വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യത്തിന്റെ പൂർവവീക്ഷണങ്ങൾ യാഥാർഥ്യമായിത്തീരുന്നു

ദൈവരാജ്യത്തിന്റെ പൂർവവീക്ഷണങ്ങൾ യാഥാർഥ്യമായിത്തീരുന്നു

ദൈവരാജ്യത്തിന്റെ പൂർവവീക്ഷണങ്ങൾ യാഥാർഥ്യമായിത്തീരുന്നു

“ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ [പ്രാവചനിക വചനത്തെ] കരുതിക്കൊണ്ടാൽ നന്ന്‌.”​—⁠2 പത്രൊസ്‌ 1:⁠19.

1. ഇന്നത്തെ ലോകത്തിൽ വ്യത്യസ്‌തമായ ഏതു സ്ഥിതിവിശേഷങ്ങൾ നിലനിൽക്കുന്നതായി നാം കാണുന്നു?

ഒന്നിനു പുറകെ മറ്റൊന്നായി പ്രതിസന്ധികൾ​—⁠അതാണ്‌ ഇന്നത്തെ ലോകത്തിന്റെ മുഖമുദ്ര. പരിസ്ഥിതി സംബന്ധമായ വിപത്തുകൾമുതൽ ആഗോള ഭീകരപ്രവർത്തനംവരെയുള്ള മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾ പിടിയിലൊതുങ്ങാതായിരിക്കുന്നു. സഹായഹസ്‌തം നീട്ടാൻ ലോകമതങ്ങൾക്കുപോലും കഴിയുന്നില്ല. വാസ്‌തവത്തിൽ മുൻവിധി, വിദ്വേഷം, ദേശീയത എന്നിങ്ങനെ ആളുകളെ ഭിന്നിപ്പിക്കുന്ന വികാരങ്ങൾ ആളിക്കത്താൻ ഇടയാക്കിക്കൊണ്ട്‌ മതം മിക്കപ്പോഴും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്‌ ചെയ്യുന്നത്‌. അതേ, പ്രവചിക്കപ്പെട്ടിരുന്നതുപോലെ “കൂരിരുട്ടു ജാതികളെ” മൂടിയിരിക്കുകയാണ്‌. (യെശയ്യാവു 60:⁠2) അതേസമയം, ലക്ഷക്കണക്കിന്‌ ആളുകൾ തികഞ്ഞ ആത്മധൈര്യത്തോടെ ഭാവിയിലേക്കു നോക്കുന്നു. കാരണം? “ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ” അവർ ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ നൽകുന്നു. തങ്ങളുടെ ചുവടുകളെ നയിക്കാൻ അവർ ദൈവവചനത്തെ അഥവാ ബൈബിളിൽ കാണുന്ന ദൈവത്തിന്റെ സന്ദേശത്തെ അനുവദിക്കുന്നു.​—⁠2 പത്രൊസ്‌ 1:⁠19.

2. “അന്ത്യകാല”ത്തെക്കുറിച്ചുള്ള ദാനീയേലിന്റെ പ്രവചനമനുസരിച്ച്‌ ആത്മീയ ഉൾക്കാഴ്‌ച ലഭിക്കുന്നത്‌ ആർക്കു മാത്രമാണ്‌?

2 “അന്ത്യകാല”ത്തെ പരാമർശിച്ചുകൊണ്ട്‌ പ്രവാചകനായ ദാനീയേൽ എഴുതി: “പലരും അതിനെ [ദൈവവചനത്തെ] പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും. പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.” (ദാനീയേൽ 12:⁠4, 10) ആത്മാർഥമായി തിരുവെഴുത്തുകൾ ‘പരിശോധിക്കുകയും’ ശുഷ്‌കാന്തിയോടെ പഠിക്കുകയും ദൈവത്തിന്റെ നിലവാരങ്ങൾക്കു കീഴടങ്ങുകയും അവന്റെ ഇഷ്ടം ചെയ്യാൻ യത്‌നിക്കുകയും ചെയ്യുന്നവർക്കു മാത്രമേ തിരുവെഴുത്തുപരമായ ഉൾക്കാഴ്‌ച ലഭിക്കുകയുള്ളൂ.​—⁠മത്തായി 13:⁠11-15; 1 യോഹന്നാൻ 5:⁠20.

3. ആദിമ ബൈബിൾ വിദ്യാർഥികൾ 1870-കളിൽ എന്തു സുപ്രധാന സത്യം മനസ്സിലാക്കി?

3 “അന്ത്യകാലം” ആരംഭിക്കുന്നതിനുമുമ്പ്‌, 1870-കളിൽ യഹോവയാം ദൈവം ‘സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങൾ’ അഥവാ പാവനരഹസ്യങ്ങൾ സംബന്ധിച്ച്‌ കൂടുതൽ വെളിച്ചം പകരാൻ തുടങ്ങി. (2 തിമൊഥെയൊസ്‌ 3:⁠1-5; മത്തായി 13:⁠11) ആ സമയത്ത്‌ ഒരു കൂട്ടം ബൈബിൾ വിദ്യാർഥികൾ, പൊതു അഭിപ്രായത്തിനു വിപരീതമായി ക്രിസ്‌തുവിന്റെ മടങ്ങിവരവ്‌ അദൃശ്യമായിട്ടായിരിക്കും എന്നു മനസ്സിലാക്കി. സ്വർഗത്തിൽ സിംഹാസനസ്ഥനായതിനുശേഷം രാജാവെന്ന നിലയിൽ തന്റെ ശ്രദ്ധ ഭൂമിയിലേക്കു തിരിക്കുന്നുവെന്ന അർഥത്തിലായിരിക്കും യേശു മടങ്ങിവരുന്നത്‌. ദൃശ്യമായ ഒരു സംയുക്ത അടയാളം അവന്റെ അദൃശ്യ സാന്നിധ്യം തുടങ്ങി എന്നതു സംബന്ധിച്ച്‌ ശിഷ്യന്മാരെ ബോധവാന്മാരാക്കുമായിരുന്നു.​—⁠മത്തായി 24:⁠3-14.

ഒരു പൂർവവീക്ഷണം യാഥാർഥ്യമായിത്തീരുന്നു

4. തന്റെ ആധുനികകാല ദാസന്മാരുടെ വിശ്വാസം യഹോവ ബലിഷ്‌ഠമാക്കിയിരിക്കുന്നത്‌ എങ്ങനെ?

4 രൂപാന്തരീകരണ ദർശനം രാജ്യാധികാരത്തിലുള്ള ക്രിസ്‌തുവിനെ സംബന്ധിച്ച ഉജ്ജ്വലമായ ഒരു പൂർവവീക്ഷണമായിരുന്നു. (മത്തായി 17:⁠1-9) യേശു തിരുവെഴുത്തുവിരുദ്ധമായ പ്രതീക്ഷകൾ നിറവേറ്റിക്കൊടുക്കാതിരുന്നതുകൊണ്ട്‌ നിരവധി ആളുകൾ യേശുവിനെ അനുഗമിക്കുന്നതു നിറുത്തിയ ഒരു സമയത്ത്‌ ആ ദർശനം പത്രൊസിന്റെയും യാക്കോബിന്റെയും യോഹന്നാന്റെയും വിശ്വാസം ബലിഷ്‌ഠമാക്കിത്തീർത്തു. സമാനമായി ഈ അന്ത്യകാലത്ത്‌, വിസ്‌മയാവഹമായ ആ ദർശനത്തിന്റെയും അതിനോടു ബന്ധപ്പെട്ട നിരവധി പ്രവചനങ്ങളുടെയും മേൽ വർധിച്ച പ്രകാശം ചൊരിഞ്ഞുകൊണ്ട്‌ യഹോവ തന്റെ ആധുനികകാല ദാസന്മാരുടെ വിശ്വാസം ബലിഷ്‌ഠമാക്കിയിരിക്കുന്നു. വിശ്വാസത്തെ ശക്തീകരിക്കുന്ന ഈ ആത്മീയ യാഥാർഥ്യങ്ങളിൽ ചിലത്‌ നമുക്കിപ്പോൾ പരിചിന്തിക്കാം.

5. ഉദയനക്ഷത്രം ആരെന്നു തെളിഞ്ഞു, അവൻ എപ്പോൾ, എങ്ങനെയാണ്‌ ‘ഉദിച്ചത്‌?’

5 രൂപാന്തരീകരണത്തെ പരാമർശിച്ചുകൊണ്ട്‌ അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി: “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‌വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്ന്‌.” (2 പത്രൊസ്‌ 1:⁠19) ആ ആലങ്കാരിക “ഉദയനക്ഷത്രം” അഥവാ “ശുഭ്രമായ ഉദയനക്ഷത്രം” മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്‌തുവാണ്‌. (വെളിപ്പാടു 22:⁠16) 1914-ൽ സ്വർഗത്തിൽ ദൈവരാജ്യം ജന്മമെടുത്തപ്പോൾ ഒരു പുതുയുഗത്തിനു നാന്ദികുറിച്ചുകൊണ്ട്‌ അവൻ “ഉദിച്ചു”യർന്നു. (വെളിപ്പാടു 11:⁠15) രൂപാന്തരീകരണ ദർശനത്തിൽ മോശെയും ഏലീയാവും പ്രത്യക്ഷപ്പെട്ട്‌ യേശുവിനോടു സംസാരിച്ചു. അവർ ആരെയാണു മുൻനിഴലാക്കിയത്‌?

6, 7. രൂപാന്തരീകരണത്തിൽ മോശെയും ഏലീയാവും ആരെയാണു പ്രതിനിധാനം ചെയ്‌തത്‌, അവർ പ്രതിനിധാനം ചെയ്‌തവരെക്കുറിച്ചു ബൈബിൾ എന്തെല്ലാം പ്രധാനപ്പെട്ട വിശദാംശങ്ങളാണു വെളിപ്പെടുത്തുന്നത്‌?

6 മോശെയും ഏലീയാവും ക്രിസ്‌തുവിന്റെ മഹത്ത്വത്തിൽ പങ്കാളികളായതിനാൽ ഈ രണ്ടു വിശ്വസ്‌ത സാക്ഷികൾ പ്രതിനിധാനം ചെയ്യുന്നത്‌ യേശുവിനോടൊപ്പം അവന്റെ രാജ്യത്തിൽ ഭരിക്കാനുള്ളവരെയായിരിക്കണം. യേശുവിന്‌ സഹഭരണാധികാരികൾ ഉണ്ടെന്നുള്ള ഗ്രാഹ്യം സിംഹാസനസ്ഥനായ മിശിഹായെക്കുറിച്ച്‌ പ്രവാചകനായ ദാനീയേലിനു ലഭിച്ച പ്രാവചനിക പൂർവവീക്ഷണത്തിനു ചേർച്ചയിലാണ്‌. “മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ” “വയോധികന്റെ” പക്കൽനിന്ന്‌, അതായത്‌ യഹോവയാം ദൈവത്തിൽനിന്ന്‌ “നിത്യാധിപത്യം” സ്വീകരിക്കുന്നതായി ദാനീയേൽ കാണുന്നു. എന്നാൽ അൽപ്പംകഴിഞ്ഞ്‌ ദാനീയേൽ എന്താണു കാണുന്നതെന്നു ശ്രദ്ധിക്കൂ. അവൻ എഴുതുന്നു: “രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും.” (ദാനീയേൽ 7:⁠13, 14, 27) ഉവ്വ്‌, ചില ‘വിശുദ്ധന്മാർ’ ക്രിസ്‌തുവിന്റെ രാജകീയ മഹത്ത്വത്തിൽ പങ്കാളികളാകുമെന്നു രൂപാന്തരീകരണം നടക്കുന്നതിന്‌ അഞ്ചുനൂറ്റാണ്ടിലേറെ കാലംമുമ്പ്‌ ദൈവം വെളിപ്പെടുത്തി.

7 ദാനീയേൽ ദർശനത്തിൽ കാണുന്ന വിശുദ്ധന്മാർ ആരാണ്‌? അവരെക്കുറിച്ചാണ്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞത്‌: “നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്‌കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (റോമർ 8:⁠16, 17) ഈ വിശുദ്ധന്മാർ ക്രിസ്‌തുവിന്റെ ആത്മാഭിഷിക്ത അനുഗാമികളല്ലാതെ മറ്റാരുമല്ല. വെളിപ്പാടിൽ യേശു പറയുന്നു: “ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്‌കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.” “ജയിക്കുന്ന”വരായ ഈ 1,44,000 വ്യക്തികൾ പുനരുത്ഥാനശേഷം യേശുവിനോടൊപ്പം മുഴുഭൂമിയെയും ഭരിക്കും.​—⁠വെളിപ്പാടു 3:⁠21; 5:⁠9, 10; 14:⁠1, 3, 4; 1 കൊരിന്ത്യർ 15:⁠53.

8. യേശുവിന്റെ അഭിഷിക്താനുഗാമികൾ മോശെയും ഏലീയാവും ചെയ്‌തതിനു സമാനമായ വേല ചെയ്‌തിരിക്കുന്നത്‌ എങ്ങനെ, എന്തു ഫലത്തോടെ?

8 എന്നാൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ മോശെയാലും ഏലീയാവിനാലും പ്രതിനിധാനം ചെയ്യപ്പെട്ടത്‌ എന്തുകൊണ്ട്‌? ആ ക്രിസ്‌ത്യാനികൾ ഭൂമിയിലായിരിക്കെ, മോശെയും ഏലീയാവും ചെയ്‌തതിനോടു സമാനമായ ഒരു വേലയാണു ചെയ്യുന്നത്‌ എന്നതാണ്‌ അതിനു കാരണം. ദൃഷ്ടാന്തത്തിന്‌, പീഡനമധ്യേയും അവർ യഹോവയുടെ സാക്ഷികളെന്ന നിലയിൽ സേവിക്കുന്നു. (യെശയ്യാവു 43:⁠10; പ്രവൃത്തികൾ 8:⁠1-8; വെളിപ്പാടു 11:⁠2-12) മോശെയെയും ഏലീയാവിനെയും പോലെ അവർ ദൈവത്തിന്‌ അനന്യഭക്തി നൽകാൻ ആത്മാർഥഹൃദയരായ ആളുകളെ ഉദ്‌ബോധിപ്പിക്കുകയും വ്യാജമതത്തെ നിർഭയം തുറന്നുകാട്ടുകയും ചെയ്യുന്നു. (പുറപ്പാടു 32:⁠19, 20; ആവർത്തനപുസ്‌തകം 4:⁠22-24; 1 രാജാക്കന്മാർ 18:⁠18-40) അവരുടെ പ്രവർത്തനം ഫലദായകമായിരുന്നിട്ടുണ്ടോ? തീർച്ചയായും! മുഴു അഭിഷിക്തരെയും കൂട്ടിച്ചേർക്കുന്നതിൽ സഹായിച്ചതിനു പുറമേ, യേശുക്രിസ്‌തുവിനു മനസ്സോടെ കീഴ്‌പെട്ടിരിക്കാൻ ലക്ഷക്കണക്കിനു ‘വേറെ ആടുകളെ’യും അവർ സഹായിച്ചിട്ടുണ്ട്‌.​—⁠യോഹന്നാൻ 10:⁠16; വെളിപ്പാടു 7:⁠4.

ക്രിസ്‌തു ജയിച്ചടക്കൽ പൂർത്തിയാക്കുന്നു

9. വെളിപ്പാടു 6:⁠2, യേശു ഇന്ന്‌ ആയിരിക്കുന്ന അവസ്ഥ ചിത്രീകരിക്കുന്നത്‌ എങ്ങനെ?

9 കഴുതക്കുട്ടിപ്പുറത്തു സവാരിചെയ്യുന്ന ഒരു സാധാരണ മനുഷ്യനല്ല യേശു ഇപ്പോൾ. അവൻ ശക്തനായ ഒരു രാജാവാണ്‌. അവൻ ഒരു കുതിരപ്പുറത്തു സവാരിചെയ്യുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ബൈബിളിൽ യുദ്ധത്തിന്റെ പ്രതീകമാണ്‌ കുതിര. (സദൃശവാക്യങ്ങൾ 21:⁠31) വെളിപ്പാടു 6:⁠2 പറയുന്നു: “അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു. അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും [“ജയിച്ചടക്കൽ പൂർത്തിയാക്കാനായും,” NW] പുറപ്പെട്ടു.” കൂടുതലായി, സങ്കീർത്തനക്കാരനായ ദാവീദ്‌ യേശുവിനെക്കുറിച്ച്‌ എഴുതി: “നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ കീഴടക്കിക്കൊണ്ട്‌ പുറപ്പെടുക.”​—⁠സങ്കീർത്തനം 110:⁠2, NW.

10. (എ) യേശുവിന്റെ ജൈത്രയാത്രയ്‌ക്കു മഹത്ത്വപൂർണമായ ഒരു തുടക്കം ലഭിച്ചതെങ്ങനെ? (ബി) ക്രിസ്‌തുവിന്റെ ആദ്യവിജയം ലോകത്തെ പൊതുവേ ബാധിച്ചത്‌ എങ്ങനെ?

10 യേശുവിന്റെ ആദ്യജയം അവന്റെ ഏറ്റവും പ്രബലരായ ശത്രുക്കളുടെമേലായിരുന്നു​—⁠സാത്താന്റെയും ഭൂതങ്ങളുടെയും മേൽ. അവൻ അവരെ സ്വർഗത്തിൽനിന്നു നിഷ്‌കാസനംചെയ്‌ത്‌ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. തങ്ങൾക്കു കുറച്ചുകാലം മാത്രമേയുള്ളുവെന്ന്‌ അറിയാവുന്ന ഈ ദുഷ്ടാത്മാക്കൾ, വലിയ കഷ്ടത്തിന്‌ ഇടയാക്കിക്കൊണ്ട്‌ മനുഷ്യവർഗത്തിനുമേൽ തങ്ങളുടെ ക്രോധം ചൊരിഞ്ഞിരിക്കുന്നു. ഈ കഷ്ടം വെളിപ്പാടിൽ മൂന്നു കുതിരസവാരിക്കാരാൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 6:⁠3-8; 12:⁠7-12) തന്റെ “സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാള”ത്തെ (NW) കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിനു ചേർച്ചയിൽ കുതിരസവാരിക്കാരുടെ പ്രയാണം യുദ്ധം, ക്ഷാമം, വിപത്‌കരമായ രോഗങ്ങൾ എന്നിവയിൽ കലാശിച്ചിരിക്കുന്നു. (മത്തായി 24:⁠3, 7; ലൂക്കൊസ്‌ 21:⁠7-11) ‘ഈറ്റുനോവു’പോലെയുള്ള ഈ കഷ്ടം, സാത്താന്റെ ദൃശ്യ സംഘടനയുടെ അവസാന കണികയും തുടച്ചുനീക്കിക്കൊണ്ട്‌ ക്രിസ്‌തു ‘ജയിച്ചടക്കൽ’ പൂർത്തിയാക്കുന്നതുവരെ തീവ്രമായിക്കൊണ്ടിരിക്കും എന്നതിൽ സംശയമില്ല. *​—⁠മത്തായി 24:⁠8.

11. ക്രിസ്‌തീയ സഭയുടെ ചരിത്രം ക്രിസ്‌തുവിന്റെ രാജകീയാധികാരത്തിനു സാക്ഷ്യം വഹിക്കുന്നതെങ്ങനെ?

11 യേശുവിന്റെ രാജകീയ അധികാരം ക്രിസ്‌തീയ സഭയെ സംരക്ഷിച്ചു നിലനിറുത്തിയിരിക്കുന്നതിലും ദൃശ്യമാണ്‌. അതുവഴി രാജ്യസന്ദേശം ലോകവ്യാപകമായി പ്രസംഗിക്കുകയെന്ന ദൗത്യം നിർവഹിക്കാനാകുന്നു. വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോണിൽനിന്നും ശത്രുത വെച്ചുപുലർത്തുന്ന ഭരണകൂടങ്ങളിൽനിന്നും കഠിനമായ എതിർപ്പു നേരിടേണ്ടി വരുന്നെങ്കിലും പ്രസംഗവേല അഭംഗുരം തുടർന്നിരിക്കുന്നു. മാത്രമല്ല, ലോകചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ലാത്ത ഒരളവോളം അതു വ്യാപിക്കുകയും ചെയ്‌തിരിക്കുന്നു. (വെളിപ്പാടു 17:⁠5, 6) ക്രിസ്‌തുവിന്റെ രാജത്വത്തിനുള്ള എത്ര ശക്തമായ സാക്ഷ്യം!​—⁠സങ്കീർത്തനം 110:⁠3.

12. ഭൂരിപക്ഷം ആളുകളും ക്രിസ്‌തുവിന്റെ അദൃശ്യ സാന്നിധ്യം തിരിച്ചറിയാത്തത്‌ എന്തുകൊണ്ട്‌?

12 എന്നാൽ സങ്കടകരമെന്നു പറയട്ടെ, ക്രിസ്‌ത്യാനികൾ എന്നവകാശപ്പെടുന്ന കോടിക്കണക്കിനാളുകൾ ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം വ്യക്തികൾ ഭൂമിയിൽ നടക്കുന്ന നിർണായക സംഭവങ്ങളുടെ പിന്നിലുള്ള അദൃശ്യ യാഥാർഥ്യങ്ങൾ വിവേചിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. അവർ ദൈവരാജ്യത്തിനു സാക്ഷ്യം നൽകുന്നവരെ പരിഹസിക്കുകപോലും ചെയ്യുന്നു. (2 പത്രൊസ്‌ 3:⁠3, 4) എന്തുകൊണ്ട്‌? സാത്താൻ അവരുടെ മനസ്സു കുരുടാക്കിയിരിക്കുന്നതു നിമിത്തമാണത്‌. (2 കൊരിന്ത്യർ 4:⁠3, 4) വാസ്‌തവത്തിൽ നാമധേയ ക്രിസ്‌ത്യാനികൾ അമൂല്യമായ രാജ്യപ്രത്യാശപോലും ഉപേക്ഷിച്ചുകളയത്തക്കവിധം, സാത്താൻ നൂറ്റാണ്ടുകളായി അവരുടെമേൽ ആത്മീയാന്ധകാരമാകുന്ന മൂടുപടം വിരിച്ചുകൊണ്ടിരിക്കുകയാണ്‌.

രാജ്യപ്രത്യാശ ഉപേക്ഷിക്കപ്പെടുന്നു

13. ആത്മീയാന്ധകാരമാകുന്ന മൂടുപടത്തിന്റെ വിരിക്കൽ എന്തിലേക്കു നയിച്ചു?

13 ഗോതമ്പുചെടികൾക്കിടയിൽ വളരുന്ന കളകൾപോലെ, ക്രിസ്‌തീയ സഭയിലേക്കു വിശ്വാസത്യാഗികൾ നുഴഞ്ഞുകയറുമെന്നും പലരെയും വഴിതെറ്റിക്കുമെന്നും യേശു പ്രവചിച്ചിരുന്നു. (മത്തായി 13:⁠24-30, 36-43; പ്രവൃത്തികൾ 20:⁠29-31; യൂദാ 4) ക്രിസ്‌ത്യാനികളെന്നു വിളിക്കപ്പെട്ട ഇവർ, കാലാന്തരത്തിൽ പുറജാതി ഉത്സവങ്ങളും ആചാരങ്ങളും പഠിപ്പിക്കലുകളും കടമെടുക്കുകയും അവയെ “ക്രിസ്‌തീയം” എന്നു മുദ്രചാർത്തുകയും ചെയ്‌തു. ദൃഷ്ടാന്തത്തിന്‌, പുറജാതി ആരാധനാമൂർത്തികളായ മിത്രയുടെയും സാറ്റേണിന്റെയും ആരാധനയോടു ബന്ധപ്പെട്ട ആചാരങ്ങളിൽനിന്നാണ്‌ ക്രിസ്‌തുമസ്സിന്റെ തുടക്കം. ഈ ക്രിസ്‌തീയേതര ആഘോഷങ്ങൾ സ്വീകരിക്കാൻ ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെട്ടവരെ പ്രേരിപ്പിച്ചതെന്താണ്‌? ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (1974) പറയുന്നു: “ക്രിസ്‌തുവിന്റെ പെട്ടെന്നുള്ള മടങ്ങിവരവു സംബന്ധിച്ച പ്രതീക്ഷ മങ്ങിത്തുടങ്ങിയതോടെയാണ്‌ യേശുക്രിസ്‌തുവിന്റെ ജന്മദിനാഘോഷമായ ക്രിസ്‌തുമസ്സ്‌ രംഗപ്രവേശം ചെയ്‌തത്‌.”

14. ഓറിജന്റെയും അഗസ്റ്റിന്റെയും പഠിപ്പിക്കലുകൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യത്തെ മറച്ചുകളഞ്ഞത്‌ എങ്ങനെ?

14 കൂടാതെ “രാജ്യം” എന്ന പദത്തിന്റെ അർഥംതന്നെ വികലമായതിനെക്കുറിച്ചു പരിചിന്തിക്കുക. ദെവരാജ്യം​—⁠20-ാം നൂറ്റാണ്ടിലെ വ്യാഖ്യാനത്തിൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രസ്‌താവിക്കുന്നു: [മൂന്നാം നൂറ്റാണ്ടിലെ ഒരു ദൈവശാസ്‌ത്രജ്ഞനായ] ഓറിജനാണ്‌ “രാജ്യം” എന്ന പദത്തിന്റെ ക്രിസ്‌തീയ ഉപയോഗത്തെ ഹൃദയത്തിലെ ദൈവിക ഭരണം എന്ന ആന്തരാർഥത്തിലേക്കു മാറ്റിയത്‌.” ഓറിജന്റെ ഈ പഠിപ്പിക്കൽ എന്തിലാണ്‌ അധിഷ്‌ഠിതമായിരുന്നത്‌? തിരുവെഴുത്തുകളിലല്ല, മറിച്ച്‌ “യേശുവിന്റെയും ആദിമ സഭയുടെയും ചിന്താലോകത്തിൽനിന്നകന്ന തത്ത്വചിന്തയിലും ലൗകികവീക്ഷണത്തിലും.” ദൈവനഗരം എന്നർഥം വരുന്ന ശീർഷകത്തോടുകൂടിയ തന്റെ ഒരു കൃതിയിൽ ഹിപ്പോയിലെ അഗസ്റ്റിൻ (പൊ.യു. 354-430) സഭതന്നെയാണ്‌ ദൈവരാജ്യം എന്നു പ്രസ്‌താവിച്ചു. അത്തരം തിരുവെഴുത്തുവിരുദ്ധമായ ചിന്താധാരകൾ ക്രൈസ്‌തവമണ്ഡലത്തിലെ സഭകൾക്ക്‌ രാഷ്‌ട്രീയാധികാരം കയ്യാളുന്നതിനുള്ള ദൈവശാസ്‌ത്ര അടിത്തറ പ്രദാനംചെയ്‌തു. നൂറ്റാണ്ടുകളോളം അവർ ആ അധികാരം ഉപയോഗിച്ചു, മിക്കപ്പോഴും മർദകമായ ഒരു വിധത്തിൽത്തന്നെ.​—⁠വെളിപ്പാടു 17:⁠5, 18.

15. കൈസ്‌തവലോകത്തിലെ പല സഭകളുടെയും കാര്യത്തിൽ ഗലാത്യർ 6:⁠7 നിവൃത്തിയേറിയിരിക്കുന്നത്‌ എങ്ങനെ?

15 പക്ഷേ ഇന്നു സഭകൾ തങ്ങൾ വിതച്ചതു കൊയ്യുകയാണ്‌. (ഗലാത്യർ 6:⁠7) പല സഭകൾക്കും അവരുടെ അധികാരവും ഒപ്പം അംഗസംഖ്യയും നഷ്ടമാകുകയാണ്‌. അത്തരമൊരു പ്രവണത യൂറോപ്പിലെങ്ങും ശ്രദ്ധേയമാംവിധം ദൃശ്യമാണ്‌. ക്രിസ്‌ത്യാനിത്വം ഇന്ന്‌ (ഇംഗ്ലീഷ്‌) എന്ന പത്രിക പറയുന്നതനുസരിച്ച്‌ “ഇപ്പോൾ യൂറോപ്പിലെ വലിയ കത്തീഡ്രലുകൾ ആരാധനാലയങ്ങളെന്ന നിലയിലല്ല, മ്യൂസിയങ്ങളായിട്ടാണ്‌ [ഉതകുന്നത്‌], വിനോദസഞ്ചാരികളല്ലാതെ ആരും അവിടേക്ക്‌ [എത്തിനോക്കാറില്ല].” ഈ പ്രവണത ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കാണാവുന്നതാണ്‌. ഈ അവസ്ഥ തുടർന്നാൽ വ്യാജമതത്തിന്റെ ഭാവി എന്തായിത്തീരും? സാമ്പത്തിക പിന്തുണയും അംഗങ്ങളുടെ പിൻബലവുമില്ലാതെ അതു ക്രമേണ നാമാവശേഷമായിത്തീരുമോ? സത്യാരാധനയെ അത്‌ എങ്ങനെ ബാധിക്കും?

ദൈവത്തിന്റെ മഹാദിവസത്തിനായി ഒരുങ്ങിയിരിക്കുക

16. മഹാബാബിലോണിനുനേരെ വർധിച്ചുവരുന്ന ശത്രുത പ്രാധാന്യം അർഹിക്കുന്നത്‌ എന്തുകൊണ്ട്‌?

16 വളരെക്കാലം സുഷുപ്‌തിയിലായിരുന്ന ഒരു അഗ്നിപർവതത്തിൽനിന്ന്‌ പുകയും ചാരവും വമിക്കുന്നത്‌ ആസന്നമായ ഒരു അഗ്നിപർവതസ്‌ഫോടനത്തെ സൂചിപ്പിക്കുന്നതുപോലെ, ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽ മതത്തിനുനേരെ നുരഞ്ഞുപൊങ്ങുന്ന ശത്രുത വ്യാജമതത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു എന്നതിന്റെ സൂചനയാണ്‌. പെട്ടെന്നുതന്നെ, മഹാബാബിലോണാകുന്ന ആത്മീയ വേശ്യയെ തുറന്നുകാട്ടാനും നാമാവശേഷമാക്കാനും ലോകത്തിലെ രാഷ്‌ട്രീയ ശക്തികൾ ഒരുമിക്കാൻ യഹോവ ഇടയാക്കും. (വെളിപ്പാടു 17:⁠15-17; 18:⁠21) ഈ സംഭവവികാസത്തെയും തുടർന്ന്‌ ഉണ്ടാകാനിരിക്കുന്ന, മഹോപദ്രവത്തിന്റെ ഇതര സവിശേഷതകളെയും യഥാർഥ ക്രിസ്‌ത്യാനികൾ ഭയപ്പെടേണ്ടതുണ്ടോ? (മത്തായി 24:⁠21) അശേഷം ഇല്ല. ദുഷ്ടന്മാർക്കെതിരെ ദൈവം നടപടിയെടുക്കുമ്പോൾ യഥാർഥത്തിൽ അവർ സന്തോഷിക്കുകയാണു വേണ്ടത്‌. (വെളിപ്പാടു 18:⁠20; 19:⁠1, 2) ഒന്നാം നൂറ്റാണ്ടിലെ യെരൂശലേമിന്റെയും അവിടെ ജീവിച്ചിരുന്ന ക്രിസ്‌ത്യാനികളുടെയും ദൃഷ്ടാന്തം പരിചിന്തിക്കുക.

17. യഹോവയുടെ വിശ്വസ്‌ത ദാസന്മാർക്ക്‌ ഈ വ്യവസ്ഥിതിയുടെ സമാപനത്തെ ആത്മധൈര്യത്തോടെ നേരിടാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

17 പൊ.യു. 66-ൽ റോമൻസൈന്യം യെരൂശലേമിനെ ഉപരോധിച്ചപ്പോൾ, ആത്മീയ ജാഗ്രത പാലിച്ചിരുന്ന ക്രിസ്‌ത്യാനികൾ അതിശയിക്കുകയോ പരിഭ്രമിക്കുകയോ ചെയ്‌തില്ല. ദൈവവചനത്തിന്റെ ശുഷ്‌കാന്തിയുള്ള പഠിതാക്കളെന്ന നിലയിൽ അവർക്ക്‌ “അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു”വെന്ന്‌ അറിയാമായിരുന്നു. (ലൂക്കൊസ്‌ 21:⁠20) സുരക്ഷിതമായ ഒരു സ്ഥലത്തേക്ക്‌ ഓടിപ്പോകുന്നതിനുള്ള വഴി ദൈവം തങ്ങൾക്കു തുറന്നുതരുമെന്നും അവർക്കറിയാമായിരുന്നു. അപ്രകാരം സംഭവിച്ചപ്പോൾ ക്രിസ്‌ത്യാനികൾ ഓടി രക്ഷപ്പെട്ടു. (ദാനീയേൽ 9:⁠26; മത്തായി 24:⁠15-19; ലൂക്കൊസ്‌ 21:⁠21) സമാനമായി ഇന്ന്‌, ദൈവത്തെ അറിയുകയും അവന്റെ പുത്രനെ അനുസരിക്കുകയും ചെയ്യുന്നവർക്ക്‌ ഈ വ്യവസ്ഥിതിയുടെ സമാപനത്തെ ആത്മധൈര്യത്തോടെ നേരിടാനാകും. (2 തെസ്സലൊനീക്യർ 1:⁠6-8, 10) മഹോപദ്രവം ആഞ്ഞടിക്കുമ്പോൾ വാസ്‌തവത്തിൽ അവർ സന്തോഷത്തോടെ, തങ്ങളുടെ ‘വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തലപൊക്കും.’​—⁠ലൂക്കൊസ്‌ 21:⁠28.

18. യഹോവയുടെ ദാസന്മാരുടെമേൽ ഗോഗ്‌ അഴിച്ചുവിടുന്ന അന്തിമ ആക്രമണത്തിന്റെ ഫലം എന്തായിരിക്കും?

18 മഹാബാബിലോണിന്റെ നാശത്തിനുശേഷം, മാഗോഗിലെ ഗോഗ്‌ എന്ന നിലയിൽ സാത്താൻ യഹോവയുടെ സമാധാനകാംക്ഷികളായ സാക്ഷികൾക്കുനേരെ ഒരു അന്തിമ ആക്രമണം അഴിച്ചുവിടും. “ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ” വരുന്ന ഗോഗിന്റെ സൈന്യം ഒരു അനായാസ വിജയമാണു പ്രതീക്ഷിക്കുന്നത്‌. എന്നാൽ അവരുടെ പ്രതീക്ഷകൾ തകിടംമറിയും! (യെഹെസ്‌കേൽ 38:⁠14-16, 18-23) അപ്പൊസ്‌തലനായ യോഹന്നാൻ എഴുതുന്നു: “അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്‌തനും സത്യവാനും എന്നു പേർ . . . ജാതികളെ വെട്ടുവാൻ അവന്റെ വായിൽനിന്നു മൂർച്ചയുള്ള വാൾ പുറപ്പെടുന്നു.” അജയ്യനായ ഈ ‘രാജാധിരാജാവ്‌’ യഹോവയുടെ വിശ്വസ്‌താരാധകരെ വിടുവിക്കുകയും അവരുടെ ശത്രുക്കൾക്കെല്ലാം ഉന്മൂലനാശം വരുത്തുകയും ചെയ്യും. (വെളിപ്പാടു 19:⁠11-21) രൂപാന്തരീകരണ ദർശനത്തിന്റെ പൂർത്തീകരണത്തിന്‌ എത്ര മഹത്തായ പരിസമാപ്‌തി!

19. ക്രിസ്‌തുവിന്റെ സമ്പൂർണ വിജയം അവന്റെ വിശ്വസ്‌ത അനുഗാമികളുടെമേൽ എന്തു ഫലം ഉളവാക്കും, അവർ ഇപ്പോൾ എന്തു ചെയ്യാൻ യത്‌നിക്കണം?

19 “ആ നാളിൽ . . . [യേശു] വിശ്വസിച്ച എല്ലാവരിലും . . . അതിശയവിഷയം” ആയിത്തീരും. (2 തെസ്സലൊനീക്യർ 1:⁠9) വിജയശാലിയായ ദൈവപുത്രന്റെ സന്നിധിയിൽ ഭയാശ്ചര്യത്തോടെ നിൽക്കുന്നവരിൽ ഒരാളായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതിൽ തുടരുക, ‘നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു ഒരുങ്ങിയിരിക്കുക.’​—⁠മത്തായി 24:⁠43, 44.

സുബോധം കാത്തുകൊൾക

20. (എ) “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെന്ന ദൈവദത്ത കരുതലിനോട്‌ നമുക്കു വിലമതിപ്പു കാണിക്കാവുന്നത്‌ എങ്ങനെ? (ബി) നാം ഏതു ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കണം?

20 ആത്മീയ ജാഗ്രത പാലിക്കാനും സുബോധം കാത്തുകൊള്ളാനും “വിശ്വസ്‌തനും വിവേകിയുമായ അടിമ” ദൈവജനത്തെ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നു. (മത്തായി 24:⁠45, 46, NW; 1 തെസ്സലൊനീക്യർ 5:⁠6) കാലോചിതമായ ഈ ഓർമിപ്പിക്കലുകൾ നിങ്ങൾ വിലമതിക്കുന്നുവോ? ജീവിതത്തിലെ മുൻഗണനകൾ തിട്ടപ്പെടുത്തുമ്പോൾ നിങ്ങൾ അവ കണക്കിലെടുക്കുന്നുവോ? സ്വയം ഇങ്ങനെ ചോദിക്കുക: ‘ദൈവപുത്രൻ സ്വർഗത്തിൽ ഭരിക്കുന്നതു കാണാൻ കഴിയത്തക്കവിധമുള്ള വ്യക്തമായ ആത്മീയ കാഴ്‌ചപ്പാട്‌ എനിക്കുണ്ടോ? മഹാബാബിലോണിനും സാത്താന്റെ ശേഷിക്കുന്ന വ്യവസ്ഥിതിക്കും എതിരെയുള്ള ദിവ്യന്യായവിധി നിർവഹിക്കാൻ അവൻ സജ്ജനായിരിക്കുന്നത്‌ എനിക്കു കാണാൻ കഴിയുന്നുണ്ടോ?’

21. തങ്ങളുടെ ആത്മീയ കാഴ്‌ചപ്പാട്‌ മങ്ങിപ്പോകാൻ ചിലർ അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌, അവർ അടിയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നത്‌ എന്താണ്‌?

21 ഇപ്പോൾ യഹോവയുടെ സാക്ഷികളോടു സഹവസിച്ചുകൊണ്ടിരിക്കുന്ന ചിലർ തങ്ങളുടെ ആത്മീയ കാഴ്‌ചപ്പാട്‌ മങ്ങിപ്പോകാൻ അനുവദിച്ചിരിക്കുന്നു. യേശുവിന്റെ ആദിമ ശിഷ്യന്മാരിൽ ചിലരുടെ കാര്യത്തിലെന്നപോലെ, ക്ഷമയുടെയും സഹിഷ്‌ണുതയുടെയും അഭാവം ആയിരിക്കുമോ അവരുടെ പ്രശ്‌നം? അതോ ജീവിതോത്‌കണ്‌ഠകളോ ഭൗതികത്വമോ പീഡനമോ ആണോ അവരുടെ ഇപ്പോഴത്തെ അവസ്ഥയ്‌ക്കു കാരണം? (മത്തായി 13:⁠3-8, 18-23; ലൂക്കൊസ്‌ 21:⁠34-36) ഒരുപക്ഷേ, ചിലർക്ക്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രസിദ്ധീകരിച്ച ഏതെങ്കിലും വിവരം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടനുഭവപ്പെട്ടിരിക്കാം. ഇതിലേതെങ്കിലും നിങ്ങൾക്കു സംഭവിച്ചിട്ടുണ്ടെങ്കിൽ പൂർവാധികം തീക്ഷ്‌ണതയോടെ ബൈബിൾ പഠിക്കാനും യഹോവയുമായി ദൃഢവും അടുപ്പമുള്ളതും ആയ ബന്ധം പുനഃസ്ഥാപിക്കുന്നതിനായി അവനോട്‌ അഭയയാചന നടത്താനും ഞങ്ങൾ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു.​—⁠2 പത്രൊസ്‌ 3:⁠11-14.

22. രൂപാന്തരീകരണ ദർശനത്തെയും അതിനോടനുബന്ധിച്ചുള്ള പ്രവചനങ്ങളെയും കുറിച്ചുള്ള പരിചിന്തനം നിങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു?

22 യേശുവിന്റെ ശിഷ്യന്മാർക്കു പ്രോത്സാഹനം ആവശ്യമുണ്ടായിരുന്ന സമയത്താണ്‌ അവർക്കു രൂപാന്തരീകരണ ദർശനം ലഭിച്ചത്‌. ഇന്ന്‌, നമ്മെ ശക്തിപ്പെടുത്താൻ അതിലേറെ മഹത്തായ ഒന്നുണ്ട്‌​—⁠ആ ഗംഭീരമായ പൂർവവീക്ഷണത്തിന്റെയും അതിനോടനുബന്ധിച്ചുള്ള നിരവധി പ്രവചനങ്ങളുടെയും നിവൃത്തി. ഈ മഹത്തായ യാഥാർഥ്യങ്ങളെയും അവയുടെ ഭാവി പ്രാധാന്യത്തെയും കുറിച്ചു നാം ചിന്തിക്കുമ്പോൾ, അപ്പൊസ്‌തലനായ യോഹന്നാനോടൊപ്പം പൂർണഹൃദയത്തോടെ നമുക്കും ഇങ്ങനെ പറയാം: “ആമേൻ, കർത്താവായ യേശുവേ, വരേണമേ.”​—⁠വെളിപ്പാടു 22:⁠20.

[അടിക്കുറിപ്പ്‌]

^ ഖ. 10 ഈറ്റുനോവ്‌ അഥവാ പ്രസവവേദന പോലെ ലോകത്തിലെ പ്രശ്‌നങ്ങൾ വ്യാപ്‌തിയിലും തീവ്രതയിലും ദൈർഘ്യത്തിലും വർധിക്കുകയും മഹോപദ്രവത്തിൽ പാരമ്യത്തിലെത്തുകയും ചെയ്യും എന്നാണ്‌ ഇത്‌ അർഥമാക്കുന്നത്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• 1870-കളിൽ ഒരു ചെറിയ കൂട്ടം ബൈബിൾ വിദ്യാർഥികൾ ക്രിസ്‌തുവിന്റെ മടങ്ങിവരവിനെക്കുറിച്ച്‌ എന്താണു മനസ്സിലാക്കിയത്‌?

• രൂപാന്തരീകരണ ദർശനം നിവൃത്തിയേറിയിരിക്കുന്നത്‌ എങ്ങനെ?

• യേശുവിന്റെ ജയിച്ചടക്കൽസവാരിക്ക്‌ ലോകത്തിന്മേലും ക്രിസ്‌തീയസഭയുടെമേലും എന്തു പ്രഭാവമാണ്‌ ഉള്ളത്‌?

• യേശു ജയിച്ചടക്കൽ പൂർത്തിയാക്കുമ്പോൾ അതിജീവിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കാൻ നാം എന്തു ചെയ്യണം?

[അധ്യയന ചോദ്യങ്ങൾ]

[16, 17 പേജുകളിലെ ചിത്രങ്ങൾ]

ഒരു പൂർവവീക്ഷണം യാഥാർഥ്യമാകുന്നു

[18-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌തു ജയിച്ചടക്കൽ ആരംഭിച്ചപ്പോൾ എന്തു സംഭവിച്ചെന്നു നിങ്ങൾക്കറിയാമോ?