വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങൾ പിരിയണമോ?

ഞങ്ങൾ പിരിയണമോ?

യുവജനങ്ങൾ ചോദിക്കുന്നു

ഞങ്ങൾ പിരിയണമോ?

“വെറും മൂന്നുമാസം പ്രണയിച്ചുകഴിഞ്ഞപ്പോഴേക്കും എല്ലാംകൊണ്ടും ഞങ്ങൾ തമ്മിൽ ചേരുമെന്ന്‌ ഞങ്ങൾക്കു തോന്നി. പിന്നെ ഒരുമിച്ചു ജീവിക്കുന്നതിനെക്കുറിച്ചായി സംസാരം. മറിച്ചൊരു ചിന്തയേ ഞങ്ങൾക്കില്ലായിരുന്നു.”​​—⁠ ജെസിക്ക. *

“അവനെ കണ്ടപ്പോൾത്തന്നെ ഞാൻ വീണുപോയി. രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും അവനും എന്നെ ശ്രദ്ധിക്കാൻതുടങ്ങി. എന്റെ കാര്യങ്ങളൊക്കെ നോക്കുന്ന, എന്നെക്കാൾ പ്രായമുള്ള ഒരു ബോയ്‌ഫ്രണ്ട്‌ എന്തുകൊണ്ടും നല്ലതായിരിക്കുമെന്നു ഞാൻ കരുതി.”​​—⁠ കാരൾ.

ജെസിക്കയും കാരളും പിന്നീട്‌ തങ്ങളുടെ പ്രണയബന്ധം അവസാനിപ്പിച്ചു. എന്തുകൊണ്ടായിരിക്കാം? അവർ കാണിച്ചത്‌ ബുദ്ധിശൂന്യതയായിരുന്നോ?

നിങ്ങൾ ഒരുവർഷത്തോളമായി പ്രണയത്തിലാണ്‌. തുടക്കത്തിൽ, ‘എനിക്കു പറ്റിയ ആൾ ഇതുതന്നെ’ എന്ന്‌ നിങ്ങൾ കരുതിയിരിക്കാം.  * പ്രണയം മൊട്ടിട്ട നാളുകളിൽ നിങ്ങൾക്കുണ്ടായ മധുരതരമായ അതേ വികാരങ്ങൾ ഇടയ്‌ക്കൊക്കെ ഇപ്പോഴും നിങ്ങളുടെ ഹൃദയത്തെ തരളിതമാക്കാറുണ്ട്‌. എന്നിരുന്നാലും ഈ ബന്ധം തുടരണമോ വേണ്ടയോ എന്ന ധർമസങ്കടത്തിലാണ്‌ നിങ്ങളിപ്പോൾ. മനസ്സിൽ നടക്കുന്ന വടംവലിയെ അവഗണിച്ച്‌ ഈ ബന്ധവുമായി മുന്നോട്ടുപോകണമോ? എങ്ങനെ ഒരു തീരുമാനത്തിലെത്താം?

ആദ്യംതന്നെ ഒരു സത്യം നിങ്ങൾ അംഗീകരിച്ചേ മതിയാകൂ: പ്രണയബന്ധത്തിലെ അപായ സൂചനകൾ കണ്ടില്ലെന്നു നടിക്കുന്നത്‌ കാറിന്റെ ഡാഷ്‌ബോർഡിലെ അപായ സൂചനകൾ അവഗണിക്കുന്നതുപോലെ ആയിരിക്കും. അങ്ങനെ ചെയ്യുന്നതുകൊണ്ട്‌ പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല, വഷളാവുകയേ ഉള്ളൂ. ഗൗരവമായെടുക്കേണ്ട അപായ സൂചനകൾ ഏതൊക്കെയാണ്‌?

പ്രണയം റോക്കറ്റ്‌ വേഗത്തിലാണെങ്കിൽ. ഇതാണ്‌ സാഹചര്യമെങ്കിൽ പ്രശ്‌നങ്ങൾ ഉടലെടുക്കാവുന്നതാണ്‌. “ഇ-മെയിൽ അയയ്‌ക്കലും ഓൺലൈൻ ചാറ്റിങ്ങും ഫോൺചെയ്യലുമൊക്കെ ഉണ്ടായിരുന്നു ഞങ്ങൾ തമ്മിൽ. ഈ രീതികളിലൂടെ ബന്ധപ്പെടുമ്പോൾ മുഖാമുഖം സംസാരിക്കുന്നതിനെക്കാൾ വേഗത്തിൽ തമ്മിലടുക്കും.” കാരൾ തന്റെ അനുഭവം അനുസ്‌മരിച്ചുകൊണ്ട്‌ പറയുന്നു. എന്നാൽ പരസ്‌പരം അടുത്തറിയാനുള്ള അവസരം നഷ്ടപ്പെടുത്തരുത്‌. പെട്ടെന്നു മുളച്ചുപൊങ്ങി വാടിപ്പോകുന്ന പാഴ്‌പ്പുല്ലുപോലെയാകരുത്‌ നിങ്ങളുടെ ബന്ധം. മറിച്ച്‌, സാവധാനത്തിൽ വളർന്ന്‌ പടർന്നുപന്തലിക്കുന്ന കരുത്തുറ്റ ഒരു വൃക്ഷംപോലെയായിരിക്കണം അത്‌.

ബോയ്‌ഫ്രണ്ട്‌ എപ്പോഴും നിങ്ങളെ വിമർശിക്കുകയും തരംതാഴ്‌ത്തുകയും ചെയ്യുന്നെങ്കിൽ. “അവസരം കിട്ടുമ്പോഴെല്ലാം അവൻ എന്നെ ഇടിച്ചുതാഴ്‌ത്തുമായിരുന്നു. എന്നാലും എപ്പോഴും അവനോടൊപ്പം ആയിരിക്കാനായിരുന്നു എനിക്കിഷ്ടം,” അന്ന പറയുന്നു. അവൾ കൂട്ടിച്ചേർക്കുന്നു: “പല കാര്യങ്ങളിലും ഞാൻ താഴ്‌ന്നുകൊടുത്തു. വാസ്‌തവത്തിൽ എനിക്ക്‌ അങ്ങനെ ഒരു സ്വഭാവമേ ഇല്ലാത്തതാണ്‌.” ദുഷിച്ച സംസാരത്തെ ബൈബിൾ കുറ്റംവിധിക്കുന്നു. (എഫെസ്യർ 4:31) പരസ്‌പരം സ്‌നേഹിക്കുന്നവർ ഒരിക്കലും ഇടിച്ചുതാഴ്‌ത്തുന്നവിധത്തിൽ സംസാരിക്കില്ല.​—⁠സദൃശവാക്യങ്ങൾ 12:⁠18.

ബോയ്‌ഫ്രണ്ട്‌ പെട്ടെന്ന്‌ പൊട്ടിത്തെറിക്കുന്ന ഒരാളാണെങ്കിൽ. “അക്ഷോഭ്യനായവൻ വിവേകിയാണ്‌” എന്ന്‌ ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 17:​27, ഓശാന ബൈബിൾ) തന്റെ ബോയ്‌ഫ്രണ്ടിന്‌ ഈ പ്രശ്‌നം ഉണ്ടായിരുന്നതായി എറിൻ പറയുന്നു. “വഴക്കുണ്ടാകുമ്പോൾ അവൻ എന്നെ പിടിച്ചുതള്ളുകയും മറ്റും ചെയ്യുമായിരുന്നു. പലപ്പോഴും എനിക്ക്‌ പരിക്കുപറ്റിയിട്ടുണ്ട്‌.” എന്നാൽ ബൈബിൾ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുന്നത്‌, “എല്ലാ കൈപ്പും കോപവും ക്രോധവും . . . നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ” എന്നാണ്‌. (എഫെസ്യർ 4:31) ദേഷ്യം അടക്കാൻ കഴിയാത്ത ഒരു വ്യക്തിയുമായുള്ള പ്രണയബന്ധം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയേ ഉള്ളൂ.​—⁠2 തിമൊഥെയൊസ്‌ 3:​1, 3, 5.

പ്രണയം രഹസ്യമാക്കിവെക്കാനാണ്‌ ബോയ്‌ഫ്രണ്ട്‌ ആഗ്രഹിക്കുന്നതെങ്കിൽ. “ഞങ്ങൾ പ്രണയത്തിലാണെന്ന കാര്യം പുറത്തറിയുന്നത്‌ അവന്‌ ഇഷ്ടമേ അല്ലായിരുന്നു. ഇക്കാര്യം എന്റെ ഡാഡി അറിഞ്ഞതുപോലും അവനു സഹിച്ചില്ല,” ആഞ്ചല ഓർക്കുന്നു. കുറച്ചൊക്കെ സ്വകാര്യത കമിതാക്കൾ ആഗ്രഹിക്കുന്നത്‌ സ്വാഭാവികം. പക്ഷേ നിങ്ങളുടെ ബന്ധത്തെക്കുറിച്ച്‌ അറിയാൻ അർഹതയുള്ളവരിൽനിന്ന്‌ അത്‌ മനപ്പൂർവം മറച്ചുവെക്കുന്നത്‌ നിങ്ങളെ പ്രശ്‌നത്തിൽക്കൊണ്ടു ചാടിക്കും.

ബോയ്‌ഫ്രണ്ടിന്‌ വിവാഹത്തിനു താത്‌പര്യമില്ലെങ്കിൽ. ക്രിസ്‌ത്യാനികൾക്കിടയിൽ പ്രണയബന്ധത്തിന്‌ മാന്യമായ ഒരു ഉദ്ദേശ്യമുണ്ടായിരിക്കണം​—⁠പരസ്‌പരം അടുത്തറിഞ്ഞ്‌ വിവാഹിതരാകുക. പ്രണയിച്ചുതുടങ്ങുമ്പോൾത്തന്നെ വിവാഹത്തിനുവേണ്ട ആസൂത്രണങ്ങൾ ചെയ്യണമെന്ന്‌ അതിനർഥമില്ല. എന്നാൽ, വിവാഹം കൈവരുത്തുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ഒരു വ്യക്തി തയ്യാറായിട്ടില്ലെങ്കിൽ പ്രണയബന്ധത്തിൽ അകപ്പെടാതിരിക്കുന്നതാണു നല്ലത്‌.

തെറ്റിപ്പിരിയുന്നത്‌ ഒരു സ്ഥിരംസംഭവമാണെങ്കിൽ. “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 17:17 പറയുന്നു. എല്ലാ കാര്യത്തിലും നിങ്ങൾക്ക്‌ ഒരേ അഭിപ്രായം ഉണ്ടായിരിക്കണമെന്നില്ല. പക്ഷേ തെറ്റിപ്പിരിയൽ ഒരു സ്ഥിരംസംഭവമായിട്ടുണ്ടെങ്കിൽ അതു സൂചിപ്പിക്കുന്നത്‌ ഗുരുതരമായ എന്തോ തകരാറ്‌ നിങ്ങളുടെ ബന്ധത്തിന്‌ ഉണ്ടെന്നായിരിക്കാം. അന്നയുടെ കാര്യത്തിൽ സംഭവിച്ചത്‌ അതാണ്‌. “പല പ്രാവശ്യം ഞങ്ങൾ തെറ്റിപ്പിരിഞ്ഞിട്ടുണ്ട്‌. അപ്പോഴൊക്കെ എന്റെ മനസ്സ്‌ വല്ലാതെ വേദനിച്ചിരുന്നു. ബന്ധം പൂർവസ്ഥിതിയിലാക്കാൻ ഓരോ പ്രാവശ്യവും ഞാൻ ശ്രമിക്കുമായിരുന്നു. ഇപ്പോൾ തോന്നുന്നു അതു വേണ്ടിയിരുന്നില്ലെന്ന്‌.”

നിങ്ങളെ സെക്‌സിനു നിർബന്ധിക്കുന്നെങ്കിൽ. “എന്നോടു സ്‌നേഹമുണ്ടെങ്കിൽ നീ സമ്മതിക്കും.” “നമ്മൾ ഇങ്ങനെ വെറുതേ പ്രേമിച്ചതുകൊണ്ടായില്ല.” “സെക്‌സില്ലെങ്കിൽ എന്ത്‌ പ്രണയം?” സെക്‌സിലേക്കു പെൺകുട്ടികളെ വലിച്ചിഴയ്‌ക്കാൻ ആൺകുട്ടികൾ ഇങ്ങനെയുള്ള അടവുകൾ പ്രയോഗിക്കാറുണ്ട്‌. ‘ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമലമാകുന്നു’ എന്ന്‌ യാക്കോബ്‌ 3:17 പറയുന്നു. ധാർമികശുദ്ധിയുള്ള, നിങ്ങളുടെ ചാരിത്രശുദ്ധിയെ ആദരിക്കുന്ന ഒരു ബോയ്‌ഫ്രണ്ടിനെയല്ലേ നിങ്ങൾ ഇഷ്ടപ്പെടുക? അതുകൊണ്ട്‌ ഒരു സമ്മർദതന്ത്രത്തിനും വഴിപ്പെടാതിരിക്കുക.

മറ്റുള്ളവർ നിങ്ങളുടെ ബോയ്‌ഫ്രണ്ടിനെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നെങ്കിൽ. “സദുപദേശമില്ലെങ്കിൽ പദ്ധതികൾ പാളിപ്പോകും; വേണ്ടത്ര ഉപദേഷ്ടാക്കളുള്ളപ്പോൾ അവ വിജയിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 15:​22, പി.ഒ.സി. ബൈബിൾ) “‘ഈ ബന്ധം ശരിയാവില്ല’ എന്ന്‌ മനസ്സു പറയുമ്പോൾ നമുക്കത്‌ അവഗണിക്കാനാവില്ല. അതുപോലെതന്നെയാണ്‌ നമ്മുടെ വീട്ടുകാരും ഉറ്റ സുഹൃത്തുക്കളും എന്തെങ്കിലും പറയുമ്പോഴും. നമ്മളത്‌ കേട്ടില്ലെന്നു നടിക്കരുത്‌,” ജെസിക്ക പറയുന്നു. “മറ്റുള്ളവർ പറയുന്നതിന്‌ ചെവികൊടുക്കാതിരിക്കുമ്പോൾ നിങ്ങൾ നിങ്ങൾക്കുതന്നെ കൂടുതൽ കുഴപ്പങ്ങൾ വരുത്തിവെക്കുകയാണ്‌.”

നിങ്ങളുടെ ബന്ധം കുഴപ്പത്തിലാണോയെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഏതാനും അപായ സൂചനകളാണ്‌ മുകളിൽ പറഞ്ഞത്‌. * മേൽപ്പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ നിങ്ങൾ ബോയ്‌ഫ്രണ്ടിനെ എങ്ങനെ വിലയിരുത്തും? നിങ്ങളുടെ മനസ്സിൽ തോന്നുന്നത്‌ താഴെ എഴുതുക.

.....

എങ്ങനെ അവസാനിപ്പിക്കാം?

വേർപിരിയാനാണ്‌ നിങ്ങളുടെ തീരുമാനമെന്നിരിക്കട്ടെ. എങ്ങനെയാണ്‌ ആ ബന്ധം അവസാനിപ്പിക്കേണ്ടത്‌? പല മാർഗങ്ങളുണ്ട്‌; എന്നിരുന്നാലും പിൻവരുന്ന കാര്യങ്ങൾ മനസ്സിൽപ്പിടിക്കുക:

ധൈര്യം കാണിക്കുക. “അവനില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കാൻ എനിക്കു കഴിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അവനെ പിരിയാൻ എനിക്കു പേടിയായിരുന്നു,” ട്രിന പറയുന്നു. പ്രണയബന്ധത്തിനു വിരാമമിടാൻ ആഗ്രഹിക്കുന്നെങ്കിൽ അതു തുറന്നുപറയാനുള്ള ധൈര്യം വേണം. നിങ്ങളുടെ നിലപാട്‌ വ്യക്തമാക്കുന്നത്‌ നിങ്ങൾക്കു ഗുണമേ ചെയ്യൂ. (സദൃശവാക്യങ്ങൾ 22:⁠3) ഇപ്പോഴായാലും വിവാഹത്തിനുശേഷമായാലും നിങ്ങൾക്ക്‌ അംഗീകരിച്ചുകൊടുക്കാനാവാത്ത കാര്യങ്ങൾ എന്താണെന്നു വ്യക്തമാക്കാൻ ഇത്‌ അവസരം നൽകും.

മാന്യത കാണിക്കുക. മറ്റേ വ്യക്തിയുടെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ നിങ്ങൾ എന്തായിരിക്കും പ്രതീക്ഷിക്കുക? (മത്തായി 7:12) ഒരു ഇ-മെയിലിലൂടെയോ എസ്‌എംഎസ്സ്‌-ലൂടെയോ, “നമുക്കു പിരിയാം” എന്ന്‌ പറഞ്ഞ്‌ നിങ്ങളുടെ ബോയ്‌ഫ്രണ്ട്‌ ലാഘവത്തോടെ ബന്ധം അവസാനിപ്പിക്കുന്നെങ്കിൽ നിങ്ങൾക്കെന്തു തോന്നും?

ഉചിതമായ ഒരിടം തിരഞ്ഞെടുക്കുക. എങ്ങനെയാണ്‌ ഈ വിഷയം അവതരിപ്പിക്കേണ്ടത്‌? നിങ്ങൾ മുഖാമുഖം സംസാരിക്കണമോ ഫോണിലൂടെ സംസാരിക്കണമോ അതുമല്ല, കത്തയയ്‌ക്കണമോ? അത്‌ സാഹചര്യത്തെ ആശ്രയിച്ചിരിക്കും. മുഖാമുഖം സംസാരിക്കാനാണു തീരുമാനിക്കുന്നതെങ്കിൽ, നിങ്ങൾ സുരക്ഷിതയായിരിക്കുമെന്ന്‌ ഉറപ്പുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങൾ രണ്ടുപേരും തനിച്ചായിരിക്കുന്നത്‌ അനുചിതമായ വികാരങ്ങൾ ഉണർത്തിയേക്കാം എന്നതിനാൽ അത്തരം സാഹചര്യങ്ങളും ഒഴിവാക്കുക.​—⁠1 തെസ്സലൊനീക്യർ 4:⁠3.

സത്യസന്ധമായി സംസാരിക്കുക. ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കാത്തതിന്റെ കാരണം തുറന്നുപറയുക. ബോയ്‌ഫ്രണ്ടിന്റെ അനുചിതമായ പെരുമാറ്റമാണ്‌ കാരണമെങ്കിൽ അതു പറയുക. മറ്റേയാളെ കുറ്റപ്പെടുത്താതെതന്നെ നിങ്ങൾക്ക്‌ എന്തു തോന്നുന്നു എന്നു വെളിപ്പെടുത്തുക. ഉദാഹരണത്തിന്‌, “നീ എന്നെ എപ്പോഴും തരംതാഴ്‌ത്തുന്നു” എന്നു പറയുന്നതിനുപകരം, “നീ അങ്ങനെ പറയുമ്പോൾ എന്നെ തരംതാഴ്‌ത്തുന്നതായിട്ടാണ്‌ എനിക്കു തോന്നുന്നത്‌” എന്നു പറയുക.

ശ്രദ്ധിക്കാൻ മനസ്സുകാണിക്കുക. തെറ്റിദ്ധാരണയാണോ പ്രശ്‌നങ്ങൾക്കു കാരണം? ന്യായബോധത്തോടെ ചിന്തിക്കാനും എല്ലാ വസ്‌തുതകളും കണക്കിലെടുക്കാനും ശ്രമിക്കുക. “കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവരായിരിക്കാനാണ്‌ ബൈബിൾ ക്രിസ്‌ത്യാനികളെ ഉപദേശിക്കുന്നത്‌. (യാക്കോബ്‌ 1:19) എന്നാൽ കൗശലവാക്കുകൾ പറഞ്ഞ്‌ നിങ്ങളെ കബളിപ്പിക്കാനാണ്‌ ശ്രമമെങ്കിൽ അതിനു വഴിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 3 പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.

^ ഖ. 6 ഒരു പെൺകുട്ടിയുടെ വീക്ഷണത്തിൽനിന്നുകൊണ്ടാണ്‌ ഈ ലേഖനം തയ്യാർ ചെയ്‌തിരിക്കുന്നതെങ്കിലും ഇതിലെ തത്ത്വങ്ങൾ ഇരുകൂട്ടർക്കും പ്രയോജനം ചെയ്യും.

^ ഖ. 16 കൂടുതൽ വിവരങ്ങൾക്ക്‌ 2007 മേയ്‌ ലക്കം ഉണരുക!-യുടെ 18-20 പേജുകൾ കാണുക.

ചിന്തിക്കാൻ:

▪ പ്രണയിക്കുന്ന വ്യക്തിക്ക്‌ ഉണ്ടായിരിക്കണമെന്നു നിങ്ങൾ കരുതുന്ന ഗുണങ്ങൾ ഏതെല്ലാം? .....

▪ഉണ്ടായിരിക്കരുതെന്ന്‌ നിങ്ങൾ കരുതുന്ന സ്വഭാവങ്ങൾ ഏതെല്ലാം? .....

[31-ാം പേജിലെ ചതുരം]

നിങ്ങൾ പ്രണയിക്കുന്ന വ്യക്തി . . .

❑ നിങ്ങളുടെ അതേ ആത്മീയമൂല്യങ്ങൾ ഉള്ളവനായിരിക്കണം.​—⁠1 കൊരിന്ത്യർ 7:⁠39.

❑ ധാർമിക കാര്യങ്ങളിൽ നിങ്ങൾ വെക്കുന്ന അതിർവരമ്പുകളെ മാനിക്കുന്നവനായിരിക്കണം.​—⁠1 കൊരിന്ത്യർ 6:⁠18.

❑ നിങ്ങളോടും മറ്റുള്ളവരോടും പരിഗണന ഉള്ളവനായിരിക്കണം.​—⁠ഫിലിപ്പിയർ 2:⁠4.

❑ സത്‌പേരുള്ളവനായിരിക്കണം.​—⁠ഫിലിപ്പിയർ 2:⁠20.

[31-ാം പേജിലെ ചതുരം]

ബോയ്‌ഫ്രണ്ടിന്‌ പിൻവരുന്ന സ്വഭാവമുണ്ടെങ്കിൽ സൂക്ഷിക്കുക!

❑ കടുംപിടുത്തക്കാരനാണെങ്കിൽ

❑ നിങ്ങളെ എപ്പോഴും കുറ്റപ്പെടുത്തുകയും തരംതാഴ്‌ത്തുകയും ചെയ്യുന്നെങ്കിൽ

❑ നിങ്ങളുടെ വീട്ടുകാരിൽനിന്നും കൂട്ടുകാരിൽനിന്നും നിങ്ങളെ അകറ്റിനിറുത്താൻ ശ്രമിക്കുന്നെങ്കിൽ

❑ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യമായി തലയിടുന്നെങ്കിൽ

❑ യാതൊരു അടിസ്ഥാനവുമില്ലാതെ നിങ്ങളെ സംശയിക്കുന്നെങ്കിൽ

❑ ഭീഷണി മുഴക്കാറുണ്ടെങ്കിൽ

[30-ാം പേജിലെ ചിത്രം]

നിങ്ങളുടെ പ്രണയബന്ധത്തിലെ അപായ സൂചനകൾ കണ്ടില്ലെന്നു നടിക്കുന്നത്‌ കാറിന്റെ ഡാഷ്‌ബോർഡിലെ അപായ സൂചനകൾ അവഗണിക്കുന്നതുപോലെ ആയിരിക്കും

CHECK OIL