പിഴവുകളെക്കുറിച്ചുള്ള ശരിയായ വീക്ഷണം
മകളും കുടുംബവും തങ്ങളെ സന്ദർശിക്കാൻ വന്നത് ഡോണും മാർഗ്രറ്റും * വളരെ ആസ്വദിച്ചു. നേരത്തെ പാചകക്കാരിയായി ജോലി ചെയ്തിരുന്ന മാർഗ്രറ്റ് പേരക്കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണമായ മക്രോണിയും ചീസും ഉണ്ടാക്കി.
എല്ലാവരെയും ഇരുത്തിയശേഷം മാർഗ്രറ്റ് ഭക്ഷണം കൊണ്ടുവെച്ചു. അവർ മൂടി തുറന്നപ്പോൾ അമ്പരന്നുപോയി. പാത്രത്തിൽ സോസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലെ പ്രധാനചേരുവയായ മക്രോണി * ഇടാൻ മാർഗ്രറ്റ് മറന്നുപോയിരുന്നു.
ഏതു പ്രായത്തിലുള്ളവരോ എത്ര അനുഭവപരിചയമുള്ളവരോ ആണെങ്കിലും നമുക്കെല്ലാം പിഴവുകൾ സംഭവിക്കാറുണ്ട്. ചിന്തിക്കാതെ പറഞ്ഞ വാക്കോ ചെയ്യാൻ വിട്ടുപോയ ഒരു കാര്യമോ അല്ലെങ്കിൽ അസമയത്തു ചെയ്ത ഒരു നല്ല കാര്യമോ ഒക്കെയായിരിക്കാം അത്. ആകട്ടെ, എന്തുകൊണ്ടാണ് പിഴവുകൾ സംഭവിക്കുന്നത്? നമുക്ക് അവയെ എങ്ങനെ കൈകാര്യം ചെയ്യാം? അവ ഒഴിവാക്കാനാകുമോ? പിഴവുകളെക്കുറിച്ചുള്ള ശരിയായ വീക്ഷണമുണ്ടായിരിക്കുന്നത് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായിക്കും.
പിഴവുകൾ—നമ്മുടെയും ദൈവത്തിന്റെയും വീക്ഷണം
നമ്മൾ ഒരു കാര്യം ഭംഗിയായി ചെയ്തിട്ട് അതെപ്പറ്റി ആരെങ്കിലും നല്ലതു പറയുകയോ അതിനായി നന്ദി പറയുകയോ ചെയ്താൽ നമ്മൾ അത് അർഹിക്കുന്നതാണെന്നു കരുതി സസന്തോഷം സ്വീകരിക്കും. എന്നാൽ നമ്മൾ ഒരു പിഴവാണ് വരുത്തുന്നതെങ്കിൽ, അത് അറിയാതെ ചെയ്തതോ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാത്തതോ ആണെങ്കിലും, അതിന്റെ ഉത്തരവാദിത്വവും നമ്മൾ ഏറ്റെടുക്കേണ്ടതല്ലേ? അങ്ങനെ ചെയ്യുന്നതിന് താഴ്മ ആവശ്യമാണ്.
നമ്മൾ നമ്മളെക്കുറിച്ച് അതിരുകടന്ന് ചിന്തിക്കുന്നവരാണെങ്കിൽ ചെയ്ത തെറ്റിനെ നിസ്സാരീകരിക്കാനോ നിഷേധിക്കാനോ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും മേൽ കെട്ടിവെക്കാനോ ശ്രമിച്ചേക്കാം. അത്തരം പ്രവൃത്തികൾക്കു മിക്കപ്പോഴും മോശമായ ഫലങ്ങളായിരിക്കും ഉണ്ടാകുക. പ്രശ്നം പരിഹരിക്കാൻ സാധ്യതയില്ലെന്നു മാത്രമല്ല മറ്റുള്ളവരോടു ചെയ്യുന്ന അന്യായവുമായിരിക്കും അത്. ഒരുപക്ഷേ മറ്റൊരാളുടെ മേൽ കുറ്റം കെട്ടിവെക്കുന്നതിൽ ഇപ്പോൾ വിജയിച്ചാൽപോലും “നമ്മൾ ഓരോരുത്തരും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും” എന്ന കാര്യം ഓർക്കണം.—റോമർ 14:12.
നമുക്ക് പിഴവുകൾ പറ്റുമെന്നു ദൈവത്തിന് അറിയാം. ദൈവം “കരുണാമയനും അനുകമ്പയുള്ളവനും” ആണെന്നും ‘എപ്പോഴും കുറ്റം കണ്ടുപിടിക്കാൻ നോക്കുന്നില്ലെന്നും, എന്നെന്നും നീരസം വെച്ചുകൊണ്ടിരിക്കുന്നില്ലെന്നും’ ആണ് സങ്കീർത്തനപ്പുസ്തകത്തിൽ ദൈവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മനുഷ്യർ അപൂർണരായതുകൊണ്ട് ജന്മനാ ദൗർബല്യങ്ങൾ ഉള്ളവരാണെന്ന് ദൈവത്തിന് അറിയാം. “നാം പൊടിയെന്നു ദൈവം ഓർക്കുന്നു.”—സങ്കീർത്തനം 103:8, 9, 14.
കൂടാതെ, കരുണാമയനായ പിതാവെന്ന നിലയിൽ താൻ വീക്ഷിക്കുന്നതുപോലെ തന്റെ മക്കൾ അവരുടെ സ്വന്തം പിഴവുകളെ കാണണമെന്നു ദൈവം ആഗ്രഹിക്കുന്നു. (സങ്കീർത്തനം 130:3) മാത്രമല്ല നമ്മുടെയും മറ്റുള്ളവരുടെയും പിഴവുകൾ മെച്ചമായി കൈകാര്യം ചെയ്യാനുള്ള അനേകം മാർഗനിർദേശങ്ങൾ ദൈവം സ്നേഹപുരസ്സരം നൽകുകയും ചെയ്യുന്നു.
പിഴവുകൾ കൈകാര്യം ചെയ്യാനുള്ള വഴികൾ
മിക്കപ്പോഴും തെറ്റുകൾ സംഭവിച്ചുകഴിയുമ്പോൾ തങ്ങൾ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളുടെ കുറ്റം മറ്റാരുടെയെങ്കിലും മേൽ ആരോപിക്കാനോ അതിനെ ന്യായീകരിക്കാനോ ആയി ആളുകൾ വളരെയധികം സമയവും ഊർജ്ജവും ചെലവഴിക്കുന്നു. അതിനു പകരം നിങ്ങളുടെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒന്ന് ക്ഷമ ചോദിക്കാനോ തെറ്റു തിരുത്താനോ നിങ്ങളുടെ സുഹൃദ്ബന്ധം പുനഃസ്ഥാപിക്കാനോ എന്തുകൊണ്ട് ശ്രമിച്ചുകൂടാ? നിങ്ങൾ തെറ്റായ എന്തെങ്കിലും ചെയ്യുകയോ, നിങ്ങൾക്കുതന്നെയോ മറ്റൊരാൾക്കോ അസൗകര്യമുണ്ടാക്കുകയോ ഹാനിവരുത്തുകയോ ചെയ്തിട്ടുണ്ടോ? അത്തരം സാഹചര്യങ്ങളിൽ നിങ്ങളോടുതന്നെ ദേഷ്യം തോന്നുകയോ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ ചെയ്യുന്നതിനു പകരം പ്രശ്നം നേരെയാക്കാൻ നിങ്ങളാലാകുന്നത് ചെയ്യുന്നത് നല്ലതായിരിക്കില്ലേ? അതിനു പകരം പിഴവിന്റെ കാരണം മറ്റെന്തോ ആണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് സംഘർഷാവസ്ഥ നീളുന്നതിനും പ്രശ്നങ്ങൾ സങ്കീർണമാകുന്നതിനും
മാത്രമേ ഉപകരിക്കുകയുള്ളൂ. അതുകൊണ്ട് പിഴവുകളിൽനിന്ന് പഠിക്കുക, അവ നേരെയാക്കുക, മുന്നോട്ടു പോകുക.മറ്റാരെങ്കിലും പിഴവ് വരുത്തുന്നെങ്കിൽ അത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന രീതിയിൽ പ്രതികരിക്കാൻ നമുക്കു വളരെ എളുപ്പമാണ്. അത്തരം സാഹചര്യങ്ങളിൽ “മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുക്കണം” എന്ന യേശുവിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നത് എത്ര നന്നായിരിക്കും! (മത്തായി 7:12) നിങ്ങൾ ഒരു പിഴവ് വരുത്തുന്നെങ്കിൽ, അത് നിസ്സാരമാണെങ്കിൽക്കൂടി, മറ്റുള്ളവർ നിങ്ങളോട് അനുകമ്പയോടെ ഇടപെടണമെന്നും, അല്ലെങ്കിൽ ഒരുപക്ഷേ കണ്ടില്ലെന്നു വെക്കണമെന്നും ആയിരിക്കും നിങ്ങൾ ആഗ്രഹിക്കുക. അങ്ങനെയെങ്കിൽ മറ്റുള്ളവരോടും ഇതുപോലെ ദയ കാണിക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കില്ലേ?—എഫെസ്യർ 4:32.
പിഴവുകൾ കുറയ്ക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ
പിഴവുകൾ മിക്കപ്പോഴും “തെറ്റായ കണക്കുകൂട്ടലുകൾ, പരിമിതമായ ജ്ഞാനം, അശ്രദ്ധ” എന്നിവയിൽനിന്നാണ് ഉളവാകുന്നതെന്ന് ഒരു നിഘണ്ടു പറയുന്നു. പലരും മേൽപ്പറഞ്ഞിരിക്കുന്ന ഒന്നോ അതിലധികമോ സ്വഭാവസവിശേഷതകൾ മിക്കപ്പോഴും പ്രകടമാക്കുന്നുണ്ട് എന്നതാണ് വസ്തുത. എന്നിരുന്നാലും തിരുവെഴുത്തുകളിലെ ചില അടിസ്ഥാനതത്ത്വങ്ങൾ മനസ്സിലാക്കുന്നെങ്കിൽ പിഴവുകൾ കുറയ്ക്കാനാകും.
സുഭാഷിതങ്ങൾ 18:13-ൽ അത്തരമൊരു തത്ത്വം നമുക്കു കാണാനാകും. അവിടെ ഇങ്ങനെ വായിക്കുന്നു: “വസ്തുതകളെല്ലാം കേൾക്കുംമുമ്പേ മറുപടി പറയുന്നതു വിഡ്ഢിത്തം; അതു മനുഷ്യന് അപമാനകരം.” അതെ, കാര്യത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും കേൾക്കാൻ സമയമെടുക്കുകയും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നു ചിന്തിക്കുകയും ചെയ്യുന്നത് വീണ്ടുവിചാരമില്ലാതെ സംസാരിക്കുന്നതിൽനിന്നും എടുത്തുചാടി പ്രവർത്തിക്കുന്നതിൽനിന്നും നിങ്ങളെ തീർച്ചയായും തടയും. തെറ്റായ തീരുമാനങ്ങൾ എടുത്ത് കുഴപ്പങ്ങളിൽ ചെന്ന് ചാടാതിരിക്കേണ്ടതിന് കാര്യങ്ങൾക്ക് അടുത്ത ശ്രദ്ധ നൽകി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്.
“എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക” എന്നതാണ് മറ്റൊരു ബൈബിൾതത്ത്വം. (റോമർ 12:18) സമാധാനത്തിന്റെയും സഹകരണത്തിന്റെയും ഒരു ആത്മാവ് ഉളവാക്കാൻ നിങ്ങളാലാകുന്നത് ചെയ്യുക. മറ്റുള്ളവരോടൊപ്പം ജോലിചെയ്യുന്ന സന്ദർഭങ്ങളിൽ പരിഗണനയോടെയും ആദരവോടെയും ഇടപെടുക. അവരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുക. അത്തരമൊരു അന്തരീക്ഷത്തിൽ, ചിന്താശൂന്യമായ വാക്കുകളും പ്രവൃത്തികളും ക്ഷമിക്കാനോ വിട്ടുകളയാനോ എളുപ്പമാണ്. മാത്രമല്ല, ഗുരുതരമായ തെറ്റുകൾപോലും രമ്യമായി പരിഹരിക്കാൻ സാധിക്കും.
തെറ്റുകളിൽനിന്ന് എന്തെങ്കിലും പാഠം പഠിക്കാൻ ശ്രമിക്കുന്നതാണ് അടുത്ത പടി. നിങ്ങൾ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങൾക്ക് ഒഴികഴിവു കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം നല്ല ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ഒരു അവസരമായി അതിനെ കാണുക. കൂടുതൽ ക്ഷമ, ദയ, ആത്മനിയന്ത്രണം എന്നീ ഗുണങ്ങൾ നിങ്ങൾ കാണിക്കേണ്ടതുണ്ടായിരുന്നോ? സൗമ്യത, സമാധാനം, സ്നേഹം എന്നിവയെ സംബന്ധിച്ചോ? (ഗലാത്യർ 5:22, 23) കുറഞ്ഞപക്ഷം അടുത്ത പ്രാവശ്യം ഈ തെറ്റു സംഭവിക്കാതിരിക്കാൻ എന്തു ചെയ്യണമെന്നു നിങ്ങൾക്കു പഠിക്കാനാകും. നിങ്ങൾക്കു സംഭവിച്ചതിനെക്കുറിച്ച് അമിതമായി വിഷമിക്കരുത്, അതേസമയം തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക. ഇനി, സമ്മർദം ലഘൂകരിക്കാൻ നർമബോധത്തിന് കഴിയും.
ശരിയായ വീക്ഷണത്തിൽനിന്ന് പ്രയോജനം നേടാം
പിഴവുകളെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടായിരിക്കുന്നത്, തെറ്റുകൾ സംഭവിക്കുമ്പോൾ അവ മെച്ചമായി കൈകാര്യം ചെയ്യാൻ നമ്മളെ സഹായിക്കും. നമ്മൾ നമ്മളോടുതന്നെയും മറ്റുള്ളവരോടും സമാധാനത്തിലായിരിക്കും. തെറ്റുകളിൽനിന്ന് പാഠം പഠിക്കുന്നെങ്കിൽ നമ്മൾ ജ്ഞാനികളാകുകയും എല്ലാവർക്കും പ്രിയങ്കരരായിത്തീരുകയും ചെയ്യും. നമ്മുടെ മനസ്സ് ഇടിഞ്ഞുപോകുകയോ നമ്മളെക്കുറിച്ചുതന്നെ മോശമായി ചിന്തിക്കുകയോ ഇല്ല. ഇനി മറ്റുള്ളവരും തങ്ങളുടെ പിഴവുകൾക്ക് മാറ്റം വരുത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന സംഗതി ഓർക്കുന്നത് അവരുമായി നമ്മളെ കൂടുതൽ അടുപ്പിക്കും. ഏറ്റവും പ്രധാനമായി ദൈവസ്നേഹവും ഉദാരമായി ക്ഷമിക്കാനുള്ള ദൈവത്തിന്റെ മനസ്സൊരുക്കവും അനുകരിക്കാൻ നമ്മൾ പഠിക്കും.—കൊലോസ്യർ 3:13.
തുടക്കത്തിൽ നമ്മൾ കണ്ട മാർഗ്രറ്റിന് സംഭവിച്ച പിഴവ് ആ കുടുംബത്തിന്റെ സന്തോഷം കളഞ്ഞുകുളിച്ചോ? ഒരിക്കലുമില്ല. എല്ലാവരും ആ സംഭവത്തിലെ രസകരമായ വശമാണ് കണ്ടത്, പ്രത്യേകിച്ച് മാർഗ്രറ്റ്. മക്രോണി ഇല്ലെങ്കിൽ വേണ്ട സോസുണ്ടല്ലോ എന്നു ചിന്തിച്ചുകൊണ്ട് കുടുംബാംഗങ്ങൾ അത് ആസ്വദിച്ചുകഴിച്ചു. പിന്നീട് വർഷങ്ങൾക്കു ശേഷം, മുത്തശ്ശീമുത്തശ്ശന്മാർ തങ്ങൾക്കായി ഒരുക്കിയ വിരുന്നിനെയും മറ്റു മധുരസ്മരണകളെയും കുറിച്ച് പേരക്കുട്ടികൾ അവരുടെ മക്കളുമായി പങ്കുവെച്ചു. അങ്ങനെയല്ലേ വേണ്ടത്? കാരണം അത് വെറുമൊരു പിഴവ് മാത്രമായിരുന്നല്ലോ!