ജനസംഖ്യാശാസ്ത്രവും ബൈബിളും ഭാവിയും
ജനസംഖ്യാശാസ്ത്രവും ബൈബിളും ഭാവിയും
സ്വീഡനിലെ ഉണരുക! ലേഖകൻ
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 165 കോടി ആയിരുന്ന മാനവ കുടുംബത്തിലെ അംഗസംഖ്യ 20-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും 600 കോടിയിലേക്ക് കുതിച്ചുയർന്നിരിക്കുന്നു. ലോകജനസംഖ്യയുടെ അമ്പരപ്പിക്കുന്ന ഈ വളർച്ച നിരക്ക് ഇങ്ങനെതന്നെ തുടരുമോ? ഈ സഹസ്രാബ്ദം ഒരു ജനസംഖ്യാസ്ഫോടനത്തിനു സാക്ഷ്യം വഹിക്കുമോ? ഇത്തരം സങ്കീർണമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കിണഞ്ഞു ശ്രമിക്കുന്ന വിദഗ്ധരാണ് ജനസംഖ്യാശാസ്ത്രജ്ഞർ; അവരുടെ പഠന മേഖലയാണ് ജനസംഖ്യാശാസ്ത്രം.
“മനുഷ്യ ജനസംഖ്യയെ കുറിച്ച്, പ്രത്യേകിച്ച് അതിന്റെ വലുപ്പം, സാന്ദ്രത, വിതരണം, ജനന-വിവാഹ-മരണങ്ങൾ എന്നിവയെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്ക്,” വെബ്സ്റ്റേഴ്സ് ഡിക്ഷ്ണറി ജനസംഖ്യാശാസ്ത്രത്തിനു നൽകുന്ന നിർവചനം ഇതാണ്. സന്താനോത്പാദനം (ജനനനിരക്ക്); മരണം (മരണനിരക്ക്); ദേശാന്തരഗമനം (ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തേക്കു കുടിയേറി പാർക്കുന്നവരുടെ എണ്ണം) എന്നിങ്ങനെ ജനസംഖ്യയുടെമേൽ സുനിശ്ചിത പ്രഭാവം ചെലുത്തുന്ന മൂന്നു ഘടകങ്ങൾ വിദഗ്ധർ പഠനവിധേയമാക്കുന്നു.
ഭൂതകാലത്തെ ജനസംഖ്യാസംബന്ധമായ വളർച്ചയെയും വ്യതിയാനങ്ങളെയും കുറിച്ചുള്ള പഠനമാണ് ആഗമിക ജനസംഖ്യാശാസ്ത്രം. ഈ പഠനശാഖ ലിഖിതങ്ങൾ, നാശാവശിഷ്ടങ്ങൾ, അസ്ഥികൂടങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയെ കൂലങ്കഷമായ പഠനത്തിനു വിധേയമാക്കി പുരാതന സംസ്കാരങ്ങളെ കുറിച്ചു കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുന്നു. ആഗമിക ജനസംഖ്യാശാസ്ത്രം ഭാഗികമായി അനുമാനവും ഭാഗികമായി ശാസ്ത്രവുമാണ്. അറ്റ്ലസ് ഓഫ് വേൾഡ് പോപ്പുലേഷൻ ഹിസ്റ്ററി അത്
അംഗീകരിക്കുന്നു: “ആഗമിക ജനസംഖ്യാശാസ്ത്രജ്ഞന്റെ സിദ്ധാന്തങ്ങൾ തെളിയിക്കുന്നതിനുള്ള മാർഗങ്ങളൊന്നും ഈ പഠനരംഗത്ത് ഇതുവരെ ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ സ്ഥിതിവിവരക്കണക്കുകളിൽ പൂർണമായി ആശ്രയിക്കാനും സാധ്യമല്ല.” എന്നിരുന്നാലും, ജനസംഖ്യാശാസ്ത്രജ്ഞരുടെ അനുമാനങ്ങളിൽ ബൈബിൾ വിദ്യാർഥികൾ തത്പരരാണ്. വാസ്തവത്തിൽ ഈ അനുമാനങ്ങളിൽ മിക്കതും ബൈബിൾ വിവരണങ്ങളോടു യോജിപ്പിലാണ്.പ്രളയത്തിനുശേഷമുള്ള ജനസംഖ്യാവളർച്ച
എട്ടു പേർ മാത്രമേ നോഹയുടെ നാളിലെ പ്രളയത്തെ അതിജീവിച്ചുള്ളു എന്ന് ബൈബിൾ പറയുന്നു. ഏകദേശം 1,400 വർഷത്തിനു ശേഷം ഭൂമിയിലെ ജനസംഖ്യ അഞ്ചു കോടി ആയിത്തീർന്നിരിക്കാം എന്നാണ് ചില ജനസംഖ്യാശാസ്ത്രജ്ഞരുടെ അനുമാനം. 1,400 വർഷംകൊണ്ട് 8 പേരിൽനിന്ന് അഞ്ചു കോടിയിലേക്കുള്ള വർധന അസാധ്യമാണോ?
ആദ്യംതന്നെ ഒരു കാര്യം മനസ്സിൽ പിടിക്കണം, അഞ്ചു കോടി എന്ന സംഖ്യ ഒരു അനുമാനം മാത്രമാണ്. എന്നാൽ ഉല്പത്തി 9:1-ൽ ബൈബിൾ പറയുന്നത് താത്പര്യജനകമാണ്: “ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തെന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ.” തുടർന്ന് 10, 11 അധ്യായങ്ങളിൽ നോഹയുടെ മക്കളായ ശേം, ഹാം, യാഫെത്ത് എന്നിവരിൽനിന്ന് ഉളവായ 70 കുടുംബങ്ങളെ കുറിച്ചു നാം വായിക്കുന്നു. ശേം മുതൽ അബ്രാഹാം വരെയുള്ള വംശാവലിയിൽ ‘പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ച’ പുരുഷന്മാരെ കുറിച്ചു തുടർന്ന് ബൈബിൾ വിവരിക്കുന്നു. ഇത് “ഭൂമിയിൽ നിറവിൻ” എന്ന ദൈവത്തിന്റെ കൽപ്പനയ്ക്കു ചേർച്ചയിൽ വർധിച്ച സന്താനോത്പാദനത്തിന്റെ ഒരു കാലയളവ് ആയിരുന്നിരിക്കാം.
മരണനിരക്ക് സംബന്ധിച്ചെന്ത്? ഉല്പത്തിയിലെ അതേ അധ്യായങ്ങൾ, പ്രളയശേഷമുള്ള നൂറിലധികം വർഷങ്ങളിലെ മനുഷ്യരുടെ അസാധാരണമാംവിധം ദീർഘമായ ജീവിതകാലയളവിനെ കുറിച്ചു പറയുന്നു. a ഉയർന്ന ജനനനിരക്കും താഴ്ന്ന മരണനിരക്കും കൂടിച്ചേർന്നാൽ ഫലം എന്തായിരിക്കും? ത്വരിതഗതിയിലുള്ള ജനസംഖ്യ വർധന തന്നെ.
ഇസ്രായേല്യരുടെ ഈജിപ്തിലെ വാസം
ഇസ്രായേല്യർ ഈജിപ്തിൽ പാർത്തുകൊണ്ടിരുന്നപ്പോൾ അവരുടെ ജനസംഖ്യയിൽ വൻ വർധനയുണ്ടായി എന്ന ബൈബിൾ വിവരണത്തെ ചില പണ്ഡിതന്മാർ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. യാക്കോബിന്റെ പുത്രഭാര്യമാരെ കൂടാതെ “മിസ്രയീമിൽ വന്നവരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (ഉല്പത്തി 46:26, 27) എന്നിരുന്നാലും അതിശയകരമെന്നു പറയട്ടെ, 215 വർഷങ്ങൾക്കു ശേഷം ഇസ്രായേല്യർ ഈജിപ്തു വിട്ടപ്പോൾ ‘കുട്ടികൾ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാരാണ് കാൽനടയായി യാത്ര പുറപ്പെട്ടത്.’ (പുറപ്പാടു 12:37) സ്ത്രീകളെയും കുട്ടികളെയും കൂടെ കണക്കാക്കുമ്പോൾ ഇസ്രായേല്യരുടെ എണ്ണം 30 ലക്ഷത്തോളം ഉണ്ടായിരുന്നിരിക്കണം! അത്തരമൊരു വർധന സാധ്യമാണോ?
ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന്, ആദ്യം ഈജിപ്തിലെ ഇസ്രായേല്യരുടെ വർധനയെ കുറിച്ചു ബൈബിൾ എന്തു പറയുന്നുവെന്ന് നമുക്കു ശ്രദ്ധാപൂർവം പരിശോധിക്കാം. “യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.” അതേ, അക്കാലത്തെ അവരുടെ വർധന അസാധാരണമായിരുന്നു.—പുറപ്പാടു 1:7.
അത്തരം വർധന ആധുനിക കാലത്തും ഉണ്ടായിട്ടുണ്ട് എന്നതു താത്പര്യജനകമാണ്, 1980-കളിൽ കെനിയയിൽ സംഭവിച്ചതുപോലെ. എന്നാൽ, വലിയ തോതിലുള്ള വർധന ദീർഘകാലം നീണ്ടുനിന്നു എന്നതാണ് ഇസ്രായേല്യരുടെ ഇടയിലെ ജനസംഖ്യാവളർച്ചയെ വ്യതിരിക്തമാക്കിയ സംഗതി.
ഇസ്രായേല്യരുടെ ഇടയിലെ ത്വരിത ജനസംഖ്യാവർധനയ്ക്ക് ബൈബിൾ മറ്റൊരു കാരണവും നൽകുന്നു. ഇസ്രായേല്യർ ഈജിപ്തിൽ ആയിരുന്ന കാലത്ത് അവിടെ ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നില്ല. വ്യക്തമായും ഒരു ക്ഷാമം ബാധിക്കുകയാണെങ്കിൽ ധാരാളം ആളുകൾ ചെറുപ്രായത്തിൽ തന്നെ മരിച്ചുപോകും. തത്ഫലമായി അക്കാലത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണവും കുറയും. എന്നാൽ ഇസ്രായേല്യർക്ക് ധാരാളം ഭക്ഷ്യവസ്തുക്കൾ ലഭ്യമായിരുന്നു എന്നു ബൈബിൾ സൂചിപ്പിക്കുന്നു. യോസേഫിന്റെ കുടുംബം ഈജിപ്തിലേക്കു വന്നപ്പോൾ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിക്ക; അവർ ഗോശെൻദേശത്തുതന്നേ പാർത്തുകൊള്ളട്ടെ.” ഉല്പത്തി 47:6) ഇസ്രായേല്യർ ഈജിപ്തുകാരുടെ അടിമകളായിത്തീർന്നതിനു ശേഷം പോലും അവർക്കു മതിയായ ഭക്ഷണം ലഭിച്ചിരുന്നു എന്നു വേണം കരുതാൻ. വാസ്തവത്തിൽ, അടിമത്തത്തിൽ നിന്നുള്ള വിടുതലിനു ശേഷം, അടിമകളായിരുന്ന കാലത്ത് ഭക്ഷിച്ചിരുന്ന അപ്പം, മത്സ്യം, വെള്ളരിക്ക, മത്തങ്ങ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി, മാംസം എന്നിവയെ കുറിച്ച് അവർ ഓർക്കുന്നുണ്ട്.—പുറപ്പാടു 16:3; സംഖ്യാപുസ്തകം 11:5.
(പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ
ജനസംഖ്യാശാസ്ത്രത്തിന് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിന്മേലും വെളിച്ചം വീശാൻ കഴിയും. ദൃഷ്ടാന്തത്തിന്, “സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന തന്റെ ശിഷ്യന്മാരോടുള്ള യേശുവിന്റെ കൽപ്പനയെ കുറിച്ചു വായിക്കുമ്പോൾ അത് എത്ര വലിയൊരു നിയോഗം ആയിരുന്നിരിക്കും എന്നു നാം ചിന്തിച്ചേക്കാം. (മത്തായി 28:20) ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിലെ ജനസംഖ്യ എത്രയായിരുന്നു? അഞ്ചു കോടിക്കും ആറു കോടിക്കും ഇടയിലായിരുന്നു എന്ന് ചിലർ അനുമാനിക്കുന്നു. അതു ശരിയാണെങ്കിൽ ആ ആദിമ ക്രിസ്തീയ സുവിശേഷകർക്ക് ബൃഹത്തായ ഒരു വേലയാണ് ചെയ്യാനുണ്ടായിരുന്നത്.
അപ്പൊസ്തലനായ പത്രൊസ് സുവാർത്ത പ്രസംഗിക്കുന്നതിന് വിദൂരസ്ഥമായ ബാബിലോൺ സന്ദർശിച്ചു എന്ന് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ വായനയിൽ നിന്നു നാം മനസ്സിലാക്കുന്നു. (1 പത്രൊസ് 5:13) അവൻ ബാബിലോൺ തിരഞ്ഞെടുക്കാൻ കാരണം എന്തായിരിക്കാം? ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെ ഒരു പരാമർശം അതിലേക്കു വെളിച്ചം വീശുന്നു: “പാലസ്തീനു പുറത്തുള്ള മുഖ്യ യഹൂദ കേന്ദ്രങ്ങൾ സിറിയ, ഏഷ്യാമൈനർ, ബാബിലോണിയ, ഈജിപ്ത് എന്നിവിടങ്ങളിലായിരുന്നു. ഇവിടങ്ങളിൽ കുറഞ്ഞത് 10,00,000 യഹൂദർ വീതം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.” പത്രൊസിന്റെ പ്രസംഗ നിയമനം മുഖ്യമായും യഹൂദന്മാരുടെ ഇടയിൽ ആയിരുന്നതിനാൽ അവൻ യഹൂദന്മാരുടെ ഒരു കേന്ദ്രമായിരുന്ന ബാബിലോൺ സന്ദർശിച്ചത് തികച്ചും ന്യായയുക്തമായിരുന്നു. (ഗലാത്യർ 2:9) അവിടത്തെ യഹൂദന്മാരുടെ ബാഹുല്യം കണക്കിലെടുക്കുമ്പോൾ അവന് എപ്പോഴെങ്കിലും പ്രദേശം തികയാതെ വന്നിരിക്കാൻ ഇടയില്ല!
ഭാവിയിൽ സംഭവിക്കാനിരിക്കുന്നത്
നാം കണ്ടുകഴിഞ്ഞതു പോലെ, ജനസംഖ്യാശാസ്ത്രജ്ഞർക്ക് മനുഷ്യന്റെ ഭൂതകാലത്തോടു ബന്ധപ്പെട്ട ചില വിശദാംശങ്ങളിൽ താത്പര്യമുണ്ട്. എന്നാൽ ഭാവിയെ സംബന്ധിച്ച് അവർക്ക് എന്താണു പറയാനുള്ളത്? അവർ ചില സുപ്രധാന ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഈ സഹസ്രാബ്ദത്തിൽ ഒരു ജനസംഖ്യാസ്ഫോടനം ഉണ്ടാകുമോ? ആർക്കും നിശ്ചയമില്ല. ധാരാളം രാജ്യങ്ങളിൽ ജനനനിരക്ക് കുറയുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് ചില ഗവേഷകർ ലോകജനസംഖ്യയിൽ ഒരു സ്ഥിരത പ്രവചിക്കുന്നു.
എന്നാൽ എല്ലാ വിദഗ്ധരും ഇതിനോടു യോജിക്കുന്നില്ല. പോപ്പുലേഷൻ റ്റുഡേ എന്ന പ്രസിദ്ധീകരണം പ്രസ്താവിക്കുന്നു: “ജനസംഖ്യാവർധനയെ ആസ്പദമാക്കി ഇന്ന് ലോകരാജ്യങ്ങളെ രണ്ടായി വർഗീകരിക്കാം: ഒരു ദമ്പതികൾക്ക് രണ്ടോ അതിൽ താഴെയോ മക്കൾ എന്ന ജനനനിരക്ക് ഉള്ളവ, അതിൽ കൂടുതൽ ജനനനിരക്ക് ഉള്ളവ. ആദ്യത്തെ വിഭാഗത്തിൽ യൂറോപ്പ്, ഐക്യനാടുകൾ, കാനഡ, ജപ്പാൻ എന്നിവയും ത്വരിതഗതിയിൽ വ്യവസായവത്കരണത്തിലേക്കു നീങ്ങുന്ന ചില രാജ്യങ്ങളും ഉൾപ്പെടുന്നു . . . എന്നാൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും രണ്ടാമത്തെ വിഭാഗത്തിലാണ്. ലോകജനസംഖ്യയുടെ പകുതിയിലധികവും ഉള്ള ഈ രാജ്യങ്ങളിൽ ശരാശരി ഓരോ സ്ത്രീക്കും നാലു മക്കൾ വീതം ഉണ്ട്.”
അപ്പോൾ ചില രാജ്യങ്ങളിൽ ജനസംഖ്യ കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റു ചില രാജ്യങ്ങളിൽ അത് വർധിക്കുകയോ വ്യത്യാസമില്ലാതെ തുടരുകയോ ചെയ്തിരിക്കുന്നു. പോപ്പുലേഷൻ റ്റുഡേ ഭാവിയിൽ സംഭവിക്കാൻ ഇടയുള്ളത് എന്താണെന്ന് ഇങ്ങനെ സംഗ്രഹിക്കുന്നു: “മിക്ക വികസ്വര രാജ്യങ്ങളിലും ത്വരിതഗതിയിലുള്ള ജനസംഖ്യാവളർച്ച നിലച്ചിട്ടില്ല. ജനസംഖ്യാസ്ഫോടനത്തിന്റെ യഥാർഥ അന്ത്യം—സാങ്കൽപ്പികമല്ല—ശിശുമരണനിരക്ക് കുറയ്ക്കുന്നതിനും സ്ത്രീവിദ്യാഭ്യാസവും കുടുംബാസൂത്രണവും വ്യാപകമാക്കുന്നതിനും എത്രയധികം രാജ്യങ്ങൾ എത്രത്തോളം വേഗത്തിൽ നടപടിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.”
ലോകജനസംഖ്യ ഇപ്പോഴത്തെ 600 കോടിയെ കടത്തിവെട്ടി വളരെയധികം മുമ്പോട്ടു പോകുമോ? കാലം ഉത്തരം തരട്ടെ. എന്നാൽ ദൈവത്തിന്റെ ഉദ്ദേശ്യം ജനപ്പെരുപ്പം ആയിരുന്നില്ല, ഭൂമിയെ നിറയ്ക്കുക എന്നതായിരുന്നു എന്നു നമുക്കറിയാം. (ഉല്പത്തി 1:28) ദൈവരാജ്യത്തിൻകീഴിൽ അതു സംഭവിക്കും എന്ന് ഉറപ്പോടെ വിശ്വസിക്കുന്നതിനു നമുക്ക് എല്ലാ കാരണങ്ങളുമുണ്ട്.—യെശയ്യാവു 55:10, 11. (g04 5/8)
[അടിക്കുറിപ്പ്]
a പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) ഏകദേശം 1500-ൽ മോശെ സൂചിപ്പിച്ചതു പോലെ, പിന്നീട് മനുഷ്യായുസ്സ് 70 അല്ലെങ്കിൽ 80 ആയി കുറഞ്ഞു.—സങ്കീർത്തനം 90:10.
[14-ാം പേജിലെ ചിത്രം]
പ്രളയത്തെ അതിജീവിച്ചവർ, 600 കോടി കവിഞ്ഞിരിക്കുന്ന ഇന്നത്തെ ജനസംഖ്യയ്ക്കു തുടക്കമിട്ടു
[15-ാം പേജിലെ ചിത്രം]
ഈജിപ്തിൽ ആയിരിക്കെ, എണ്ണത്തിൽ കുറവായിരുന്ന ഇസ്രായേല്യർ 215 വർഷംകൊണ്ട് ഏതാണ്ട് 30 ലക്ഷമായി വർധിച്ചു