വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ആരാണെന്നു നാം അറിയേണ്ടതുണ്ട്‌

ദൈവം ആരാണെന്നു നാം അറിയേണ്ടതുണ്ട്‌

ദൈവം ആരാണെന്നു നാം അറിയേണ്ടതുണ്ട്‌

തെളിഞ്ഞ രാത്രിയിലെ താരനിബിഡമായ ആകാശത്തെ നോക്കി നിങ്ങൾ അത്ഭുതം കൂറിയിട്ടില്ലേ? വർണപ്പകിട്ടാർന്ന പുഷ്‌പങ്ങളുടെ നറുമണം ഹൃദയഹാരിയല്ലേ? പക്ഷികളുടെ പാട്ടു കേൾക്കാനും ഇളംതെന്നലിൽ ഇളകിയാടുന്ന ഇലകളുടെ മർമരങ്ങൾക്കു കാതോർക്കാനും നിങ്ങൾക്ക്‌ ഇഷ്ടമല്ലേ? സമുദ്രത്തിലെ കരുത്തന്മാരായ തിമിംഗലങ്ങളും മറ്റു ജീവികളും നമ്മിൽ എത്ര കൗതുകം ജനിപ്പിക്കുന്നു! ഇനി, നൈസർഗിക ദാനമായ മനസ്സാക്ഷിയും അതിസങ്കീർണമായ മസ്‌തിഷ്‌കവുമുള്ള മനുഷ്യരെ കുറിച്ചു ചിന്തിക്കുക. നമുക്കു ചുറ്റും കാണുന്ന അത്ഭുതകരമായ സംഗതികളുടെ അസ്‌തിത്വത്തിന്‌ നിങ്ങൾ എന്തു വിശദീകരണം നൽകും?

ഇവയെല്ലാം യാദൃച്ഛികമായി അസ്‌തിത്വത്തിൽ വന്നതാണെന്നു ചിലർ വിശ്വസിക്കുന്നു. അതു ശരിയാണെങ്കിൽ, മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുന്നത്‌ എന്തുകൊണ്ടാണ്‌? വിവിധ രാസവസ്‌തുക്കളുടെ ആകസ്‌മികമായ കൂടിച്ചേരൽ ആത്മീയ ആവശ്യങ്ങൾ ഉള്ള ജീവികളെ ഉളവാക്കിയത്‌ എന്തിനാണ്‌?

“മനുഷ്യസ്വഭാവത്തിൽ രൂഢമൂലമായിരിക്കുന്ന ഒരു ഘടകമാണ്‌ മതം, ഏതു സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലത്തിൽനിന്നുള്ളവരുടെ കാര്യത്തിലും അതു സത്യമാണ്‌.” തന്റെ ഗവേഷണത്തിന്റെ രത്‌നച്ചുരുക്കം എന്ന നിലയിൽ അലിസ്റ്റർ ഹാർഡി, മനുഷ്യന്റെ ആത്മീയ സ്വഭാവം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ നടത്തിയതാണ്‌ ആ പ്രസ്‌താവന. മനുഷ്യ മസ്‌തിഷ്‌കത്തെ കുറിച്ച്‌ അടുത്തകാലത്തു നടത്തിയ പരീക്ഷണങ്ങൾ, ആരാധിക്കാനുള്ള കഴിവ്‌ മനുഷ്യനിൽ “ജനിതകമായിത്തന്നെ പ്രോഗ്രാം ചെയ്യപ്പെട്ട”താകാം എന്ന നിഗമനത്തിലെത്താൻ ചില നാഡീശാസ്‌ത്രജ്ഞരെ പ്രേരിപ്പിച്ചിരിക്കുന്നു. ആത്യന്തിക യാഥാർഥ്യം ദൈവം മാത്രമോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “മതത്തിലൂടെ ജീവിതത്തിന്റെ അർഥം തേടാനുള്ള വാഞ്‌ഛ . . . മനുഷ്യവർഗത്തിന്റെ ആരംഭം മുതൽ ഏതൊരു സംസ്‌കാരത്തിലും യുഗത്തിലുംപെട്ട ആളുകൾക്ക്‌ ഉണ്ടായിരുന്നിട്ടുണ്ട്‌.”

ഏതാണ്ട്‌ 2,000 വർഷംമുമ്പ്‌ അഭ്യസ്‌തവിദ്യനായ ഒരു വ്യക്തി പറഞ്ഞത്‌ എന്താണെന്നു നോക്കുക. അദ്ദേഹം എഴുതി: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.” (എബ്രായർ 3:4) വാസ്‌തവത്തിൽ ബൈബിളിന്റെ ആദ്യ വാക്യംതന്നെ പറയുന്നത്‌ ഇങ്ങനെയാണ്‌: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”​—⁠ഉല്‌പത്തി 1:⁠1.

എങ്കിൽ ദൈവം ആരാണ്‌? ഈ ചോദ്യത്തിന്‌ പലർക്കും പല ഉത്തരങ്ങളാണുള്ളത്‌. ജപ്പാനിലുള്ള യോഷേ എന്ന ചെറുപ്പക്കാരനോട്‌ ദൈവം ആരാണെന്നു ചോദിച്ചപ്പോൾ അവന്റെ മറുപടി ഇതായിരുന്നു: “എനിക്കറിയില്ല. ഞാൻ ഒരു ബുദ്ധമതക്കാരനാണ്‌, ദൈവം ആരാണെന്ന്‌ അറിയുന്നതു പ്രധാനമാണെന്നു ഞാൻ കരുതുന്നില്ല.” എങ്കിലും, അനേകരും ബുദ്ധനെ ദൈവമായി കണക്കാക്കുന്നുണ്ടെന്ന്‌ യോഷേ സമ്മതിച്ചു. തന്റെ 60-കളിൽ ആയിരിക്കുന്ന നിക്‌ എന്ന ബിസിനസ്സുകാരൻ ദൈവത്തിൽ വിശ്വസിക്കുകയും അവൻ ഒരു പരമോന്നത ശക്തി ആണെന്നു കരുതുകയും ചെയ്യുന്നു. ദൈവത്തെ കുറിച്ച്‌ അറിയാവുന്ന കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, കുറച്ചു നേരത്തെ ഇടവേളയ്‌ക്കുശേഷം അദ്ദേഹം പറഞ്ഞു: “എന്റെ സ്‌നേഹിതാ, അതു വളരെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്‌. ഒരു ദൈവം ഉണ്ടെന്നു പറയാമെന്നല്ലാതെ മറ്റൊന്നിനും എനിക്കാവില്ല.”

ചിലർ “സ്രഷ്ടാവിനെ ആരാധിക്കുന്നതിനുപകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും” ചെയ്യുന്നു. (റോമർ 1:​25, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ) സമീപിക്കാനാവാത്തവിധം അകലെയാണ്‌ ദൈവം എന്നു വിശ്വസിച്ചുകൊണ്ട്‌ ദശലക്ഷങ്ങൾ മരിച്ചുപോയ പൂർവികരെ ആരാധിക്കുന്നു. ഹിന്ദുമതത്തിലാണെങ്കിൽ അനേകം ദേവന്മാരും ദേവിമാരുമുണ്ട്‌. യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാരുടെ കാലത്ത്‌ ഇന്ദ്രൻ (സീയൂസ്‌), ബുധൻ (ഹെർമിസ്‌) തുടങ്ങിയ ദേവന്മാർ ആരാധിക്കപ്പെട്ടിരുന്നു. (പ്രവൃത്തികൾ 14:11, 12) പിതാവായ ദൈവവും പുത്രനായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും ചേർന്ന ഒരു ത്രിത്വമാണു ദൈവം എന്ന്‌ ക്രൈസ്‌തവലോകത്തിലെ അനേകം സഭകൾ പഠിപ്പിക്കുന്നു.

“‘ദൈവങ്ങളും’ ‘കർത്താക്കളും’ ധാരാളമുണ്ടല്ലോ” എന്നു ബൈബിൾ പറയുന്നു. എങ്കിലും അത്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്നാൽ നമുക്കു പിതാവായ ഏകദൈവം മാത്രമേ ഉള്ളൂ. സകലവും ഉളവായത്‌ ആ ദൈവത്തിൽനിന്നും ആകുന്നു.” (1 കൊരിന്ത്യർ 8:5, 6, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ) അതേ, ഒരേയൊരു സത്യദൈവമേ ഉള്ളൂ. എന്നാൽ ആരാണ്‌ അവൻ? അവന്‌ ഏതുതരം ശരീരമാണ്‌ ഉള്ളത്‌? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അറിയുന്നത്‌ നമ്മെ സംബന്ധിച്ചു പ്രധാനമാണ്‌. ആ ദൈവത്തോടുള്ള പ്രാർഥനയിൽ യേശുക്രിസ്‌തു ഇപ്രകാരം പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ദൈവത്തെ കുറിച്ചുള്ള സത്യം അറിയുന്നതിലാണ്‌ നമ്മുടെ നിത്യക്ഷേമം ആശ്രയിച്ചിരിക്കുന്നത്‌ എന്നു വിശ്വസിക്കാൻ നമുക്കു കാരണമുണ്ട്‌.

[3-ാം പേജിലെ ചിത്രം]

ഇവ അസ്‌തിത്വത്തിൽ വരാനിടയാക്കിയത്‌ എന്ത്‌?

[കടപ്പാട്‌]

തിമിംഗലം: Courtesy of Tourism Queensland

[2-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

COVER: Index Stock Photography © 2002