വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുരിതങ്ങളില്ലാത്ത ജീവിതം—വിശ്വസനീയമായ ഒരു വാഗ്‌ദാനം!

ദുരിതങ്ങളില്ലാത്ത ജീവിതം—വിശ്വസനീയമായ ഒരു വാഗ്‌ദാനം!

ദുരിതങ്ങളില്ലാത്ത ജീവിതം​—വിശ്വസനീയമായ ഒരു വാഗ്‌ദാനം!

“(ദൈവം) അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപാട്‌ 21:4.

എത്ര ഹൃദയോഷ്‌മളമായ വാഗ്‌ദാനം! പക്ഷേ ഇത്‌ വിശ്വസിക്കാനാകുമോ? ഒന്നു ചിന്തിക്കുക: അനുസരണക്കേടു കാണിച്ചാൽ “മരിക്കും” എന്ന്‌ ആദ്യ മനുഷ്യനായ ആദാമിനോട്‌ ദൈവം പറഞ്ഞിരുന്നു. (ഉല്‌പത്തി 2:17) ആ മുന്നറിയിപ്പ്‌ അവഗണിച്ചുകൊണ്ട്‌ അവൻ അനുസരണക്കേടു കാണിച്ചു, ദൈവം പറഞ്ഞതുപോലെതന്നെ അവൻ മരിക്കുകയും ചെയ്‌തു. ആദാമിനു സംഭവിച്ചതും മനുഷ്യകുലത്തിന്‌ പാരമ്പര്യമായി കിട്ടിയ കഷ്ടപ്പാടും മരണവും ദൈവം പറഞ്ഞതെല്ലാം അങ്ങനെതന്നെ നിവൃത്തിയേറും എന്നതിന്റെ വ്യക്തമായ തെളിവുകളാണ്‌. ആ സ്ഥിതിക്ക്‌, ഭൂമിയെ വീണ്ടും ഒരു പറുദീസയാക്കിമാറ്റുമെന്നുള്ള ദൈവിക വാഗ്‌ദാനത്തിൽ നാം അൽപ്പമെങ്കിലും സംശയിക്കേണ്ടതുണ്ടോ?

കഴിഞ്ഞ ലേഖനത്തിൽ നാം ചർച്ചചെയ്‌ത ദൈവത്തിന്റെ ഗുണങ്ങളും അവന്റെ വാഗ്‌ദാനങ്ങൾ നിറവേറും എന്ന്‌ വ്യക്തമാക്കുന്നു. എന്തിന്‌, ദുരിതങ്ങൾക്ക്‌ അറുതിവരണം എന്ന നമ്മുടെ ആഗ്രഹംപോലും ദൈവത്തിന്റെ അനുകമ്പ, സ്‌നേഹം, നീതി എന്നിങ്ങനെയുള്ള ഗുണങ്ങളുടെ പ്രതിഫലനമാണ്‌. മാത്രമല്ല, ഇന്ന്‌ ഈ ലോകത്ത്‌ സംഭവിക്കുന്ന കാര്യങ്ങളും ആളുകളുടെ പൊതുവെയുള്ള ചിന്താഗതികളും ദൈവത്തിന്‌ പ്രവർത്തിക്കാനുള്ള സമയം തൊട്ടടുത്ത്‌ എത്തിയിരിക്കുന്നു എന്നതിന്‌ കൂടുതലായ തെളിവു നൽകുന്നു.  “ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക?” എന്ന ചതുരം കാണുക.

മനുഷ്യരുടെ കഷ്ടപ്പാടുകൾ നീക്കംചെയ്യാൻ ഏറ്റവും യോഗ്യൻ യഹോവയാംദൈവമാണ്‌. തന്റെ പുത്രനായ യേശുവിനെ ഉപയോഗിച്ചുകൊണ്ട്‌ ദുരിതത്തിന്റെ മൂലകാരണങ്ങൾ പിഴുതെറിയാൻ അവനു കഴിയും. അത്‌ എങ്ങനെ ആയിരിക്കുമെന്നും അതിനുവേണ്ടി അവൻ എന്തെല്ലാം ചെയ്‌തിരിക്കുന്നെന്നും നോക്കുക.

തെറ്റായ തീരുമാനങ്ങൾ. തന്റെ എല്ലാ സന്താനങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തിവെച്ച ഒരു തീരുമാനമാണ്‌ നമ്മുടെ ആദ്യപിതാവായ ആദാം കൈക്കൊണ്ടത്‌. “സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി. (റോമർ 8:22) എന്നാൽ ദൈവം അതിനൊരു പരിഹാരമാർഗം ഒരുക്കിയിരിക്കുന്നു. അത്‌ കരുണനിറഞ്ഞതും അത്യന്തം നീതിനിഷ്‌ഠവും അങ്ങേയറ്റം ലളിതവുമാണ്‌. അതേക്കുറിച്ച്‌ റോമർ 6:23 ഇങ്ങനെ പറയുന്നു: “പാപത്തിന്റെ ശമ്പളം മരണം; ദൈവത്തിന്റെ ദാനമോ നമ്മുടെ കർത്താവായ ക്രിസ്‌തുയേശുവിനാലുള്ള നിത്യജീവനും.”

പൂർണമനുഷ്യനായ യേശു പാപരഹിതനായിരുന്നു. ദണ്ഡനസ്‌തംഭത്തിലുള്ള അവന്റെ മരണം അനുസരണമുള്ള മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കാനുള്ള അടിസ്ഥാനമായിത്തീർന്നു. അതുകൊണ്ട്‌ ഈ ഭൂമിയിൽ നിത്യം ജീവിക്കാനുള്ള ഒരു പ്രത്യാശ നമുക്കുണ്ട്‌. ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കാനുള്ള പാപപ്രവണത അന്നു നമുക്ക്‌ ഉണ്ടായിരിക്കുകയില്ല. മറ്റുള്ളവരെ മനഃപൂർവം കഷ്ടപ്പെടുത്തുന്ന ആളുകളും അന്ന്‌ ഇല്ലാതാകും. “ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും” എന്ന്‌ ബൈബിൾ ഉറപ്പുനൽകുന്നു.—സങ്കീർത്തനം 37:9.

ആകസ്‌മിക സംഭവങ്ങളും അപൂർണതയും. ദൈവം നിയമിച്ചിരിക്കുന്ന രാജാവായ യേശുക്രിസ്‌തുവിന്‌ പ്രകൃതിശക്തികളെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്‌. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായ ഒരു സംഭവം നോക്കുക. യേശുവും അവന്റെ അപ്പൊസ്‌തലന്മാരും ഒരു വള്ളത്തിൽ യാത്രചെയ്യുമ്പോൾ “ഉഗ്രമായ ഒരു കൊടുങ്കാറ്റുണ്ടായി; തിരമാലകൾ വള്ളത്തിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു; വെള്ളം നിറഞ്ഞ്‌ അതു മുങ്ങാറായി.” പേടിച്ചരണ്ട ശിഷ്യന്മാർ ഉറങ്ങുകയായിരുന്ന യേശുവിനെ വിളിച്ചുണർത്തി. ‘അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു കടലിനോട്‌, “അടങ്ങുക! ശാന്തമാകുക!” എന്നു പറഞ്ഞു. അപ്പോൾ കാറ്റ്‌ ശമിച്ചു; വലിയ ശാന്തതയുണ്ടായി.’ വിസ്‌മയഭരിതരായ അപ്പൊസ്‌തലന്മാർ, “കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ” എന്നു പറഞ്ഞു.—മർക്കോസ്‌ 4:37-41.

യേശുവിന്റെ ഭരണത്തിൻകീഴിൽ അനുസരണമുള്ള മനുഷ്യർ, “നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.” (സദൃശവാക്യങ്ങൾ 1:33) അന്ന്‌ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിരിക്കുകയില്ല. ആരും ഭൂമിയെ ദുരുപയോഗം ചെയ്യില്ല, സുരക്ഷിതമല്ലാത്ത കെട്ടിടനിർമാണരീതികൾ ഉപയോഗിക്കില്ല, പ്രകൃതിയുടെ മുന്നറിയിപ്പുകളെ ആരും അവഗണിക്കുകയില്ല. മനുഷ്യരുടെ പിഴവുകൾമൂലം ഉണ്ടാകുന്ന മറ്റു വിപത്തുകളും നീങ്ങിപ്പോകും. അതെ, യാദൃച്ഛിക സംഭവങ്ങളാൽ മേലാൽ ആരും ദുരിതം അനുഭവിക്കേണ്ടിവരില്ല.

ഭൂമിയിലായിരുന്നപ്പോൾ തന്റെ ഭരണത്തിന്റെ മറ്റൊരു സവിശേഷത യേശു വ്യക്തമാക്കുകയുണ്ടായി. അപ്രതീക്ഷിതവും ആകസ്‌മികവും ആയ സംഭവങ്ങൾ നിമിത്തം ഉണ്ടാകുന്ന ഏതൊരു കഷ്ടപ്പാടിനുമുള്ള ഏറ്റവും വലിയ പരിഹാരമായിരുന്നു അത്‌. അതേക്കുറിച്ച്‌ അവൻ പറഞ്ഞു: “ഞാൻതന്നെ പുനരുത്ഥാനവും ജീവനും ആകുന്നു.” (യോഹന്നാൻ 11:25) അതെ, പ്രകൃതിദുരന്തങ്ങൾമൂലം ദാരുണമായി കൊല്ലപ്പെട്ട ദശലക്ഷങ്ങളെ ജീവനിലേക്കു കൊണ്ടുവരാൻ യേശു പ്രാപ്‌തനാണ്‌, അത്‌ അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇത്‌ വെറും പൊള്ളയായ വാഗ്‌ദാനമാണോ? അല്ല. ഭൂമിയിലായിരിക്കെ മരിച്ചവരെ ഉയിർപ്പിച്ചുകൊണ്ട്‌ ഈ വാഗ്‌ദാനം സത്യമാണെന്ന്‌ യേശു തെളിയിച്ചു. മരിച്ച മൂന്നുവ്യക്തികളെ അവൻ ജീവനിലേക്കു കൊണ്ടുവന്നതിനെക്കുറിച്ചുള്ള വിവരണം ബൈബിളിലുണ്ട്‌.—മർക്കോസ്‌ 5:38-43; ലൂക്കോസ്‌ 7:11-15; യോഹന്നാൻ 11:38-44.

“ഈ ലോകത്തിന്റെ അധിപതി.” ‘മരണം വരുത്താൻ കഴിവുള്ളവനായ പിശാചിനെ ഒടുക്കിക്കളയേണ്ടതിന്‌’ ദൈവം യേശുക്രിസ്‌തുവിനെ നിയോഗിച്ചിരിക്കുന്നു. (എബ്രായർ 2:14) “ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു. ഇപ്പോൾ ഈ ലോകത്തിന്റെ അധിപതിയെ പുറന്തള്ളും” എന്ന്‌ യേശു പ്രഖ്യാപിക്കുകയുണ്ടായി. (യോഹന്നാൻ 12:31) ഉടൻതന്നെ, ലോകകാര്യങ്ങളിൽ സാത്താന്റെ സ്വാധീനം ഇല്ലാതാക്കിക്കൊണ്ട്‌ യേശു ‘അവന്റെ പ്രവൃത്തികളെ തകർക്കും.’ (1 യോഹന്നാൻ 3:8) പിശാചിന്റെ മനോഭാവങ്ങളായ അത്യാഗ്രഹവും അഴിമതിയും സ്വാർഥതയും ഇല്ലാതാകുമ്പോൾ എത്ര വ്യത്യസ്‌തമായിരിക്കും ഈ ലോകം! (g11-E 07)

[9-ാം പേജിലെ ചതുരം]

 “ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക?”

“ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുകയെന്നും നിന്റെ സാന്നിധ്യത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാളം എന്തായിരിക്കുമെന്നും” ശിഷ്യന്മാർ ഒരിക്കൽ യേശുവിനോട്‌ ചോദിച്ചു. (മത്തായി 24:3) ദുരിതങ്ങൾക്ക്‌ അറുതിവരുത്താനുള്ള ദൈവത്തിന്റെ സമയം ആഗതമാകുമ്പോൾ എന്തെല്ലാം സംഭവിക്കുമെന്ന്‌ യേശു നൽകിയ മറുപടി വ്യക്തമാക്കി. മാത്രമല്ല അവന്റെ മരണശേഷം രേഖപ്പെടുത്തപ്പെട്ട നിശ്വസ്‌ത തിരുവെഴുത്തുകളും അക്കാര്യം വിശദീകരിക്കുന്നു. * ലോകത്തിലെ അവസ്ഥകളും ആളുകളുടെ ചിന്താഗതിയും ബൈബിൾ പ്രവചനങ്ങളുമായി ഒത്തുപോകുന്നത്‌ എങ്ങനെയെന്ന്‌ നോക്കുക.

● ആഗോള യുദ്ധംമത്തായി 24:7; വെളിപാട്‌ 6:4.

● ഭക്ഷ്യക്ഷാമങ്ങളും മഹാവ്യാധികളും ലൂക്കോസ്‌ 21:11; വെളിപാട്‌ 6:5-8.

● ഭൂമിയെ നശിപ്പിക്കുന്നവർവെളിപാട്‌ 11:18.

● ‘ധനമോഹികൾ’2 തിമൊഥെയൊസ്‌ 3:2.

● ‘മാതാപിതാക്കളെ അനുസരിക്കാത്തവർ’2 തിമൊഥെയൊസ്‌ 3:2.

● ‘ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളെ പ്രിയപ്പെടുന്നവർ’ 2 തിമൊഥെയൊസ്‌ 3:4.

ദുരിതങ്ങളില്ലാത്ത ജീവിതം തൊട്ടുമുന്നിലാണ്‌ എന്ന വസ്‌തുത മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾ ആഗ്രഹിക്കുന്നു. ദയവായി അടുത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. നിങ്ങളുടെ വീട്ടിൽവെച്ചോ അല്ലെങ്കിൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തുവെച്ചോ നിങ്ങളോടൊത്ത്‌ ഒരു സൗജന്യ ബൈബിളധ്യയനം നടത്താൻ അവർക്ക്‌ സന്തോഷമേയുള്ളൂ.

[അടിക്കുറിപ്പ്‌]

^ ഖ. 14 കൂടുതൽ വിവരങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിലെ “നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്തോ?’” എന്ന 9-ാം അധ്യായം കാണുക.