വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഭാപിതാക്കന്മാർ—ബൈബിൾ സത്യത്തിന്റെ വക്താക്കളോ?

സഭാപിതാക്കന്മാർ—ബൈബിൾ സത്യത്തിന്റെ വക്താക്കളോ?

സഭാപിതാക്കന്മാർ—ബൈബിൾ സത്യത്തിന്റെ വക്താക്കളോ?

നിങ്ങൾ ഒരു ക്രിസ്‌ത്യാനി ആണെന്ന്‌ അവകാശപ്പെട്ടാലും ഇല്ലെങ്കിലും, ബൈബിൾ പറയുന്ന ദൈവത്തെയും യേശുവിനെയും ക്രിസ്‌ത്യാനിത്വത്തെയും സംബന്ധിച്ച നിങ്ങളുടെ വീക്ഷണത്തെ അവർ വളരെ സ്വാധീനിച്ചിട്ടുണ്ടായിരിക്കാം. അവരിൽ ഒരാൾ സ്വർണ വായുള്ളവൻ എന്നും മറ്റൊരാൾ മഹാൻ എന്നും വിളിക്കപ്പെട്ടു. ഒരു കൂട്ടമായി അവർ “ക്രിസ്‌തുജീവന്റെ സമൂർത്തരൂപങ്ങൾ” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. ആരാണ്‌ അവർ? ഇന്നുള്ള മിക്ക “ക്രിസ്‌തീയ” ചിന്തകളും രൂപപ്പെടുത്തിയ പുരാതന മതചിന്തകരും എഴുത്തുകാരും ദൈവശാസ്‌ത്രജ്ഞരും തത്ത്വചിന്തകരുമാണ്‌ അവർ​—⁠അതായത്‌, സഭാപിതാക്കന്മാർ.

“ബൈബിൾ ദൈവത്തിന്റെ സമ്പൂർണ വചനമല്ല,” ഓർത്തഡോക്‌സ്‌ മതാധ്യയന പണ്ഡിതനായ ഡെമിട്രിയോസ്‌ ജെ. കോൺസ്റ്റാന്റെലോസ്‌ പ്രസ്‌താവിക്കുന്നു. “ദൈവത്തിന്റെ വചനം വെളിപ്പെടുത്തിത്തരുന്ന പരിശുദ്ധാത്മാവിനെ ഏതെങ്കിലും ഒരു പുസ്‌തകത്തിന്റെ താളുകളിൽ ഒതുക്കാനാവില്ല.” ദൈവിക വെളിപ്പെടുത്തലിന്റെ ആശ്രയയോഗ്യമായ മറ്റൊരു ഉറവിടം ഏതായിരിക്കാൻ കഴിയും? ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയെ ഗ്രഹിക്കൽ (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിൽ കോൺസ്റ്റാന്റെലോസ്‌ ഇങ്ങനെ തറപ്പിച്ചു പറയുന്നു: “വിശുദ്ധ പാരമ്പര്യവും വിശുദ്ധ തിരുവെഴുത്തുകളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി വീക്ഷിക്കപ്പെടുന്നു.”

ആ “വിശുദ്ധ പാരമ്പര്യ”ത്തിന്റെ കാമ്പിൽ സഭാപിതാക്കന്മാരുടെ പഠിപ്പിക്കലുകളും എഴുത്തുകളും ഉൾപ്പെടുന്നു. പൊ.യു. രണ്ടാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്ന പ്രമുഖ ദൈവശാസ്‌ത്രജ്ഞരും “ക്രിസ്‌തീയ” തത്ത്വചിന്തകരും ആയിരുന്നു അവർ. ആധുനിക “ക്രിസ്‌തീയ” ചിന്തയെ അവർ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്‌? തങ്ങളുടെ പഠിപ്പിക്കലിൽ അവർ ബൈബിളിനോടു പറ്റിനിന്നോ? യേശുക്രിസ്‌തുവിന്റെ ഒരു അനുഗാമിയെ സംബന്ധിച്ചിടത്തോളം ക്രിസ്‌തീയ സത്യത്തിന്റെ ഈടുറ്റ അടിസ്ഥാനം എന്തായിരിക്കണം?

ചരിത്ര പശ്ചാത്തലം

പൊ.യു. രണ്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ, ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടിരുന്നവർ റോമൻ പീഡകരുടെയും വ്യവസ്ഥാപിത മതവിരോധികളുടെയും മുമ്പാകെ തങ്ങളുടെ വിശ്വാസത്തിനു വേണ്ടി പ്രതിവാദം ചെയ്‌തു. എന്നിരുന്നാലും, അത്‌ ദൈവശാസ്‌ത്രപരമായി ഒട്ടേറെ അഭിപ്രായങ്ങൾ നിലനിന്നിരുന്ന ഒരു കാലമായിരുന്നു. യേശുവിന്റെ “ദൈവത്വ”വും പരിശുദ്ധാത്മാവിന്റെ സ്വഭാവവും പ്രവർത്തനങ്ങളും സംബന്ധിച്ച മതപരമായ സംവാദങ്ങൾ കേവലം ധൈഷണികമായ ഭിന്നതകൾ മാത്രമല്ല ഉളവാക്കിയത്‌. “ക്രിസ്‌തീയ” പഠിപ്പിക്കലിനെ ചൊല്ലിയുള്ള കടുത്ത തർക്കങ്ങളും അപരിഹാര്യമായ ഭിന്നതകളും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ മണ്ഡലങ്ങളിലേക്കു വ്യാപിക്കുകയും ചിലപ്പോഴൊക്കെ കലാപങ്ങൾക്കും വിപ്ലവങ്ങൾക്കും ആഭ്യന്തര പോരാട്ടങ്ങൾക്കും, യുദ്ധത്തിനു പോലും, ഇടയാക്കുകയും ചെയ്‌തു. ചരിത്രകാരനായ പോൾ ജോൺസൺ ഇപ്രകാരം എഴുതുന്നു: “[വിശ്വാസത്യാഗം ഭവിച്ച] ക്രിസ്‌ത്യാനിത്വത്തിന്റെ തുടക്കം ആശയക്കുഴപ്പത്തിലും തർക്കത്തിലും പിളർപ്പിലും ആയിരുന്നു, അത്‌ അങ്ങനെതന്നെ തുടരുകയും ചെയ്‌തു. . . . എഡി ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ മധ്യ, പൂർവ മെഡിറ്ററേനിയൻ പ്രദേശത്ത്‌ മതപരമായ അസംഖ്യം ആശയങ്ങൾ പെരുകി, അവയെ പിന്താങ്ങിയവർ അവ വ്യാപിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുകയും ചെയ്‌തു. . . . അങ്ങനെ തുടക്കം മുതലേ, ക്രിസ്‌ത്യാനിത്വത്തിന്റെ നാനാ വകഭേദങ്ങൾ ഉണ്ടായിരുന്നു. അവയ്‌ക്കു പൊതുവായി യാതൊന്നും ഉണ്ടായിരുന്നില്ലതാനും.”

അക്കാലത്ത്‌, തത്ത്വശാസ്‌ത്രപരമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച്‌ “ക്രിസ്‌തീയ” പഠിപ്പിക്കലുകൾ വ്യാഖ്യാനിക്കേണ്ട ആവശ്യമുണ്ടെന്നു കരുതിയ നിരവധി എഴുത്തുകാരും ചിന്തകരും ഉണ്ടായി. “ക്രിസ്‌ത്യാനിത്വ”ത്തിലേക്കു പുതുതായി പരിവർത്തനം ചെയ്‌ത അഭ്യസ്‌തവിദ്യരായ പുറജാതീയരെ തൃപ്‌തിപ്പെടുത്താൻ അത്തരം മത എഴുത്തുകാർ മുൻകാല ഗ്രീക്കു-യഹൂദ സാഹിത്യത്തെ വളരെയധികം ആശ്രയിച്ചു. ഗ്രീക്കിൽ എഴുതിയിരുന്ന ജസ്റ്റിൻ മാർട്ടറുടെ (ഏതാണ്ട്‌ പൊ.യു. 100-165) കാലം മുതൽ, ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടിരുന്നവർ ഗ്രീക്കു സംസ്‌കാരത്തിന്റെ തത്ത്വശാസ്‌ത്രപരമായ പൈതൃകം ഉൾക്കൊള്ളുന്നതിൽ ഏറെ പുരോഗമന ചിന്തയുള്ളവർ ആയിത്തീർന്നു.

അലക്‌സാൻഡ്രിയയിൽ നിന്നുള്ള ഗ്രീക്കു ഗ്രന്ഥകാരനായ ഓറിജന്റെ (ഏതാണ്ട്‌ പൊ.യു. 185-254) എഴുത്തുകളിൽ ഇതു ശ്രദ്ധേയമായ ഫലമുളവാക്കി. ഓറിജന്റെ പ്രഥമ തത്ത്വങ്ങളെ കുറിച്ച്‌ എന്ന ഉപന്യാസം ഗ്രീക്കു തത്ത്വശാസ്‌ത്രത്തിലെ പദപ്രയോഗങ്ങൾ ഉപയോഗിച്ച്‌ പ്രമുഖമായ “ക്രിസ്‌തീയ” ദൈവശാസ്‌ത്ര ഉപദേശങ്ങൾ വിശദീകരിക്കാനുള്ള ഒരു വ്യവസ്ഥാപിത ശ്രമമായിരുന്നു. ക്രിസ്‌തുവിന്റെ “ദൈവത്വം” വിശദീകരിക്കാനും സ്ഥാപിക്കാനും ചേർന്ന നിഖ്യാ കൗൺസിൽ “ക്രിസ്‌തീയ” സിദ്ധാന്ത വ്യാഖ്യാനത്തിനു പുതിയ പ്രചോദനമായി വർത്തിച്ച ഒരു നാഴികക്കല്ല്‌ ആയിരുന്നു. എന്നത്തേതിലും കൃത്യമായി സിദ്ധാന്തത്തെ വ്യാഖ്യാനിക്കാൻ ശ്രമിച്ച പൊതു സഭാ കൗൺസിലുകളുടെ ഒരു കാലഘട്ടത്തിന്‌ ആ കൗൺസിൽ തുടക്കമിട്ടു.

എഴുത്തുകാരും പ്രഭാഷകരും

നിഖ്യായിലെ ആദ്യത്തെ കൗൺസിലിന്റെ സമയത്ത്‌ ഗ്രന്ഥരചന നടത്തിയിരുന്ന കൈസര്യയിലെ യൂസിബിയസ്‌, കോൺസ്റ്റന്റയ്‌ൻ ചക്രവർത്തിയുമായി അടുത്ത ബന്ധം പുലർത്തി. ആ കൗൺസിലിനു ശേഷമുള്ള നൂറിലേറെ വർഷത്തെ ഒരു കാലഘട്ടംകൊണ്ട്‌ ദൈവശാസ്‌ത്രജ്ഞർ​—⁠അവരിൽ മിക്കവരും ഗ്രീക്കിലാണ്‌ എഴുതിയിരുന്നത്‌​—⁠സുദീർഘവും ഉഗ്രവുമായ സംവാദത്തിലൂടെ ക്രൈസ്‌തവലോകത്തിന്റെ സവിശേഷ പഠിപ്പിക്കലായ ത്രിത്വത്തിനു രൂപം കൊടുത്തു. ഈ ദൈവശാസ്‌ത്രജ്ഞരിൽ പ്രമുഖർ ആയിരുന്നു അലക്‌സാൻഡ്രിയയിലെ പിടിവാശിക്കാരനായ അത്തനേഷ്യസ്‌ എന്ന ബിഷപ്പും ഏഷ്യാമൈനറിലെ കപ്പദോക്യയിൽ നിന്നുള്ള മൂന്നു സഭാനേതാക്കന്മാരായ മഹാനായ ബേസിൽ, നിസ്സയിലെ അദ്ദേഹത്തിന്റെ സഹോദരൻ ഗ്രിഗറി, അവരുടെ സ്‌നേഹിതനായ നാസിയാൻസസിലെ ഗ്രിഗറി എന്നിവരും.

അക്കാലത്തെ എഴുത്തുകാരും പ്രസംഗകരും വാചാലതയുടെ ഉന്നതമായ നിലവാരങ്ങളിൽ എത്തിച്ചേർന്നവർ ആയിരുന്നു. നാസിയാൻസസിലെ ഗ്രിഗറിയും ജോൺ ക്രിസോസ്റ്റമും (അർഥം, “സ്വർണ വായുള്ളവൻ”) ഗ്രീക്കിലും മിലാനിലെ ആംബ്രോസ്‌, ഹിപ്പോയിലെ അഗസ്റ്റിൻ എന്നിവർ ലത്തീനിലുമുള്ള മികച്ച പ്രഭാഷകർ ആയിരുന്നു. അക്കാലത്ത്‌ ഏറ്റവും ആദരിക്കപ്പെട്ടിരുന്നതും ജനരഞ്‌ജകവുമായ കലാരൂപം പ്രഭാഷണം ആയിരുന്നു, ഏറ്റവും സ്വാധീനം ചെലുത്തിയിരുന്ന എഴുത്തുകാരൻ അഗസ്റ്റിനും. ഇന്നത്തെ “ക്രിസ്‌തീയ” ചിന്തയ്‌ക്കു മൊത്തത്തിലുള്ള രൂപം കൊടുത്തത്‌ അദ്ദേഹത്തിന്റെ ദൈവശാസ്‌ത്ര പ്രബന്ധങ്ങൾ ആയിരുന്നു. അക്കാലത്തെ ഏറ്റവും വിഖ്യാത പണ്ഡിതനായിരുന്ന ജെറോം ആണ്‌ മൂല ഭാഷകളിൽ നിന്നുള്ള ബൈബിളിന്റെ ലാറ്റിൻ വൾഗേറ്റ്‌ ഭാഷാന്തരത്തിന്‌ മുഖ്യ ചുമതല വഹിച്ചത്‌.

എന്നിരുന്നാലും, ചില പ്രധാന ചോദ്യങ്ങൾ ഉയർന്നുവരുന്നു: ആ സഭാപിതാക്കന്മാർ ബൈബിളിനോട്‌ അടുത്തു പറ്റിനിന്നോ? തങ്ങളുടെ ഉപദേശങ്ങൾക്ക്‌ അവർ നിശ്വസ്‌ത തിരുവെഴുത്തുകളെ ഈടുറ്റ അടിസ്ഥാനമായി ഉപയോഗിച്ചോ? അവരുടെ എഴുത്തുകൾ ദൈവത്തെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനത്തിലേക്കു നയിക്കുന്ന സുരക്ഷിതമായ വഴികാട്ടി ആണോ?

ദൈവത്തിന്റെ പഠിപ്പിക്കലുകളോ മനുഷ്യന്റെ പഠിപ്പിക്കലുകളോ?

അടുത്തകാലത്ത്‌, പിസിദിയയിലെ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ മെട്രോപൊളിറ്റൻ മെഥോഡിയാസ്‌, ആധുനിക “ക്രിസ്‌തീയ” ചിന്തയുടെ അടിസ്ഥാനം ഗ്രീക്കു സംസ്‌കാരവും തത്ത്വചിന്തയും ആണെന്നു കാണിക്കാൻ ദ ഹെലനിക്‌ പെഡസ്റ്റൽ ഓഫ്‌ ക്രിസ്റ്റ്യാനിറ്റി എന്ന പുസ്‌തകം എഴുതി. ആ പുസ്‌തകത്തിൽ യാതൊരു മടിയും കൂടാതെ അദ്ദേഹം ഇങ്ങനെ സമ്മതിക്കുന്നു: “മിക്കവാറും എല്ലാ സഭാപിതാക്കന്മാരും ഗ്രീക്ക്‌ ഘടകങ്ങളെ ഏറ്റവും ഉപയോഗപ്രദമായി വീക്ഷിച്ചു. ക്രിസ്‌തീയ സത്യങ്ങൾ ഗ്രഹിക്കാനും കൃത്യമായി പ്രകാശിപ്പിക്കാനുമുള്ള ഒരു മാർഗമായി അവയെ ഉപയോഗിക്കുകവഴി അവർ ഗ്രീക്കു പുരാണത്തിൽനിന്ന്‌ അവ കടമെടുത്തു.”

ഉദാഹരണത്തിന്‌, പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന്‌ ത്രിത്വം ഉണ്ടാകുന്നു എന്ന ആശയംതന്നെ പരിചിന്തിക്കുക. നിഖ്യാ കൗൺസിലിനു ശേഷമുള്ള പല സഭാപിതാക്കന്മാരും ഉറച്ച ത്രിത്വവാദികൾ ആയിത്തീർന്നു. ത്രിത്വത്തെ ക്രൈസ്‌തവലോകത്തിന്റെ അടിസ്ഥാന പഠിപ്പിക്കൽ ആക്കുന്നതിൽ അവരുടെ എഴുത്തുകളും പ്രഭാഷണങ്ങളും നിർണായകമായ പങ്കു വഹിച്ചു. എന്നാൽ ത്രിത്വം ബൈബിളിൽ കാണാൻ കഴിയുമോ? ഇല്ല. അപ്പോൾ സഭാപിതാക്കന്മാർക്ക്‌ അത്‌ എവിടെ നിന്നാണു ലഭിച്ചത്‌? “പുറജാതീയ മതങ്ങളിൽനിന്നു കടമെടുത്ത്‌ ക്രിസ്‌തീയ വിശ്വാസത്തോടു തുന്നിച്ചേർത്ത ഒരു വ്യാജോപദേശമാണ്‌” ത്രിത്വം എന്ന്‌ മതപരമായ പരിജ്ഞാനം സംബന്ധിച്ച ഒരു നിഘണ്ടു (ഇംഗ്ലീഷ്‌) പറയുന്നു. നമ്മുടെ ക്രിസ്‌ത്യാനിത്വത്തിലെ പുറജാതീയത (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം അത്‌ ഇപ്രകാരം സ്ഥിരീകരിക്കുന്നു: “[ത്രിത്വത്തിന്റെ] ഉത്ഭവം പൂർണമായും പുറജാതീയമാണ്‌.” *​—⁠യോഹന്നാൻ 3:16; 14:⁠28.

അതുമല്ലെങ്കിൽ, ആത്മാവിന്റെ അമർത്യത സംബന്ധിച്ച പഠിപ്പിക്കൽ നോക്കുക. മനുഷ്യന്റെ ഒരു ഭാഗം ശരീരത്തിന്റെ മരണശേഷവും ജീവിച്ചിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്‌. ആത്മാവ്‌ മരണത്തെ അതിജീവിക്കുന്നു എന്ന പഠിപ്പിക്കൽ ഇല്ലാഞ്ഞ ഒരു മതത്തിലേക്ക്‌ ഈ ആശയം കൊണ്ടുവരാൻ മുഖ്യമായി പ്രവർത്തിച്ചതും സഭാപിതാക്കന്മാർ ആയിരുന്നു. മനുഷ്യൻ മരിക്കുമ്പോൾ അവന്റെ യാതൊന്നും അവശേഷിക്കുന്നില്ല എന്ന്‌ ബൈബിൾ സ്‌പഷ്ടമായി പ്രകടമാക്കുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. അവരുടെ സ്‌നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല.” (സഭാപ്രസംഗി 9:​5, 6) ആത്മാവിന്റെ അമർത്യതയിലുള്ള സഭാപിതാക്കന്മാരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം എന്തായിരുന്നു? “ഒരു മനുഷ്യനെ ജീവനുള്ള വ്യക്തി ആക്കാൻ ദൈവം ആത്മാവിനെ സൃഷ്ടിച്ച്‌ ഗർഭധാരണത്തിൽ അവന്റെ ശരീരത്തിലേക്കു കടത്തിവിട്ടു എന്ന ക്രൈസ്‌തവ ആശയം ക്രിസ്‌തീയ തത്ത്വശാസ്‌ത്രത്തിന്റെ ദീർഘമായ വികാസപരിണാമത്തിന്റെ ഫലമായിരുന്നു. പൗരസ്‌ത്യ ദേശത്തെ ഓറിജനും പാശ്ചാത്യ ദേശത്തെ സെന്റ്‌ അഗസ്റ്റിനുമാണ്‌ വ്യക്തിയിൽ ആത്മാവിന്റെ സത്ത ഉണ്ടെന്ന ആശയം കൊണ്ടുവന്നത്‌. അവരാണ്‌ ദേഹിയുടെ പ്രകൃതത്തെ സംബന്ധിച്ച തത്ത്വശാസ്‌ത്രപരമായ ആശയത്തിനു രൂപം കൊടുത്തത്‌ . . . [അഗസ്റ്റിന്റെ ഉപദേശങ്ങളിൽ] അധികവും (ചില അബദ്ധങ്ങൾ ഉൾപ്പെടെ) നവ പ്ലേറ്റോണിക വാദത്തിൽനിന്നു വന്നവയാണ്‌,” ന്യൂ കാത്തലിക്‌ എൻസൈക്ലോപീഡിയ പറയുന്നു. പ്രസ്‌ബിറ്റേറിയൻ ലൈഫ്‌ എന്ന മാസിക ഇങ്ങനെ പ്രസ്‌താവിക്കുന്നു: “പ്രാചീന നിഗൂഢ വിശ്വാസി സംഘങ്ങൾ രൂപംകൊടുത്തതും തത്ത്വചിന്തകനായ പ്ലേറ്റോ വിപുലീകരിച്ചതുമായ ഒരു ഗ്രീക്ക്‌ ആശയമാണ്‌ ആത്മാവിന്റെ അമർത്യത.” *

ക്രിസ്‌തീയ സത്യത്തിന്റെ ഈടുറ്റ അടിസ്ഥാനം

സഭാപിതാക്കന്മാരുടെ ചരിത്രപരമായ പശ്ചാത്തലവും അവരുടെ പഠിപ്പിക്കലുകളുടെ ഉത്ഭവവും ചുരുക്കമായി പരിശോധിച്ച ശേഷം പോലും പിൻവരുന്ന ചോദ്യം വളരെ ഉചിതമാണ്‌: ആത്മാർഥതയുള്ള ഒരു ക്രിസ്‌ത്യാനിയുടെ വിശ്വാസങ്ങൾ സഭാപിതാക്കന്മാരുടെ പഠിപ്പിക്കലുകളിൽ വേരൂന്നിയവ ആയിരിക്കണമോ? ബൈബിൾ അതിന്‌ ഉത്തരം നൽകട്ടെ.

ഒരു സംഗതി, “ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ” എന്നു പറഞ്ഞപ്പോൾ ‘പിതാവ്‌’ എന്ന മതപരമായ സ്ഥാനപ്പേര്‌ ഉപയോഗിക്കാൻ പാടില്ല എന്ന്‌ യേശു വ്യക്തമാക്കി. (മത്തായി 23:9) മതപരമായ അധികാര സ്ഥാനത്തുള്ള ആരെയെങ്കിലും വിശേഷിപ്പിക്കാൻ ‘പിതാവ്‌’ എന്ന പ്രയോഗം ഉപയോഗിക്കുന്നത്‌ അക്രിസ്‌തീയവും തിരുവെഴുത്തു വിരുദ്ധവുമാണ്‌. യോഹന്നാൻ അപ്പൊസ്‌തലന്റെ എഴുത്തുകളോടെ, പൊ.യു. 98-നോടടുത്ത്‌ ദൈവവചനത്തിന്റെ എഴുത്ത്‌ പൂർത്തിയായി. അതിനാൽ, നിശ്വസ്‌ത വെളിപാടിന്റെ ഉറവിടം എന്ന നിലയിൽ സത്യക്രിസ്‌ത്യാനികൾ ഏതെങ്കിലും മനുഷ്യരിലേക്കു നോക്കേണ്ടതില്ല. മനുഷ്യരുടെ പാരമ്പര്യത്താൽ ‘ദൈവവചനത്തെ ദുർബലമാക്കാതിരിക്കാൻ’ അവർ ശ്രദ്ധയുള്ളവരാണ്‌. ദൈവവചനത്തിന്റെ സ്ഥാനത്ത്‌ മനുഷ്യ പാരമ്പര്യം വരാൻ അനുവദിക്കുന്നത്‌ ആത്മീയമായി മാരകമാണ്‌. യേശു ഈ മുന്നറിയിപ്പു നൽകി: “കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും.”​—⁠മത്തായി 15:6, 14.

ദൈവവചനത്തിനു പുറമേ എന്തെങ്കിലും വെളിപാട്‌ ഒരു ക്രിസ്‌ത്യാനിക്ക്‌ ആവശ്യമാണോ? അല്ല. നിശ്വസ്‌ത രേഖയോട്‌ എന്തെങ്കിലും കൂട്ടിച്ചേർക്കുന്നതിന്‌ എതിരെ വെളിപ്പാടു പുസ്‌തകം ഈ മുന്നറിയിപ്പു നൽകുന്നു: “അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്‌തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.”​—⁠വെളിപ്പാടു 22:⁠18.

ദൈവത്തിന്റെ ലിഖിത വചനമായ ബൈബിളിൽ ക്രിസ്‌തീയ സത്യം അടങ്ങിയിരിക്കുന്നു. (യോഹന്നാൻ 17:17; 2 തിമൊഥെയൊസ്‌ 3:​16, 17; 2 യോഹന്നാൻ 1-4) ഇതു സംബന്ധിച്ച കൃത്യമായ ഗ്രാഹ്യം ലൗകിക തത്ത്വജ്ഞാനത്തെ ആശ്രയിച്ചിരിക്കുന്നില്ല. ദിവ്യ വെളിപാടിനെ വിശദീകരിക്കാൻ മനുഷ്യജ്ഞാനത്തെ ഉപയോഗിച്ചവരെ കുറിച്ചുള്ള പൗലൊസ്‌ അപ്പൊസ്‌തലന്റെ ചോദ്യങ്ങൾ ആവർത്തിക്കുന്നത്‌ ഉചിതമാണ്‌: “ജ്ഞാനി എവിടെ? ശാസ്‌ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?”​—⁠1 കൊരിന്ത്യർ 1:⁠20.

മാത്രമല്ല, യഥാർഥ ക്രിസ്‌തീയ സഭ ‘സത്യത്തിന്റെ തൂണും അടിസ്ഥാനവുമാണ്‌.’ (1 തിമൊഥെയൊസ്‌ 3:15) അതിലെ മേൽവിചാരകന്മാർ സഭയ്‌ക്കുള്ളിലെ തങ്ങളുടെ പഠിപ്പിക്കലിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുകയും ഉപദേശങ്ങളെ മലിനപ്പെടുത്തുന്ന യാതൊന്നും അതിലേക്കു കടക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു. (2 തിമൊഥെയൊസ്‌ 2:15-18, 25) അവർ ‘കള്ളപ്രവാചകന്മാരെയും ദുരുപദേഷ്ടാക്കന്മാരെയും നാശകരമായ മതഭേദങ്ങളെയും’ സഭയിൽനിന്ന്‌ അകറ്റി നിറുത്തുന്നു. (2 പത്രൊസ്‌ 2:1) അപ്പൊസ്‌തലന്മാരുടെ മരണശേഷം സഭാപിതാക്കന്മാർ ‘വ്യാജാത്മാക്കളും ഭൂതങ്ങളുടെ ഉപദേശങ്ങളും’ ക്രിസ്‌തീയ സഭയിൽ വേരോടാൻ അനുവദിച്ചു.​—⁠1 തിമൊഥെയൊസ്‌ 4:⁠1.

ഈ വിശ്വാസത്യാഗത്തിന്റെ അനന്തര ഫലങ്ങൾ ഇന്നു ക്രൈസ്‌തവലോകത്തിൽ പ്രകടമാണ്‌. അതിന്റെ വിശ്വാസങ്ങളും ആചാരങ്ങളും ബൈബിൾ സത്യത്തിൽനിന്ന്‌ ബഹുദൂരം അകലെയാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 15 ത്രിത്വം എന്ന വിഷയത്തെ കുറിച്ചുള്ള ഗഹനമായ ചർച്ച യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രികയിൽ കാണാം.

^ ഖ. 16 ആത്മാവിനെ കുറിച്ചുള്ള വിശദമായ ഒരു ചർച്ചയ്‌ക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യൽ എന്നതിന്റെ 98-104-ഉം 375-80-ഉം പേജുകൾ കാണുക.

[18-ാം പേജിലെ ചതുരം/ചിത്രം]

കപ്പദോക്യയിലെ പിതാക്കന്മാർ

“ഓർത്തഡോക്‌സ്‌ സഭയ്‌ക്ക്‌ . . . നാലാം നൂറ്റാണ്ടിലെ എഴുത്തുകാരോട്‌ പ്രത്യേകമായ ഒരു ഭയഭക്തിയുണ്ട്‌, വിശേഷിച്ച്‌ ‘ശ്രേഷ്‌ഠ പുരോഹിത ത്രയം’ എന്നു വിളിക്കുന്ന നാസിയാൻസസിലെ ഗ്രിഗറി, മഹാനായ ബേസിൽ, ജോൺ ക്രിസോസ്റ്റം എന്നിവരോട്‌,” സന്ന്യാസിയും ഒരു എഴുത്തുകാരനുമായ കാലിസ്റ്റോസ്‌ പ്രസ്‌താവിക്കുന്നു. ഈ സഭാപിതാക്കന്മാർ തങ്ങളുടെ പഠിപ്പിക്കലുകൾക്ക്‌ അടിസ്ഥാനമായി നിശ്വസ്‌ത തിരുവെഴുത്തുകളാണോ ഉപയോഗിച്ചത്‌? മഹാനായ ബേസിലിനെ കുറിച്ച്‌ ഗ്രീക്കു സഭാ പിതാക്കന്മാർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “പ്ലേറ്റോ, ഹോമർ, ചരിത്രകാരന്മാർ, വാഗ്മികൾ എന്നിവരുമായി അദ്ദേഹം ആജീവനാന്ത അടുപ്പം നിലനിറുത്തിയിരുന്നതായി അദ്ദേഹത്തിന്റെ എഴുത്തുകൾ സൂചിപ്പിക്കുന്നു. അവർ തീർച്ചയായും അദ്ദേഹത്തിന്റെ ശൈലിയെ സ്വാധീനിക്കുകയുണ്ടായി. . . . ബേസിൽ ഒരു ‘ഗ്രീക്കുകാരൻ’ ആയി നിലകൊണ്ടു.” നാസിയാൻസസിലെ ഗ്രിഗറിയുടെ കാര്യത്തിലും അതു സത്യമായിരുന്നു. “അദ്ദേഹത്തിന്റെ വീക്ഷണത്തിൽ സഭയുടെ വിജയവും ശ്രേഷ്‌ഠതയും പൗരാണിക സംസ്‌കാരത്തിലെ പാരമ്പര്യങ്ങൾ പാടേ സ്വീകരിക്കുന്നതിലൂടെ പ്രകടമാക്കാൻ കഴിയുമായിരുന്നു.”

അവർ മൂന്നു പേരെയും കുറിച്ച്‌ പ്രൊഫസറായ പാനായിയോറ്റിസ്‌ കെ. ക്രിസ്റ്റൂ ഇങ്ങനെ എഴുതുന്നു: “പുതിയനിയമ കൽപ്പനകൾക്കു ചേർച്ചയിൽ ആയിരിക്കാൻ ഇടയ്‌ക്കിടെ ‘തത്വജ്ഞാനത്തിനും വെറും വഞ്ചനയ്‌ക്കും’ എതിരെ മുന്നറിയിപ്പു കൊടുക്കുമ്പോൾത്തന്നെ അവർ തത്ത്വജ്ഞാനവും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളും ഉത്സാഹപൂർവം പഠിക്കുകയും മറ്റുള്ളവർ അവ പഠിക്കാൻ ശുപാർശ ചെയ്യുകയും ചെയ്യുന്നു.” വ്യക്തമായും, അത്തരം സഭാ ഉപദേഷ്ടാക്കന്മാർ തങ്ങളുടെ ആശയങ്ങളെ പിന്താങ്ങാൻ ബൈബിൾ മാത്രം പോരാ എന്നു വിചാരിച്ചിരുന്നു. അവർ മറ്റ്‌ ആധികാരിക വിവരങ്ങൾ തേടിപ്പോയി എന്നത്‌ അവരുടെ പഠിപ്പിക്കലുകൾ ബൈബിളിന്‌ അന്യമായിരുന്നു എന്ന്‌ അർഥമാക്കുന്നുണ്ടോ? പൗലൊസ്‌ അപ്പൊസ്‌തലൻ എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ ഈ മുന്നറിയിപ്പു കൊടുത്തു: “വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു.”​—⁠എബ്രായർ 13:⁠9.

[കടപ്പാട്‌]

© Archivo Iconografico, S.A./CORBIS

[20-ാം പേജിലെ ചതുരം/ചിത്രം]

അലക്‌സാൻഡ്രിയയിലെ സിറിൽ—വിവാദം സൃഷ്ടിച്ച ഒരു സഭാപിതാവ്‌

വിവാദം സൃഷ്ടിച്ച പ്രമുഖ സഭാപിതാക്കന്മാരിൽ ഒരാളാണ്‌ അലക്‌സാൻഡ്രിയയിലെ സിറിൽ (ഏതാണ്ട്‌ പൊ.യു. 375-444). സഭാചരിത്രകാരനായ ഹാൻസ്‌ വോൺ കാമ്പെൻഹൗസൻ അദ്ദേഹത്തെ “കടുംപിടുത്തക്കാരൻ, ഉഗ്രസ്വഭാവി, തന്ത്രശാലി, പ്രവർത്തന മേഖലയുടെ മാഹാത്മ്യവും സ്ഥാനത്തിന്റെ അന്തസ്സും ഉണ്ടായിരുന്നവൻ” എന്നൊക്കെ വിശേഷിപ്പിക്കുകയും “തന്റെ ശക്തിയും അധികാരവും വ്യാപിപ്പിക്കുന്നതിൽ ഉപയോഗപ്രദമല്ലാത്ത യാതൊന്നും അദ്ദേഹം പരിഗണിച്ചില്ല” എന്നു കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. “അദ്ദേഹം അവലംബിച്ച രീതികളുടെ മൃഗീയതയും തത്ത്വദീക്ഷയില്ലായ്‌മയും അദ്ദേഹത്തെ ഒരിക്കലും ദുഃഖിതനാക്കിയില്ല.” അലക്‌സാൻഡ്രിയയിലെ ബിഷപ്പ്‌ ആയിരുന്നപ്പോൾ സിറിൽ കോൺസ്റ്റാൻറിനോപ്പിളിലെ ബിഷപ്പിനെ സ്ഥാനഭ്രഷ്ടനാക്കാൻ കൈക്കൂലിയും ദുരാരോപണവും ഏഷണിയും ഉപയോഗിച്ചു. ഒരു വിഖ്യാത തത്ത്വജ്ഞാനിയായ ഹൈപ്പാഷ പൊ.യു. 415-ൽ മൃഗീയമായി വധിക്കപ്പെട്ടതിന്‌ ഉത്തരവാദി അദ്ദേഹം ആണെന്നു കരുതപ്പെടുന്നു. സിറിലിന്റെ ദൈവശാസ്‌ത്രപരമായ ലിഖിതങ്ങളെ കുറിച്ച്‌ കാമ്പെൻഹൗസൻ ഇങ്ങനെ പറയുന്നു: “പൂർണമായും ബൈബിളിനെ ആശ്രയിക്കാതെ, വിഖ്യാതരായ അധികാരികളുടെ ഉചിതമായ ഉദ്ധരണികളുടെയും ഉദ്ധരണി ശേഖരങ്ങളുടെയും സഹായത്തോടെ വിശ്വാസസംബന്ധമായ ചോദ്യങ്ങൾക്കു തീർപ്പു കൽപ്പിക്കുന്ന രീതിക്കു തുടക്കമിട്ടത്‌ അദ്ദേഹമാണ്‌.”

[19-ാം പേജിലെ ചിത്രം]

ജെറോം

[കടപ്പാട്‌]

Garo Nalbandian