വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തികഞ്ഞവരും പൂർണനിശ്ചയമുള്ളവരുമായി നിൽക്കുവിൻ

തികഞ്ഞവരും പൂർണനിശ്ചയമുള്ളവരുമായി നിൽക്കുവിൻ

തികഞ്ഞവരും പൂർണനിശ്ചയമുള്ളവരുമായി നിൽക്കുവിൻ

“നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്‌ക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.”​—⁠കൊലൊസ്സ്യർ 4:⁠12.

1, 2. (എ) ആദിമ ക്രിസ്‌ത്യാനികളെ കുറിച്ചു പുറത്തുള്ളവർ എന്തു ശ്രദ്ധിച്ചു? (ബി) കൊലൊസ്സ്യ ലേഖനത്തിൽ മറ്റുള്ളവരിലുള്ള സ്‌നേഹപൂർവകമായ താത്‌പര്യം പ്രകടമായിരിക്കുന്നത്‌ എങ്ങനെ?

യേശുവിന്റെ അനുഗാമികൾ സഹാരാധകരിൽ ആഴമായ താത്‌പര്യം ഉള്ളവരായിരുന്നു. അനാഥരോടും ദരിദ്രരോടും പ്രായമായവരോടും അവർ പ്രകടമാക്കിയ ദയയെ കുറിച്ച്‌ (പൊ.യു. രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ ഒരു എഴുത്തുകാരനായ) തെർത്തുല്യൻ പറഞ്ഞു. അവർ പ്രവർത്തനങ്ങളിലൂടെ പ്രകടമാക്കിയ സ്‌നേഹം അവിശ്വാസികളിൽ മതിപ്പുളവാക്കി. ‘അവർ പരസ്‌പരം എത്ര സ്‌നേഹമുള്ളവരാണ്‌’ എന്ന്‌ ക്രിസ്‌ത്യാനികളെ കുറിച്ചു പറയാൻ അത്‌ അവരിൽ ചിലരെ പ്രേരിപ്പിച്ചു.

2 കൊലൊസ്സ്യയിലെ സഹോദരീസഹോദരന്മാരോട്‌ അപ്പൊസ്‌തലനായ പൗലൊസിനും എപ്പഫ്രാസിനും ഉണ്ടായിരുന്ന അത്തരം സ്‌നേഹപൂർവകമായ താത്‌പര്യം കൊലൊസ്സ്യ ലേഖനം പ്രകടമാക്കുന്നു. പൗലൊസ്‌ അവർക്ക്‌ ഇങ്ങനെ എഴുതി: “നിങ്ങൾ തികഞ്ഞവരും [“ഒടുവിൽ തികഞ്ഞവരും,” NW] ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്‌ക്കേണ്ടതിന്നു [എപ്പഫ്രാസ്‌] പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.” യഹോവയുടെ സാക്ഷികളുടെ 2001-ലെ വാർഷിക വാക്യം കൊലൊസ്സ്യർ 4:​12-ലെ ഈ വാക്കുകൾ ആയിരിക്കും: ‘തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കുവിൻ.’

3. ഏതു രണ്ടു കാര്യങ്ങൾക്കു വേണ്ടിയാണ്‌ എപ്പഫ്രാസ്‌ പ്രാർഥിച്ചത്‌?

3 തന്റെ പ്രിയപ്പെട്ടവർക്കു വേണ്ടിയുള്ള എപ്പഫ്രാസിന്റെ പ്രാർഥനയിൽ രണ്ട്‌ ഘടകങ്ങൾ നിങ്ങൾക്കു കാണാനാകും: (1) അവർ ‘ഒടുവിൽ തികഞ്ഞവരായി’ നിൽക്കണം; (2) അവർ ‘ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരായി’ നിൽക്കണം. നമ്മുടെ പ്രയോജനത്തിനു വേണ്ടിയാണ്‌ ഈ വിവരം തിരുവെഴുത്തുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ട്‌ നിങ്ങളോടുതന്നെ ചോദിക്കുക: ‘തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കാൻ ഞാൻ വ്യക്തിപരമായി എന്തു ചെയ്യണം? ഞാൻ അപ്രകാരം ചെയ്‌താൽ എന്തായിരിക്കും ഫലം?’ നമുക്ക്‌ അതു പരിശോധിക്കാം.

‘തികഞ്ഞവരായി നിൽക്കാൻ’ ശ്രമിക്കുക

4. കൊലൊസ്സ്യർ ഏത്‌ അർഥത്തിൽ ‘തികഞ്ഞവർ’ ആയിത്തീരണമായിരുന്നു?

4 കൊലൊസ്സ്യയിലെ തന്റെ ആത്മീയ സഹോദരീസഹോദരന്മാർ ‘ഒടുവിൽ തികഞ്ഞവരായി നിൽക്കണം’ എന്ന്‌ എപ്പഫ്രാസ്‌ അതിയായി ആഗ്രഹിച്ചു. “തികഞ്ഞ” എന്നതിന്‌ പൗലൊസ്‌ ഇവിടെ ഉപയോഗിച്ച ഗ്രീക്കു പദത്തിന്‌ പൂർണമായ, പൂർണവളർച്ച പ്രാപിച്ച, പക്വതയുള്ള എന്നിങ്ങനെയുള്ള അർഥങ്ങളുണ്ട്‌. (മത്തായി 19:21; എബ്രായർ 5:14; യാക്കോബ്‌ 1:4, 25) യഹോവയുടെ സ്‌നാപനമേറ്റ ഒരു സാക്ഷി ആയതുകൊണ്ടു മാത്രം ഒരാൾ പക്വതയുള്ള ക്രിസ്‌ത്യാനി ആയിത്തീരുന്നില്ലെന്ന്‌ ഒരുപക്ഷേ നിങ്ങൾക്ക്‌ അറിയാമായിരിക്കും. ‘വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെ കുറിച്ചുള്ള പൂർണജ്ഞാനത്തിലും എത്തിച്ചേരുകയും ക്രിസ്‌തുവിന്റെ പരിപൂർണതയുടെ അളവനുസരിച്ചു പക്വതയാർന്ന മനുഷ്യരാവുകയും ചെയ്യാൻ’ എല്ലാവരെയും സഹായിക്കുന്നതിന്‌ ഇടയന്മാരും ഉപദേഷ്ടാക്കന്മാരും ശ്രമിക്കണമെന്ന്‌ കൊലൊസ്സ്യയ്‌ക്കു പടിഞ്ഞാറുള്ള എഫെസൊസിലെ സഭയ്‌ക്ക്‌ പൗലൊസ്‌ എഴുതി. “ഗ്രഹണപ്രാപ്‌തികളിൽ പൂർണവളർച്ച പ്രാപിച്ചവർ” ആയിത്തീരാൻ മറ്റൊരു അവസരത്തിൽ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു.​—⁠എഫെസ്യർ 4:8-13, പി.ഒ.സി. ബൈബിൾ; 1 കൊരിന്ത്യർ 14:​20, NW.

5. നമുക്ക്‌ തികവിനെ എങ്ങനെ ഒരു പ്രധാന ലക്ഷ്യമാക്കാൻ കഴിയും?

5 കൊലൊസ്സ്യയിലുള്ള ചിലർ അപ്പോഴും ആത്മീയമായി പൂർണവളർച്ച പ്രാപിച്ചവർ അഥവാ പക്വതയുള്ളവർ ആയിരുന്നില്ലെങ്കിൽ, അവർ അതിന്‌ ലക്ഷ്യം വെക്കണമായിരുന്നു. ഇന്നും അതു സത്യമല്ലേ? നാം സ്‌നാപനമേറ്റതു പതിറ്റാണ്ടുകൾക്കു മുമ്പാണെങ്കിലും അടുത്തകാലത്ത്‌ ആണെങ്കിലും, ന്യായബോധം പ്രകടമാക്കുന്നതിലും നമ്മുടെ മനോഭാവത്തിന്റെ കാര്യത്തിലും നാം പുരോഗതി പ്രാപിച്ചിരിക്കുന്നതായി നമുക്കു കാണാൻ കഴിയുന്നുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പു നാം ബൈബിൾ തത്ത്വങ്ങളെ കുറിച്ചു വിചിന്തനം ചെയ്യാറുണ്ടോ? ദൈവത്തോടും സഭയോടും ബന്ധപ്പെട്ട കാര്യങ്ങൾ ജീവിതത്തിൽ ഒരു അപ്രധാന സംഗതി ആയിത്തീരുന്നതിനു പകരം അവയ്‌ക്കു കൂടുതലായ സ്ഥാനം ലഭിക്കുന്നുണ്ടോ? തികവിലേക്കുള്ള അത്തരം വളർച്ച പ്രകടിപ്പിക്കാൻ കഴിയുന്ന എല്ലാ മാർഗങ്ങളും ഇവിടെ ദൃഷ്ടാന്തീകരിക്കാൻ നമുക്കാവില്ല. അതുകൊണ്ട്‌ നമുക്കിപ്പോൾ രണ്ട്‌ ദൃഷ്ടാന്തങ്ങൾ മാത്രം പരിചിന്തിക്കാം.

6. ഒരുവന്‌ പൂർണതയിലേക്കു പുരോഗമിക്കാൻ കഴിയുന്ന ഒരു മണ്ഡലം ഏത്‌?

6 ദൃഷ്ടാന്തം ഒന്ന്‌: മറ്റൊരു വർഗത്തിലോ രാജ്യത്തോ പ്രദേശത്തോ ഉള്ള ആളുകളോടു മുൻവിധിയോ ശത്രുതയോ രൂഢമൂലമായിരിക്കുന്ന ഒരു ചുറ്റുപാടിലാണ്‌ നാം വളർന്നുവന്നത്‌ എന്നു കരുതുക. ദൈവം പക്ഷപാതിത്വം ഉള്ളവനല്ലെന്നും നാമും അങ്ങനെ ആയിരിക്കണമെന്നും നമുക്ക്‌ ഇപ്പോൾ അറിയാം. (പ്രവൃത്തികൾ 10:14, 15, 34, 35) നമ്മുടെ സഭയിലോ സർക്കിട്ടിലോ പ്രസ്‌തുത പശ്ചാത്തലത്തിലുള്ളവർ ഉണ്ടെന്നു വിചാരിക്കുക. ആ പശ്ചാത്തലത്തിൽപ്പെട്ട ആളുകളെ കുറിച്ചുള്ള മോശമായ വികാരങ്ങളോ സംശയങ്ങളോ നമ്മുടെ ഉള്ളിൽ ഇപ്പോഴും എത്രത്തോളമുണ്ട്‌? ആ പശ്ചാത്തലത്തിലുള്ള ഒരാൾ നമ്മോടു ചെറിയൊരു തെറ്റു ചെയ്യുന്ന പക്ഷം അതേക്കുറിച്ച്‌ അങ്ങേയറ്റം വിമർശനാത്മകമായി ചിന്തിക്കാൻ നാം തിടുക്കമുള്ളവരാണോ? എങ്കിൽ നിങ്ങളോടു തന്നെ ചോദിക്കുക, ‘ദൈവത്തിന്റെ നിഷ്‌പക്ഷ വീക്ഷണം നട്ടുവളർത്തുന്ന കാര്യത്തിൽ ഞാൻ കൂടുതൽ പുരോഗതി വരുത്തേണ്ടതുണ്ടോ?’

7. ഒരു ക്രിസ്‌ത്യാനി എന്ന നിലയിൽ തികഞ്ഞവൻ ആയിത്തീരുന്നതിൽ മറ്റുള്ളവരെ കുറിച്ച്‌ ഏതു വീക്ഷണം വളർത്തിയെടുക്കുന്നത്‌ ഉൾപ്പെട്ടേക്കാം?

7 ദൃഷ്ടാന്തം രണ്ട്‌: ഫിലിപ്പിയർ 2:3 പറയുന്നതുപോലെ നാം “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്‌മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്‌ഠ”നായി കരുതണം. ഈ സംഗതിയിൽ നാം എന്തു പുരോഗതിയാണു വരുത്തുന്നത്‌? എല്ലാവരും ദൗർബല്യങ്ങൾ ഉള്ളവരാണ്‌, അതേസമയം ചില മണ്ഡലങ്ങളിൽ ബലിഷ്‌ഠരുമാണ്‌. മുമ്പ്‌ നാം മറ്റുള്ളവരുടെ ദുർബല വശങ്ങൾ കാണാൻ തിടുക്കം കൂട്ടിയിരുന്നെങ്കിൽ, നാം ഇപ്പോൾ അവരിൽനിന്ന്‌ “പൂർണത” പ്രതീക്ഷിക്കാതെ, ആ രംഗത്ത്‌ പുരോഗതി പ്രാപിച്ചിട്ടുണ്ടോ? (യാക്കോബ്‌ 3:​2, NW) മറ്റുള്ളവർ നമ്മെക്കാൾ ശ്രേഷ്‌ഠരായിരിക്കുന്ന മണ്ഡലങ്ങൾ മുമ്പ്‌ എന്നത്തേതിലും അധികമായി നാമിപ്പോൾ കാണുന്നുണ്ടോ? നാം അതിനായി ശ്രമിക്കുക പോലും ചെയ്യുന്നുണ്ടോ? ‘ക്ഷമാശീലത്തിന്റെ കാര്യത്തിൽ ഈ സഹോദരി എന്നെക്കാൾ ശ്രേഷ്‌ഠയാണെന്നു ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു.’ ‘അദ്ദേഹത്തിന്‌ എന്നെക്കാൾ ശക്തമായ വിശ്വാസമുണ്ട്‌.’ ‘തുറന്നുപറഞ്ഞാൽ, അദ്ദേഹം എന്നെക്കാൾ മെച്ചപ്പെട്ട ഒരു ഉപദേഷ്ടാവാണ്‌.’ ‘കോപത്തെ നിയന്ത്രിക്കുന്നതിൽ അവൾ ഒരു മികച്ച മാതൃകയാണ്‌.’ കൊലൊസ്സ്യരിൽ ചിലർക്ക്‌ ഇതുപോലുള്ള കാര്യങ്ങളിൽ പുരോഗതി വരുത്തേണ്ടത്‌ ഉണ്ടായിരുന്നിരിക്കാം. നമുക്കോ?

8, 9. (എ) ഏത്‌ അർഥത്തിലാണ്‌ കൊലൊസ്സ്യർ തികഞ്ഞവരായി ‘നിൽക്കാൻ’ എപ്പഫ്രാസ്‌ പ്രാർഥിച്ചത്‌? (ബി) ‘തികഞ്ഞവരായി നിൽക്കുന്നത്‌’ ഭാവിയോടുള്ള ബന്ധത്തിൽ എന്ത്‌ അർഥമാക്കുന്നു?

8 കൊലൊസ്സ്യർ ‘തികഞ്ഞവരായി നിൽക്കണ’മെന്ന്‌ എപ്പഫ്രാസ്‌ പ്രാർഥിച്ചു. വ്യക്തമായും, കൊലൊസ്സ്യർ എത്രമാത്രം തികഞ്ഞവരും പക്വതയുള്ളവരും ക്രിസ്‌ത്യാനികൾ എന്ന നിലയിൽ പൂർണവളർച്ച പ്രാപിച്ചവരും ആയിരുന്നുവോ, ആ നിലയിൽ അവർ ‘നിൽക്കു’മാറാകട്ടെ അഥവാ തുടരുമാറാകട്ടെ എന്നാണ്‌ എപ്പഫ്രാസ്‌ ദൈവത്തോടു പ്രാർഥിച്ചത്‌.

9 ക്രിസ്‌ത്യാനി ആയിത്തീരുന്ന ഓരോരുത്തരും, പക്വതയുള്ള ഒരു ക്രിസ്‌ത്യാനി പോലും, ആ നിലയിൽ തുടരുമെന്നു നമുക്ക്‌ ഉറപ്പു പറയാനാകില്ല. ദൈവത്തിന്റെ ഒരു ദൂതപുത്രൻ ‘സത്യത്തിൽ നിലനിന്നില്ലെന്ന്‌’ യേശു പറഞ്ഞു. (യോഹന്നാൻ 8:44) ഒരുകാലത്ത്‌ യഹോവയെ സേവിക്കുകയും പിന്നീട്‌ അതിൽ പരാജയപ്പെടുകയും ചെയ്‌ത ചിലരെ കുറിച്ച്‌ പൗലൊസ്‌ കൊരിന്ത്യരെ ഓർമിപ്പിച്ചു. ആത്മാഭിഷിക്ത സഹോദരന്മാർക്ക്‌ അവൻ ഈ മുന്നറിയിപ്പു നൽകി: “ആകയാൽ താൻ നില്‌ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.” (1 കൊരിന്ത്യർ 10:12) കൊലൊസ്സ്യർ ‘ഒടുവിൽ തികഞ്ഞവരായി നിൽക്കണം’ എന്ന പ്രാർഥനയ്‌ക്ക്‌ ഇതു കൂടുതൽ അർഥം പകരുന്നു. ഒരിക്കൽ തികഞ്ഞവരും പൂർണവളർച്ച പ്രാപിച്ചവരും ആയിക്കഴിഞ്ഞാൽ, പിന്നെ അവർ ആ നിലയിൽ തുടരണമായിരുന്നു, പിന്മാറുകയോ മടുത്തുപോകുകയോ ചെയ്യരുതായിരുന്നു. (എബ്രായർ 2:1; 3:12; 6:​5, 6; 10:39; 12:25) അങ്ങനെ പരിശോധനയുടെയും അന്തിമ അംഗീകാരത്തിന്റെയും ദിനത്തിൽ അവർ ‘തികഞ്ഞവർ’ ആയിരിക്കുമായിരുന്നു.​—⁠2 കൊരിന്ത്യർ 5:10; 1 പത്രൊസ്‌ 2:⁠12.

10, 11. (എ) പ്രാർഥനയുടെ കാര്യത്തിൽ എപ്പഫ്രാസ്‌ നമുക്ക്‌ എന്തു മാതൃക വെച്ചു? (ബി) എപ്പഫ്രാസ്‌ ചെയ്‌തതിനോടുള്ള ചേർച്ചയിൽ എന്തു ദൃഢനിശ്ചയം ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കും?

10 മറ്റുള്ളവർക്കു സഹായവും ആശ്വാസവും അനുഗ്രഹവും പരിശുദ്ധാത്മാവും നൽകണമെന്ന്‌ അവരുടെ പേരെടുത്തുപറഞ്ഞ്‌ യഹോവയോടു പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം നാം ചർച്ച ചെയ്‌തുകഴിഞ്ഞു. കൊലൊസ്സ്യർക്കു വേണ്ടിയുള്ള എപ്പഫ്രാസിന്റെ പ്രാർഥന അത്തരത്തിലുള്ളത്‌ ആയിരുന്നു. യഹോവയോടുള്ള പ്രാർഥനയിൽ നമ്മെക്കുറിച്ചുതന്നെ എന്തു പറയണം എന്നതു സംബന്ധിച്ച വിലയേറിയ നിർദേശങ്ങളും അവന്റെ വാക്കുകളിൽ കാണാനാകും. നാം അതു മനസ്സിലാക്കേണ്ടതു വാസ്‌തവത്തിൽ പ്രധാനമാണ്‌. വ്യക്തിപരമായി ‘ഒടുവിൽ തികഞ്ഞവരായി നിൽക്കു’വോളം നമ്മെ സഹായിക്കാൻ നാം യഹോവയോട്‌ അപേക്ഷിക്കണം. നിങ്ങൾ അതു ചെയ്യുന്നുണ്ടോ?

11 നിങ്ങളുടെ സാഹചര്യം പ്രാർഥനയിൽ പരാമർശിക്കരുതോ? ‘തികഞ്ഞ,’ പൂർണവളർച്ച പ്രാപിച്ച, പക്വതയുള്ള ഒരു വ്യക്തി ആയിത്തീരുക എന്ന ലക്ഷ്യത്തിൽ നിങ്ങൾ എത്രമാത്രം പുരോഗമിച്ചിരിക്കുന്നുവെന്ന്‌ യഹോവയോടു പറയുക. ആത്മീയമായി നിങ്ങൾ ഇനിയും ഏതൊക്കെ മണ്ഡലങ്ങളിലാണു വളരേണ്ടത്‌ എന്നു തിരിച്ചറിയാനുള്ള സഹായത്തിനായി അവനോടു യാചിക്കുക. (സങ്കീർത്തനം 17:3; 139:23, 24) നിങ്ങൾക്ക്‌ അത്തരം ഏതാനും മണ്ഡലങ്ങൾ ഉണ്ടായിരിക്കുമെന്നു തീർച്ച. എന്നാൽ അതേക്കുറിച്ചു നിരാശപ്പെടുന്നതിനു പകരം പുരോഗതി വരുത്താനുള്ള സഹായത്തിനായി ദൈവത്തോടു പ്രത്യേകം അപേക്ഷിക്കുക. പല പ്രാവശ്യം അപ്രകാരം ചെയ്യുക. ‘ഒടുവിൽ തികഞ്ഞവരായി നിൽക്കു’ന്നതിനെ കുറിച്ച്‌ ഈ വരുന്ന ആഴ്‌ച അൽപ്പം ദീർഘമായി പ്രാർഥിക്കാൻ ദൃഢനിശ്ചയം ചെയ്യരുതോ. വാർഷിക വാക്യം പരിചിന്തിക്കവെ, അതു കൂടുതലായി ചെയ്യാൻ ആസൂത്രണം ചെയ്യുക. ദൈവസേവനത്തിൽനിന്ന്‌ അകന്നുപോകാനോ പിന്മാറാനോ അതിൽ മടുത്തുപോകാനോ ഉള്ള നിങ്ങളുടെ പ്രവണതകളെയും അവ ഒഴിവാക്കുന്നതിനുള്ള മാർഗത്തെയും പ്രാർഥനാ വിഷയമാക്കുക.​—⁠എഫെസ്യർ 6:11, 13, 14, 18.

പൂർണനിശ്ചയത്തിനായി പ്രാർഥിക്കുക

12. കൊലൊസ്സ്യർക്കു ‘പൂർണനിശ്ചയം’ വിശേഷാൽ ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌?

12 കൊലൊസ്സ്യർ ഒടുവിൽ ദൈവമുമ്പാകെ സ്വീകാര്യരായി നിൽക്കുന്നതിന്‌ മർമപ്രധാനമായ മറ്റൊരു സംഗതിക്കു വേണ്ടിയും എപ്പഫ്രാസ്‌ പ്രാർഥിച്ചു. നമുക്കും അത്‌ അത്രതന്നെ പ്രധാനമാണ്‌. അത്‌ എന്തായിരുന്നു? അവർ “ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ള”വരായി നിൽക്കണമെന്ന്‌ അവൻ പ്രാർഥിച്ചു. മതവിരുദ്ധ ആശയങ്ങളും വിശ്വാസത്തെ ദുർബലപ്പെടുത്തുന്ന തത്ത്വചിന്തകളും പ്രചാരത്തിലിരുന്ന ഒരു സമൂഹത്തിലാണ്‌ അവർ ജീവിച്ചിരുന്നത്‌. അവയിൽ ചില തത്ത്വചിന്തകൾക്കു സത്യാരാധനയുടെ ഒരു ഭാവംപോലും ഉണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്‌, യഹൂദ മതത്തിൽ ആയിരുന്നപ്പോൾ തങ്ങൾ ചെയ്‌തിരുന്നതുപോലെ, ഉപവാസമോ വിരുന്നോ ഉൾപ്പെടുന്ന വിശേഷ ദിവസങ്ങൾ ആചരിക്കാനുള്ള സമ്മർദം കൊലൊസ്സ്യർക്ക്‌ ഉണ്ടായി. മോശെയ്‌ക്കു ന്യായപ്രമാണം കൈമാറാൻ ദൈവം ഉപയോഗിച്ച ശക്തരും ആത്മവ്യക്തികളുമായ ദൂതന്മാരിൽ ചില വ്യാജ ഉപദേഷ്ടാക്കന്മാർ ശ്രദ്ധ കേന്ദ്രീകരിച്ചു. അത്തരം സമ്മർദങ്ങൾക്കു വിധേയരാകുന്നതിനെ കുറിച്ചു സങ്കൽപ്പിക്കുക! സഹോദരങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പരസ്‌പരവിരുദ്ധങ്ങളായ ഒട്ടനവധി ആശയങ്ങളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു.​—⁠ഗലാത്യർ 3:19; കൊലൊസ്സ്യർ 2:8, 16-18.

13. ഏതു സംഗതി തിരിച്ചറിയുന്നത്‌ കൊലൊസ്സ്യരെ സഹായിക്കുമായിരുന്നു, അത്‌ നമ്മെ എങ്ങനെ സഹായിക്കും?

13 യേശുക്രിസ്‌തു വഹിക്കുന്ന പങ്കിനെ കുറിച്ച്‌ എടുത്തുപറഞ്ഞുകൊണ്ട്‌ പൗലൊസ്‌ അത്തരം ആശയങ്ങളെ ഖണ്ഡിച്ചു. “നിങ്ങൾ കർത്താവായ ക്രിസ്‌തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്‌മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്‌തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.” അതേ, ദൈവോദ്ദേശ്യത്തിലും തങ്ങളുടെ ജീവിതത്തിലും ക്രിസ്‌തുവിനുള്ള സ്ഥാനം സംബന്ധിച്ച്‌ കൊലൊസ്സ്യർക്കു പൂർണനിശ്ചയം ഉണ്ടായിരിക്കണമായിരുന്നു. നമുക്കും അത്‌ ആവശ്യമാണ്‌. പൗലൊസ്‌ ഇങ്ങനെ വിശദീകരിച്ചു: “അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. എല്ലാവാഴ്‌ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു.”​—⁠കൊലൊസ്സ്യർ 2:6-10.

14. കൊലൊസ്സ്യയിൽ ഉണ്ടായിരുന്നവരുടെ പ്രത്യാശ യഥാർഥമായിരുന്നത്‌ എന്തുകൊണ്ട്‌?

14 കൊലൊസ്സ്യർ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ ആയിരുന്നു. അവർക്കു സവിശേഷമായ ഒരു പ്രത്യാശ, അതായത്‌ സ്വർഗീയ ജീവന്റെ പ്രത്യാശ ഉണ്ടായിരുന്നു. അതു ശോഭനമാക്കി നിറുത്താൻ അവർക്കു സകല കാരണവും ഉണ്ടായിരുന്നു. (കൊലൊസ്സ്യർ 1:⁠3) അവരുടെ പ്രത്യാശയുടെ ഉറപ്പു സംബന്ധിച്ച്‌ അവർ പൂർണനിശ്ചയമുള്ളവർ ആയിരിക്കണം എന്നതു “ദൈവഹിതം” ആയിരുന്നു. ആ പ്രത്യാശ സംബന്ധിച്ച്‌ അവരിൽ ആർക്കെങ്കിലും എന്തെങ്കിലും സംശയത്തിന്റെ ആവശ്യമുണ്ടായിരുന്നോ? തീർച്ചയായും ഇല്ലായിരുന്നു! ഒരു പറുദീസാ ഭൂമിയിലെ ജീവിതം സംബന്ധിച്ച ദൈവദത്ത പ്രത്യാശയുള്ള നാം ഏവരുടെയും കാര്യത്തിൽ സംഗതി വ്യത്യസ്‌തമായിരിക്കേണ്ടതുണ്ടോ? നിശ്ചയമായും ഇല്ല! സാധുതയുള്ള ആ പ്രത്യാശ വ്യക്തമായും “ദൈവഹിത”ത്തിന്റെ ഭാഗമാണ്‌. ഇപ്പോൾ ഈ ചോദ്യങ്ങൾ പരിചിന്തിക്കുക: “മഹോപദ്രവ”ത്തെ അതിജീവിക്കുന്ന “മഹാപുരുഷാര”ത്തിൽ ഒരാൾ ആയിരിക്കാൻ നിങ്ങൾ പരിശ്രമിക്കുന്നെങ്കിൽ, നിങ്ങളുടെ പ്രത്യാശ എത്ര യഥാർഥമാണ്‌? (വെളിപ്പാടു 7:9, 14) അത്‌ “ദൈവഹിതം സംബന്ധിച്ചൊക്കെയും” നിങ്ങൾക്കുള്ള “പൂർണ്ണനിശ്ചയ”ത്തിന്റെ ഭാഗമാണോ?

15. പ്രത്യാശ ഉൾപ്പെടുന്ന ആശയങ്ങളുടെ ഏതു പരമ്പരയാണ്‌ പൗലൊസ്‌ വിവരിച്ചത്‌?

15 “പ്രത്യാശ” എന്നാൽ ഒരു വ്യാമോഹമോ ദിവാസ്വപ്‌നമോ അല്ല. പൗലൊസ്‌ മുമ്പു റോമാക്കാരോടു പറഞ്ഞ ആശയങ്ങളുടെ ഒരു പരമ്പരയിൽനിന്ന്‌ നമുക്ക്‌ അതു മനസ്സിലാക്കാവുന്നതാണ്‌. ആ പരമ്പരയിൽ പരാമർശിച്ചിരിക്കുന്ന ഓരോ സംഗതിയും അടുത്തതിനോടു ബന്ധപ്പെട്ടിരിക്കുകയോ അതിലേക്കു നയിക്കുകയോ ചെയ്യുന്നു. പിൻവരുന്ന ന്യായവാദത്തിൽ പൗലൊസ്‌ “പ്രത്യാശ”യെ എവിടെയാണു പ്രതിഷ്‌ഠിക്കുന്നതെന്ന്‌ ശ്രദ്ധിക്കുക: “കഷ്ടങ്ങൾ അനുഭവിക്കുമ്പോൾ നമുക്കു സന്തോഷിക്കാം, എന്തെന്നാൽ കഷ്ടത സഹിഷ്‌ണുതയും സഹിഷ്‌ണുത ഒരു അംഗീകൃത അവസ്ഥയും അംഗീകൃത അവസ്ഥ പ്രത്യാശയും ഉളവാക്കുന്നു എന്നും ദൈവസ്‌നേഹം പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നതിനാൽ ആ പ്രത്യാശ നിരാശയിലേക്കു നയിക്കുന്നില്ല എന്നും നാം അറിയുന്നു.”​—⁠റോമർ 5:3-5, NW.

16. ബൈബിൾ സത്യം പഠിച്ചപ്പോൾ നിങ്ങൾക്കു ലഭിച്ച പ്രത്യാശ എന്താണ്‌?

16 യഹോവയുടെ സാക്ഷികൾ നിങ്ങളുമായി ആദ്യം ബൈബിൾ സന്ദേശം പങ്കുവെച്ചപ്പോൾ, മരിച്ചവരുടെ അവസ്ഥയോ പുനരുത്ഥാനമോ പോലുള്ള ഏതെങ്കിലും ഒരു പ്രത്യേക സത്യം നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടാകാം. അനേകരുടെയും കാര്യത്തിൽ, ഒരു ഭൗമിക പറുദീസയിലെ ജീവിതത്തെ കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങളാണ്‌ അവരെ ഏറ്റവും ആകർഷിച്ചത്‌. നിങ്ങൾ ആദ്യമായി ആ പഠിപ്പിക്കൽ കേട്ട അവസരത്തെ കുറിച്ച്‌ ഒന്നോർത്തു നോക്കൂ. അത്‌ എത്ര അതിശയകരമായ ഒരു പ്രത്യാശയായിരുന്നു​—⁠മേലാൽ രോഗമോ വാർധക്യമോ ഇല്ല, നിങ്ങളുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കാൻ തക്കവണ്ണം നിങ്ങൾക്കു സദാ ജീവിച്ചിരിക്കാനാകും, മൃഗങ്ങളുമായി സമാധാനം ഉണ്ടായിരിക്കും! (സഭാപ്രസംഗി 9:5, 10; യെശയ്യാവു 65:17-25; യോഹന്നാൻ 5:28, 29; വെളിപ്പാടു 21:​3-5) അങ്ങനെ നിങ്ങൾക്ക്‌ അതിശയകരമായ ഒരു പ്രത്യാശ ലഭ്യമായി!

17, 18. (എ) പൗലൊസ്‌ റോമർക്കുള്ള ലേഖനത്തിൽ പ്രസ്‌താവിച്ചിരിക്കുന്ന ആശയങ്ങളുടെ പരമ്പര പ്രത്യാശ എന്ന ആശയത്തിലേക്കു നയിച്ചത്‌ എങ്ങനെ? (ബി) റോമർ 5:3-5 ഏതു തരത്തിലുള്ള പ്രത്യാശയെ ആണ്‌ അർഥമാക്കുന്നത്‌, നിങ്ങൾക്ക്‌ അത്തരത്തിലുള്ള പ്രത്യാശയുണ്ടോ?

17 ക്രമേണ, നിങ്ങൾ കുറെയൊക്കെ എതിർപ്പോ പീഡനമോ അഭിമുഖീകരിച്ചിരിക്കാം. (മത്തായി 10:34-39; 24:⁠9) സമീപകാലത്തു പോലും പല ദേശങ്ങളിലെയും സാക്ഷികളുടെ ഭവനങ്ങൾ കൊള്ള ചെയ്യപ്പെടുകയോ അവർക്ക്‌ അഭയാർഥികളായി കഴിയേണ്ടിവരുകയോ ചെയ്‌തിട്ടുണ്ട്‌. ചില സാക്ഷികൾക്കു ശാരീരിക പീഡനം സഹിക്കേണ്ടിവന്നിട്ടുണ്ട്‌. ഇനി, മറ്റു ചിലരുടെ ബൈബിൾ സാഹിത്യങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്‌. വാർത്താ മാധ്യമങ്ങൾ അവരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്‌. നിങ്ങൾക്ക്‌ അഭിമുഖീകരിക്കേണ്ടി വന്നത്‌ ഏതു തരത്തിലുള്ള പീഡനങ്ങൾ ആയിരുന്നാലും റോമർ 5:​3, 4 പറയുന്നതു പോലെ, ആ കഷ്ടങ്ങളിൽ നിങ്ങൾക്കു സന്തോഷിക്കാൻ കഴിഞ്ഞു, അതു നല്ല ഫലം കൈവരുത്തി. പൗലൊസ്‌ പ്രസ്‌താവിച്ചതു പോലെ, കഷ്ടത നിങ്ങളിൽ സഹിഷ്‌ണുത ഉളവാക്കി. തുടർന്ന്‌ സഹിഷ്‌ണുത ഒരു അംഗീകൃത അവസ്ഥയിലേക്കു നിങ്ങളെ നയിച്ചു. നിങ്ങൾ ചെയ്യുന്നത്‌ ശരിയായിട്ടുള്ള സംഗതിയാണെന്നും ദൈവഹിതത്തിനു ചേർച്ചയിൽ ഉള്ളതാണെന്നും അറിയാമായിരുന്നതിനാൽ നിങ്ങൾ അവന്റെ അംഗീകാരം സംബന്ധിച്ച്‌ ഉറപ്പുള്ളവരായിരുന്നു. പൗലൊസിന്റെ വാക്കുകളിൽ പറഞ്ഞാൽ, ഒരു “അംഗീകൃത അവസ്ഥ”യിൽ ആയിരിക്കുന്നതായി നിങ്ങൾ മനസ്സിലാക്കി. തുടർന്ന്‌, ‘അംഗീകൃത അവസ്ഥ പ്രത്യാശ ഉളവാക്കുന്നു’ എന്ന്‌ പൗലൊസ്‌ എഴുതി. അത്‌ അൽപ്പം വിചിത്രമായി തോന്നിയേക്കാം. എന്തുകൊണ്ടാണ്‌ പൗലൊസ്‌ ആ പരമ്പരയിൽ “പ്രത്യാശ”യെ അവസാനം പട്ടികപ്പെടുത്തിയത്‌? വളരെ മുമ്പേ, സുവാർത്ത ആദ്യം കേട്ടപ്പോൾത്തന്നെ, നിങ്ങൾക്ക്‌ പ്രത്യാശ ഉണ്ടായിരുന്നില്ലേ?

18 വ്യക്തമായും, പൗലൊസ്‌ ഇവിടെ പരാമർശിക്കുന്നത്‌ പൂർണതയുള്ള ജീവിതത്തെ കുറിച്ച്‌ നിങ്ങൾക്ക്‌ ആദ്യം തോന്നിയ പ്രത്യാശയെ അല്ല. അവൻ ഇവിടെ പരാമർശിക്കുന്ന സംഗതി അതിനും അപ്പുറം പോകുന്നു; അത്‌ ആഴമേറിയതും കൂടുതൽ പ്രചോദനാത്മകവുമാണ്‌. നാം വിശ്വസ്‌തമായി സഹിച്ചുനിൽക്കുകയും അങ്ങനെ നമുക്ക്‌ ദൈവാംഗീകാരം ഉണ്ടെന്നു തിരിച്ചറിയുകയും ചെയ്യുമ്പോൾ നമ്മുടെ പ്രത്യാശ അങ്ങേയറ്റം ശക്തമായിത്തീരുന്നു. അങ്ങനെ നമുക്ക്‌ ആദ്യം ഉണ്ടായിരുന്ന പ്രത്യാശ വളരെ യഥാർഥവും കൂടുതൽ ഉറച്ചതും ഏറെ വ്യക്തിപരവും ആയിത്തീരുന്നു. ഈ വർധിച്ച പ്രത്യാശ കൂടുതൽ ശോഭനമായിത്തീരുന്നു. അതു നമ്മുടെ മുഴു വ്യക്തിത്വത്തിലും വ്യാപരിച്ച്‌ നമ്മുടെതന്നെ ഭാഗമായിത്തീരുന്നു. “ദൈവസ്‌നേഹം പരിശുദ്ധാത്‌മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നതിനാൽ ആ പ്രത്യാശ നിരാശയിലേക്കു നയിക്കുന്നില്ല.”

19. നിങ്ങളുടെ പ്രത്യാശ പതിവായുള്ള പ്രാർഥനയുടെ ഭാഗമായിരിക്കേണ്ടത്‌ എങ്ങനെ?

19 കൊലൊസ്സ്യയിലെ തന്റെ സഹോദരീസഹോദരന്മാർ “ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ള”വരായി തങ്ങളുടെ മുന്നിലുള്ള പ്രത്യാശയുടെ സ്വാധീനത്തിലും അതു സംബന്ധിച്ചുള്ള ഉറപ്പിലും തുടരണം എന്നായിരുന്നു എപ്പഫ്രാസിന്റെ ആത്മാർഥമായ പ്രാർഥന. നമ്മുടെ പ്രത്യാശ സംബന്ധിച്ച്‌ നമുക്ക്‌ ഓരോരുത്തർക്കും സമാനമായ ഒരു വിധത്തിൽ ദൈവത്തോട്‌ പതിവായി പ്രാർഥിക്കാം. വ്യക്തിപരമായ പ്രാർഥനകളിൽ പുതിയ ലോകത്തെ കുറിച്ചുള്ള നിങ്ങളുടെ പ്രത്യാശ ഉൾപ്പെടുത്തുക. അതു വരുമെന്നുള്ള പൂർണബോധ്യത്തോടെ നിങ്ങൾ അതിനായി എത്രമാത്രം വാഞ്‌ഛിക്കുന്നുവെന്ന്‌ യഹോവയോടു പറയുക. നിങ്ങളുടെ ആ ബോധ്യം വർധിപ്പിക്കാൻ അവന്റെ സഹായത്തിനായി അപേക്ഷിക്കുക. കൊലൊസ്സ്യ ക്രിസ്‌ത്യാനികൾ “ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ള”വരാകാൻ എപ്പഫ്രാസ്‌ പ്രാർഥിച്ചതുപോലെ നമുക്കും ചെയ്യാം. അതു കൂടെക്കൂടെ ചെയ്യാം.

20. ക്രിസ്‌തീയ മാർഗത്തിൽനിന്ന്‌ ചുരുക്കം ചിലർ വ്യതിചലിച്ചു പോയാലും, അതു നമ്മെ നിരാശപ്പെടുത്തേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

20 തികഞ്ഞവരും പൂർണനിശ്ചയമുള്ളവരുമായി എല്ലാവരും നിലകൊള്ളുന്നില്ല എന്ന സംഗതി നമ്മെ വ്യതിചലിപ്പിക്കുകയോ നിരാശപ്പെടുത്തുകയോ അരുത്‌. ചിലർ പരാജയപ്പെടുകയോ മടുത്തു പിൻവാങ്ങുകയോ ചെയ്‌തേക്കാം. യേശുവിനോട്‌ ഏറ്റവും അടുത്തായിരുന്ന അപ്പൊസ്‌തലന്മാരുടെ ഇടയിൽ അതു സംഭവിച്ചു. എന്നാൽ യൂദാ ഒരു ചതിയനായി മാറിയപ്പോൾ മറ്റ്‌ അപ്പൊസ്‌തലന്മാർ മന്ദീഭവിച്ചു പോകുകയോ പിന്മാറുകയോ ചെയ്‌തോ? തീർച്ചയായും ഇല്ല. മറ്റൊരുവൻ യൂദായുടെ അപ്പൊസ്‌തല സ്ഥാനം ഏറ്റെടുക്കുമെന്ന്‌ സങ്കീർത്തനം 109:8 വിശദീകരിച്ചുകൊണ്ട്‌ പത്രൊസ്‌ പ്രകടമാക്കി. യൂദായ്‌ക്കു പകരം മറ്റൊരാളെ തിരഞ്ഞെടുത്തു. ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർ തങ്ങളുടെ പ്രസംഗ നിയമനത്തിൽ സജീവമായി മുന്നേറി. (പ്രവൃത്തികൾ 1:15-26) പൂർണനിശ്ചയത്തോടെ തികഞ്ഞവരായി നിലകൊള്ളാൻ അവർ ഉറച്ച തീരുമാനം എടുത്തിരിക്കുന്നു.

21, 22. നിങ്ങൾ തികഞ്ഞവരും പൂർണനിശ്ചയമുള്ളവരുമായി നിൽക്കുന്നത്‌ ഏത്‌ അർഥത്തിലായിരിക്കും ശ്രദ്ധിക്കപ്പെടുക?

21 നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണനിശ്ചയമുള്ളവരുമായി നിൽക്കുന്നത്‌ ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന്‌ നിങ്ങൾക്കു പൂർണ ഉറപ്പുണ്ടായിരിക്കാൻ കഴിയും. അത്‌ നിരീക്ഷിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യും. ആരാൽ?

22 നിങ്ങളെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നിങ്ങളുടെ സഹോദരീസഹോദരന്മാർ അതു ശ്രദ്ധിക്കും. മിക്കവരും അതു വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നില്ലെങ്കിലും, അതിന്റെ ഫലം 1 തെസ്സലൊനീക്യർ 1:2-6-ൽ നാം വായിക്കുന്നതിനോടു സമാനമായിരിക്കും: “ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെ സ്‌മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്‌നേഹപ്രയത്‌നവും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓർത്തു ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എപ്പോഴും ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു. . . . ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു; . . . നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു.” “നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി” നിൽക്കുന്നതു കാണുമ്പോൾ നിങ്ങൾക്കു ചുറ്റുമുള്ള വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്കു സമാനമായ വികാരമായിരിക്കും ഉണ്ടായിരിക്കുക.​—⁠കൊലൊസ്സ്യർ 1:23.

23. വരുംവർഷത്തെ നിങ്ങളുടെ ദൃഢതീരുമാനം എന്തായിരിക്കണം?

23 അതുപോലെതന്നെ നിങ്ങളുടെ സ്വർഗീയ പിതാവും അതു തീർച്ചയായും നിരീക്ഷിക്കുകയും സംപ്രീതനാകുകയും ചെയ്യും. അക്കാര്യത്തിൽ ഉറപ്പുള്ളവരായിരിക്കുക. എന്തുകൊണ്ട്‌? എന്തെന്നാൽ നിങ്ങൾ തികഞ്ഞവരായി നിൽക്കുന്നത്‌ ‘ദൈവഹിതം സംബന്ധിച്ചൊക്കെയും’ പൂർണ്ണനിശ്ചയമുള്ളവരായിട്ടാണ്‌. കൊലൊസ്സ്യർ “യഹോവയെ പൂർണമായും പ്രസാദിപ്പിക്കുവോളം അവനു യോഗ്യമാംവണ്ണം” നടന്നതിനെ കുറിച്ച്‌ പൗലൊസ്‌ അവർക്കു പ്രോത്സാഹജനകമാംവിധം എഴുതി. (കൊലൊസ്സ്യർ 1:10) അതേ, യഹോവയെ പൂർണമായും പ്രസാദിപ്പിക്കാൻ അപൂർണ മനുഷ്യർക്കു കഴിയും. കൊലൊസ്സ്യയിലെ നിങ്ങളുടെ സഹോദരീസഹോദരന്മാർ അതു ചെയ്‌തു. നിങ്ങൾക്കു ചുറ്റുമുള്ള ക്രിസ്‌ത്യാനികൾ ഇപ്പോൾ അതു ചെയ്‌തുകൊണ്ടിരിക്കുന്നു. നിങ്ങൾക്കും അതു ചെയ്യാനാകും! അതുകൊണ്ട്‌, “തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി” നിൽക്കാൻ നിങ്ങൾ ദൃഢതീരുമാനം എടുത്തിരിക്കുന്നു എന്ന്‌ വരുംവർഷത്തെ നിങ്ങളുടെ അനുദിന പ്രാർഥനകളും പ്രവർത്തനങ്ങളും തെളിയിക്കട്ടെ.

നിങ്ങൾ ഓർമിക്കുന്നുവോ?

• ‘തികഞ്ഞവരായി നിൽക്കുന്ന’തിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

• നിങ്ങളെ കുറിച്ചുള്ള ഏതു സംഗതികൾ നിങ്ങൾ പ്രാർഥനയിൽ ഉൾപ്പെടുത്തണം?

റോമർ 5:4, 5-ൽ നിർദേശിച്ചിരിക്കുന്നതു പോലെ, ഏതു തരത്തിലുള്ള പ്രത്യാശ ഉണ്ടായിരിക്കാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?

• വരുംവർഷം എന്തു ലക്ഷ്യം ഉണ്ടായിരിക്കാൻ നമ്മുടെ പഠനം നിങ്ങളെ പ്രചോദിപ്പിച്ചിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[20-ാം പേജിലെ ചിത്രം]

തന്റെ സഹോദരന്മാർ ക്രിസ്‌തുവിനെയും അവരുടെ പ്രത്യാശയെയും കുറിച്ച്‌ പൂർണനിശ്ചയമുള്ള ക്രിസ്‌ത്യാനികളായി നിൽക്കുമാറാകട്ടെയെന്ന്‌ എപ്പഫ്രാസ്‌ പ്രാർഥിച്ചു

[23-ാം പേജിലെ ചിത്രം]

നിങ്ങൾക്കുള്ള അതേ ഉറച്ച പ്രത്യാശയും പൂർണനിശ്ചയവുമുള്ള മറ്റു ദശലക്ഷക്കണക്കിന്‌ ആളുകളുണ്ട്‌