ഷാർക്‌ ബേ ആഴിയിലെ അത്ഭുതം

ഷാർക്‌ ബേ ആഴിയിലെ അത്ഭുതം

ഷാർക്‌ ബേ ആഴിയിലെ അത്ഭുതം

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

ഓസ്‌ട്രേലിയയുടെ പടിഞ്ഞാറേ അറ്റത്ത്‌ പെർത്ത്‌ നഗരത്തിന്‌ ഏകദേശം 650 കിലോമീറ്റർ വടക്കാണ്‌ വിശാലമായ, ആഴംകുറഞ്ഞ ഷാർക്‌ ബേ. 1629-ൽ ഡച്ച്‌ പര്യവേക്ഷകനായ ഫ്രാങ്‌സ്വാ പെൽസാർട്ട്‌ ഈ സ്ഥലത്തെ “പച്ചപ്പു തൊട്ടുതീണ്ടിയിട്ടില്ലാത്ത ശപിക്കപ്പെട്ട തരിശുഭൂമി” എന്നാണു വിശേഷിപ്പിച്ചത്‌. പിൽക്കാലത്ത്‌ ഇവിടം സന്ദർശിച്ചവരുടെ വികാരങ്ങൾക്ക്‌ വാക്കുകളുടെ രൂപം കൈവന്നപ്പോൾ ഈ ഉൾക്കടലിന്‌ നിരാശാതീരം, പാഴ്‌ ഉൾക്കടൽ, നിരുത്സാഹവലയം എന്നീ പേരുകൾ വീണു.

ഇന്ന്‌ പക്ഷേ 1,20,000-ത്തിലധികം ആളുകളാണ്‌ വർഷംതോറും ഷാർക്‌ ബേയിലേക്കു പ്രവഹിക്കുന്നത്‌. 1991-ൽ ഇത്‌ ലോകപൈതൃകപ്പട്ടികയിൽ സ്ഥാനംപിടിച്ചു; അത്രയ്‌ക്ക്‌ ആകർഷകമാണിത്‌. *

ജീവൻ തുടിക്കുന്ന പുൽത്തകിടികൾ

വെള്ളത്തിനടിയിലേക്കു നോക്കാൻ പെൽസാർട്ട്‌ മനസ്സുവെച്ചിരുന്നെങ്കിൽ പുൽത്തകിടികളുടെ ഒരു അത്ഭുതലോകം അദ്ദേഹത്തിന്റെ കണ്ണുകൾക്ക്‌ വിരുന്നൊരുക്കുമായിരുന്നു; കാരണം ലോകത്തിലെതന്നെ ഏറ്റവും വലിയതും വൈവിധ്യമേറിയതുമായ സമുദ്ര പുൽത്തകിടി ഷാർക്‌ ബേയ്‌ക്കു സ്വന്തമാണ്‌. ഇതിന്റെ മൊത്തം വിസ്‌തീർണം 4,000 ചതുരശ്ര കിലോമീറ്റർ വരും. ഷാർക്‌ ബേയുടെ കിഴക്കുഭാഗം പുൽകിക്കിടക്കുന്ന വുറമെൽ പുൽത്തകിടി മാത്രം 130 കിലോമീറ്റർ വരും.

ഈ കടൽപുല്ലുകൾ യഥാർഥത്തിൽ പൂച്ചെടികളാണ്‌; കടലിലെ എണ്ണിയാലൊടുങ്ങാത്ത ജീവിതങ്ങൾ ഇവയെ ആശ്രയിച്ചാണിരിക്കുന്നത്‌. കൊച്ചുചെമ്മീനുകളും ചെറുമത്സ്യങ്ങളും മറ്റനേകം കടൽജീവികളും ഈ സസ്യസങ്കേതത്തിൽ വസിക്കുന്നു. പതിനായിരത്തോളം വരുന്ന ഡൂഗോങ്ങുകളെയും (കടൽപ്പശുവിന്റെ വർഗത്തിൽപ്പെട്ട ഒരു ജീവി) ഈ പുൽത്തകിടികൾ പരിപോഷിപ്പിക്കുന്നു. അന്വേഷണകുതുകികളും ശാന്തപ്രകൃതരുമായ ഈ സസ്‌തനങ്ങൾ 400 കിലോവരെ തൂക്കം വെക്കും; ആഴിക്കടിയിലെ വിശാലമായ മേച്ചിൽപ്പുറങ്ങളിൽ നിശ്ശബ്ദം മേയുന്ന ഇവർ ചിലപ്പോൾ നൂറിലധികം വരുന്ന കൂട്ടങ്ങളായാണ്‌ എത്തുന്നത്‌. ലോകത്തിലെ ഡൂഗോങ്ങുകളുടെ ഭൂരിഭാഗവും വടക്കൻ ഓസ്‌ട്രേലിയയിൽ, അതായത്‌ പടിഞ്ഞാറ്‌ ഷാർക്‌ ബേ മുതൽ കിഴക്ക്‌ മോർട്ടൻ ബേ വരെയുള്ള മേഖലയിലാണ്‌ അധിവസിക്കുന്നത്‌. *

ഒരു ഡസനിലധികം സ്‌പീഷീസിൽപ്പെട്ട സ്രാവുകളുടെ (shark) കേളീരംഗമാണ്‌ ഷാർക്‌ ബേ. വെറുതെയല്ല, ഈ പ്രദേശത്തിന്‌ ആ പേരു വീണത്‌. കടുവാ സ്രാവുകൾ, മത്സ്യലോകത്തെ അതികായരെങ്കിലും നിരുപദ്രവകാരികളായ തിമിംഗില സ്രാവുകൾ എന്നിവയൊക്കെ ഇതിൽപ്പെടും. ഡോൾഫിൻ ഉള്ളിടത്ത്‌ സ്രാവുകൾ ഉണ്ടാവില്ല എന്ന അബദ്ധധാരണ പൊളിച്ചെഴുതിക്കൊണ്ട്‌ ഡോൾഫിനുകളും സ്രാവുകളും ഒരുമിച്ചു വസിക്കുന്നു ഇവിടെ. ഡോൾഫിനുകളുടെ ഏതാണ്ട്‌ 70 ശതമാനവും സ്രാവാക്രമണത്തിന്റെ മുറിപ്പാടുകളുമായി കഴിയുന്നുവെന്നാണ്‌ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്‌. വാർഷിക ദേശാടനത്തിനിടെ ഇവിടെ തങ്ങുന്ന ആയിരക്കണക്കിന്‌ കൂനൻ തിമിംഗിലങ്ങളും (humpback whales) തീരത്തു മുട്ടയിടാനായി വർഷംതോറും ഇവിടെയെത്തുന്ന അത്രയുംതന്നെ കടലാമകളും ഇവിടത്തെ വൈവിധ്യമാർന്ന ജന്തുജാലത്തിൽപ്പെടുന്നു.

ശരിക്കും പാറകൾ തന്നെയോ?

ഷാർക്‌ ബേയുടെ മറ്റു ഭാഗങ്ങൾപോലെയല്ല തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഹാമെലിൻ പൂൾ. ജീവന്റെ തുടിപ്പുകളേതുമില്ലാതെ തരിശായിക്കിടക്കുകയാണ്‌ ഇവിടം. ഉയർന്ന ബാഷ്‌പീകരണ നിരക്കു നിമിത്തം ഇവിടത്തെ വെള്ളത്തിന്‌ സാധാരണ കടൽവെള്ളത്തിന്റെ ഇരട്ടി ഉപ്പുരസമുണ്ട്‌. ദൂരെ നിന്നു നോക്കിയാൽ ഇരുണ്ട ചാരനിറത്തിലുള്ള പാറക്കെട്ടുകൾ വെള്ളത്തിന്‌ അതിർത്തി ചമയ്‌ക്കുന്നതായി തോന്നും. എന്നാൽ അടുത്തുചെന്നു നോക്കിയാൽ ഈ “പാറകൾ” പാറകളേ അല്ലെന്നു മനസ്സിലാകും. സയനോബാക്ടീരിയ അഥവാ ബ്ലൂ-ഗ്രീൻ ആൽഗ എന്ന ഏകകോശജീവികൾ ചേർന്നുണ്ടാക്കുന്ന സ്‌ട്രോമാറ്റോലൈറ്റ്‌ ആണത്‌. ഒരു ചതുരശ്രമീറ്ററിൽ ഏകദേശം മുന്നൂറ്‌ കോടി സയനോബാക്ടീരിയകൾ കാണും!

കരുത്തരായ ഈ സൂക്ഷ്‌മജീവികൾ, ശരീരത്തിൽനിന്നു സ്രവിക്കുന്ന പശപോലുള്ള ശ്ലേഷ്‌മത്തെ കടൽവെള്ളത്തിലെ അവക്ഷിപ്‌തങ്ങളുമായി കൂട്ടിച്ചേർക്കുമ്പോൾ സിമന്റുപോലുള്ള ഒരു പദാർഥം രൂപംകൊള്ളുന്നു. ഇത്തരം സിമന്റുപാളികൾ ഇവർ തങ്ങളുടെ പാറവീടിനുമേൽ അടുക്കിവെക്കുന്നു. വളരെ സാവധാനത്തിലാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. എന്നുവെച്ചാൽ, സ്‌ട്രോമാറ്റോലൈറ്റ്‌ 30 സെന്റിമീറ്റർ ഉയരത്തിൽ എത്തുന്നതിന്‌ ഏകദേശം 1,000 വർഷമെടുക്കും!

ലോകത്തിലെ ഏറ്റവും സമൃദ്ധവും വൈവിധ്യമാർന്നതുമായ സ്‌ട്രോമാറ്റോലൈറ്റുകൾ ഹാമെലിൻ പൂളിനു സ്വന്തമാണ്‌. എന്തിനധികം പറയുന്നു, സ്‌ട്രോമാറ്റോലൈറ്റുകളുടെ ശേഷിക്കുന്ന അഭയകേന്ദ്രങ്ങളിൽ ഒന്നാണത്‌.

ഷാർക്‌ ബേയിലെ സൂപ്പർസ്റ്റാറുകൾ

ഡെനം ഉപദ്വീപിന്റെ തീരത്തോടു ചേർന്നുകിടക്കുന്ന മങ്കിമയ നിവാസികളായ ബോട്ട്‌ൽ-നോസ്‌ഡ്‌ ഡോൾഫിനുകളാണ്‌ ഷാർക്‌ ബേയിലെ താരങ്ങൾ. ഡോൾഫിനുകൾ ദിവസവും തീരത്തുവന്ന്‌ മനുഷ്യരുമായി സൗഹൃദം പങ്കിടുന്ന അപൂർവം സ്ഥലങ്ങളിൽ ഒന്നാണ്‌ മങ്കിമയ. എന്നുമുതലാണ്‌ ഈ ചങ്ങാത്തം തുടങ്ങിയതെന്ന്‌ ആർക്കും നിശ്ചയമില്ല.

ഡോൾഫിനുകൾ ആഴംകുറഞ്ഞ ഭാഗത്തേക്ക്‌ മീനുകളെ ഓടിച്ചുകൊണ്ടുവരാറുണ്ടത്രേ. 1950-കളിലാണ്‌ ഇത്‌ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്‌. ഈ രീതി ഇന്നും തുടരുന്നു. ആളുകൾ ഈ അവസരം മുതലെടുത്ത്‌ ഡോൾഫിനുകളെ തീറ്റുകയും അവയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്‌തിരിക്കാം. വെള്ളം തെറിപ്പിച്ചുകൊണ്ട്‌ തന്റെ ബോട്ടിനുചുറ്റും കറങ്ങിനടന്ന ഏകാകിയായ ഒരു ഡോൾഫിന്‌ സ്ഥലത്തെ ഒരു മീൻകാരി ഒരു മീനിട്ടു കൊടുത്തു, 1964-ലായിരുന്നു സംഭവം. ആളുകൾ ചാർലി എന്നു പേരിട്ട ഈ ഡോൾഫിൻ പിറ്റേ രാത്രി തിരിച്ചുവന്ന്‌ ആ സ്‌ത്രീയുടെ കൈയിൽനിന്ന്‌ നേരിട്ട്‌ ഒരു മീൻ എടുത്തു. പിന്നെ താമസിച്ചില്ല, ചാർലിയുടെ ചങ്ങാതിമാരും അവന്റെ കൂടെക്കൂടി.

അന്നുമുതൽ ഡോൾഫിന്റെ മൂന്നു തലമുറകൾ ലക്ഷക്കണക്കിനു സന്ദർശകരെ പുളകംകൊള്ളിച്ചിട്ടുണ്ട്‌. അവയെക്കുറിച്ച്‌ പഠിക്കാൻ ഗോളമെമ്പാടുനിന്നും എത്തിയ 100-ലേറെ ജീവശാസ്‌ത്രജ്ഞരെയും അവ വിസ്‌മയഭരിതരാക്കിയിട്ടുണ്ട്‌; അങ്ങനെ ലോകത്തിൽ ഏറ്റവും അധികം ഗവേഷണത്തിനു വിധേയമായ ഡോൾഫിനുകളുടെ തലത്തിലേക്ക്‌ ഉയർന്നിരിക്കുന്നു അവ.

ഇന്നിപ്പോൾ മിക്ക ദിവസവും രാവിലെ ഡോൾഫിനുകൾ മങ്കിമയയിലെത്തും, മിക്കവാറും കുഞ്ഞുങ്ങളും കൂടെക്കാണും. സന്ദർശകരുടെ ഒരു കൂട്ടം അവയുടെ വരവും പ്രതീക്ഷിച്ച്‌ അവിടെ കാത്തുനിൽക്കുന്നുണ്ടാകും; പക്ഷേ കുറച്ചുപേർക്കേ അവയെ തീറ്റാൻ അവസരം ലഭിക്കാറുള്ളൂ. കാരണം ഈ ജീവികൾ ആളുകൾ നീട്ടിക്കൊടുക്കുന്ന സൗജന്യ ഭക്ഷണത്തെ ആശ്രയിക്കുന്നത്‌ തടയാനാണ്‌ പാർക്ക്‌ അധികൃതർ ശ്രമിക്കുന്നത്‌. ഡോൾഫിനുകളെ ഊട്ടാൻ അവസരം കിട്ടാത്തവർക്കും എല്ലാം കണ്ട്‌ ആസ്വദിക്കാനുള്ള അവസരമുണ്ട്‌. “ഭൂമിയിലെ എല്ലാ ജീവികളുമായും ഈ സഖിത്വം ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!” എന്ന്‌ ഒരു സ്‌ത്രീ പറയുകയുണ്ടായി.

അത്തരം അഭിലാഷങ്ങളെല്ലാം, മുഴുജീവജാലങ്ങളും പ്രശാന്തതയോടെ മനുഷ്യർക്ക്‌ കീഴ്‌പെട്ടിരിക്കണം എന്ന ദൈവോദ്ദേശ്യത്തെയാണു പ്രതിഫലിപ്പിക്കുന്നത്‌. (ഉല്‌പത്തി 1:28) ജീവികളെ ഇഷ്ടമുള്ള കൂട്ടത്തിലാണോ നിങ്ങൾ? എങ്കിൽ, പാപം നിമിത്തം പാതിവഴി നിന്നുപോയ ദൈവോദ്ദേശ്യം ഒരു യാഥാർഥ്യമാകാൻ പോകുന്നുവെന്നു കേൾക്കുമ്പോൾ നിങ്ങൾക്ക്‌ സന്തോഷം തോന്നും. എപ്പോഴാണെന്നോ? ദൈവരാജ്യം, അതായത്‌ യേശുക്രിസ്‌തു രാജാവായിട്ടുള്ള ഒരു സ്വർഗീയ ഗവൺമെന്റ്‌ ഭൂമിയെ ഭരിക്കുമ്പോൾ.​—⁠മത്തായി 6:9, 10; വെളിപ്പാടു 11:15.

ദൈവരാജ്യ ഭരണത്തിനുകീഴിൽ മുഴുഭൂമിയും ജീവനും ചൈതന്യവും തുടിക്കുന്ന, പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന, പക്ഷിമൃഗാദികൾ സ്വച്ഛന്ദം വിഹരിക്കുന്ന സുന്ദരമായൊരിടമായി മാറും. സന്ദർശകർക്ക്‌ ഇതിലേറെ അത്ഭുതങ്ങൾ കാഴ്‌ചവെച്ചുകൊണ്ട്‌ ഷാർക്‌ ബേ പോലുള്ള സ്ഥലങ്ങൾ അതുല്യമായ ഒരനുഭൂതിയായി മാറുന്ന ആ നല്ല നാളെയിലേക്ക്‌ ഇനി അധിക ദൂരമില്ല.​—⁠സങ്കീർത്തനം 145:16; യെശയ്യാവു 11:6-9.

[അടിക്കുറിപ്പുകൾ]

^ ഖ. 4 ഐക്യരാഷ്‌ട്രങ്ങളുടെ വിദ്യാഭ്യാസ, ശാസ്‌ത്രീയ, സാംസ്‌കാരിക സംഘടന സാംസ്‌കാരികമോ പ്രകൃതിദത്തമോ ആയ അങ്ങേയറ്റം പ്രാധാന്യമുള്ള സ്ഥലങ്ങളെയാണ്‌ അതിന്റെ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്‌.

^ ഖ. 7 മനാറ്റിയുമായി ബന്ധമുണ്ടെങ്കിലും അവ ഒരേ സ്‌പീഷീസിൽപ്പെട്ടവരല്ല. മനാറ്റികൾക്ക്‌ ഉരുണ്ട വാലാണുള്ളത്‌; ഡൂഗോങ്ങിനാണെങ്കിൽ ഡോൾഫിന്റേതുപോലെ കൂർത്തതും.

[15-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഓസ്‌ട്രേലിയ

ഷാർക്‌ ബേ

[16, 17 പേജുകളിലെ ചിത്രം]

മങ്കിമയ ബീച്ച്‌, മുകളിൽനിന്നുള്ള ദൃശ്യം

[16, 17 പേജുകളിലെ ചിത്രം]

ഡൂഗോങ്‌

[കടപ്പാട്‌]

© GBRMPA

[16, 17 പേജുകളിലെ ചിത്രം]

ശതകോടിക്കണക്കിന്‌ സൂക്ഷ്‌മജീവികളുടെ അധ്വാനഫലമാണ്‌ സ്‌ട്രോമാറ്റൊലൈറ്റ്‌

[17-ാം പേജിലെ ചിത്രം]

ദിവസവും മങ്കിമയയിൽ എത്തുന്ന ഡോൾഫിനുകൾ

[15-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© GBRMPA; ഉപഗ്രഹചിത്രം: Jeff Schmaltz, MODIS Rapid Response Team, NASA/GSFC

[17-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

All images, except dugong, supplied courtesy Tourism Western Australia