ഭാഷകൾ ആശയവിനിമയത്തിനുള്ള പാലങ്ങളും അതിനു തടസ്സം നിൽക്കുന്ന മതിലുകളും
ഭാഷകൾ ആശയവിനിമയത്തിനുള്ള പാലങ്ങളും അതിനു തടസ്സം നിൽക്കുന്ന മതിലുകളും
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
“ഒരു ജനതയുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും സാമൂഹിക ഘടനയെയും അവിചാരിതമായി അവരുടെ സാഹചര്യത്തിലുണ്ടായ മാറ്റങ്ങളെയും കുറിച്ച് ഏറ്റവും വ്യക്തമായ ഗ്രാഹ്യം ലഭിക്കുന്നതിനുള്ള മാർഗം അവരുടെ ഭാഷയെ അപഗ്രഥിക്കുക എന്നതാണ്. ഇക്കാര്യത്തിൽ ഭാഷാപഗ്രഥനത്തിലൂടെ ലഭിക്കുന്ന അത്രയും വ്യക്തമായ ഗ്രാഹ്യം നൽകാൻ ചരിത്രത്തിനു കഴിയില്ല.”—മാർട്ടിൻ ആലൊൺസോ.
ചരിത്രത്തിലുടനീളം ഭാഷ—അതിന്റെ ഉത്ഭവവും വൈവിധ്യവും തുടർച്ചയായി അതിനുണ്ടാകുന്ന പരിവർത്തനവും—പണ്ഡിതന്മാരെ ആകർഷിച്ചിട്ടുണ്ട്. യഥാർഥത്തിൽ, ചരിത്രപരമായ മിക്ക സംഗതികളുടെയും കാര്യത്തിലെന്നപോലെ പണ്ഡിതന്മാർക്കു ഭാഷയോടുള്ള ഈ മനോഭാവവും നമുക്ക് അറിയാൻ കഴിയുന്നത് ഭാഷയുള്ളതുകൊണ്ടു മാത്രമാണ്. നിശ്ചയമായും, ആശയവിനിമയത്തിനുള്ള ഏറ്റവും ഫലകരമായ മാർഗമാണു ഭാഷ.
ഇന്ന് ലോകത്തിൽ, 6,000-ത്തോളമോ അതിലധികമോ ഭാഷകൾ—ഇതിൽ പ്രാദേശിക ഭാഷാഭേദങ്ങളെ (dialects) ഉൾപ്പെടുത്തിയിട്ടില്ല—സംസാരിക്കപ്പെടുന്നുണ്ടെന്നാണ് ചില ഭാഷാപണ്ഡിതന്മാർ കണക്കാക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് 80 കോടിയിലധികം ആളുകൾ സംസാരിക്കുന്ന മാൻഡരിൻ ചൈനീസ് ആണ്. അടുത്ത നാലു ഭാഷകൾ (ഇവിടെ നൽകിയിരിക്കുന്ന ക്രമത്തിൽ തന്നെ ആയിരിക്കണമെന്നില്ല) ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, ബംഗാളി എന്നിവയാണ്.
വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും പെട്ടെന്ന് സമ്പർക്കത്തിലായാൽ എന്താണു സംഭവിക്കുക? ഇനി, കൂട്ടങ്ങൾ ഒറ്റപ്പെട്ടാൽ അത് അവരുടെ ഭാഷയുടെമേൽ എന്തു ഫലമാണ് ഉളവാക്കുക? ആശയവിനിമയത്തിനുള്ള പാലങ്ങളും അതുപോലെതന്നെ മതിലുകളും നിർമിക്കപ്പെടുന്നത് എങ്ങനെയെന്നു നമുക്കു നോക്കാം.
പിജിനുകൾ, ക്രിയോളുകൾ, സമ്പർക്ക ഭാഷകൾ
കോളനിവത്കരണം, രാജ്യാന്തര വ്യാപാരം, തടങ്കൽപ്പാളയങ്ങൾ എന്നിവ ആശയവിനിമയ വിടവ് നികത്താൻ ഒരു പൊതുഭാഷ ആവശ്യമാണെന്നു ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്ന ചില ഘടകങ്ങളാണ്. അതുകൊണ്ട്, അവർ ഹ്രസ്വമോ ലളിതമോ ആയ ഒരു ഭാഷാരൂപം ഉപയോഗിച്ചുതുടങ്ങി. ഭാഷയിൽനിന്ന് അവർ വ്യാകരണപരമായ സങ്കീർണതകൾ നീക്കം ചെയ്യുകയും കുറച്ച് വാക്കുകൾ ഉപയോഗിക്കുകയും ഈ വാക്കുകളെ പൊതുതാത്പര്യമുള്ള മേഖലകളിൽ മാത്രമായി ഒതുക്കി നിറുത്തുകയും ചെയ്തു. ഇങ്ങനെയാണ്
പിജിനുകൾ ആവിർഭവിച്ചത്. ലളിതമെങ്കിലും തനതായ ഒരു ഭാഷാ വ്യവസ്ഥയുണ്ട് അതിന്. എന്നാൽ, ഏത് ആവശ്യത്തിനുവേണ്ടിയാണോ പിജിൻ രൂപംകൊണ്ടത്, അത് ഇല്ലാതാകുന്നെങ്കിൽ, പിജിൻ മൃതമായേക്കാം.പിജിൻ ഒരു ജനസമൂഹത്തിന്റെ പ്രധാന ഭാഷയായി മാറുമ്പോൾ, അതിനോടു പുതിയ പദങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയും വ്യാകരണം പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ അത് ഒരു ക്രിയോൾ ആയിത്തീരുന്നു. പിജിനുകളിൽനിന്ന് തികച്ചും വ്യത്യസ്തമായി ക്രിയോളുകൾ ഒരു ജനസമൂഹത്തിന്റെ സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ലോകത്തിൽ ഇന്ന് ഡസൻ കണക്കിനു പിജിനുകളും ക്രിയോളുകളും—ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്വാഹിലി എന്നിവയെയും മറ്റു ഭാഷകളെയും അടിസ്ഥാനമാക്കിയുള്ളത്—ഉപയോഗിക്കപ്പെടുന്നുണ്ട്. അത്തരം ചില ഭാഷകൾ ഒരു രാജ്യത്തിനുള്ളിൽ പ്രധാന ഭാഷകളായി മാറിയിട്ടുപോലുമുണ്ട്, അതിന് ഉദാഹരണമാണ്, പാപ്പുവാ ന്യൂഗിനിയിലെ ടോക് പീസിൻ, വനുവാട്ടുവിലെ ബിസ്ലാമ എന്നിവ.
ആശയവിനിമയത്തെ ഉന്നമിപ്പിക്കുന്ന മറ്റു സരണികൾ സമ്പർക്കഭാഷകളാണ്. വ്യത്യസ്തമായ മാതൃഭാഷകൾ ഉള്ള ഒരു കൂട്ടം ആളുകൾ ഉപയോഗിക്കുന്ന ഒരു പൊതുഭാഷയെ ആണ് സമ്പർക്കഭാഷ എന്നു വിളിക്കുന്നത്. ഉദാഹരണത്തിന്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ വ്യത്യസ്ത പ്രാദേശിക ഭാഷാ കൂട്ടങ്ങൾക്ക് സാൻഗോ ഉപയോഗിച്ച് ആശയവിനിമയം നടത്താൻ കഴിയും. നയതന്ത്ര പ്രതിനിധികൾ ഉപയോഗിക്കുന്ന സമ്പർക്കഭാഷകൾ ഇംഗ്ലീഷും ഫ്രഞ്ചും ആണ്. പിജിനുകൾ സമ്പർക്കഭാഷകളാണ്. ക്രിയോളുകൾക്കും അങ്ങനെയായിരിക്കാൻ കഴിയും.
ഒരു ദേശീയ ഭാഷയുടെ പ്രാദേശിക വകഭേദങ്ങളെയാണു ഭാഷാഭേദങ്ങൾ എന്നു വിളിക്കുന്നത്. ഭാഷാഭേദം ഉപയോഗിക്കപ്പെടുന്ന പ്രദേശം എത്രയധികം ഒറ്റപ്പെട്ടതാണോ അത്രയും വലുതായിരിക്കാം ഭാഷാഭേദവും ദേശീയ ഭാഷയും തമ്മിലുള്ള അന്തരവും. കാലക്രമത്തിൽ, ചില ഭാഷാഭേദങ്ങൾ മൂല ഭാഷയിൽനിന്നു വളരെയേറെ വ്യത്യസ്തമായിത്തീരുകയും ഒടുവിൽ മറ്റൊരു ഭാഷയായിത്തീരുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഭാഷാപണ്ഡിതർക്കുപോലും ഭാഷയേത്, ഭാഷാഭേദമേത് എന്നു മനസ്സിലാക്കുക വളരെ ബുദ്ധിമുട്ടായിത്തീരാറുണ്ട്.
മാത്രമല്ല, ഭാഷകൾ നിരന്തരം മാറ്റത്തിനു വിധേയമാകുന്നതുകൊണ്ട്, ഉപയോഗിക്കാതിരുന്നാൽ ഭാഷാഭേദങ്ങൾ ചിലപ്പോഴൊക്കെ മൃതമാകുകയും ചെയ്യും. അതോടൊപ്പം, ആ ഭാഷാഭേദങ്ങളുമായി ബന്ധപ്പെട്ട സംസ്കാരവും നാമാവശേഷമാകും.ഭാഷ ഒരു ദിവ്യദാനമാണ്. (പുറപ്പാടു 4:11) ഭാഷ പരിവർത്തനത്തിനു വിധേയമാകുന്നുവെന്ന രസകരമായ സംഗതി, ഈ ദാനം എത്രമാത്രം വഴക്കമുള്ളതാണ് എന്നു കാണിക്കുന്നു. പിന്നോക്ക ഭാഷ എന്നൊന്ന് ഇല്ലാത്തതിനാൽ, ഒരുകൂട്ടം ആളുകൾക്കു മറ്റൊരുകൂട്ടത്തെക്കാൾ മേന്മയില്ലെന്നും ഭാഷയിൽനിന്നു നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. മറ്റു ദിവ്യദാനങ്ങളുടെ കാര്യത്തിലെന്നപോലെ, ഭാഷയും എല്ലാവർക്കും—സ്ഥലമോ സംസ്കാരമോ ഏതായിരുന്നാലും—ഒരുപോലെ ലഭ്യമാണ്. ആരംഭംമുതൽതന്നെ എല്ലാ ജനസമൂഹങ്ങളുടെയും ഭാഷകൾ അവയുടെ ഉദ്ദേശ്യം നിവർത്തിക്കാൻതക്കവിധം പൂർണമായിരുന്നു. അവ ഉപയോഗിക്കുന്നവരുടെ എണ്ണം എത്രയായിരുന്നാലും ശരി, ഓരോ ഭാഷയും നമ്മുടെ ആദരവ് അർഹിക്കുന്നു.
ചരിത്രപരവും സാമൂഹികവുമായ ഘടകങ്ങൾ
മനുഷ്യന്റെ സംസർഗശീലം ഭാഷയിൽ ദർശിക്കാനാകും. അങ്ങനെ, സംസ്കാരങ്ങൾ തമ്മിൽ സമ്പർക്കത്തിലാകുമ്പോൾ—അത് ഒരു സാധാരണ സംഗതിയാണ്—അത്തരമൊരു ബന്ധത്തിന്റെ തെളിവുകൾ തലമുറകളോളം ആ സംസ്കാരങ്ങളുടെ ഭാഷകളിൽ നിലനിൽക്കും.
ഉദാഹരണത്തിന്, അറബി ഉത്ഭവമുള്ള അനവധി വാക്കുകൾ അടങ്ങുന്ന സ്പാനിഷ് ഭാഷ—ലാറ്റിനിൽനിന്ന് ഉരിത്തിരിഞ്ഞതാണെന്നു കരുതപ്പെടുന്നു—സ്പാനിഷ് പ്രദേശത്തെ എട്ടാം നൂറ്റാണ്ടിലെ മുസ്ലീം ആധിപത്യത്തിന്റെ രേഖ നിലനിറുത്തുന്നു. സ്പാനിഷ് ഭാഷയിൽ ഗ്രീക്ക്, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയവയുടെ സ്വാധീനവും നമുക്കു കാണാൻ കഴിയും. കൂടാതെ, അമേരിക്കയിൽ സംസാരിക്കപ്പെടുന്ന സ്പാനിഷിൽ ആ ഭൂഖണ്ഡത്തിലെ പുരാതന നിവാസികൾ ഉപയോഗിച്ചിരുന്ന പല വാക്കുകളുമുണ്ട്. ഉദാഹരണത്തിന്, മധ്യ അമേരിക്കയിലെ അസ്ടെക്കുകാരുടെ ഭാഷയായ നാവാറ്റ്ലിലെ പല വാക്കുകളും അവിടത്തെ സ്പാനിഷിന്റെ ഭാഗമാണ്.
ഒരു വ്യക്തി ഏതു രാജ്യക്കാരനാണെന്നോ നാട്ടുകാരനാണെന്നോ തിരിച്ചറിയാൻ മാതൃഭാഷ നമ്മെ സഹായിക്കുന്നതുപോലെ, ഒരു പ്രത്യേക തൊഴിൽ, വ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരെയും സാംസ്കാരിക കൂട്ടങ്ങൾ, സ്പോർട്സ് ഗ്രൂപ്പുകൾ എന്നിവയെയും എന്തിന്, കുറ്റകൃത്യ സംഘങ്ങളെപ്പോലും തിരിച്ചറിയാൻ ഭാഷാ പ്രയോഗരീതി നമ്മെ സഹായിക്കുന്നു. ഈ രീതിയിൽ തിരിച്ചറിയാൻ കഴിയുന്ന കാര്യങ്ങളുടെ പട്ടിക അങ്ങനെ നീളുന്നു. ഈ പ്രത്യേകതരം ഭാഷാ വ്യതിയാനങ്ങളെ ഭാഷാപണ്ഡിതന്മാർ ജാർഗൻ (ഒരു പാർട്ടിയുടെയോ വർഗത്തിന്റെയോ പ്രത്യേക സംഭാഷണശൈലി) എന്നോ ചിലപ്പോൾ ഭാഷാഭേദം എന്നുപോലുമോ വിളിക്കുന്നു.
എന്നിരുന്നാലും, രാജ്യങ്ങൾ തമ്മിലോ വർഗീയമോ സാംസ്കാരികമോ ആയ കൂട്ടങ്ങൾ തമ്മിലോ ശത്രുത ഉണ്ടാകുന്നപക്ഷം, ഭാഷ പാലം അല്ലാതായിത്തീരുന്നു. പകരം, ആളുകൾക്കിടയിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടുന്ന ഒരു മതിലായിമാറുന്നു അത്.
ഭാഷകളുടെ ഭാവി
ആശയവിനിമയം സങ്കീർണമായ ഒരു സംഗതിയാണ്. ഒരു വശത്ത്, ഭാഷാപരമായ മതിലുകളെ തകർത്തുകളയാനുള്ള പ്രവണതയാണ് ഇന്നുള്ളത്. ഇതിനു കാരണമായിരിക്കുന്നത് മുഖ്യമായും മാധ്യമങ്ങളാണ്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച്, ഇംഗ്ലീഷ് ഇപ്പോൾ ഏഴിൽ ഒരാളുടെ പ്രാഥമിക ഭാഷയോ രണ്ടാം ഭാഷയോ ആണ്. അതുകൊണ്ട്, ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സമ്പർക്കഭാഷയാണിത്. ഇതിന്റെ ഉപയോഗം കൂടുതൽ വ്യാപകമായ ആശയവിനിമയവും പ്രയോജനകരമായ വിവരങ്ങളുടെ കൈമാറ്റവും സാധ്യമാക്കിയിരിക്കുന്നു.
മറുവശത്ത്, ഭാഷാപരമായ മതിലുകൾ ഭിന്നതയ്ക്കും വിദ്വേഷത്തിനും യുദ്ധത്തിനും ഇടയാക്കിയിരിക്കുന്നു. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു: “എല്ലാവരും ഒരേ ഭാഷയാണു സംസാരിക്കുന്നതെങ്കിൽ, . . . രാജ്യാന്തര ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.” എന്നാൽ അതു സംഭവിക്കണമെങ്കിൽ കേവലം ഒരു സമ്പർക്കഭാഷയുടെ ഉപയോഗത്തെക്കാൾ വളരെ വിപുലമായ ഒരു മാറ്റം ആവശ്യമാണ്. എല്ലാ ആളുകളെക്കൊണ്ടും ഒരേ ഭാഷതന്നെ സംസാരിപ്പിക്കാൻ ഭാഷയുടെ, ജ്ഞാനിയായ സ്രഷ്ടാവിന് മാത്രമേ കഴിയൂ.
മനുഷ്യരുമായി ആശയവിനിമയം നടത്താൻ ദൈവം ഉപയോഗിക്കുന്ന മുഖ്യ സരണി ബൈബിളാണ്. ദൈവം പെട്ടെന്നുതന്നെ ഈ ദുഷ്ട വ്യവസ്ഥിതിയെ നീക്കിക്കളയുകയും ഒരു സ്വർഗീയ ഗവൺമെന്റ്—അവന്റെ രാജ്യം—സ്ഥാപിക്കുകയും ചെയ്യുമെന്ന് അതു വ്യക്തമായി നമ്മോടു പറയുന്നു. (ദാനീയേൽ 2:44) ഈ ഭൂമിയിലെ സമാധാനപൂർണവും നീതിനിഷ്ഠവുമായ ഒരു പുതിയ വ്യവസ്ഥിതിയിൽ ആ ഗവൺമെന്റ് മുഴു മനുഷ്യവർഗത്തെയും ഏകീകരിക്കും.—മത്തായി 6:9, 10; 2 പത്രൊസ് 3:10-13.
ഇപ്പോൾപ്പോലും, നിർമലമായ ഒരു ആത്മീയ ഭാഷ—യഹോവയാം ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യം—എല്ലാ ഭാഷകളിലും രാജ്യങ്ങളിലും പെട്ടവരെയും വ്യാജമതങ്ങളിൽനിന്ന് പുറത്തുവന്ന ദശലക്ഷക്കണക്കിന് ആളുകളെയും ഏകീകരിച്ചു നിർത്തുന്നുണ്ട്. (സെഫന്യാവു 3:9, NW) അതുകൊണ്ട്, തന്റെ പുതിയ ലോകത്തിൽ, എല്ലാവർക്കും ഒരു പൊതുഭാഷ നൽകിക്കൊണ്ട് ദൈവം കൂടുതലായി മനുഷ്യവർഗത്തെ ഏകീകരിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്. അവൻ ബാബേലിൽ ചെയ്തതിന്റെ നേർവിപരീതമായിരിക്കും ഇത്.
[12-ാം പേജിലെ ചതുരം]
ഭാഷകളുടെ ഉത്ഭവം
സർവജ്ഞാനിയായ സ്രഷ്ടാവ്, യഹോവയാം ദൈവം, സ്വർഗീയ ദൂത മണ്ഡലത്തിൽ ഭാഷ ഏർപ്പെടുത്തിയിരിക്കുന്നു. (ഇയ്യോബ് 1:6-12; 1 കൊരിന്ത്യർ 13:1) മനുഷ്യരെ സൃഷ്ടിച്ചപ്പോൾ, ഒരു പദസഞ്ചയവും അതു വികസിപ്പിക്കാനുള്ള പ്രാപ്തിയും അവൻ അവർക്കു കൊടുത്തു. മുരളലും മൂളലും അടങ്ങിയ ഒരു ആദിമ മനുഷ്യ ഭാഷ ഉണ്ടായിരുന്നതായി യാതൊരു തെളിവുമില്ല. നേരെമറിച്ച്, അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും പഴക്കമുള്ള എഴുത്തു ഭാഷയായ സുമേറിയനെ കുറിച്ച് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതു ശ്രദ്ധിക്കുക: “സുമേറിയൻ ക്രിയാപദങ്ങളോട് ചേർന്നുകാണുന്ന . . . പലതരത്തിലുള്ള ഉപസർഗങ്ങൾ, മധ്യപ്രത്യയങ്ങൾ, പ്രത്യയങ്ങൾ എന്നിവ സൂചിപ്പിക്കുന്നത് ആ ഭാഷ വളരെ സങ്കീർണമായിരുന്നു എന്നാണ്.”
പൊ.യു.മു. ഏതാണ്ട് 20-ാം നൂറ്റാണ്ടിൽ, ‘ഭൂമിയിൽ നിറയാനുള്ള’ ദൈവത്തിന്റെ കൽപ്പനയ്ക്കു വിരുദ്ധമായി മെസൊപ്പൊട്ടാമിയയിലെ ശിനാർ സമഭൂമിയിൽ മുഴു സമൂഹത്തെയും കേന്ദ്രീകരിക്കാൻ മനുഷ്യർ ശ്രമിക്കുകയും ബാബേൽ ഗോപുരത്തിന്റെ പണി തുടങ്ങുകയും ചെയ്തു. എന്നാൽ, അപകടകരവും ദ്രോഹകരവുമായ അവരുടെ പദ്ധതികളെ തകിടംമറിക്കാനായി ദൈവം അവരുടെ പൊതു ഭാഷ കലക്കി. അങ്ങനെയാണ് വ്യത്യസ്ത ഭാഷകൾ രൂപംകൊണ്ടത്.—ഉല്പത്തി 1:28; 11:1-9.
ആദ്യമുണ്ടായിരുന്ന ആ ഒറ്റ ഭാഷയിൽനിന്നാണ് എല്ലാ ഭാഷകളും ഉത്ഭവിച്ചത് എന്ന് ബൈബിൾരേഖ പറയുന്നില്ല. ശിനാറിൽ ദൈവം അനേകം പുതിയ പദസഞ്ചയങ്ങൾക്കും ചിന്താരീതികൾക്കും രൂപം നൽകി. അതാണ് വ്യത്യസ്ത ഭാഷകൾ ഉടലെടുക്കാൻ ഇടയാക്കിയത്. അതുകൊണ്ട്, എല്ലാ ഭാഷകളുടെയും ഒരു പൊതു മൂലഭാഷ കണ്ടുപിടിക്കാനുള്ള ശ്രമം വ്യർഥമായിരിക്കുന്നു.
[12-ാം പേജിലെ ചിത്രം]
ബാബേലിൽവെച്ച് ദൈവം മത്സരികളുടെ ഭാഷ കലക്കി