പഠനലേഖനം 23
“അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ”
“യഹോവേ, അങ്ങയുടെ പേര് എന്നും നിലനിൽക്കുന്നു.”—സങ്കീ. 135:13.
ഗീതം 10 നമ്മുടെ ദൈവമായ യഹോവയെ സ്തുതിപ്പിൻ!
പൂർവാവലോകനം a
1-2. ഏതു വിഷയങ്ങൾ യഹോവയുടെ സാക്ഷികൾക്കു വളരെ പ്രധാനമാണ്?
യഹോവയുടെ പരമാധികാരവും ദൈവനാമത്തിന്റെ വിശുദ്ധീകരണവും ഇക്കാലത്ത് ജീവിക്കുന്ന നമ്മളെ ബാധിക്കുന്ന വിഷയങ്ങളാണ്. യഹോവയുടെ സാക്ഷികളായ നമുക്ക് ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് വളരെയധികം ഇഷ്ടമാണ്. എന്നാൽ ദൈവത്തിന്റെ പരമാധികാരവും ദൈവനാമത്തിന്റെ വിശുദ്ധീകരണവും പരസ്പരം യാതൊരു ബന്ധവുമില്ലാത്ത രണ്ടു വ്യത്യസ്തവിഷയങ്ങളാണോ? അല്ല.
2 ബൈബിളിൽനിന്ന് നമ്മൾ മനസ്സിലാക്കിയിരിക്കുന്നതുപോലെ, ദൈവനാമത്തിനു മേൽ വന്ന നിന്ദ നീങ്ങണം. അതുപോലെ യഹോവയുടെ പരമാധികാരം, അതായത് യഹോവയുടെ ഭരണവിധം, ആണ് ഏറ്റവും മികച്ചതെന്നു തെളിയുകയും വേണം. ഈ രണ്ടു വിഷയങ്ങളും വളരെ പ്രധാനമാണ്.
3. യഹോവ എന്ന പേരിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്?
3 യഹോവ എന്ന പേരിൽ നമ്മുടെ ദൈവത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നുണ്ട്. ദൈവത്തിന്റെ ഭരണവിധവും അതിൽ പെടും. അതുകൊണ്ട് യഹോവയുടെ പേരിനു മേൽ വന്ന നിന്ദ പൂർണമായും നീങ്ങുന്നതിൽ, യഹോവ ഭരിക്കുന്ന വിധമാണ് ഏറ്റവും മികച്ചതെന്നു തെളിയുന്നതും ഉൾപ്പെടുന്നുണ്ട്. അതെ, യഹോവ എന്ന പേരിനു സർവശക്തനായ പരമാധികാരി എന്ന നിലയിൽ യഹോവ ഭരിക്കുന്ന വിധവുമായി നേരിട്ട് ബന്ധമുണ്ട്.—“ ഒരു വലിയ വിവാദവിഷയത്തിന്റെ വിവിധവശങ്ങൾ” എന്ന ചതുരം കാണുക.
4. സങ്കീർത്തനം 135:13 യഹോവയുടെ പേരിനെക്കുറിച്ച് എന്താണ് പറയുന്നത്, ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ പരിശോധിക്കും?
4 യഹോവ എന്ന പേരുപോലെ പ്രാധാന്യമുള്ള മറ്റൊരു പേരില്ല. (സങ്കീർത്തനം 135:13 വായിക്കുക.) ദൈവത്തിന്റെ പേരിന് ഇത്ര പ്രാധാന്യമുള്ളത് എന്തുകൊണ്ട്? ആ പേര് എങ്ങനെയാണ് ആദ്യം നിന്ദിക്കപ്പെട്ടത്? ദൈവം എങ്ങനെയാണ് ആ പേര് വിശുദ്ധീകരിക്കാൻ പോകുന്നത്? ദൈവനാമം വിശുദ്ധീകരിക്കുന്നതിനു നമുക്ക് എന്തെല്ലാം ചെയ്യാൻ പറ്റും? നമുക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നോക്കാം.
ഒരു പേര്—അതിന്റെ പ്രാധാന്യം
5. ദൈവത്തിന്റെ പേരിന്റെ വിശുദ്ധീകരണത്തെക്കുറിച്ച് കേൾക്കുമ്പോൾ ചിലർ എന്തു ചോദിച്ചേക്കാം?
5 “അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.” (മത്താ. 6:9) നമ്മൾ പ്രാർഥിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ഇതെന്നു യേശു പറഞ്ഞു. എന്നാൽ ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം, ‘യഹോവയുടെ പേര് ഇപ്പോൾത്തന്നെ പരിശുദ്ധമായ സ്ഥിതിക്ക് അതു “പരിശുദ്ധമായിരിക്കേണമേ” എന്ന് പ്രാർഥിക്കാൻ യേശു എടുത്തുപറഞ്ഞത് എന്തുകൊണ്ടാണ്?’ അതിന്റെ ഉത്തരം കണ്ടുപിടിക്കുന്നതിന്, ഒരു പേരിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നു നമ്മൾ മനസ്സിലാക്കണം.
6. ഒരു പേര് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
6 നമ്മൾ ആളുകളുടെ പേര് എഴുതാറുണ്ട്, അവരെ പേര് പറഞ്ഞ് വിളിക്കാറുണ്ട്. പക്ഷേ കുറെ അക്ഷരങ്ങൾ ചേരുന്ന വെറും ഒരു വാക്കു മാത്രമല്ല പേര്. ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “സത്പേര് നേടുന്നതു സമ്പത്തിനെക്കാൾ പ്രധാനം.” (സുഭാ. 22:1; സഭാ. 7:1) പേരിന് ഇത്ര മൂല്യമുള്ളതായി പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, പേര് എന്ന പദം പലപ്പോഴും ഉപയോഗിക്കുന്നത്, ഒരാൾ സമൂഹത്തിൽ എങ്ങനെ അറിയപ്പെടുന്നു എന്നു സൂചിപ്പിക്കാനാണ്. അതു സത്പേരോ ദുഷ്പേരോ ആകാം. അതെ, ഒരു പേര് എങ്ങനെയാണ് എഴുതുന്നത്, എങ്ങനെയാണ് ഉച്ചരിക്കുന്നത് ഇതൊന്നുമല്ല ഏറ്റവും പ്രധാനം. ആ പേര് കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ ആ പേരിന്റെ ഉടമയെപ്പറ്റി മറ്റുള്ളവർ എന്താണു ചിന്തിക്കുന്നത് എന്നതാണു പ്രധാനം.
7. എങ്ങനെയാണ് ആളുകൾ ദൈവത്തിന്റെ പേര് കരിതേച്ച് കാണിക്കാൻ ശ്രമിച്ചിരിക്കുന്നത്?
7 ആളുകൾ യഹോവയെക്കുറിച്ച് നുണകൾ പറയുമ്പോൾ, അവർ യഹോവയുടെ സത്കീർത്തിക്കു കളങ്കം ചാർത്തുകയാണ്. അതുവഴി അവർ ദൈവത്തിന്റെ പേര് കരിതേച്ച് കാണിക്കാൻ ശ്രമിക്കുന്നു. ദൈവത്തിന്റെ പേരിനും സത്കീർത്തിക്കും നേരെയുള്ള ആദ്യത്തെ ആക്രമണം നടന്നതു മനുഷ്യചരിത്രത്തിന്റെ തുടക്കത്തിലാണ്. ആ സംഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നു നോക്കാം.
ആ പേരിനെ ആദ്യം ദുഷിച്ചത് എങ്ങനെയാണ്?
8. ആദാമിനും ഹവ്വയ്ക്കും എന്ത് അറിയാമായിരുന്നു, ഏതെല്ലാം ചോദ്യങ്ങൾ നമ്മുടെ മനസ്സിലേക്കു വന്നേക്കാം?
8 ആദാമിനും ഹവ്വയ്ക്കും യഹോവ എന്ന പേര് അറിയാമായിരുന്നു. മാത്രമല്ല, ആ പേരിന്റെ ഉടമയെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല സത്യങ്ങളും അവർക്ക് അറിയാമായിരുന്നു. ഉദാഹരണത്തിന്, യഹോവയാണു തങ്ങളുടെ സ്രഷ്ടാവെന്നും ആ ദൈവമാണു തങ്ങൾക്കു ജീവനും മനോഹരമായ പറുദീസാഭവനവും തന്നതെന്നും അതുപോലെ എല്ലാം തികഞ്ഞ ഒരു ഇണയെ നൽകിയതെന്നും അവർ തിരിച്ചറിഞ്ഞു. (ഉൽപ. 1:26-28; 2:18) പക്ഷേ, യഹോവ അവർക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ചെല്ലാം അവർ തുടർന്നും ചിന്തിച്ചോ? അങ്ങനെ ആ പേര് വഹിക്കുന്ന വ്യക്തിയോടുള്ള സ്നേഹവും നന്ദിയും അവർ തുടർന്നും വളർത്തിയോ? ദൈവത്തിന്റെ ശത്രു അവരെ പരീക്ഷിച്ചപ്പോൾ ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വെളിവായി.
9. ഉൽപത്തി 2:16, 17; 3:1-5 എന്നീ വാക്യങ്ങൾ പറയുന്നതനുസരിച്ച് യഹോവ ആദ്യ ദമ്പതികളോട് എന്താണു പറഞ്ഞത്, സാത്താൻ എങ്ങനെയാണ് അവരെ തെറ്റിദ്ധരിപ്പിച്ചത്?
9 ഉൽപത്തി 2:16, 17; 3:1-5 വായിക്കുക. പാമ്പാണു സംസാരിക്കുന്നതെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ സാത്താൻ ഹവ്വയോട് ഒരു ചോദ്യം ചോദിച്ചു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്ന് ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ?” വിഷം ഒളിച്ചുവെച്ചിരിക്കുന്നതുപോലെ ആ ചോദ്യത്തിൽ ഒരു നുണ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. വാസ്തവത്തിൽ ദൈവം കല്പിച്ചിരുന്നത്, തോട്ടത്തിലെ ഒരു മരം ഒഴികെ മറ്റെല്ലാ മരങ്ങളിൽനിന്നും കഴിക്കാം എന്നാണ്. ആദാമിനും ഹവ്വയ്ക്കും വ്യത്യസ്തതരത്തിലുള്ള അനേകം ഫലങ്ങൾ കഴിക്കാനുണ്ടായിരുന്നു. (ഉൽപ. 2:9) യഹോവ ഉദാരനായിരുന്നെന്ന് ഇതു കാണിക്കുന്നു. എന്നാൽ ഒരു മരത്തിന്റെ പഴം കഴിക്കുന്നതിൽനിന്ന് ആദാമിനെയും ഹവ്വയെയും ദൈവം വിലക്കിയിരുന്നു. ശരിക്കും സാത്താന്റെ ചോദ്യം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. ആ ചോദ്യത്തിലൂടെ ദൈവം അത്ര ഉദാരനൊന്നും അല്ലെന്ന് സാത്താൻ തോന്നിപ്പിച്ചു. അതു കേട്ടപ്പോൾ ഹവ്വ ചിന്തിച്ചുകാണും, ‘ദൈവം എന്തെങ്കിലും നന്മ തങ്ങളിൽനിന്ന് പിടിച്ചുവെച്ചിരിക്കുകയാണോ?’
10. സാത്താൻ എങ്ങനെയാണു നേരിട്ട് ദൈവത്തിന്റെ പേര് ദുഷിച്ചത്, അതിന്റെ ഫലം എന്തായിരുന്നു?
10 അപ്പോഴും ഹവ്വ യഹോവയെ തന്റെ ഭരണാധികാരിയായിട്ടുതന്നെയാണ് കണ്ടത്. അതുകൊണ്ടാണ് ദൈവം തങ്ങൾക്കു തന്ന നിർദേശങ്ങൾ പറഞ്ഞുകൊണ്ട് ഹവ്വ സാത്താന് ഉത്തരം കൊടുത്തത്. മരത്തിൽ തൊടുകപോലും ചെയ്യരുതെന്ന് ഹവ്വ പറഞ്ഞു. അനുസരണക്കേടു കാണിച്ചാൽ മരിക്കുമെന്നുള്ള ദൈവത്തിന്റെ മുന്നറിയിപ്പു ഹവ്വയ്ക്ക് അറിയാമായിരുന്നു. അപ്പോൾ സാത്താൻ പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്!” (ഉൽപ. 3:2-4) സാത്താന്റെ ശരിക്കുള്ള ലക്ഷ്യം ഇപ്പോഴാണു പുറത്തുവന്നത്. യഹോവ ഒരു നുണയനാണെന്നു നേരിട്ട് സാത്താൻ ഹവ്വയോടു പറയുകയായിരുന്നു. അങ്ങനെ അവൻ ദൈവത്തിന്റെ പേര് ദുഷിച്ചു. സാത്താൻ അങ്ങനെ പിശാച്, അഥവാ ദൂഷകൻ ആയിത്തീർന്നു. ഹവ്വ പാടേ വഞ്ചിക്കപ്പെട്ടു, ഹവ്വ സാത്താനെ വിശ്വസിച്ചു. (1 തിമൊ. 2:14) വാസ്തവത്തിൽ, ഹവ്വ യഹോവയെക്കാൾ അധികം സാത്താനെ വിശ്വസിച്ചു. അങ്ങനെ ഏറ്റവും ബുദ്ധിശൂന്യമായ ഒരു തീരുമാനത്തിലേക്കു ഹവ്വ നീങ്ങി. യഹോവയോട് അനുസരണക്കേടു കാണിക്കാൻ തീരുമാനിച്ചു. തിന്നരുതെന്ന് യഹോവ പറഞ്ഞ പഴം തിന്നു. അതിനു ശേഷം, ഹവ്വ ആദാമിനും കുറച്ച് കൊടുത്തു.—ഉൽപ. 3:6.
11. നമ്മുടെ ആദ്യ മാതാപിതാക്കൾ എന്താണു ചെയ്യേണ്ടിയിരുന്നത്, അവർക്ക് അതു കഴിയാതെപോയത് എന്തുകൊണ്ട്?
11 ഒന്ന് ചിന്തിച്ചുനോക്കൂ, സാത്താനോടു ഹവ്വ എന്താണ് പറയേണ്ടിയിരുന്നത്? ഹവ്വ ഇങ്ങനെ പറഞ്ഞിരുന്നെങ്കിലോ, ‘നിങ്ങളാരാണെന്ന് എനിക്ക് അറിയില്ല. പക്ഷേ, എനിക്ക് യഹോവയെ അറിയാം. യഹോവ ആണ് എന്റെ പിതാവ്. ഞാൻ യഹോവയെ സ്നേഹിക്കുന്നു. എനിക്ക് യഹോവയെ വിശ്വാസമാണ്. ഞങ്ങൾക്കുള്ളതെല്ലാം തന്നത് ഈ പിതാവാണ്. എന്റെ പിതാവിനെപ്പറ്റി ഇങ്ങനെ മോശമായ കാര്യങ്ങൾ പറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു? കടന്നുപോകൂ.’ സ്നേഹമുള്ള ഒരു മകളെപ്പോലെ ഹവ്വ ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ അത് യഹോവയെ എത്ര സന്തോഷിപ്പിച്ചേനേ! (സുഭാ. 27:11) പക്ഷേ ഹവ്വയ്ക്ക് യഹോവയോട് അചഞ്ചലസ്നേഹമില്ലായിരുന്നു. ആദാമിനും അതില്ലായിരുന്നു. അതുകൊണ്ട് ദൈവത്തിന്റെ പേര് ദുഷിക്കപ്പെട്ടപ്പോൾ ദൈവത്തിന്റെ പക്ഷത്തുനിന്ന് സംസാരിക്കാൻ ആദാമിനും ഹവ്വയ്ക്കും കഴിഞ്ഞില്ല.
12. സാത്താൻ എങ്ങനെയാണ് ഹവ്വയുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ വിതച്ചത്, ആദാമും ഹവ്വയും ഏതു കാര്യം ചെയ്യുന്നതിലാണ് പരാജയപ്പെട്ടത്?
12 നമ്മൾ കണ്ടതുപോലെ, യഹോവ ഒരു നല്ല പിതാവാണോ എന്നു ഹവ്വ സംശയിക്കാൻ ഇടയാക്കിക്കൊണ്ടാണ് സാത്താൻ ദൈവത്തിന്റെ സത്പേര് നശിപ്പിക്കാൻ ശ്രമിച്ചത്. സാത്താൻ യഹോവയെപ്പറ്റി നുണകൾ പറഞ്ഞപ്പോൾ യഹോവയുടെ പേരിനും സത്കീർത്തിക്കും വേണ്ടി നിലകൊള്ളുന്നതിൽ ആദാമും ഹവ്വയും പരാജയപ്പെട്ടു. അവർ സാത്താന്റെ വാക്കുകൾ ശ്രദ്ധിക്കുകയും തങ്ങളുടെ പിതാവിനെതിരെ മത്സരിക്കുകയും ചെയ്തു. സാത്താൻ ഇന്നും അതേ തന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് യഹോവയുടെ പേര് ദുഷിക്കുന്നു. സാത്താന്റെ നുണകൾ വിശ്വസിക്കുന്ന ആളുകൾ എളുപ്പത്തിൽ യഹോവയുടെ നീതിയുള്ള ഭരണം തള്ളിക്കളയുന്നു.
യഹോവ തന്റെ പേര് പരിശുദ്ധമാക്കുന്നു
13. യഹസ്കേൽ 36:23 ബൈബിളിന്റെ മുഖ്യസന്ദേശം തിരിച്ചറിയിക്കുന്നത് എങ്ങനെ?
13 തന്റെ പേരിനു വന്ന നിന്ദ നീക്കുന്ന കാര്യത്തിൽ യഹോവ ഒന്നും ചെയ്യുന്നില്ലേ? ഉണ്ട്, പലതും ചെയ്തിട്ടുണ്ട്. വാസ്തവത്തിൽ ബൈബിളിന്റെ കേന്ദ്രവിഷയംതന്നെ, ഏദെനിൽവെച്ച് തന്റെ പേരിനു വന്ന നിന്ദ നീക്കുന്നതിന് യഹോവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതാണ്. (ഉൽപ. 3:15) ബൈബിളിന്റെ മുഖ്യസന്ദേശം നമുക്ക് ഈ വാക്കുകളിൽ ചുരുക്കാം: തന്റെ മകന്റെ രാജ്യഭരണത്തിലൂടെ യഹോവ തന്റെ പേര് പരിശുദ്ധമാക്കുകയും ഭൂമിയിൽ നീതിയും സമാധാനവും വീണ്ടും കൊണ്ടുവരുകയും ചെയ്യും. യഹോവ പടിപടിയായി തന്റെ പേര് വിശുദ്ധീകരിക്കുന്നത് എങ്ങനെയാണ് എന്നു മനസ്സിലാക്കാൻ ബൈബിൾ നമ്മളെ സഹായിക്കുന്നുണ്ട്.—യഹസ്കേൽ 36:23 വായിക്കുക.
14. ഏദെനിലെ മത്സരത്തോട് യഹോവ പ്രതികരിച്ച വിധം യഹോവയുടെ പേര് പരിശുദ്ധമാക്കിയിരിക്കുന്നത് എങ്ങനെ?
14 യഹോവ തന്റെ ഉദ്ദേശ്യം നടപ്പാക്കാതിരിക്കാൻ സാത്താൻ തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്തിരിക്കുന്നു. പക്ഷേ സാത്താന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുന്നു. തന്റെ ഉദ്ദേശ്യം നടപ്പാക്കാൻ യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങൾ നോക്കിയാൽ യഹോവയെപ്പോലെ മറ്റാരുമില്ലെന്നു മനസ്സിലാക്കാം. സാത്താന്റെയും സാത്താന്റെ പക്ഷം പിടിക്കുന്നവരുടെയും ധിക്കാരം യഹോവയെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട് എന്നതു സത്യമാണ്. (സങ്കീ. 78:40) എന്നിട്ടും തന്റെ പേരിനു നേരെ ഉണ്ടായ ഈ ആക്രമണം യഹോവ ജ്ഞാനത്തോടെയും ക്ഷമയോടെയും നീതിയോടെയും ആണ് കൈകാര്യം ചെയ്യുന്നത്. എണ്ണമറ്റ വിധങ്ങളിൽ തന്റെ അതിരറ്റ ശക്തിയും യഹോവ കാണിച്ചിട്ടുണ്ട്. (1 യോഹ. 4:8) ഏറ്റവും പ്രധാനമായി, യഹോവ ചെയ്യുന്ന കാര്യങ്ങളിലെല്ലാം യഹോവയുടെ സ്നേഹം പ്രതിഫലിച്ചുകാണാം. തന്റെ നാമം പരിശുദ്ധമാക്കാൻ യഹോവ ഇടതടവില്ലാതെ പ്രവർത്തിച്ചിരിക്കുന്നു.
15. ഇക്കാലത്ത് സാത്താൻ എങ്ങനെയാണ് ദൈവത്തിന്റെ പേര് ദുഷിച്ചിരിക്കുന്നത്, എന്താണ് അതിന്റെ ഫലം?
15 ഇക്കാലത്തും സാത്താൻ യഹോവയുടെ പേര് ദുഷിക്കുന്നു. അതിനുവേണ്ടി, ദൈവത്തിനു ശക്തിയും നീതിയും ജ്ഞാനവും സ്നേഹവും ഒക്കെയുണ്ടോ എന്ന് ആളുകൾ സംശയിക്കാൻ അവൻ ഇടയാക്കുന്നു. ഉദാഹരണത്തിന്, യഹോവ അല്ല സ്രഷ്ടാവ് എന്ന് ആളുകളെ വിശ്വസിപ്പിക്കാൻ സാത്താൻ ശ്രമിക്കുന്നു. ഇനി, ആളുകൾ ദൈവത്തിൽ വിശ്വസിച്ചാൽത്തന്നെ ദൈവം കടുംപിടുത്തക്കാരനാണെന്നും ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും അവരെ തെറ്റിദ്ധരിപ്പിക്കാൻ സാത്താൻ ശ്രമിക്കുന്നു. ആളുകളെ തീനരകത്തിലിട്ടു ചുടുന്ന നിർദയനും ക്രൂരനും ആയ ഒരു ദൈവമാണ് യഹോവ എന്നുപോലും അവൻ ആളുകളെ പഠിപ്പിക്കുന്നു. ആളുകൾ ഈ നുണകൾ വിശ്വസിച്ചാൽ യഹോവയുടെ നീതിയുള്ള ഭരണം തള്ളിക്കളയാനായിരിക്കും അവർക്കു തോന്നുക. യഹോവ സാത്താനെ നശിപ്പിക്കുന്നതുവരെ യഹോവയുടെ പേര് ദുഷിക്കാനുള്ള ശ്രമങ്ങൾ അവൻ തുടർന്നുകൊണ്ടേയിരിക്കും. നിങ്ങളും യഹോവയെ തള്ളിക്കളയണം എന്നാണു സാത്താന്റെ ആഗ്രഹം. അവൻ അതിനുവേണ്ടി ശ്രമിക്കും. അവൻ അതിൽ വിജയിക്കുമോ?
നിങ്ങൾക്ക് ചെയ്യാനുള്ളത്
16. ആദാമും ഹവ്വയും ചെയ്യാതിരുന്ന ഏതു കാര്യം നിങ്ങൾക്കു ചെയ്യാൻ കഴിയും?
16 തന്റെ പേര് പരിശുദ്ധമാക്കുന്നതിൽ സഹായിക്കാൻ അപൂർണമനുഷ്യർക്കും യഹോവ ഒരു അവസരം തന്നിരിക്കുന്നു. അതുകൊണ്ട് ആദാമും ഹവ്വയും ചെയ്യാതിരുന്ന കാര്യം നിങ്ങൾക്കു ചെയ്യാൻ കഴിയും. യഹോവയുടെ പേരിനെ നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്ന ആളുകൾ നിറഞ്ഞ ഒരു ലോകമാണ് ഇത്. എങ്കിലും, യഹോവ വിശുദ്ധനും നീതിമാനും നല്ലവനും സ്നേഹമുള്ളവനും ആയ ദൈവമാണെന്ന സത്യം ആളുകളോടു ധൈര്യത്തോടെ പറയാനുള്ള അവസരം നിങ്ങൾക്കുണ്ട്. (യശ. 29:23) യഹോവ നമ്മുടെ ഭരണാധികാരി ആയിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടെന്നു നമുക്കു കാണിക്കാം. നീതിയുള്ള ഭരണം യഹോവയുടേതു മാത്രമാണെന്നും അതു മാത്രമേ മുഴുസൃഷ്ടികൾക്കും സമാധാനവും സന്തോഷവും കൊണ്ടുവരുകയുള്ളൂ എന്നും മനസ്സിലാക്കാൻ നമുക്ക് ആളുകളെ സഹായിക്കാം.—സങ്കീ. 37:9, 37; 146:5, 6, 10.
17. യേശു തന്റെ പിതാവിന്റെ നാമം അറിയിച്ചത് എങ്ങനെ?
17 യഹോവയുടെ പേരിനുവേണ്ടി സംസാരിക്കുമ്പോൾ നമ്മൾ യേശുവിന്റെ മാതൃക അനുകരിക്കുകയാണ്. (യോഹ. 17:26) യേശു പിതാവിന്റെ പേര് ഉപയോഗിച്ചുകൊണ്ട് ആ പേര് ആളുകൾ അറിയാൻ ഇടയാക്കി. കൂടാതെ, യഹോവ എങ്ങനെയുള്ള ഒരു വ്യക്തിയാണെന്ന് ആളുകളെ പഠിപ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന്, യഹോവ പരുക്കനും കടുംപിടുത്തക്കാരനും ആളുകളിൽനിന്ന് അകലം പാലിക്കുന്നവനും കരുണയില്ലാത്തവനും ആണെന്ന ഒരു ധാരണ കൊടുത്ത പരീശന്മാരെപ്പോലെയല്ലായിരുന്നു യേശു. യഹോവ ന്യായബോധവും ക്ഷമയും സ്നേഹവും കരുണയും ഉള്ള ദൈവമാണെന്നു കാണാൻ യേശു ആളുകളെ സഹായിച്ചു. കൂടാതെ, താൻ ചെയ്ത എല്ലാ കാര്യങ്ങളിലും പിതാവിന്റെ ഗുണങ്ങൾ അതേപടി അനുകരിച്ചുകൊണ്ടും യഹോവയെ അറിയാൻ യേശു ആളുകളെ സഹായിച്ചു.—യോഹ. 14:9.
18. യഹോവയെക്കുറിച്ച് ഇന്നു കേൾക്കുന്ന മോശമായ കാര്യങ്ങൾ നുണകളും ദൂഷണവും ആണെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?
18 യേശുവിനെപ്പോലെ യഹോവയെക്കുറിച്ച് നമുക്ക് അറിയാവുന്നത് മറ്റുള്ളവരോടു പറയാം, യഹോവ എത്ര സ്നേഹവും ദയയും ഉള്ള ദൈവമാണെന്ന് അവരെ പഠിപ്പിക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ യഹോവയെപ്പറ്റി കേൾക്കുന്ന പലതും നുണകളും ദൂഷണവും മാത്രമാണെന്നു തെളിയിക്കാൻ നമുക്കു കഴിയും. അതുവഴി യഹോവയുടെ പേരിനെ വിശുദ്ധമായി കാണാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ നമ്മൾ യഹോവയുടെ പേര് പരിശുദ്ധമാക്കുകയാണ്. ഇനി, നമ്മൾ അപൂർണരാണെങ്കിലും നമുക്ക് യഹോവയെ അനുകരിക്കാനും ശ്രമിക്കാം. (എഫെ. 5:1, 2) നമ്മുടെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും യഹോവ ശരിക്കും എങ്ങനെയുള്ള ഒരു വ്യക്തിയാണെന്ന് ആളുകൾക്ക് കാണിച്ചുകൊടുക്കുമ്പോൾ യഹോവയുടെ പേര് പരിശുദ്ധമാക്കാൻ നമ്മൾ സഹായിക്കുകയാണ്. അങ്ങനെ ദൈവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ആളുകളെ സഹായിക്കുമ്പോൾ നമ്മൾ ദൈവത്തിന്റെ സത്പേര് ഉയർത്തിപ്പിടിക്കുകയാണ്. അപൂർണമനുഷ്യരായ നമ്മൾ ദൈവത്തോടു വിശ്വസ്തത പാലിക്കുമ്പോഴും നമ്മൾ ദൈവത്തിന്റെ പേര് പരിശുദ്ധമാക്കുകയാണ്.—ഇയ്യോ. 27:5.
19. നമ്മൾ ബൈബിൾ പഠിപ്പിക്കുന്നതിന്റെ പ്രധാനലക്ഷ്യം മനസ്സിലാക്കാൻ യശയ്യ 63:7 സഹായിക്കുന്നത് എങ്ങനെ?
19 യഹോവയുടെ നാമം പരിശുദ്ധമാക്കാൻ നമുക്കു ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യമുണ്ട്. മറ്റുള്ളവരെ ബൈബിൾസത്യങ്ങൾ പഠിപ്പിക്കുമ്പോൾ നമ്മൾ ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ച്, അതായത് പ്രപഞ്ചത്തെ ഭരിക്കാനുള്ള യഹോവയുടെ അവകാശത്തെക്കുറിച്ച്, എടുത്തുപറയാറുണ്ട്. ദൈവത്തിന്റെ നിയമങ്ങൾ അവരെ പഠിപ്പിക്കുന്നതു പ്രധാനമാണെങ്കിലും നമ്മുടെ പിതാവായ യഹോവയെ സ്നേഹിക്കാനും ദൈവത്തോടു വിശ്വസ്തരായിരിക്കാനും അവരെ സഹായിക്കുക എന്നതായിരിക്കണം നമ്മുടെ പ്രധാനലക്ഷ്യം. അതു നമുക്ക് എങ്ങനെ ചെയ്യാം? യഹോവയുടെ ആകർഷകമായ ഗുണങ്ങൾ എടുത്തുനിൽക്കുന്ന രീതിയിൽ നമ്മൾ അവരെ പഠിപ്പിക്കണം. അങ്ങനെ യഹോവ എന്നു പേരുള്ള വ്യക്തിയെ മനസ്സിലാക്കാൻ നമുക്ക് അവരെ സഹായിക്കാം. (യശയ്യ 63:7 വായിക്കുക.) അങ്ങനെ പഠിപ്പിക്കുമ്പോൾ യഹോവയെ സ്നേഹിക്കാൻ നമ്മൾ അവരെ സഹായിക്കുകയാണ്. അപ്പോൾ, യഹോവയോടു വിശ്വസ്തരായിരിക്കാനുള്ള ആഗ്രഹംകൊണ്ട് അവർ യഹോവയെ അനുസരിക്കും.
20. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
20 ആളുകൾക്ക് യഹോവയുടെ പേരിനോടു മതിപ്പു തോന്നുന്ന രീതിയിലും യഹോവയോട് അടുക്കാൻ തോന്നുന്ന രീതിയിലും നമുക്ക് എങ്ങനെ പഠിപ്പിക്കുകയും പെരുമാറുകയും ചെയ്യാം? അടുത്ത ലേഖനം ഈ ചോദ്യത്തിനുള്ള ഉത്തരം തരും.
ഗീതം 2 യഹോവ—അതാണ് അങ്ങയുടെ പേര്
a ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികളുടെയും മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്ന വിവാദവിഷയം എന്താണ്? അത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്, അതിൽ നമ്മൾ എങ്ങനെയാണ് ഉൾപ്പെട്ടിരിക്കുന്നത്? ഈ ചോദ്യങ്ങൾക്കും ഇതിനോടു ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾക്കും ഉള്ള ഉത്തരം നന്നായി മനസ്സിലാക്കുന്നത്, യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കും.
b ചിത്രക്കുറിപ്പ്: ദൈവം ഒരു നുണയനാണെന്നു ഹവ്വയോടു പറഞ്ഞുകൊണ്ട് പിശാച് ദൈവത്തെ ദുഷിച്ചു. പിന്നീടിങ്ങോട്ട് സാത്താൻ വ്യാജമായ പല ആശയങ്ങളും പഠിപ്പിച്ചിരിക്കുന്നു. ദൈവം ക്രൂരനാണെന്നും മനുഷ്യരെ സൃഷ്ടിച്ചതു ദൈവമല്ലെന്നും പോലുള്ള നുണകൾ.
c ചിത്രക്കുറിപ്പ്: ദൈവത്തിന്റെ വ്യക്തിത്വം എടുത്തുനിൽക്കുന്ന രീതിയിൽ ഒരു സഹോദരൻ ബൈബിൾപഠനം നടത്തുന്നു.