നിങ്ങൾക്ക് യഥാർഥത്തിൽ സഹിഷ്ണുതയുണ്ടോ?
നിങ്ങൾക്ക് യഥാർഥത്തിൽ സഹിഷ്ണുതയുണ്ടോ?
ആരുടെയെങ്കിലും അനുചിതമായ പെരുമാറ്റം നിങ്ങളെ രോഷം കൊള്ളിച്ചിട്ടുണ്ടോ? ദുഷിപ്പിക്കുന്ന സ്വാധീനങ്ങൾ ഉറ്റ സുഹൃത്തുക്കളെ ഗുരുതരമായി ബാധിക്കുമ്പോൾ സത്വരം പ്രവർത്തിക്കുന്ന ആളാണോ നിങ്ങൾ?
ഗുരുതരമായ പാപം വ്യാപിക്കാതിരിക്കാൻ ചിലപ്പോഴൊക്കെ ഉടനടിയുള്ള ശക്തമായ നടപടി ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന്, നിർലജ്ജമായ ദുർവൃത്തി പൊ.യു.മു. 15-ാം നൂറ്റാണ്ടിലെ ഇസ്രായേലിന് ഭീഷണിയായപ്പോൾ, അഹരോന്റെ പൗത്രനായ ഫീനെഹാസ് ദോഷം തുടച്ചു നീക്കാനായി നിർണായകമായ ഒരു നടപടി കൈക്കൊണ്ടു. അവന്റെ പ്രവൃത്തിയെ അംഗീകരിച്ചുകൊണ്ട് യഹോവ പറഞ്ഞു: “ഫീനെഹാസ് . . . എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽമക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.”—സംഖ്യാപുസ്തകം 25:1-11.
ദുഷിപ്പു വ്യാപിക്കാതിരിക്കുന്നതിന് ഫീനെഹാസ് ഉചിതമായ നടപടിയാണ് കൈക്കൊണ്ടത്. എന്നാൽ മറ്റുള്ളവരുടെ സാധാരണ പിഴവുകളെപ്രതി അനിയന്ത്രിതമായി ധാർമികരോഷം കൊള്ളുന്നതു സംബന്ധിച്ചെന്ത്? എടുത്തുചാടി, അല്ലെങ്കിൽ ന്യായമായ കാരണമില്ലാതെ പ്രവർത്തിക്കുന്നത് നീതിക്കുവേണ്ടി വാദിക്കുന്ന ഒരാളെന്നല്ല, അസഹിഷ്ണുവായ, അതായത് മറ്റുള്ളവരുടെ അപൂർണതകളെ വകവെക്കാത്ത ഒരാൾ എന്ന പേർ മാത്രമേ നമുക്കു നേടിത്തരികയുള്ളൂ. ഈ അപകടം ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും?
‘യഹോവ അകൃത്യം ഒക്കെയും ക്ഷമിക്കുന്നു’
യഹോവ ‘തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അവൻ മത്സരം വെച്ചുപൊറുപ്പിക്കുകയില്ല.’ (പുറപ്പാടു 20:5, NW, അടിക്കുറിപ്പ്) സ്രഷ്ടാവായതിനാൽ, നമ്മിൽനിന്ന് സമ്പൂർണ ഭക്തി ആവശ്യപ്പെടാനുള്ള അവകാശം അവനുണ്ട്. (വെളിപ്പാടു 4:11) എങ്കിലും, യഹോവ മാനുഷിക ബലഹീനതകളോട് സഹിഷ്ണുതയുള്ളവനാണ്. അതുകൊണ്ട് അവനെ സംബന്ധിച്ച് സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പാടി: “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല [കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നില്ല, NW] . . . അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.” അതേ, അനുതപിക്കുന്നപക്ഷം ദൈവം ‘നമ്മുടെ അകൃത്യം ഒക്കെയും മോചിക്കും [‘ക്ഷമിക്കും,’ NW].’—സങ്കീർത്തനം 103:3, 8-10.
മനുഷ്യരുടെ പാപാവസ്ഥ യഹോവ മനസ്സിലാക്കുന്നതിനാൽ, അവൻ അനുതാപമുള്ള ദുഷ്പ്രവൃത്തിക്കാരുടെ ‘കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നില്ല.’ (സങ്കീർത്തനം 51:5; റോമർ 5:12) വാസ്തവത്തിൽ, പാപത്തെയും അപൂർണതയെയും ഇല്ലായ്മ ചെയ്യുക എന്നതാണ് അവന്റെ ഉദ്ദേശ്യം. അതു പൂർണമായി സാക്ഷാത്കരിക്കുന്നതുവരെ, “നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം” നമ്മോടു ചെയ്യാതെ ദൈവം കരുണാപൂർവം യേശുക്രിസ്തുവിന്റെ മറുവിലായാഗത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് ക്ഷമ നീട്ടിത്തരുന്നു. ഉചിതമായിരിക്കുമ്പോൾ യഹോവ കരുണ കാണിക്കുന്നില്ലെങ്കിൽ, നാമാരും അതിജീവനത്തിനു യോഗ്യരായി എണ്ണപ്പെടുകയില്ല. (സങ്കീർത്തനം 130:3) സമ്പൂർണ ഭക്തി അർഹിക്കുകയും അതു നിഷ്കർഷിക്കുകയും ചെയ്യുന്ന നമ്മുടെ സ്വർഗീയ പിതാവായ യഹോവ കാരുണ്യവാനായ ഒരു ദൈവമായിരിക്കുന്നതിൽ നാം എത്രയധികം നന്ദിയുള്ളവരാണ്!
സമനില ആവശ്യം
അപൂർണ മനുഷ്യരോടുള്ള ഇടപെടലിൽ അഖിലാണ്ഡ പരമാധികാരി സഹിഷ്ണുത കാണിക്കുന്നതിനാൽ, നാമും അങ്ങനെ ആയിരിക്കേണ്ടതല്ലേ? സഹിഷ്ണുതയെ നിർവചിച്ചിരിക്കുന്നത്, “സ്വന്തം അഭിരുചിക്ക് ഇണങ്ങാത്തതിനെയായാലും ക്ഷമയോടെ നോക്കിക്കാണാനും അങ്ഗീകരിക്കാനുമുള്ള സന്നദ്ധത, അതിനുള്ള കഴിവ്” എന്നാണ്. അത്തരം മനഃസ്ഥിതി, അതായത് അത്ര കടുത്ത പാപമല്ലെങ്കിലും ഉചിതമല്ലായിരുന്നേക്കാവുന്ന വിധത്തിൽ മറ്റുള്ളവർ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ ക്ഷമയും സഹിഷ്ണുതയും പ്രകടിപ്പിക്കാനുള്ള സന്നദ്ധത, നമുക്ക് വ്യക്തിപരമായി ഉണ്ടോ?
തീർച്ചയായും നാം കണക്കിലധികം സഹിഷ്ണുത കാണിക്കരുത്. ഉദാഹരണത്തിന്, ആൺകുട്ടികളെയും പെൺകുട്ടികളെയും തങ്ങളുടെ കാമകേളികൾക്ക് തുടർച്ചയായി വിധേയരാക്കുന്ന ദുർവൃത്തരായ പുരോഹിതന്മാരോടുള്ള മതാധികാരികളുടെ സഹിഷ്ണുത വലിയ ദോഷം ചെയ്യുന്നു. ഇതു സംബന്ധിച്ച് അയർലണ്ടിലെ ഒരു റിപ്പോർട്ടർ ഇങ്ങനെ പറയുന്നു: “കുട്ടികളോടു ചെയ്തതിനെ സംഭവിച്ചുപോയ തെറ്റായി മാത്രം കണക്കാക്കിക്കൊണ്ട്
സഭാധികാരികൾ, പ്രശ്നക്കാരനായ പുരോഹിതനെ കേവലം സ്ഥലം മാറ്റുകയാണു ചെയ്തത്.”അത്തരമൊരാളെ കേവലം സ്ഥലം മാറ്റുന്നതിനെ ഉചിതമായ സഹിഷ്ണുത എന്നു വിളിക്കാനാകുമോ? ഒരിക്കലുമില്ല! രോഗികളെ കൊല്ലുകയോ അംഗഭംഗപ്പെടുത്തുകയോ ചെയ്യുന്ന ഉത്തരവാദിത്വബോധമില്ലാത്ത ഒരു സർജനെ മെഡിക്കൽ അധികൃതർ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഒരേ തൊഴിൽ രംഗത്ത് ഉള്ളവർക്കിടയിൽ ഉണ്ടായിരിക്കേണ്ട വിശ്വസ്തത സംബന്ധിച്ച വികലമായ ഒരു ധാരണ അത്തരം “സഹിഷ്ണുത” പ്രകടിപ്പിക്കുന്നതിന് ഇടയാക്കിയേക്കാം. എന്നാൽ, ഉത്തരവാദിത്വബോധമില്ലാത്തതോ കുറ്റകരം പോലുമോ ആയ കാര്യങ്ങൾ ചെയ്തതു നിമിത്തം മരണമടയുകയോ മറ്റുവിധങ്ങളിൽ പ്രതികൂലമായി ബാധിക്കപ്പെടുകയോ ചെയ്ത ഇരകളെ സംബന്ധിച്ചെന്ത്?
കൂടാതെ, വളരെക്കുറച്ച് സഹിഷ്ണുത കാണിക്കുകയെന്ന അപകടവും പതിയിരിപ്പുണ്ട്. യേശു ഭൂമിയിലായിരുന്നപ്പോൾ മതതീവ്രവാദികൾ (zealots) എന്നറിയപ്പെട്ടിരുന്ന ചില യഹൂദന്മാർ, തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കാനുള്ള ശ്രമത്തിൽ ഫീനെഹാസിന്റെ ദൃഷ്ടാന്തം തെറ്റായി ഉപയോഗിച്ചു. ചില മതതീവ്രവാദികളുടെ അതിരുകടന്ന പ്രവർത്തനങ്ങളിലൊന്ന്, “യെരൂശലേമിലെ ഉത്സവസമയത്തും മറ്റും ആൾക്കൂട്ടത്തിൽ ഇടകലർന്ന് ഓർക്കാപ്പുറത്ത് തങ്ങളുടെ ശത്രുക്കളുടെമേൽ കഠാര കുത്തിയിറക്കുക” എന്നതായിരുന്നു.
ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം തീർച്ചയായും, ആ മതതീവ്രവാദികളെപ്പോലെ നമ്മെ അപ്രീതിപ്പെടുത്തുന്നവരെ ശാരീരികമായി ആക്രമിക്കുന്ന അളവോളം പോകുകയില്ല. എന്നാൽ, നമുക്ക് ഇഷ്ടമില്ലാത്തവരെ മറ്റുവിധങ്ങളിൽ—ഒരുപക്ഷേ അവരെക്കുറിച്ച് ദുഷിച്ച് സംസാരിച്ചുകൊണ്ട്—ആക്രമിക്കാൻ ഒരളവിലുള്ള അസഹിഷ്ണുത ഇടയാക്കുന്നുണ്ടോ? നാം യഥാർഥമായും സഹിഷ്ണുത ഉള്ളവരാണെങ്കിൽ, അത്തരം ദ്രോഹകരമായ സംസാരത്തിനു മുതിരുകയില്ല.
അസഹിഷ്ണുത പ്രകടമാക്കിയിരുന്ന മറ്റൊരുകൂട്ടം ആളുകളാണ് ഒന്നാം നൂറ്റാണ്ടിലെ പരീശന്മാർ. അവർ മറ്റുള്ളവരെ നിരന്തരം കുറ്റം വിധിക്കുകയും മാനുഷിക ബലഹീനതയോട് പരിഗണന കാണിക്കാതിരിക്കുകയും ചെയ്തിരുന്നു. അഹങ്കാരികളായ അവർ സാധാരണക്കാരെ പുച്ഛിക്കുകയും ‘ശപിക്കപ്പെട്ടവർ’ എന്നു വിളിച്ചുകൊണ്ട് അവരെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തു. (യോഹന്നാൻ 7:49) നല്ല കാരണത്തോടെതന്നെ സ്വയനീതിക്കാരായ അത്തരം പുരുഷന്മാരെ കുറ്റം വിധിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കുകയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കുകയും വേണം.”—മത്തായി 23:23.
അത്തരമൊരു പ്രസ്താവന നടത്തുകവഴി മോശൈക ന്യായപ്രമാണം അനുസരിക്കുന്നതിന്റെ പ്രാധാന്യത്തെ യേശു താഴ്ത്തിമതിക്കുകയായിരുന്നില്ല. മോശൈക ന്യായപ്രമാണത്തിലെ “ഘനമേറിയ” അഥവാ കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ന്യായബോധത്തോടും കരുണയോടും കൂടെ ബാധകമാക്കണമെന്ന് പറയുക മാത്രമാണ് അവൻ ചെയ്തത്. അസഹിഷ്ണുത പ്രകടമാക്കിയ പരീശന്മാരിൽനിന്നും മതതീവ്രവാദികളിൽനിന്നും എത്ര വ്യത്യസ്തരായിരുന്നു യേശുവും അവന്റെ ശിഷ്യന്മാരും!
യഹോവയോ യേശുക്രിസ്തുവോ ദോഷത്തിനു നേരെ കണ്ണടയ്ക്കുന്നില്ല. പെട്ടെന്നുതന്നെ ‘ദൈവത്തെ അറിയാത്തവരുടെമേലും സുവിശേഷം അനുസരിക്കാത്തവരുടെമേലും ശിക്ഷാവിധി’ നടപ്പാക്കപ്പെടും. (2 തെസ്സലൊനീക്യർ 1:6-10) എന്നിരുന്നാലും, ശരി ചെയ്യാൻ ആഗ്രഹിക്കുന്നവരോട് തന്റെ സ്വർഗീയ പിതാവ് കാണിക്കുന്ന ക്ഷമ, കരുണ, സ്നേഹപുരസ്സരമായ താത്പര്യം എന്നിവ പ്രതിഫലിപ്പിക്കുന്നതിൽനിന്ന് നീതിയോടുള്ള തീക്ഷ്ണത യേശുവിനെ തടയുന്നില്ല. (യെശയ്യാവു 42:1-3; മത്തായി 11:28-30; 12:18-21) എത്ര വിശിഷ്ടമായ ഒരു മാതൃകയാണ് യേശു നമുക്കു വെച്ചത്!
ക്ഷമയോടെ അന്യോന്യം സഹിഷ്ണുത കാണിപ്പിൻ
ശരിയായതിനു വേണ്ടിയുള്ള വർധിച്ച തീക്ഷ്ണത ഉണ്ടായിരിക്കാമെങ്കിലും നമുക്ക് പൗലൊസിന്റെ ബുദ്ധിയുപദേശം പിൻപറ്റാം: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ.” (കൊലൊസ്സ്യർ 3:13; മത്തായി 6:14, 15) ഈ അപൂർണ ലോകത്തിൽ അന്യോന്യം തെറ്റുകുറ്റങ്ങൾ ക്ഷമിക്കുന്നത് സഹിഷ്ണുതയിൽ ഉൾപ്പെട്ടിരിക്കുന്നു. മറ്റുള്ളവരിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് നാം ന്യായയുക്തത ഉള്ളവരായിരിക്കണം.—ഫിലിപ്പിയർ 4:5, NW.
സഹിഷ്ണുതയുള്ളവർ ആയിരിക്കുക എന്നാൽ ദുഷ്ചെയ്തികൾ വകവെച്ചുകൊടുക്കുകയെന്നോ തെറ്റുകൾക്കു നേരെ കണ്ണടയ്ക്കുകയെന്നോ അല്ല അർഥം. ഒരു സഹവിശ്വാസിയുടെ ചിന്തയുടെയോ നടത്തയുടെയോ ചില വശങ്ങൾ പൂർണമായും യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ അല്ലായിരിക്കാം. അയാളെ ദൈവം തള്ളിക്കളയുന്നതിന് ഇടയാകത്തക്കവിധം അത് അത്ര ഗുരുതരമല്ലായിരിക്കാമെങ്കിലും, ചില പൊരുത്തപ്പെടുത്തലുകൾ ആവശ്യമാണെന്നുള്ളതിന്റെ ഒരു സൂചന അത് നൽകിയേക്കാം. (ഉല്പത്തി 4:6, 7) ആത്മീയ യോഗ്യതയുള്ളവർ സൗമ്യതയുടെ ആത്മാവിൽ തെറ്റു ചെയ്യുന്നയാളെ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കുന്നത് എത്ര സ്നേഹപുർവകമായ കാര്യമാണ്! (ഗലാത്യർ 6:1) എന്നിരുന്നാലും, വിമർശന ബുദ്ധിയോടെയല്ല അവരോടുള്ള താത്പര്യത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ഈ ഉദ്യമത്തിൽ വിജയിക്കാൻ കഴിയൂ.
‘സൗമ്യതയോടും ബഹുമാനത്തോടുംകൂടെ’
നമ്മുടേതിൽനിന്നു വ്യത്യസ്തമായ മത കാഴ്ചപ്പാടുകൾ ഉള്ളവരോട് ക്ഷമാ മനോഭാവം പ്രകടമാക്കുന്നതു സംബന്ധിച്ചെന്ത്? 1831-ൽ അയർലണ്ടിൽ സ്ഥാപിതമായ എല്ലാ ദേശീയ സ്കൂളുകളിലും ഒരു “പൊതുവായ പാഠം” പ്രദർശിപ്പിച്ചിരുന്നു. അത് ഇങ്ങനെ വായിക്കുന്നു: “ബലപ്രയോഗത്തിലൂടെ തന്റെ മതം ആളുകളിൽ അടിച്ചേൽപ്പിക്കാൻ യേശുക്രിസ്തു ഉദ്ദേശിച്ചില്ല. . . . നമ്മുടെ ഭാഗം ശരിയാണെന്നും അവരുടേത് തെറ്റാണെന്നും അയൽക്കാരെ ബോധ്യപ്പെടുത്താനുള്ള മാർഗം അവരുമായി വഴക്കടിക്കുന്നതും അവരെ ശകാരിക്കുന്നതും അല്ല. അങ്ങനെ ചെയ്താൽ, നമുക്ക് ക്രിസ്തീയ മനോഭാവം ഇല്ലെന്ന ബോധ്യത്തിൽ അവർ എത്തിച്ചേരാനാണു കൂടുതൽ സാധ്യത.”
ദൈവവചനത്തിലേക്ക് ആളുകളെ ആകർഷിക്കത്തക്ക വിധത്തിലാണ് യേശു പഠിപ്പിച്ചതും പ്രവർത്തിച്ചതും. നാമും അതുപോലെ ആയിരിക്കണം. (മർക്കൊസ് 6:34; ലൂക്കൊസ് 4:22, 32; 1 പത്രൊസ് 2:21) ദൈവദത്ത ഉൾക്കാഴ്ച ഉണ്ടായിരുന്ന ഒരു പൂർണ മനുഷ്യൻ എന്ന നിലയിൽ അവന് ആളുകളുടെ ഹൃദയങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നു. അക്കാരണത്താലാണ് ആവശ്യമായി വന്നപ്പോൾ യഹോവയുടെ ശത്രുക്കളെ ശക്തമായി കുറ്റംവിധിക്കാൻ യേശുവിനു കഴിഞ്ഞത്. (മത്തായി 23:13-33) അത് അവന്റെ ഭാഗത്തെ അസഹിഷ്ണുത അല്ലായിരുന്നു.
എന്നാൽ യേശുവിനെപ്പോലെ ഹൃദയങ്ങളെ വായിക്കാനുള്ള കഴിവ് നമുക്കില്ല. അതുകൊണ്ട് നാം അപ്പൊസ്തലനായ പത്രൊസിന്റെ ബുദ്ധിയുപദേശം പിൻപറ്റണം: “ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രൊസ് 3:14ബി, 15) യഹോവയുടെ ദാസന്മാർ എന്ന നിലയിൽ നാം വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്തണം. കാരണം നമ്മുടെ വിശ്വാസം ദൈവവചനത്തിൽ ഉറപ്പായും അടിസ്ഥാനപ്പെട്ടിരിക്കുന്നു. എന്നാൽ മറ്റുള്ളവരോടും അവരുടെ ആത്മാർഥമായ വിശ്വാസങ്ങളോടും ആദരവ് പ്രകടിപ്പിക്കുന്ന വിധത്തിലായിരിക്കണം നാം അതു ചെയ്യേണ്ടത്. പൗലൊസ് ഇങ്ങനെ എഴുതി: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.”—കൊലൊസ്സ്യർ 4:6.
വിഖ്യാതമായ ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” (മത്തായി 7:12) അക്കാരണത്താൽ നമുക്ക് അന്യോന്യം ക്ഷമയോടെ സഹിഷ്ണുത കാണിക്കുകയും നാം സുവാർത്ത പ്രസംഗിക്കുന്നവരോട് ബഹുമാനം കാണിക്കുകയും ചെയ്യാം. നീതിയോടുള്ള നമ്മുടെ തീക്ഷ്ണതയെ ബൈബിളധിഷ്ഠിത സഹിഷ്ണുതയാൽ സമനിലയിൽ വരുത്തുന്നതു മുഖാന്തരം, നാം യഹോവയെ പ്രസാദിപ്പിക്കുകയും യഥാർഥ സഹിഷ്ണുത ഉള്ളവരായിരിക്കുകയും ചെയ്യും.
[23-ാം പേജിലെ ചിത്രം]
പരീശന്മാരുടെ അസഹിഷ്ണുതാ മനോഭാവം ഒഴിവാക്കുക
[23-ാം പേജിലെ ചിത്രം]
യേശു തന്റെ പിതാവിന്റെ സഹിഷ്ണുത പ്രതിഫലിപ്പിച്ചു. നിങ്ങളോ?