ശിക്ഷണം സ്വീകരിക്കുക, ജ്ഞാനികളാകുക
“മക്കളേ, . . തിരുത്തൽ കേട്ടനുസരിച്ച് ജ്ഞാനിയാകുക; അത് ഒരിക്കലും നിസ്സാരമായി കാണരുത്.”—സുഭാ. 8:32, 33.
1. നമുക്ക് എങ്ങനെ ജ്ഞാനം നേടിയെടുക്കാം, അതിന്റെ പ്രയോജനം എന്താണ്?
യഹോവയാണു ജ്ഞാനത്തിന്റെ ഉറവിടം. ആ ജ്ഞാനം ഒരു പിശുക്കുംകൂടാതെ യഹോവ മറ്റുള്ളവർക്കു കൊടുക്കുന്നു. യാക്കോബ് 1:5 പറയുന്നു: “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ; അപ്പോൾ അയാൾക്ക് അതു കിട്ടും. കുറ്റപ്പെടുത്താതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനാണു ദൈവം.” ദൈവം തരുന്ന ശിക്ഷണം സ്വീകരിക്കുന്നതാണു ദൈവികജ്ഞാനം നേടാനുള്ള ഒരു മാർഗം. ആ ജ്ഞാനം നമ്മളെ ധാർമികവും ആത്മീയവും ആയ ഹാനിയിൽനിന്ന് സംരക്ഷിക്കും. (സുഭാ. 2:10-13) അങ്ങനെ നമുക്കു ‘നിത്യജീവന്റെ പ്രത്യാശയോടെ ദൈവസ്നേഹത്തിൽ നിലനിൽക്കാൻ’ കഴിയും.—യൂദ 20, 21.
2. ദൈവത്തിന്റെ ശിക്ഷണത്തോടു നമുക്ക് എങ്ങനെ വിലമതിപ്പു വളർത്തിയെടുക്കാം?
2 പക്ഷേ ശിക്ഷണം സ്വീകരിക്കുന്നതും ശിക്ഷണത്തെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടായിരിക്കുന്നതും അത്ര എളുപ്പമല്ല. തെറ്റു ചെയ്യാനുള്ള ചായ്വും വളർന്നുവന്ന സാഹചര്യങ്ങളും മറ്റു ഘടകങ്ങളും അതു ബുദ്ധിമുട്ടുള്ളതാക്കുന്നു. എന്നാൽ, ശിക്ഷണത്തിന്റെ പ്രയോജനങ്ങൾ അനുഭവിച്ചറിയുമ്പോൾ അതിനോടു വിലമതിപ്പു വളർത്തിയെടുക്കാൻ നമുക്കു കഴിയും, ദൈവത്തിനു നമ്മോടുള്ള സ്നേഹം കൂടുതൽ വ്യക്തമാകും. സുഭാഷിതങ്ങൾ 3:11, 12 ഇങ്ങനെ പറയുന്നു: “മകനേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്; . . . യഹോവ താൻ സ്നേഹിക്കുന്നവരെ ശാസിക്കുന്നു.” നമുക്ക് ഏറ്റവും നല്ലതു വരണമെന്നാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് എപ്പോഴും ഓർത്തിരിക്കാം. (എബ്രായർ 12:5-11 വായിക്കുക.) നമ്മളെ ഓരോരുത്തരെയും നന്നായി അറിയാവുന്നതുകൊണ്ട് ന്യായമായ അളവിൽ ഉചിതമായ വിധത്തിലേ ദൈവം ശിക്ഷണം നൽകൂ. നമുക്ക് ഇപ്പോൾ ശിക്ഷണത്തിന്റെ നാലു വശങ്ങളെക്കുറിച്ച് ചിന്തിക്കാം: (1) ആത്മശിക്ഷണം, (2) മാതാപിതാക്കളുടെ ശിക്ഷണം, (3) ക്രിസ്തീയസഭയിലെ ശിക്ഷണം, (4) ശിക്ഷണത്തിന്റെ താത്കാലികവേദനയെക്കാൾ വേദനയേറിയ ഒന്ന്.
ആത്മശിക്ഷണം—ജ്ഞാനത്തിന്റെ തെളിവ്
3. ഒരു കുട്ടി എങ്ങനെയാണ് ആത്മശിക്ഷണം വളർത്തിയെടുക്കുന്നത്? ഉദാഹരണം പറയുക.
3 പെരുമാറ്റവും ചിന്താരീതിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സ്വയം നിയന്ത്രിക്കുന്നതാണ് ആത്മശിക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്വയം ശിക്ഷണം നൽകാനുള്ള ചായ്വോടെയല്ല നമ്മൾ ജനിക്കുന്നത്, അതു പഠിച്ചെടുക്കേണ്ടതാണ്. ഒരു കുട്ടി സൈക്കിൾ ചവിട്ടാൻ പഠിക്കുന്നതുപോലെയാണ് അത്. ആദ്യമൊക്കെ സൈക്കിൾ ചവിട്ടുമ്പോൾ വശങ്ങളിലേക്കു ചെരിയാതിരിക്കാൻ കുട്ടിയുടെ പിതാവ് സൈക്കിൾ പുറകിൽനിന്ന് പിടിക്കും. കുട്ടിക്കു ബാലൻസ് കിട്ടുന്നതനുസരിച്ച് പിതാവ് ഇടയ്ക്കിടെ കുറച്ച് സമയത്തേക്കു കൈ വിടും. കുട്ടിക്കു ശരിക്കും ബാലൻസായെന്നു പിതാവിനു ബോധ്യമാകുമ്പോൾ മുഴുവൻ നിയന്ത്രണവും അവനുതന്നെ കൊടുക്കും. സമാനമായി, മാതാപിതാക്കൾ ക്രമമായി, ക്ഷമയോടെ കുട്ടികൾക്ക് ‘യഹോവയുടെ ശിക്ഷണവും ഉപദേശവും’ കൊടുത്ത് പരിശീലിപ്പിക്കുമ്പോൾ സ്വയം ശിക്ഷണം നൽകാനും ജ്ഞാനം വളർത്തിയെടുക്കാനും കുട്ടികൾ പഠിക്കും.—എഫെ. 6:4.
4, 5. (എ) ആത്മശിക്ഷണം ‘പുതിയ വ്യക്തിത്വത്തിന്റെ’ പ്രധാനഭാഗമാണെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) ‘ഏഴു പ്രാവശ്യം വീണാലും’ നമ്മൾ മടുത്ത് പിന്മാറരുതാത്തത് എന്തുകൊണ്ട്?
4 മുതിർന്നതിനു ശേഷം യഹോവയെക്കുറിച്ച് പഠിക്കുന്നവരുടെ കാര്യത്തിലും ഇതേ തത്ത്വങ്ങൾ ബാധകമാണ്. അവർ അതിനോടകംതന്നെ ഒരളവുവരെ ആത്മശിക്ഷണം വളർത്തിയിട്ടുണ്ടാകാമെന്നതു ശരിയാണ്. പക്ഷേ ആത്മീയപക്വതയുടെ കാര്യത്തിൽ ഒരു പുതിയ ശിഷ്യൻ പിച്ചവെച്ച് തുടങ്ങിയിട്ടേ ഉള്ളൂ. എങ്കിലും ക്രിസ്തുവിന്റേതുപോലുള്ള “പുതിയ വ്യക്തിത്വം” ധരിക്കാൻ പഠിക്കുമ്പോൾ അദ്ദേഹത്തിനു പക്വതയിലേക്കു വളരാനാകും. (എഫെ. 4:23, 24) ആ വളർച്ചയുടെ ഒരു പ്രധാനഭാഗമാണ് ആത്മശിക്ഷണം. അങ്ങനെ, “അഭക്തിയും ലൗകികമോഹങ്ങളും തള്ളിക്കളഞ്ഞ് സുബോധത്തോടെയും നീതിനിഷ്ഠയോടെയും ദൈവഭക്തിയോടെയും ഈ വ്യവസ്ഥിതിയിൽ ജീവിക്കാൻ” നമ്മൾ പഠിക്കും.—തീത്തോ. 2:12.
5 എന്നാലും നമ്മളെല്ലാം പാപം ചെയ്യാൻ ചായ്വുള്ളവരാണ്. (സഭാ. 7:20) അതുകൊണ്ട് നമുക്ക് ഇടയ്ക്കൊക്കെ തെറ്റു പറ്റിയേക്കാം. അതിന്റെ അർഥം നമ്മൾ ഒരു പൂർണപരാജയമാണെന്നോ നമുക്ക് ആത്മശിക്ഷണം അശേഷമില്ലെന്നോ ആണോ? അല്ല. “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കും; എന്നാൽ ദുഷ്ടൻ ആപത്തു വന്ന് നിലംപതിക്കും” എന്നാണു സുഭാഷിതങ്ങൾ 24:16 പറയുന്നത്. വിജയിക്കാൻ ഒരുവനെ എന്തു സഹായിക്കും? ദൈവാത്മാവ്. അല്ലാതെ, നമ്മൾ ഒരു ഉറച്ച തീരുമാനമെടുത്തതുകൊണ്ട് മാത്രമാകില്ല. (ഫിലിപ്പിയർ 4:13 വായിക്കുക.) ദൈവാത്മാവിന്റെ ഗുണങ്ങളിൽ ഒന്നാണ് ആത്മനിയന്ത്രണം. അതിന് ആത്മശിക്ഷണവുമായി അടുത്ത ബന്ധമുണ്ട്.
6. നമുക്ക് എങ്ങനെ ദൈവവചനത്തിന്റെ നല്ല വിദ്യാർഥികളാകാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
6 കൂടാതെ, ഹൃദയംഗമമായി പ്രാർഥിക്കുന്നതും ബൈബിൾ പഠിക്കുന്നതും ധ്യാനിക്കുന്നതും ആത്മശിക്ഷണം വളർത്തിയെടുക്കാൻ നമ്മളെ സഹായിക്കും. എന്നാൽ ബൈബിൾ പഠിക്കുന്നത് അൽപ്പം ബുദ്ധിമുട്ടായി തോന്നുന്നെങ്കിലോ? ഒരുപക്ഷേ പഠനം നിങ്ങൾക്കു സ്വതവേ അത്ര ഇഷ്ടമല്ലായിരിക്കാം. എങ്കിലും നിങ്ങൾ യഹോവയെ അനുവദിക്കുന്നെങ്കിൽ ദൈവവചനത്തോട് “അതിയായ ആഗ്രഹം” വളർത്തിയെടുക്കാൻ യഹോവ നിങ്ങളെ സഹായിക്കും. (1 പത്രോ. 2:2) ആദ്യംതന്നെ, ദൈവവചനം പഠിക്കുന്നതിന് ആവശ്യമായ ആത്മശിക്ഷണം തരേണമേ എന്ന് യഹോവയോടു പ്രാർഥിക്കുക. അതിനു ശേഷം പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുക. തുടക്കത്തിൽ കുറച്ച് സമയമേ പഠിക്കാൻ കഴിയുന്നുള്ളൂ എങ്കിലും പഠിച്ചുതുടങ്ങുക. പതുക്കെപ്പതുക്കെ പഠനം എളുപ്പമുള്ളതാകും, അതു നിങ്ങൾ ഇഷ്ടപ്പെട്ടുതുടങ്ങും. അങ്ങനെ യഹോവയുടെ അമൂല്യമായ ചിന്തകളിൽ മുഴുകുന്ന മനോഹരനിമിഷങ്ങൾ നിങ്ങൾ ആസ്വദിക്കും.—1 തിമൊ. 4:15.
7. ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ആത്മശിക്ഷണം എങ്ങനെയാണു സഹായിക്കുന്നത്?
7 ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ആത്മശിക്ഷണം നമ്മളെ സഹായിക്കും. ശുശ്രൂഷയിലുള്ള തന്റെ ഉത്സാഹം പതിയെ മങ്ങുന്നതായി തോന്നിയ ഒരു കുടുംബനാഥന്റെ അനുഭവം നോക്കാം. സ്വന്തം അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന് ഉത്കണ്ഠ തോന്നി. അതുകൊണ്ട് അദ്ദേഹം സാധാരണ മുൻനിരസേവനം തുടങ്ങാനുള്ള ലക്ഷ്യം വെച്ചു. നമ്മുടെ മാസികകളിൽ വന്ന അതിനോടു ബന്ധപ്പെട്ട ലേഖനങ്ങൾ വായിക്കുകയും പ്രാർഥിക്കുകയും ചെയ്തു. ഇതെല്ലാം ആത്മീയമായി ശക്തനായിത്തീരാൻ അദ്ദേഹത്തെ സഹായിച്ചു. സാധിക്കുമ്പോഴെല്ലാം അദ്ദേഹം സഹായ മുൻനിരസേവനം ചെയ്തു. പ്രതിബന്ധങ്ങളൊക്കെ ഉണ്ടായെങ്കിലും ഒരു സാധാരണ മുൻനിരസേവകനാകുക എന്ന ലക്ഷ്യത്തിൽനിന്ന് ഒരിക്കലും അദ്ദേഹം ദൃഷ്ടി മാറ്റിയില്ല. അവസാനം ആ ലക്ഷ്യത്തിൽ എത്തുകയും ചെയ്തു.
യഹോവയുടെ ശിക്ഷണത്തിൽ മക്കളെ വളർത്തുക
8-10. കുട്ടികൾ യഹോവയെ സേവിക്കുന്നവരായി വളർന്നുവരാൻ മാതാപിതാക്കൾക്ക് അവരെ എങ്ങനെ സഹായിക്കാം? ഒരു ദൃഷ്ടാന്തം പറയുക.
8 ക്രിസ്തീയമാതാപിതാക്കൾക്ക് “യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും” മക്കളെ വളർത്തിക്കൊണ്ടുവരാനുള്ള വിലയേറിയ ഒരു പദവിയുണ്ട്. (എഫെ. 6:4) എന്നാൽ ഇതു വളരെ ബുദ്ധിമുട്ടേറിയ ഒരു ഉത്തരവാദിത്വമാണ്, പ്രത്യേകിച്ചും ഇന്നത്തെ ലോകത്തിൽ. (2 തിമൊ. 3:1-5) ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവോടെയല്ല കുട്ടികൾ ജനിക്കുന്നത്. അവർക്കു മനസ്സാക്ഷിയെന്ന പ്രാപ്തിയുണ്ടെങ്കിലും അതിനെ വേണ്ട വിധത്തിൽ പരിശീലിപ്പിക്കണം, അഥവാ അതിനു ശിക്ഷണം കൊടുക്കണം. (റോമ. 2:14, 15) ഒരു ബൈബിൾപണ്ഡിതൻ പറയുന്നത്, “ശിക്ഷണം” എന്നു പരിഭാഷ ചെയ്തിരിക്കുന്ന ഗ്രീക്കുപദം “കുട്ടികളെ പരിശീലിപ്പിക്കൽ” എന്നു വേണമെങ്കിലും പരിഭാഷ ചെയ്യാമെന്നാണ്.
9 സ്നേഹത്തോടെയുള്ള ശിക്ഷണം ലഭിക്കുന്ന കുട്ടികൾക്കു സുരക്ഷിതത്വം തോന്നും. ഇഷ്ടമുള്ളതെല്ലാം ചെയ്യാനാകില്ലെന്നും സ്വാതന്ത്ര്യത്തിന് അതിർവരമ്പുകളുണ്ടെന്നും അവർ മനസ്സിലാക്കും. അതുപോലെ അവരുടെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും നല്ലതോ മോശമോ ആയ ഫലങ്ങളുണ്ടെന്നും അവർ പഠിക്കും. ക്രിസ്തീയമാതാപിതാക്കൾ തങ്ങളെ വഴിനയിക്കാനായി യഹോവയിലേക്കു നോക്കേണ്ടതു വളരെ പ്രധാനമാണ്. കാരണം, കുട്ടികളെ വളർത്തിക്കൊണ്ടുവരാനുള്ള ഈ ലോകത്തിന്റെ ആശയങ്ങളും രീതികളും ഓരോ നാട്ടിലും ഓരോന്നാണ്, കാലാകാലങ്ങളിൽ അതു മാറിക്കൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ, മാതാപിതാക്കൾ ദൈവത്തെ അനുസരിക്കുന്നെങ്കിൽ കുട്ടികളെ എങ്ങനെ വളർത്തിക്കൊണ്ടുവരണമെന്ന് അവർക്കു സംശയമുണ്ടാകില്ല, നാട്ടുനടപ്പനുസരിച്ചോ സ്വന്തം അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിലോ അവർ കുട്ടികളെ വളർത്താൻ ശ്രമിക്കില്ല.
10 ഇക്കാര്യത്തിൽ നമുക്കു നോഹയുടെ മാതൃക നോക്കാം. യഹോവ നോഹയോടു പെട്ടകം പണിയാൻ ആവശ്യപ്പെട്ടപ്പോൾ സ്വന്തം അനുഭവപരിചയത്തിൽ നോഹയ്ക്ക് ആശ്രയിക്കാൻ കഴിയുമായിരുന്നില്ല. കാരണം നോഹ അതിനുമുമ്പ് പെട്ടകം പണിതിരുന്നില്ല. യഹോവ പറഞ്ഞ ഓരോ കാര്യവും ‘അങ്ങനെതന്നെ ചെയ്തുകൊണ്ട്’ നോഹ യഹോവയിൽ ആശ്രയിക്കണമായിരുന്നു. (ഉൽപ. 6:22) അതിന് എന്തു നല്ല ഫലമുണ്ടായി? ശരിയായ വിധത്തിൽ അതു പണിതുതീർക്കാൻ നോഹയ്ക്കു കഴിഞ്ഞു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ പ്രളയത്തിനു മുമ്പ് അത് ഒന്നുകൂടി പണിത് ശരിയാക്കാൻ അവസരം കിട്ടുമായിരുന്നോ? നോഹ ഒരു നല്ല കുടുംബനാഥനുമായിരുന്നു. ദൈവത്തിന്റെ ജ്ഞാനത്തിൽ ആശ്രയിച്ചതുകൊണ്ടാണ് അതിനും നോഹയ്ക്കു കഴിഞ്ഞത്. അതുവഴി കുട്ടികൾക്കു നല്ലൊരു മാതൃക വെക്കാനും അവരെ നന്നായി പഠിപ്പിക്കാനും നോഹയ്ക്കു സാധിച്ചു. പ്രളയത്തിനു മുമ്പത്തെ ദുഷ്ടത നിറഞ്ഞ കാലത്താണു നോഹ അതെല്ലാം ചെയ്തതെന്ന് ഓർക്കണം!—ഉൽപ. 6:5.
11. ദൈവവചനത്തിനു ചേർച്ചയിൽ മക്കളെ വളർത്തിക്കൊണ്ടുവരുന്നത് എത്ര പ്രധാനമാണ്?
11 മാതാപിതാക്കളേ, നിങ്ങൾക്ക് എങ്ങനെ നോഹയെപ്പോലെ “അങ്ങനെതന്നെ” ചെയ്യാം? യഹോവയ്ക്ക് അടുത്ത ശ്രദ്ധകൊടുക്കുക. കുട്ടികളെ വളർത്താൻ യഹോവയുടെ സഹായം തേടുക, ദൈവവചനത്തിലൂടെയും സംഘടനയിലൂടെയും യഹോവ തരുന്ന മാർഗനിർദേശങ്ങൾ അനുസരിക്കുക. കുട്ടികൾ വലുതാകുമ്പോൾ, ഈ വിധത്തിൽ വളർത്തിയതിന് അവർക്കു നിങ്ങളോടു നന്ദിയുണ്ടായിരിക്കില്ലേ? ഒരു സഹോദരൻ എഴുതി: “എന്റെ പപ്പയും മമ്മിയും എന്നെ വളർത്തിയ വിധത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് അവരോട് അങ്ങേയറ്റം നന്ദിയുണ്ട്. കാര്യങ്ങൾ എന്റെ ഹൃദയത്തിൽ എത്തിക്കാൻ അവർ കഴിവിന്റെ പരമാവധി ചെയ്തു. എന്റെ ആത്മീയപുരോഗതിയിൽ അവർക്കു വലിയ ഒരു പങ്കുണ്ട്.” എന്നാൽ ചിലപ്പോൾ, മാതാപിതാക്കൾ എത്ര ശ്രമം ചെയ്താലും ചില കുട്ടികൾ യഹോവയെ ഉപേക്ഷിച്ച് പോകും. എങ്കിലും കുട്ടിയുടെ ഹൃദയത്തിൽ സത്യം നടാൻ ശ്രമിച്ച മാതാപിതാക്കൾക്ക് ഒരു നല്ല
മനസ്സാക്ഷിയുണ്ടായിരിക്കും. വഴിതെറ്റിപ്പോയ തങ്ങളുടെ കുട്ടി ഒരിക്കൽ യഹോവയിലേക്കു മടങ്ങിവരുമെന്ന പ്രതീക്ഷയോടെ അവർക്കു കാത്തിരിക്കാം.12, 13. (എ) തങ്ങളുടെ കുട്ടിയെ പുറത്താക്കിയെങ്കിൽ ക്രിസ്തീയമാതാപിതാക്കൾക്ക് എങ്ങനെ ദൈവത്തോടുള്ള അനുസരണം പ്രകടമാക്കാം? (ബി) മാതാപിതാക്കൾ യഹോവയെ അനുസരിച്ചതുകൊണ്ട് ഒരു കുടുംബത്തിന് എങ്ങനെയാണു പ്രയോജനം കിട്ടിയത്?
12 മാതാപിതാക്കൾ ഒരുപക്ഷേ അനുസരണത്തിന്റെ ഏറ്റവും വലിയ പരിശോധന നേരിടുന്നത് അവരുടെ കുട്ടി പുറത്താക്കപ്പെടുമ്പോഴായിരിക്കും. ഒരു അമ്മയുടെ അനുഭവം നോക്കാം. ആ സഹോദരിയുടെ പുറത്താക്കപ്പെട്ട മകൾ വീടു വിട്ടുപോയി. സഹോദരി പറയുന്നു: “എന്റെ മകളോടും പേരക്കുട്ടിയോടും ഒപ്പമായിരിക്കാൻ എന്തെങ്കിലുമൊരു പഴുതുണ്ടോ എന്നു കണ്ടെത്തുന്നതിനു ഞാൻ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പരതി. പക്ഷേ മകൾ ഇപ്പോൾ ഞങ്ങളുടെ അധികാരപരിധിയിലല്ലെന്നും അവളുടെ കാര്യത്തിൽ ഇടപെടരുതെന്നും മനസ്സിലാക്കാൻ ഭർത്താവ് എന്നെ സഹായിച്ചു.”
13 പിന്നീട് മകളെ പുനഃസ്ഥിതീകരിച്ചു. അമ്മ പറയുന്നു: “അവൾ ഇപ്പോൾ എല്ലാ ദിവസവുംതന്നെ എന്നെ വിളിക്കുകയോ മെസ്സേജ് അയയ്ക്കുകയോ ചെയ്യും. ഞാനും ഭർത്താവും ദൈവത്തെ അനുസരിച്ചതുകൊണ്ട് അവൾക്കു ഞങ്ങളോടു നല്ല ബഹുമാനമുണ്ട്. ഞങ്ങൾക്ക് അവളുമായി ഒരു നല്ല ബന്ധം ആസ്വദിക്കാൻ കഴിയുന്നു.” നിങ്ങൾക്കു പുറത്താക്കപ്പെട്ട ഒരു മകനോ മകളോ ഉണ്ടെങ്കിൽ നിങ്ങൾ ‘പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുകയും സ്വന്തം വിവേകത്തിൽ ആശ്രയം വെക്കാതിരിക്കുകയും ചെയ്യുമോ?’ (സുഭാ. 3:5, 6) ഓർക്കുക: യഹോവയുടെ ശിക്ഷണം യഹോവയുടെ അതുല്യമായ സ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും തെളിവാണ്. നിങ്ങളുടെ കുട്ടി ഉൾപ്പെടെ എല്ലാവരും രക്ഷപ്പെടുന്നതിനുവേണ്ടിയാണു ദൈവം തന്റെ മകനെ തന്നതെന്ന കാര്യം മറക്കരുത്. ആരും നശിച്ചുപോകാൻ ദൈവം ആഗ്രഹിക്കുന്നില്ല. (2 പത്രോസ് 3:9 വായിക്കുക.) അതുകൊണ്ട് യഹോവയുടെ ശിക്ഷണത്തിലും മാർഗനിർദേശത്തിലും നമുക്കു വിശ്വസിക്കാം. മാതാപിതാക്കളേ, നിങ്ങൾക്കു വേദന തോന്നുന്നെങ്കിൽപ്പോലും യഹോവ പറയുന്നതു കേൾക്കുക. ദൈവത്തിന്റെ ശിക്ഷണത്തിനു ചേർച്ചയിൽ പ്രവർത്തിക്കുക, അല്ലാതെ അതിന് എതിരായിട്ടല്ല.
ശിക്ഷണം സഭയിൽ
14. ‘വിശ്വസ്തനായ കാര്യസ്ഥനിലൂടെ’ ലഭിക്കുന്ന മാർഗനിർദേശങ്ങളിൽനിന്ന് നമ്മൾ എങ്ങനെയാണു പ്രയോജനം നേടുന്നത്?
14 ക്രിസ്തീയസഭയെ പരിപാലിക്കുമെന്നും സംരക്ഷിക്കുമെന്നും പഠിപ്പിക്കുമെന്നും യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്. യഹോവ പല മാർഗങ്ങളിലൂടെ അതു ചെയ്യുന്നു. ഉദാഹരണത്തിന്, സഭയുടെ മേൽനോട്ടം യഹോവ തന്റെ മകനെ ഏൽപ്പിച്ചിരിക്കുന്നു. സഭയ്ക്കു തക്ക സമയത്ത് ആത്മീയാഹാരം നൽകാൻ യേശു ‘വിശ്വസ്തനായ കാര്യസ്ഥനെ’ നിയമിച്ചു. (ലൂക്കോ. 12:42) ആ ‘കാര്യസ്ഥനിലൂടെ’ വിലപ്പെട്ട മാർഗനിർദേശങ്ങൾ അഥവാ ശിക്ഷണം നമുക്കു ലഭിക്കുന്നു. നിങ്ങളോടുതന്നെ ചോദിക്കുക: ‘സഭയിൽ കേട്ട പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനങ്ങളും എന്റെ ചിന്താരീതിയിലും പെരുമാറ്റത്തിലും മാറ്റങ്ങൾ വരുത്താൻ എന്നെ പലപ്പോഴും പ്രേരിപ്പിച്ചിട്ടില്ലേ?’ അത്തരം സാഹചര്യങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്തിയെങ്കിൽ നിങ്ങൾക്കു സന്തോഷിക്കാം. കാരണം അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്കു ശിക്ഷണം നൽകാൻ നിങ്ങൾ യഹോവയെ അനുവദിക്കുകയാണ്.—സുഭാ. 2:1-5.
15, 16. (എ) സഭയിലെ മൂപ്പന്മാരിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? (ബി) സന്തോഷത്തോടെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ മൂപ്പന്മാരെ നമുക്ക് എങ്ങനെ സഹായിക്കാം?
15 അതുപോലെ, ക്രിസ്തു സഭയ്ക്കു “മനുഷ്യരെ സമ്മാനങ്ങളായി” തന്നിരിക്കുന്നു. ആരാണ് അവർ? ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്ന മൂപ്പന്മാർ. (എഫെ. 4:8, 11-13) ഈ വിലയേറിയ ‘സമ്മാനങ്ങളിൽനിന്ന്’ എങ്ങനെ പ്രയോജനം നേടാം? അതിനുള്ള ഒരു വഴി അവരുടെ വിശ്വാസവും നല്ല മാതൃകയും അനുകരിക്കുന്നതാണ്. തിരുവെഴുത്തുകളിൽനിന്ന് അവർ തരുന്ന ഉപദേശങ്ങൾ സ്വീകരിക്കുന്നതാണു മറ്റൊന്ന്. (എബ്രായർ 13:7, 17 വായിക്കുക.) ഓർക്കുക: മൂപ്പന്മാർ നമ്മളെ സ്നേഹിക്കുകയും നമ്മൾ ആത്മീയമായി വളരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഇടയ്ക്കൊക്കെ മീറ്റിങ്ങുകൾ മുടക്കുന്നെന്നും നിങ്ങളുടെ ഉത്സാഹം തണുത്തുപോകുന്നെന്നും കാണുന്നെങ്കിൽ അവർ സഹായത്തിന് ഓടിയെത്തും, നമുക്കു പറയാനുള്ളതു ശ്രദ്ധിച്ചുകേൾക്കും. എന്നിട്ട്, പ്രോത്സാഹനവാക്കുകളിലൂടെയും വേണ്ട തിരുവെഴുത്തുപദേശങ്ങളിലൂടെയും നമ്മളെ സഹായിക്കുകയും ചെയ്യും. നിങ്ങളോട് യഹോവയ്ക്കുള്ള സ്നേഹത്തിന്റെ തെളിവായിട്ടാണോ അത്തരം സഹായത്തെ നിങ്ങൾ കാണുന്നത്?
16 നമുക്ക് ആവശ്യമായ ഉപദേശം തരുന്നതു മൂപ്പന്മാർക്കും അത്ര എളുപ്പമായിരിക്കില്ലെന്ന കാര്യം ഓർക്കുക. ഉദാഹരണത്തിന്, താൻ ചെയ്ത ഗുരുതരമായ പാപം ഒളിച്ചുവെക്കാൻ ദാവീദ് രാജാവ് ശ്രമിച്ചപ്പോൾ അദ്ദേഹത്തോടു സംസാരിക്കാൻ നാഥാൻ പ്രവാചകന് എത്ര ബുദ്ധിമുട്ടു തോന്നിക്കാണും. (2 ശമു. 12:1-14) ഇനി, 12 അപ്പോസ്തലന്മാരിൽ ഒരാളായ പത്രോസ് ജൂതസഹോദരന്മാരോടു പക്ഷപാതം കാണിച്ച അവസരത്തെക്കുറിച്ച് ചിന്തിക്കുക. അദ്ദേഹത്തെ തിരുത്താൻ അപ്പോസ്തലനായ പൗലോസിനും ധൈര്യം വേണമായിരുന്നു. (ഗലാ. 2:11-14) അങ്ങനെയെങ്കിൽ നിങ്ങൾക്ക് എങ്ങനെ സഭയിലെ മൂപ്പന്മാരുടെ ഭാരം കുറയ്ക്കാൻ കഴിയും? താഴ്മയും നന്ദിയും ഉള്ളവരായിരിക്കുക. മൂപ്പന്മാർക്കു നിങ്ങളെ സമീപിക്കാനും നിങ്ങളോടു സംസാരിക്കാനും ഒരു ബുദ്ധിമുട്ടും തോന്നരുത്. അവർ നൽകുന്ന സഹായത്തെ ദൈവത്തിനു നിങ്ങളോടുള്ള സ്നേഹത്തിന്റെ തെളിവായി കാണുക. അതു നിങ്ങൾക്കു പ്രയോജനം ചെയ്യുമെന്നു മാത്രമല്ല, സന്തോഷത്തോടെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ മൂപ്പന്മാരെ സഹായിക്കുകയും ചെയ്യും.
17. ഒരു സഹോദരിക്കു മൂപ്പന്മാർ സ്നേഹത്തോടെ കൊടുത്ത സഹായം എങ്ങനെയാണു പ്രയോജനം ചെയ്തത്?
17 ഒരു സഹോദരിക്കു ജീവിതത്തിൽ പണ്ടു നടന്ന സംഭവങ്ങൾ യഹോവയുമായി നല്ല ബന്ധമുണ്ടായിരിക്കുന്നതിനും യഹോവയെ സ്നേഹിക്കുന്നതിനും തടസ്സമായിരുന്നു. സഹോദരി പറയുന്നു: “എന്റെ കഴിഞ്ഞകാലവും മറ്റു പ്രശ്നങ്ങളും വൈകാരികമായി എന്നെ അങ്ങേയറ്റം തളർത്തിയിരുന്നു. ഞാൻ മൂപ്പന്മാരോടു സംസാരിക്കേണ്ടതുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ അങ്ങനെ ചെയ്തപ്പോൾ അവർ എന്നോടു ദേഷ്യപ്പെടുകയോ എന്നെ വിമർശിക്കുകയോ ചെയ്തില്ല. പകരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തു. എത്ര തിരക്കുണ്ടെങ്കിലും ഓരോ മീറ്റിങ്ങും കഴിഞ്ഞ് അവരിൽ ഒരാളെങ്കിലും എന്റെ വിശേഷങ്ങൾ തിരക്കും. ജീവിതത്തിലെ പഴയ സംഭവങ്ങൾ ഓർക്കുമ്പോൾ ദൈവത്തിന്റെ സ്നേഹത്തിനു ഞാൻ ഒട്ടും യോഗ്യയല്ലെന്ന് എനിക്കു തോന്നാറുണ്ട്. എന്നാൽ, സഭയെയും മൂപ്പന്മാരെയും ഉപയോഗിച്ചുകൊണ്ട് യഹോവ എന്നെ സ്നേഹിക്കുന്നെന്നു വീണ്ടുംവീണ്ടും ഉറപ്പു നൽകി. യഹോവ എന്നെ ഉപേക്ഷിക്കാൻ ഒരിക്കലും ഇടവരരുതേ എന്നാണ് എന്റെ പ്രാർഥന.”
ശിക്ഷണത്തിന്റെ വേദനയെക്കാൾ വേദനയേറിയ ഒന്ന്
18, 19. ശിക്ഷണംകൊണ്ട് ഉണ്ടായേക്കാവുന്ന വേദനയെക്കാളും വേദനാകരമായത് എന്താണ്? ഒരു ദൃഷ്ടാന്തം പറയുക.
18 ശിക്ഷണം വേദനാകരമാണെങ്കിലും അതിനെക്കാൾ വേദനാകരമായ മറ്റൊന്നുണ്ട്. ശിക്ഷണം അവഗണിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഭവിഷ്യത്തുകൾ. (എബ്രാ. 12:11) ഇക്കാര്യത്തിൽ നമുക്കു കയീന്റെയും സിദെക്കിയ രാജാവിന്റെയും ദൃഷ്ടാന്തം നോക്കാം. കയീനു ഹാബേലിനോടു കടുത്ത വെറുപ്പു തോന്നിയപ്പോൾ ദൈവം കയീനോടു ചോദിച്ചു: “നീ ഇത്ര കോപിക്കുന്നതും നിന്റെ മുഖം വാടുന്നതും എന്തിന്? നീ നല്ലതു ചെയ്യാൻ മനസ്സുവെച്ചാൽ നിനക്കു വീണ്ടും പ്രീതി ലഭിക്കില്ലേ? എന്നാൽ നീ നല്ലതു ചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽ പതിയിരിക്കുന്നു. നിന്നെ കീഴ്പെടുത്താൻ അതു തീവ്രമായി ആഗ്രഹിക്കുന്നു. എന്നാൽ നീ അതിനെ കീഴടക്കണം.” (ഉൽപ. 4:6, 7) പക്ഷേ കയീൻ ശ്രദ്ധിച്ചില്ല. എന്തു സംഭവിച്ചു? പാപം കയീനെ കീഴടക്കി. അതിന്റെ ഫലമായി കയീൻ എത്രത്തോളം വേദനയും ദുരിതവും അനുഭവിച്ചെന്നു ചിന്തിക്കുക. അതിന്റെയൊന്നും ആവശ്യം കയീനില്ലായിരുന്നു. (ഉൽപ. 4:11, 12) ദൈവത്തിന്റെ വാക്കുകൾക്കു ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ കയീന് ഇത്രയധികം വേദനിക്കേണ്ടിവരില്ലായിരുന്നു.
19 യരുശലേമിന്റെ ചരിത്രത്തിലെ ഇരുണ്ട നാളുകളിൽ ആ രാജ്യം ഭരിച്ചിരുന്ന ദുർബലനും ദുഷ്ടനും ആയ രാജാവായിരുന്നു സിദെക്കിയ. തെറ്റായ പാതയിൽനിന്ന് തിരിഞ്ഞുവരാൻ പ്രവാചകനായ യിരെമ്യ സിദെക്കിയയെ ഉപദേശിച്ചു, ഒന്നല്ല പലവട്ടം. പക്ഷേ ശിക്ഷണം സ്വീകരിക്കാൻ രാജാവ് തയ്യാറായില്ല. അദ്ദേഹത്തിനും ദാരുണമായ ഫലം അനുഭവിക്കേണ്ടിവന്നു. (യിരെ. 52:8-11) നമ്മൾ നമുക്കുതന്നെ അനാവശ്യമായ വേദനകൾ വരുത്തിവെക്കുന്നതു കാണാൻ യഹോവ ആഗ്രഹിക്കുന്നില്ല.—യശയ്യ 48:17, 18 വായിക്കുക.
20. ദൈവത്തിന്റെ ശിക്ഷണം സ്വീകരിക്കുന്നവരുടെയും അതു നിരാകരിക്കുന്നവരുടെയും ഭാവിയെന്ത്?
20 ആത്മശിക്ഷണം ഉൾപ്പെടെ ഒരു തരത്തിലുമുള്ള ശിക്ഷണവും ആളുകൾ ഇഷ്ടപ്പെടുന്നില്ല. എന്നാൽ ഇന്നല്ലെങ്കിൽ നാളെ അവർ ബുദ്ധിശൂന്യമായ ആ മനോഭാവത്തിന്റെ ഫലം അനുഭവിക്കും. (സുഭാ. 1:24-31) അതുകൊണ്ട് നമുക്കു ശിക്ഷണം സ്വീകരിച്ച് ജ്ഞാനികളാകാം. സുഭാഷിതങ്ങൾ 4:13 പറയുന്നു: “ശിക്ഷണം ഉപേക്ഷിക്കരുത്, അതു മുറുകെ പിടിക്കുക; അതു കാത്തുസൂക്ഷിക്കുക, അതു നിന്റെ ജീവനാണ്.”