മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കുന്നത് നിങ്ങളുടെ ജീവൻ രക്ഷിക്കും!
ഇന്തൊനീഷ്യയിലെ സുമാത്രയുടെ വടക്കുപടിഞ്ഞാറൻ ദ്വീപായ സീമലുവയിൽ 2004 ഡിസംബർ 26-ന് 9.1 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഉണ്ടായി. ആ സമയത്ത് കടപ്പുറത്തുണ്ടായിരുന്ന എല്ലാ കണ്ണുകളും കടലിലേക്ക് ഉറ്റുനോക്കി. കടൽ പതിവിലേറെ ഉൾവലിയുന്നത് അവർ ശ്രദ്ധിച്ചു. ഉടനെതന്നെ, സ്മോങ്! സ്മോങ്! (അവരുടെ ഭാഷയിൽ സുനാമി) എന്ന് വിളിച്ചുകൂകിക്കൊണ്ട് എല്ലാവരും കുന്നിൻമുകളിലേക്ക് ഓടാൻ തുടങ്ങി. 30 മിനിട്ടുകൾക്കകം, അതിന്റെ വഴിയിലുണ്ടായിരുന്ന സകലതും, വീടുകളും ഗ്രാമങ്ങളും തകർത്തെറിഞ്ഞുകൊണ്ട് രാക്ഷസത്തിരകൾ കരയിലേക്ക് പാഞ്ഞുകയറി.
നാശം വിതച്ച ആ സുനാമിത്തിരകൾ ആദ്യം ആഞ്ഞടിച്ചത് സീമലുവ ദ്വീപിനെയായിരുന്നു. 78,000 വരുന്ന ദ്വീപ് നിവാസികളിൽ 7 പേരാണ് മരണമടഞ്ഞത്. എന്തുകൊണ്ടാണ് മരണനിരക്ക് ഇത്ര കുറഞ്ഞത്? a സീമലുവക്കാരുടെ ഒരു പഴഞ്ചൊല്ല് ഇങ്ങനെ പറയുന്നു: ‘ശക്തിയായ ഭൂമികുലുക്കത്തോടൊപ്പം കടൽ ഉൾവലിഞ്ഞുകണ്ടാൽ, കുന്നുകളിലേക്ക് ഓടുക. കാരണം, പിൻവാങ്ങിയ കടൽ അതിവേഗം തിരിച്ചെത്തും.’ കഴിഞ്ഞകാല അനുഭവങ്ങളിൽനിന്ന് സീമലുവ നിവാസികൾ കടലിന്റെ ഭാവമാറ്റം കാണുമ്പോൾത്തന്നെ ആസന്നമായ സുനാമിയെ തിരിച്ചറിയാൻ പഠിച്ചിട്ടുണ്ട്. അതെ, മുന്നറിയിപ്പുകൾക്ക് ചെവികൊടുത്തത് അവരുടെ ജീവൻ രക്ഷിച്ചു.
“ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും മേലാൽ സംഭവിക്കുകയില്ലാത്തതുമായ മഹാകഷ്ടം” മാനവരാശിയെ എതിരേറ്റുവരുന്നതായി ബൈബിൾ പറയുന്നു. (മത്തായി 24:21) എന്നാൽ ഇത്, മനുഷ്യന്റെ നിരുത്തരവാദപരമായ പെരുമാറ്റത്താൽ ഭൂഗ്രഹത്തിനുണ്ടാകുന്ന നാശമോ ഏതെങ്കിലും വലിയ പ്രകൃതിവിപത്തുകളാൽ ഉണ്ടാകുന്ന കെടുതിയോ അല്ല. കാരണം, ഭൂമി എന്നേക്കും നിലനിൽക്കണം എന്നുള്ളത് ദൈവത്തിന്റെ ഉദ്ദേശ്യമാണ്. (സഭാപ്രസംഗി 1:4) പകരം, വരാൻപോകുന്ന ആ മഹാകഷ്ടം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുള്ള’ ദൈവത്തിന്റെ ഇടപെടലായിരിക്കും. അത്, ഭൂമിയിലെ എല്ലാ ദുഷ്ടതയ്ക്കും കഷ്ടപ്പാടിനും അറുതിവരുത്തും. (വെളിപാട് 11:18; സദൃശവാക്യങ്ങൾ 2:22) എത്ര വലിയ അനുഗ്രഹമായിരിക്കും അത്!
ഇതുകൂടാതെ, നിഷ്കളങ്കരായ ആളുകൾപോലും മരണത്തിന് ഇരയാകുന്ന സുനാമികൾ, ഭൂമികുലുക്കങ്ങൾ, അഗ്നിപർവതസ്ഫോടനങ്ങൾ എന്നിവയിൽനിന്നു വ്യത്യസ്തമായിരിക്കും വരാൻപോകുന്ന നാശം. കാരണം, “ദൈവം സ്നേഹമാകുന്നു” എന്ന് ബൈബിൾ പറയുന്നു. യഹോവ എന്ന നാമം വഹിക്കുന്ന ആ ദൈവം “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന് വാഗ്ദാനം ചെയ്യുന്നു. (1 യോഹന്നാൻ 4:8; സങ്കീർത്തനങ്ങൾ 37:29) അങ്ങനെയെങ്കിൽ, ഈ മഹാകഷ്ടത്തെ അതിജീവിക്കാനും ദൈവത്തിന്റെ അനുഗ്രഹങ്ങൾ നേടാനും നിങ്ങൾ എന്താണ് ചെയ്യേണ്ടത്? അതിനുള്ള ഉത്തരം ഇതാണ്: മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കുക!
‘കടൽ ഉൾവലിയുന്നതിന്’ ശ്രദ്ധ കൊടുക്കുക
എല്ലാ ദുഷ്ടതയും കഷ്ടപ്പാടും അവസാനിക്കുന്ന കൃത്യമായ തീയതിയോ സമയമോ നമുക്ക് നിർണയിക്കാനാകില്ല. കാരണം, “ആ നാളും നാഴികയും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല” എന്ന് യേശു പറഞ്ഞു. എന്നിരുന്നാലും, ‘സദാ ജാഗരൂകരായിരിക്കാൻ’ യേശു നമ്മളെ പ്രോത്സാഹിപ്പിച്ചു. (മത്തായി 24:36; 25:13) എന്തിനുവേണ്ടി? ദൈവം ലോകത്തിന് അവസാനം വരുത്തുന്നതിനു മുമ്പ് ഇവിടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് ബൈബിൾ വിവരിക്കുന്നു. കടൽ പെട്ടെന്ന് ഉൾവലിഞ്ഞപ്പോൾ സുനാമിയെക്കുറിച്ച് ബോധവാന്മാരായ സീമലുവ ദ്വീപുകാരെപ്പോലെ ഇന്ന്, ലോകാവസ്ഥകളിൽ കാണുന്ന പ്രകടമായ മാറ്റങ്ങൾ അന്ത്യത്തെ സൂചിപ്പിക്കുന്ന അടയാളമാണെന്ന് നമ്മളും തിരിച്ചറിയണം. മുകളിൽ കൊടുത്തിരിക്കുന്ന ചതുരത്തിൽ ലോകത്തിന് സംഭവിച്ചിരിക്കുന്ന നാടകീയമായ മാറ്റങ്ങളെക്കുറിച്ച് പറയുന്നു.
ചതുരത്തിൽ പറഞ്ഞിരിക്കുന്ന ചില സംഭവങ്ങളോ അവസ്ഥകളോ ഓരോന്നായി എടുത്താൽ അവ മുൻകാലങ്ങളിൽ ചെറിയതോതിൽ ഉണ്ടായിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. എന്നാൽ യേശു പറഞ്ഞത്, “ഇവയെല്ലാം കാണുമ്പോൾ” അതായത് ഈ സംഭവങ്ങൾ ഒരേ കാലഘട്ടത്തിൽ നടക്കുന്നതു കാണുമ്പോൾ അന്ത്യം വളരെ അടുത്ത് എത്തിയിരിക്കുന്നത് നമ്മൾ മനസ്സിലാക്കണം എന്നാണ്. (മത്തായി 24:33) നിങ്ങളോടുതന്നെ ചോദിക്കുക, ‘ചരിത്രത്തിൽ എപ്പോഴാണ് ഇവ, (1) ലോകവ്യാപകമായി നടന്നത്? (2) ഒരേ കാലഘട്ടത്തിൽ സംഭവിച്ചത്? (3) മുൻകൂട്ടി കാണാനാകാത്തവിധം വഷളായത്?’ ഇതെല്ലാം നമ്മൾ അന്ത്യനാളുകളിലാണ് ജീവിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
ദൈവസ്നേഹത്തിന്റെ ഒരു പ്രകടനം
“കാലേക്കൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ . . . അനേകരുടെ ജീവൻ രക്ഷിക്കുന്നതായി” ഐക്യനാടുകളുടെ ഒരു മുൻ പ്രസിഡന്റ് പറഞ്ഞു. 2004-ലെ സുനാമിയെത്തുടർന്ന്, ഭാവിയിൽ ഇതുപോലെയുള്ള കനത്ത ആൾനാശം സംഭവിക്കാതിരിക്കാൻ ദുരന്തബാധിത പ്രദേശങ്ങളിൽ മുന്നറിയിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി. അതുപോലെ, ദൈവവും അന്ത്യത്തിനു മുമ്പ് വളരെ നേരത്തേതന്നെ അതെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകാൻ ക്രമീകരണം ചെയ്തിരിക്കുന്നു. “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും” എന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നു.—മത്തായി 24:14.
കഴിഞ്ഞ വർഷത്തിൽ മാത്രം യഹോവയുടെ സാക്ഷികൾ 240 ദേശങ്ങളിൽ 700-ലധികം ഭാഷകളിലായി ലോകമെമ്പാടും സുവിശേഷം അറിയിച്ചിരുന്നു. 190 കോടിയിലധികം മണിക്കൂറുകളാണ് അവർ ഇതിനായി ചെലവഴിച്ചത്! ആധുനികനാളിലെ ഈ സംഭവവികാസം അന്ത്യം അടുത്ത് എത്തിയിരിക്കുന്നു എന്നതിന് ഈടുറ്റ തെളിവ് നൽകുന്നു. അയൽക്കാരോടുള്ള സ്നേഹത്താൽ പ്രേരിതരായി യഹോവയുടെ സാക്ഷികൾ അതിവേഗം സമീപിച്ചുകൊണ്ടിരിക്കുന്ന യഹോവയുടെ ന്യായവിധിദിവസത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകാൻ സകലശ്രമവും ചെയ്യുന്നു. (മത്തായി 22:39) ഈ മുന്നറിയിപ്പിൻ സന്ദേശത്തിലൂടെ നിങ്ങൾ പ്രയോജനം നേടണമെന്ന് യഹോവ ആഗ്രഹിക്കുന്നു. നിങ്ങളോടുള്ള യഹോവയുടെ സ്നേഹത്തിന്റെ തെളിവാണ് ഇത്. “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്കു വരാൻ” ദൈവം ഇച്ഛിക്കുന്നെന്ന് ഓർക്കുക. (2 പത്രോസ് 3:9) ആ സ്നേഹത്തോടും മുന്നറിയിപ്പിനോടും നിങ്ങൾ പ്രതികരിക്കുമോ?
സുരക്ഷിതസ്ഥാനത്തേക്ക് ഓടുക!
കടൽ ഉൾവലിയുന്നതു കണ്ടപ്പോൾ അത് സുനാമിയായി തിരിച്ചുവരുന്നതുവരെ കാത്തിരിക്കാതെ, സീമലുവ തീരദേശവാസികൾ കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടതിനെക്കുറിച്ച് ചിന്തിക്കുക. അവർ സത്വരം സ്വീകരിച്ച നടപടി അവരുടെ രക്ഷയെ അർഥമാക്കി. അതുപോലെ, മഹാകഷ്ടത്തെ അതിജീവിക്കുന്നതിന് നിങ്ങളും അധികം വൈകുന്നതിനു മുമ്പ് ആലങ്കാരികമായ അർഥത്തിൽ ഉയർന്ന സ്ഥാനത്തേക്ക് പോകേണ്ടതുണ്ട്. അത് എങ്ങനെ ചെയ്യാം? നമ്മൾ ഇപ്പോൾ ജീവിക്കുന്ന ‘അന്ത്യകാലത്തിനു’ ചേരുന്ന ഹൃദയസ്പർശിയായ ഒരു ക്ഷണം വെച്ചുനീട്ടുന്നതിന് യശയ്യ പ്രവാചകനെ ദൈവം നിശ്വസ്തനാക്കി. “നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു . . . കയറിച്ചെല്ലാം” “അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും” എന്ന് അതു പറയുന്നു.—യശയ്യ 2:2, 3.
ഒരു കുന്നിന്റെ മുകളിലേക്കു പോകുന്നത്, കാര്യങ്ങളെക്കുറിച്ച് ഒരു ഉയർന്ന വീക്ഷണം ഉണ്ടായിരിക്കാനും ഒപ്പം സുരക്ഷിതരായിരിക്കാനും സഹായിക്കുന്നു. സമാനമായി, ദൈവത്തിന്റെ വഴികളെക്കുറിച്ച് ബൈബിളിൽനിന്ന് കൂടുതലായി പഠിക്കുന്നത്, ലോകമെമ്പാടുമുള്ള ദശലക്ഷങ്ങൾക്ക് തങ്ങളുടെ ജീവിതത്തിൽവേണ്ട മാറ്റങ്ങൾ വരുത്താൻ സഹായിച്ചിരിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17) അങ്ങനെ ചെയ്യുന്നതിലൂടെ അവർക്ക് ‘(ദൈവത്തിന്റെ) പാതകളിൽ നടക്കാനും’ ദൈവത്തിന്റെ പ്രീതിയും സംരക്ഷണവും ആസ്വദിക്കാനും സാധിക്കും.
ഈ നിർണായക നാളുകളിൽ ദൈവം നൽകുന്ന ക്ഷണം സ്വീകരിച്ചുകൊണ്ട് ദൈവത്തിന്റെ സ്നേഹപൂർവകമായ സംരക്ഷണം ആസ്വദിക്കാൻ നിങ്ങൾ തയാറാകുമോ? നമ്മുടെ ഈ നാളുകൾ ‘അന്ത്യനാളുകൾ’ ആണെന്നതിന് ബൈബിൾ നൽകുന്ന തെളിവുകളും ഈ ലേഖനത്തിലെ ചതുരവും അടുത്തുപരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതിൽ പറഞ്ഞിരിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ചോ അവ എങ്ങനെ പ്രാവർത്തികമാക്കണം എന്നതിനെക്കുറിച്ചോ നന്നായി മനസ്സിലാക്കുന്നതിന് നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾക്ക് സന്തോഷമേയുള്ളൂ. അല്ലെങ്കിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് www.jw.org എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. ബൈബിൾപഠിപ്പിക്കലുകൾ എന്നതിനു കീഴിൽ ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന ഭാഗം കാണുക.▪ (w16-E No.2)
a 2004-ൽ ഉണ്ടായ ഈ സുനാമിയിൽ മൊത്തം 2,20,000-ത്തിലേറെ ആളുകൾ മരിച്ചു. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സുനാമികളിൽ ഒന്നായിരുന്നു ഇത്.