കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
കുട്ടികളെ പ്രശംസിക്കേണ്ടത് എങ്ങനെ?
വെല്ലുവിളി
കുട്ടികളെ എത്ര പ്രശംസിച്ചാലും അധികമാകില്ല എന്ന് ചിലർ പറയുന്നു. മറ്റു ചിലരാകട്ടെ, കുട്ടികളെ കൂടുതൽ പ്രശംസിക്കുന്നത്, അവരെ വഷളാക്കുമെന്നും എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും വിശ്വസിക്കുന്നു.
നിങ്ങൾ കുട്ടിയെ എത്രത്തോളം പ്രശംസിക്കുന്നവരാണെങ്കിലും ഏത് രീതിയിലുള്ള പ്രശംസയാണ് നൽകുന്നത് എന്നതുകൂടെ കണക്കിലെടുക്കേണ്ടതുണ്ട്. എങ്ങനെയുള്ള പ്രശംസയാണ് കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നത്, ഏത് പ്രശംസ കുട്ടിയെ ഹാനികരമായി ബാധിക്കും, ഏറ്റവും മികച്ച ഫലമുളവാക്കുന്ന പ്രശംസ എങ്ങനെ നൽകാം തുടങ്ങിയവ.
നിങ്ങൾ അറിയേണ്ടത്
എല്ലാത്തരം പ്രശംസയും ഒരുപോലെ ഗുണം ചെയ്യില്ല. പിൻവരുന്ന കാര്യങ്ങൾ കാണുക.
അമിതമായി പ്രശംസിക്കുന്നത് ഹാനികരമായേക്കാം. ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി ചില മാതാപിതാക്കൾ കുട്ടികൾക്ക് അർഹിക്കാത്ത പ്രശംസ അമിതമായി നൽകുന്നു. എന്നാൽ, “മാതാപിതാക്കൾ കാര്യങ്ങൾ ഊതിവീർപ്പിക്കുകയാണെന്നും അവർ പറയുന്നത് വെറുംവാക്കാണെന്നും മനസ്സിലാക്കാനുള്ള കഴിവ്” കുട്ടികൾക്കുണ്ടെന്ന് ഡോ. ഡേവിഡ് വാൾഷ് പറയുന്നു. മാത്രമല്ല, “ലഭിച്ച പ്രശംസ യഥാർഥത്തിൽ അർഹിക്കുന്നതല്ലെന്നും അതിനാൽ മാതാപിതാക്കളെ വിശ്വസിക്കാൻ കഴിയില്ലെന്നും ഉള്ള നിഗമനത്തിൽ കുട്ടികൾ എത്തിച്ചേർന്നേക്കാം.” a
കഴിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രശംസ മെച്ചപ്പെട്ടതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ മകൾക്ക് ചിത്രം വരയ്ക്കാനുള്ള കഴിവുണ്ടെന്നിരിക്കട്ടെ. സ്വാഭാവികമായും നിങ്ങൾ അവളെ പ്രശംസിക്കും. അത് അവളുടെ കഴിവിൽ കൂടുതൽ പ്രാവീണ്യം നേടാൻ സഹായിക്കും. എന്നാൽ ഇതിന് ചില പോരായ്മകളുമുണ്ട്. ജന്മസിദ്ധമായ കഴിവുകളെപ്രതി മാത്രം പ്രശംസിക്കുകയാണെങ്കിൽ അത്തരം കഴിവുകൾ ഉണ്ടെങ്കിലേ കാര്യമുള്ളൂ എന്ന് കുട്ടി ചിന്തിച്ചേക്കാം. പുതിയ ദൗത്യങ്ങൾ ഏൽപ്പിച്ചാൽ പരാജയപ്പെടുമോ എന്ന പേടി കാരണം അവ ഏറ്റെടുക്കാൻ മടികാണിച്ചേക്കാം. അവൾ അല്പം ശ്രമം ചെയ്ത് നേടിയെടുക്കേണ്ട കാര്യം വരുമ്പോൾ, ‘ഞാൻ അതിനു പറ്റിയ ആളല്ല, എന്നെക്കൊണ്ട് അതിന് കഴിയില്ല—വെറുതെ എന്തിന് ശ്രമിച്ച് പരാജയപ്പെടണം’ എന്ന് അവൾ ന്യായവാദം ചെയ്തേക്കാം.
നിരന്തരമായ ശ്രമത്തെ അടിസ്ഥാനമാക്കിയുള്ള പ്രശംസയാണ് ഏറ്റവും മെച്ചം. ജന്മസിദ്ധമായി ലഭിച്ച കഴിവുകളെക്കുറിച്ച് മാത്രം പ്രശംസിക്കുന്നതിനു പകരം കഠിനാധ്വാനവും നിരന്തരമായ ശ്രമവും ചെയ്തതിനെപ്രതി കുട്ടികളെ പ്രശംസിക്കുകയാണെങ്കിൽ അവർ ഒരു അടിസ്ഥാനസത്യം മനസ്സിലാക്കും—പ്രാപ്തികൾ വികസിപ്പിച്ചെടുക്കുന്നതിന് ക്ഷമയും കഠിനാധ്വാനവും
ആവശ്യമാണ്. ഈ വസ്തുത അവർ മനസ്സിലാക്കിയാൽ, “ആഗ്രഹിക്കുന്ന ഫലം നേടിയെടുക്കാൻ എത്രത്തോളം കഠിനാധ്വാനം ചെയ്യേണ്ടതുണ്ടോ അത് ചെയ്യാൻ അവർ തയാറായിരിക്കും. ഇതിനിടെ പിഴവുകൾ സംഭവിച്ചാൽ അതിനെ ഒരു പരാജയമായിട്ടല്ല, പകരം വിജയത്തിലേക്കുള്ള ചവിട്ടുപടിയായി അവർ വീക്ഷിക്കും” എന്ന് സ്നേഹത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറുന്നതിനായി . . . (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.നിങ്ങൾക്ക് ചെയ്യാനാകുന്നത്
ജന്മസിദ്ധമായ കഴിവുകളെയല്ല, പകരം കഠിനാധ്വാനത്തെ അഭിനന്ദിക്കുക. “ഈ ചിത്രം പൂർത്തിയാക്കാൻ നീ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്” എന്നു പറയുന്നതാണ് “നീ ജന്മനാ ഒരു കലാകാരൻതന്നെ” എന്നു പറയുന്നതിനെക്കാൾ ഗുണം ചെയ്യുന്നത്. മേൽപ്പറഞ്ഞ രണ്ട് പ്രസ്താവനകളും പ്രശംസ തന്നെയാണ്. എന്നാൽ, രണ്ടാമത് പറഞ്ഞ പ്രസ്താവനയിലൂടെ, ജന്മസിദ്ധമായ കഴിവുകൾ പ്രകടമാക്കാനാകുന്ന മേഖലകളിൽ മാത്രമേ കുട്ടിക്ക് തിളങ്ങാൻ കഴിയൂ എന്ന് നിങ്ങൾപോലും അറിയാതെ അവന്റെ മനസ്സിൽ ഉൾനടുകയായിരിക്കും ചെയ്യുന്നത്.
കഠിനാധ്വാനം ചെയ്തതിനെപ്രതി കുട്ടിയെ പ്രശംസിക്കുമ്പോൾ, ഇപ്പോഴുള്ള കഴിവുകൾ പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ കഴിയും എന്ന് കുട്ടിയെ പഠിപ്പിക്കുകയാണ് നിങ്ങൾ. അത്, കൂടുതൽ ആത്മവിശ്വാസത്തോടെ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ കുട്ടിയെ പ്രേരിപ്പിക്കും.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 14:23.
പരാജയങ്ങളെ നേരിടാൻ കുട്ടിയെ സഹായിക്കുക. നല്ലതു ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുപോലും തെറ്റുകൾ പറ്റാറുണ്ട്, ചിലപ്പോൾ ആവർത്തിച്ച്. (സദൃശവാക്യങ്ങൾ 24:16). എന്നാൽ, ഓരോ വീഴ്ചയിൽനിന്നും അവർ എഴുന്നേൽക്കുകയും തങ്ങൾക്കുണ്ടായ അനുഭവത്തിൽനിന്ന് പാഠം പഠിച്ച് മുന്നോട്ട് നീങ്ങുകയും ചെയ്യും. ഇത്തരമൊരു സ്വഭാവം കുട്ടിയിൽ വളർത്തിയെടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
വീണ്ടും കഠിനാധ്വാനത്തിൽത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കുക. ഉദാഹരണത്തിന്, “കണക്കിൽ നീ മിടുക്കിയാണ്” എന്ന് നിങ്ങൾ മകളോട് പറയുന്നു. പക്ഷെ അടുത്ത കണക്കുപരീക്ഷയിൽ അവൾ തോറ്റെന്ന് സങ്കൽപ്പിക്കുക. അതോടെ, കണക്കിൽ ഉണ്ടായിരുന്ന ആ പ്രത്യേക കഴിവ് നഷ്ടപ്പെട്ടെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നും അവൾ തീരുമാനിച്ചേക്കാം.
എന്നാൽ, കുട്ടിയുടെ കഠിനാധ്വാനത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെങ്കിൽ പരാജയഭീതി കൂടാതെ മുന്നേറാനുള്ള കുട്ടിയുടെ പ്രാപ്തിയെ നിങ്ങൾ വർധിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. തിരിച്ചടികളെ ഒരു ദുരന്തമായി കാണാതെ തിരിച്ചടികളായി മാത്രം കാണാൻ കുട്ടിയെ സഹായിക്കുക. അങ്ങനെ ചെയ്യുമ്പോൾ അവൾ ശ്രമം ഉപേക്ഷിച്ച് പിന്മാറുന്നതിനു പകരം മറ്റൊരു വഴി കണ്ടെത്തുകയോ അല്ലെങ്കിൽ കൂടുതലായി പ്രവർത്തിക്കുകയോ ചെയ്തേക്കാം.—ബൈബിൾതത്ത്വം: യാക്കോബ് 3:2.
പ്രചോദനമേകുന്ന വിമർശനങ്ങൾ നൽകുക. കുട്ടിയുടെ പോരായ്മകളെക്കുറിച്ച് ഉചിതമായ രീതിയിൽ പറയുകയുന്നത് അവന്റെ ആത്മവിശ്വാസത്തെ തകർക്കുകയായിരിക്കില്ല, പകരം വളരാൻ സഹായിക്കുകയായിരിക്കും. ഒപ്പം അർഹിക്കുന്ന അഭിനന്ദനവും പതിവായി നൽകുമ്പോൾ കൂടുതലായ പുരോഗതിക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ബുദ്ധിയുപദേശം അവൻ സ്വീകരിക്കാനാണ് സാധ്യത. പിന്നീട് അവൻ നേട്ടങ്ങൾ കൈവരിക്കുമ്പോൾ അത് നിങ്ങൾക്ക് ഇരുവർക്കും സന്തോഷിക്കാനുള്ള കാര്യമായിത്തീരുകയും ചെയ്യും.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 13:4. ◼ (g15-E 11)
a എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ “ഇല്ല” എന്ന് കേൾക്കേണ്ടത് എന്തുകൊണ്ട്—മാതാപിതാക്കൾക്ക് അത് പറയാൻ കഴിയുന്ന വിധങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്.