പ്രായമായവരോട് നാം എങ്ങനെ പെരുമാറണം?
ബൈബിളിന്റെ വീക്ഷണം
പ്രായമായവരോട് നാം എങ്ങനെ പെരുമാറണം?
രണ്ടായിരത്തിമൂന്നിലെ വേനൽക്കാലത്ത് യൂറോപ്പ് ഭൂഖണ്ഡത്തിലുടനീളമായി ആയിരക്കണക്കിനാളുകൾ മരണമടഞ്ഞു. 60 വർഷത്തിനിടയിൽ ആ ഭൂഖണ്ഡത്തിൽ ഉണ്ടായ ഏറ്റവും രൂക്ഷമായ വേനലായിരുന്നു അത്. മരിച്ചവരിൽ മിക്കവരും പ്രായമുള്ളവരായിരുന്നു. അവധിക്കാലം ചെലവഴിക്കാനായി പോയ ബന്ധുക്കൾ തനിച്ചാക്കിയവരായിരുന്നു അവരിൽ ചിലർ. മറ്റു ചിലരാകട്ടെ, അമിതാധ്വാനം നിമിത്തം ക്ഷീണിതരായ ആശുപത്രി-ആതുരാലയ ജീവനക്കാരാൽ അവഗണിക്കപ്പെട്ടു കഴിയുന്നവരും. ലേ പാരിസ്യെൻ എന്ന ദിനപ്പത്രം റിപ്പോർട്ടു ചെയ്തതനുസരിച്ച് പാരീസിൽ മാത്രം, ആരും ഏറ്റെടുക്കാനില്ലാതെ 450 മൃതശരീരങ്ങൾ ഉണ്ടായിരുന്നു. ഉറ്റവരോ ഉടയവരോ അടുത്തില്ലാതെ മരിക്കാനിടയായി, അജ്ഞാത ജഡങ്ങളായി മാറിയ വൃദ്ധജനങ്ങളുടെ സാഹചര്യത്തെ വിശകലനം ചെയ്തുകൊണ്ട് പത്രം ചോദിക്കുന്നു: “മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും മറന്നുപോകത്തക്ക എന്തു സാഹചര്യമാണ് നമുക്കുള്ളത്?”
65-നു മുകളിൽ പ്രായമുള്ളവരുടെ എണ്ണം ലോകമെമ്പാടുമായി ഓരോ മാസവും 7,95,000 എന്ന നിരക്കിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സ്ഥിതിവിശേഷം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ വൃദ്ധജനങ്ങളെ പരിപാലിക്കുന്നത് ഇന്ന് ഏറ്റവുമധികം ഉത്കണ്ഠയ്ക്ക് ഇടയാക്കുന്ന ഒരു സംഗതിയായി മാറിയിരിക്കുന്നു. യു.എസ്. സെൻസസ് ബ്യൂറോയുടെ ജനസംഖ്യാ പദ്ധതികളുടെ അസോസിയേറ്റ് ഡയറക്ടറായ നാൻസി ഗോർഡൻ പറയുന്നു: “ഗോളവ്യാപകമായി, മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ വൃദ്ധരുടെ എണ്ണം വർധിച്ചുവരികയാണ്. ആ സാഹചര്യങ്ങളെയും അതിന്റെ വെല്ലുവിളികളെയും ഓരോ രാജ്യവും എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതിന് നാം അടുത്ത ശ്രദ്ധകൊടുക്കണം.”
നമ്മുടെ സ്രഷ്ടാവും പ്രായമായവരിൽ താത്പര്യമുള്ളവനാണ്. വാസ്തവത്തിൽ, അവരോട് എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച മാർഗനിർദേശം അവന്റെ വചനമായ ബൈബിൾ നമുക്കു നൽകുന്നു.
പ്രായമായവരോടുള്ള ബഹുമാനം
മോശെക്കു നൽകപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം പ്രായമായവരെ ബഹുമാനിക്കാൻ പ്രോത്സാഹിപ്പിച്ചു. ‘നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും വേണം’ എന്ന് അതു പ്രസ്താവിച്ചു. (ലേവ്യപുസ്തകം 19:32) ദൈവത്തിന്റെ അനുസരണമുള്ള ആരാധകർ പ്രായമായവരുടെ മുമ്പാകെ ‘എഴുന്നേല്ക്കാൻ’ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അങ്ങനെ ചെയ്യുന്നത്, (1) പ്രായമായ വ്യക്തിയോടുള്ള ബഹുമാന സൂചകമായും (2) ദൈവത്തിന്റെ ആരാധകർക്ക് അവനോടുള്ള ഭയഭക്തിയുടെ തെളിവായും കണക്കാക്കപ്പെടുമായിരുന്നു. അതേ, പ്രായമായവരെ ആദരിക്കണമായിരുന്നു, അവരെ വിലയേറിയവരായി കണക്കാക്കണമായിരുന്നു.—സദൃശവാക്യങ്ങൾ 16:31; 23:22.
ക്രിസ്ത്യാനികൾ ഇന്ന് മോശൈക നിയമത്തിൻ കീഴിലല്ല. എന്നിരുന്നാലും, അതിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങൾ, യഹോവയുടെ ചിന്തകളെയും അവൻ പ്രാധാന്യം നൽകുന്ന കാര്യങ്ങളെയും കുറിച്ചു വെളിപ്പെടുത്തുന്നു. അവൻ പ്രായമായവർക്ക് ഉയർന്ന മൂല്യം കൽപ്പിക്കുന്നു എന്ന വസ്തുതയ്ക്ക് അവ അടിവരയിടുന്നു. ഒന്നാം നൂറ്റാണ്ടിൽ, ക്രിസ്തീയ സഭയിൽ ഉണ്ടായിരുന്ന അംഗങ്ങൾ അതു മനസ്സിലാക്കിയിരുന്നു. പ്രവൃത്തികളുടെ പുസ്തകത്തിൽ അതിനുള്ള തെളിവ് കാണാം. അന്ന് യെരൂശലേമിലെ ക്രിസ്ത്യാനികളുടെ ഇടയിൽ സഹായം ആവശ്യമുള്ള ഏതാനും വിധവമാർ ഉണ്ടായിരുന്നു. അവരിൽ ചിലർ പ്രായമേറിയവരായിരുന്നു എന്നതിനു സംശയമില്ല. ഈ സ്ത്രീകൾക്ക് ദിവസവും ക്രമമായി ആഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി അപ്പൊസ്തലന്മാർ “നല്ല സാക്ഷ്യമുള്ള” ഏഴുപേരെ തിരഞ്ഞെടുത്ത് നിയമിച്ചു. ഇങ്ങനെ വിശേഷ കരുതൽ പ്രകടമാക്കുന്നത് സഭ അവശ്യം നിർവഹിക്കേണ്ട ഒരു “ചുമതല” (പി.ഒ.സി. ബൈബിൾ) ആയിട്ടാണു വീക്ഷിക്കപ്പെട്ടത്.—പ്രവൃത്തികൾ 6:1-7.
‘നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കുക’ എന്ന കൽപ്പനയിലെ തത്ത്വം അപ്പൊസ്തലനായ പൗലൊസ് ക്രിസ്തീയ സഭകൾക്കു ബാധകമാക്കി. യുവക്രിസ്തീയ മേൽവിചാരകനായ തിമൊഥെയൊസിനോട് അവൻ പറഞ്ഞു: ‘മൂത്തവനെ [പ്രായമായ വ്യക്തിയെ] ഭർത്സിക്കാതെ അപ്പനെപ്പോലെയും മൂത്ത സ്ത്രീകളെ [പ്രായമായ സ്ത്രീകളെ] അമ്മമാരെപ്പോലെയും പ്രബോധിപ്പിക്ക.’ (1 തിമൊഥെയൊസ് 5:1, 2) പ്രായമായ ക്രിസ്ത്യാനികളുടെമേൽ തിമൊഥെയൊസിന് ഒരു പരിധിവരെ അധികാരം ഉണ്ടായിരുന്നെങ്കിലും, അവരെ അവമതിച്ചു സംസാരിക്കരുതെന്ന് അവനോടു പറയുകയുണ്ടായി. മറിച്ച്, അപ്പനെയെന്ന പോലെ ബഹുമാനത്തോടെ ആ വ്യക്തിയെ പ്രബോധിപ്പിക്കണമായിരുന്നു. സമാനമായ വിധത്തിൽ സഭയിലെ പ്രായമേറിയ സ്ത്രീകളെയും ബഹുമാനിക്കേണ്ടിയിരുന്നു. യഥാർഥത്തിൽ, അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ—ഫലത്തിൽ ക്രിസ്തീയ സഭയിലെ എല്ലാ അംഗങ്ങളെയും—‘നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കാൻ’ ഉദ്ബോധിപ്പിക്കുകയായിരുന്നു.
തീർച്ചയായും, ദൈവഭക്തരായ ആളുകൾക്ക് പ്രായമായവരോടു മാന്യതയോടും ബഹുമാനത്തോടും കൂടെ പെരുമാറാൻ നിയമത്തിന്റെ ആവശ്യമില്ല. യോസേഫിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. 130 വയസ്സുണ്ടായിരുന്ന, തന്റെ പ്രായമായ പിതാവ്, യാക്കോബിനെ കടുത്ത ക്ഷാമത്തിൽനിന്നു രക്ഷിച്ച് ഈജിപ്തിലേക്കു കൊണ്ടുവരുന്നതിനായി വേണ്ടതെല്ലാം ചെയ്യാൻ യോസേഫ് സന്നദ്ധനായിരുന്നു. ഇരുപതിലധികം വർഷത്തിനുശേഷം പിതാവിനെ വീണ്ടും കണ്ടപ്പോൾ യോസേഫ് അവനെ “കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.” (ഉല്പത്തി 46:29) പ്രായമായവരോട് അനുകമ്പയോടും ആഴമായ ബഹുമാനത്തോടും കൂടെ ഇടപെടാനുള്ള നിയമം ഇസ്രായേല്യർക്ക് ലഭിക്കുന്നതിന് വളരെ നാൾ മുമ്പുതന്നെ അപ്രകാരം ചെയ്തുകൊണ്ട് യോസേഫ് ദൈവത്തിന്റെ വീക്ഷണം പ്രതിഫലിപ്പിച്ചു.
തന്റെ ശുശ്രൂഷയിലുടനീളം യേശു പ്രായമായവരോടു പരിഗണന കാണിച്ചു. മതപാരമ്പര്യങ്ങളുടെ പേരിൽ മാതാപിതാക്കളെ അവഗണിക്കാൻ ന്യായങ്ങൾ കണ്ടെത്തിയിരുന്ന മതനേതാക്കന്മാരെ അവൻ ശക്തമായി കുറ്റം വിധിച്ചു. (മത്തായി 15:3-9) യേശു സ്വന്തം മാതാവിനോടും സ്നേഹപുരസ്സരമായ പരിഗണന പ്രകടമാക്കി. ദണ്ഡനസ്തംഭത്തിലെ കഠോരവേദനയ്ക്കിടയിലും, തന്റെ പ്രായമായ മാതാവിന്റെ സംരക്ഷണച്ചുമതല പ്രിയപ്പെട്ട അപ്പൊസ്തലനായ യോഹന്നാനെ അവൻ ഏൽപ്പിച്ചു.—യോഹന്നാൻ 19:26, 27.
തന്റെ വിശ്വസ്തരെ ദൈവം ഉപേക്ഷിക്കുകയില്ല
സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രാർഥിച്ചു: “വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.” (സങ്കീർത്തനം 71:9) തങ്ങൾ ഉപയോഗശൂന്യരാണെന്ന് അവർക്കുതന്നെ തോന്നിയാലും ദൈവം തന്റെ വിശ്വസ്തരെ ഉപേക്ഷിക്കുകയില്ല. യഹോവയാൽ ഉപേക്ഷിക്കപ്പെട്ടതായി സങ്കീർത്തനക്കാരനു തോന്നിയില്ല. മറിച്ച്, പ്രായമായപ്പോൾ മുമ്പെന്നത്തെക്കാൾ അധികമായി സ്രഷ്ടാവിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത അവൻ തിരിച്ചറിഞ്ഞു. അത്തരം വിശ്വസ്തത പ്രകടമാക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു, അവരുടെ ജീവിതകാലം മുഴുവൻ സഹായിച്ചുകൊണ്ട് അവൻ അവരെ പിന്തുണയ്ക്കുന്നു. (സങ്കീർത്തനം 18:25) ചില സമയങ്ങളിൽ, അത്തരം പിന്തുണ സഹക്രിസ്ത്യാനികളിലൂടെ ലഭിക്കുന്നു.
മുകളിൽ കണ്ടതനുസരിച്ച്, ദൈവത്തെ ആദരിക്കാൻ ആഗ്രഹിക്കുന്നവർ പ്രായമായവരെയും ബഹുമാനിക്കണം. നമ്മുടെ സ്രഷ്ടാവിന്റെ ദൃഷ്ടിയിൽ അവർ തീർച്ചയായും വിലയേറിയവരാണ്. അവന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവരെന്ന നിലയിൽ നമുക്ക്, പ്രായമായവരോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ അതേ വീക്ഷണം പ്രകടമാക്കാം.—സങ്കീർത്തനം 71:18. (g04 10/8)
[17-ാം പേജിലെ ചിത്രം]
ക്രിസ്ത്യാനികൾ പ്രായമായവരോട് ആദരവോടും ബഹുമാനത്തോടും കൂടെ പെരുമാറുന്നു