ചത്തെ സംഖ്യകളാൽ വിശദീകരിക്കാൻ കഴിയുമെന്ന്‌ അതായത്‌, പ്രപഞ്ചവസ്‌തുക്കളുടെ ചലനം ഗണിതശാസ്‌ത്രപരമായ കണക്കുകൂട്ടലുകളാൽ വിശദീകരിക്കാൻ കഴിയുമെന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നു. ഒടുവിൽ രണ്ടായിരം വർഷങ്ങൾക്കുശേഷം, ദ്രവ്യം യുക്തിക്കു നിരക്കുന്ന നിയമങ്ങളാൽ ഭരിക്കപ്പെടുന്നെന്ന്‌ ഗലീലിയോ, കെപ്ലർ, ന്യൂട്ടൺ എന്നിവർ തെളിയിച്ചു.

പ്രകൃതി നിയമങ്ങൾ സംബന്ധിച്ച ഏറ്റവും ആദ്യത്തെ ബൈബിൾ പരാമർശം ഇയ്യോബിന്റെ പുസ്‌തകത്തിലാണുള്ളത്‌. പൊ.യു.മു. ഏകദേശം 1600-ൽ ദൈവം ഇയ്യോബിനോട്‌ ഇങ്ങനെ ചോദിച്ചു: “ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ?” (ഇയ്യോബ്‌ 38:⁠33) പൊ.യു.മു. ഏഴാം നൂറ്റാണ്ടിൽ രേഖപ്പെടുത്തപ്പെട്ട യിരെമ്യാവിന്റെ പുസ്‌തകം യഹോവയെ ‘ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെയും [അഥവാ നിയമത്തെയും]’ “ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ”യെയും നിയമിച്ചവൻ എന്നു പരാമർശിക്കുന്നു. (യിരെമ്യാവു 31:⁠35; 33:⁠25) ഈ പ്രസ്‌താവനകളുടെ വെളിച്ചത്തിൽ, ബൈബിൾ ഭാഷ്യകാരനായ ജി. റോളിൻസൺ ഇങ്ങനെ പ്രസ്‌താവിച്ചു: “ഭൗതിക ലോകത്തിൽ പ്രബലമായിരിക്കുന്ന നിയമങ്ങൾ വിശുദ്ധ [തിരുവെഴുത്തുകളുടെ] എഴുത്തുകാരും ആധുനിക ശാസ്‌ത്രവും പ്രായേണ ഒരുപോലെ സ്ഥിരീകരിക്കുന്നു.”

ഭൗതിക നിയമങ്ങൾ സംബന്ധിച്ച്‌ ഇയ്യോബിന്റെ പുസ്‌തകത്തിലെ പരാമർശത്തിന്‌ ഏകദേശം ആയിരം വർഷത്തിനുശേഷമാണ്‌ പൈതഗോറസ്‌ തന്റെ പ്രസ്‌താവന രേഖപ്പെടുത്തുന്നത്‌. ബൈബിളിന്റെ ലക്ഷ്യം കേവലം ഭൗതിക വസ്‌തുതകൾ വെളിപ്പെടുത്തുക എന്നതല്ല, മറിച്ച്‌ യഹോവയാണ്‌ എല്ലാറ്റിന്റെയും സ്രഷ്ടാവ്‌​—⁠ഭൗതിക നിയമങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള വ്യക്തി​—⁠എന്ന്‌ നമ്മെ അറിയിക്കുക എന്നതാണെന്നു മനസ്സിൽപ്പിടിക്കുക.​—⁠ഇയ്യോബ്‌ 38:⁠4, 13; 42:⁠1, 2.

നമുക്കു പരിചിന്തിക്കാൻ കഴിയുന്ന മറ്റൊരു ഉദാഹരണം ഭൂമിയിലെ ജലം, ജലപരിവൃത്തി എന്ന ഒരു പ്രക്രിയയിലൂടെ കടന്നുപോകുന്നതു സംബന്ധിച്ചുള്ളതാണ്‌. ലളിതമായി പറഞ്ഞാൽ അത്‌ ഇങ്ങനെയാണ്‌: കടലിൽനിന്നു ജലം ആവിയായി പൊങ്ങുന്നു, മേഘങ്ങൾ രൂപംകൊള്ളുന്നു, മഴയോ മഞ്ഞോ ആയി ഭൂമിയിൽ പതിക്കുന്നു, തിരികെ കടലിൽ എത്തുന്നു. ഇതിനെക്കുറിച്ചു നിലവിലുള്ള ഏറ്റവും പഴക്കമുള്ള ബൈബിളേതര പരാമർശങ്ങൾ പൊ.യു.മു. നാലാം നൂറ്റാണ്ടിലേതാണ്‌. എന്നാൽ അതിനു നൂറുകണക്കിനു വർഷംമുമ്പ്‌ ബൈബിളിൽ ആ വസ്‌തുത രേഖപ്പെടുത്തിയിരുന്നു. ദൃഷ്ടാന്തത്തിന്‌ പൊ.യു.മു. 11-ാം നൂറ്റാണ്ടിൽ ഇസ്രായേലിലെ ശലോമോൻ രാജാവ്‌ ഇങ്ങനെ എഴുതി: “സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.”​—⁠സഭാപ്രസംഗി 1:⁠7.

സമാനമായി പൊ.യു.മു. ഏകദേശം 800-ൽ, ഒരു എളിയ ആട്ടിടയനും കൃഷിക്കാരനും ആയിരുന്ന ആമോസ്‌ പ്രവാചകൻ ‘സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരുന്നവൻ’ എന്ന്‌ യഹോവയെ വിശേഷിപ്പിക്കുകയുണ്ടായി. (ആമോസ്‌ 5:⁠8) സങ്കീർണവും സാങ്കേതികവും ആയ ഭാഷ ഉപയോഗിക്കാതെതന്നെ ശലോമോനും ആമോസും നേരിയ വ്യത്യാസമുള്ള കാഴ്‌ചപ്പാടുകളിൽ നിന്നുകൊണ്ട്‌ ജലപരിവൃത്തിയെക്കുറിച്ച്‌ കൃത്യമായി വിശദീകരിച്ചു.

ദൈവം “ഭൂമിയെ നാസ്‌തിത്വത്തിന്മേൽ തൂക്കുന്നു” അഥവാ “ഭൂമിയെ ശൂന്യതയുടെമേൽ തൂക്കിയിട്ടിരിക്കുന്നു” (പി.ഒ.സി. ബൈബിൾ) എന്നും ബൈബിൾ പറയുന്നു. (ഇയ്യോബ്‌ 26:⁠7) ഈ വാക്കുകൾ പ്രസ്‌താവിക്കപ്പെട്ട പൊ.യു.മു. ഏകദേശം 1600-ൽ ലഭ്യമായിരുന്ന പരിജ്ഞാനത്തിന്റെ വീക്ഷണത്തിൽ, ഉറപ്പുള്ള ഒരു വസ്‌തു ഭൗതികമായ ഒരു താങ്ങില്ലാതെ ശൂന്യാകാശത്തിൽ തൂങ്ങിനിൽക്കുന്നുവെന്ന്‌ ഉറപ്പിച്ചു പറയാൻ ഒരു സാധാരണക്കാരനു കഴിയുമായിരുന്നില്ല. മുമ്പു സൂചിപ്പിച്ചതുപോലെ, 1,200-ലേറെ വർഷത്തിനുശേഷം ജീവിച്ചിരുന്ന അരിസ്റ്റോട്ടിൽപോലും ശൂന്യതയെന്ന ആശയം തള്ളിക്കളഞ്ഞു!

സാമാന്യബുദ്ധിക്കു നിരക്കുന്നതെന്നു പറയപ്പെട്ട, വാസ്‌തവത്തിൽ അബദ്ധജടിലമായ സിദ്ധാന്തങ്ങൾ നിലനിന്ന കാലത്തും ബൈബിൾ ഇത്ര കൃത്യമായി കാര്യങ്ങൾ പ്രസ്‌താവിക്കുന്നത്‌ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നില്ലേ? ചിന്തിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ബൈബിൾ ദിവ്യനിശ്വസ്‌തമാണെന്നുള്ളതിന്റെ മറ്റൊരു തെളിവാണ്‌ ഇത്‌. അതുകൊണ്ട്‌ ദൈവവചനത്തിനു വിരുദ്ധമായ ഏതെങ്കിലും പഠിപ്പിക്കലുകളാലോ സിദ്ധാന്തങ്ങളാലോ എളുപ്പത്തിൽ സ്വാധീനിക്കപ്പെടാതിരിക്കുന്നതു നമ്മുടെ പക്ഷത്തു ജ്ഞാനമായിരിക്കും. ചരിത്രം ആവർത്തിച്ചു പ്രകടമാക്കിയിട്ടുള്ളതുപോലെ മാനുഷിക തത്ത്വശാസ്‌ത്രങ്ങൾ, പണ്ഡിതശ്രേഷ്‌ഠന്മാരുടേതായാലും ശരി, വരികയും പോവുകയും ചെയ്യും, എന്നാൽ “കർത്താവിന്റെ [യഹോവയുടെ] വചനമോ എന്നേക്കും നിലനില്‌ക്കുന്നു.”​—⁠1 പത്രൊസ്‌ 1:⁠25.

[അടിക്കുറിപ്പുകൾ]

^ ഖ. 2 പൊ.യു.മു. മൂന്നാം നൂറ്റാണ്ടിൽ സാമോസിലെ അരിസ്റ്റാർക്കസ്‌ എന്ന ഗ്രീക്കുകാരൻ, പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനത്ത്‌ സൂര്യനാണ്‌ എന്ന സിദ്ധാന്തം അവതരിപ്പിച്ചു, എന്നാൽ ആളുകൾ അതു തള്ളിക്കളഞ്ഞുകൊണ്ട്‌ അരിസ്റ്റോട്ടിലിന്റെ ആശയങ്ങളെ പിന്താങ്ങുകയാണുണ്ടായത്‌.

^ ഖ. 12 ഈ വിഷയത്തെക്കുറിച്ചുള്ള വിശദമായ ഒരു ചർച്ചയ്‌ക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്‌തകത്തിലെ, “അനേകർ പരിണാമത്തെ അംഗീകരിക്കുന്നത്‌ എന്തുകൊണ്ട്‌?” എന്ന ശീർഷകത്തിലുള്ള 15-ാം അധ്യായം കാണുക.

[6-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

പ്രൊട്ടസ്റ്റന്റുകാരുടെ മനോഭാവം

പ്രൊട്ടസ്റ്റന്റ്‌ മതനവീകരണത്തിന്റെ നേതാക്കളും സൗരകേന്ദ്രീയ സങ്കൽപ്പത്തെ എതിർത്തു. മാർട്ടിൻ ലൂഥർ (1483-1546), ഫിലിപ്പ്‌ മെലാങ്ക്‌തോൺ (1497-1560), ജോൺ കാൽവിൻ (1509-64) എന്നിവരെല്ലാം അതിൽപ്പെടുന്നു. കോപ്പർനിക്കസിനെക്കുറിച്ചു ലൂഥർ പറഞ്ഞു: ജ്യോതിശ്ശാസ്‌ത്രത്തെ മുഴുവൻ പിന്നിലേക്കു നയിക്കാനാണ്‌ ആ വിഡ്‌ഢി ആഗ്രഹിക്കുന്നത്‌.”

മതനവീകരണക്കാരുടെ വാദഗതി അടിസ്ഥാനപ്പെട്ടിരുന്നത്‌ യോശുവ 10-ാം അധ്യായത്തിലേതു പോലുള്ള ചില തിരുവെഴുത്തു വിവരണങ്ങളുടെ അക്ഷരാർഥ വ്യാഖാനത്തിലാണ്‌, സൂര്യനും ചന്ദ്രനും “നിശ്ചലമായി’ എന്ന്‌ ആ അധ്യായത്തിലെ വിവരണം പറയുന്നു.* അവർ ഈ നിലപാടു കൈക്കൊള്ളാൻ കാരണമെന്താണ്‌? ഗലീലിയോയുടെ പിശക്‌ എന്ന പുസ്‌തകം വിശദീകരിക്കുന്നതനുസരിച്ച്‌, പ്രൊട്ടസ്റ്റന്റ്‌ മതനവീകരണം പാപ്പായുടെ നുകം തകർത്തെങ്കിലും “കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒരുപോലെ സ്വീകരിച്ചിരുന്ന” അരിസ്റ്റോട്ടിലിന്റെയും തോമസ്‌ അക്വിനാസിന്റെയും “അടിസ്ഥാനപരമായ അധീശത്വം തകർത്തെറിയുന്നതിൽ” അതു പരാജയപ്പെട്ടു.

[അടിക്കുറിപ്പ്‌]

*ശാസ്‌ത്രീയമായി പറഞ്ഞാൽ “സൂര്യോദയം,” “സൂര്യാസ്‌തമയം” എന്നീ പദപ്രയോഗങ്ങൾ തെറ്റാണ്‌. എന്നാൽ ഭൂമിയിൽനിന്നുള്ള നമ്മുടെ വീക്ഷണം കണക്കിലെടുക്കുമ്പോൾ അനുദിന സംസാരത്തിൽ, ഈ വാക്കുകൾ സ്വീകാര്യവും കൃത്യവും ആണ്‌. സമാനമായി, യോശുവ ജ്യോതിശ്ശാസ്‌ത്രത്തെക്കുറിച്ചു ചർച്ചചെയ്യുകയായിരുന്നില്ല, കാര്യങ്ങൾ എങ്ങനെ കാണപ്പെട്ടുവോ അപ്രകാരം വിശദീകരിക്കുകയായിരുന്നു.

[ചിത്രങ്ങൾ]

ലൂഥർ

കാൽവിൻ

[കടപ്പാട്‌]

From the book Servetus and Calvin, 1877

[4-ാം പേജിലെ ചിത്രം]

അരിസ്റ്റോട്ടിൽ

[കടപ്പാട്‌]

From the book A General History for Colleges and High Schools, 1900

[5-ാം പേജിലെ ചിത്രം]

തോമസ്‌ അക്വിനാസ്‌

[കടപ്പാട്‌]

From the book Encyclopedia of Religious Knowledge, 1855

[6-ാം പേജിലെ ചിത്രം]

ഐസക്‌ ന്യൂട്ടൺ

[7-ാം പേജിലെ ചിത്രം]

ജലപരിവൃത്തിയെക്കുറിച്ച്‌ ബൈബിൾ 3,000-ലേറെ വർഷംമുമ്പു വിശദീകരിച്ചു