അച്ഛന്മാർ—അവർ രംഗം വിടുന്നതിന്റെ കാരണം
അച്ഛന്മാർ—അവർ രംഗം വിടുന്നതിന്റെ കാരണം
“ഡാഡിയും മമ്മിയും തല്ലുകൂടുന്നതോ വഴക്കിടുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല. പെട്ടെന്ന് ഒരു ദിവസം ഡാഡിയെ കാണാതായി! അതു മാത്രമേ എനിക്കറിയാവൂ. ഡാഡി എവിടെയാണെന്ന് ഇന്നും എനിക്കറിയില്ല. എനിക്കു ഡാഡിയോട് യാതൊരു അടുപ്പവും തോന്നുന്നില്ല.”—ബ്രൂസ്.
“എന്റെ സ്കൂളിൽ, അച്ഛനില്ലാത്തതായി, താമസിക്കാൻ ഒരു വീടില്ലാത്തതായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. . . . ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്നതു പോലുള്ള ഒരു അനുഭവമായിരുന്നു എപ്പോഴും എനിക്ക്. എന്റെ സമപ്രായക്കാരിൽ നിന്നും ഞാൻ വളരെ വ്യത്യസ്തയാണെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു.”—പട്രീഷ്യ.
അച്ഛനില്ലാത്ത കുടുംബങ്ങൾ എന്ന പ്രതിസന്ധിയുടെ വേരു തേടിയുള്ള യാത്ര വ്യവസായ വിപ്ലവ കാലത്താണു നമ്മെ കൊണ്ടെത്തിക്കുക. ഫാക്ടറികളിൽ ജോലി ചെയ്യുന്നതിനായി പുരുഷന്മാർ വീടുവിട്ടു പോയതോടെ കുടുംബത്തിൽ അച്ഛന്റെ സ്വാധീനം കുറഞ്ഞു വന്നു, കുട്ടികളെ വളർത്തൽ കൂടുതലും അമ്മയുടെ ജോലിയായി. a എങ്കിലും, മിക്ക അച്ഛന്മാരുടെയും കാര്യത്തിൽ കുടുംബവുമായുള്ള ബന്ധം മുറിഞ്ഞു പോയിരുന്നില്ല. എന്നാൽ, 1960-കളുടെ മധ്യത്തിൽ ഐക്യനാടുകളിൽ വിവാഹമോചന നിരക്കിന്റെ ഗ്രാഫ് കുത്തനെ ഉയരാൻ തുടങ്ങി. വിവാഹമോചനത്തിന് എതിരെയുള്ള മതപരവും സാമ്പത്തികവും സാമൂഹികവുമായ വേലിക്കെട്ടുകൾ പൊളിഞ്ഞു വീഴാൻ തുടങ്ങി. വിവാഹമോചനം കുട്ടികൾക്ക് ഒരു പ്രകാരത്തിലും ദോഷം ചെയ്യില്ലെന്നു മാത്രമല്ല, അത് അവർക്ക് ഗുണം ചെയ്തേക്കാമെന്നു പോലും ഉറപ്പിച്ചു പറഞ്ഞ ‘വിദഗ്ധരുടെ’ ഉപദേശം ചെവിക്കൊണ്ട ഒട്ടനവധി ദമ്പതികൾ വിവാഹമോചനത്തിന്റെ പാത തേടുകയുണ്ടായി. ഫ്രാങ്ക് എഫ്. ഫർസ്റ്റെൻബെർഗ് ജൂനിയറും ആൻഡ്രൂ ജെ. ചെർളിനും കൂടി രചിച്ച ഭിന്നിച്ച കുടുംബങ്ങൾ—മാതാപിതാക്കൾ വഴിപിരിയുമ്പോൾ കുട്ടികൾക്കു സംഭവിക്കുന്നത് (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “[1960-നു ശേഷം] ഫ്രാൻസ്, ബെൽജിയം, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ [വിവാഹമോചന] നിരക്ക് ഇരട്ടിയായപ്പോൾ ഇംഗ്ലണ്ടിലും കാനഡയിലും നെതർലൻഡ്സിലും അതു മൂന്നിരട്ടിയായി വർധിച്ചു.”
വിവാഹമോചന ശേഷം കുട്ടികൾ സാധാരണഗതിയിൽ അമ്മമാരോടൊപ്പമാണു കഴിയുന്നതെങ്കിലും വഴിപിരിയുന്ന മിക്ക അച്ഛന്മാർക്കും കുഞ്ഞുങ്ങളുമായുള്ള ബന്ധം തുടർന്നും നിലനിർത്താൻ ആഗ്രഹം ഉണ്ട്. ഇതിനു പറ്റിയ മാർഗം കുട്ടികളുടെ സംരക്ഷണച്ചുമതല മാതാപിതാക്കൾ ഇരുവരും കൂടി പങ്കുവെക്കുന്നതാണെന്ന് പലർക്കും തോന്നുന്നു. എന്നിരുന്നാലും, വിവാഹമോചിതരായ മിക്ക അച്ഛന്മാരും തങ്ങളുടെ മക്കളുമായി വളരെ കുറച്ചു സമ്പർക്കമേ പുലർത്തുന്നുള്ളൂ എന്നതാണു വാസ്തവം. ഒരു സർവേ ചൂണ്ടിക്കാട്ടുന്നത് അനുസരിച്ച് വിവാഹമോചിതനായ അച്ഛനെ എല്ലാ ആഴ്ചയിലും കാണാൻ കഴിയുന്നത് ആറു കുട്ടികളിൽ ഒരാൾക്കു മാത്രമാണ്. അവരിൽ പകുതിയോളം കുട്ടികളും
തങ്ങളുടെ അച്ഛനെ ഒരുനോക്കു കണ്ടിട്ട് വർഷം ഒന്നു കഴിഞ്ഞിരുന്നു!സംരക്ഷണച്ചുമതല പങ്കുവെക്കൽ—ലക്ഷ്യം സാധിക്കാതെ വരുന്നു
കുട്ടികളുടെ സംരക്ഷണച്ചുമതല പങ്കുവെക്കുന്നതിന് വിവാഹമോചിതരായ ദമ്പതികളുടെ ഭാഗത്തു പരസ്പര വിശ്വാസവും നല്ല സഹകരണവും ആവശ്യമാണ്. വഴിപിരിഞ്ഞ ദമ്പതികളുടെ ഇടയിലാണെങ്കിൽ മിക്കപ്പോഴും ഈ ഗുണങ്ങൾക്ക് കടുത്ത ദാരിദ്ര്യമാണു താനും. ഗവേഷകരായ ഫർസ്റ്റെൻബെർഗും ചെർളിനും അതിനെ കുറിച്ച് ഇപ്രകാരം പറയുന്നു: “അച്ഛന്മാർ കുട്ടികളെ കാണാൻ ചെല്ലാത്തതിന്റെ ഒരു മുഖ്യ കാരണം തങ്ങളുടെ മുൻ ഭാര്യമാരുമായുള്ള യാതൊരു ഇടപാടിനും അവർക്കു താത്പര്യമില്ല എന്നതാണ്. പല സ്ത്രീകൾക്കും തങ്ങളുടെ മുൻ ഭർത്താക്കന്മാരെ സംബന്ധിച്ചും ഇതേ മനോഭാവം തന്നെയാണ് ഉള്ളത്.”
വിവാഹമോചിതരെങ്കിലും കുട്ടികളെ പതിവായി ചെന്നു കാണുന്ന പല അച്ഛന്മാരുമുണ്ട് എന്നതു സത്യം തന്നെ. എന്നാൽ, കുട്ടികളുടെ ദൈനംദിന കാര്യങ്ങളിൽ തങ്ങൾ മേലാൽ ഉൾപ്പെടുന്നില്ലാത്തതിനാൽ, അവരോടൊപ്പം ആയിരിക്കുമ്പോൾ അച്ഛന്റെ കുപ്പായമണിയാൻ ചിലർക്കെങ്കിലും ബുദ്ധിമുട്ടു തോന്നുന്നു. പലരും വെറും കളിക്കൂട്ടുകാരന്റെ റോളായിരിക്കും സ്വീകരിക്കുന്നത്. ഉള്ള സമയം മുഴുവനും തന്നെ അവർ വിനോദത്തിനോ ഷോപ്പിങ്ങിനോ വേണ്ടി ചെലവഴിക്കുന്നു. 14 വയസ്സുകാരനായ ആരി തന്റെ അച്ഛന്റെ വാരാന്ത സന്ദർശനങ്ങളെ കുറിച്ച് ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ പരിപാടികൾക്കു പ്ലാനും പട്ടികയുമൊന്നും ഇല്ല. ‘അഞ്ചരയ്ക്ക് വീട്ടിൽ വരണം’ എന്നതു പോലുള്ള നിബന്ധനകളും ഇല്ല. ഒന്നിനും ഒരു വിലക്കില്ല. എന്തിനും ഏതിനും സ്വാതന്ത്ര്യം. പിന്നെ, എപ്പോഴും സമ്മാനങ്ങളുമായിട്ടാണ് അച്ഛന്റെ വരവ്.”—മാതാപിതാക്കൾ വിവാഹമോചനം നേടുമ്പോൾ തോന്നുന്നത് (ഇംഗ്ലീഷ്), ജിൽ ക്രെമെന്റ്സ്.
സ്നേഹവാനായ ഒരു അച്ഛന് “മക്കൾക്കു നല്ല ദാനങ്ങളെ [“സമ്മാനങ്ങളെ,” NW] കൊടുപ്പാൻ അറി”യാം. (മത്തായി 7:11) പക്ഷേ, സമ്മാനങ്ങൾ ഒരിക്കലും മാർഗനിർദേശത്തിനും ശിക്ഷണത്തിനും പകരമാവില്ലല്ലോ! (സദൃശവാക്യങ്ങൾ 3:12; 13:1, NW) അച്ഛൻ കുട്ടിക്ക് ഒരു കളിക്കൂട്ടുകാരനോ സന്ദർശകനോ മാത്രമായി മാറുമ്പോൾ അവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാൻ വളരെ സാധ്യതയുണ്ട്. ഒരു പഠനം ഈ നിഗമനത്തിലെത്തി: “വിവാഹമോചനത്തിന്റെ ഫലമായി അച്ഛനും കുട്ടിയും തമ്മിലുള്ള ബന്ധം എന്നേക്കുമായി അറ്റുപോയേക്കാം.”—വിവാഹ-കുടുംബ ജേർണൽ (ഇംഗ്ലീഷ്), മേയ് 1994.
കുട്ടികളോടൊത്തുള്ള ജീവിതത്തിൽ നിന്ന് പിഴുതുമാറ്റപ്പെട്ടതിലുള്ള നൊമ്പരവും അരിശവും നിമിത്തം അല്ലെങ്കിൽ കേവലം ഒരു നിർവികാര മനോഭാവം നിമിത്തം ചില പുരുഷന്മാർ സാമ്പത്തിക സഹായം പോലും നൽകാൻ തയ്യാറാകാതെ b കുടുംബത്തെ പാടേ ഉപേക്ഷിക്കുന്നു. (1 തിമൊഥെയൊസ് 5:8) “ഞാൻ ഇഷ്ടപ്പെടുന്ന ഒരു ഗുണം പോലും എന്റെ അച്ഛനിലില്ല,” വിതുമ്പുന്ന ഹൃദയത്തോടെ ഒരു കൗമാരക്കാരൻ പറയുന്നു. “അദ്ദേഹത്തിന്, ഞങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന ചിന്ത പോലുമില്ല. ഒരു ചെറിയ കാര്യത്തിൽ പോലും ഞങ്ങളെ ഒരു കൈ സഹായിക്കാൻ അദ്ദേഹം തയ്യാറല്ല. ഇതൊക്കെ കാണുമ്പോൾ കടിച്ചുകീറാനുള്ള ദേഷ്യമാണ് എനിക്കു തോന്നാറ്.”
അവിവാഹിതരായ മാതാപിതാക്കൾ
അവിഹിത ബന്ധത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലുള്ള ഭീമമായ വർധനവാണ് അച്ഛനില്ലാത്ത കുട്ടികളുടെ എണ്ണം ഏറ്റവും പെരുകാൻ ഇടയാക്കിയിരിക്കുന്നത്. “[ഐക്യനാടുകളിൽ] ഇപ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഏതാണ്ട് മൂന്നിലൊന്നും വിവാഹബന്ധത്തിനു പുറത്താണു ജനിക്കുന്നത്” എന്ന് ഫാദർലെസ് അമേരിക്ക എന്ന പുസ്തകം പറയുന്നു. 15-നും 19-നും ഇടയ്ക്കു പ്രായമുള്ളവർക്ക് ഓരോ വർഷവും 5,00,000-ത്തോളം കുഞ്ഞുങ്ങൾ ജനിക്കുന്നുണ്ട്. ഈ കുഞ്ഞുങ്ങളിൽ 78 ശതമാനത്തിനും ജന്മം നൽകുന്നത് അവിവാഹിതരായ കൗമാരപ്രായക്കാരാണ്. എന്നാൽ, കൗമാര ഗർഭധാരണം ഐക്യനാടുകളിലെ മാത്രമൊരു പ്രശ്നമല്ല. പിന്നെയോ അത് ഒരു ആഗോള പ്രശ്നമാണ്. ഗർഭനിരോധന മാർഗങ്ങളെ കുറിച്ചു പഠിപ്പിക്കുകയും ലൈംഗിക വർജനത്തെ കുറിച്ചു പ്രസംഗിക്കുകയുമൊക്കെ ചെയ്തിട്ടും ലൈംഗികത സംബന്ധിച്ച കൗമാരപ്രായക്കാരുടെ നിലപാടിനു യാതൊരു മാറ്റവുമില്ല.
കൗമാരക്കാരായ അച്ഛന്മാർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ബ്രൈയാൻ ഇ. റോബിൻസൺ ഇപ്രകാരം വിശദീകരിക്കുന്നു: “ലൈംഗികതയും വിവാഹത്തിനു മുമ്പുള്ള ഗർഭധാരണവും സംബന്ധിച്ച സമൂഹത്തിന്റെ
മനോഭാവങ്ങൾക്കു കൂടുതൽ അയവു വന്നിരിക്കുന്നതിനാൽ, അവിഹിത ഗർഭധാരണം 1960-കളിലെ അത്രതന്നെ അപമാനവും നാണക്കേടും ഇപ്പോൾ വരുത്തിവെക്കുന്നില്ല. . . . കൂടാതെ, പരസ്യങ്ങൾ, സംഗീതം, ചലച്ചിത്രങ്ങൾ, ടെലിവിഷൻ എന്നിവയൊക്കെ ഇന്നത്തെ യുവജനങ്ങളുടെ മനസ്സിൽ ലൈംഗികതയെ കുറിച്ചുള്ള ആശയങ്ങൾ സദാ കുത്തിവെക്കുന്നു. ലൈംഗികത പ്രേമാത്മകവും ആവേശമുണർത്തുന്നതും ഇക്കിളിപ്പെടുത്തുന്നതും ആണെന്ന് അമേരിക്കൻ മാധ്യമങ്ങൾ കൗമാരപ്രായക്കാരോടു പറയുന്നു. എന്നാൽ യാതൊരു വീണ്ടുവിചാരവുമില്ലാതെ, തോന്നുന്നതു പോലെ ലൈംഗികതയിൽ ഏർപ്പെടുന്നതു തീക്കളിയാണെന്ന് അവ ഒരിക്കലും വെളിപ്പെടുത്തുന്നില്ല. അതേ, പച്ചയായ ജീവിതസത്യങ്ങൾ ഒരിക്കലും ചിത്രീകരിക്കപ്പെടുന്നില്ല.”പല യുവജനങ്ങളും അവിഹിത ലൈംഗികതയുടെ ഭീകരമുഖത്തെ കുറിച്ചു പാടേ അജ്ഞരാണ്. ഗ്രന്ഥകാരനായ റോബിൻസൺ കേൾക്കാനിടയായ ചില അഭിപ്രായങ്ങൾ ശ്രദ്ധിക്കൂ: “‘[ഗർഭിണിയാകുന്ന] തരക്കാരിയാണെന്ന് എനിക്ക് അവളെ കണ്ടപ്പോൾ തോന്നിയില്ല’; ‘ഞങ്ങൾ ആഴ്ചയിൽ ഒരു തവണ മാത്രമേ ലൈംഗികമായി ബന്ധപ്പെട്ടിരുന്നുള്ളൂ’; ‘ആദ്യത്തെ തവണ ബന്ധപ്പെടുമ്പോൾ തന്നെ ഒരുവൾ ഗർഭിണി ആയേക്കുമെന്ന് ഞാൻ കരുതിയതേയില്ല.’” എങ്കിലും, ലൈംഗികബന്ധം ഗർഭധാരണത്തിലേക്കു നയിക്കും എന്ന് ചില യുവാക്കൾക്കു വളരെ നന്നായി അറിയാം. അവിവാഹിതരായ കൊച്ചു പിതാക്കന്മാർ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “[ഉൾനഗര പ്രദേശങ്ങളിലുള്ള] പല ആൺകുട്ടികളും സമൂഹത്തിലെ തങ്ങളുടെ സ്റ്റാറ്റസിന്റെ ഒരു സുപ്രധാന പ്രതീകമായാണ് ലൈംഗികതയെ കാണുന്നത്. ലൈംഗിക വിജയങ്ങളെ വലിയ എന്തോ ഒരു നേട്ടമായാണ് അവർ കണക്കാക്കുന്നത്. പല പെൺകുട്ടികളെയും സംബന്ധിച്ചിടത്തോളം ആൺകുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു ഉപാധിയാണു ലൈംഗികത.” ഉൾനഗര പ്രദേശങ്ങളിലെ ചിലയിടങ്ങളിൽ ഇതുവരെ അച്ഛനായിട്ടില്ലാത്ത ആൺകുട്ടികളെ കൂട്ടുകാരെല്ലാം അതു പറഞ്ഞു പരിഹസിക്കുക പോലും ചെയ്യാറുണ്ടത്രേ!
കാലിഫോർണിയയിലെ സ്കൂൾപ്രായക്കാരായ അമ്മമാരെ കുറിച്ച് 1993-ൽ നടത്തിയ ഒരു പഠനത്തിന്റെ ഫലങ്ങൾ പരിചിന്തിക്കുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ വഷളാണെന്നു കാണാൻ കഴിയും. ആ പെൺകുട്ടികളിൽ മൂന്നിൽ രണ്ടു പേരും ഗർഭിണികളായത് കൗമാരക്കാരായ കാമുകന്മാരാൽ അല്ലായിരുന്നു, പിന്നെയോ 20 വയസ്സിലേറെ പ്രായമുള്ള പുരുഷന്മാരാൽ ആയിരുന്നു! വാസ്തവത്തിൽ കൗമാരപ്രായക്കാരായ പല അവിവാഹിത അമ്മമാരും ലൈംഗിക ചൂഷണത്തിന്റെ ഇരകളാണ് എന്നു ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. വിപുലവ്യാപകമായ ഇത്തരം ചൂഷണം, ആധുനിക മനുഷ്യ സമൂഹം എത്ര രോഗാതുരവും അധഃപതിച്ചതുമായ ഒരു അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നു വ്യക്തമാക്കുന്നു.—2 തിമൊഥെയൊസ് 3:13, 14.
കൗമാരക്കാരായ അച്ഛന്മാർ രംഗം വിടുന്നതിന്റെ കാരണം
ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ടു വരുന്നതിന്റെ ദീർഘകാല ചുമതല ഏറ്റെടുക്കുന്ന കൗമാരക്കാരായ അച്ഛന്മാർ നന്നേ ചുരുക്കമാണ്. കാമുകി ഗർഭിണിയായെന്ന് അറിഞ്ഞപ്പോഴത്തെ തന്റെ പ്രതികരണത്തെ കുറിച്ച് ഒരു ആൺകുട്ടി പറഞ്ഞത് ഇതാണ്: “‘ഇനിയിപ്പോൾ എവിടെയെങ്കിലുമൊക്കെ വെച്ചു വീണ്ടും കാണാം’ എന്ന് അവളോടു പറഞ്ഞിട്ട് ഞാൻ സ്ഥലം വിട്ടു.” എന്നിരുന്നാലും, “കൗമാരക്കാരായ മിക്ക അച്ഛന്മാരും തങ്ങളുടെ കുഞ്ഞുങ്ങളുമായി വളരെ അടുത്ത ഒരു ബന്ധം പുലർത്താനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്നു” എന്ന് കുടുംബജീവിത പ്രബോധകനിലെ (ഇംഗ്ലീഷ്) ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു. അവിവാഹിതരായ യുവ ഡാഡിമാരെ കുറിച്ചുള്ള ഒരു പഠനം കാണിക്കുന്നത്, അവരിൽ 70 ശതമാനവും തങ്ങളുടെ കുഞ്ഞിനെ ആഴ്ച തോറും ചെന്നു കാണാറുണ്ട് എന്നാണ്. “എങ്കിലും, കുഞ്ഞുങ്ങൾ വളരുന്നതനുസരിച്ച് [ഈ ഡാഡിമാരുടെ] സന്ദർശനം കുറഞ്ഞുവരുന്നു” എന്ന് ആ ലേഖനം മുന്നറിയിപ്പു നൽകുന്നു.
അതിന്റെ കാരണം 17 വയസ്സുകാരനായ ഒരു അച്ഛന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നു: “ഇത് ഇത്രയും ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇതു സംഭവിക്കാൻ ഞാൻ ഒരിക്കലും ഇടയാക്കില്ലായിരുന്നു.” മിക്കപ്പോഴും, പിതൃത്വത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള വൈകാരിക പക്വതയോ അനുഭവപരിചയമോ കൗമാരം പടിയിറങ്ങാത്ത ഇക്കൂട്ടർക്കില്ല. മാത്രമല്ല, പലർക്കും ഒരു ഉപജീവന മാർഗം കണ്ടെത്താനുള്ള വിദ്യാഭ്യാസമോ തൊഴിൽ വൈദഗ്ധ്യമോ ഇല്ലതാനും. പരാജയം സമ്മാനിക്കുന്ന നാണക്കേടു സഹിക്കവയ്യാതെ പല യുവാക്കളും തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കടന്നുകളയുന്നു. “ഞാൻ വല്ലാത്ത ഗതികേടിലാണ്,” കൗമാരക്കാരനായ ഒരു പിതാവ് സമ്മതിക്കുന്നു. മറ്റൊരാൾ ഇങ്ങനെ വിലപിക്കുന്നു: “എനിക്ക് എന്റെ കാര്യം തന്നെ നോക്കാൻ പറ്റുന്നില്ല; അപ്പോൾ പിന്നെ [എന്റെ മകനെ] കൂടി നോക്കേണ്ടി വന്നാലത്തെ ഗതിയെന്താകും?”
പച്ച മുന്തിരിങ്ങ
ബൈബിൾ കാലങ്ങളിൽ യഹൂദന്മാരുടെ ഇടയിൽ ഒരു ചൊല്ലുണ്ടായിരുന്നു: “അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു.” (യെഹെസ്കേൽ 18:2) അങ്ങനെ ആയിരിക്കേണ്ടതില്ലെന്ന്, അതായത് കഴിഞ്ഞകാല തെറ്റുകൾ ആവർത്തിക്കപ്പെടേണ്ടതില്ലെന്ന് ദൈവം യഹൂദന്മാരോടു പറഞ്ഞു. (യെഹെസ്കേൽ 18:3) എന്നാൽ, ഇന്ന് ലക്ഷക്കണക്കിനു കുട്ടികൾ തങ്ങളുടെ അപ്പന്മാർ തിന്ന “പച്ചമുന്തിരിങ്ങ”യുടെ പുളിപ്പ് രുചിക്കുന്നതായി കാണുന്നു. അതേ, അവർ തങ്ങളുടെ അപ്പന്മാരുടെ പക്വതയില്ലായ്മയ്ക്കും ഉത്തരവാദിത്വമില്ലായ്മയ്ക്കും ദാമ്പത്യ പരാജയങ്ങൾക്കും ഉള്ള ശിക്ഷ ഏറ്റുവാങ്ങുന്നു. അച്ഛന്റെ തണലില്ലാതെ വളരുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ശാരീരികവും വൈകാരികവുമായ ഒരുപാട് അപകടസാധ്യതകൾ പതിയിരിക്കുന്നതായി അനവധി ഗവേഷണങ്ങൾ തെളിയിക്കുന്നു. (7-ാം പേജിലെ ചതുരം കാണുക.) എന്നാൽ ഏറ്റവും ഖേദകരമായ സംഗതി, അച്ഛനില്ലാത്ത കുടുംബങ്ങളുടെ ചരിത്രം പലപ്പോഴും പിൻതലമുറകളിലും ആവർത്തിക്കപ്പെടുന്നു എന്നതും അങ്ങനെ വേദനയും കഷ്ടപ്പാടും ഒരു തുടർക്കഥയായി മാറുന്നു എന്നതുമാണ്.
അത്തരം കുടുംബങ്ങൾക്കായി നീക്കിവെക്കപ്പെട്ടിരിക്കുന്നത് പരാജയത്തിന്റെ കയ്പുനീർ മാത്രമാണോ? ഒരിക്കലും അല്ല. അച്ഛനില്ലാ കുടുംബങ്ങളുടെ തുടർക്കഥയ്ക്ക് ഒരു അവസാനം കാണാൻ കഴിയും എന്നതാണ് സന്തോഷ വാർത്ത. ഇതെങ്ങനെ ചെയ്യാൻ കഴിയും എന്ന് അടുത്ത ലേഖനം ചർച്ചചെയ്യും.
[അടിക്കുറിപ്പുകൾ]
a രസകരമെന്നു പറയട്ടെ, വ്യവസായവത്കരണത്തിനു മുമ്പ്, ഐക്യനാടുകളിൽ, കുട്ടികളെ വളർത്തുന്നതു സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങൾ പൊതുവെ അമ്മമാർക്കു പകരം അച്ഛന്മാരെ സംബോധന ചെയ്തുകൊണ്ടുള്ളവ ആയിരുന്നു.
b “[വിവാഹമോചിതരായ മാതാപിതാക്കളുടെ കുട്ടികൾക്ക്] സാമ്പത്തിക പിന്തുണ ലഭിക്കാൻ അവകാശമുണ്ടെങ്കിലും അവരിൽ ഏതാണ്ട് 40 ശതമാനവും അതിനുള്ള [കോടതി ഉത്തരവ്] ഇല്ലാത്തവരാണ്. ഇനി അതിനുള്ള കോടതി ഉത്തരവ് ലഭിച്ച കുട്ടികളിൽത്തന്നെ, നാലിലൊന്നു പേർക്ക് യാതൊരു സാമ്പത്തിക സഹായവും ലഭിക്കുന്നുമില്ല. വാസ്തവത്തിൽ, അർഹിക്കുന്ന മുഴുവൻ സാമ്പത്തിക സഹായവും ലഭിക്കുന്നവർ മൂന്നിലൊന്നു പോലുമില്ല” എന്ന് ഐക്യനാടുകളിലെ ഗവേഷകരായ സേറാ മക്ലാനഹാനും ഗാരി സാൻഡഫറും അഭിപ്രായപ്പെടുന്നു.
[7-ാം പേജിലെ ചതുരം/ചിത്രം]
അച്ഛന്റെ തണലില്ലാതെ വളരുന്നതിന്റെ അപകടങ്ങൾ
അച്ഛനില്ലാതെ വളരുന്ന കുട്ടികളുടെ ജീവിതത്തിൽ വലിയ അപകടസാധ്യതകൾ പതിയിരിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ചിലരിൽ നൊമ്പരത്തിന്റെ അലകൾ ഉയർത്തിയേക്കാം. എങ്കിലും അപകടസാധ്യതകളെ കുറിച്ച് അറിഞ്ഞാലല്ലേ അപകടങ്ങൾ സംഭവിക്കുന്നതു തടയാനോ കുറഞ്ഞപക്ഷം അവയുടെ ഭവിഷ്യത്തുകൾ ലഘൂകരിക്കാനോ കഴിയുകയുള്ളൂ. ഇവിടെ കൊടുത്തിരിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ പൊതുവായുള്ളതാണ്. എല്ലാവരുടെയും കാര്യത്തിൽ അതു സത്യമായിക്കൊള്ളണം എന്നില്ല. അച്ഛനില്ലാതെയാണു വളരുന്നതെങ്കിലും ഇപ്പറഞ്ഞ പ്രശ്നങ്ങളൊന്നും അനുഭവിക്കാത്ത പല കുട്ടികളുമുണ്ട്. അവസാന ലേഖനത്തിൽ നാം കാണാൻ പോകുന്നതുപോലെ, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുകയും അമ്മ വേണ്ട വിധത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ, പ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം അവ ലഘൂകരിക്കാൻ സാധിക്കും. നമുക്കിപ്പോൾ അച്ഛനില്ലാത്ത ഒരു കുട്ടി അഭിമുഖീകരിക്കാൻ ഇടയുള്ള ചില അപകടങ്ങളെ കുറിച്ചു പരിചിന്തിക്കാം.
◼ ലൈംഗിക ദ്രോഹത്തിന് ഇരയാകാനുള്ള വർധിച്ച സാധ്യത
കുടുംബത്തിൽ അച്ഛന്റെ തുണയില്ലാതെ വളരുന്ന കുട്ടി ലൈംഗിക ദ്രോഹത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നു. 52,000 ശിശുദ്രോഹ കേസുകളിൽ “72 ശതമാനത്തിലും ഇരകളായത്, അച്ഛനമ്മമാരിൽ ആരെങ്കിലും ഒരാളോ അല്ലെങ്കിൽ ഇരുവരുമോ ഇല്ലാത്ത കുട്ടികളായിരുന്നു” എന്ന് ഒരു പഠനം വെളിപ്പെടുത്തുകയുണ്ടായി. ഫാദർലെസ് അമേരിക്ക എന്ന പുസ്തകം ഇങ്ങനെ തറപ്പിച്ചു പറയുന്നു: “നമ്മുടെ സമൂഹത്തിൽ കുട്ടികളോടുള്ള ലൈംഗിക ദ്രോഹം വർധിച്ചു വരാനുള്ള മുഖ്യ കാരണം സ്വന്തം അച്ഛന്മാരുടെ സാന്നിധ്യം കുറഞ്ഞു വരുന്നതും രണ്ടാനച്ഛന്മാരെയും കമിതാക്കളെയും പോലെ രക്തബന്ധമില്ലാത്തവരോ ക്ഷണികമായി ജീവിതത്തിലേക്കു കടന്നുവരുന്നവരോ ആയ പുരുഷന്മാരുടെ സാന്നിധ്യം ഏറിവരുന്നതുമാണ്.”
◼ ചെറുപ്പത്തിൽത്തന്നെ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാനുള്ള വർധിച്ച സാധ്യത
അച്ഛനമ്മമാരിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിൽ കുട്ടികളുടെ മേലുള്ള മേൽനോട്ടം കുറവായിരിക്കാൻ ഇടയുള്ളതിനാൽ പലപ്പോഴും യുവജനങ്ങൾക്ക് അധാർമിക പെരുമാറ്റത്തിൽ ഉൾപ്പെടാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. അച്ഛനും അമ്മയും ചേർന്നു നൽകുന്ന പരിശീലനം ലഭിക്കുന്നില്ല എന്നതും ഇതിന് ഒരു കാരണമാകാം. “അച്ഛനില്ലാതെ വളരുന്ന പെൺകുട്ടികളുടെ ഇടയിൽ കൗമാരഗർഭധാരണ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ടര ഇരട്ടിയാണ്” എന്ന് ‘യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്’ പറയുന്നു.
◼ പട്ടിണി
അവിവാഹിത മാതൃത്വത്തിന്റെ സാധാരണ കണ്ടുവരുന്ന ഒരു ദുരന്ത മുഖമാണ് പട്ടിണി എന്ന് ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗക്കാരായ കൗമാരപ്രായക്കാരികളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. “50 ശതമാനത്തോളം പെൺകുട്ടികളും പിന്നീട് സ്കൂളിന്റെ പടി കാണുന്നതേയില്ല” എന്ന് ആ പഠനകർത്താക്കൾ പറയുന്നു. പല അവിവാഹിത അമ്മമാരും ഒടുവിൽ വേശ്യാവൃത്തിയുടെയും മയക്കുമരുന്നു വ്യാപാരത്തിന്റെയും പാത തേടുകയാണു പതിവ്. പാശ്ചാത്യ നാടുകളിലെ സ്ഥിതിയും അത്ര മെച്ചമൊന്നുമല്ല. ഐക്യനാടുകളിൽ, “[1995-ൽ] അച്ഛനും അമ്മയും ഉള്ള കുടുംബങ്ങളിലെ കുട്ടികളിൽ 10 ശതമാനം മാത്രം പട്ടിണിയിലായിരുന്നപ്പോൾ അമ്മ മാത്രമുള്ള കുടുംബങ്ങളിലെ 50 ശതമാനമാണ് പട്ടിണിയിൽ കഴിച്ചുകൂട്ടിയത്.”—അമേരിക്കയിലെ കുട്ടികൾ: ക്ഷേമത്തിന്റെ മുഖ്യ ദേശീയ സൂചകർ 1997 (ഇംഗ്ലീഷ്).
◼ അവഗണന
ഒറ്റയാൾ രക്ഷാകർതൃത്വം വഹിക്കുന്ന അമ്മമാർക്ക് നൂറു കൂട്ടം ചുമതലകൾ തോളിലേറ്റേണ്ടതായി വരുന്നു. അപ്പോൾ കുട്ടികളോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാൻ അവരിൽ പലർക്കും സാധിക്കാറില്ല. വിവാഹമോചിതയായ ഒരു സ്ത്രീ ഇപ്രകാരം പറയുന്നു: “ഞാൻ പകൽ ജോലിക്കു പോകുമായിരുന്നു, വൈകുന്നേരം പഠിക്കാനും. ഈ പരക്കം പാച്ചിലിനൊടുവിൽ തളർന്ന് അവശയായി വീട്ടിലെത്തുന്ന ഞാൻ കുട്ടികളുടെ കാര്യം പാടേ അവഗണിച്ചിരുന്നു.”
◼ മുറിപ്പെടുന്ന വികാരങ്ങൾ
മാതാപിതാക്കളുടെ വിവാഹമോചനത്തിനു ശേഷം കുട്ടികൾ പെട്ടെന്നു തന്നെ പുതിയ സാഹചര്യത്തോട് ഇണങ്ങിച്ചേരുന്നുവെന്നാണ് ചില വിദഗ്ധരുടെ അവകാശവാദം. എന്നാൽ അതിനു നേരെ വിപരീതമാണ്, ഡോ. ജൂഡിത്ത് വാലെർസ്റ്റൈനിനെ പോലുള്ള ഗവേഷകരുടെ അഭിപ്രായം. വിവാഹമോചനം കുരുന്നു മനസ്സുകളിൽ മായാത്ത മുറിപ്പാടുകൾ സൃഷ്ടിക്കുന്നുവെന്ന് അവർ കണ്ടെത്തിയിരിക്കുന്നു. “മാതാപിതാക്കൾ വിവാഹമോചിതരായിട്ട് പത്തു വർഷം കഴിഞ്ഞ, പത്തൊമ്പതിനും ഇരുപത്തൊമ്പതിനും ഇടയ്ക്കു പ്രായമുള്ള യുവതീയുവാക്കന്മാരിൽ മൂന്നിലൊന്നിനും പുരോഗതിയുടെ പടവുകൾ കയറണമെന്ന ആഗ്രഹം ഇല്ലെന്നുതന്നെ പറയാം. അവരുടെ ജീവിത നൗക ലക്ഷ്യമില്ലാതെ ഒഴുകി നീങ്ങുകയാണ്. . . . ആകെപ്പാടെ ഒരു നിസ്സഹായഭാവമാണ് അവർക്ക്.” (ഡോ. ജൂഡിത്ത് വാലെർസ്റ്റൈനും സാൻഡ്ര ബ്ലേക്സ്ലിയും എഴുതിയ സെക്കൻഡ് ചാൻസസിൽ നിന്ന്.) വിവാഹമോചിതരായ മാതാപിതാക്കളുടെ കുട്ടികളിൽ പൊതുവെ ആത്മാഭിമാനക്കുറവ്, വിഷാദം, കുറ്റവാസന എന്നിവ കണ്ടുവരുന്നു. കൂടാതെ ഇക്കൂട്ടരിൽ പലർക്കും മൂക്കിൻ തുമ്പത്താണ് അരിശം.
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “കുടുംബത്തിൽ, അനുകരിക്കാനും മാതൃകയാക്കാനും പറ്റിയ ഒരു പുരുഷന്റെ സാന്നിധ്യമില്ലാതെ വളർന്നുവരുന്ന ആൺകുട്ടികൾ പുരുഷത്വത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്തവരും ആത്മാഭിമാനക്കുറവ് ഉള്ളവരും ആണ്. പിന്നീട്, തങ്ങളുടെ ജീവിതത്തിൽ ഉറ്റ ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നതിലും അവർക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഒരു മാതൃകാ പുരുഷന്റെ സാന്നിധ്യമില്ലാതെ വളർന്നുവരുന്ന പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം കൗമാരത്തിലോ അതിനു ശേഷമോ ആയിരിക്കും പ്രശ്നങ്ങൾ തലപൊക്കുക. മുതിർന്നു കഴിയുമ്പോൾ വിജയപ്രദമായ സ്ത്രീ-പുരുഷ ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നതിലെ ബുദ്ധിമുട്ട് ഇക്കൂട്ടരുടെ പ്രശ്നങ്ങളിൽ പെടുന്നു.”