ഭൂമി വെറുമൊരു പരീക്ഷണസ്ഥലമോ?
ഭൂമി വെറുമൊരു പരീക്ഷണസ്ഥലമോ?
എത്ര ആശ്വാസം! അവൾ ആ കടമ്പ കടന്നിരിക്കുന്നു. രണ്ടാഴ്ചത്തെ വിഷമംപിടിച്ച പരീക്ഷകൾക്കു ശേഷം ഒടുവിൽ അവൾ ജയിച്ചതായുള്ള റിപ്പോർട്ടു വന്നു. ഇനിയിപ്പോൾ അവൾക്ക് താൻ അതിയായി ആഗ്രഹിച്ചിരുന്ന ജോലിയിൽ പ്രവേശിക്കാം.
പലരും ഭൂമിയിലെ ജീവിതത്തെ സമാനമായ ഒരു രീതിയിലാണ് വീക്ഷിക്കുന്നത്. എല്ലാവരും അഭിമുഖീകരിക്കേണ്ട ഒരു പ്രാഥമിക പരീക്ഷണമായി അവർ അതിനെ കാണുന്നു. ആ പരീക്ഷണത്തിൽ “വിജയിക്കുന്നവർ” മെച്ചപ്പെട്ട ഒരു മരണാനന്തര അവസ്ഥയിലേക്കു പ്രവേശിക്കുന്നുവത്രേ. മനുഷ്യർക്കു പ്രതീക്ഷിക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട ജീവിതം ഇപ്പോഴത്തേതാണെങ്കിൽ, അതു തീർച്ചയായും ദുഃഖകരമായിരിക്കും. കാരണം അനേകരെ സംബന്ധിച്ചും ജീവിതം ഇന്ന് ദൂരിതപൂർണമായ ഒരു അസ്തിത്വം മാത്രമാണ്. ഏറെക്കാലവും നല്ല ആരോഗ്യത്തോടും സമൃദ്ധിയോടും കൂടെ ജീവിച്ച ബൈബിൾ കഥാപാത്രമായ ഇയ്യോബ് ഇങ്ങനെ പ്രസ്താവിച്ചു: “സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.”—ഇയ്യോബ് 14:1.
പലരുടെയും ചിന്തയെ പ്രതിഫലിപ്പിക്കുന്നതാണ് ന്യൂ കാത്തലിക് എൻസൈക്ലോപീഡിയയുടെ ഈ പ്രസ്താവന: “ദൈവം മനുഷ്യർക്കായി ഉദ്ദേശിക്കുന്നത് സ്വർഗീയ മഹത്ത്വമാണ്. . . . മനുഷ്യന്റെ സന്തുഷ്ടി കുടികൊള്ളുന്നത് സ്വർഗീയ സുഖം സ്വന്തമാക്കുന്നതിലാണ്.” ചർച്ച് ഓഫ് ക്രൈസ്റ്റ് എന്ന ഒരു ക്രൈസ്തവസഭ ഐക്യനാടുകളിൽ നടത്തിയ ഒരു സർവേ അനുസരിച്ച്, മരണശേഷം തങ്ങൾ സ്വർഗത്തിൽ പോകുമെന്ന് 87 ശതമാനം ആളുകൾ വിശ്വസിക്കുന്നു.
മെച്ചപ്പെട്ട ഒരു മരണാനന്തര ജീവിതത്തിനായി ഭൂമി വിട്ടുപോകാൻ പല അക്രൈസ്തവരും ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, സ്വർഗത്തിലെ ഫിർദോസിലേക്കു പോകാൻ സാധിക്കുമെന്നു മുസ്ലീങ്ങൾ ആശിക്കുന്നു. ‘അപരിമേയ വെളിച്ചം ചൊരിയുന്ന ബുദ്ധ’ന്റെ പേരായ “ആമിദാ” എന്ന് നിരന്തരം ഉരുവിട്ടുകൊണ്ടിരുന്നാൽ തങ്ങൾക്ക് ‘വിശുദ്ധ ദേശ’ത്ത് അഥവാ ‘പശ്ചിമ പറുദീസ’യിൽ പുനർജനിച്ച് അവിടെ പരമാനന്ദത്തിൽ ജീവിക്കാൻ കഴിയുമെന്ന് ചൈനയിലും ജപ്പാനിലുമുള്ള ‘പ്യുവർ ലാൻഡ്’ ബുദ്ധമത വിഭാഗക്കാർ വിശ്വസിക്കുന്നു.
ഏറ്റവുമധികം ഭാഷകളിൽ വിവർത്തനം ചെയ്ത് വിപുലവ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള വിശുദ്ധ ഗ്രന്ഥമായ ബൈബിൾ, ഭൂമി ഉപേക്ഷിക്കപ്പെടേണ്ട ഒരു സ്ഥലമാണെന്നോ മറ്റൊരു ലോകത്തിലേക്കുള്ള ചവിട്ടുപടിയാണെന്നോ പഠിപ്പിക്കുന്നില്ല എന്നതു രസാവഹമാണ്. ഉദാഹരണത്തിന്, അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും” എന്ന യേശുവിന്റെ വിഖ്യാതമായ പ്രഖ്യാപനവും നാം ബൈബിളിൽ കാണുന്നു.—മത്തായി 5:5.
നമ്മുടെ ഭൗമവാസം താത്കാലികമാണെന്ന ആളുകളുടെ പൊതു വീക്ഷണത്തിന്റെ ധ്വനി, മരണം ആനന്ദകരമായ ഒരു ജീവിതത്തിലേക്കുള്ള കവാടമാണെന്നാണ്. അങ്ങനെയെങ്കിൽ, മരണം തീർച്ചയായും ഒരു അനുഗ്രഹമാണെന്നു പറയാം. എന്നാൽ ആളുകൾ പൊതുവെ മരണത്തെ വീക്ഷിക്കുന്നത് അങ്ങനെയാണോ, അതോ ആയുസ്സ് നീട്ടാനാണോ അവർ ശ്രമിക്കുന്നത്? നല്ല ആരോഗ്യവും സുരക്ഷിതത്വവും ഉള്ളപ്പോൾ ആളുകൾ മരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അനുഭവം നമ്മോടു പറയുന്നു.
ഭൂമിയിലെ ജീവിതം ദുഷ്ടതയും ദുരിതവും നിറഞ്ഞതായതിനാൽ, യഥാർഥ സമാധാനവും സന്തുഷ്ടിയും കണ്ടെത്താൻ കഴിയുന്ന ഏകസ്ഥലമായി പലരും സ്വർഗത്തെ കാണുന്നു. തിന്മയോ അനൈക്യമോ തീരെയില്ലാത്ത, സർവത്ര സമാധാനം കളിയാടുന്ന ഒരു സ്ഥലമാണോ സ്വർഗം? മരണാനന്തര ജീവിതം സ്വർഗത്തിൽ മാത്രമാണോ? ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരങ്ങൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം. അടുത്ത ലേഖനത്തിൽ നമുക്ക് അവയെ കുറിച്ചു പരിചിന്തിക്കാം.