കുട്ടികൾക്കു ശിക്ഷണം നൽകേണ്ടത് എങ്ങനെ?
കുട്ടികൾക്കു ശിക്ഷണം നൽകേണ്ടത് എങ്ങനെ?
“കുട്ടികൾ എന്തു കാണിച്ചാലും അതു മിടുക്കാണെന്ന ധാരണ അവരിൽ ഉളവാക്കുന്നത് പ്രശ്നങ്ങൾക്കിടയാക്കും” എന്ന് കാനഡയിലെ നാഷണൽ പോസ്റ്റ് വർത്തമാനപ്പത്രം പറയുന്നു. ഇത്തരമൊരു സമീപനം കുട്ടികളുടെ ആത്മാഭിമാനം വർധിക്കുന്നതിനു സഹായിക്കുമെന്ന് ചില മാതാപിതാക്കൾ വിശ്വസിക്കുന്നു. എന്നാൽ മനശ്ശാസ്ത്രജ്ഞനായ റോയി ബൗമൈസ്റ്റെറിന്റെ അഭിപ്രായം ഇതാണ്: “ഉയർന്ന ആത്മാഭിമാനം ഉചിതമാണ്, അത് യഥാർഥ വിജയത്തെ ആസ്പദമാക്കിയുള്ളതാണെങ്കിൽ. എന്നാൽ കുട്ടികളെ ആത്മനിയന്ത്രണം പഠിപ്പിക്കുന്നതിൽ വേണം മാതാപിതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ.”
കുട്ടികൾ എന്തെങ്കിലും തെറ്റു ചെയ്യുമ്പോൾ അവരെ തിരുത്താൻ ഭയപ്പെടുന്ന മാതാപിതാക്കൾ അവർക്കു ദോഷമാണു ചെയ്യുന്നത്. വാസ്തവത്തിൽ ശിക്ഷണം ഒരു പ്രബോധന മാർഗമാണ്. തെറ്റ് ആവർത്തിക്കാതിരിക്കാൻ അത് കുട്ടിയെ പഠിപ്പിക്കുന്നു. തീർച്ചയായും ചെയ്ത കുറ്റത്തിന് ആനുപാതികമല്ലാത്തതും വളരെ കടുത്തതുമായ ശിക്ഷണം നൽകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. (യിരെമ്യാവു 46:28) ശിക്ഷണം അതിരുകടക്കുന്നില്ലെന്ന് അവർ ഉറപ്പു വരുത്തണം. ബൈബിൾ ഇങ്ങനെ പറയുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.”—കൊലൊസ്സ്യർ 3:21.
ബൈബിളിൽ ശിക്ഷണത്തെ എല്ലായ്പോഴും സ്നേഹത്തോടും സൗമ്യതയോടും ബന്ധപ്പെടുത്തിയിരിക്കുന്നു, കോപത്തോടും ക്രൂരതയോടുമല്ല. ഒരു വിദഗ്ധ ഉപദേശകൻ ‘ശാന്തനും ദോഷം സഹിക്കുന്നവനും സൗമ്യതയോടെ പഠിപ്പിക്കുന്നവനും’ ആയിരിക്കണം. (2 തിമൊഥെയൊസ് 2:24-26) അതുകൊണ്ട്, ശിക്ഷണം എന്നത് മാതാപിതാക്കൾക്ക് തങ്ങളുടെ ഉള്ളിലെ വികാരങ്ങൾ പുറത്തു കൊണ്ടുവരാനുള്ള വെറുമൊരു മാർഗം ആയിരിക്കരുത്. കുട്ടികൾക്ക് ഹാനി വരുത്തുന്നതരം ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതിനെ ബൈബിൾ ഒരിക്കലും അംഗീകരിക്കുന്നില്ല.
ലോകവ്യാപകമായി ദശലക്ഷക്കണക്കിന് ആളുകൾ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന 192 പേജുള്ള പുസ്തകത്തിൽനിന്നു പ്രയോജനം നേടിയിട്ടുണ്ട്. അതിലെ പ്രബോധനാത്മകമായ അധ്യായങ്ങളിൽ ചിലതാണ്: “ശൈശവം മുതലേ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക,” “നിങ്ങളുടെ കൗമാരപ്രായക്കാരെ അഭിവൃദ്ധി പ്രാപിക്കാൻ സഹായിക്കുക” എന്നിവ. ഈ പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ ഒരു വിലാസത്തിലോ അയയ്ക്കുക. കുടുംബത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സ്രഷ്ടാവ് ഉദ്ദേശിച്ചിരുന്നതു പോലുള്ള ആനന്ദപ്രദമായ ഒരു കുടുംബ ജീവിതം നയിക്കാനും സഹായിക്കുന്ന കൃത്യമായ മാർഗനിർദേശങ്ങൾ നിങ്ങൾക്ക് അതിൽനിന്നു ലഭിക്കും.(g01 11/8)
□ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്, എന്റെ വിലാസം: