പഠനലേഖനം 43
യഹോവ തന്റെ സംഘടനയെ നയിക്കുന്നു
“‘സൈന്യത്താലോ ശക്തിയാലോ അല്ല, എന്റെ ആത്മാവിനാൽ’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.”—സെഖ. 4:6.
ഗീതം 40 നമ്മൾ ആർക്കുള്ളവർ?
പൂർവാവലോകനം a
1. സ്നാനമേറ്റതിനു ശേഷവും ക്രിസ്ത്യാനികൾ എന്തു ചെയ്യണം?
നിങ്ങൾ സ്നാനമേറ്റ ഒരാളാണോ? അങ്ങനെയെങ്കിൽ, യഹോവയിലുള്ള വിശ്വാസവും യഹോവയുടെ സംഘടനയോടു ചേർന്ന് പ്രവർത്തിക്കാനുള്ള മനസ്സൊരുക്കവും നിങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. b എങ്കിലും യഹോവയിലുള്ള വിശ്വാസം നിങ്ങൾ തുടർന്നും ശക്തമാക്കിക്കൊണ്ടിരിക്കണം. ഇക്കാലത്ത് യഹോവ ഉദ്ദേശിക്കുന്ന രീതിയിൽത്തന്നെയാണ് യഹോവയുടെ സംഘടന പ്രവർത്തിക്കുന്നത് എന്ന വിശ്വാസവും നിങ്ങൾ കരുത്തുറ്റതാക്കണം.
2-3. യഹോവ ഇന്ന് തന്റെ സംഘടനയെ നയിക്കുന്നത് എങ്ങനെയാണ്, ദൈവത്തിന്റെ സംഘടനയിൽ നമുക്ക് കാണാൻ കഴിയുന്ന യഹോവയുടെ ചില വ്യക്തിത്വസവിശേഷതകൾ ഏതൊക്കെയാണ്?
2 തന്റെ വ്യക്തിത്വത്തിനും ഉദ്ദേശ്യത്തിനും നിലവാരങ്ങൾക്കും ചേർച്ചയിലാണ് യഹോവ ഇക്കാലത്ത് തന്റെ സംഘടനയെ നയിക്കുന്നത്. നമുക്ക് ഇപ്പോൾ യഹോവയുടെ വ്യക്തിത്വത്തിന്റെ മൂന്ന് സവിശേഷതകൾ എങ്ങനെയാണ് സംഘടനയിൽ കാണാനാകുന്നതെന്ന് നോക്കാം.
3 ഒന്ന്, “ദൈവം പക്ഷപാതമുള്ളവനല്ല.” (പ്രവൃ. 10:34) തന്റെ മകനെ എല്ലാവർക്കുംവേണ്ടി “ഒരു മോചനവിലയായി” തരാൻ സ്നേഹം യഹോവയെ പ്രചോദിപ്പിച്ചു. (1 തിമൊ. 2:6; യോഹ. 3:16) കൂടാതെ, ശ്രദ്ധിക്കുന്ന എല്ലാവരെയും സന്തോഷവാർത്ത അറിയിക്കാൻ യഹോവ തന്റെ ജനത്തെ ഉപയോഗിക്കുന്നു. അങ്ങനെ മോചനവിലയിൽനിന്ന് പ്രയോജനം നേടാൻ കഴിയുന്നത്ര ആളുകളെ സഹായിക്കുന്നു. രണ്ട്, യഹോവ ക്രമത്തിന്റെയും സമാധാനത്തിന്റെയും ദൈവമാണ്. (1 കൊരി. 14:33, 40) അതുകൊണ്ട് യഹോവയുടെ ആരാധകർ നല്ല ചിട്ടയും സമാധാനവും ഉള്ള ഒരു കൂട്ടമായി യഹോവയെ സേവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മൂന്ന്, യഹോവ “മഹാനായ ഉപദേഷ്ടാവ്” ആണ്. (യശ. 30:20, 21) അതുകൊണ്ട് സഭയിലും ശുശ്രൂഷയിലും ദൈവവചനം പഠിപ്പിക്കാൻ ദൈവത്തിന്റെ സംഘടന കഠിനശ്രമം ചെയ്യും. യഹോവയുടെ വ്യക്തിത്വത്തിന്റെ ഈ മൂന്നു സവിശേഷതകൾ എങ്ങനെയാണ് ആദ്യകാല ക്രിസ്തീയസഭയിൽ കാണാൻ കഴിഞ്ഞത്? ഈ ആധുനികകാലത്ത് എങ്ങനെയാണ് അത് പ്രകടമായിരിക്കുന്നത്? യഹോവയുടെ സംഘടനയോടു ചേർന്ന് പ്രവർത്തിക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ എങ്ങനെ സഹായിക്കും?
ദൈവം പക്ഷപാതമുള്ളവനല്ല
4. പ്രവൃത്തികൾ 1:8 അനുസരിച്ച്, യേശു അനുഗാമികളോട് എന്തു കല്പിച്ചു, അത് ചെയ്യാൻ അവർക്ക് എന്തു സഹായം ലഭിക്കുമായിരുന്നു?
4 ഒന്നാം നൂറ്റാണ്ടിൽ. എല്ലാ മനുഷ്യർക്കും പ്രത്യാശ നൽകുന്നതായിരുന്നു യേശു അറിയിച്ച സന്ദേശം. (ലൂക്കോ. 4:43) താൻ തുടങ്ങിവെച്ച കാര്യം തുടരാനും “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെ” സാക്ഷ്യം കൊടുക്കാനും യേശു അനുഗാമികളോടു കല്പിച്ചു. (പ്രവൃത്തികൾ 1:8 വായിക്കുക.) അവർക്ക് സ്വന്തം ശക്തികൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു വേലയായിരുന്നോ അത്? അല്ല, അവർക്ക് യേശു വാഗ്ദാനം ചെയ്ത ‘സഹായിയുടെ,’ പരിശുദ്ധാത്മാവിന്റെ, സഹായം വേണമായിരുന്നു.—യോഹ. 14:26; സെഖ. 4:6.
5-6. പരിശുദ്ധാത്മാവ് ഏതെല്ലാം വിധങ്ങളിലാണ് യേശുവിന്റെ അനുഗാമികളെ സഹായിച്ചത്?
5 എ.ഡി. 33-ലെ പെന്തിക്കോസ്തിൽ യേശുവിന്റെ അനുഗാമികൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചു. പരിശുദ്ധാത്മാവിന്റെ സഹായം കിട്ടിയപ്പോൾ ഉടനെതന്നെ അവർ പ്രസംഗപ്രവർത്തനം തുടങ്ങി. ചുരുങ്ങിയ സമയംകൊണ്ട് ആയിരക്കണക്കിനാളുകൾ സന്തോഷവാർത്ത സ്വീകരിച്ചു. (പ്രവൃ. 2:41; 4:4) എതിർപ്പുകൾ ഉണ്ടായപ്പോൾ അവർ പേടിച്ച് പ്രസംഗപ്രവർത്തനം നിറുത്തിക്കളഞ്ഞില്ല. പകരം സഹായത്തിനായി യഹോവയിലേക്ക് നോക്കി. അവർ ഇങ്ങനെ പ്രാർഥിച്ചു: “അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ടിരിക്കാൻ അങ്ങയുടെ ഈ ദാസരെ പ്രാപ്തരാക്കേണമേ.” അപ്പോൾ അവർ പരിശുദ്ധാത്മാവ് നിറഞ്ഞവരായി തുടർന്നും “ദൈവവചനം ധൈര്യത്തോടെ സംസാരിച്ചു.”—പ്രവൃ. 4:18-20, 29, 31.
6 ആ ആദ്യകാല ശിഷ്യന്മാർക്ക് വേറെയും തടസ്സങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, അക്കാലത്ത് തിരുവെഴുത്തുകളുടെ പകർപ്പുകൾ അത്ര ലഭ്യമല്ലായിരുന്നു. ഇന്നുള്ളതുപോലെ ബൈബിൾ പഠിക്കാൻ സഹായിക്കുന്ന പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ഒന്നും അന്നില്ലായിരുന്നു. സന്തോഷവാർത്ത അറിയിക്കേണ്ടതാണെങ്കിലോ, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരോട്! ഈ പ്രതിസന്ധികളൊക്കെ ഉണ്ടായിരുന്നെങ്കിലും അസാധ്യമെന്നു തോന്നിയ കാര്യം തീക്ഷ്ണതയുള്ള ആ ശിഷ്യന്മാരെക്കൊണ്ട് സാധിച്ചു. ഏതാനും ദശകങ്ങൾക്കുള്ളിൽ അവർ “ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും” സന്തോഷവാർത്ത പ്രസംഗിച്ചു.—കൊലോ. 1:6, 23.
7. തങ്ങൾ പ്രസംഗപ്രവർത്തനം ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ടെന്ന് 100-ലധികം വർഷം മുമ്പ് ജീവിച്ചിരുന്ന യഹോവയുടെ ദാസർ എങ്ങനെയാണ് മനസ്സിലാക്കിയത്, അത് മനസ്സിലാക്കിയപ്പോൾ അവർ എന്തു ചെയ്തു?
7 ആധുനികകാലത്ത്. യഹോവ ഇപ്പോഴും തന്റെ ജനത്തെ വഴിനയിക്കുകയും തന്റെ ഇഷ്ടം ചെയ്യാനുള്ള ശക്തി അവർക്ക് കൊടുക്കുകയും ചെയ്യുന്നു. മുഖ്യമായും പരിശുദ്ധാത്മാവിനാൽ പ്രചോദിതമായി എഴുതിയ ദൈവവചനത്തിലൂടെയാണ് യഹോവ തന്റെ ജനത്തെ വഴിനയിക്കുന്നത്. യേശുവിന്റെ ശുശ്രൂഷയെയും താൻ തുടങ്ങിവെച്ച വേല ശിഷ്യന്മാർ തുടരണമെന്നുള്ള യേശുവിന്റെ കല്പനയെയും കുറിച്ച് നമ്മൾ അതിൽ വായിക്കുന്നു. (മത്താ. 28:19, 20) 100-ലധികം വർഷങ്ങൾക്കു മുമ്പുതന്നെ വീക്ഷാഗോപുരത്തിന്റെ 1881 ജൂലൈ ലക്കം ഇങ്ങനെ പറഞ്ഞിരുന്നു: “നമ്മളെ വിളിച്ചിരിക്കുന്നതും അഭിഷേകം ചെയ്തിരിക്കുന്നതും തേജസ്സ് ലഭിക്കാനും സമ്പത്ത് വാരിക്കൂട്ടാനും അല്ല, പകരം നമുക്കുള്ളതും നമ്മളെത്തന്നെയും കൊടുക്കാനും സന്തോഷവാർത്ത പ്രസംഗിക്കാനും ആണ്.” 1919-ൽ പ്രസിദ്ധീകരിച്ച വേല ഭരമേൽപ്പിക്കപ്പെട്ടവർക്ക് (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം ഇങ്ങനെ പറഞ്ഞു: “വേല അതിബൃഹത്തായി തോന്നിയേക്കാം, എന്നാൽ അത് കർത്താവിന്റെ വേലയാണ്. അവന്റെ ശക്തിയാൽ നാം അത് നിർവഹിക്കും.” ആദ്യകാല ക്രിസ്ത്യാനികളെപ്പോലെ ഈ സഹോദരന്മാരും ധൈര്യത്തോടെ പ്രസംഗപ്രവർത്തനത്തിനായി തങ്ങളെത്തന്നെ അർപ്പിച്ചു. എല്ലാ തരം ആളുകളോടും പ്രസംഗിക്കാൻ പരിശുദ്ധാത്മാവ് തങ്ങളെ സഹായിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. അതേ ഉറപ്പ് ഇന്ന് നമുക്കും ഉണ്ട്.
8-9. സന്തോഷവാർത്ത പ്രസംഗിക്കാൻ യഹോവയുടെ സംഘടന ഏതെല്ലാം രീതികൾ ഉപയോഗിച്ചിട്ടുണ്ട്?
8 സന്തോഷവാർത്ത എല്ലായിടത്തും എത്തിക്കാൻ ഏറ്റവും നല്ല ഉപകരണങ്ങളാണ് യഹോവയുടെ സംഘടന ഉപയോഗിച്ചിരിക്കുന്നത്. അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ അതിന്റെ ഭാഗമാണ്. മുൻകാലങ്ങളിൽ “സൃഷ്ടിപ്പിൻ ഫോട്ടോ-നാടകവും” ഗ്രാമഫോണുകളും സൗണ്ട് കാറുകളും റേഡിയോ പ്രക്ഷേപണവും ഉപയോഗിച്ചിട്ടുണ്ട്. ഇനി, ഈ അടുത്ത കാലത്ത് കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെ ഉപയോഗിച്ച് നമ്മൾ അത് ചെയ്യുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പരിഭാഷാജോലിയാണ് ദൈവത്തിന്റെ സംഘടന ഏറ്റെടുത്തിരിക്കുന്നത്. എല്ലാ തരം ആളുകളും അവരുടെ സ്വന്തം ഭാഷയിൽ സന്തോഷവാർത്ത കേൾക്കുന്നതിനാണ് അത്. യഹോവയ്ക്കു പക്ഷപാതമില്ല. സന്തോഷവാർത്ത “എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും” അറിയിക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (വെളി. 14:6, 7) അതെ, എല്ലാവരും സന്തോഷവാർത്ത കേൾക്കാൻ യഹോവ ആഗ്രഹിക്കുന്നു.
9 നേരിൽ കണ്ട് സംസാരിക്കാൻ സാധിക്കാത്ത ആളുകളെ നമ്മൾ എങ്ങനെ സന്തോഷവാർത്ത അറിയിക്കും? ഉദാഹരണത്തിന്, പുറത്തുനിന്ന് ആളുകൾക്ക് കയറാൻ അനുവാദമില്ലാത്ത അപ്പാർട്ടുമെന്റുകളിലൊക്കെ താമസിക്കുന്നവരോട്. അങ്ങനെയുള്ളവരെ മനസ്സിൽക്കണ്ടുകൊണ്ടാണ് പരസ്യസാക്ഷീകരണത്തിന്റെ വ്യത്യസ്തരീതികൾ യഹോവയുടെ സംഘടന തുടങ്ങിയത്. ഉദാഹരണത്തിന്, 2001-ൽ ഭരണസംഘം ഫ്രാൻസിൽ സാഹിത്യകൈവണ്ടിപോലുള്ള പ്രദർശനോപാധികൾ ഉപയോഗിച്ച് സാക്ഷീകരിക്കാനുള്ള അനുമതി കൊടുത്തു. പിന്നീട് മറ്റു സ്ഥലങ്ങളിലും ഈ രീതി ഉപയോഗിക്കാൻ തുടങ്ങി. അതിന് നല്ല പ്രതികരണവും ലഭിച്ചു. 2011-ൽ ന്യൂയോർക്ക് പട്ടണത്തിന്റെ തിരക്കേറിയ ഭാഗങ്ങളിൽ ഒരു പുതിയ സാക്ഷീകരണരീതി ആരംഭിച്ചു. ആദ്യത്തെ വർഷംതന്നെ 1,02,129 പുസ്തകങ്ങളും 68,911 മാസികകളും കൊടുക്കാനായി. 4,701 ആളുകൾ ബൈബിൾ പഠിക്കാൻ താത്പര്യം കാണിച്ചു. ഈ പ്രവർത്തനത്തെ പരിശുദ്ധാത്മാവ് വഴിനയിച്ചു എന്നതിന്റെ തെളിവല്ലേ ഇത്? അങ്ങനെ ലോകമെമ്പാടും പ്രദർശനോപാധികൾ ഉപയോഗിച്ചുള്ള സാക്ഷീകരണരീതിക്കു ഭരണസംഘം അനുമതി കൊടുത്തു.
10. പ്രസംഗപ്രവർത്തനത്തിൽ പുരോഗതി പ്രാപിക്കാൻ നമുക്ക് എന്തു ചെയ്യാം?
10 നിങ്ങൾക്ക് എന്തു ചെയ്യാം? ക്രിസ്തീയയോഗങ്ങളിലൂടെ യഹോവ നമ്മളെ പരിശീലിപ്പിക്കുമ്പോൾ അത് നന്നായി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ വയൽസേവനഗ്രൂപ്പിനോടൊപ്പം ക്രമമായി ശുശ്രൂഷയിൽ ഏർപ്പെടുക. നിങ്ങൾക്ക് പുരോഗമിക്കാൻ ആവശ്യമായ സഹായം അവിടെനിന്ന് ലഭിക്കും. അവരുടെ നല്ല മാതൃകകൾ നിങ്ങൾക്ക് ഒരു പ്രോത്സാഹനവുമായിരിക്കും. എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും പ്രസംഗപ്രവർത്തനത്തിൽ തുടരണം. ഓർക്കുക, നമ്മൾ ചെയ്യുന്നത് ദൈവത്തിന്റെ വേലയാണ്. ആധാരവാക്യം പറയുന്നതുപോലെ, നമ്മുടെ ശക്തിയാലല്ല ദൈവത്തിന്റെ ആത്മാവിനാൽ നമ്മൾ അത് നിറവേറ്റും.—സെഖ. 4:6.
യഹോവ ക്രമത്തിന്റെയും സമാധാനത്തിന്റെയും ദൈവമാണ്
11. ദൈവജനത്തെ സംഘടിതമായി നിറുത്തുന്നതിനു ഭരണസംഘം എങ്ങനെയാണ് ഐക്യത്തോടെ പ്രവർത്തിച്ചത്?
11 ഒന്നാം നൂറ്റാണ്ടിൽ. ദൈവജനത്തിന് ഇടയിൽ കാര്യങ്ങളെല്ലാം ഉചിതമായി നടക്കാനും അവർക്കിടയിൽ സമാധാനം ഉണ്ടായിരിക്കാനും യരുശലേമിലെ ഭരണസംഘം ഒത്തൊരുമയോടെ പ്രവർത്തിച്ചു. (പ്രവൃ. 2:42) ഉദാഹരണത്തിന്, എ.ഡി. 49-ൽ പരിച്ഛേദന സംബന്ധിച്ച പ്രശ്നം അങ്ങേയറ്റം വഷളായപ്പോൾ ഭരണസംഘം പരിശുദ്ധാത്മാവിന്റെ സഹായത്താൽ അത് കൈകാര്യം ചെയ്തു. ഈ പ്രശ്നം പരിഹരിക്കാതെ വിട്ടിരുന്നെങ്കിൽ സഹോദരങ്ങൾക്കിടയിലെ ഭിന്നത അങ്ങനെതന്നെ തുടർന്നേനെ, പ്രസംഗപ്രവർത്തനത്തിന്റെ പുരോഗതിയെയും അത് തടസ്സപ്പെടുത്തിയേനെ. അപ്പോസ്തലന്മാരും യരുശലേമിലെ മൂപ്പന്മാരും ജൂതന്മാരായിരുന്നെങ്കിലും ഈ തീരുമാനം എടുത്തപ്പോൾ ജൂതപാരമ്പര്യമോ അതിനുവേണ്ടി ശക്തമായി വാദിച്ചിരുന്നവരോ ഒന്നും അവരെ സ്വാധീനിച്ചില്ല. പകരം ശരിയായ തീരുമാനം എടുക്കാനുള്ള സഹായത്തിനായി അവർ ദൈവവചനത്തിലേക്കും പരിശുദ്ധാത്മാവിലേക്കും തിരിഞ്ഞു. (പ്രവൃ. 15:1, 2, 5-20, 28) എന്തായിരുന്നു ഫലം? യഹോവ അവരുടെ തീരുമാനത്തെ അനുഗ്രഹിച്ചു. സഭയിൽ സമാധാനവും ഐക്യവും ഉണ്ടായി. പ്രസംഗപ്രവർത്തനം കൂടുതൽ ഊർജിതമാകുകയും ചെയ്തു.—പ്രവൃ. 15:30, 31; 16:4, 5.
12. ഇക്കാലത്തും യഹോവയുടെ സംഘടനയിൽ ക്രമവും സമാധാനവും ഉണ്ടെന്നുള്ളതിന് എന്ത് തെളിവുണ്ട്?
12 ആധുനികകാലത്ത്. യഹോവയുടെ ജനത്തിന് ഇടയിൽ കാര്യങ്ങളെല്ലാം ചിട്ടയോടെയും ക്രമമായും നടക്കാനും അവർക്കിടയിലെ സമാധാനം നിലനിറുത്താനും യഹോവയുടെ സംഘടന തുടക്കംമുതൽത്തന്നെ നല്ല ശ്രമം ചെയ്തിരുന്നു. 1895 നവംബർ 15 ലക്കം സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തു സാന്നിധ്യഘോഷകനും മാസികയിൽ 1 കൊരിന്ത്യർ 14:40-നെ അടിസ്ഥാനമാക്കി “മാന്യമായും ചിട്ടയോടെയും” എന്ന ഒരു ലേഖനം വന്നിരുന്നു. അതിൽ ഇങ്ങനെ പറഞ്ഞു: “സഭയിൽ ക്രമവും ചിട്ടയും ഉണ്ടായിരിക്കുന്നതിനെക്കുറിച്ച് അപ്പോസ്തലന്മാർ ആ ആദ്യകാല ക്രിസ്ത്യാനികൾക്ക് ധാരാളം കാര്യങ്ങൾ എഴുതി. . . . ‘നമ്മളെ പഠിപ്പിക്കാൻവേണ്ടി മുമ്പ് എഴുതിയിട്ടുള്ള കാര്യങ്ങൾക്കെല്ലാം’ അടുത്ത ശ്രദ്ധ കൊടുക്കേണ്ടത് വളരെ പ്രധാനമാണ്.” (റോമ. 15:4) യഹോവയുടെ ജനത്തിന് ഇടയിലെ ക്രമത്തിനും ചിട്ടയ്ക്കും ഒരു ഉദാഹരണം നോക്കാം. നിങ്ങൾ മറ്റൊരു സഭയിൽ അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് ഒരു മീറ്റിങ്ങിന് പോകുന്നു എന്ന് വിചാരിക്കുക. അവിടെ വീക്ഷാഗോപുരപഠനം നടക്കുമ്പോൾ ചർച്ച എങ്ങനെയാണ് നടക്കുന്നതെന്നോ ഏത് ലേഖനമാണ് പഠിക്കുന്നതെന്നോ നിങ്ങൾക്ക് ഒരു സംശയവും കാണില്ല. നിങ്ങൾക്ക് സ്വന്തം സഭയിലായിരിക്കുന്നതുപോലെയേ തോന്നൂ. അതെ, ആദ്യകാല ക്രിസ്ത്യാനികളുടെ മുഖമുദ്രയായിരുന്ന ക്രമവും ചിട്ടയും സമാധാനവും ഇക്കാലത്തും യഹോവയുടെ സംഘടനയിൽ കാണാനാകും. ദൈവാത്മാവിനു മാത്രമേ ദൈവജനത്തെ ഈ വിധത്തിൽ ഒറ്റക്കെട്ടായി നിറുത്താൻ കഴിയുകയുള്ളൂ.—സെഫ. 3:9, അടിക്കുറിപ്പ്.
13. യാക്കോബ് 3:17 മനസ്സിൽപ്പിടിച്ചുകൊണ്ട് നമ്മൾ ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കണം?
13 നിങ്ങൾക്ക് എന്തു ചെയ്യാം? നമ്മളെ “ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” യഹോവ പ്രതീക്ഷിക്കുന്നു. (എഫെ. 4:1-3) അതുകൊണ്ട് നിങ്ങളോടുതന്നെ ചോദിക്കുക: ‘സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകുന്ന രീതിയിലാണോ ഞാൻ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്? നേതൃത്വം എടുക്കുന്നവരെ ഞാൻ എപ്പോഴും അനുസരിക്കുന്നുണ്ടോ?’ കൂടാതെ, എല്ലാവരും, പ്രത്യേകിച്ച് സഭയിൽ ഉത്തരവാദിത്വങ്ങൾ ഉള്ളവർ, ഇങ്ങനെ ചോദിക്കണം: ‘ഞാൻ ആശ്രയിക്കാൻ കൊള്ളാവുന്ന ഒരാളാണോ? കൃത്യനിഷ്ഠയും സഹായമനസ്കതയും ഉള്ള ഒരാളാണോ ഞാൻ?’ (യാക്കോബ് 3:17 വായിക്കുക.) ഇക്കാര്യത്തിൽ നിങ്ങൾക്ക് ഇനിയും മെച്ചപ്പെടാനുണ്ട് എന്നു തോന്നുന്നെങ്കിൽ പരിശുദ്ധാത്മാവിന്റെ സഹായത്തിനുവേണ്ടി പ്രാർഥിക്കുക. നിങ്ങളുടെ വ്യക്തിത്വവും പെരുമാറ്റവും രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കുക. നിങ്ങൾ എത്രയധികം അങ്ങനെ ചെയ്യുന്നുവോ അത്രയധികം സഹോദരങ്ങൾ നിങ്ങളെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യും.
യഹോവ നമ്മളെ പഠിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു
14. കൊലോസ്യർ 1:9, 10 പറയുന്നതുപോലെ ആദ്യകാലക്രിസ്ത്യാനികൾക്ക് എന്ത് ആവശ്യമായിരുന്നു, അത് യഹോവ അവർക്ക് എങ്ങനെയാണു കൊടുത്തത്?
14 ഒന്നാം നൂറ്റാണ്ടിൽ. തന്റെ ജനത്തെ പഠിപ്പിക്കാൻ യഹോവയ്ക്ക് ഇഷ്ടമാണ്. (സങ്കീ. 32:8) നമ്മൾ തന്നെ അറിയാനും സ്നേഹിക്കാനും തന്റെ പ്രിയമക്കളായി എന്നും ജീവിക്കാനും ആണ് യഹോവ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി യഹോവ നമ്മളെ ഇന്ന് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ ഇതൊന്നും സാധ്യമാകില്ലെന്ന് യഹോവയ്ക്ക് അറിയാം. (യോഹ. 17:3) ഒന്നാം നൂറ്റാണ്ടിൽ തന്റെ ജനത്തെ പഠിപ്പിക്കാൻ യഹോവ ക്രിസ്തീയസഭയെ ഉപയോഗിച്ചു. (കൊലോസ്യർ 1:9, 10 വായിക്കുക.) യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് എന്ന ‘സഹായിക്ക്’ ഇക്കാര്യത്തിൽ വലിയൊരു പങ്കുണ്ടായിരുന്നു. (യോഹ. 14:16) ദൈവവചനത്തെക്കുറിച്ചുള്ള ഗ്രാഹ്യം നേടാൻ പരിശുദ്ധാത്മാവ് ശിഷ്യന്മാരെ സഹായിച്ചു. യേശു പറഞ്ഞതും ചെയ്തതും ആയ പല കാര്യങ്ങൾ പരിശുദ്ധാത്മാവ് അവരുടെ ഓർമയിലേക്ക് കൊണ്ടുവരുകയും ചെയ്തു. അതാണ് പിന്നീട് സുവിശേഷങ്ങളായി രേഖപ്പെടുത്തിയത്. അങ്ങനെയെല്ലാം ലഭിച്ച അറിവ് ആദ്യകാല ക്രിസ്ത്യാനികളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ദൈവത്തോടും ദൈവപുത്രനോടും പരസ്പരവും ഉള്ള സ്നേഹം വർധിപ്പിക്കുകയും ചെയ്തു.
15. യശയ്യ 2:2, 3-ലെ പ്രവചനം യഹോവ ഏതെല്ലാം വിധങ്ങളിൽ നിറവേറ്റിയിരിക്കുന്നതായി നിങ്ങൾക്കു കാണാൻ കഴിഞ്ഞിരിക്കുന്നു?
15 ആധുനികകാലത്ത്. “അവസാനനാളുകളിൽ” തന്റെ വഴികളെക്കുറിച്ച് പഠിക്കാനായി എല്ലാ ജനതകളിൽനിന്നുമുള്ള ആളുകൾ തന്റെ പർവതത്തിലേക്ക് വരുമെന്ന്, അതായത് സത്യാരാധകരോടൊപ്പം ചേരുമെന്ന്, യഹോവ മുൻകൂട്ടിപ്പറഞ്ഞു. (യശയ്യ 2:2, 3 വായിക്കുക.) ആ പ്രവചനം നടക്കുന്നത് നമുക്ക് ഇന്ന് സ്വന്തം കണ്ണുകൊണ്ട് കാണാൻ കഴിയുന്നില്ലേ? ഇന്ന് സത്യാരാധന അശുദ്ധമായ എല്ലാ ആരാധനാരീതികളെക്കാളും ഉന്നതമായിരിക്കുന്നു. (യശ. 25:6) ഇനി ‘വിശ്വസ്തനും വിവേകിയും ആയ അടിമയിലൂടെ’ യഹോവ തരുന്ന ആത്മീയവിരുന്നിനെക്കുറിച്ചും ചിന്തിക്കുക. അതിന്റെ അളവുകൊണ്ട് മാത്രമല്ല വൈവിധ്യംകൊണ്ടും യഹോവ നമ്മളെ അതിശയിപ്പിക്കുന്നു. ലേഖനങ്ങളും പ്രസംഗങ്ങളും തുടങ്ങി കാർട്ടൂണുകളും വീഡിയോകളും വരെയുള്ള വിഭവങ്ങൾ യഹോവ ആ വിരുന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (മത്താ. 24:45) ഇതെല്ലാം കാണുമ്പോൾ ഇയ്യോബിന്റെ സുഹൃത്തായ എലീഹു പറഞ്ഞ ഈ വാക്കുകൾ നമ്മുടെ മനസ്സിലേക്ക് വരുന്നില്ലേ: “ദൈവത്തെപ്പോലെ ഒരു അധ്യാപകൻ വേറെയുണ്ടോ?”—ഇയ്യോ. 36:22.
16. ആത്മീയമായി വളരാൻ നിങ്ങൾക്ക് എന്ത് ചെയ്യാം?
16 നിങ്ങൾക്ക് എന്തു ചെയ്യാം? ദൈവവചനത്തിൽനിന്ന് വായിക്കുകയും പഠിക്കുകയും ചെയ്യുന്ന കാര്യങ്ങൾക്ക് ചേർച്ചയിൽ പ്രവർത്തിക്കുന്നതിനു ദൈവാത്മാവിന് നമ്മളെ സഹായിക്കാൻ കഴിയും. “യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ. ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും. അങ്ങയുടെ പേര് ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ” എന്നു യാചിച്ച സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പ്രാർഥിക്കാം. (സങ്കീ. 86:11) നമ്മൾ കണ്ടതുപോലെ യഹോവ തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും നമുക്ക് സമൃദ്ധമായ ആത്മീയാഹാരം തന്നുകൊണ്ടിരിക്കുകയാണ്. അത് മുടക്കംകൂടാതെ ഭക്ഷിക്കുക. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം ഓർക്കണം. അറിവ് നേടുക എന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം. സത്യം നിങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ പതിയണം. ജീവിതത്തിലെ ഓരോ സാഹചര്യത്തിലും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. അതിന് യഹോവയുടെ ആത്മാവ് നിങ്ങളെ സഹായിക്കും. അതോടൊപ്പം നിങ്ങളുടെ സഹോദരങ്ങളെ നിങ്ങൾ പ്രോത്സാഹിപ്പിക്കുകയും വേണം. (എബ്രാ. 10:24, 25) എന്തുകൊണ്ട്? കാരണം അവർ നിങ്ങളുടെ ആത്മീയകുടുംബത്തിന്റെ ഭാഗമാണ്. മീറ്റിങ്ങുകളിൽ പ്രചോദനം പകരുന്ന ഉത്തരങ്ങൾ പറയാനും എന്തെങ്കിലും നിയമനം ഉള്ളപ്പോൾ അത് ഏറ്റവും നന്നായി ചെയ്യാനും ഉള്ള സഹായത്തിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുക. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ യഹോവയുടെയും ദൈവപുത്രന്റെയും വിലയേറിയ “ആടുകളെ” സ്നേഹിക്കുന്നെന്ന് നമ്മൾ അവർക്ക് കാണിച്ചുകൊടുക്കുകയാണ്.—യോഹ. 21:15-17.
17. യഹോവയുടെ സംഘടനയെ വിശ്വസ്തമായി പിന്തുണയ്ക്കുന്നെന്ന് നിങ്ങൾക്ക് ഏതെല്ലാം വിധങ്ങളിൽ കാണിക്കാം?
17 കുറച്ച് കഴിയുമ്പോൾ ദൈവാത്മാവ് നയിക്കുന്ന സംഘടന മാത്രമേ ഭൂമിയിൽ കാണുകയുള്ളൂ. അതുകൊണ്ട് യഹോവയുടെ സംഘടനയോട് ചേർന്നുനിൽക്കുക. പക്ഷപാതമില്ലാതെ, കണ്ടുമുട്ടുന്ന എല്ലാവരെയും സന്തോഷവാർത്ത അറിയിക്കുക. അങ്ങനെ യഹോവയെപ്പോലെ നിങ്ങളും എല്ലാ തരം ആളുകളെയും സ്നേഹിക്കുന്നുണ്ടെന്ന് തെളിയിക്കുക. സഭയുടെ ഐക്യം മുൻനിറുത്തി എപ്പോഴും പ്രവർത്തിക്കുക. ആ വിധത്തിൽ ക്രമത്തിന്റെയും സമാധാനത്തിന്റെയും ദൈവത്തെ അനുകരിക്കുക. ഇനി, യഹോവ തരുന്ന ആത്മീയവിരുന്ന് പൂർണമായി പ്രയോജനപ്പെടുത്തുക. അങ്ങനെ നിങ്ങളുടെ മഹാനായ ഉപദേഷ്ടാവിനെ നിങ്ങൾ ശ്രദ്ധിക്കുന്നെന്ന് തെളിയിക്കുക. അങ്ങനെയെങ്കിൽ സാത്താന്റെ ഈ ലോകത്തിനു തിരശ്ശീല വീഴുമ്പോഴും നിങ്ങൾ ഭയപ്പെടില്ല. പകരം, യഹോവയുടെ സംഘടനയുടെകൂടെ വിശ്വസ്തമായി സേവിക്കുന്ന മറ്റുള്ളവരോടൊപ്പം നിങ്ങളും തലയുയർത്തിപ്പിടിച്ച് നിൽക്കും.
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം
a യഹോവ ഇന്ന് തന്റെ സംഘടനയെ നയിക്കുന്നു എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഈ ലേഖനത്തിൽ ആദ്യകാലത്തെ ക്രിസ്തീയസഭയെ യഹോവ എങ്ങനെയാണ് മുന്നോട്ട് നയിച്ചതെന്നും ഇക്കാലത്തെ തന്റെ ജനത്തെ ശരിയായ വഴിയിലൂടെ എങ്ങനെയാണു നയിക്കുന്നതെന്നും നമ്മൾ ചിന്തിക്കും.
b പദപ്രയോഗത്തിന്റെ വിശദീകരണം: യഹോവയുടെ സംഘടനയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്, സ്വർഗത്തിൽ ഒരു ഭാഗവും ഭൂമിയിൽ ഒരു ഭാഗവും. ഭൂമിയിലെ ഭാഗത്തെ ഉദ്ദേശിച്ചാണ് ഈ ലേഖനത്തിൽ “സംഘടന” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.
c ചിത്രക്കുറിപ്പ്: ആവശ്യം അധികമുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സഹോദരങ്ങളുടെ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ അവരുടെ മാതൃക അനുകരിക്കാൻ മുൻനിരസേവികയായ ഒരു സഹോദരിക്ക് തോന്നി. അങ്ങനെയൊരു പ്രദേശത്ത് പോയി പ്രവർത്തിച്ചുകൊണ്ട് ഒടുവിൽ സഹോദരി തന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു.